Saturday, January 24, 2009

ഞായറാഴ്ച നല്ല ദിവസം - മുഹൂര്‍ത്തം 9.30 ന്

സിനിമാക്കഥയൊന്നും അല്ലാട്ടോ!.

കാലം പോയ പോക്കേയ്. ഇനി നമ്മുടെ നാട്ടില്‍ ആര്‍ക്കും കഷ്ടകാലമുണ്ടാവില്ല.അല്ല, ഉണ്ടാവാന്‍ പാടില്ല!!. നല്ല സമയം, നല്ല ദിവസം നോക്കിയൊക്കെ ജനിക്കാന്‍‍ കഴിഞ്ഞാല്‍ പിന്നെ കഷ്ടകാലം പാടില്ലല്ലോ.

ഇനി കാര്യം പറയാം. ഞാന്‍ ഒരു മേനോന്‍ ചേട്ടനെപറ്റി പറഞ്ഞിട്ടില്ലേ, ഉണ്ട്‌, ഇവിടെ. അദ്ദേഹത്തിന്റെ മരുമകള്‍ പ്രസവിക്കാന്‍ പോണു.തൃശ്ശൂരിലെ പേരു കേട്ട ഒരാശുപത്രി. സിസ്സേറിയനാണ്. ഡോക്ടര്‍ പറഞ്ഞിരിക്കുന്നതു് ശനിയാഴ്ച ഓപ്പറേഷന്‍. പക്ഷേ would be അമ്മ പറ്റില്ലെന്നായി. എന്താണെന്നല്ലേ, അന്നു് നല്ല ദിവസമല്ല. ജോത്സ്യനെ മുന്‍കൂട്ടി കണ്ട് എല്ലാം നോക്കി വച്ചിട്ടുണ്ട്‌. ഞായറാഴ്ചയാണ് നല്ല ദിവസം. ദിവസം മാത്രം നന്നായാല്‍ പോരാ, സമയവും നന്നാവണ്ടേ? അതും ജോത്സ്യന്‍ പറഞ്ഞിട്ടുണ്ട്‌, 9.30 നും 11 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍.

ഡോക്ടര്‍ പറഞ്ഞത്രേ, അന്നു ഞായറാഴ്ച്ച ആയതുകൊണ്ട് കാര്യങ്ങളെല്ലാം ഏര്‍പ്പാട് ചെയ്യാന്‍ ബുദ്ധിമുട്ടാവും എന്നു്. എന്തു ബുദ്ധിമുട്ടായാലും, “പെണ്ണൊരുമ്പെട്ടാല്‍ ... “ അറിയാല്ലോ.

അങ്ങിനെ അവര്‍ പറഞ്ഞ ശുഭ ദിനത്തില്‍‍, ശുഭ മുഹൂര്‍ത്തത്തില്‍, കുട്ടി ഭൂജാത(ശരിയല്ലേ?)ആയി, അല്ലെങ്കില്‍ ആക്കി.ജനിക്കുന്നതിനു മുന്‍പേ ഭാഗ്യം ചെയ്ത ആ കുട്ടിയെ കാണാന്‍ പോയില്ല, ഒന്നു പോണം. അതു തന്നെ ഒരു ഭാഗ്യമല്ലേ.

എന്നാലും ഈ ജ്യോത്സ്യന്മാരുടെ കാര്യം കഷ്ട്മാണേയ്.‍ എന്തൊരു വിഡ്ഡികളാണെന്നോര്‍ക്കണം. എല്ലാവരും ജനിക്കുമ്പഴേ കഷ്ടകാലമില്ലാത്തവരായി പോയാല്‍, പിന്നെ അവരെ കാണാന്‍ ആരു വരും? കഞ്ഞി കുടി മുട്ടിപോകില്ലേ! അതോ അതിലും മായം ചേര്‍ക്കുന്നുണ്ടാവുമോ ആവോ?

വാല്‍ക്കഷണം: ഇതൊരു നാട്ടുനടപ്പായിട്ടുണ്ടോന്നറിയില്ല, ആണെങ്കില്‍ ഇതൊരു പഴങ്കഥയായിട്ടു കൂട്ടിക്കോളൂ.


എഴുത്തുകാരി.

