Tuesday, May 26, 2009

ഇവിടേം ഞാന്‍ വൈകിപ്പോയി……(തൊടുപുഴ മീറ്റ്)

ഒരു ചെറിയ ആമുഖം.  ഇന്നലെ വൈകീട്ട് നാലഞ്ചു മണി വരെ ഒരു സമ്പൂര്‍ണ്ണ പോസ്റ്റു് എന്നു വച്ചാല്‍ വിവരണം+പരിചയപ്പെടുത്തല്‍+ചിത്രം- ആരും ഇടാത്തതിനാല്‍ ‍ പെട്ടെന്നു ഞാനൊരെണ്ണം തട്ടിക്കൂട്ടി. 5 മിനിറ്റിനുള്ളില്‍ ഇടാം എന്നു വന്നപ്പോള്‍, അതാ വരുന്നു ഒന്നു രണ്ടു വിരുന്നുകാര്‍. അവരെ ചില സ്ഥലങ്ങളില്‍ കൊണ്ടുപോയി അവര്‍ താമസിക്കുന്ന തൃശ്ശൂര്‍ “അശോക ഇന്‍” ല്‍ കൊണ്ടുപോയി വിട്ട് തിരിച്ചു വന്നപ്പോള്‍ സമയം രാത്രി 11.30, അപ്പോഴേക്കും കാന്താരിക്കുട്ടിയും, ഹരീഷുമൊക്കെ വിശദമായ പോസ്റ്റുകള്‍ ഇട്ടിരുന്നു.എന്നാലും എന്റെ മാനസപുത്രിയെ (പോസ്റ്റിനെ)വെട്ടിമുറിക്കാനോ കൊന്നുകളയാനോ തോന്നാത്തതുകൊണ്ട്‌, ‍ അതു് ഒറിജിനല്‍ രൂപത്തില്‍ പോസ്റ്റുന്നു. ഈ പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍. Okay?  ഇനി തുടര്‍ന്നു വായിക്കുക.

                            ----------

ഇത്രേം നേരം കാത്തു. പടങ്ങളും വിവരണങ്ങളും കൂടിയ ഒരു സമ്പൂര്‍ണ്ണ പോസ്റ്റ് ആരെങ്കിലും ഇടും ഇടും എന്നു വച്ചു്. എവിടെ! അതിനും ഞാന്‍ തനനെ വേണാമെന്നു വച്ചാല്‍ കഷ്ടമാണേയ്‍.

നാട്ടുകാരന്‍ കുറച്ചു പടങ്ങള്‍ ഇട്ടു നോ വിവരണങ്ങള്‍.

ധനേഷ് വിവരണങ്ങള്‍ വിത്തൌട്ട് പടംസ്.

ആസ്ഥാന കാമറാമാന്‍  ഹരീഷ് തൊടുപുഴയെ പിന്നെ മഷിയിട്ടുനോക്കിയിട്ടും കാണാനുമില്ല.ഇനിയിപ്പോ ഞാന്‍ തന്നെ ആവാം. പിള്ളേര്‍ക്കൊരു ശുഷ്ക്കാന്തിയുമില്ലെന്നേ.

എന്റെ യാത്ര ഇവിടെ തുടങ്ങുന്നു. രാവിലെ 6.30 നു ടു ചാലക്കുടി, ടു തൊടുപുഴ. സുഖകരമായ യാത്ര. ടൌണില്‍ ഇറങ്ങി ശ്രീകൃഷ്ണക്ഷേത്രത്തിലൊന്നു പോയാലോയെന്ന ചിന്തയില്‍ ഹരീഷിനെ വിളിക്കുമ്പോള്‍ ചോദ്യം ഇങ്ങോട്ട്. ചേച്ചി എവിടെയാ, ഏതു കളര്‍ സാരിയാ ഞാനൊരു വെള്ള മാരുതിയിലാ വരുന്നതു്. ഹരീഷ് എന്റെ സാരിയുടെ കളറും, ഞാന്‍ വെള്ള കാറും അന്വേഷണമായി. ഒരു നിമിഷം കഴിഞ്ഞില്ലാ, എന്റെ മുന്‍പിലീ വെള്ളക്കാറും, കാറിന്റെ മുന്‍പിലീ ഞാനും.

