Tuesday, December 30, 2008

ചങ്ങാതിക്കൂട്ടവും അതിരപ്പിള്ളി യാത്രയും

വീണ്ടും ഒരു സ്വല്പം നെല്ലായി പുരാണം (കടപ്പാട് വി മനസ്കന്‍)

ഇവിടെ ഒരു ചങ്ങാതികൂട്ടമുണ്ട്‌. ഒന്നാം ക്ലാസ്സ് മുതല്‍ എന്‍ജിനീയറിങ്ങ് വരെ പഠിക്കുന്നവരുണ്ട്‌ കൂട്ടത്തില്‍. ഒരു 5-6 പേര്‍ ഇതിന്റെ ചുക്കാന്‍ പിടിക്കുന്നു, ബാക്കി ഈ ചുറ്റുവട്ടത്തുള്ള എല്ലാ കുട്ടികളും അംഗങ്ങളുമാണു്.കുട്ടികളുടെ ഒരു കൂട്ടായ്മ. വരിസംഖ്യയില്ല, ലിഖിത നിയമങ്ങളില്ല, ഏതെങ്കിലും സംഘടനയുമായി ഒരു ബന്ധവുമില്ലാ, ഈ 5-6 പേര്‍ തീരുമാനിക്കുന്നു, ബാക്കിയുള്ളവര്‍ അക്ഷരം പ്രതി അനുസരിക്കുന്നു.


നാട്ടിലെ എന്തിനും ഏതിനും അവരുണ്ട്‌. ഓണത്തിനു കുമ്മാട്ടികെട്ടും, ഓണസദ്യ ഒരുക്കും. ക്രിസ്മസ്/ന്യൂ ഇയര്‍ ആഘോഷിക്കും. ക്ഷേത്രത്തിലെ ഉത്സവത്തിനു പിരിവു നടത്താനും കൂപ്പണ്‍ വില്‍ക്കാനും അവര്‍ റെഡി. അവരെക്കൊണ്ടാവുന്ന ചില്ലറ സഹായം മറ്റുള്ളവര്‍ക്കു ചെയ്യാനും അവരുണ്ടാവും.

എല്ലാവര്‍ഷവും ന്യൂ ഇയര്‍ ആഘോഷിക്കുന്നതു് കൂട്ടത്തില്‍ ആരുടെയെങ്കിലും വീട്ടില്‍ വച്ചായിരിക്കും. എന്നാല്‍ ഇപ്രാവശ്യം നമുക്കതു പുറത്തു വച്ചായാലെന്താ? Executive committee കൂടി, തീരുമാനമായി. ശരി പോയേക്കാം. - അതിരപ്പിള്ളി, വാഴച്ചാല്‍.(ഈ ഭാഗത്തുള്ള എല്ലാരും മിനിമം 10 പ്രാവശ്യമെങ്കിലും പോയിട്ടുള്ള സ്ഥലാട്ടോ അതു്!!)ഞങ്ങള്‍ക്കു് വളരെ അടുത്തല്ലേ.


ഇനിയുമെത്ര ദൂരം.....

എല്ലാ ഒരുക്കങ്ങളും അവര്‍ തന്നെ. കാശു പിരിക്കല്‍, കൊണ്ടു പോകാനുള്ള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കല്‍ (തീര്‍ച്ചയായും ഈ കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണമുണ്ട്‌). കുട്ടികളാണല്ലോ ഓര്‍ഗനൈസ് ചെയ്യുന്നതു്, കാര്യങ്ങള്‍ ഭംഗിയാവുമോ എന്ന ചിന്ത പോലും ആര്‍ക്കുമില്ല എല്ലാരും റെഡി, 35 പേരുടെ ബസ്സില്‍ 48 പേര്‍. അധികവും കുട്ടികളാണു്. അങ്ങിനെ ഞങ്ങള്‍ പുറപ്പെട്ടു 28ആം തിയതി ഉച്ചക്ക്കു് 1 മണിക്കു്.സ്ഥലം കാണാനൊന്നുമല്ല. എല്ലാരും കൂടി ഒരു രസം അത്ര തന്നെ.


ക്ഷീണിച്ചുപോയി. മഴക്കാലം വരട്ടേ, ശരിയാക്കാം.

ആദ്യം തുമ്പൂര്‍ മുഴി, അതിനുശേഷം വാഴച്ചാല്‍ - അവിടെ safe ആയ ഒരു സ്ഥലത്തു് കുറേയധികം നേരം വെള്ളത്തില്‍ കളിച്ചു. കാര്യമായ തിരക്കുണ്ടായിരുന്നില്ല. അതിനുശേഷം ഭക്ഷണം- പൂരി വിത്ത് ചന്ന മസാല, വെജ് കട്ട്ലറ്റ്, ചായ (ഹോം മൈഡ് - രാവിലെ തുടങ്ങിയതാ ആ പണി).