Friday, January 9, 2009

പാര്‍വ്വണേന്ദു മുഖീ പാര്‍വ്വതീ.......

ഞാനിന്നു ഇത്തിരി തിരക്കിലാട്ടോ. എന്നാലും വേഗം വന്ന കാര്യം പറഞ്ഞിട്ടു പോകാം.

നാളെ ധനുമാസത്തിലെ തിരുവാതിരയല്ലേ?പരമേശ്വരന്റെ ജന്മനാള്‍. ഇന്നു രാത്രിയല്ലേ ഉറക്കമൊഴിക്കുന്നതും പാതിരാപ്പൂ ചൂടലുമൊക്കെ)(ഇഷ്ടപ്പെടുന്ന പുരുഷനെ ഭര്‍ത്താവായി കിട്ടാനും, ‍ കിട്ടിയ ഭര്‍ത്താവിനു് ദീര്‍ഘായുസ്സ് ലഭിക്കാനും വേണ്ടി സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട‍ ഒരു സംഭവം)

‍എന്തൊക്കെ ചെയ്യാന്‍ കിടക്കുന്നു. ദശപുഷ്പം സംഘടിപ്പിക്കണം. വിചാരിച്ചപോലെ അത്ര ബുദ്ധിമുട്ടേണ്ടിവന്നില്ല. രണ്ടു മൂന്നു പറമ്പുകള്‍ കേറിയിറങ്ങിയപ്പോള്‍ ഒരുവിധമൊക്കെ കിട്ടിയിട്ടുണ്ട്‌.

എട്ടങ്ങാടിക്കുള്ള (8 കൂട്ടം – ചേന, ചേമ്പ്, കാവിത്തു്, ചെറുകിഴങ്ങ്, കൂര്‍ക്ക, നേന്ത്രക്കായ, പയര്‍, എള്ള്) ശര്‍ക്കരയും മൂക്കാത്ത നാളികേരവും ചെറുപഴവും റെഡിയാക്കി വക്കണം. preparation തിരുമേനിമാര്‍ ഏറ്റിട്ടുണ്ട്. (നല്ല ടേസ്റ്റാട്ടോ).

സന്ധ്യക്കു നേദിക്കാന്‍ കൂവ കുറുക്കണം (കൂവ, ശര്‍ക്കര, ഇളനീര്, ചെറുപഴം)

പാതിരാപ്പൂ ചൂടാനുള്ള കൊടുവേലി പൂ കൊണ്ടുവരണം (അതിത്തിരി ബുദ്ധിമുട്ടാവുമെന്നു തോന്നുന്നു).

ഇനി മൂന്നും കൂട്ടാനുള്ളതു് (വെറ്റില, അടക്ക, ചുണ്ണാമ്പ്) റെഡിയാക്കി വക്കണം. കുറച്ചധികം വേണം. പത്തു മുപ്പതു പേരെന്തായാലും കാണും.

സന്ധ്യക്കു നേദിക്കലു കഴിഞ്ഞാല്‍ നേദിച്ച കൂവയും എട്ടങ്ങാടിയും കഴിക്കാം. കുറച്ചുനേരം കളിക്കും.(തിരുവാതിര‍ക്കളി).ഒരു curtain raiser.

അപ്പോഴേക്കും, ഉപ്പുമാവും,പളയങ്കോടന്‍ പഴവും കട്ടന്‍ ‍കാപ്പിയും റെഡി. (അരിഭക്ഷണമില്ല)).പെണ്ണുങ്ങളുടെ നെടുമംഗല്യത്തിനു വേണ്ടിയാണല്ലോ തിരുവാതിര നോല്‍ക്കുന്നതു്, എന്നു വച്ചാല്‍ അവരുടെ ദീര്‍ഘായുസ്സിനു വേണ്ടി അതുകൊണ്ട്‌ ഈ നാട്ടിലെ പുരുഷന്മാര്‍ സന്തോഷപൂര്‍വ്വം സ്പോണ്‍സര്‍ ചെയ്യുന്നതാട്ടോ ഈ ഭക്ഷണം) പിന്നെ താളീം ഒടിക്കാം അങ്കോം കാണാം എന്നു പറഞ്ഞപോലെ ചുളുവിലൊരു കളിയും കാണാലോ – നമുക്കറിയാത്തതാ ഇവരെയൊക്കെ).