അങ്ങനെ നമ്മുടെ സ്ഥലത്തെത്തി. ശിവയും സരിജയും ഹാജരുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ വരുന്നു ചാണക്യനും അനിലും (തലേന്നേ വന്നതാണെന്നു പറയുന്നു. എവിടെ കറങ്ങാന്‍ പോയോ ആവോ?) പിന്നെ കാന്താരിക്കുട്ടി, നാട്ടുകാരന്‍, മണി ഷാ‍രത്ത്, നിരക്ഷരന്‍ അങ്ങനെ ഓരോരുത്തരായി അടിവച്ചടിവച്ചു വരുന്നു.ഹരീഷ് ഓടി നടക്കുന്നു, കഴുത്തില്‍ കെട്ടിത്തൂക്കിയ കാമറയുമായി.(ഉള്ളതു പറയാല്ലോ, അതു പിന്നെ മീറ്റ് കഴിയുന്നതുവരെ കഴുത്തില്‍ നിന്നഴിച്ചിട്ടില്ല). എല്ലാരും കൂടി ഒരു മുപ്പത്തഞ്ചുപേര്‍. കൂട്ടം ചേരലുകള്‍‍, പരിചയപ്പെടലുകള്‍, മനസ്സില്‍ സങ്കല്പിച്ചിരുന്ന മുഖം അല്ലാത്തതിന്റെ അത്ഭുതം കൂറലുകള്‍.

ഒരു പത്തര മണിയോടെ ഞങ്ങള്‍ കസേരകള്‍ വട്ടത്തില്‍  പിടിച്ചിട്ടു്, ബൂലോഗ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തേണ്ട തൊടുപുഴ മീറ്റ് തുടങ്ങി, ഒരു ഈശ്വര പ്രാര്‍ത്ഥനയോടെ. ആദ്യം സ്വയം പരിചയപ്പെടുത്തല്‍. അതു കഴിഞ്ഞു് ഒന്നു രണ്ടു serious issues ചര്‍ച്ചക്കുവന്നെങ്കിലും,  ഇതൊരു സൌഹൃദകൂട്ടായ്മയല്ലേ, ഇവിടെ അത്രക്കു ഗൌരവതരമായ കാര്യങ്ങള്‍ വേണ്ടെന്ന പൊതുജനാഭിപ്രായം മാനിച്ചു് പാട്ട്‌, കവിത, നാടന്‍പാട്ടു് ഇത്യാദി ലളിതകലകളിലേക്കു തിരിച്ചു വന്നു.

അടുത്തതായി പുസ്തകപ്രകാശനം . കാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍. കാപ്പിലാന്‍ ഒന്നിങ്ങോട്ട് വന്നോട്ടെ,  ഈ 50 രൂപയൊക്കെ‍ നമുക്കു മുതലാക്കാം എന്ന പ്രലോഭനത്തില്‍ പാവം ഞങ്ങളൊക്കെ വാങ്ങിയിട്ടുണ്ടേയ്. അതുകൊണ്ട് കാപ്പിലാനേ ജാഗ്രതൈ. (ഇനി ഈ വഴി വരാതിരിക്കുമോ ആവോ)

നെക്സ്റ്റ് ഐറ്റം ഭക്ഷണം.മെനു-ചിക്കന്‍ ബിരിയാണി, മീല്‍സ് വിത്ത് ചിക്കന്‍, വിത്തൌട്ട് ചിക്കന്‍, വെജ് മീല്‍സ്. ചിലരൊക്കെ കഴിച്ചു കഴിച്ചു  അവശനിലയിലായി. അടുത്തുള്ളവരുടെ കൈയില്‍ പിടിച്ചിട്ടൊക്കെയാ എഴുന്നേല്‍ക്കുന്നതു്. പേരു ഞാന്‍ പറയില്ല.

ഇനി തൊമ്മന്‍കുത്തു് യാത്ര. ഈ ഹരീഷിനെ സമ്മതിക്കണട്ടോ. ഞങ്ങളെ കൊണ്ടുപോകാന്‍ വന്നിരിക്കുന്നതൊരു സിനിമാതാരം. വേറുതെ ഒരു ഭാര്യയിലെ താരം – യാത്ര – ബസ്സാ‍ണേയ്. നാട്ടുകാരന്റെ റണ്ണിങ്ങ് കമെന്ററിയും. ആളൊരു രസികനാട്ടോ.

കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. കാട് കണ്ടു, വെള്ളച്ചാട്ടം കണ്ടു. (പടം പിടിക്കലിന്റെ ഒരു ബഹളമായിരുന്നു. എന്നിട്ടിവിടെ ഒന്നും കാണാനുമില്ല).

ഒന്നു പറയാന്‍ വിട്ടു. ഞങ്ങള്‍ വനിതാ ബ്ലോഗര്‍ രത്നങ്ങള്‍ – നാലുപേര്‍. വിനയ, ലതി, കാന്താരിക്കുട്ടി, പിന്നെ എഴുത്തുകാരിയായ ഈ ഞാനും.

