Thursday, April 30, 2009

നുറുങ്ങുകള്‍....

(1)ഞാന്‍ തൃശ്ശൂര്‍ നിന്നു നെല്ലായിലേക്കു വരാന്‍ ചാലക്കുടി ബസ്സില്‍ കയറിയിരുന്നു. 10 മിനിറ്റ് കഴിഞ്ഞിട്ടേ ബസ്സ് പുറപ്പെടൂ. ഞാന്‍ എന്റെ ഇഷ്ടപ്പെട്ട സീറ്റില്‍(ബാക് സീറ്റ് –അവിടെയാവുമ്പോള്‍ സുഖമായി കാഴ്ച്ചകള്‍ കാണാം, തിരക്കു വന്നാലും പ്രശ്നമില്ല, ഇറങ്ങാനും എളുപ്പം). കുറച്ചു കഴിഞ്ഞപ്പോള്‍ മൂന്നു പെണ്‍കുട്ടികളും (പ്രായം 20 –25) ഒരു കന്യാസ്ത്രീയും വന്നു. കവിയൂര്‍ പൊന്നമ്മയുടെ മുഖമുള്ള സൌമ്യയായ ഒരു സിസ്റ്റര്‍. കണ്ടാല്‍ തന്നെ തോന്നും നല്ല സ്നേഹമുള്ള ഒരു കന്യാസ്ത്രീയാണെന്നു്. കുട്ടികളെ ബസ്സില്‍ കയറ്റി,അവര്‍ പോകുന്നതു കൊടകരക്കു്. ‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. എല്ലാരോടും ഒരുമിച്ചിരിക്കാന്‍ പറഞ്ഞു. ഒരു പൊതി അവരിലൊരാള്‍ക്കു കൊടുത്തിട്ട് മറ്റുള്ളവരോട് പറഞ്ഞു, മിഠായി കൊടുത്തിട്ടുണ്ടെന്നു് (അവര്‍ പിന്നെ പൊതി തുറന്നപ്പോള്‍ കണ്ടു, നാരങ്ങാമിഠായി ആയിരുന്നു).

ബസ്സു വിട്ടു, അവര്‍ സിസ്റ്റര്‍ക്കു കൈവീശി യാത്ര പറഞ്ഞു, ഒട്ടും താമസിച്ചില്ല, പേഴ്സ് തുറന്നു, മാല എടുത്തു കഴുത്തിലിട്ടു (സ്വറ്ണ്ണമാലയാണോന്നറിയില്ല), വാച്ച് എടുത്ത് കെട്ടി. ഞാനിതു ശ്രദ്ധിച്ചു എന്നു മനസ്സിലാക്കിയതുകൊണ്ടാണോ എന്നറിയില്ല, പിന്നീട് അവര്‍ വിശദീകരിച്ചു. കൊടകര പന്തല്ലൂക്കാരന്‍ ടോണിയുടെ ഒരു ബന്ധുവാണ്‍ സിസ്റ്റര്‍. ഇവര്‍ അവിടത്തെ ആശ്രിതരുടെ മക്കളും. തൃശ്ശൂരിലെ സിസ്റ്ററുടെ കോണ്‍വെന്റില്‍നിന്നും എന്തോ സഹായം ശരിയാക്കി കൊടുത്തിട്ടുണ്ട്, അതു വാങ്ങാന്‍ വന്നതാണവര്‍. വാച്ചും മാലയുമൊക്കെ ആയാല്‍ എങ്ങനെ ഒരു *പാവം ലുക്ക്* കിട്ടും? പാവം സിസ്റ്റര്‍ ഇതു വല്ലതും അറിയുന്നുണ്ടോ!

