Monday, August 24, 2009

എന്നാലും ഇതു കുറച്ചു കഷ്ടമല്ലേ?

പതിവുപോലൊരു  യാത്ര.  എവിടേക്കാന്നല്ലേ, ഓന്തോടിയാല്‍  വേലിയോളം എന്നു പറഞ്ഞപോലെ എഴുത്തുകാരിയുടെ യാത്ര അങ്ങേയറ്റം തൃശ്ശൂര്‍ വരെ.

ഞങ്ങള്‍  NH  47 എന്ന രാജവീഥിയിലാണേയ്. KSRTC  ബസ്സ് മാത്രമേയുള്ളൂ ഒരാശ്രയം. നല്ല തിരക്കു്  പുതുക്കാട് വരെ നിന്നു.  അവിടെ നിന്നൊരു വിഹഗവീക്ഷണം നടത്തിയപ്പോള്‍  അടുത്ത സ്റ്റോപ്പായ  ആമ്പല്ലൂരില്‍  ഒരു സീറ്റ് കാലിയാവുന്നതിന്റെ  ലക്ഷണങ്ങള്‍ കണ്ടു, സാരി ശരിയാക്കല്‍, ബാഗ് ഒതുക്കിവയക്കല്‍,  etc. etc. കണ്ടക്റ്റര്‍ പറയുന്നുണ്ട് കേറി നിക്കാന്‍.  ആരു കേക്കാന്‍! വെറും വനരോദനങ്ങള്‍ മാത്രം. പക്ഷേ മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ട വഴിക്കു്   നല്ല കുട്ടിയായിട്ടു്   ഞാന്‍ കേറിനിന്നു. സീറ്റു ഉറപ്പായല്ലോ.

സീറ്റ് കിട്ടി, ഇരുന്നു. തൊട്ടടുത്തു് ഇരിക്കുന്ന ആളെ  കണ്ടപ്പഴേ തോന്നി ടീച്ചറാണെന്നു്. എനിക്കങ്ങിനെ ഒരു കഴിവുണ്ട്, ടീച്ചര്‍മാരെ കണ്ടാല്‍ വേഗം മനസ്സിലാവും. (ആ സൂത്രം ഞാന്‍ പറഞ്ഞുതരില്ല). തലയിലൊരു സ്കാര്‍ഫ് ഒക്കെ കെട്ടി  നല്ല തയ്യാറെടുപ്പില്‍ തന്നെയാണ് .. പാവം അകലേന്നു വരുന്നതാവും. അത്ര അകലേന്നൊന്ന്വല്ല,  അങ്ങേയറ്റം മാള. (മാളേന്നു വരുന്ന ബസ്സാണേയ്).

അവര്‍ കാര്യമായിട്ടെന്തോ വായിക്കുന്നു. പിന്നെ എഴുതുന്നു, വരക്കുന്നു, ചുവന്ന മഷി കൊണ്ട്.   (എനിക്കവരെയൊന്നു തൊട്ടു തൊഴുതാലോന്നു വരെ തോന്നി. എന്താണെന്നല്ലേ,  ഓടുന്ന ബസ്സിലിരുന്നു രണ്ടു വരി വായിക്കാന്‍ പോലും പറ്റാത്ത  ഒരു സാധുവാണീ ഞാന്‍).  ഓ, പറയാന്‍ മറന്നു, അവര്‍ കഥയെഴുതുകയല്ലാ,  ഉത്തരക്കടലാസ് നോക്കുകയാണു്. എഴുതിയിരിക്കുന്ന ഉത്തരം വായിക്കണം,  അതു ശരിയാണോന്നു നോക്കി മാര്‍ക്കിടണം, അതു കൂട്ടിയിടണം,  ചിലതില്‍  very good എന്നെഴുതുന്നു. പറയാതെ വയ്യ, നല്ല സ്പീഡിലാ എല്ലാം ചെയ്യുന്നതു്.

ഇടക്കു  മൊബൈലില്‍ കാള്‍ വന്നതു്  attend ചെയ്യുന്നു.  ഇതൊന്നും പോരാതെ തരക്കേടില്ലാത്ത  ഉറക്കവും.  രണ്ടുമൂന്നു പേപ്പര്‍ നോക്കുമ്പോഴേക്കും പാവം ഉറങ്ങിയിരിക്കും, അതും വളരെ ശ്രദ്ധിച്ചു്. ഇടതു കൈ നോക്കാത്ത പേപ്പറിന്റെ മുകളില്‍, വലതു കൈ നോക്കിയ  പേപ്പറിന്റെ മുകളിലും.  പേന കയ്യില്‍തന്നെ. കൃത്യമായ ഇടവേളകളില്‍ ഉത്തരക്കടലാസ് നോക്കല്‍, മാര്‍ക്കിടല്‍, ഇട്ട മാര്‍ക്കു കൂട്ടിയിടല്‍,  വെരി ഗുഡ് എഴുതല്‍, ഉറക്കം ഇതെല്ലാം മാറി മാറി ഭംഗിയായി നടക്കുന്നുണ്ട്, എന്നെ അത്ഭുതപരതന്ത്രയാക്കിക്കൊണ്ട്.  അതാ പറഞ്ഞതു്, ഒന്നു തൊട്ടുതൊഴുതാലോന്നു തോന്നി എന്നു്.   ഇടക്കു ഉറങ്ങി എന്റെ മേല്‍ വീഴാന്‍ ശ്രമിക്കുന്നു, അതു മാത്രം എനിക്കിഷ്ടപ്പെട്ടില്ല.

അങ്ങനെ  തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡെത്തി. മനുഷ്യന്റെ ഉള്ളില്‍ രാവും പകലും തിരിച്ചറിയുന്ന ഒരു ബയോളജിക്കല്‍ ക്ലോക്ക് ഉണ്ടെന്നു കേട്ടിട്ടുണ്ട്‍. ചിലര്‍ക്കു ഈ ക്ലോക്കിനു വേറെ ചില ധര്‍മ്മങ്ങള്‍ കൂടി ഉണ്ടാവും, അതു പ്രവര്‍ത്തിച്ചിട്ടെന്നപോലെ (വീണ്ടും എന്നെ അത്ഭുത ... അതു തന്നെ,  ബാക്കി ഊഹിച്ചോണം) ശക്തന്‍ സ്റ്റാന്‍ഡ് എത്തിയപ്പോള്‍, ഞെട്ടി എഴുന്നേറ്റു. ഉത്തരക്കടലാസ്സുകളെല്ലാം ഭംഗിയായി മടക്കി ബാഗില്‍ വച്ചു, സ്കാര്‍ഫ് വലിച്ചൂരി മടക്കാതെ ബാഗില്‍ വച്ചു് ഇറങ്ങി ഓടിപ്പോയി. സമയത്തിനെത്തണ്ടേ സ്കൂളില്‍.

ഇനിയൊരിത്തിരി  നേരമേയുള്ളൂ  എനിക്കെന്റെ കാഴ്ച്ചകള്‍ കാണാന്‍. നഗരം ഓണത്തിര‍ക്കിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. എല്ലാവരുടേയും കയ്യില്‍, കല്യാണിന്റെ, പുളിമൂട്ടിലിന്റെ, നന്ദിലത്തിന്റെ, അങ്ങിനെ ഏതെങ്കിലും  ഒരു കവറുണ്ട്‌. വെറും കയ്യോടെ ഒരാളെ കാണാന്‍ വിഷമം.  ഗൃഹോപകരണ വില്പന മേള   ഒരിടത്തു്, കൈത്തറി   സാരി മേള കാസിനോയില്‍. എനിക്കിന്നൊന്നിനും നേരമില്ല, പിന്നെ വരാം. 

വടക്കേ സ്റ്റാന്‍ഡിലെത്തി, ഞാനും കണ്ടക്റ്ററും വേറെ ഒന്നുരണ്ടുപേരുമേയുള്ളൂ ഇനി ബസ്സില്‍. എല്ലാവരും ഇറങ്ങിപോയിരിക്കുന്നു. ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കണ്ടകറ്റര്‍ പറഞ്ഞു, “ദേ താഴെ എന്തോ പോയിട്ടുണ്ട്''.  നോക്കിയപ്പോള്‍ കുറച്ചു കടലാസുകളാണു്. എന്റെയല്ല എന്നെനിക്കറിയാമായിരുന്നു, എന്നാലും കണ്ടക്റ്റര്‍ പറഞ്ഞതല്ലേ, വെറും പേപ്പറല്ലേ, അയാള്‍ക്കു സന്തോഷമായിക്കോട്ടെ എന്നു കരുതി, ഞാന്‍ അതെടുത്തു ബാഗില്‍ വച്ചു.

വീട്ടില്‍  വന്നു  ബാഗ് അണ്‍ലോഡ് ചെയ്തപ്പോഴാണു്   രാവിലെ ബസ്സില്‍ നിന്നു കിട്ടിയ പേപ്പര്‍ സൂക്ഷ്മപരിശോധനക്കു വിധേയമായതു്.  5 പേപ്പറുണ്ട്. ഒന്‍പതാം ക്ല്ലാസ്സിലെ  ഹിന്ദി  ഉത്തരക്കടലാസ് ആണു്. സ്കൂളിന്റെ  പേരു ഞാന്‍ പറയുന്നില്ല. തൃശ്ശൂര്‍ അടുത്തൊരു സ്കൂളാണു്‍. അവരിതൊന്നും അറിഞ്ഞിട്ടുപോലുമില്ല.  കുട്ടികള്‍ക്കു പേപ്പര്‍ കൊടുക്കുമ്പോഴാവും അഞ്ചാറുപേരുടെ  ഈ   missing.   വിഷ്ണു N S  നു്  പത്തില്‍ രണ്ടേയുള്ളൂ, പക്ഷേ അരുണ്‍ ഘോഷിനു പത്തില്‍ പത്തും  good, keep it up ഉം ഉണ്ട്‌.‍

(പടം ഇടാമായിരുന്നു, പക്ഷേ എന്റെ കാമറ ഒരു യാത്ര പോയിരിക്കുകയാണ്.‍. ഓണത്തിനു തന്നെ തിരിച്ചെത്തുമോന്നു സംശയം. Mobile  ല്‍ ആണെങ്കില്‍ ആ സൂത്രം ശരിയാവുന്നുമില്ല)

നമ്മുടെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിവരൊക്കെ കൂടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ രോമാഞ്ചം വന്നിട്ടു വയ്യ.

