Monday, September 17, 2018

എന്നെ ഭയപ്പെടുത്തിയ പ്രളയം...

ഈ കഴിഞ്ഞ പ്രളയ കാലത്തിന്റെ നീറുന്ന ഒരു ഓർമ്മ.  ശരിക്കു പറഞ്ഞാൽ 2018 ആഗസ്ത് 17.  കൃത്യം ഒരു മാസംമുൻപ്. ഞാൻ  എന്റെ കഴിഞ്ഞ ബ്ലോഗിൽ മഴയുടെ സൗന്ദര്യത്തെ കുറിച്ച് എഴുതിയ അതേ പൂമുഖത്തിരുന്നു ഞാൻ എഴുതിയ വരികൾ.  അന്ന് മനസ്സിൽ തോന്നിയത് വെറുതെ ഒരു കടലാസിൽ കുറിച്ചിരുന്നു.   അതാണ് ഈ വരികൾ.

രണ്ട് ദിവസമായി   പേമാരിയാണ്.   പുഴ നിറഞ്ഞു കഴിഞ്ഞു. ഇന്നിനി  ഒറ്റയ്ക്ക് കിടക്കണ്ട എന്ന  തങ്കമണി ചേച്ചിയുടെ ഉപദേശം  മാനിച്ച് അവിടെ ആയിരുന്നു തലേന്ന്. രാത്രി മുഴുവൻ  മഴ.  പേമാരിയെന്നോ പെരുമഴയെന്നോ എന്താ പറയേണ്ടത് . ചേച്ചീ ഇടക്കിടെ ജനല് തുറന്നു ടോർച്ച് അടിച്ചുനോക്കും  മുറ്റത്ത്‌ വെള്ളമെത്തിയോ എന്ന്.  കട്ടിലിൽ നിന്നു കാല് വെക്കുന്നത്  വെള്ളത്തിലേക്കാണോ എന്ന പേടിയിലാണ്. ഒട്ടും ഉറങ്ങിയില്ല.

പിറ്റേന്ന്  നേരം വെളുത്തപ്പോൾ  വീട്ടിലേക്കു തിരിച്ചെത്തി.  ആരുമില്ല, ഒറ്റക്ക്.  ഒന്നും ചെയ്യാനും ഇല്ലായിരുന്നു.  ഒരു കടലാസിൽ കുറിച്ച് വച്ച എന്റെ മനസ്സാണിത്.  അത്  പകർത്തുന്നു ഞാനിവിടെ.
...........

ഇന്നും ഞാൻ ഇരിക്കുന്നത് ലോകത്തിലെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ പൂമുഖ  തിണ്ണയിൽ തന്നെയാണ്.  കുറച്ചു നാൾ മുൻപാണ് എന്റെ ഇതേ പൂമുഖത്തിരുന്ന് ഞാൻ എഴുതിയത് മഴയുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തെ  പറ്റി.

ആ സുന്ദരിയായ മഴയുടെ മറ്റൊരു മുഖം ഇന്നെന്നെ ഭയപ്പെടുത്തുന്നു.  തീർത്തും രൗദ്രഭവം.  ഇന്നിവിടെ ഇരിക്കുമ്പോൾ ആകെ ഒരു ഭയമാണ് എന്റെ മനസ്സിൽ.  മാനമാകെ കറുത്തിരുണ്ട,  ഒരു  പാഠം പഠിപ്പിച്ചിട്ടെ  പോകൂ എന്ന മട്ടിൽ ആരൊടൊക്കെയോ അരിശം തീർക്കുന്ന മഴയുടെ താണ്ഡവം.

വെള്ളമില്ല,  വെളിച്ചമില്ല, ചുറ്റും ദൈന്യത നിറഞ്ഞ മുഖങ്ങൾ മാത്രം.  രാവിലെ മത്സരിച്ച് ഓടിയെത്തുന്ന കിളികളില്ല, തുമ്പികളില്ല, അണ്ണാറക്കണ്ണന്മാറില്ല.    മുറ്റത്തെ ചുവന്ന ചെമ്പരത്തി മാത്രം ഇതൊന്നും എന്നെ തളർത്തുന്നേയില്ല എന്ന ഭാവത്തിൽ വിടർന്നു  നിൽക്കുന്നു.

എവിടുന്നൊക്കെയോ പശുക്കളുടെ  ശബ്ദം  കേൾക്കാം. സംഗീതാത്മകമല്ല,  മറിച്ച്, വിശപ്പിന്റെ, വേണ്ടപ്പെട്ടവർ അടുത്തില്ലാത്തതിന്റെ നൊമ്പരമാണത്.  വീടും തൊഴുത്തും മുങ്ങിയവർ, അവരുടെ പശുക്കളെ ഇവിടെ കൊണ്ട്‌ വന്നു കെട്ടിയിരിക്കുന്നു.  അവരൊക്കെ വെള്ളം നിറഞ്ഞ വീടുകളിലും  റെസ്ക്യൂ ക്യാമ്പുകളിലുമാണ്.