ബ്ലോഗര്‍മാരല്ലാത്ത രത്നങ്ങള്‍, ഹരീഷിന്റെ നല്ല പാതി മഞ്ചു, അമ്മ തങ്കം, നാട്ടുകാരന്റെ കൂട്ടുകാരി നിഷ.‍ കുട്ടിപ്പട്ടാളം – ലതിയുടെ ‍ കണ്ണന്‍, കാന്താരിക്കുട്ടിയുടെ  റോഷ്നി, ഹരീഷിന്റെ ആ‍വണിക്കുട്ടി, എഴുത്തുകാരിയുടെ പ്രിയ.

തിരിച്ചു ഹോളിലെത്തുന്നു. സമയം നാലു മണി കഴിഞ്ഞു. ഇനി ലാസ്റ്റ് ഐറ്റം- കട്ടന്‍ കാപ്പിയും കപ്പ പുഴുങ്ങിയതും വിത്ത് കാന്താരിമുളകു ചമ്മന്തിയും.(എത്രപേരുടെ വായിലിപ്പോള്‍ കപ്പലോടിക്കാം!)

അപ്പോഴേക്കും എനിക്കു വൈകി. തിരിച്ചു നെല്ലായിലെത്തെണ്ടേ.എല്ലാര്‍ക്കും റ്റാറ്റാ പറഞ്ഞു ഞങ്ങള്‍ യാത്രയായി.  ഇനിയുള്ളതു് അവര്‍ പറയട്ടെ.

കാമറ മോളുടെ കസ്റ്റഡിയിലായിരുന്നു. അവളെടുത്ത കുറച്ചു പടങ്ങളിതാ.

ഇനി ഫോട്ടോകള്‍‍ക്കും വലിയ പ്രസക്തിയില്ല. എന്നാലും ചിലതൊക്കെ ഇടാം.

P5240016 ഇതു നമ്മുടെ നേതാവ്‌ ഹരീഷ്.

P5240011നാട്ടുകാരന്‍, മുരളിക, പാവത്താന്‍,ചാണക്യന്‍, മണി ഷാരത്തു്, സമാന്തരന്‍, വഹാബ്, വഹാബിന്റെ സുഹൃത്തു്. 

P5240020വനിതാ വിഭാഗം – നാട്ടുകാരന്റെ ഭാര്യ, ഹരീഷിന്റെ അമ്മ, കാന്താരിക്കുട്ടി, രോഷ്നി.

P5240151‘യാത്ര’യിലെ യാത്ര.

P5240043കരിമലകയറ്റം കഠിനമെന്റയ്യപ്പാ…

P5240104 ഗ്രൂപ്പ് ഫോട്ടോ.

P5240106ഇതിലെന്തു സൂത്രപ്പണിയാണോ ഒപ്പിക്കുന്നതു്!

P5240138

മടക്കയാത്ര – മറ്റൊരു തിരിച്ചു വരവിനായി. 

എഴുത്തുകാരി.

സമര്‍പ്പണം:- (രണ്ടെണ്ണം ആവാം ഇല്ലേ)

(1) ഈ മീറ്റിന്റെ ജീവാത്മാവും പരമാത്മാവും സംഘാടകനും  സംവിധായകനുമൊക്കെയായ ഹരീഷിനു്.

(2) രാവിലെ 6 മണിക്കു് വീട്ടിന്നിറങ്ങിയ ഞങ്ങളെ കൊണ്ടുപോയി breakfast വാങ്ങിതന്നു്,(തൃശ്ശൂര്‍ മീറ്റിനു് പകരം വാങ്ങി തരാമെന്ന ഒരു വാക്കു് കൊടുത്തിട്ടുണ്ട്‌) വൈകീട്ട് 5 മണിക്കു് transport stand ല്‍ കൊണ്ടുവിട്ടു് ബസ്സ് കയറ്റിവിട്ടു തന്ന നാട്ടുകാരനു്.

Saturday, May 16, 2009

കഥയുടെ മറുപുറം

മാന്യമഹാജനങ്ങളെ (അല്ലെങ്കില്‍ അത്രക്കൊന്നും വേണ്ടാ) മാന്യസുഹൃത്തുക്കളേ (അതു മതി), നിങ്ങളുടെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുന്നു, എന്റെ കഴിഞ്ഞ പോസ്റ്റിലേക്കു്. എന്തുകൊണ്ടെന്നാല്‍ അതിന്റെ തുടര്‍ച്ചയാണിതു്. എന്നാലും അവിടെ പോയി നോക്കാനൊന്നും ആരും മിനക്കെടണ്ട. ഇതു വായിച്ചാല്‍ തന്നെ ധാരാളം.