എഴുത്തുകാരി.

71 comments:

Typist | എഴുത്തുകാരി said...

നമ്മളെ, നമ്മുടെ കുഞ്ഞുങ്ങളെ അക്ഷരം പറഞ്ഞു പഠിപ്പിച്ച/പഠിപ്പിക്കുന്ന ഞാന്‍ എന്നും ബഹുമാനിക്കുന്ന എല്ലാ ഗുരുനാഥന്മാരേയും മനസ്സില്‍ വണങ്ങിക്കൊണ്ട്...

ഇതൊരൊറ്റപ്പെട്ട സംഭവമാവാം, ആയിരിക്കട്ടെ, എന്നാലും കണ്ടിട്ടു പറയാതിരിക്കാന്‍ കഴിഞ്ഞില്ല. കല്ലെറിയല്ലേ.

എല്ലാ അദ്ധ്യാപകരോടും തികഞ്ഞ ആദരവോടെ, സ്നേഹത്തോടെ...

ഓണാശംസകള്‍, എല്ലാവര്‍ക്കും.

ശ്രീ said...

കഷ്ടം തന്നെ. പക്ഷേ, പാവം ടീച്ചര്‍... തിരക്കിനിടയില്‍ ഇങ്ങനൊക്കെയാകും പേപ്പര്‍ നോക്കി എത്തിയ്ക്കുന്നത്.

ഓണാശംസകള്‍!

സന്തോഷ്‌ പല്ലശ്ശന said...

അയ്യോ പാവം .... (ആര്‌ കുട്ടികളൊ ...ടീച്ചറോ...?? ആ....!!). ഇതിങ്ങിനെയൊക്കെ നടക്കത്തുള്ളു പ്രൈവറ്റ്‌ സുക്കൂളിലെ ജോലിഭാരവും വീട്ടുഭരണവും ഒക്കെകൂടിയാവുമ്പോ ഇതൊക്കെ തന്നെ അതുങ്ങളെക്കൊണ്ടു പറ്റുന്നുള്ളായിരിക്കാം. നിങ്ങള്‍ക്കറിയുമൊ ചില ഗവണ്‍മെന്‍ര്‍ സ്കൂളില്‍ പപ്പര്‍ വല്യേഷനേയില്ല.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

തിരക്കുകള്‍ക്കിടയില്‍ സംഭവിക്കുന്നതല്ലേ? എന്ത് ചെയ്യാം? അവര്‍ ഒരു നല്ല ടീച്ചര്‍ അല്ല എന്ന് പറയാന്‍ ഇതു കൊണ്ട് കഴിയില്ലല്ലോ?

ഇതിലും വലുതല്ലേ സര്‍ക്കാരുകലും വിദ്യാഭ്യാസപരിക്ഷകരും കൂടി നമ്മുടെ കുട്ടികളില്‍ പരീക്ഷിക്കുന്നത്?


ഓണാശംസകള്‍.

കുഞ്ഞായി said...

എന്ത് തിരക്കാണെങ്കിലും കുറച്ച് കൂടി ഉത്തരവാദിത്ത ബോധം വേണ്ടേ ടീച്ചര്‍മാര്‍ക്ക്.
ഓണാശംസകള്‍!!

ചാണക്യന്‍ said...
This comment has been removed by the author.
ചാണക്യന്‍ said...

നല്ല പോസ്റ്റ്....

വർഷങ്ങൾക്ക് മുൻപ് കേരളാ യൂണിവേഴ്സിറ്റിയുടെ ഉത്തര കടലാസുകൾ പോലീസുകാരാ വാല്യൂവേഷൻ നടത്തിയത്, അതുമായി തട്ടിച്ചു നോക്കുമ്പോൾ ഇതൊരു നിസാര സംഭവമല്ലെ?:):):):)

-geetha- said...

ezhuthukaariyumaayi njan oru balyakaala
smarana pankuvaykkatte...
pareekshayokke kazhinju ellavarum
avadhi aaswadikkan thudangunna divasam...
braahmamuhoorthathil ezhunnettu vaikumneramvareyulla bhakshanam undaaki,
pothichorumaayi enneyum kootti schoolil
poyirunnu, utharakkadalaassu srudhayode
nokiyirunna pazhaya oru adhyaapika
eniykkundu-ente priyappetta amma...
(enikku vaayikkaan thalirukalum
ambilimaamanumokke amma marakkathe
kayyil karuthumenkilum annu njan vallaathe kalahikkumaayrunnu keto )
.........kandittu parayaan thonniya aa
kaazhcha vallaathe alosarappeduthunnu.

maalutty said...
This comment has been removed by the author.
premanandan | പ്രേമാനന്ദന്‍ ... said...

ആയിരിക്കാം പക്ഷെ പാവം കുട്ടികള്‍ എന്ത് പിഴച്ചു ... മൂന്നു നാലു പെരുടെത് മാത്രമാണല്ലോ വീണുപോയത് ആശ്വാസം. യുവ പ്രതിഭകളെ വാര്ത്തെടുക്കുന്നവര്‍, ടീച്ചര്‍മാരെ കണ്ടാല്‍ മനസ്സിലാകുന്ന സൂത്രം എന്താ ! ഏലസ്സ് വാങ്ങി കെട്ടിയാല്‍ ശരിയാകുമോ ...

പ്രയാണ്‍ said...

എനിക്കെന്തൊ ആ ടീച്ചറോടു പാവം തോന്നുന്നു...അവരുടെ തിരക്കുകളും പരാധീനതകളും നമുക്കറിയില്ലല്ലൊ.....ഒരു വീഴ്ച്ചയൊക്കെ ആര്‍ക്കും പറ്റില്ലെ....പക്ഷെ പറ്റിയത് എഴുത്തുകാരിയുടെ മുമ്പിലായതാ വല്ലാത്ത പറ്റ്.... ഓണാശംസകള്‍.........:)

പൊറാടത്ത് said...

വീട്ടിലെയും ഓഫീസിലെയും ജോലികള്‍ക്കിടയില്‍ പെട്ട് നട്ടം തിരിയുന്ന പല സ്ത്ര്രീകളെയും കണ്ടിട്ടുണ്ട്.. രണ്ട് സ്ഥലത്തും കറയറ്റ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് എളുപ്പവുമല്ല.

സത്യം പറയട്ടെ.. അവരോട് പലപ്പോഴും സഹതാപവും ബഹുമാനവും തോന്നീട്ടുണ്ട്.

ഓണാശംസകള്‍...

കാസിം തങ്ങള്‍ said...

ടീച്ചര്‍ ശ്രദ്ധിക്കേണ്ടത് തന്നെയായിരുന്നു. പക്ഷേ മുകളില്‍ പലരും സൂചിപ്പിച്ച പോലെ കുറ്റപ്പെടുത്താനാവുന്നില്ല. മാംക്സിമം മാര്‍ക്ക് പത്ത് ആയതിനാല്‍ ഇതൊരു ക്ലാസ്സ് ടെസ്റ്റിന്റെ പേപ്പറാവാനാണ് സാധ്യത. അതിനാല്‍ ഇതത്ര പ്രശ്നമാണെന്ന് തോന്നുന്നില്ല.

Rare Rose said...

എഴുത്തുകാരി ചേച്ചീ.,കുട്ടികള്‍ക്ക് മാതൃകയാകേണ്ട ഒരു ടീച്ചറിങ്ങനെ ശ്രദ്ധയില്ലാതെ പേപ്പര്‍ നോക്കിയത് ഉറപ്പായും കഷ്ടാണു.തെറ്റാണു..തിരുത്തപ്പെടേണ്ടതാണു..
പിന്നെ അവരുടെയലച്ചിലും,തിരക്കുമൊക്കെ കാരണമാവാം എന്നൊരു വശം കൂടി നോക്കുമ്പോള്‍ അങ്ങോട്ടൊരു സഹതാപവും..രണ്ടു തോണിയില്‍ കാലു വയ്ക്കരുതെന്നറിയാം..എന്നാലും..

Typist | എഴുത്തുകാരി said...

ശ്രീ,
സന്തോഷ്,
രാമചന്ദ്രന്‍,
കുഞ്ഞായി,
ചാണക്യന്‍,
geetha,

എന്റെ കന്മുന്നില്‍ കണ്ട സംഭവം ഞാന്‍ നിങ്ങളുമായി പങ്കു വച്ചു. ചിലര്‍ക്കു ടീച്ചറോട് പാവം തോന്നുന്നു. ചിലര്‍ക്കു തോന്നുന്നു, ടീച്ചര്‍ക്കു കുറച്ചുകൂടി ഉത്തരവാദിത്തം വേണ്ടേ എന്നു്.
എല്ലാവര്‍ക്കും നന്ദി.

രഞ്ജിത്‌ വിശ്വം I ranjith viswam said...