ഇന്നലെ വരെ,   ഞങ്ങളൊക്കെ കൂട്ടം കൂടി മഴയുടെ ക്രൂരതയേപ്പറ്റി, ഒറ്റപ്പെട്ടുപോയ വരെപ്പറ്റിയൊക്കെ  സംസാരിച്ചിരുന്നു.   ഇന്നതുമില്ല.  ഭയപ്പെടുത്തുന്ന നിശബ്ദത മാത്രം, അതിനെ ഭഞ്ജിച്ചു കൊണ്ട്‌ ഇടയ്ക്കിടെ വരുന്ന  കാതടപ്പിക്കുന്ന മഴ മാത്രം. ആർക്കും ഒന്നും പറയാനില്ല,  മുഖങ്ങളിൽ ദൈന്യത.  എല്ലാം അവസാനിക്കാൻ പോകുന്നോ എന്ന  ഭയപ്പെടുത്തുന്ന ചിന്ത മാത്രം.

എന്റെ അമ്മ പറയാറുണ്ട്  അമ്പലക്കടവിന്റെ അവസാനത്തെ പടി  എത്ര വെള്ളം വന്നാലും മുങ്ങില്ല.  അതു മുങ്ങിയാൽ പിന്നെ പ്രളയമാണെന്ന്.     ഞാൻ മാത്രമല്ല ഈ നാട് മുഴുവൻ ആ വിശ്വാസത്തിലായിരുന്നു.   ആ ധൈര്യത്തിലായിരുന്നു മനസ്സ്.  പക്ഷേ എല്ലാം തകിടംമറിച്ചുകൊണ്ടു ആ പടിയും മുങ്ങിയിരിക്കുന്നു, മനസ്സിൽ ഭയത്തിന്റെ നിഴൽ വീണുതുടങ്ങി..

വെള്ളമില്ല,  വെളിച്ചമില്ല,  ചാർജ് തീരാൻ കാത്തിരിക്കുന്ന മൊബൈലും.  പ്രിയപ്പെട്ടവരുടെ നേർത്തതെങ്കിലും  വിറയാർന്ന ശബ്ദങ്ങൾ. അതും ഇല്ലാതാവുകയാണോ.

നിരനിരയായി ആളുകൾ,  കവറുകളും തൂക്കി കയ്യിൽ കിട്ടിയതും കൊണ്ട്  ഓടുന്നു.  പലായനം എന്നൊക്കെ കേട്ടിട്ടില്ലേ? കണ്ടിട്ടുമുണ്ട് ടിവിയിലൊക്കെ.  അതാണിവിടെ.  ഓടുകയാണ് റെസ്‌ക്യു  ക്യാമ്പിലേക്ക്.  തിരിച്ചു കിട്ടിയ  ജീവനെയെങ്കിലും രക്ഷപ്പെടുത്താൻ.

ഒരുപാട്  പേര് അവിടെയും ഇവിടെയും കെട്ടിടത്തിന്റെ രണ്ടാം നിലകളിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷിക്കണേ രക്ഷിക്കണേ എന്ന അവരുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ,  വിളികൾ.  ഒന്നും  ചെയ്യാനാവാതെ  പകച്ചു നില്ക്കുന്ന ഞങ്ങൾ കുറച്ചുപേർ.

രാവിലെ പോയി കാര്യങ്ങൾ അന്വേഷിച്ചു  വന്ന റെസ്ക്യൂ ക്യാംപിൽ വീണ്ടും പോകാനാവാത്ത സ്ഥിതി.  ഇരച്ചെത്തുന്ന  വെള്ളം മതിലുകൾ  തീർത്തിരിക്കുന്നു.

ഇവിടേക്കും ആളുകൾ എത്തി തുടങ്ങിയിരിക്കുന്നു.   കഴുത്തറ്റം വെള്ളത്തിൽ, നനഞ്ഞൊലിച്ചു്.  മാറിയുടുക്കാൻ പോലും ഒന്നുമില്ലാതെ.

ഞാൻ പോയി അവർക്ക് ഉടുക്കാൻ എന്തെങ്കിലും കൊടുക്കട്ടെ. ചൂടുള്ള ഒരു കട്ടൻ കാപ്പിയും..


എഴുത്തുകാരി.Saturday, June 23, 2018

മഴയുടെ താളം....

