Tuesday, November 29, 2011

എന്തു സുഖം!

ഹായ് എന്തു സുഖം, വെള്ളത്തിലിങ്ങനെ ഒഴുകി ഒഴുകി നടക്കാൻ. സ്വപനത്തിലല്ലാതെ  ശരിക്കും ഇങ്ങിനെ   കഴിയുമെന്നു് സ്വപ്നത്തിൽ  പോലും കരുതിയിട്ടില്ല.

പണ്ടൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്..  ആകാശത്തിൽ മേഘങ്ങളുടെ  ഇടയിൽക്കൂടിയും മുകളിൽ  കൂടിയുമൊക്കെ പറന്നു നടക്കുന്നതു്.. ആകാശത്ത് കൊട്ടാരവും രാജാവിനേയും  സ്വർണ്ണത്തൊങ്ങലുള്ള കടും നിറമുള്ള ഉടുപ്പുകളിട്ടു നർത്തനമാടുന്ന അപ്സരസ്സുകളേയുമൊക്കെ. ഉറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോഴും  ആ കണ്ടതൊന്നും മനസ്സിൽ നിന്നു പോയിട്ടുണ്ടാവില്ല.  (പിന്നെയാണറിയുന്നതു്  അന്നു രാവിലെ കണ്ട മഹാഭാരതത്തിലെ   രാജാവിന്റേയുംഅപ്സരസ്സുകളുടേയുമൊക്കെ  ഛായ തന്നെയായിരുന്നു എന്റെ  സ്വപന സുന്ദരിമാർക്കുമെന്നു്.).   സ്വപ്നത്തിലെങ്ക്ങ്കിലും അങ്ങിനെ പറന്നു  നടക്കാൻ കഴിഞ്ഞല്ലോ, രാജകൊട്ടാരമൊക്കെ കാണാൻ കഴിഞ്ഞല്ലോ എന്നു് സന്തോഷിച്ചിട്ടുണ്ട് അന്നു്.

അതൊക്കെ എത്രയോ  കാലം  മുൻപ്.  പക്ഷേ വെള്ളത്തിൽ ഒഴുകി നടക്കുന്നതിതുവരെ കണ്ടിട്ടില്ല.. അതും വെറും വെള്ളത്തിലൊന്നുമല്ല, നല്ല കിടക്കയിൽ  കിടന്നാണൊഴുകുന്നതു്.  നല്ല സുഖമുണ്ട്. പ്രഭാതമാണ്.  ഒരുപാട് കാഴ്ചകളുണ്ട് കാണാൻ.  രാജാവിനേയും സുന്ദരിമാരേയുമൊന്നും കണ്ടില്ല.  പക്ഷേ  കാടും മലയും കണ്ടു..   ഉദിച്ചുയരുന്ന സൂര്യനെ കണ്ടു.  വെള്ളത്തിലങ്ങനെ ഒഴുകി നടക്കുക, കാഴ്ചകൾ കാണുക.  ആകപ്പാടെ ഒരു സുഖം, മനസ്സിനൊരു സന്തോഷം.

ആരാ ബെല്ലടിക്കുന്നതു്,  അതോ മൊബൈലാണോ?  സുന്ദരമായ സ്വപ്നം മുറിഞ്ഞ ദേഷ്യത്തിൽ  ലോകത്തെ മുഴുവൻ ശപിച്ചുകൊണ്ട് കണ്ണ്  തുറന്നു.  ഒരു നിമിഷം കൊണ്ടെല്ലാം പിടികിട്ടി.  . ഒന്നും സ്വപ്നമായിരുന്നില്ല. എല്ലാം പച്ചവെള്ളം പോലെ  പരമാർത്ഥം.  കിടക്കയിൽ കിടന്നു് ഒഴുകി നടന്നുകൊണ്ട് ഉറങ്ങിയതും സ്വപ്നം കണ്ടതുമൊക്കെ.  മുറി മുഴുവൻ വെള്ളം.. കിടക്ക മുഴുവൻ നനഞ്ഞ്  ദേഹം വരെ നനഞ്ഞു തുടങ്ങിയിരിക്കുന്നു.  ഭാഗ്യം കട്ടിലിൽ  അല്ലായിരുന്നു ഉറങ്ങിയതു്. അല്ലെങ്കിൽ കട്ടിലു മുഴുവൻ മുങ്ങിയിട്ടുവേണ്ടേ ഒഴുകി നടക്കാൻ.  അപ്പോഴേക്കും ഫ്ലാറ്റ് മുഴുവൻ വെള്ളപ്പൊക്കമായേനേ!.