കഥ  ഇതുവരെ. ഒരു അമ്മയും മകളും അവരുടെ മകനും അവരുടെ കുറച്ചു ഭൂമിയുടെ കാര്യത്തിനായി ചെന്നൈയില്‍ നിന്നു വരുന്നു. ഇതും ഇനി പറയാന്‍ പോകുന്നതും‍ കഥയല്ലാട്ടോ, വെള്ളം ചേര്‍ക്കാത്ത സത്യം. പേരുകള്‍ മാത്രം സാങ്കല്പികം.

അമ്മ – പാര്‍വ്വതി ചേച്ചി. മകള്‍ –രാജി. അവരുടെ മകന്‍ – ദിനേഷു്. ഇനിയാണ് മെയിന്‍ കഥാപാത്രം. പാര്‍വ്വതി ചേച്ചിയുടെ മരിച്ചുപോയ  സഹോദരന്റെ ഭാര്യ – ലത. ‍  ഇനി തുടര്‍ന്നു വായിക്കുക:-

പാര്‍വതി ചേച്ചിയുടെ മരിച്ചുപോയ സഹോദരന്റെ ഭാര്യ, ആ ചേച്ചിക്കു കൂടി അവകശപ്പെട്ട 15  സെന്റില്‍ 10 സെന്റ് തട്ടിയെടുത്തു. ഒരു സൌജന്യം പോലെ 5 സെന്റ് കൊടുത്തു.സ ഹോദരന്‍ മരിച്ചിട്ടും ആ ചേച്ചി കുറേക്കാലം അനിയന്റെ ഭാര്യയുടെ കൂടെയായിരുന്നു. അന്നവര്‍ ഈ പാവം പാര്‍വതി ചേച്ചിയെ പറഞ്ഞ് പറ്റിച്ചു‍ എല്ലാം അവരുടെ പേരിലാക്കി. ദേഹോപദ്രവം വരെ നടത്തിയിട്ടുണ്ടെന്നു്. ഇപ്പഴാ അവരിതൊക്കെ പറയുന്നതു്. ‍ആധാരമെല്ലാം ഒപ്പിട്ടു കഴിഞ്ഞപ്പോല്‍ മകളുടെ അടുത്തു കൊണ്ടാക്കി. മകളുടെ ഭര്‍ത്താവിന്റെ വീട്ടിലെ സ്ഥിതിയും അത്ര സുഖമല്ല.(അതു വേറെ കഥ). അതുകൊണ്ട് എങ്ങനെയെങ്കിലും ഈ വസ്തു വിറ്റുപോയിട്ട്‌ എന്തോ ഒരു പ്രശ്നം തീര്‍ക്കാനായിരുന്നു. ഈ അമ്മക്കും മകള്‍ക്കും ആരുമില്ല. മകളുടെ ഭര്‍ത്താവും വീട്ടുകാരും‍ കുറ്റപ്പെടുത്താനല്ലാതെ ഉപകാരത്തിനില്ല.

സന്ധ്യക്കു് അമ്പലമുറ്റത്തു്, ഇടവഴിയില്‍, എന്തിനു് നാലാളു കൂടുന്നിടത്തൊക്കെ ഒരാഴ്ച്ചയായി ചര്‍ച്ച ഇതു തന്നെയായിരുന്നു.പാര്‍വ്വതി എന്തിനാ ഇങ്ങിനെ ഒപ്പിട്ടു കൊടുത്തതു്, അവള്‍ക്ക് ഒപ്പിടുന്നതിനു മുന്‍പ്‌ നമ്മളോടൊരു വാക്കു് ചോദിക്കായിരുന്നില്ലേ, ഈ നെല്ലായില്‍ വന്നാല്‍ എവിടെ വേണെങ്കില്‍ അവള്‍ക്കു താമസിച്ചൂടേ, (അതു ഞാന്‍ കണ്ടു,  ആ മകള്‍ ഒരു ദിവസം കരഞ്ഞിട്ടാണെന്നോട് ചോദിച്ചതു്, ചേച്ചി ഇനി എനിക്കു് ഇവിടെ നിന്നു ചോറ് തരുമോ എന്നു്.പിന്നെ അവര്‍ പോകുന്നതുവരെ മോളും അവരുടെ മകനും  ഇവിടെ തന്നെയാ ഭക്ഷണം കഴിച്ചതു്!)ഒന്നു ഫോണ്‍ ചെയ്താല്‍ പോരേ,, അവളൊരു(ലത) പെണ്ണാണോ ഇതിനൊക്കെ അവള്‍ അനുഭവിക്കും.അങ്ങനെ പോകുന്നു.