എനിക്കിഷ്ടമായി ഈ മഴ.   ചിലപ്പോൾ ഒരു ചെറു ചാറ്റൽ മഴയായി,   ചിലപ്പോൾ. ആരോടോ കലഹിച്ചിട്ടെന്ന പോലെ ഇരമ്പിയാർത്തുകൊണ്ട്.   ഉണരുന്നത് മഴയുടെ സംഗീതം കേട്ടു കൊണ്ട്,  ഉറങ്ങുന്നതോ മഴയുടെ  താരാട്ട് കേട്ടുകൊണ്ടും

ആരാ പറഞ്ഞത്   മഴ  നമ്മളോട് പിണങ്ങിപ്പോയെന്ന് .  നമ്മൾ  കാടൊക്കെ വെട്ടിത്തെളിച്ച് മരുഭൂമിയാക്കി.  ഇനി അവൾ വരില്ലെന്നൊക്കെ.  എന്നിട്ട് എത്ര ഭംഗിയായിട്ടാ വന്നത്.   എന്താ  വരാത്തത് എന്ന്‌ ആകുലപ്പെടാൻ തുടങ്ങുന്നതിനു മുൻപേ,  ഇക്കല്ലോം മഴ ചതിച്ചു  എന്ന് പരാതിപ്പെടാൻ അവസരം കിട്ടുന്നതിനു  മുൻപേ  എത്തിയില്ലേ.

പുഴ നിറഞ്ഞു, കിണറൊക്കെ നിറഞ്ഞു.

ആരെ കണ്ടാലും ഇതേ പറയാാനുള്ളൂ. എന്തൊരു അടച്ചു പിടിച്ച  മഴയാ ഇത്. ഒന്ന് പുറത്തിറങ്ങാൻ കൂടി വയ്യ. പക്ഷേ ഇതു തന്നെയല്ലേ മഴക്കാലത്തിന്റെ സൗന്ദര്യം.

എനിക്കു ചിലപ്പോൾ  തോന്നിയിരുനു, മഴയുടെ ആ  പഴയ സ്റ്റൈൽ ഒക്കെ ആകെ  മാറി പോയോ. പഴയ ഭംഗിയൊക്കെ പൊയ്പ്പോയോ എന്നൊക്കെ..  പക്ഷേ ഇല്യാട്ടോ. ഒരു മാറ്റവുമില്ല.  പൂർവ്വാധികം സുന്ദരിയായിട്ടു തന്നെയാ വന്നിരിക്കുന്നത് ..  ശരിക്കും പണ്ടത്തെ അതേ മഴ.  ഇരമ്പി വരുന്ന ശബ്ദം കേൾക്കാം.  പണ്ട് ഇരമ്പലിന്റെ ശബ്ദം കേക്കുമ്പഴേ മുറ്റത്തേക്ക് ഒറ്റ ഓട്ടമായിരുന്നു. എന്നിട്ട് മേലോട്ട് മുഖമുയർത്തി അങ്ങിനെ നിൽക്കും  ആദ്യത്തെ തുള്ളി വന്നു വിഴുമ്പോഴുള്ള ഒരു സുഖം!  ഇന്ന് മഴ നനയലൊന്നും ഇല്ല.  എന്നാലും ഇറയത്ത് ആ ഇരമ്പലും കേട്ടങ്ങിനെ ഇരിക്കാൻ എന്തു സുഖം!

ഈ ആർത്തു പെയ്യുന്ന  മഴയും കണ്ട്, കേട്ട്  ആസ്വദിച്ചിരിപ്പാണു കൂട്ടുകാരേ,  ഞാൻ എന്റെ ഈ  പൂമുഖപ്പടിയിൽ...  വരുന്നോ നിങ്ങളും?


എഴുത്തുകാരി.

Friday, August 25, 2017

ഒരു കുഞ്ഞു ബ്ലോഗ്‌ മീറ്റ്‌

അപ്രതീക്ഷിതം,  അവിചാരിതം എന്നൊക്കെ  പറയില്ലേ, അതുപോലെ എന്തോ ഒന്ന്.

ഇന്നലെ രാവിലെ എത്തിയതേയുള്ളൂ ബാംഗ്ലൂരില്‍ നിന്ന്.  അത്യാവശ്യമായി പുറത്ത് പോകാനുണ്ടായിരുന്നു.

തിരിച്ച് വന്നപ്പോഴാണ് ദാ കിടക്കുന്നു, മൊബൈലില്‍ ഒരു മിസ്സ്ഡ് കോള്‍. ആരാ, സാക്ഷാല്‍ ബിലാത്തിപ്പട്ടണം. ഇനിയിപ്പോ ബിലാത്തിയില്‍ നിന്നാവുമോ.    അതോ നാട്ടീന്നു തന്നെയോ.   എവിടുന്നോ ആവട്ടെ. തിരിച്ചു വിളിക്കുകതന്നെ.   വിളിച്ചു.