(2) ഒരു പരിചയക്കാരിയുടെ വീട്. അവിടെ ഞാനെപ്പോള്‍ പോയാ‍ലും ചുരുങ്ങിയതു ഒരു അഞ്ചാറു സ്വിച്ചെങ്കിലും ഓഫ് ചെയ്യേണ്ടിവരും, ആവശ്യമില്ലാതെ കത്തിക്കിടക്കുന്നതു്. ടി വി ഇരുപത്തിനാലു മണിക്കൂറും അലറിക്കൊണ്ടിരിക്കും. രണ്ടുദിവസം മുന്‍പ് ഞാന്‍ ചെന്നപ്പോള്‍ ആകെ പ്രകാശപൂരിതമായിരുന്ന ആ വീട് മുഴുവന്‍ ഇരുട്ടിലാണിപ്പോള്‍. പത്താം ക്ലാസ്സ് കഴിഞ്ഞ‍ ഉണ്ണി പറഞ്ഞു, ഞങ്ങളിപ്പോള്‍ ഇരുട്ടിന്റെ സൌന്ദര്യം ആസ്വദിക്കുകയാണെന്നു്. ഉപയോഗിക്കാത്തതുകൊണ്ട് കേടു വരാതിരി‍ക്കാനെങ്കിലും ടിവി വക്കുന്നില്ല. എന്താണെന്നല്ലേ? ഇലക്ടിസിറ്റിക്കാര്‍ ഒരു കൊലച്ചതി ചെയ്തത്രേ, അവരുടെ മീറ്റര്‍ മാറ്റിവച്ചു. ഓടാത്തതു മാറ്റി ഓടുന്നതു വെച്ചു. എന്നു വച്ചാല്‍ ഇനി ഉപയോഗിക്കുന്ന കറന്റിനു കാശുകൊടുക്കേണ്ടിവരും എന്നര്‍ഥം. തന്നെയല്ല, ഇനിയുള്ള മീറ്റര്‍ റീഡിംഗിനനുസരിച്ച്‌ പഴയ മൂന്ന്‌ (അതോ ആറോ) മാസത്തിനും കൊടുക്കേണ്ടിവരുമെന്നു്! എന്നു വച്ചാല്‍ കൈയീന്നു കാശു പോകുമെന്നു വന്നപ്പോള്‍ ഇരുട്ടിനു സൌന്ദര്യം, നിശബ്ദതക്കു് മാധുര്യം!കാട്ടിലെ മരം, തേവരുടെ ആന ……… അതു തന്നെ കാര്യം.

(3)ഇതു് എന്റെ ഇന്നത്തെ കൂട്ടാന്‍ – മാമ്പഴകൂട്ടാന്‍ അല്ലെങ്കില്‍ മാമ്പഴപുളിശ്ശേരി.


ഇതു കണ്ടിട്ട്, കൊതിയായിട്ടു്, വായില്‍ വെള്ളം വന്നിട്ട്, ഉണ്ടാക്കണമെന്നു തോന്നിയിട്ട് ഉണ്ടാക്കാന്‍ അറിയാത്തവര്‍ ഇവിടെ പോയി നോക്കിയിട്ടു ഉണ്ടാക്കുക.


എഴുത്തുകാരി.

Thursday, April 23, 2009

ഒരു പാവം ഭര്‍ത്താവിന്റെ വിലാപം

ഇതു് എന്റെ അമ്മിണിക്കുട്ടി. എന്താ പറ്റിയേ അവള്‍ക്കു്! ഒരു പരിഭവോം പരാതിയുമില്ലാതെ ചോറും കറീം വച്ചു വീട്ടുകാര്യോം നോക്കി കഴിഞ്ഞിരുന്നവളാണെന്റെ അമ്മിണിക്കുട്ടി.

നിങ്ങള്‍‍ ഈ ബൂലോഗവാസികളെല്ലാം കൂടിയെന്റെ മന:സമാധാനം നശിപ്പിച്ചു.  തൃപ്തിയായില്ലേ ഇപ്പോ എല്ലാര്‍ക്കും?

കുറച്ചുദിവസമായിട്ടിങ്ങനെയാണ്‍.  Internet connection നെ വേണ്ടി വാശിപിടിച്ചപ്പഴും,  അതിവിടെ ചെന്നെത്തുമെന്നു  കരുതിയില്ല. ബൂലോഗമാത്രേ.  എന്താണീ ബൂലോഗമെന്നു ചോദിച്ച എന്നോട് പുഛത്തിലുള്ള,   അതുപോലും നിങ്ങള്‍ക്കറിഞ്ഞൂടെ മനുഷ്യാ, എന്ന മട്ടിലുള്ള ആ നോട്ടമുണ്ടല്ലോ, ഇപ്പഴുമുണ്ടെന്റെ കണ്ണിനു മുന്‍പില്‍. ഞാനങ്ങു ചൂളി ഇല്ലാതായിപ്പോയി. പത്രത്തിലും മാസികയിലുമൊക്കെ ഇപ്പൊ അതല്ലേ ബ്ലോഗും ബൂലോഗവും.