തീര്‍ച്ചയായും വേണം ചേച്ചി.. ടീച്ചര്‍ക്കു കുറച്ചു കൂടി ഉത്തരവാദിത്തം വേണം. ആഴ്ച്ചയില്‍ രണ്ടു ദിവസം അവധി കിട്ടുന്ന, മധ്യവേനള്‍ അവധി കിട്ടൂന്ന പതിനായിരങ്ങളുടെ മോഹിപ്പിക്കുന്ന ശമ്പള സ്കെയിലുള്ള എല്ലാത്തിനുമുപരി ഭാവി ഇന്ത്യയെ വാര്ത്തെടുക്കുന്നവരില്‍ നിന്നും കുറച്ചു കൂടി ഉത്തരവാദിത്ത ബോധം നാം പ്രതീക്ഷിക്കുന്നുണ്ട്. ക്ലാസില്‍ ഉത്തരക്കടലാസ് നല്കുമ്പോള്‍ കാണാതായതിനാല്‍ ഒരു വെരി ഗുഡ് നഷ്ടപ്പെട്ട ഒരു വിദ്യാര്ത്ഥിയുടെ മുഖമാണെന്റെ മനസ്സില്‍

Typist | എഴുത്തുകാരി said...

maalutty,

ഏതു ടീച്ചറെയാ കരിവാരിതേച്ചതെന്നു് ഈ പോസ്റ്റിലെ എവിടെനിന്നെങ്കിലും മനസ്സിലായോ നിങ്ങള്‍ക്കു്? സ്കൂളിന്റെ പേരു പറഞ്ഞിട്ടില്ല, ടീച്ചറിന്റെ പേരു പറഞ്ഞിട്ടില്ല. സ്കൂള്‍ എവിടെയാണെന്നൊരു സൂചന പോലും ഇല്ല. കരിവാരിതേക്കണം എന്ന ഉദ്ദേശം ഉണ്ടായിരുന്നെങ്കില്‍, ഒരു‍ ഫോട്ടോ കൊടുക്കാമായിരുന്നല്ലോ. എന്റെ കാമറ ഇവിടെയില്ലെങ്കിലും ഒന്നു സംഘടിപ്പിക്കുക തീരെ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇനി കൊടുത്തിരുന്നുവെങ്കിലും, ഏതു സ്കൂളാണെന്നു മനസ്സിലാവുന്ന തരത്തില്‍ കൊടുക്കുമായിരുന്നില്ല.

പിന്നെ, ഞാന്‍ അതു ആ ടീച്ചര്‍ക്കു്‍ എത്തിച്ചില്ല എന്നു നിങ്ങള്‍ക്കെവിടെ നിന്നു മനസ്സിലായി? അതും ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്റെ കണ്മുന്നില്‍‍ കണ്ട ഒരു കാര്യം ഞാന്‍ പറഞ്ഞപ്പോള്‍, പിന്നീട് ഞാന്‍ ആ പേപ്പര്‍ എന്തു ചെയ്തു എന്നു ഒരു സൂചന പോലും നല്‍കിയിട്ടില്ല.ഞാനതു കീറിക്കളഞ്ഞിരിക്കാം, ഹെഡ് മാസ്റ്ററുടെ അടുത്ത് കൊടുത്തിരിക്കാം, ആ ടീച്ചറുടെയടുത്തു തന്നെ കൊടുത്തിരിക്കാം. വെറുതെ എന്തിനു നിഗമനങ്ങളിലെത്തുന്നു?

ഇനി കണ്ടകറ്ററുടെ കാര്യം, എന്റെ സഹോദരീ, ഒരു‍ ബസ്സില്‍ എന്തു മാത്രം കടലാസുകള്‍ വീണു കിടക്കുന്നുണ്ടാകും. ഓരോ ട്രിപ് കഴിയുമ്പോഴും ബസ്സു് മുഴുവന്‍ നോക്കി അതൊക്കെ എന്താണെന്നു പരിശോധിച്ചു ഡിപ്പോയില്‍ കൊണ്ടു കൊടുക്കുന്ന കാര്യം എത്ര പ്രായോഗികമാണെന്നു
ഊഹിച്ചുകൂടേ?

ഇനി ബഹുമാനത്തിന്റെ കാര്യം - എനിക്കു തീരെ താല്പര്യമില്ലാത്ത ഒരു കാര്യമാണു്, എന്നെ ഇങ്ങോട്ടു ബഹുമാനിക്കുന്നതു്. അതുണ്ടാവുന്നതും കുറയുന്നതും തീരെ ഇല്ലാതാവുന്നതുമെല്ലാം നിങ്ങളുടെ മാത്രം ഇഷ്ടം.

വിശദമായ അഭിപ്രായത്തിനു നന്ദി.

Anonymous said...

പോസ്റ്റ് നന്നായി... ടീച്ചര്‍ ആണെന്നു കണ്ടാലറിയുന്ന ടെക്നോളജി എനിക്കും കുറച്ചൊക്കെ അറിയാം

മാളൂട്ടിക്കുള്ള മറുപടി അതിലും നന്നായി...

- ഞാന്‍ - ഞാന്‍ തന്നെ!

maalutty said...
This comment has been removed by the author.
അരുണ്‍ കായംകുളം said...

നഷ്ടപ്പെട്ട പേപ്പര്‍ ഓര്‍ത്ത് ആ ടീച്ചര്‍ എത്ര വിഷമിക്കുന്നുണ്ടാവാം
എല്ലാം ദൈവത്തിന്‍റെ കൈയ്യിലല്ലേ?
എന്നിട്ട് ആ പേപ്പറെല്ലാം ആ സ്ക്കുളിലെ അഡ്രസ്സില്‍ അയച്ചു കൊടുത്തോ?

ഓണാശംസകള്‍

പാവപ്പെട്ടവന്‍ said...

ഇതൊക്കെ വീട്ടില്‍ വെച്ച് ചെയ്യണ്ട ജോലിയല്ലേ അവിടെ തീര്‍ന്നില്ല എന്നാല്‍ തീര്‍ന്നത് ഇങ്ങനെയുമായി ബോധരരഹിതമായ യാത്രകള്‍ കുട്ടികളുടെ തലവരകള്‍ കളഞ്ഞ ടീച്ചര്‍ തീര്‍ച്ചയായും കുറ്റക്കാരി തന്നെ മാളുട്ടി ബോധമില്ലയിക പറയരുത്

പാവപ്പെട്ടവന്‍ said...

ടീച്ചര്‍ ബസ്സില്‍ വച്ച് ഉത്തര കടലാസ് നോക്കിയത് തന്നെ തെറ്റ് പോരാഞ്ഞു അശ്രദ്ധയില്‍ ഉറക്കത്തില്‍ കളഞ്ഞത് അതില്‍ വലിയ തെറ്റ് ആദ്യം തന്നെ അവര്‍ ഉറങ്ങുന്നുണ്ടായിരുന്നന്നു പിന്നെയും ഉത്തര കടലാസ് നോക്കാന്‍ തയ്യാറായത് അതിലും വലിയ തെറ്റ്

premanandan | പ്രേമാനന്ദന്‍ ... said...

ഈ അന്യോന്യം ഉള്ള പരാക്രമം കണ്ടാല്‍ മാളൂട്ടി എഴുത്തുകാരിയുടെ അടുത്തിരുന്ന ടീച്ചര്‍ ആണെന്ന് തോന്നുന്നു. രണ്ടുപേരും ഇന്ചോട് ഇഞ്ച്‌ പൊരുതുകയാണ് സത്യം പറഞ്ഞൂടെ വല്ല പേപ്പര്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നേരിട്ട് മാലൂട്ടിക്കു ചോദിയ്ക്കാന്‍ പാടില്ലായിരുന്നോ. ഇത് നിങ്ങള്‍ ഇന്ന് കണ്ട സംഭവം ഇത് പോലെ എത്രയോ സംഭവങ്ങള്‍ ഇവിടെ നടക്കുന്നു.
പേപ്പര്‍ നഷ്ടപ്പെട്ടു പോയപ്പോള്‍ കുട്ടികളെ ആ ക്ലാസ്സില്‍ നിന്ന് തോല്‍പ്പിച്ച ചരിത്രം പോലും ഇവിടെ ഉണ്ടായിരുന്നു. ആ പേപ്പര്‍ താഴെ നിന്ന് കിട്ടിയാല്‍ ബസ്സ്‌ നിര്‍ത്തി ഓട്ടോ പിടിച്ചു ഏല്‍പ്പിക്കാനുള്ള ഒരു സഹായ മനസ്കത ഉണ്ടായില്ലല്ലോ ... കണ്ട്‌ാക്ടര്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ ആള്‍ക്ക് തിരിച്ചു ഏല്‍പ്പിക്കുമെന്ന് എന്താ ഉറപ്പു , ടീച്ചരുമാര്‍ക്ക് ഇത്രയൊക്കെ ശ്രദ്ദ ഉള്ളൂ എങ്കില്‍ പാവം പിള്ളേരുടെ കാര്യം എന്തായിരിക്കും ഊഹിക്കാനേ വയ്യ ...

ഉറുമ്പ്‌ /ANT said...

ഉത്തരവാദിത്വബോധം തീരെയില്ലാത്ത അദ്ധ്യാപകർക്കുമാത്രം പറ്റുന്ന തെറ്റായി മാത്രമേ ഈ സംഭവത്തെ കാണാനാകൂ. ആഴ്ചയിൽ 2 ദിവസം അവധിയുള്ളവർക്ക്‌ എന്താണിത്ര ജോലിഭാരം? ഈ ടീച്ചറുടെ കുട്ടി ഈ സ്കൂളിലല്ല പഠിക്കുന്നതെന്നു കരുതുന്നു.

അനിൽ@ബ്ലൊഗ് said...

എഴുത്തുകാരിച്ചേച്ചീ,
വളരെ ഗൌരവമായൊരു വിഷയം രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
തീര്‍ച്ചയായും ടീച്ചര്‍ അല്പംകൂടി ജാഗ്രത പുലര്‍ത്തണമായിരുന്നു.