സംഭവം  ഇതാണ്.  ഒരു കുഞ്ഞു ബ്ലോഗ്‌ മീറ്റ്‌.   ഒരഞ്ചാറുപേരുണ്ട്.   വൈകീട്ട് അഞ്ചു മണിക്ക്. തൃശൂര്‍  എത്താന്‍ പറ്റുമോ എന്നാണ് ചോദ്യം.അപ്പോള്‍ സമയം രണ്ടര.

കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല. പോയേക്കാമെന്ന് വച്ചു.

അങ്ങനെ ഞങ്ങള്‍ --  സീനിയര്‍ ബ്ലോഗര്‍  ജെ പി വെട്ടിയാട്ടില്‍, ബിലാത്തിപ്പട്ടണം,  വിനുവേട്ടന്‍, നീലത്താമര, കുട്ടന്‍ മേനോന്‍, പിന്നെ എഴുത്തുകാരി എന്ന ഈ ഞാനും, ഒന്ന്  ഒത്തു കൂടി.  വേദി തൃശൂര്‍ കാസിനോ.


.

(മുകളില്‍  കാണുന്ന പേരുകളും ആളുകളും ചേരുംപടി  ചേര്‍ക്കുക).

ബൂലോഗത്തിന്‍റെ  ഇപ്പഴത്തെ അവസ്ഥ, കമെന്റുകളുടെ എണ്ണത്തിലെ കുറവ്, തുടങ്ങി ചൂടേറിയ   ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും   ശേഷം‍  ഗംഭീര ഭക്ഷണം.

അത്  കഴിഞ്ഞപ്പോള്‍ ഞാന്‍ മുങ്ങി. അല്ലാ, പിന്നെ നിന്നിട്ട് കാര്യമില്ലല്ലോ. പിന്നെയും ഗൌരവമേറിയ ചര്‍ച്ചകള്‍  വല്ലതും ഉണ്ടായോ ആവോ?


എഴുത്തുകാരി.

Sunday, July 9, 2017

ജീവിതത്തിന്‍റെ നിരര്‍ത്ഥകത...

തലക്കെട്ട്‌ കണ്ടിട്ട്    ആരും പേടിക്കല്ലേ.   ഇത്തിരി കനത്തിലായിക്കോട്ടേ എന്നു കരുതീട്ടാ.   അത് മാത്രേള്ളൂ.  ഉള്ളിലൊന്നൂല്യ.  അത് കണ്ടിട്ടെങ്കിലും നാലാള് കൂടുതല്‍ വന്നാലായില്ലേ എന്നൊരു  പാഴ് മോഹം.

പിന്നെന്തിനാ ഈ അറിയാത്ത പണിക്ക് ഇറങ്ങി പുറപ്പെട്ടത്‌ എന്ന് ചോദിച്ചാല്‍ എന്താപ്പോ പറയ്വാ. വെറുതെ ഒരു തോന്നലിന്റെ പുറത്ത് എന്നേ പറയാന്‍ പറ്റൂ.
 
അല്ലാ, എന്നെ കുറ്റം പറയാന്‍ പറ്റ്വോ?എന്തൊക്കെയോ എഴുതി കൂട്ടണമെന്ന് മോഹം. പക്ഷെ ഒന്നും വരുന്നില്ല. എവിടെപ്പോയി എന്റെ ഭാവനയൊക്കെ? (ആ വാക്ക്  പറയാന്‍ പാടുണ്ടോ ആവോ).   എന്നാലും ഇന്നെനിക്കു എന്തെങ്കിലും എഴുതിയേ പറ്റൂ.   എന്താന്നറിയ്വോ.  ഇന്ന് ഉറക്കത്തില്‍ നിന്ന് എണീറ്റതു തന്നെ  ഒരു ബ്ലോഗ്‌ പോസ്റ്റ് ഇടുന്നത് സ്വപ്നം കണ്ടു കൊണ്ടാണേയ്.   ഇനി ഇപ്പൊ അത് ചെയ്തില്യാന്ന്‍ വച്ചാല്‍  ആ പഴമൊഴി തന്നെ തെറ്റാണെന്ന് വരില്ലേ. നമ്മളായിട്ട് അങ്ങനെ ഒന്ന് ചെയ്യാന്‍ പാടുണ്ടോ.   പുലര്‍ കാലത്ത് കണ്ട സ്വപ്നം ഫലിക്കുമെന്നല്ലേ.