നാട്ടിലില്ലാത്തവര്‍ ഫോണില്‍ വിവരങ്ങള്‍ തിരക്കുന്നു. മറ്റൊരു വശത്തു ഉപദേശങ്ങളുടെ പെരുമഴ. നിനക്കു കിട്ടിയാലും നിന്റെ കാലശേഷമേ മകള്‍ക്കു കൊടുക്കാവൂ, അവള്‍ നിന്നെ നോക്കുമെന്നെന്താണുറപ്പു്. ഇവിടെ ഇപ്പോ ഇത്ര വിലയുണ്ട്, അത്ര വിലയുണ്ട്, നീ അതില്‍ കുറഞ്ഞൊന്നും കൊടുക്കരുതു്……..

ചര്‍ച്ചകള്‍ക്കും ഉപദേശങ്ങള്‍ക്കും ഒരു ക്ഷാമവുമുണ്ടായില്ല. ഇപ്പോള്‍ അവരുടെ പ്രശ്നം എങ്ങിനെ പരിഹരിക്കാം എന്നു മാത്രം ആരും പറഞ്ഞില്ല.

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നു, അവര്‍ക്കു കാശും ഞാന്‍ സംഘടിപ്പിച്ചു കൊടുക്കേണ്ടി വരുമോ എന്നു്.അറം പറ്റിയതാണോന്നറിയില്ല, അവസാനം ആ സ്ഥലം എന്റെ തലയില്‍ വന്നു വീണു. എനിക്കതു വാങ്ങിയിട്ടൊരാവശ്യവും ഇല്ല, തല്‍ക്കാലം സ്ഥലം വാങ്ങാന്‍, ഉദ്ദേശവും ഇല്ലാ. ആ സ്ഥലത്തിനോട് പണ്ടുമുതലേ ഒരു ഇഷ്ടക്കുറവും. അമ്മയുള്ളപ്പഴേ പറഞ്ഞിരുന്നതാണു്, ആ വീട്ടില്‍ ഒരു സന്തോഷം/ഐശ്വര്യം, ഇതൊന്നും ഒരിക്കലും ‍ കണ്ടിട്ടില്ലെന്നു്. എന്റെ ഓര്‍മ്മയിലും ഇല്ല.എന്നാലും അവരെയൊന്നു് രകഷിക്കണം എന്നു തോന്നി. ആ സ്ഥലത്തിന്റെ ചീത്തത്തം അതു ഒരു നല്ല കാര്യത്തിനാണല്ലോ എന്നതുകൊണ്ട് കോമ്പന്‍സേറ്റ് ചെയ്തോളും എന്നു സ്വയം പറഞ്ഞു‍ വിശ്വസിപ്പിച്ചു. വീടിന്റെ അടുത്തല്ലേ, ഒരു square  plot  അതവിടെ കിടന്നോട്ടെ, അതിനു് ഭക്ഷണമൊന്നും കൊടുക്കണ്ടല്ലോ, എന്നൊക്കെ കരുതി.തിങ്കളാഴ്ച തീരുമാനമെടുത്ത് ബുധനാഴച തീറും കഴിഞ്ഞു അവര്‍ കാശും കൊണ്ട് പൊയ്ക്കോട്ടെ എന്നു തീരുമാനിച്ചു. 

വില്ലേജുകാര്‍  സ്ഥലം അളക്കാന്‍ വന്നപ്പോഴും.  മേല്‍ പറഞ്ഞ സഹോദര ഭാര്യ പ്രശ്നമുണ്ടാക്കി, square കൊടുത്താല്‍‍ സ്വന്തം ഭൂമി പിന്നീട് വില്‍ക്കാന്‍ ബുദ്ധിമുട്ടാവും എന്ന കാരണം പറഞ്ഞു്. ചുരുക്കത്തില്‍ square plot അല്ലാതായി. അതും പോട്ടേന്നു വച്ചു.

പക്ഷേ ബുദ്ധിമുട്ടിയിട്ടൊരു കാര്യവും ഉണ്ടായില്ല. അവസാന നിമിഷത്തില്‍ അനിയന്റെ ഭാര്യ പുതിയ ഒരു തടസ്സവും പറഞ്ഞു റ്ജിസ്റ്റ്രഫീസില്‍ ഒരു പരാതി കൊടുത്തു. അവര്‍ ഇനിയും പ്രശ്നമുണ്ടാക്കുമെന്നൊക്കെ പറഞ്ഞു്. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഇനി നമുക്കിതു വേണ്ടാ എന്ന്. കയ്യിലിരിക്കുന്ന കാശു കൊടുത്തു് കടിക്കണ പട്ടിയെ വാങ്ങണോ? തുടക്കത്തിലേ തടസ്സം. ഞാനിതു വാങ്ങാതിരിക്കാന്‍ ദൈവം ഒരു സിഗ്നല്‍ തന്നതാണോന്നു പോലും തോന്നി എനിക്കു്.