ദിവസം മാളയില്‍ നിന്നും വന്ന് ഇവീടെ അടുത്ത് (100 കി.മി) ജോലി ചെയ്യുന്ന ഒരു ടീച്ചറെ എനിക്കറിയാം.പുലരും മുമ്പ് ചോറും കറീം ആക്കി വച്ച് പോരണം, സന്ധ്യമയങ്ങിയെ വീട്ടിലെത്തൂ. ഇതിനിടെ കുടുംബകാര്യം നോക്കണം. അത്തരം സാഹചര്യങ്ങളില്‍ ചിലപ്പോള്‍ ഇങ്ങനെ ഒക്കെ വേണ്ടി വരും, പക്ഷെ അതൊരു ന്യായമല്ല.

സ്കൂള്‍ പരീക്ഷയായാലും കുട്ടികളുടെ ഭാവി വച്ചുള്ള ഒരു കുട്ടിക്കളിക്കും ആരും നില്‍ക്കരുതെന്നാ എന്റെ അഭിപ്രായം.എന്റെ അച്ഛനും അമ്മയും ടീച്ചര്‍മാരായിരുന്നു.

മാളുട്ടി ആണോ ആ ടീച്ചര്‍?
ഇത്ര വികാര ക്ഷോഭം കൊള്ളേണ്ട കാര്യമുണ്ടോ? അതോ എഴുത്തുകാരിയെയും കൊണ്ടേ പോകൂ എന്നാണോ?

മീര അനിരുദ്ധൻ said...

എന്തൊക്കെ ന്യായം പറഞ്ഞാലും ഒരു റ്റീച്ചർ ചെയ്യുന്ന ജോലിയോട് അല്പം ഉത്തരവാദിത്തം കാണിക്കണം എന്നാണു എന്റെ അഭിപ്രായം.ഓടുന്ന ബസിലിരുന്ന് അലക്ഷ്യമായി പരീക്ഷാ പേപ്പറുകൾ നോക്കിയത് തന്നെ എനിക്കിഷ്ടപ്പെട്ടില്ല.വെരി ഗൂഡ് കീപ്പ് ഇറ്റ് അപ് എന്നൊക്കെ എഴുതിയത് തീരെ അർഹരല്ലാത്ത വിദ്യാർത്ഥികൾക്കാണെങ്കിൽ അവരുടെ ഭാവി അതോടെ പോയി ( അല്ല തലക്കനം കൂടുമേ !)ഭാവി പൗരന്മാരെ വാർത്തെടുക്കുന്ന റ്റീച്ചർമാർ ഇങ്ങനെയുള്ള പണി കാണിക്കരുത്.

പാവത്താൻ said...

അധ്യാപകരിലും നല്ല അധ്യാപകരും ചീത്ത അധ്യാപകരും ഉണ്ട്.പേപ്പര്‍ നോക്കാന്‍ വയ്യാത്തതിനാല്‍ പരീക്ഷ(ക്ലാസ് റ്റെസ്റ്റുകള്‍) ഒഴിവാക്കുന്ന എത്രയോ പേരുണ്ട്.നടത്തിയ പരീക്ഷയുടെ പേപ്പറുകള്‍ നോക്കിക്കൊടുക്കാത്തവര്‍ എത്രയോ...
പിന്നെ ബസ്സിലിരുന്നു നോക്കാമോ? ഉറക്കത്തിനിടയില്‍ നോക്കാമോ? എന്നൊക്കെയുള്ള പ്രശ്നങ്ങള്‍..

ആ റ്റീച്ചര്‍ ചെയ്തത് ശരിയോ തെറ്റോ?
എനിക്കറിയില്ല

അധ്യാപകരെയും അധ്യാപനത്തെയും നന്നായി അറിയുന്നതിനാല്‍ ഒരു വിധിയെഴുത്തിനു ഞാനാളല്ല.

ഓണാശംസകള്‍.

കുമാരന്‍ | kumaran said...

ആ ടീച്ചർക്കൊരു ‘ക്വട്ടേഷന്റെ’ കുറവുണ്ട്.

maalutty said...

അപ്പൊ ഇവിടെ കാര്യത്തിലല്ല പക്ഷത്തിലാണ് കാര്യം
ഇവിടെ വന്നത് തെറ്റു
അഭിപ്രായം പറഞ്ഞത് അതിലും വലിയ തെറ്റു
മറുപടിക്ക് മറുപടി എഴുതിയത് ഏറ്റവും വലിയ തെറ്റു
ആ തെറ്റുകള്‍ മാന്യ വായനക്കാരും എഴുത്തുകാരിയും പൊറുക്കുക
എന്റെ കമന്റ്സ് നിരുപാധികം പിന്‍‌വലിക്കുന്നു
ഇനി ഈ പേജില്‍ ഒരിക്കലും വരില്ല എന്ന ഉറപ്പു തന്നു
ഒരിക്കല്‍ കൂടി തെറ്റും മാപ്പും പറഞ്ഞു നിര്ത്തുന്നു
ഗുഡ് ബൈ !

കണ്ണനുണ്ണി said...

അവരെ കുറ്റ്പ്പെടുത്തുന്നതിനു മുന്‍പ് രണ്ടു സാഹചര്യങ്ങള്‍ ആലോചിക്കണം...
1) അവരൊരു വീട്ടമ്മ കൂടെ ആണെങ്കില്‍. വൈകിട്ട് വീട്ടില്‍ എത്തിയാല്‍ കുട്ട്യോളുടെ പഠിത്തം, വീട് ജോലി, അടുത്ത ദേവസതെക്ക് മാവ് അരയ്ക്കാല്‍ എല്ലാം കഴിഞ്ഞു പാതിരയ്ക്ക് ഉറങ്ങാന്‍ കിടന്നാല്‍... കോഴി കൂവുംപോഴേക്കും എണീറ്റ്‌ പ്രാതല്‍, ഉച്ച ഭക്ഷണം തയ്യാറാക്കല്‍, മുറ്റം അടിക്കല്‍, ഇസ്തിരിയിടല്‍, കുട്ടികളെ സ്കൂളില്‍ അയക്കല്‍ പിന്നെ ഭര്‍ത്താവുന്ടെങ്കില്‍ അയാള്ടെം കാര്യം നോക്കിയ ശേഷം, ഇത്തിരി സമയം ഒന്നും ചെയ്യാന്‍ ഇല്ലാതെ കിട്ടുക...ബസ്‌ യാത്രയില്‍ ആവും.. അങ്ങനെ എങ്കില്‍ അവരെ ഞാന്‍ കുറ്റം പറയില്ല.. ബഹുമാനികുകയെ ഒള്ളു....

2) വാരാന്ത്യത്തില്‍ ബന്ധു വീട് സന്ദര്‍ശനവും ...തലേന്ന് രാത്രി theatreil പോയി സിനിമയും കണ്ടു പുറത്തു നിന്ന് ഭക്ഷണവും കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ലേറ്റ് ആയി... ഉണര്ന്നപോ അതിലേറെ വൈകി... അത് കൊണ്ട് ബസ്സില്‍ മാത്രമേ സമയം കണ്ടുള്ളൂ പേപ്പര്‍ നോക്കാന്‍ എന്നാണ് സാഹചര്യം എങ്കില്‍...
"അവരൊക്കെ ഈ പണി നിര്‍ത്തി... വേറെ വല്ലതും ചെയ്യണം"

ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ ചേച്ചി ?

ജിവി/JiVi said...

ടീച്ചറുടെ മുഴുവന്‍ പേരും സ്ക്കൂളും ഒന്നും മറന്നേക്കല്ലേ, ഇനിയുള്ള ഓരോ വര്‍ഷങ്ങളിലും അധ്യാപക അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഒന്ന് ചെക്ക്ചെയ്തേക്ക്.

വികടശിരോമണി said...

വാർപ്പുപണിയുടെ ബുദ്ധിമുട്ട് നമുക്കറിയില്ല ബൂലോകരേ...:)
പുതുതലമുറയെ ഇങ്ങനെ ബസ്സിലിരുന്നും,പാതിയുറങ്ങിയും കഷ്ടപ്പെട്ടു വാർത്തെടുക്കുന്ന പണിക്കാരോട് നമ്മൾ അജീവനാന്തം കടപ്പെട്ടിരിക്കുന്നു.

എന്റെ വീട്ടിനടുത്തുള്ള ഒരു നാലാം ക്ലാസുകാരന്റെ ഉത്തരപ്പേപ്പർ ഈയിടെ കാണാനിടയായി.അവന് സ്കൂളിൽ പോണതു തന്നെ ഇഷ്ടമല്ല.
“ഒരുവട്ടം കൂടിയാപ്പഴയവിദ്യാലയത്തിരുമുറ്റത്തെത്തുവാൻ മോഹം”എന്ന പാട്ടു കേട്ടപ്പോൾ “ഏതു തെണ്ടിയാ ഇതെഴുതിയത്”എന്ന് ആത്മനൊമ്പരത്തോടെ പ്രതികരിച്ച വിപ്ലവകാരിയാണ്.(ഞമ്മടെ കമ്പനി ആണ്.ഞാനും ഏകദേശം സമാനനായിരുന്നു:)
അവന് അക്ഷരം തന്നെ അറിഞ്ഞൂട.അവന് മലയാളത്തിൽ 87മാർക്ക് എന്നു കേട്ട് അമ്പരന്നു നോക്കിയതാ.നോക്കുമ്പോൾ,അവനെന്തൊക്കെയോ “സാ-പാ-കാ-ലാ”എന്നൊക്കെ കുത്തിവരച്ചുവെച്ചിരിക്കുന്നു.ബഹുമാന്യയായ ടീച്ചർ മിക്കവാറും എല്ലാറ്റിനും മാർക്കു കൊടുത്തിട്ടുണ്ട്.എനിക്ക് ഒരു വാചകം പോലും വായിച്ചെടുക്കാനായില്ല.പക്ഷേ,ആ സൂക്ഷ്മദൃക്കായ ടീച്ചർ,അവന്റെ അന്തര്യാമിയായ ഹൃദയരഹസ്യങ്ങളെല്ലാം മനക്കണ്ണുകൊണ്ടറിഞ്ഞ്,87മാർക്ക് നൽകി അനുഗ്രഹിച്ചിരിക്കുന്നു.മുകളിൽ “വെരിഗുഡ്”എന്നു തല്ലക്കുറിയും ഉണ്ട്.ഞാൻ ഒരു പേന വാങ്ങി മുകളിൽ “കീപ്പിറ്റപ്പ്”എന്നു കൂടി എഴുതി തിരിച്ചുകൊടുത്തു.ആ വാർപ്പുപണി എനിക്കു ശരിക്കും ബോധിച്ചു.അതേ തോണിയിലെ ഒരാളെ എഴുത്തുകാരിക്കും പരിചയപ്പെടാനായല്ലോ,നമ്മുടെ ഒക്കെ മുജ്ജന്മ സുകൃതം.
നാരായണഗുരുവിന്റെ വരി ചൊല്ലി,കമന്റിനു ധനാശി:
“ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ നേരാം വഴികാട്ടും ഗുരു.”