പിന്നെ അത്രയ്ക്കങ്ങോട്ട് വെഷമിക്കേം വേണ്ടാ. എന്താന്നു വച്ചാല്‍ കണ്ടമാനം പേരൊന്നും  വന്നു വായിക്കാനും വിമര്‍ശിക്കാനുമൊന്നൂല്യല്ലോ.  . ഏറിയാല്‍ അഞ്ചോ എട്ടോ.  അത്രയല്ലേള്ളൂ.   അപ്പൊ ഇത്തിരി   നിലവാരം   കുറഞ്ഞൂന്നു വച്ചിട്ട്  ഒന്നും സംഭാവിക്കാനൂല്യ.

മനസ്സിനെ തൃപ്തിപ്പെടുത്തീന്നൊരു സമാധാനംണ്ടല്ലോ. അതല്ലേ വല്യ കാര്യം.

ഈ എഴുത്തുകാരിക്ക്‌  എന്താ വട്ടായിപ്പോയോ. അതല്ലേ ഇപ്പൊ മനസ്സില്. ഉവ്വ്, എനിക്കറിയാം.

ഇനി അതിനടിയില്‍ എന്തെങ്കിലുമൊക്കെ ഒന്ന്‍ എഴുതി  പിടിപ്പിക്കണ്ടേ.എന്താപ്പൊ എഴുതണേ. ആലോചിച്ചിട്ട് ഒരു പിടിയില്യ.   ഒന്നുമില്ല എന്നതല്ലേ സത്യം. ഇനിയിപ്പോ അത് തന്നെയാവുമോ  ഈ പറഞ്ഞ സംഭവം -- നിരര്‍ത്ഥകത (പറയാന്‍ തന്നെ എന്തൊരു പാട്)

ജീവിതത്തിന്റെ നിരര്‍ത്ഥകത എന്നൊക്കെ പറഞ്ഞാല്‍....  എന്താപ്പോ ഞാന്‍ പറയണ്ടേ.   സംഭവം കൊള്ളാം, ല്ലേ.   പക്ഷെ സംഗതി എനിക്ക് എടുത്താല്‍ പൊന്തൂല്ല.   ഇത്തിരി കട്ടി കൂടീല്ലേന്നൊരു തോന്നല്‍. കൊള്ളാവുന്ന ട്രൌസര്‍ ഇട്ടാപ്പോരെ?   അത് മതി. അതാ  നല്ലത്...

അപ്പൊ തല്‍ക്കാലത്തേക്ക് അത്രേള്ളൂ.  ഞാന്‍ വരാം ഭാവന തെളിഞ്ഞു വരുമ്പോള്‍, വന്നു വിളിക്കുമ്പോള്‍.


എഴുത്തുകാരി.  


                                                                                                                                                                                                                                                                                                          

Friday, March 3, 2017

ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത്....

രാവിലെ ചായ ഉണ്ടാക്കാന്‍ നോക്കിയപ്പോള്‍ പാത്രത്തില്‍  പഞ്ചസാര ഒട്ടും ഇല്ലാ. അതിനെന്താ, ഞാന്‍ മിടുക്കിയല്ലേ.   സ്റ്റോര്‍ റൂമില്‍ ഇത്തിരി കാണുമല്ലോ, പാത്രത്തിലിടാതെ ഇത്തിരി അവിടെ ബാക്കി ഉണ്ടാവും.   ഞാനാരാ മോള്.  അയ്യേ പറ്റിച്ചേ എന്ന് സ്വയം  പറഞ്ഞ്‌,  പോയി എടുത്തു കൊണ്ട് വന്നാല്‍ മതിയല്ലോ.

എന്നാല്‍ അന്ന് സ്റ്റോര്‍ റൂം ശരിക്കെന്നെ അങ്ങ് പറ്റിച്ചുകളഞ്ഞു.  അടിയന്തിര ഘട്ടത്തിലുപകരിക്കാന്‍  പാത്രത്തിലിടാതെ  മാറ്റിവക്കുന്ന  ഒരിത്തിരി പഞ്ചസാര. പക്ഷെ  അന്ന്, കുട്ടയില്‍ നോ പഞ്ചസാര.  ഇതിനു മുന്‍പൊരു അടിയന്തിര  ഘട്ടം വന്നുകാണണം.

സമയം  രാവിലെ ആറു മണി. കൃഷ്ണന്‍കുട്ടി   കട തുറക്കാന്‍ 7 മണിയെങ്കിലും ആവണം.  അപ്പുവിനാണെങ്കില്‍ ഒരു  6.30 നെങ്കിലും ഇറങ്ങണം എയര്‍ പോര്‍ട്ടിലേക്ക്.  ഇനിയും മാസങ്ങള്‍ കഴിഞ്ഞു വരാന്‍ പോകുന്ന അവനു അതിരാവിലെ മധുരമില്ലാത്ത ചായ കൊടുക്കുന്നതെങ്ങനെ.