ചിലപ്പോള്‍ വായിച്ചു ഒറ്റക്കിരുന്നു ചിരിക്കുന്നതു കാണാം. അതും പോട്ടെ. കുഴപ്പമില്ല. ഇപ്പോ പുതിയ ഒരു ഡിമാന്‍ഡ്. അവള്‍ക്കും കഥയും കവിതയുമൊക്കെ എഴുതണമത്രെ. ചിരിക്കാതെ എന്തു ചെയ്യാന്‍! ഒരു ദിവസം നോക്കുമ്പോള്‍ മുറ്റത്തൊരു ചാരുകസേരയില്‍ പേനയും കടലാസുമായിട്ടവള്‍. ഭാവനക്കു വരാ‍ന്‍ എളുപ്പത്തിനാത്രേ. വല്യ വല്യ എഴുത്തുകാരൊക്കെ അങ്ങിനെയാത്രേ. ഭാവനയൊന്നും വരാത്തതുകൊണ്ടാവും, സ്വന്തം കഥ തന്നെ എഴുതാന്‍ പോകുന്നു എന്നൊരു ഭീഷണിയും കേട്ടു, ഇടക്കു്. അതൊരു കൊലച്ചതിയാവില്ലേന്നു ചോദിച്ച എന്നോട്, കൊലച്ചതിയെങ്കില്‍ കൊലച്ചതി, എഴുതാതിരിക്കുന്ന പ്രശ്നമില്ലെന്നു്. കഴിവുള്ളവര്‍ക്ക് അങ്ങ് ഉയര്‍ന്നുയര്‍ന്നു പോകാമത്രേ! ബുക്കറ് പ്രൈസ് വരെ.

ഞാനെവിടെപ്പോയിട്ടാ ഇപ്പൊ ഒരു കഥ സംഘടിപ്പിച്ചു കൊടുക്കണേ? വെറും കഥ പോരാ, ചിരിക്കാനൊരുപാട് വേണം. എന്നാലേ കമെന്റുണ്ടാവൂന്ന്‌.  പിന്നെ കുറേ ഫോട്ടോ വേണം കാമറ എങ്ങിനെ പിടിക്കണമെന്നറിയാത്ത നീ ഫോട്ടോ എടുക്കാനോ എന്നു് തലയില്‍ കൈവച്ച എന്നോട്,  അതാണോ വല്യ കാര്യം, പച്ചക്കറികള്‍ നിരത്തിവച്ചിട്ടൊരു പടം, അതു നുറുക്കുന്നതിന്റെ, തിളക്കുന്നതിന്റെ, പിന്നെ അടുപ്പ് കത്തുന്നതിന്റെയുമൊക്കെ (അതിനൊരടിക്കുറിപ്പും പറഞ്ഞു “കത്തുന്ന ജീവിതം” ) മതിയത്രേ.

ഉള്ളി തീയല്‍, മെഴുക്കുപുരട്ടി, മൊളോഷ്യം, ഇതിന്റെയൊക്കെ പടം പിടിക്കലാണിപ്പഴത്തെ പണി.ഫോട്ടോ എടുക്കാന്‍ വേണ്ടിയെങ്കിലും എന്തെങ്കിലുമൊക്കെ വച്ചുണ്ടാക്കുമല്ലോ എന്നു വിചാരിച്ചാല്‍ തെറ്റി, പലതും അങ്ങേ വീട്ടിലെ രാധ ചേച്ചി ഉണ്ടാക്കുന്നതാ.

ആരാണോ ഈ ബൂലോഗം കണ്ടുപിടിച്ചതു്, അവരുടെ തലയില്‍ ഇടിത്തീ വീഴും. എന്റെ കളരി പരമ്പര ദൈവങ്ങളേ,  ഞാനിനി എന്തു ചെയ്യും, ഒരു കഥക്കുവേണ്ടി ഞാനെവിടെ പോകും?

എഴുത്തുകാരി.

Thursday, April 16, 2009

ഞാനും ഒരു താരമായി….

ഇന്നു ‍‍ പോയിരുന്നു ഞാന്‍, എന്റെ  പഴയ സ്കൂളില്‍ – ‍ ജനത അപ്പര്‍ പ്രൈമറി സ്ക്കൂള്‍, പന്തല്ലൂര്‍. ഏഴാം ക്ലാസ്സ് വരെ പഠിച്ച സ്കൂള്‍. ഒത്തുകൂടിയതോ, കൂട്ടായ്മയോ ഒന്നുമല്ല. വോട്ട് ചെയ്യാന്‍ പോയതാ.

വഴിയൊക്കെ ഒരുപാട് മാറിയിരിക്കുന്നു. വലിയ വലിയ വീടുകള്‍. പഴയ ഓടിട്ട വീടുകള്‍ കാണാനേ ഇല്ല. സ്ക്കൂളിനു വലിയ മാറ്റമൊന്നുമില്ല. ക്ലാസ്സുകളൊക്കെ അതേപോലെ.