വയനാടന്‍ said...

ഉറപ്പായും ഇതു കുറച്ചല്ല കുറച്ച്ധികം കഷ്ടമാണു.
എന്നാലും ഓണത്തല്ലു വേണ്ടിയിരുന്നോ!!!!!!!!
ഓണാശംസകൾ

കുതിരവട്ടന്‍ :: kuthiravattan said...
This comment has been removed by the author.
വികടശിരോമണി said...

വിദ്യാഭാസം എന്ന പരിപാടിയെ നാം കാണുന്ന കണ്ണ് എത്രമേൽ മാറിപ്പോയിരിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.എല്ലാ ആലങ്കാരികതകളേയും ചീന്തിക്കളഞ്ഞ്,“സ്വന്തം തൊഴിൽ എത്രമേൽ വൃത്തിയായി ചെയ്യാം”എന്ന നേർക്കു നേരെ ഉള്ള ചോദ്യം പോലും,സമൂഹസൃഷ്ടിയുടെ ആണിക്കല്ലായ വിദ്യാഭാസത്തിനു നേരെ ചോദിക്കാൻ പാടില്ലെന്നോ?ഉദ്യോഗസ്ഥവൃന്ദവും,കച്ചവടക്കാരും അഴിമതിക്കാരായ സ്ഥിതിക്ക്,ഒരു ടീച്ചറെ എന്തിനു ക്രൂശിക്കുന്നു എന്ന ചോദ്യത്തിനു പിന്നിൽ,കേരളത്തിന്റെ മനോഘടനയുടെ ഒരു കുഴമറിച്ചിലുണ്ട്.നാം വിദ്യാഭ്യാസത്തെ ഏതു ആലയിൽ വരെ കൊണ്ടു ചെന്നു കെട്ടുന്നു എന്നതു നോക്കുക.
സ്ത്രീസമൂഹത്തിന്റെ പ്രശ്നങ്ങളെ കൂട്ടിക്കുഴച്ചാൽ ഏതു ജോലിയുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും സ്ത്രീക്കു രക്ഷപ്പെടാനാവുമെന്നോ?ഓരോ വ്യക്തിയും വരുന്നത് ഒരു സാമൂഹ്യസാഹചര്യത്തിന്റെ ഉൽ‌പ്പന്നമായാണ്.ഒരു നഗരത്തിൽ,സമൂഹത്തിൽ,ബാലചന്ദ്രന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ “വിച്ഛിന്നഘടനകൾ തൻ ഖരപ്രവാഹ”ത്തിൽ എത്തുമ്പോൾ അവളുടെ/അവന്റെ സഞ്ചിതസാഹചര്യങ്ങൾ അല്ല,ആ വ്യക്തിയുടെ ഇടത്തെ പൂർണ്ണമായും നിർണ്ണയിക്കുന്നത്.അങ്ങനെ മാത്രം വായിക്കുന്നത് വളരെ അപകടകരമാണ്.ഹിറ്റ്‌ലർ അങ്ങനെ ആയിപ്പോയതിനു അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല,അയാളെ നിർമ്മിച്ച കുടുംബപരിതസ്ഥിതി,സാമൂഹ്യവ്യവസ്ഥിതി അങ്ങനെ ആയിരുന്നു എന്നു വിൽഹം റൈയ്ഹ് പറയുന്നതു പോലത്തെ അപകടം.അതുകൊണ്ടൊന്നും ഹിറ്റ്‌ലർക്ക് അയാളുടെ ചെയ്തികളിൽ നിന്നു ഓടിയൊളിക്കാനാവില്ല,മാപ്പുകൊടുക്കാൻ മനുഷ്യത്വം മനസ്സിന്റെ ഏതെങ്കിലും കോണിലുള്ളവർക്കുമാകില്ല.ഒരു സ്ത്രീ സമൂഹത്തിൽ/കുടുംബത്തിൽ അനുഭവിക്കുന്ന യാതനകൾ മനസ്സിലാക്കേണ്ടതാണ്,പരിഹരിക്കേണ്ടതാണ്.അതു വേറെയാണു പ്രശ്നം.വിദ്യാർത്ഥികളുടെ പരീക്ഷപ്പേപ്പർ എന്നത്,അവന്റെ കഴിവുകളുടെ മാപനത്തിനായി നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായം നടപ്പാക്കിയ ഏറ്റവും പ്രധാനമായ പ്രവർത്തനത്തിന്റെ റിസൽട്ട് ആണ്.അത് അലക്ഷ്യമായി കൈകാര്യം ചെയ്യുകയും,അത് ബസ്സിലിട്ട് കടന്നു പോവുകയും ചെയ്യുന്നതിന് എന്തു നീതീകരണവും പര്യാപ്തമല്ല.അവിടേക്ക് സ്ത്രീപ്രശ്നത്തെ കെട്ടിവലിച്ചുകൊണ്ടുവരികയോ,മറ്റുള്ള ഏതൊക്കെയോ ‘കച്ചവട’ങ്ങളുമായി വിദ്യാഭ്യാസ കർമ്മത്തെ ചേർത്തുവായിക്കുകയോ ചെയ്യുന്നതിനെ അസംബന്ധം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ടീച്ചര്‍മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്താ ചെയ്യുകാ?? കുമാരേട്ടാ ടൂള്‍സ് എടുക്കട്ടെ?

എന്തായാലും കാസിം തങ്ങള്‍ പറഞ്ഞ പോലെ മാംക്സിമം മാര്‍ക്ക് പത്ത് ആയതിനാല്‍ ഇതൊരു ക്ലാസ്സ് ടെസ്റ്റിന്റെ പേപ്പറാവാനാണ് സാധ്യത. അതിനാല്‍ ഇതത്ര പ്രശ്നമാണെന്ന് തോന്നുന്നില്ല.

keraladasanunni said...

യൂണിവേര്‍സിറ്റി പരീക്ഷയുടെ ഉത്തര കടലാസ്സ് മീന്‍ പൊതിഞ്ഞ് കൊടുക്കാന്‍ ഉപയോഗിച്ചതായും കെട്ടോടു കൂടിറോഡില്‍ നിന്നും കിട്ടിയതായും പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. അതിന്‍റെ ഒരു കൊച്ചു പതിപ്പ്.
നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
palakkattettan

Anonymous said...

I am trying to analyze the character of ezhuthukari, as evident from her recent post
this is only an attempt and I may not be correct in my assessment. I
get only a glimpse of her individuality
1 she travels frequently, only to near by places and mostly in KSRTC
buses.
2 she is law obeying especially when she knows that she would be
benefited by that- she sees a chance for a seat and readily obeys the conductor to move ahead.
3 she has extra sense, she is capable of identifying teachers (sixth sense?)
4 she is respectful to teachers, excluding the one she writes about
5 she is a keen observer
6 she cannot read even casual things while traveling, but sees the work of other person seated next to her (observing)
7 she is disturbed when the person seated next to her starts sleeping,
disturbing the sitting.
8 she is amazed to see a teacher doing valuation in a bus
9 she is a little bit jealous about the purchasing power of the people
10 when the conductor points out about some papers are lying beneath her seat; she readily collects them and put them into her bag, fully knowing that those were not hers.
11 she has little hope that KSTRC conductors would be duty bound!
12 she is a writer and writes her own experiences, from her own angle
with out bothering how it would affect the others.
13 she is easily getting annoyed type and without doubt quarrelsome!

A teacher by profession, doing phd on human behaviour.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എഴുത്തുകാരീ,

ഇതിൽ രണ്ടു കാര്യങ്ങൾ ഉണ്ട്.

1:ബസിൽ ഇരുന്ന നോക്കി എന്നതു കൊണ്ട് മാത്രം അവർ അശ്രദ്ധമായി ചെയ്തു എന്ന് നമുക്കു പറയാനാവില്ല.ഒരു പക്ഷെ ഈ കുറ്റപ്പെടുത്തിയ ടീച്ചർ ഒരു നല്ല അദ്ധ്യാപിക ആയിരുന്നേനെ..നീണ്ട യാത്ര ചെയ്തു ജോലിക്കു പോകുന്നവർ സമയം ലാഭിക്കാൻ ജോലി ചെയ്യുന്നത് പുതുമയല്ല.എറണാകുളത്തു നിന്നു തിരുവനന്ത പുരം വരെ പോയി ജോലി ചെയ്യുന്നവർ വീട്ടിൽ രാത്രി കറി വക്കാനുള്ള പച്ചക്കറി മുറിക്കുന്നതു വരെ ട്രയിനിൽ ഇരുന്നാണെന്ന് വായിച്ചിട്ടുണ്ട്.പണ്ടൊരിക്കൽ കെ.എം മാണിയുമായി ഒരു ഇന്റർ‌വ്യൂ വായിച്ചപ്പോൾ, മാണി എം.എൽ.എ ഒക്കെ ആകുന്നതിനു മുൻപ് പാലായിൽ പ്രാക്ടീസ് ചെയ്യുമ്പോൾ മരങ്ങാട്ടുപള്ളിയിൽ നിന്നു പാലാ വരെ ബസിൽ നിന്നു കൊണ്ട് ഉറങ്ങിയിരുന്നു എന്ന് അതിൽ വായിച്ചതോർക്കുന്നു.

