Thursday, January 19, 2017

സുഖമാണിവിടെ......

എവിടെയെല്ലാമോ കറങ്ങിത്തിരിഞ്ഞു.   അവസാനം ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു, എന്റെ താവളത്തിലേക്ക്.  അല്ലാതെവിടെ പോകാന്‍.  മറ്റാരുണ്ട്, ഒരിക്കല്‍ ഉപേക്ഷിച്ചുപോയിട്ടും പരിഭവലേശമില്ലാതെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട്‌ എന്നെ കാത്തിരിക്കാന്‍, എന്തെ ഇതുവരെ വന്നില്ല എന്ന് പരിഭവിക്കാന്‍.   ഇതല്ലേ എന്റെ സ്വര്‍ഗ്ഗം.

എന്നാല്‍ പിന്നെ ഈ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് എന്തിനു   പോയി എന്ന് ചോദിച്ചാല്‍ എന്താ ഞാന്‍ പറയുക.

എല്ലാം ഉപേക്ഷിച്ചു കൂടെ  പോന്ന എന്നോടൊരു വാക്ക്‌ പറയാതെ,  എന്നെ കൂടെ കൂട്ടാതെ,  പാവം ഇവള്‍   തനിയെ ഇനി എന്ത് ചെയ്യുമെന്നോര്‍ക്കാതെ, ഒന്ന് യാത്ര ചോദിക്കാന്‍ പോലും നില്‍ക്കാതെ  ഒരു സുപ്രഭാതത്തില്‍ എന്നില്‍ നിന്നകന്നകന്നു പോയപ്പോള്‍,   എനിക്കറിയില്ലായിരുന്നു, എന്ത് ചെയ്യണം, എവിടേക്ക് പോണം എന്ന്‍. ശൂന്യതയായിരുന്നു  ചുറ്റും.

ഒന്ന് തിരിച്ചു വന്നിരുന്നെങ്കില്‍, ഇതിത്തിരി കടുത്ത ക്രൂരതയായിപ്പോയില്ലേ, ഇത്രയും വേണമായിരുന്നോ എന്നോട് എന്ന്   ചോദിക്കാമായിരുന്നു. അതിനിനി വരില്ലല്ലോ! കൊതിയാവുന്നു ഒന്ന് പിണങ്ങാന്‍, ഒന്ന് വഴക്കിടാന്‍.

എവിടൊക്കെയോ അലഞ്ഞു നടന്നു. ഇതാ ഞാന്‍ തിരികെയെത്തിയിരിക്കുന്നു എന്റെ താവളത്തിലേക്ക്.  എന്റെ മോഹങ്ങള്‍ പൂവിട്ട, തളിരിട്ട, എന്റെ പ്രണയം പൂത്തുലഞ്ഞ എന്റെ കൂട്ടിലേക്ക്,  എന്റെ പ്രിയപ്പെട്ടവനില്ലാത്ത ഈ വീട്ടിലേക്ക്.  ഹൌസിംഗ് ലോണെടുത്തും ചിട്ടി പിടിച്ചും ഞങ്ങള്‍ പണിത ഈ വീട്ടിലേക്ക്.  ഞാന്‍ തനിയെ.

എന്നാലും എനിക്ക് സുഖമാണിവിടെയിപ്പോള്‍.   ഏകാന്തതയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു ഞാന്‍.  തെറ്റിയ പതിവുകളെല്ലാം വീണ്ടും തുടങ്ങണം.. മുടങ്ങിയ ചിട്ടകളും.   ഒന്നിനുമില്ല ഒരു മാറ്റവും. എല്ലാം പഴയ പോലെ. എല്ലാമുണ്ട്.  ഒരാളൊഴികെ....


എഴുത്തുകാരി. 

Thursday, January 12, 2017

ആതിര, തിരുവാതിര....