ഓര്‍മ്മകള്‍ തിക്കിതിരക്കി വരുണൂട്ടോ.രാധ ടീച്ചര്‍, സുഭദ്ര ടീച്ചര്‍,  ലോനപ്പന്‍ മാഷ്, ഫ്രാന്‍സിസ് മാഷ്, ക്ലാസ്സില്‍ ഫസ്റ്റ് ആവുന്നവര്‍ക്കു ഒരു പേന സമ്മാനം ഉണ്ടെന്നു പറഞ്ഞു ഫസ്റ്റ് ആയപ്പോള്‍, അതു ബി ക്ലാസ്സുകാര്‍‍ കൊണ്ടുപോയെന്നു പറഞ്ഞു പറ്റിച്ച വിലാസിനി ടീച്ചര്‍.

സംസ്കൃതം പീരീഡാവുമ്പോള്‍ പുസ്തകമെടുത്തു വേറെ ക്ലാസ്സില്‍ പോണം.   മാഷ് ചിരിച്ചുകൊണ്ട് എന്നു ക്ലാസ്സില്‍ വന്നോ, അന്നു അടി ഉറപ്പാ..നീളമുള്ള ചൂരലിന്റെ തുമ്പത്തു പിടിച്ചുള്ള ആ  അടി, ഇപ്പഴും വേദനിക്കുന്നു.

ടീച്ചറിന്റേയും മാഷിന്റേയുമൊക്കെ മക്കള്‍ക്കു ഇത്തിരി ഗമ കൂടുതലാണല്ലോ. അവരുടെ കൂട്ടുകാരാവുന്നതും കൂടെ നടക്കുന്നതും പോലും ഇത്തിരി അന്തസ്സാണ് . എന്റെ അഛനും ഒരു അദ്ധ്യാപകനായിരുന്നു (സ്കൂളിലല്ലെങ്കിലും). അഛനെ ടീച്ചര്‍മാര്‍ക്കും മാഷമ്മാര്‍ക്കും ഒക്കെ അറിയാവുന്നതുകൊണ്ട്‌,  എന്നോടിത്തിരി വാത്സല്യമുണ്ടായിരുന്നു അവര്‍ക്കു്. 

ഉച്ചക്കു കൊണ്ടുപോയിരുന്ന ചോറ് പാല്‍ക്കാരന്‍ അച്ചുതന്‍ നായരുടെ വീട്ടിലിരുന്നാണ്‍ കഴിക്കുക. അതുകൊണ്ട് മോരിനും സംഭാരത്തിനും ക്ഷാമമില്ല.

----------------------------------------------------------

ഓര്‍മ്മകള്‍ ഇത്രയും മതി ഇല്ലേ? മടുത്തോ? ബാക്കിയുള്ളതൊക്കെ അവിടെ നിക്കട്ടെ. ഇനിയാണ് കാര്യം. അത്ര പഴയതല്ലാത്ത ഒരു ഓര്‍മ്മ – താരമായ കഥ.‍

ഇതേ സ്ക്കൂളിലായിരുന്നു കഴിഞ്ഞ വോട്ടും – 2004 മേയ് മാസത്തില്‍. ലോകസഭയിലേക്കു്. ലോനപ്പന്‍ നമ്പാടനും, പത്മജ വേണുഗോപാലും മത്സരിക്കുന്നു മുകുന്ദപുരം മണ്ഡലത്തില്‍.

പതിവുപരിപാടികളെല്ലാം കഴിഞ്ഞു. പേരു വായിച്ചു, മറ്റൊരാള്‍ കയ്യില്‍ മഷി പുരട്ടി. വോട്ടു ചെയ്യാനുള്ള സ്ഥലത്തെത്തി. വോട്ടുചെയ്തപ്പോള്‍ ആര്‍ക്കുവേണ്ടിയാണോ ഞാന്‍ ചെയ്തതു്, മറ്റേ സ്ഥാനാര്‍ഥിയുടെ നേരെയുള്ള ലൈറ്റ് കത്തുന്നു. അതിന്റെ സാങ്കേതിക വശങ്ങളൊന്നും എനിക്ക് അറിയില്ല .എന്നാലും അങ്ങിനെ വരുമോ എന്നു തോന്നി.  ഞാന്‍ ഈ സംശയം പറഞ്ഞു അവരോട്. പോരേ പൂരം. ഏറ്റുപിടിക്കാന്‍ ഒരു നൂറ് ആള്‍.അവര്‍ക്കും ഇങ്ങിനെ ഉണ്ടായിരുന്നുവത്രേ. ആരും പറഞ്ഞിരുന്നില്ലെന്നുമാത്രം.