അപ്പോൾ നിത്യാ‍ഭാസി ആനയെ എടുക്കും എന്നാണു മനസ്സിലാക്കേണ്ടത്.എല്ലാം നമ്മൾ പരിശീലിക്കുന്നതു പോലെയാണ്.ദിവസവും രണ്ടര മണിക്കൂർ യാത്ര ചെയ്യുന്ന ഞാൻ വായനയുടെ ഭൂരിഭാഗവും നടത്തുന്നത് ആ സമയത്താണ്.ചിലപ്പോൾ ലാപ്‌റ്റോപ് തുറന്ന് ഓഫീസ് ജോലിയും ചെയ്തിട്ടുണ്ട്.അതു കൊണ്ട് ബസിൽ ഇരുന്നു പേപ്പർ നോക്കി എന്നതു മാത്രം ഒരു കുറ്റമാകുന്നില്ല.അവരുടെ കൈയിൽ നിന്നു പേപ്പർ പോയതു തികച്ചും അവിചാരിതമായ ഒരു സംഭവവും ആയിരുന്നേക്കാം.

2:രണ്ടാമത്തെ കാര്യം,ഏതു ജോലിയോടും ഉള്ള ആത്മാർഥതയെപ്പറ്റി ആണ്.ഇന്നിപ്പോൾ പലരും ടീച്ചറാകുന്നത് ആ ജോലിയോടുള്ള താൽ‌പര്യം കൊണ്ടാവില്ല.അപ്പോൾ ഇഷ്ടമല്ലാത്തെ ജോലി കിട്ടുകയും, വീട്ടു ജോലിയും ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു തുള്ളുകയും ഒക്കെ ചെയ്ത ശേഷം ടീച്ചർ എന്ന ജോലിയോടു അവർക്ക് എത്ര ആത്മാർത്ഥത ഉണ്ടാകും?ഒരു പക്ഷേ അങ്ങനെ ഉള്ള ഒരു ടീച്ചറിനെ ആവും എഴുത്തുകാരി കണ്ടതെന്നും വരാം.

ആത്മാർത്ഥത ഇല്ലാത്ത ടീച്ചർ പഠിപ്പിക്കുന്ന കുട്ടികളുടെ കഷ്ടകാലം എന്നേ പറയാനാവൂ..

ഓണാശംസകൾ !

വേദ വ്യാസന്‍ said...

ടീച്ചര്‍ ചെയ്തതിനെ അനുകൂലിയ്ക്കുന്നില്ല പക്ഷെ ചിലപ്പോള്‍ സാഹചര്യങ്ങള്‍ കൊണ്ടാകാം. വീട്ടില്‍ ഒരു ചെറിയകുട്ടിയുള്ള അമ്മയാണെങ്കിലോ ??
എന്റെ മുന്നില് വേറൊരു ചിത്രം തെളിയുന്നു, അശ്രദ്ധമായ നോക്കല്‍ കൊണ്ട് 30 കിട്ടേണ്ടത് 20 ആയിപ്പോയ ഒരു കുട്ടി,അവന് മാതാപിതാക്കളില്‍ നിന്നും കിട്ടാവുന്ന ശകാരം ...
പാവം

Typist | എഴുത്തുകാരി said...

പ്രേമാനന്ദന്‍,
പ്രയാണ്‍,
പൊറാടത്ത്,
കാസിം തങ്ങള്‍,
Rare Rose,
Ranjith Viswam,
ഞാന്‍,
അരുണ്‍,
പാവപ്പെട്ടവന്‍,
വീണ്ടും പ്രേമാനന്ദന്‍,അവരുടെ
ചില അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ മറുപടി പറയാതെ വയ്യെന്നു തോന്നി, അത്രേയുള്ളൂ മാഷേ, വീറും വാശിയും പോരാടലുമൊന്നുമില്ല.

ഉറുമ്പ്,
അനില്‍,
മീര,
പാവത്താന്‍,

വിശദമായി അഭിപ്രായങ്ങള്‍ പറഞ്ഞു്, ഈ ചര്‍ച്ചയെ വളരെ സജീവമാക്കിയ എല്ലാവര്‍ക്കും നന്ദി.

ഒരുപാട് പേറ്ക്കു തോന്നുന്നു, ടീച്ചര്‍ക്കു കുറച്ചുകൂടി ഉത്തരവാദിത്തം വേണമായിരുന്നു എന്നു്, ചിലര്‍ക്കു തോന്നുന്നു, അതു അവരുടെ ബുദ്ധിമുട്ടുകള്‍ കൊണ്ടാകാം എന്നു്, ചിലര്‍ക്കു തോന്നുന്നു ഇതൊന്നും അത്ര കാര്യമുള്ള കാര്യമല്ലെന്നു്.

Typist | എഴുത്തുകാരി said...

കുമാരന്‍,

maalutty, കൂടുതലൊന്നും പറയാനില്ല എനിക്കു്.

കണ്ണനുണ്ണി, നന്ദി.

ജിവി,:)

വികടശിരോമണി, ഇത്രയും ദീര്‍ഘമായ, വിശദമായ അഭിപ്രായത്തിനു് ഒരുപാട് നന്ദിയുണ്ട്ട്ടോ.

വയനാടന്‍ - ഒരു തല്ലിനുമില്ല മാഷേ, ചില കാര്യങ്ങള്‍ക്കു മറുപടി പറയാതിരിക്കാനായില്ല, അതുകൊണ്ട് പറഞ്ഞുപോയതാ.

കുതിരവട്ടന്‍, നാളെ മുതല്‍ സേമിയയും വാങ്ങി, പഞ്ചായത്താഫീസിലും,ഇലക്ടിസിറ്റി ഓഫീസിലുമൊക്കെ കേറിയിറങ്ങാന്‍ തീരുമാനിച്ചു, ഇനിയുമെഴുതാന്‍ എന്തെങ്കിലുമൊക്കെ വേണമല്ലോ;)

വികടശിരോമണി,

കുറുപ്പിന്റെ കണക്കുപുസ്തകം,

Keraladasanunni,

Anonymous,
ഇത്രയും വിശദമായി എന്നെ വിശകലനം ചെയ്ത്, എന്നേപ്പറ്റി എനിക്കുപോലും അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു തരാന്‍ മിനക്കെട്ട ആ നല്ല മനസ്സിനു നന്ദി.

സുനില്‍,
വേദവ്യാസന്‍,

വായിച്ചു് വിശദമായിത്തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട് എല്ലാവരും. പലര്‍ക്കും ശരി എന്നു തോന്നുന്നതു് മറ്റു ചിലര്‍ക്കു് തെറ്റാണെന്നു തോന്നുന്നു. എല്ലാ കാര്യത്തിലും അങ്ങിനെ തന്നെ. തെറ്റിനും ശരിക്കും ഒരു നിശ്ചിത മാനദണ്ഡമില്ലല്ലോ.

മണി said...

എഴുത്തുകാരി,
ഏഴുത്തുകാരിയുടെ ഈ അനുഭവം എന്നെ എന്റെ “വയോജന“ വിദ്യാഭ്യാസ അനുഭവങ്ങളോര്‍മിപ്പിച്ചു. ദിവസേനയുള്ള യാത്രയില്‍ ട്രെയിനില്‍ ഇരുന്നും നിന്നുമൊക്കെയാണ് അസൈന്മെന്റും ഹോം വര്‍ക്കുകളുമെല്ലാം ചെയ്തിരുന്നത്. ഇടയ്ക്ക് കിട്ടുന്ന നിമിഷങ്ങള്‍ ഉറങ്ങാനും വിനിയോഗിച്ചിരുന്നു. ഉറങ്ങുകയാണെങ്കില്‍ പോലും ട്രെയിന്‍ ഇറങ്ങേണ്ടുന്ന സ്റ്റേഷനില്‍ എത്തിയാല്‍ തനിയെ ഉണരാനും കഴിഞ്ഞിരുന്നു. പല യാത്രക്കാരും ഈ പ്രവര്‍ത്തികള്‍ കൌതുകത്തോടെ ശ്രദ്ധിക്കാറുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ എഴുത്ത്കാരും ഉണ്ടായിരുന്നോ അവോ?

Anonymous said...

ബസ്സില്‍ ഒരു ബഹളം, എല്ലാവരും എന്നെ നോക്കുന്നു, എന്തോ പറയുന്നു. ഞാനൊന്നും അറിഞ്ഞില്ല. നോക്കുമ്പോള്‍ എന്റെ കയ്യിലെ പേപ്പേര്‍സ് കാണുന്നില്ല
യാത്രക്കാരുടെ പ്രതികരണം ഞാന്‍ പിന്നെ ശ്രദ്ധിച്ചതേയില്ല
ചേച്ചീ, ഈ കൊച്ചു കടലാസുപോലും ചേച്ചിക്കു പിടിക്കാന്‍ പറ്റില്ലേ എന്നു് കിളിയുടെ കമന്റ്‌ ഒഴിച്ച്
ഇത് നമ്മുടെ എഴുത്തുകാരിയുടെ ഒരു പോസ്റ്റ്‌ ആണ്
ബസ്സില്‍ പോകുമ്പോള്‍ ചിലപ്പോള്‍ പേപ്പര്‍ നഷ്ടപെടും ഇവിടെ അറിഞ്ഞതുകൊണ്ട്‌ തിരികെ കിട്ടി
പാവം ടീച്ചര്‍ അറിഞ്ഞില്ല എഴുത്തുക്കാരി യുടെ കയ്യില്‍ കിട്ടി അത് ചുരുട്ടി വടിയാക്കി അടിയോടി ആ ടീചര്‍ക്കിട്ട്

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്.അറിയാതെ സംഭവിച്ചതാകാം.നന്ദി.

