Saturday, February 9, 2008

തേങ്ങുന്ന മനസ്സിന്റെ ചിരി

മന‍സ്സിലെവിടെയോ ഒരു വിഷാദം ബാക്കി നില്‍ക്കുന്നു. എന്താണെന്നല്ലേ, പറയാം.

ഇന്നു പഴയ ഒരു കുടുംബ സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും വന്നിരുന്നു. മലപ്പുറത്തെ പ്രസിദ്ധമായ ഇല്ലത്തെ ഒരു പാവം തിരുമേനി. 5-6 വര്‍ഷം വേദം പഠിച്ചിട്ടുണ്ട്‌. ധാരാളം വായിക്കുന്ന, നല്ല അറിവുള്ള ഒരു സാധു മനുഷ്യന്‍.

Education Dept.ല്‍ നിന്നും 2 വര്‍ഷം മുന്‍പ്‌ റിട്ടയര്‍ ചെയ്തു. ഭാര്യ ടീച്ചറായിരുന്നു. അവരും കഴിഞ്ഞ കൊല്ലം റിട്ടയര്‍ ആയി. ഈ ഭാഗത്തെ ഏതോ സ്കൂളിലായിരുന്നു, അതുമായി ബന്ധപ്പെട്ട ഒരു കടലാസ് ശരിയാക്കാന്‍ ഇരിങ്ങാലക്കുടക്കു വന്നതാണ്.

അദ്ദേഹത്തിന്റേയും ഭാര്യയുടെയും അഛനുമമ്മയും മരിച്ചിരിക്കുന്നു. അവര്‍ക്കു മക്കളുമില്ല.ഒന്നുരണ്ടു പ്രാവശ്യം ഇതു പറയുകയും ചെയ്തു, എന്നിട്ടു പതിവുപോലെ ഉറക്കെ ചിരിച്ചു, അതൊരനുഗ്രഹമാണെന്ന പോലെ, അല്ലെങ്കില്‍, അവര്‍ക്കതില്‍ ഒരു സങ്കടവുമില്ലെന്നു് നമ്മളെ ബോധ്യപ്പെടുത്തുന്ന മട്ടില്‍.

ധാരാളം സംസാരിച്ചു. ഇവിടത്തെ കാര്യങ്ങളെല്ലാം അന്വേഷിച്ചു. തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു. പുതിയ സിനിമകളെപ്പറ്റിവരെ സംസാരിച്ചു. ഇന്നു പോകണ്ട എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവിടെ ചെന്നിട്ട് ഒരുപാട്‌ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള മട്ടില്‍ തിരക്കഭിനയിച്ചു.

പിന്നെ പോകാന്‍ നേരത്തെപ്പോഴോ മനസ്സു് അറിയാതെ തുറന്നുപോയ ഒരു നിമിഷത്തില്‍, അദ്ദേഹം പറഞ്ഞു, "ജീവിതം തന്നെ മടുത്തിരിക്കുന്നു, വല്ലാത്ത ഒരു ഏകാന്തത, ഒന്നിനും ഒരു അര്‍ഥമില്ലാത്തപോലെ". ഞാന്‍ കണ്ടു, ആ പതിവു ചിരി അപ്പോള്‍ മാത്രം ആ മുഖത്തില്ലായിരുന്നു.

അതു കഴിഞ്ഞും അദ്ദേഹം ചിരിച്ചു. പക്ഷേ, എനിക്കെന്തോ പിന്നെ പഴയപോലെ ചിരിക്കാന്‍ കഴിഞ്ഞില്ല. ആ കുറച്ചു വാക്കുകളിലൂടെ,അന്തരീക്ഷത്തിനു മൊത്തം ഒരു കനം വച്ചപോലെ. അവര്‍ അനുഭവിക്കുന്ന ആ കടുത്ത ഏകാന്തത അതിന്റെ എല്ലാ അര്‍ഥത്തിലും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു.

അവര്‍ യാത്ര പറഞ്ഞു പോയിട്ടും, ഒരു വിഷാദം ഇവിടെ തങ്ങിനില്‍ക്കുന്നു, ഇപ്പോഴും. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍, ഞാനതു മറക്കും. പക്ഷേ അവര്‍? അവരേപ്പോലെ മറ്റെത്രയോ പേര്‍.



എഴുത്തുകാരി.