Tuesday, January 22, 2008

വീണ്ടും ഒരു ഉത്സവക്കാലം

കുറേക്കാലമായി നമ്മുടെ ഭൂലോഗത്തു നടക്കുന്ന ഒന്നും അറിയാറില്ല, ഞാനൊന്നും പറയാറുമില്ല. പല പല പ്രശ്നങ്ങള്‍.

പക്ഷേ ബ്ലോഗിങ്ങ് ഒരു ശീലമാക്കിയ നമുക്കങ്ങിനെ അതു വേണ്ടെന്നു വക്കാന്‍‍ പറ്റുമോ? ഇല്ലല്ലോ. അതുകൊണ്ട്‌ ഞാനൊരു അതിസാഹസത്തിനു വരെ ഒരുമ്പെട്ടു. ഇംഗ്ലീഷിലൊരെണ്ണം കാച്ചി. വേണമെങ്കില്‍, സ്വകാര്യമായിട്ടു പറഞ്ഞു തരാം, അതെവിടെയാണെന്നു്.

2008 ലെ ആദ്യത്തെ പോസ്റ്റ് ആണു്. അതുകൊണ്ട്‌, ഞാനിപ്പോള്‍ നേരുന്നു, എന്റെ എല്ലാ ബൂലോ‍ഗ സുഹൃത്തുക്കള്‍ക്കും , പുതുവത്സരാശംസകള്‍.

ഇനി കാര്യത്തിലേക്കു്. ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരുന്ന മകരമാസമെത്തി.(സമയം അനുവദിക്കുമെങ്കില്‍, കഴിഞ്ഞ ഫെബ്രുവരിയിലെ എന്റെ “ഉത്സവപിറ്റേന്നു്” ഒന്നു നോ‍ക്കൂ). വീണ്ടും ഒരു ഉത്സവക്കാലം. ഇന്നു കൊടിയേറ്റം. ഇനിയുള്ള
6 നാളുകള്‍ ഞങ്ങള്‍ നാട്ടുകാര്‍ക്കു തിരക്കുതന്നെ. (അത്ര കേമാന്നൊന്നും കരുതണ്ടാ, ട്ടോ) ഒരാന,
അതു സ്ഥിരം വൈലൂര്‍ പരമേശ്വരന്‍. വൈലൂരപ്പനും, നെല്ലായി മഹാമുനിമംഗലത്തപ്പനും, അയലക്കക്കരാണല്ലോ, അതുകൊണ്ട്‌ ചെറിയ ഒരു discount ഉണ്ടത്രേ ഈ ആനക്കാര്യത്തില്‍. അതുകൊണ്ട്‌ അത്ര നിസ്സാരമല്ലാത്ത അവ്ന്റെ കുറുമ്പും, കാലിന്റെ ചെറിയ ഒരു പ്രശ്നവുമെല്ലാം ഞങ്ങളങ്ങു ക്ഷമിക്കുന്നു.

പിന്നെ ഞങ്ങളൊക്കെ തന്നെ തട്ടിക്കൂട്ടുന്ന ചില ചില്ലറ പരിപാടികള്‍. ഇവിടെയുള്ള നൃത്തം പഠിക്കുന്ന കുട്ടികളുടെ “ഗംഭീര നൃത്തനൃത്യങ്ങള്‍”, പാട്ടു പഠിക്കുന്ന കുട്ടികളുടെ “സംഗീതസന്ധ്യകള്‍”, വനിതകളുടെ തിരുവാതിരകളി, ചങ്ങാതിക്കൂട്ടത്തിന്റെ വിവിധ പരിപാടികള്‍, അങ്ങിനെയങ്ങിനെ.

ക്ഷേത്രത്തിലെ ഉത്സവം എന്നതിനെക്കാളേറെ, ഞങ്ങളെല്ലാവര്‍ക്കും ഒത്തു കൂടാന്‍ കിട്ടുന്ന നാലഞ്ചു ദിവസങ്ങള്‍. ഞങ്ങള്‍ക്കെത്രയും പ്രിയപ്പെട്ടതാണീ ദിവസങ്ങള്‍.

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളെയും ഞാന്‍ ക്ഷണിക്കുന്നു.

എഴുത്തുകാരി.