എനിക്കു കുറച്ചു കാശ് നഷ്ടം വന്നു,  കുറച്ചു ഡെപ്പോസിറ്റുകള്‍ കാലാവധി ആവാതെ ക്ലോസ് ചെയ്തപ്പോള്‍, ലോക്കറിലുള്ള സ്വര്‍ണ്ണമെടുത്തു പണയം വച്ചപ്പോള്‍ (ഡെപ്പോസിറ്റ് ക്ലോസ് ചെയ്യുന്നതിനേക്കാള്‍ ലാഭമല്ലേ കാര്‍ഷികാവശ്യത്തിനു പണയം വക്കുന്നതു് എന്ന അതിബുദ്ധി). കുറേ നടന്നു. ഒരു ദിവസം പണം സംഘടിപ്പിക്കാന്‍, പിറ്റേന്നു അത് തിരിച്ചു ബാങ്കില്‍ തന്നെ കൊണ്ട്ടെത്തിക്കാനും.

ഇന്നലെ അവര്‍ പോയി.

ഇത്ര ശ്രമിച്ചിട്ടും ഒന്നും നടന്നില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി. ഞാന്‍ ആ കുട്ടിയേയും അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.ഫ്രിഡ്ജില്‍  വച്ചിരുന്ന    ചോക്ലേറ്റ് ആരും  അറിയാതെ സൂത്രത്തില്‍ അവന്‍ അടിച്ചു മാറ്റുന്നുണ്ടായിരുന്നു.  ഞാന്‍ കണ്ടിട്ടും കണ്ടില്ലെന്നു വച്ചു. പോകാന്‍‍    നേരത്തു   കുറച്ചു് അവനു് കൊടുത്തയക്കുകയും ചെയ്തു. ഇപ്പോള്‍ അവന്‍ പോയിട്ടും അവന്‍ ആ ദിവാനില്‍ കിടന്നു ടി വി കാണുന്നതുപോലെ.. കഴിഞ്ഞ പോസ്റ്റില്‍ ഒരു സുഹൃത്തു (അനുരൂപ്) കമെന്റിയിരുന്നപോലെ അവന്‍  പോയിക്കഴിഞ്ഞപ്പോള്‍ ഒരു ശൂന്യത. 

അവിടെ എത്തിയിട്ടവള്‍ വിളിച്ചിരുന്നു എത്തി എന്നറിയിക്കാന്‍. അങ്ങോട്ടു വിളിക്കണമെന്നുണ്ടായിരുന്നു പക്ഷേ സുഖകരമല്ലാത്തതായിരിക്കും കേള്‍‍ക്കേണ്ടി വരുക എന്നു തോന്നുന്നതുകൊണ്ട് എനിക്കവളെ വിളിക്കാന്‍ തോന്നുന്നില്ല.

ഒരാഴ്ച്ച താമസിച്ചു്, അവരുടെ വേദന‍ എന്റേയും കൂടി വേദനയാക്കി  തിരിച്ചുപോയി അവര്‍. എനിക്കൊന്നു സഹായിക്കാന്‍ പോലും കഴിയാതെ.

എഴുത്തുകാരി.

Saturday, May 9, 2009

തോറ്റു തോറ്റു തൊപ്പിയിട്ടു

ചിലപ്പോള്‍ പറഞ്ഞുപോവാറുണ്ട്.. തോറ്റു തോറ്റു, തൊപ്പിയിട്ടു എന്നല്ല തോറ്റു തോറ്റു തൊപ്പിയിട്ടു തൊപ്പിയിട്ടു തോറ്റെന്ന്.

എന്റെ പൊന്നു ചങ്ങാതിമാരേ, ഞാനിപ്പോളത്തരം ഒരവസ്ഥയിലാ. ഒരു ഉപകാരം ചെയ്യാന്‍ പോയതിനു് കിട്ടിയ ശിക്ഷ. പാവം തോന്നി ഒരമ്മയേയും മകളേയും സഹായിച്ചു എന്ന കുറ്റത്തിനു് ഇത്രേം വലിയ ശിക്ഷയോ ഭഗവാനേ?

ഒരുപാട് കാലമായി നാട്ടിലില്ലാത്ത ഒരു അമ്മയും മോളും വന്നു. അവര്‍ക്കു് കൂടി അവകാശപ്പെട്ട സ്വത്തു് ആ അമ്മയുടെ സഹോദരന്റെ ഭാര്യ (സഹോദരന്‍ മരിച്ചുപോയി) ഇവര്‍ക്കു് കൊടുക്കാതെ ആ അമ്മയെ പറഞ്ഞു പറ്റിച്ചു കൈക്കലാക്കിയിരിക്കുന്നു( എന്നവര്‍ പറയുന്നു). അതൊരു വലിയ കഥ, അതു പിന്നെ. ആദ്യം എന്റെ കഥ.