അനിൽ@ബ്ലൊഗ് said...

ചേച്ചീ,
പതിവിനു വിപരീദമായി അനോണികള്‍ ധാരാളം കയറുന്നുണ്ടല്ലോ ഇത്തവണ. എന്തായിരിക്കും കാര്യം?
ആരായിരിക്കും അനോണികള്‍?
വല്ല “കുളുവും” തരാമോ?

പിരിക്കുട്ടി said...

njaan enthaa parayuka....
teacherkku paper sookshikkamaayirunnu....
alle?
enthaayalum teacher paper thappi thappi avashayaayittundaakum...
alle?

വശംവദൻ said...

ആ ടീച്ചർ ബസിലിരുന്ന് പേപ്പർ നോക്കിയതിൽ അപാകത തോന്നുന്നില്ല, എങ്കിൽ തന്നെയും അത്‌ നഷ്ടപ്പെടുത്തിക്കളഞ്ഞ അശ്രദ്ധ ന്യായീകരിക്കാവുന്നതല്ല.

ബിനോയ്//Binoy said...

ഒരു നുറുങ്ങുകഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു എന്നു മാത്രം പറഞ്ഞ് നിര്‍ത്തട്ടെ.
ആശംസകള്‍ :)

Typist | എഴുത്തുകാരി said...

അനില്‍,

സത്യമായിട്ടും എനിക്കും മനസ്സിലാവുന്നില്ല, എന്താ ഈ അനോണികള്‍ കൂട്ടത്തോടെ ഇവിടെ എന്നു്. വഴി തെറ്റി വന്നതാവുമോ?

santhosh Rajan said...

chechhi njangal adyapakare thottu kalikkaruthe, thottu kalichal akkali thee kaliyane sookshicho.

പിപഠിഷു | harikrishnan said...

മാള്ളൂട്ടി ഇനി അനോണിയായി വരും എന്ന് കേള്ക്കുന്നു... ശരിയാണോ?...

പിപഠിഷു | harikrishnan said...

മാളൂട്ടിക്ക്,

എന്റെ മാളൂട്ടീ നീ എന്താ ഇങ്ങനെ? മാളൂട്ടി എന്റെ പോസ്റ്റ് ഇല്‍ വന്നു 5 പേജ് വലിപ്പം ഉള്ള ഒരു മറുപടി കമന്റ്‌ ഇട്ടില്ലേ? അത് ഞാനങ്ങ് ഡിലീറ്റി! അത്രയും വലിപ്പം ഉള്ള കമന്റ്‌ താങ്ങാനുള്ള പ്രായം ഒന്നും എന്റെ ബ്ലോഗ് നു ഇല്ലാത്തത് കൊണ്ടാണേ...

പിന്നെ എന്റെ കമന്റ്‌...

"മാള്ളൂട്ടി ഇനി അനോണിയായി വരും എന്ന് കേള്ക്കുന്നു... ശരിയാണോ?..."

അതെന്താന്നു മനസ്സിലായില്ലേ?...

ഞാന്‍ മാളൂട്ടിടെ കമന്റ്‌ കണ്ടിട്ടില്ല... കാണാന്‍ സമ്മതിച്ചില്ലല്ലോ...

മാളൂട്ടി മുന്‍പ് പറഞ്ഞില്ലേ?...

"എന്റെ കമന്റ്സ് നിരുപാധികം പിന്‍‌വലിക്കുന്നു
ഇനി ഈ പേജില്‍ ഒരിക്കലും വരില്ല എന്ന ഉറപ്പു തന്നു
ഒരിക്കല്‍ കൂടി തെറ്റും മാപ്പും പറഞ്ഞു നിര്ത്തുന്നു
ഗുഡ് ബൈ !"

ആ ഗുഡ്‌ ബൈ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി - മാളൂട്ടി ഇനി ഏത്പേജില്‍ വന്നില്ലെങ്കിലും ഈ പേജില്‍ വരും എന്ന്...

അത് കൊണ്ടു ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ...

അത് ഇത്ര വല്ല്യ പ്രശ്നം ആക്കണോ...

ഇനിയും ഇവിടെ എത്തുമെന്നും ഇതു വായിക്കുമെന്നും പ്രതീക്ഷിച്ചു കൊണ്ടു നിര്‍ത്തുന്നു...

- പിപഠിഷു

Raji said...

ടീച്ചര്‍ കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു എന്നാണ് പോസ്റ്റ്‌ വായിച്ചപ്പോ തോന്നിയത്.

Zebu Bull::മാണിക്കന്‍ said...

വ്യക്തിപരമായി പറഞ്ഞാല്‍, അവര്‍ ഉത്തരക്കടലാസ് ബസ്സിലിരുന്നു നോക്കിയതില്‍ എനിക്കു തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല. എട്ടുമണിക്കൂര്‍ മത്രം ജോലി എന്നു വാശിപിടിച്ച് അവര്‍‌ക്കു സ്കൂളില്‍ പോയിരുന്നു നോക്കാവുന്നതേയുള്ളൂ ഒരു പക്ഷേ. എങ്കിലും തന്റെ പേഴ്സണല്‍ സമയം അവര്‍ ഇതിനായി ചെലവഴിക്കുന്നു എന്നതു ശ്ലാഘനീയം, എന്റെ നോട്ടത്തില്‍. അവര്‍ അതിനിടയില്‍ ഉറങ്ങിയോ, ഫോണ്‍ ചെയ്തോ എന്നതൊന്നും നമ്മെ ബാധിക്കുന്ന പ്രശ്നങ്ങളല്ല; പേപ്പറുകള്‍ നന്നായി നോക്കപ്പെടുന്നിടത്തോളം. "പൂച്ച ഏതു നിറമായാലും" etc.

പിന്നെ അവര്‍ പേപ്പറുകള്‍ ബസ്സില്‍ മറന്നുവച്ചത്: ബസ്സില്‍ സാധനങ്ങള്‍ ഒരിക്കലും മറന്നുവയ്ക്കാത്തവര്‍ അവരെ കല്ലെറിഞ്ഞോട്ടെ; ഞാനേതായാലുമില്ല.

Anonymous said...

കണ്ടകറ്റര്‍ പറഞ്ഞു, “ദേ താഴെ എന്തോ പോയിട്ടുണ്ട്''. നോക്കിയപ്പോള്‍ കുറച്ചു കടലാസുകളാണു്. എന്റെയല്ല എന്നെനിക്കറിയാമായിരുന്നു'

കൃത്യമായി തന്റെതല്ല എന്നറിഞ്ഞിട്ടും അതെടുത്ത് ബാഗ്ഗില്‍ വെച്ചു, എന്നിട്ട് അത് കാട്ടിതന്ന കാണ്ടുക്ടര്‍ ക്കിട്ടും കൊടുത്തു -ഓരോ ട്രിപ് കഴിയുമ്പോഴും ബസ്സു് മുഴുവന്‍ നോക്കി അതൊക്കെ എന്താണെന്നു പരിശോധിച്ചു ഡിപ്പോയില്‍ കൊണ്ടു കൊടുക്കുന്ന കാര്യം എത്ര പ്രായോഗികമാണെന്നു
ഇന്ന് വരെ ഒരാള്‍ക്കും ബസ്സില്‍ (KSRTC ബസ്സില്‍ ) നഷ്ടപ്പെട്ട ഒന്നും തിരിച്ചു കിട്ടിയിട്ടില്ല അല്ലെ?
അതെങ്ങനെ കിട്ടും അരുടെതയാലും എല്ലാം ബാഗ്ഗില്‍ നിറയ്ക്കുന്ന നിങളെ പോലെ രണ്ടു പേര് പോരേ, എല്ലാം കൊണ്ടുപോകാന്‍ ....... പെങ്ങളെ ആ കടലാസ്സിനു പകരം കുറച്ചു രൂപയോ അല്ല വേറെ ഏതെങ്കിലും ഡോകുമെന്റ്സോ ആയിരുന്നു എങ്കില്‍ ഇതുതന്നെ ചെയ്യുമായിരുന്നോ ?
ആദ്യം സ്വയം ചോദിക്ക് ചെയ്തത് ശരിയാണോ എന്ന് എന്നിട്ടാവാം ബാക്കി ആള്‍ക്കാരെ കളിയാക്കല്‍ , കുറ്റ പെടുത്തല്‍ എല്ലാം
എന്റെ പേര് രതീഷ്‌ , KSTRC വയനാട്

ആവനാഴി said...

ടീച്ചർ മന:പൂർവം പേപ്പറുകൾ ബസ്സിൽ ഉപേക്ഷിച്ചതല്ല. എന്നാൽ ആ പേപ്പറുകൾ ഇന്ന സ്കൂളിലെ ആണു എന്നറിയാമായിരുന്നിട്ടൂം അവ അതു അയച്ചുകൊടുക്കാൻ സന്മനസ്സു കാട്ടാത്ത എഴുത്തുകാരി ഏതു മോറൽ ഗ്രൌൻഡിൽ നിന്നാണാവോ സംസാരിക്കുന്നത്? ഞാൻ ടീച്ചറിനെ ന്യായീകരിക്കുകയല്ല. അവർ കുറേക്കൂടേ ശ്രദ്ധിക്കേണ്ടതായിരുന്നു. ഞാൻ ഒന്നു ചോദിക്കട്ടെ ജീവിതത്തിൽ എന്തെങ്കിലും സാധനം മറന്നു വക്കുകയോ കയ്യിൽ നിന്നു അറിയാതെ നഷ്ടപ്പെടുകയോ ചെയ്യാത്ത ആരെങ്കിലുമുണ്ടെങ്കിൽ ഒന്നറിയിക്കൂ.അങ്ങിനെ ഒരാളെ കണ്ടുകിട്ടാൻ പ്രയാസമായിരിക്കും.