എന്താപ്പോ ചെയ്യാ.  എന്ത് ചെയ്യാന്‍ .  അയലോക്കത്തു നിന്നു വായ്പ വാങ്ങുക തന്നെ.   ഇത്തിരി മടിയൊക്കെ ഉണ്ടായിരുന്നു. പിന്നെ പോണതും വാങ്ങണതുമൊന്നും ഞാനല്ലല്ലോ. മോളല്ലേ,  അപ്പൊ സാരല്യ.  (നല്ല ബെസ്റ്റ് അമ്മ).

പേടിച്ചു പേടിച്ച് അവളോട് പറഞ്ഞു.   ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് വായ്പ വാങ്ങാന്‍ പോണതിന്റെ മുഴുവന്‍ ഈര്‍ഷ്യയും നിറച്ച് അവളെന്നെയൊന്നു നോക്കി.എന്റമ്മോ, അത്  കണ്ടപ്പോള്‍ തോന്നി ഇതിലും ഭേദം അവനു മധുരമില്ലാത്ത ചായ കൊടുക്കായിരുന്നൂന്ന്.  എന്നാ പിന്നെ   ഞാന്‍ തന്നെ പൊക്കോളാം എന്ന് പറയാനൊന്നും മെനക്കെട്ടില്ല.

പോട്ടെ, സാരല്യാ. ചന്ദ്രമതി  ചേച്ചിയല്ലേ.  ഞങ്ങള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ധാരാളമുണ്ട് താനും. സത്യം പറയാല്ലോ, കൊടുക്കലില്‍ അല്ലാ, വാങ്ങലില്‍ ആണ്  എനിക്ക് കൂടുതല്‍ താല്പര്യം. ഒരു മാസത്തില്‍  പകുതി ദിവസം അവരിവിടെ കാണില്ല. പിന്നെ  ബാക്കി പകുതി ദിവസം ഞാനും.

തിരിച്ചെത്തുന്ന ദിവസങ്ങളില്‍  ചോറ് മാത്രം വച്ചാല്‍ മതി. പുളുങ്കറിയോ, സാമ്പാറോ,  മെഴുക്കു പുരട്ടിയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചേച്ചി തരും.

ഞാന്‍ കൊടുക്കുന്നത് mostly uncooked items  ആയിരിക്കും.  രണ്ട് വഴുതനങ്ങ,
ഒടിഞ്ഞു വീണ കായ ഒരു പടല, ചേമ്പിന്‍ തണ്ട്, മുരിങ്ങയില,  etc. etc. അവരുടെ ഇഷ്ടത്തിനു  വച്ചോട്ടെ, അതല്ലേ നല്ലത്!

അവര്‍ പോയാല്‍ ഞാന്‍, ഞാന്‍ പോയാല്‍ അവര്‍, പത്രം എടുത്തു വക്കണം. അതും പതിവ് CONTRACT ല്‍ പെടും.

ഇത്തരം ഒരു ചുറ്റുപാടില്‍ മതിചേച്ചിയുടെ (സ്നേഹം വരുമ്പോള്‍ ഞാനങ്ങിനെ വിളിക്കും)  പാത്രത്തിലെ പഞ്ചസാര എന്‍റെയും കൂടിയല്ലേ.  പക്ഷേ എനിക്ക് തെറ്റി. അവള്‍ കൊണ്ടുവന്നത് ഒരു ചായക്ക്‌ മാത്രമുള്ള പഞ്ചസാര.  തന്നത് ചേച്ചിയല്ല, ചേട്ടന്‍.

തല്‍ക്കാലം കൂടുതലൊന്നും ആലോചിച്ചില്ല. അവന് ചായ കൊടുത്തു പറഞ്ഞുവിട്ടു.

അങ്ങനെയായാല്‍ പറ്റില്ലല്ലോ.  ഞാന്‍  പഞ്ചസാര വാങ്ങിയപ്പോള്‍,   ഒരു പൂ മാത്രം ചോദിച്ചപ്പോള്‍ ഒരു പൂക്കാലം കൊടുത്ത പോലെ, (അതിവിടെ ശരിയാവില്ല അല്ലെ. ആ, എന്നാലും പോട്ടെ സാരല്യ). ആ പാത്രം നിറയെ പഞ്ചസാര,  കൊടുത്തയക്കേണ്ട കാര്യമുണ്ടായിരുന്നില്ല,  എന്നാലും കൊടുത്തയച്ചു.   എനിക്ക് അത്രയ്ക്ക് സങ്കടമുണ്ടായിരുന്നേയ്.   again, കൊണ്ടുപോയത് മോളാട്ടോ.