അവസാനം അതിരപ്പിള്ളി. അവിടെ വച്ചു് ന്യൂ ഇയര്‍ കേക്ക് മുറിച്ചു (അതും ഒന്നു രണ്ടു പേര്‍ സ്പോണ്‍സര്‍ ചെയ്തതു്). കൂട്ടത്തില്‍ ഏറ്റവും പ്രായമായ ഒരു മുത്തശ്ശിയാണു് കേക്ക് മുറിച്ചതു്. ഡെല്‍ഹിയില്‍ നിന്നു വന്നതായിരുന്നു അവര്‍. വന്നില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ (അവര്‍ക്കു) എന്നാണവര്‍ ട്രിപ്പിനെപ്പറ്റി പറഞ്ഞതു്.

100 രൂപക്കു് ഇത്രയൊക്കെ പോരേ?


പ്രകാശം പരത്തുന്ന ഒരു നാളേക്കായി ഇന്നു ഞാന്‍ വിട ചൊല്ലുന്നു.

സ്ഥലം കാണുന്നതിനേക്കാള്‍ ‍ ആസ്വദിച്ചതു ബസ്സിലെ യാത്രയല്ലേ എന്നു പോലും തോന്നി. പാട്ട്, ഡാന്‍സ്, മിമിക്രി, കവിത ചൊല്ലല്‍, കടം കഥ
എന്നു വേണ്ടാ, ശരിക്കും അടിച്ചുപൊളിച്ചു. തിരിച്ചു നെല്ലായിലെത്തിയപ്പോള്‍ രാത്രി 8 മണി. എല്ലാര്‍ക്കും സങ്കടം ഇറങ്ങാറായല്ലോ എന്നോര്‍ത്തു്. അടുത്ത ട്രിപ്പ് എങ്ങോട്ടാവണം എന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

ഇതിലൊന്നും പെടാതെ ഇതൊക്കെ ഒരു അനാവശ്യ കാര്യമാണെന്ന മട്ടില്‍ സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന ചുരുക്കം കുട്ടികളും ഇവിടെ ഇല്ലാതില്ല.പഠിപ്പില്‍ അല്ലെങ്കില്‍ ടിവി കാണലില്‍ മാത്രം താത്പര്യമുള്ളവര്‍. അവര്‍ക്കു്, ഒരുപക്ഷേ അവരുടെ അഛനമ്മമാര്‍ക്കും കുട്ടിക്കാലം ആസ്വദിച്ചു നടക്കുന്ന ഈ കുട്ടികളോട് പുഛമാണോ എന്നു പോലും തോന്നിയിട്ടുണ്ട്‌. അവര്‍ അറിയുന്നില്ല എന്താണവര്‍ക്കു് നഷ്ടപ്പെടുന്നതെന്നു്.ജീവിതത്തിന്റെ സുവര്‍ണ്ണ കാലമാണ്‍് കഴിഞ്ഞു പോകുന്നതു്. അതു മനസ്സിലാക്കി കൊടുക്കുവാന്‍ അഛനമ്മമാര്‍ തയ്യാറാവുന്നുമില്ല.അതെന്തോ ആവട്ടെ. എന്തായാലും ഭൂരിഭാഗം കുട്ടികളും അങ്ങിനെ അല്ല എന്നതു തന്നെ ആശ്വാസം.

നല്ല ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ. ഞാന്‍ എല്ലാം എടുക്കുന്നുണ്ട്, നിങ്ങള്‍ എടുത്തില്ലെങ്കിലും കുഴപ്പമില്ല എന്നു പറഞ്ഞതുകൊണ്ട്‌ ഞാന്‍ കാര്യമായിട്ടൊന്നും എടുത്തുമില്ല. പക്ഷേ നിര്‍ഭാഗ്യ വശാല്‍, അദ്ദേഹം എടുത്ത ഫോട്ടോസെല്ലാം അബദ്ധത്തില്‍ എങ്ങിനെയോ deleted ആയി പോയി. എന്നാലും ഞാന്‍ എടുത്ത ചില പടങ്ങള്‍ കൊടുക്കുന്നു.
---------

വാല്‍ക്കഷണം അല്ലെങ്കില്‍ അടിക്കുറിപ്പു്:-
നിരക്ഷരനായ സഞ്ചാരി എന്നോട്‌ പറഞ്ഞിട്ടുണ്ട്‌ ഇതൊന്നും (ഈ യാത്രാവിവരണമേയ്)അത്ര വല്യ കാര്യൊന്നും അല്ല, എവിടെ യാത്ര പോയാലും ലേശം പൊടിപ്പും തൊങ്ങലും മേമ്പൊടിയുമൊക്കെ ചേര്‍ത്ത് അതൊരു പോസ്റ്റ് ആയി കാച്ചിയേക്കണമെന്നു്. ഈ രംഗത്തെ തലതൊട്ടപ്പനല്ലേ, കേക്കാതെ പറ്റ്വോ?