എന്റെ കൂടെ യാത്ര ചെയ്യാറുള്ള സുഹൃത്തുക്കളിൽ ചിലരുടെ വീടിന്റെ താക്കോൾ കൂട്ടങ്ങൾ അവരറിയാതെ അവരുടെ പോക്കറ്റിൽ നിന്നു വീണു എന്റെ കാറിന്റെ സീറ്റിന്റെ അടിയിൽ പെട്ടിട്ടുണ്ട്.

അതിനാൽ അവരൊക്കെ ഉത്തരവാദിത്വമില്ലാത്തവരാണു എന്നു എനിക്കു പറയാൻ കഴിയില്ല.

വേണമെങ്കിൽ ചൊദിക്കാം; ഇവർക്കു ഉത്തരവാദിത്തമുണ്ടോ? താക്കോൽ നഷ്ടപ്പെട്ടാൽ വീടിന്റെ വാതിൽ തല്ലിപ്പൊളിക്കേണ്ടിവരില്ലേ? എന്നൊക്കെ.

അവയെ ബാലിശമായ ചോദ്യങ്ങളായേ എനിക്കു കാണാൻ കഴിയൂ.

prem | വട്ടുകേസുകള്‍ ... said...

ഉത്രാടം നാള്‍ അടുക്കുരിപ്പ് മത്സരം ഇത്തവണ കുറച്ചു നേരത്തെ പ്രസിദ്ധീകരിച്ച് കാരണം വേറൊന്നുമല്ല എല്ലാവര്ക്കും ഓണത്തിന്റെ തിരക്കല്ലേ ... നേരത്തെ ആയതിനാല്‍ എല്ലാവര്ക്കും പങ്കെടുക്കാന്‍ സാദിച്ചിരുന്നു, ചേച്ചിക്ക് ഒരു ടെലെഗ്രാം അയച്ചിരുന്നു കിട്ടിക്കാണുമെന്നു കരുതട്ടെ .... പിന്നെ ഒന്നാം സമ്മാനം എഴുത്തുകാരിക്കാണ് കിട്ടിയത് അത് സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ. ഓണല്ലേ .. സന്തോഷവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

VEERU said...

ഓണാശംസകൾ !!!!

the man to walk with said...

ithoru ottapetta sambhavam alla..
ennalum paper kanathaayathinte ithiri tension aa pavam anubhavikkum..

ishtaayi post

താരകൻ said...

തിരുവോണാ‍ശംസകൾ....

raadha said...

ബസ്സില്‍ ഇരുന്നു ഒരു കഥയോ നോവലോ വായിക്കുന്ന അത്രയും ലാഘവത്തോടെ ചെയ്യേണ്ട കാര്യമാണോ കുട്ടികളുടെ പേപ്പര്‍ നോക്കല്‍? ഞാനും ഇത് പോലെ ആളുകളെ നിരീക്ഷിക്കുന്ന കൂട്ടത്തില്‍ ആണ്. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു!!

Sureshkumar Punjhayil said...

Matha, Pitha Guru Daivam.....!

Manoharamaya post chechy... Ashamsakal....!!!

OAB/ഒഎബി said...

നിസ്സാരമെന്ന് തോന്നുന്ന ഈ വലിയ കാര്യം ഒരു ചർച്ചയാക്കി മാറ്റിയത് കൊണ്ട് കുറേയധികം ടീച്ചർ/മാഷുമാർ ഇനി മുതൽ ബസ്സിൽ വച്ച് ഉത്തരക്കടലാസ് നോക്കില്ല എന്ന തീരുമാനം കൈ കൊണ്ട് കാണും. ഹ...ഹാ‍ാ.

ആ ബസ്സിൽ ഒഎബി കണ്ടകടറായിരുന്നെങ്കിൽ ഈ പ്രശ്നമൊന്നും/പോസ്റ്റിന്റെയും ആവശ്യം വരില്ലായിരുന്നു.

കൊട്ടോട്ടിക്കാരന്‍... said...

ക്ലാസ്സിലായാലും ബസ്സിലായാലും അലക്ഷ്യമായി പേപ്പറുനോട്ടം തെറ്റുതന്നെയാണ്. ഏതുസ്കൂളായാലും എല്ലാ പീര്യേഡും അവര്‍ക്കു ക്ലാസ്സുണ്ടാവില്ല കുറച്ചൊക്കെ അപ്പോഴും നോക്കാവുന്നതേ ഉള്ളൂ. പേപ്പര്‍ നഷ്ടപ്പെട്ടിട്ടില്ലായെന്ന് ഉറപ്പു വരുത്തേണ്ടത് അവര്‍ ചെയ്യേണ്ട നിര്‍ബ്ബന്ധ കാര്യം തന്നെയാണ്. യാദൃശ്ചികമായി ഇതു സംഭവിച്ചതാവാം, അവരുടെ പ്രശ്നമെന്തെന്നു നമുക്കറിയില്ലല്ലോ.

ഇവിടെക്കിടന്നു തല്ലുകൂടുന്നതെന്തിനാനെന്നുമാത്രം മനസ്സിലാവുന്നില്ല.

bilatthipattanam said...

തിരക്കുകഴിഞ്ഞ് ഈ പോസ്റ്റും,അഭിപ്രായങ്ങളും വായിച്ചു...
വടി കൊടുത്തു അടി വാങ്ങിയതു പോലെയായി അല്ലേ...?
എന്നാലും ഇതു കുറച്ചു കഷ്റ്റമല്ലേ..?

തലക്കെട്ടിന് അറം പറ്റിയത് !

Areekkodan | അരീക്കോടന്‍ said...

അടിപൂരം അവസാനിച്ചിട്ടാവാം മാഷുടെ വെടിക്കെട്ട്‌ എന്നു കരുതി മാറി നിന്നപ്പോ ഇത്‌ കണ്ണൂരിലെ കൊലപാതക പരമ്പര പോലെയായി.
ടീച്ചര്‍ ചെയ്തത്‌ ഒരിക്കലും ശരിയായില്ല എന്നാണ്‌ എന്റെ അഭിപ്രായം.
പക്ഷേ കിട്ടിയ പേപ്പര്‍ എന്തെന്ന് പോലും നോക്കാതെ ബാഗില്‍ താഴ്ത്തിയതും ശരിയായി എനിക്ക്‌ തോന്നുന്നില്ല.കാരണം അത്‌ വല്ല വിലപ്പെട്ട ഡോക്യുമെന്റും ആയിരുന്നെങ്കില്‍,നഷ്ടപ്പെട്ട ആള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കില്‍,തൊണ്ടി ചേച്ചിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്ത്വെങ്കില്‍,ബൂലോകത്ത്‌ നിന്നും ചേച്ചിക്ക്‌ ശൂന്യവേതനവധിക്കൊപ്പം മനോവേദനയും അനുഭവിക്കേണ്ടിവരുമായിരുന്നില്ലേ?

Sands | കരിങ്കല്ല് said...

.

Typist | എഴുത്തുകാരി said...

മണി സാര്‍,
അനോണീ,
വെള്ളായണി വിജയന്‍,
അനില്‍,
പിരിക്കുട്ടി,
വശംവദന്‍,
ബിനോയ്

സന്തോഷ് രാജന്‍,ഇനി സൂക്ഷിച്ചോളാമേ:)

പിപഠിഷു, മാളൂട്ടി വരാതെ പിന്നെ.

Raji,
മാണിക്കന്‍,
പേരുവച്ച അനോണീ,

വായിച്ചു് അഭിപ്രായം പറയാന്‍ സമയം കണ്ടെത്തിയ എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

ആവനാഴി
വട്ടുകേസുകള്‍,
Veeru,
the man to walk with,
താരകന്‍,
Raadha,
സുരേഷു് കുമാര്‍,
OAB,
കൊട്ടോട്ടിക്കാരന്‍,
ബിലാത്തിപ്പട്ടണം,

അരീക്കോടന്‍, മാഷേ പേടിപ്പിക്കല്ലേ:)

കരിങ്കല്ല്,

വായിച്ചു് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

pavam said...

അവരൊരു വീട്ടമ്മ കൂടെ ആണെങ്കില്‍. വൈകിട്ട് വീട്ടില്‍ എത്തിയാല്‍ കുട്ട്യോളുടെ പഠിത്തം, വീട് ജോലി, അടുത്ത ദേവസതെക്ക് മാവ് അരയ്ക്കാല്‍ എല്ലാം കഴിഞ്ഞു പാതിരയ്ക്ക് ഉറങ്ങാന്‍ കിടന്നാല്‍... കോഴി കൂവുംപോഴേക്കും എണീറ്റ്‌ പ്രാതല്‍, ഉച്ച ഭക്ഷണം തയ്യാറാക്കല്‍, മുറ്റം അടിക്കല്‍, ഇസ്തിരിയിടല്‍, കുട്ടികളെ സ്കൂളില്‍ അയക്കല്‍ പിന്നെ ഭര്‍ത്താവുന്ടെങ്കില്‍ അയാള്ടെം കാര്യം നോക്കിയ ശേഷം, ഇത്തിരി സമയം ഒന്നും ചെയ്യാന്‍ ഇല്ലാതെ കിട്ടുക...ബസ്‌ യാത്രയില്‍ ആവും.. അങ്ങനെ എങ്കില്‍ അവരെ ഞാന്‍ കുറ്റം പറയില്ല.. ബഹുമാനികുകയെ ഒള്ളു....