അല്ലാ, കുറ്റം പറയാന്‍ പറ്റില്ല, മുണ്ടും നേരിയതും ചുറ്റി, ദശപുഷ്പം ചൂടി, മൂന്നും കൂട്ടി മുറുക്കി ചുവപ്പിച്ചു് പെണ്ണുങ്ങള്‍ തിരുവാതിര കളിക്കുന്നതു കാണുന്നതൊരു സുഖല്ലേ?

ഇനിയാണ്‍ ശരിയായ തിരുവാതിരക്കളി. ഭക്ഷണമൊക്കെ കഴിച്ചു്, മൂന്നും കൂട്ടി മുറുക്കി, പ്രായഭേദമൊന്നുമില്ല ഒരുമിച്ചാണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ വേറെ വേറെ സെറ്റായിട്ടു്. ചില സമയത്തു്, തമാശക്കൊരു മത്സരം വരെയെത്തും. അമ്മമാരൊക്കെ പാട്ടുപാടി നിര്‍ത്താതെ കളിക്കും. ഇപ്പഴത്തെ കുട്ടികള്‍ മാറിനില്‍ക്കണം. ഒരാള്‍ പാട്ടു നിര്‍‍ത്തുമ്പോള്‍ അടുത്ത ആള്‍ തുടങ്ങും. സംഭവം നല്ല രസാട്ടോ. പന്ത്രണ്ടു മണിയാവുമ്പോള്‍ പാതിരാപ്പൂചൂടല്‍. ആലിന്‍ ചുവട്ടില്‍ ഒളിച്ചുവച്ചിട്ടുണ്ടാവും, എല്ലാരും കൂടി പാട്ടൊക്കെ പാ‍ടി പോയി അതെടുത്തു കൊണ്ടുവരും.

വീണ്ടും 4 മണി വരെ കളിയും പാട്ടും പരദൂഷണവും എല്ലാമായി കഴിച്ചുകൂട്ടും. അതുകഴിഞ്ഞു പുഴയില്‍ കുളിച്ചു് നേരെ വൈലൂരപ്പനെക്കാണാന്‍.

എന്നെ സംബന്ധിച്ചു ഇതൊക്കെ ഒരു ഒത്തുകൂടലിന്റെ ഭാഗം മാത്രം. പിന്നെ വയസ്സായ അമ്മമാര്‍ അവരുടെ പഴയ കാലത്തെ ഓര്‍മ്മ പുതുക്കുന്നതും കുറച്ചുനേരം ഒത്തൊരുമിച്ചു കളിച്ചു രസിക്കുന്നതും നമുക്കു് ഇതിനൊക്കെ ഒരവസരം കിട്ടുന്നുണ്ടല്ലൊ എന്ന അവരുടെ സന്തോഷം കാണുമ്പോഴുള്ള ഒരു സന്തോഷവും. കുട്ടികള്‍ക്കും ഒരു മത്സര ഐറ്റം മാത്രമല്ല ഇതു്, പണ്ടൊക്കെ ഇങ്ങനെയായിരുന്നു എന്നു മനസ്സിലായാല്‍ അതും നല്ലതു്.

പുണ്യവും ദീര്‍ഘായുസ്സുമൊക്കെ കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ, നല്ല കാര്യമല്ലേ?(ഇതൊക്കെ രഹസ്യമാണേ ഇവിടാരോടും പറയല്ലേ).

കൂട്ടുകാരേ, എല്ലാം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. എല്ലാരേയും ഞാന്‍ ക്ഷണിക്കുന്നു. നെല്ലായി മഹാമുനിമംഗലം ക്ഷേത്രത്തില്‍ ഇന്നു സന്ധ്യക്കു്. വന്നോളൂ.

ഒരു കൊച്ചു കാര്യം കൂടി. ഞാന്‍ പോലുമറിയാതെ എന്റെ ബ്ലോഗിന്റെ രണ്ടാം പിറന്നാള്‍ കടന്നുപോയി (Jan 7th നു്)‍



എഴുത്തുകാരി.