-------------------------
WISH YOU ALL A VERY
HAPPY NEW YEAR.
-------------------------


എഴുത്തുകാരി.

Monday, December 22, 2008

മറന്നോ എന്നെ നിങ്ങള്‍?

ഞാന്‍ വീണ്ടും... നീണ്ട രണ്ടു മാസത്തിനുശേഷം!!!
(ഈ രണ്ടു മാസത്തെ അസാന്നിദ്ധ്യത്തിന്റെ 75% credit goes to BSNL. ബാക്കി 25% മാത്രം എനിക്കവകാശപ്പെട്ടതു്)

എന്റെ അസാന്നിദ്ധ്യം ആരും ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല (ശ്രീ അന്വേഷിച്ചിരുന്നൂട്ടോ). എന്തായാലും ഞാന്‍ തിരിച്ചുവരുന്നു. (പൂര്‍വ്വാധികം ശക്തിയായി എന്നൊക്കെ പറയണമെന്നുണ്ട്‌.പക്ഷേ എത്രത്തോളം എത്താന്‍ പറ്റുമെന്നൊരു ഏകദേശ ധാരണ ഉള്ളതുകൊണ്ട്‌ അതു പറയുന്നില്ല).

ഞാന്‍ എന്റെ നെല്ലായിയെപ്പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട്‌. പക്ഷേ പറയാത്ത ഒന്നുണ്ട്‌. ഇവിടത്തെ ഫോണ്‍/നെറ്റ് കണക്ഷന്‍. വല്ലാത്ത കഷ്ടം തന്നെയാണേയ്.നാലു ദിവസം തികച്ചു് ഫോണ്‍/നെറ്റ് കണക്ഷന്‍ ഉണ്ടാകുക എന്നതൊരു ലോകമഹാത്ഭുതമാണിവിടെ. അങ്ങിനെയൊരു കാലം ഞങ്ങള്‍ മറന്നു. NH 47 വീതി കൂട്ടുന്നു, കമ്പി മോഷണം പോകുന്നു എന്നതൊക്കെയാ‍ണ് സ്ഥിരം കാരണങ്ങള്‍.

ഇപ്പോള്‍ ഇവിടെ ആര്‍ക്കുമാര്‍ക്കും ഒരു പരാതിയുമില്ല.എല്ലാരും മൊബൈലിലേക്കു മാറിക്കഴിഞ്ഞു. പക്ഷേ BSNL നെറ്റ് കണക്ഷന്‍ ഉള്ള പാവം ഞാന്‍ എന്തു ചെയ്യാന്‍!.കൂനിന്മേല്‍ കുരു എന്നപോലെ ഒരു വര്‍ഷത്തേക്കുള്ള തുക ഒരുമിച്ച് അടച്ചു് 'unlimited' ഉപയോഗത്തിനുള്ള connection ഉം എടുത്തു.

ഇപ്പോള്‍ ആകെ ചെയ്യാന്‍ കഴിയുന്നതു്, അവര്‍ പറയുന്നതൊക്കെ മിണ്ടാതെ കേട്ടിരുന്നു് സ്വന്തം നിസ്സഹായതയെപ്പറ്റി ഓര്‍ത്തോര്‍ത്ത് രോഷം കൊള്ളുക എന്നതുമാത്രം.

നെല്ലായിക്കാരന്‍ “കരിങ്കല്ല്‌“ ഇതേ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്‌ ഇവിടെ.

ആ, അതൊക്കെ പോട്ടെ. നല്ല (?) കുറച്ചു പടങ്ങള്‍ കാണാം.അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു മരവും പൂക്കളും. തൊട്ട്‌ അപ്പുറത്തെ പറമ്പില്‍ നിന്നു്.

അകലെ ഒരു പൂമരം


എന്തു ഭംഗി നിന്നെ കാണാന്‍!!


സൂക്ഷിച്ചുനോക്കൂ, എന്നെ കാണാമോ? (ഒരു കൊച്ചു കിളിയിരിക്കുന്നു, മുകളില്‍)


സൈഡ് വ്യൂ - ഇപ്പഴും ഞാന്‍ സുന്ദരിയല്ലേ?

"മുരുക്കിന്‍ തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കി തുപ്പിയതാരാണ്" (മുരുക്കല്ല, പ്ലാശാണു്)



എഴുത്തുകാരി.