ആ സ്വത്തിന്റെ കാര്യത്തിനാ അവരിപ്പോള്‍ വന്നിരിക്കുന്നതു്, ചെന്നൈയില്‍ നിന്നു്. ആധാരം കണ്ടിട്ടുണ്ടെന്നല്ലാതെ ഇതിനെപ്പറ്റി യാതൊന്നും അറിയാത്ത ഞാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്തിനെ (കോടികളുടെ കച്ചവടം മാത്രം നടത്തുന്ന  അദ്ദേഹം- അതു് സ്വയം പറയുന്നതാണെങ്കിലും, കുറച്ചൊക്കെ സത്യമുണ്ട്- ഇവര്‍ക്കു കൂട്ടിമുട്ടിച്ചു കൊടുത്തു് പറ്റുമെങ്കില്‍ ഒന്നു സഹായിക്കാന്‍ പറഞ്ഞു. അവിടെ തുടങ്ങുന്നു, എന്റെ കഷ്ടകാലം.

ബുധനാഴ്ചയാണവര്‍  ‍ വന്നതു്. അമ്മ (70), മകള്‍ (40), മകന്‍ (11/12). താമസം അപ്പുറത്തെ വീട്ടില്‍, എന്നു വച്ചാല്‍ ബാഗ് വക്കലും ഉറങ്ങലും.   അവരുടെ കൂടിയാലോചനകള്‍  ചര്‍ച്ചകള്‍, അവരെ കാണാന്‍ വരുന്നവര്‍,   ‍  എല്ലാം ഇവിടെ തന്നെ.

വന്നതു വൈകീട്ട്‌, അന്നൊന്നും നടന്നില്ല. പിറ്റേന്നു് ഹര്‍ത്താല്‍, അന്നും നടന്നില്ല. ഇന്നലെ റജിസ്റ്ററാഫീസില്‍ പോയി ആവശ്യമുള്ള ഒരു രേഖ കിട്ടി (ഡ്യൂപ്ലിക്കേറ്റ് ആധാരമോ അങ്ങിനെ എന്തോ).ഇന്നു് രണ്ടാം ശനിയാഴ്ച, നാളെ ഞായറാഴ്ച. ഇനി എന്തെങ്കിലും നടക്കണമെങ്കില്‍ തിങ്കളാഴ്ച്ച ആവണം. എന്തെങ്കിലും ഒന്ന്‌ ആയിട്ടേ അവര്‍ക്കു് പോകാന്‍ പറ്റൂ എന്നു്.

ആ പയ്യന്‍, അവനാണെങ്കില്‍ ഈ നെല്ലായില്‍ വച്ചു് എന്റെ വീട് മാത്രമേ ഇഷ്ടായിട്ടുള്ളൂ. അവന്റെ  ചില അതിക്രമങ്ങള്‍:

പോളണ്ടില്‍ നിന്നു കൊണ്ടുവന്ന മിനു മിനാ മിന്നണ ഒരു വാള്‍.  വന്ന ഉടനേ കക്ഷി അതു കയ്യിലെടുത്തു. മമ്മുട്ടി ഇന്‍ വടക്കന്‍ വീരഗാഥ – ‍സ്റ്റൈലില്‍  അങ്കവും തുടങ്ങി. ഓരോ വെട്ടും കൊള്ളുന്നതു് കിറുകൃത്യം എന്റെ ചങ്കില്‍.  നല്ല വാക്കു് പറഞ്ഞതു വാങ്ങി വച്ച് കുറച്ചു കഴിഞ്ഞു ഞാന്‍ നോക്കുമ്പോഴുണ്ടതാ‍, എഗൈന്‍ ഇന്‍ മമ്മൂട്ടി സ്റ്റൈല്‍, വാള്‍ ഉറയിലിടുന്നപോലെ പാന്റിന്റെ ഉള്ളില്‍ തിരുകി പുറത്തേക്കു കടക്കുന്നു. അമ്മക്കിതു കണ്ടിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ, എന്ന മട്ടു്.

മൊബൈല്‍,  കമ്പ്യൂട്ടര്‍, ഫോണ്‍, കാമറ, ഇത്യാദി സ്ഥാവരജംഗമ സ്വത്തുക്കളില്‍ അവന്‍ കൈ വക്കാത്തതായൊന്നുമില്ല ഈ വീട്ടിലിനി ബാക്കി. (ഒന്നും സൂക്ഷിച്ചു ഭംഗിയായി എടുത്തുവക്കുന്ന ശിലം ഈ വീട്ടില്‍  പിന്നെ പണ്ടേ ഇല്ലല്ലോ). ഞാന്‍ ശരിക്കും തോറ്റു.

