നിറയെ നാട്ടുമാവുകള്‍, രണ്ടുമൂന്നു പ്ലാവ്, പുളി, പ്ലാശ്, എല്ലാമുണ്ടായിരുന്നു. ഇടവഴിവക്കില്‍ നിന്നിരുന്ന മാവില്‍നിന്നു്, ഇടവഴിയും കഴിഞ്ഞു എന്റെ വീട്ടില്‍ വീഴുമായിരുന്നു മാമ്പഴങ്ങള്‍. രാവിലെ നേരത്തേ കുളിക്കാന്‍ പോകുന്നവര്‍ക്കും, അമ്പലത്തില്‍ പോകുന്നവര്‍ക്കും ഉള്ളതാണു്‍ രാത്രിയില്‍ വീഴുന്ന മാമ്പഴങ്ങള്‍ മുഴുവന്‍.
പിന്നെ ഒരുപാട് മുല്ല, മന്ദാരം,തെച്ചി, തുളസി, പഴയ ഒരു തറവാട്ടില്‍ ഉണ്ടാകുന്ന എല്ലാം. അശോകമരം വീട്ടില്‍ വളര്‍ത്താന്‍ പാടില്ലത്രേ. പാവം സീത ലങ്കയില്‍ അശോകമരത്തിന്റെ ചുവട്ടിലായിരുന്നില്ലേ. എന്നിട്ടും ഇവിടെ ഉണ്ടായിരുന്നു കുലകുലയായി പൂക്കളുമായി ഒരശോകമരം. അതില്‍നിന്നു് ഞാനെത്രയോ പൂക്കള്‍ പൊട്ടിച്ചിരിക്കുന്നു പൂജക്കായി. എത്രയോ മുല്ലപ്പൂ പൊട്ടിച്ചിരിക്കുന്നു, തലയില്‍ ചൂടാനായി.
ആ വീട്ടില്‍ പ്രതാപിയായ ഐശ്വര്യമുള്ള ഒരമ്മയും ഉണ്ടായിരുന്നു. മതിലോരത്തു വന്നു് എന്നെ വിളിക്കും. പുടവത്തുമ്പു കൊണ്ടു മറച്ച ഒരു കൊച്ചു പാത്രമുണ്ടാവും കയ്യില്‍. ചിലപ്പോള്‍ വാഴക്കുടപ്പന്‍ തോരന്‍, ചിലപ്പോള്‍ പ്ലാശിന്റെ ഇലയില്‍ ഉണ്ടാക്കിയിരുന്ന അട, അല്ലെങ്കില്‍ പച്ച അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തിട്ടൊരു പലഹാരം (അതെങ്ങിനെയാ ഉണ്ടാക്കുന്നതെന്നെനിക്കിപ്പഴും അറിയില്ല, പക്ഷേ സ്വാദ് നാവിന്‍ തുമ്പിലുണ്ട്. നാലു ഭാഗവും നോക്കി അതു തന്നിട്ടു പറയും, ആരും കാണണ്ട, കുശുമ്പാ എല്ലാര്‍ക്കും.
ഇതെല്ലാം കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്.
നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ അമ്മ മരിച്ചു. പിന്നെ ആ വലിയ വീട്ടില്‍ ആരുമില്ലാതായി. പാമ്പുകള്‍, വവ്വാല്‍, മരപ്പട്ടി, ഇവയായി അന്തേവാസികള്‍. രണ്ടു വര്‍ഷം (അതോ മൂന്നോ) മുന്‍പൊരു ദിവസം മകന്‍ വന്നു മരങ്ങളെല്ലാം മുറിച്ചു വിറ്റു. പിന്നെ ഒരു സുപ്രഭാതത്തില്‍ ആ വീടും പൊളിച്ചു. വീടു പൊളിച്ചു രണ്ടാഴ്ചക്കുള്ളില്‍ ആ മകന്‍ മരിച്ചു, ചെറുപ്പത്തില്‍. (ആ വീട് പൊളിച്ചുവാങ്ങിയ ആളും അധികനാള്‍ കഴിയുന്നതിനുമുന്‍പേ മരിച്ചത്രേ). ഇപ്പോള്‍ മരിച്ചുപോയ മകന്റെ ഭാര്യയും പെങ്ങളും തമ്മില്‍ തര്‍ക്കം കോടതിയിലെത്തി നില്‍ക്കുന്നുവെന്നാണറിഞ്ഞതു്.
സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ കാടിനുള്ളില്‍ ഒരു വാട്ടറ് ടാങ്ക്. അകലേന്നാണെടുത്തതു്.അടുത്തുപോവാന്‍ വയ്യ, അവിടെ പാമ്പുകള്‍ കുട്ടികളും കുടുംബവുമൊക്കെയായി സുഖമായി താമസിക്കുകയാണ്. അവരെ ശല്യപ്പെടുത്തുന്നതെനിക്കിഷ്ടമല്ല..
ഇന്നലെ ആ വാട്ടര്‍ ടാങ്ക് ഉറക്കെ പറയുന്നതു ഞാന്‍ കേട്ടു.....
എല്ലാം കൊണ്ടുപോയിട്ടും എന്നെ മാത്രം എന്തേ ആരും കൊണ്ടുപോയില്ല, കാലത്തിന്റെ മൂകസാക്ഷിയാവാനോ.......