തിരിച്ചു വന്ന അവളുടെ മുഖം ഒരു കൊട്ടക്ക്‌.  കാര്യമായിട്ടെന്തോ കിട്ടിയിട്ടുണ്ട്. കിട്ടിയത് അതേപടി അവളെനിക്കു   HAND OVER ചെയ്തു.  വയറു നിറഞ്ഞു. സംഗതി ഇത്ര രൂക്ഷമായിരുന്നൂന്ന്‍ അപ്പഴല്ലേ പിടികിട്ടിയത്.  അന്ന്‍   ഈ ഏരിയയിലെ സ്റ്റോര്‍ റൂം പറ്റിക്കല്‍ ദിനമായിരുന്നു പോലും.  അവരുടെ സ്റ്റോര്‍ റൂമും അവരെ പറ്റിച്ചൂത്രേ. അവിടെ ആകെ ഉണ്ടായിരുന്ന പഞ്ചസാരയാ അവര് പോലും വേണ്ടെന്നു വച്ചിട്ട്‌ എന്റെ അപ്പൂനു വേണ്ടി തന്നത്.

ആ ചേട്ടന് ഒരു വാക്ക് പറയായിരുന്നില്ലേ .  വേണ്ട, രണ്ട്  വാക്ക്.  ഇവിടെ ഇത്രേള്ളൂന്ന്. എന്തൊക്കെ  ഒഴിവാക്കാമായിരുന്നു.  ഇതിനാ പറയണേ വേണ്ടത് വേണ്ട സമയത്ത് പറയണംന്ന്‍. ഇനി അതാ ചേട്ടന്‍ പഠിക്കൂന്നു തോന്നണില്ല.


എഴുത്തുകാരി.

Thursday, January 19, 2017

സുഖമാണിവിടെ......

എവിടെയെല്ലാമോ കറങ്ങിത്തിരിഞ്ഞു.   അവസാനം ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു, എന്റെ താവളത്തിലേക്ക്.  അല്ലാതെവിടെ പോകാന്‍.  മറ്റാരുണ്ട്, ഒരിക്കല്‍ ഉപേക്ഷിച്ചുപോയിട്ടും പരിഭവലേശമില്ലാതെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട്‌ എന്നെ കാത്തിരിക്കാന്‍, എന്തെ ഇതുവരെ വന്നില്ല എന്ന് പരിഭവിക്കാന്‍.   ഇതല്ലേ എന്റെ സ്വര്‍ഗ്ഗം.

എന്നാല്‍ പിന്നെ ഈ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് എന്തിനു   പോയി എന്ന് ചോദിച്ചാല്‍ എന്താ ഞാന്‍ പറയുക.

എല്ലാം ഉപേക്ഷിച്ചു കൂടെ  പോന്ന എന്നോടൊരു വാക്ക്‌ പറയാതെ,  എന്നെ കൂടെ കൂട്ടാതെ,  പാവം ഇവള്‍   തനിയെ ഇനി എന്ത് ചെയ്യുമെന്നോര്‍ക്കാതെ, ഒന്ന് യാത്ര ചോദിക്കാന്‍ പോലും നില്‍ക്കാതെ  ഒരു സുപ്രഭാതത്തില്‍ എന്നില്‍ നിന്നകന്നകന്നു പോയപ്പോള്‍,   എനിക്കറിയില്ലായിരുന്നു, എന്ത് ചെയ്യണം, എവിടേക്ക് പോണം എന്ന്‍. ശൂന്യതയായിരുന്നു  ചുറ്റും.

ഒന്ന് തിരിച്ചു വന്നിരുന്നെങ്കില്‍, ഇതിത്തിരി കടുത്ത ക്രൂരതയായിപ്പോയില്ലേ, ഇത്രയും വേണമായിരുന്നോ എന്നോട് എന്ന്   ചോദിക്കാമായിരുന്നു. അതിനിനി വരില്ലല്ലോ! കൊതിയാവുന്നു ഒന്ന് പിണങ്ങാന്‍, ഒന്ന് വഴക്കിടാന്‍.

എവിടൊക്കെയോ അലഞ്ഞു നടന്നു. ഇതാ ഞാന്‍ തിരികെയെത്തിയിരിക്കുന്നു എന്റെ താവളത്തിലേക്ക്.  എന്റെ മോഹങ്ങള്‍ പൂവിട്ട, തളിരിട്ട, എന്റെ പ്രണയം പൂത്തുലഞ്ഞ എന്റെ കൂട്ടിലേക്ക്,  എന്റെ പ്രിയപ്പെട്ടവനില്ലാത്ത ഈ വീട്ടിലേക്ക്.  ഹൌസിംഗ് ലോണെടുത്തും ചിട്ടി പിടിച്ചും ഞങ്ങള്‍ പണിത ഈ വീട്ടിലേക്ക്.  ഞാന്‍ തനിയെ.