ഇനി അമ്മ, മൊബൈലില്‍ ഇന്നു രാവിലെ ചാര്‍ജ് കഴിഞ്ഞു,  ചാര്‍ജര്‍ കൊണ്ടുവന്നിട്ടില്ല, ഒരു spare mobile വേണം. ഇവിടെയോ, അസ്സലായി.  ഇവിടത്തെ കാര്യം തന്നെ പൊത്തും പിടിയുമാണ് എന്നിട്ടല്ലേ  spare. എന്റെ മൊബൈല്‍ ഉപയോഗിച്ചോളൂ എന്നു പറയാന്‍ പുറപ്പെട്ട എന്നോട്, എന്റെ ബുദ്ധി (പിന്‍ബുദ്ധി എന്നൊക്കെ നമ്മളെ കൊച്ചാക്കാന്‍ പറയുന്നതല്ലേ) ഓടി വന്നു് പറഞ്ഞു,  വേണ്ട എഴുത്തുകാരി, അതു നിനക്കു് പാരയാവും, എന്നു്. വിളി മുഴുവന്‍ ചെന്നൈയിലേക്കാണേയ്. ഈ മാസം ഒരു തരത്തില്‍ പിടിച്ചു നിര്‍ത്തിയിരിക്കയാ.‍ So,  സിം ഊരി വച്ചിട്ടു് അതും കൊടുത്തു.

ഇനി അമ്മൂമ്മ- ഇന്നു രാവിലെ വന്നിട്ടു പറയുന്നു, അവന്‍ ഉറങ്ങുന്നു, ഞങ്ങള്‍ ഒരു സ്ഥലം വരെ- എന്നു വച്ചാല്‍ ഒരു പഴയ പരിചയക്കാരിയുടെ വീട്ടില്‍ – പോകുന്നു.(അവിടെ അപ്പോയിന്റ്മെന്റ് എടുത്തിരിക്കയല്ലേ, കൃത്യ സമയത്ത് എത്താതെ പറ്റില്ലല്ലോ, മോന്‍ എണീക്കുന്നതു വരെ കാത്തിരിക്കാന്‍ പറ്റ്വോ?).‍  അവന്‍ എണീറ്റാല്‍ ഇങ്ങോട്ടു വരാന്‍ പറഞ്ഞിട്ടുണ്ട്‌ അവനു് നീ ആ കാര്‍ട്ടൂണ്‍ വച്ചു കൊടുത്താല്‍ മതി, അവനവിടെ ഇരുന്നോളും,

(ഉവ്വുവ്വ് അതു് ഇന്നലെ ഞാന്‍ കുറേ കണ്ടു,കണ്ടു!!)

ചുരുക്കത്തില്‍  ഈ മൂന്നാലു ദിവസമായിട്ടു ജീവിതം തന്നെ കൈമോശം വന്ന പോലെ. പത്രം വായനയില്ല, മൊബൈല്‍ ഇല്ല, കമ്പ്യൂട്ടര്‍ ഇല്ല, ടി വി ഇല്ല,  (അതു് പിന്നെ ഞാന്‍ അവനു് സ്വന്തമായി കൊടുത്തു)!  രാത്രി 10 മണി ആവണം എന്റെ വീട് ഒന്നു് എന്റേതായി കിട്ടാന്‍.‍.  Food supply  ഞാനല്ല, അത്രയും ആശ്വാസം.

ഇനി തിങ്കളാഴ്ചയെങ്കിലും അവരുടെ കാര്യങ്ങള്‍ ശരിയാവണേ എന്നാണെന്റെ പ്രാര്‍ഥന. ഇതു ശരിയായി ഒരു ലക്ഷം രൂപയെങ്കിലുമില്ലാതെ ചെന്നൈയിലേക്കു്, ഭര്‍ത്താവിന്റെ വീട്ടിലേക്കു് പോകാന്‍ പറ്റില്ലത്രേ.

ഇനി അതും ഞാന്‍ സംഘടിപ്പിച്ചു കൊടുക്കേണ്ടിവരുമോ ആവോ! എനിക്കു വേറെ മാര്‍ഗ്ഗമൊന്നൂല്യാട്ടോ നിങ്ങളൊക്കെയല്ലാതെ. എല്ലാ‍ അസൌകര്യങ്ങളും മാറ്റിവച്ചു് ഞാന്‍ വരും ബ്ലോഗ് മീറ്റിനു് ഒരു ബക്കറ്റും കൊണ്ടു്. ആരും വെറും കൈയോടെ വരല്ലേ.

 

എഴുത്തുകാരി.