അടുത്ത ഫ്ലാറ്റിലെ    തെലുങ്കത്തി മാമിയായിരുന്നു ബെല്ലടിച്ചതു്.. മാമി മാത്രമായിരുന്നില്ല, കൂടെ മറ്റു പലമാമിമാരും മാമാമാരുമൊക്കെ ഉണ്ടായിരുന്നു.  ഞാനാരേം  നോക്കിയില്ല.  ഓടിപ്പോയി വെള്ളം വരുന്നതു് ഓഫ് ചെയ്തു. രാവിലെ 7 മണിക്കു വെള്ളം വരും.. എല്ലാവർക്കും സ്വന്തം സ്വന്തം ടാങ്കുകളുണ്ട്.  അതു നിറഞ്ഞാൽ നിറുത്തണം.. അല്ലെങ്കിൽ തലേന്നേ വെള്ളം ഓഫ് ചെയ്തു വക്കണം,  ഇതു രണ്ടും  ചെയ്തില്ല.. വെള്ളം ഒഴുകിയൊഴുകി താഴെ വരെ എത്തി. പാവം വെള്ളത്തിനെ കുറ്റം പറയാൻ പറ്റുമോ. മുറി മുഴുവൻ നിറഞ്ഞാൽ  ഒഴുകാതെ പിന്നെ.  ഇത്രയും നേരം ഒഴുകി  നടന്നതു ഞാനായിരുന്നെങ്കിൽ   ഇപ്പോൾ  ഒഴുകി നടക്കുന്നതു  വീട്ടിലെ ലൊട്ടുലൊടുക്കു സാധനങ്ങളായിരുന്നു..  ചൂലു മുതൽ പാത്രങ്ങൾ മുതൽ മൊബൈൽ ഫോൺ വരെ.

തെലുങ്കു പിന്നെ അറിയാത്തതുകൊണ്ട്  എന്തൊക്കെയാ അവരു പറഞ്ഞതെന്നറിയില്ല. തമിഴിൽ  അവർ പറഞ്ഞതൊക്കെ മനസ്സിലായി. പക്ഷേ മനസ്സിലായില്ലെന്നു ഭാവിച്ചു.  അതായിരുന്നു അപ്പോൾ സൈഫ്.  ആ നേരത്ത്  മലയാളം പറഞ്ഞാൽ പോലും എനിക്കറിയില്ലെന്നു പറഞ്ഞേനേ.  പറയുന്ന കാര്യങ്ങളൊക്കെ അത്ര  സന്തോഷത്തിലാണേയ്..അവരുടെ വീട്ടിനുള്ളിൽ വെള്ളം കടന്നാൽ പിന്നെ അവർക്കു സന്തോഷമില്ലാതിരിക്കുമോ  .

 മൂന്നാലു ദിവസത്തേക്കു പിന്നെ ഞാൻ വാതിലേ തുറന്നില്ല.  കുട്ടികളൊക്കെ  പിന്നെ എന്നെ കാണുമ്പോൾ തണ്ണി തണ്ണി എന്നു വിളിക്കുന്നപോലെ വെറുതെ ഒരു തോന്നൽ.


എഴുത്തുകാരി.