എന്നാലും എനിക്ക് സുഖമാണിവിടെയിപ്പോള്‍.   ഏകാന്തതയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു ഞാന്‍.  തെറ്റിയ പതിവുകളെല്ലാം വീണ്ടും തുടങ്ങണം.. മുടങ്ങിയ ചിട്ടകളും.   ഒന്നിനുമില്ല ഒരു മാറ്റവും. എല്ലാം പഴയ പോലെ. എല്ലാമുണ്ട്.  ഒരാളൊഴികെ....


എഴുത്തുകാരി. 

Thursday, January 12, 2017

ആതിര, തിരുവാതിര....

ഇന്ന്‍ ധനു മാസത്തിലെ തിരുവാതിര.   ശ്രീ പരമേശ്വരന്റെ  പിറന്നാള്‍.

സുമംഗലികള്‍ നെടു മംഗല്യത്തിനും  കന്യകമാര്‍ നല്ല ഭര്‍ത്താവിനെ  കിട്ടാനും വേണ്ടി നോമ്പ് നോല്‍ക്കുന്ന നാള്‍. 

ഇന്നു് വൈകീട്ടു ‍ തുടങ്ങി   പാതിരാപ്പൂ ചൂടുന്നതു വരെ.‍. എല്ലാത്തിനും അകമ്പടിയായി  തിരുവാതിര‍കളിയും.

 ഒരു പൂത്തിരുവാതിരക്കാരിയും ഉണ്ട്ട്  ഇത്തവണ. (കല്യാണം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര). അതുകൊണ്ട്  ഇത്തിരി  കേമാണ്. സ്പോണ്‍സര്‍ഷിപ്പ് 
അവരുടെ വക.അമ്പിളി അമ്മാവന്‍ ആകാശത്തും
ആറ്റിലും.....

കണ്ടോ ഒരു നാണവുമില്ലാതെ  പെണ്ണുങ്ങള്‍ തുടിച്ചു കുളിക്കുന്നതും നോക്കി അങ്ങനെ നിക്കുന്നത്!

ഞങ്ങളുടെ കുറുമാലി പുഴയുടെ  മീതേ, കടവിന്റെ നേരെ മുകളില്‍,   അങ്ങിനെ  നില്ക്കുകയാ കക്ഷി. എന്തൊരു ഭംഗിയായിരുന്നെന്നോ അത് കാണാന്‍.   ഉപ്പുമാവും പഴവും പുഴുക്കും കൂവപ്പായസവുമെല്ലാം  കഴിച്ച്  കളി തുടങ്ങാനുള്ള തയ്യാറെടുപ്പിലാ എല്ലാരും. ഞാന്‍ മാത്രം അമ്പിളി മാമനേം നോക്കി നിന്നാ അതെങ്ങിനെ  ശരിയാവും.

എന്നാ ഇനി കുറച്ചു നേരം തിരുവാതിര കളി കണ്ടേക്കാം.
കുളി കഴിഞ്ഞ്‌,  ഈറന്‍ മാറി‌  മുണ്ടും നേരിയതും ചുറ്റി,  ദശപുഷ്പം  തലയില്‍  ചൂടി, മൂന്നും കൂട്ടി ചുവപ്പിച്ചു് (101 വെറ്റില മുറുക്കണമെന്നാണ്) തിരുവാതിര കളിക്കുന്നതു കാണാനൊരു ചന്തം തന്നെയാണേയ്.  ശരിക്കും.

കാണാന്‍  അത്യാവശ്യം  ആണുങ്ങളുമുണ്ട്.    ചിലര്‍ ഭാര്യക്കു കൂട്ട് വന്നവര്‍.  രാത്രിയല്ലേ, പെണ്ണുങ്ങള്‍ തന്നെയല്ലേ., കാലം  ചീത്തയല്ലേ, എന്ന  നല്ല  മനസ്സോടെ വന്നവര്‍ മറ്റു ചിലര്‍.   പെണ്ണുങ്ങളുടെ  കളി കാണാന്‍ വന്നതാണെന്ന് പറയാന്‍ ഒരു കുഞ്ഞു മടി. അത്രേള്ളൂ.  

പാതിരാപ്പൂവ് ചൂടാന്‍ പോയിരിക്കുന്നു. വായ്‌ കുരവ കേള്‍ക്കാം.  

ഇനിയിപ്പോ  വെറ്റിലയും  മുറുക്കി കൂടുതല്‍ പരദൂഷണവും കുറച്ചു കളിയുമായി ഉറങ്ങാതെ നേരം വെളുപ്പിക്കണം.