Wednesday, March 7, 2012

ഒറ്റക്കമ്പി വീണാനാദം....


ഇന്നെന്താ ആരും വന്നില്ലേ,   ആരേം കാണാനില്ലല്ലോ.

അതോ ഇനി എല്ലാവരും പോയതാണോ?   സ്വന്തം ജീവിതത്തിലേക്കും ദിവസത്തിന്റെ തിരക്കുകളിലേക്കും. എല്ലാരും പോട്ടെ, എനിക്കു തിരക്കൊന്നുമില്ലല്ലോ, പിന്നെ ഞാനെന്തിനാ ഓടിപ്പോകുന്നതു്?  എന്‍റെ തിരക്കുകൾ തീരുമാനിക്കുന്നതിപ്പോള്‍ ഞാൻ തന്നെയല്ലേ. കൃത്യസമയത്ത്
ഓടിയെത്താനില്ലല്ലോ എനിക്കെങ്ങും.

പതിവു് നടത്തം കഴിഞ്ഞ് ഞാനാ തണുത്ത സിമെന്റ് ബഞ്ചിലിരുന്നു.. ചുറ്റും ചൂടാണെങ്കിലും, അവിടെ മാത്രം തണുപ്പാണ്. പേരറിയാത്ത ഏതോ മരം തണൽ വിരിച്ചുനിൽക്കുന്നു. നിറയെ ചോരനിറമാർന്ന  പൂക്കളും. പിന്നെയുമുണ്ട് പൂക്കള്‍ . ചെമ്പരത്തിയും, നീലക്കടമ്പും,  ബോഗൻവില്ലയും.....

ധാരാളം ചെറിയ ചെറിയ പഴങ്ങൾ കായ്ച്ചുനിൽക്കുന്നൊരു മരമുണ്ട്. കടുത്ത മധുരമുള്ള, ചുവന്നു തുടുത്ത കൊച്ചു കൊച്ചു പഴങ്ങൾ. ആരും പറിക്കാറില്ല. നടക്കാൻ വരുന്നവരാരും അതു നോക്കാറേയില്ല.

കുറച്ചു പഴങ്ങൾ  പറിച്ചെടുത്തു. അതും ഇപ്പോഴൊരു ശീലമായിരിക്കുന്നു, കുറച്ചെങ്കിലും കിട്ടിയില്ലെങ്കിൽ എന്തോ ഒരു സുഖമില്ല.നാട്ടിലെ പറമ്പിലും വേലിയിലും മുള്ളൻകായും കാരക്കയും പറിച്ചുതിന്ന ശീലമാവും. അതൊക്കെ കഴിഞ്ഞിട്ട്  കാലമെത്രയോ കൊഴിഞ്ഞിരിക്കുന്നു.

കൈനിറയെ പഴങ്ങളും കൊണ്ട് ഞാനാ തണുത്ത സിമെന്റ്   ബെഞ്ചിലിരുന്നു. ചെറിയ ഒരു കാറ്റ് ഓടിനടക്കുന്നു.   ഇഷ്ടപ്പെട്ട കുറച്ചു പാട്ടുകളുണ്ട് മൊബൈലിൽ.  വച്ചപ്പോൾ ആദ്യം വന്നതു് ഈ പാട്ടാണ്.

"ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ...ഏകഭാവം, ഏതോ താളം...."  

ഇന്നു രാധികയും വന്നില്ല.  വരാതിരുന്നതും നന്നായി. ഇന്നെന്തോ ഒറ്റക്കിരിക്കാൻ തോന്നുന്നു.  നിയന്ത്രണമില്ലാതെ  മനസ്സ് പാഞ്ഞുപോവുന്നു, കടിഞ്ഞാൺ നഷ്ടപ്പെട്ട കുതിരയേപ്പൊലെ.. അങ്ങനെ കെട്ടഴിഞ്ഞുപോകാൻ അനുവദിക്കാറില്ല.  പക്ഷേ ഇന്നെന്തോ തിരിച്ചുപിടിക്കാൻ മിനക്കെട്ടില്ല. പോട്ടെ, ഇഷ്ടമുള്ളിടത്തേക്ക്.

ഒരുപാടോർമ്മകൾ മനസ്സിലേക്കിരച്ചു കയറുന്നു. ഇല്ല, ഒന്നുമോർക്കാറില്ല, ഈയിടെയായിട്ട്.

ഗംഗാപ്രസാദും ഭാര്യ മാധുരിയും വന്നു കൈകൂപ്പി നമസ്തേ പറഞ്ഞിട്ട് തണലുള്ള ബെഞ്ച് തേടിപ്പോയി. എഴുപത്തഞ്ചു കഴിഞ്ഞ ഗംഗാപ്രസാദും, നിഴൽ പോലെ ഭാര്യയും.  ഒരാളെ തനിച്ചു കാണില്ല ഒരിക്കലും.   എന്നും വരും. അഞ്ചോ പത്തോ മിനിറ്റ് നടന്നിട്ട്  ഒഴിഞ്ഞ ഒരു  ബെഞ്ചിലിരിക്കും.   ഒരുപാട് നേരം സംസാരിച്ചിരിക്കും. അവരുടെ മാത്രം ലോകത്ത്. അതായിരിക്കാം അവർക്കു ഏറെ ഇഷ്ടം.

"ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു,  ഈറൻ മുകിൽ മാലകളിൽ ഇന്ദ്രധനുസ്സെന്നപോലെ..."   ദാസേട്ടന്റെ ശബ്ദം വീണ്ടും.

അവർ പോയി, വീണ്ടും കൈകൂപ്പി നമസ്തേ പറഞ്ഞിട്ട്.

ഞാനും പതുക്കെ എഴുന്നേറ്റു.  പോണം എനിക്കും  തിരികെപ്പോണം എന്‍റെ ജീവിതത്തിലേക്കു്.


എഴുത്തുകാരി.