ഇന്ന്‍ ധനു മാസത്തിലെ തിരുവാതിര.   ശ്രീ പരമേശ്വരന്റെ  പിറന്നാള്‍.

സുമംഗലികള്‍ നെടു മംഗല്യത്തിനും  കന്യകമാര്‍ നല്ല ഭര്‍ത്താവിനെ  കിട്ടാനും വേണ്ടി നോമ്പ് നോല്‍ക്കുന്ന നാള്‍. 

ഇന്നു് വൈകീട്ടു ‍ തുടങ്ങി   പാതിരാപ്പൂ ചൂടുന്നതു വരെ.‍. എല്ലാത്തിനും അകമ്പടിയായി  തിരുവാതിര‍കളിയും.

 ഒരു പൂത്തിരുവാതിരക്കാരിയും ഉണ്ട്ട്  ഇത്തവണ. (കല്യാണം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര). അതുകൊണ്ട്  ഇത്തിരി  കേമാണ്. സ്പോണ്‍സര്‍ഷിപ്പ് 
അവരുടെ വക.



അമ്പിളി അമ്മാവന്‍ ആകാശത്തും
ആറ്റിലും.....

കണ്ടോ ഒരു നാണവുമില്ലാതെ  പെണ്ണുങ്ങള്‍ തുടിച്ചു കുളിക്കുന്നതും നോക്കി അങ്ങനെ നിക്കുന്നത്!

ഞങ്ങളുടെ കുറുമാലി പുഴയുടെ  മീതേ, കടവിന്റെ നേരെ മുകളില്‍,   അങ്ങിനെ  നില്ക്കുകയാ കക്ഷി. എന്തൊരു ഭംഗിയായിരുന്നെന്നോ അത് കാണാന്‍.   ഉപ്പുമാവും പഴവും പുഴുക്കും കൂവപ്പായസവുമെല്ലാം  കഴിച്ച്  കളി തുടങ്ങാനുള്ള തയ്യാറെടുപ്പിലാ എല്ലാരും. ഞാന്‍ മാത്രം അമ്പിളി മാമനേം നോക്കി നിന്നാ അതെങ്ങിനെ  ശരിയാവും.

എന്നാ ഇനി കുറച്ചു നേരം തിരുവാതിര കളി കണ്ടേക്കാം.
കുളി കഴിഞ്ഞ്‌,  ഈറന്‍ മാറി‌  മുണ്ടും നേരിയതും ചുറ്റി,  ദശപുഷ്പം  തലയില്‍  ചൂടി, മൂന്നും കൂട്ടി ചുവപ്പിച്ചു് (101 വെറ്റില മുറുക്കണമെന്നാണ്) തിരുവാതിര കളിക്കുന്നതു കാണാനൊരു ചന്തം തന്നെയാണേയ്.  ശരിക്കും.

കാണാന്‍  അത്യാവശ്യം  ആണുങ്ങളുമുണ്ട്.    ചിലര്‍ ഭാര്യക്കു കൂട്ട് വന്നവര്‍.  രാത്രിയല്ലേ, പെണ്ണുങ്ങള്‍ തന്നെയല്ലേ., കാലം  ചീത്തയല്ലേ, എന്ന  നല്ല  മനസ്സോടെ വന്നവര്‍ മറ്റു ചിലര്‍.   പെണ്ണുങ്ങളുടെ  കളി കാണാന്‍ വന്നതാണെന്ന് പറയാന്‍ ഒരു കുഞ്ഞു മടി. അത്രേള്ളൂ.  

പാതിരാപ്പൂവ് ചൂടാന്‍ പോയിരിക്കുന്നു. വായ്‌ കുരവ കേള്‍ക്കാം.  

ഇനിയിപ്പോ  വെറ്റിലയും  മുറുക്കി കൂടുതല്‍ പരദൂഷണവും കുറച്ചു കളിയുമായി ഉറങ്ങാതെ നേരം വെളുപ്പിക്കണം.