ആകെ പ്രശ്നമായില്ലേ. വോട്ട് നിര്‍ത്തിവച്ചു. അപ്പോഴേക്കും സ്ഥാനാര്‍ഥി നമ്പാടന്‍ മാഷു് വന്നു. പുതിയ മെഷീന്‍ കൊണ്ടുവന്നിട്ടൊക്കെയാ പിന്നെ ഇലക്ഷന്‍ തുടര്‍ന്നതു്. ഞാന്‍ ഇതിന്റെ ഇടയില്‍ സൂത്രത്തില്‍ തടി തപ്പി. ഇനി അവരു തമ്മിലായിക്കോളുമല്ലോ. പിറ്റേന്നു പത്രത്തില്‍ വാര്‍ത്ത വന്നു. ഒരു മണിക്കൂര്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു എന്നൊക്കെ.. ഞാന്‍ പരാതിപ്പെട്ടിട്ടാണെന്നൊക്കെ വളരെ വിശദമായി പറഞ്ഞ്‌. ഭാഗ്യത്തിനു പടം ഉണ്ടായിരുന്നില്ല.

ചുരുക്കത്തില്‍ ഞാനും ഒരു താരമായി എന്നര്‍ഥം. പെണ്ണുങ്ങള്‍(പെണ്ണുങ്ങള്‍ മാത്രമല്ല) എന്നെ കാണുമ്പോള്‍ പറഞ്ഞു, ദേ  അന്നത്തെ പ്രശ്നക്കാരി..  നമ്പാടന്‍ മാഷ് ജയിച്ചു. ഇവിടെ അടുത്ത് എന്തോ ഒരു പരിപാടിക്കു വന്നപ്പോള്‍ എന്നെ വിളിച്ചു കുശലം ചോദിച്ചു. (മാഷ്ക്കാണ്‍ ഞാന്‍ വോട്ടു ചെയ്തതെന്നു മാഷു വിചാരിച്ചുകാണും‌) ഇത്രയൊക്കെ പോരേ ഈ കൊച്ചു നെല്ലായില്‍ ഒരു താരമാവാന്‍! (അന്നു റിയാലിറ്റി ഷോകള്‍ തുടങ്ങിയിട്ടില്ല).

ഇന്നും എനിക്കറിയില്ല, അന്നു ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും ശരിയുണ്ടായിരുന്നോ എന്നു്. എനിക്കു തോന്നിയ ഒരു സംശയം ഞാന്‍ ചോദിച്ചെന്നു മാത്രം.  അതിത്ര വലിയ ഒരു കോലാഹലമായി മാറുമെന്ന്‌ കരുതിയില്ല.

എഴുത്തുകാരി.

Thursday, April 9, 2009

വെറുതെ…………

രാവിലത്തെ തിരക്കു കഴിഞ്ഞു തോട്ടത്തിലും പറമ്പിലും ഒരു നടത്തം. .പുതിയ പൂക്കള്‍ വല്ലതും വിരിഞ്ഞോ, ഇതുവരെ പൂക്കാത്ത ചെടികളില് കൂമ്പു തുറന്നു് ഉള്ളില്‍ മൊട്ടുവരുന്നുണ്ടോ എന്നു സൂക്ഷപരിശോധന (പല ചെടികളും ഇതോടെ വീരചരമം പ്രാപിക്കാറുമുണ്ട്‌). ചിലതു മാറ്റി നടല്‍, etc.etc. ഈ സന്ദര്‍ശനത്തില്‍ പെടും.

മനസ്സിലിന്നെന്തോ ഒരു സന്തോഷം പോലെ. എന്തേ അങ്ങിനെ? പതിവു വിട്ടൊന്നും ഉണ്ടായില്ലല്ലോ. അല്ലെങ്കിലും എനിക്കൊരിക്കലും  മനസ്സിന്റെ ഭാവങ്ങള്‍  മനസ്സിലാക്കാന്‍ കഴിയാറില്ലല്ലോ. ചിലപ്പോള്‍ വല്ലാതെ മൂടിക്കെട്ടിയിരിക്കും,  എന്തിനാണെന്നുപോലും വ്യക്തമായി അറിയാതെ. പക്ഷേ ഇന്നെന്തോ അങ്ങിനെയല്ല.

മുറ്റത്തു ഒരുപാട് പൂക്കള്‍. പല നിറത്തില്‍. എല്ലാം ഞാന്‍ തന്നെ വച്ചുപിടിപ്പിച്ചതു്. എവിടെ പോയി വരുമ്പോഴും രണ്ടുമൂന്നു ചെടിക്കമ്പ്‌ കാണും എന്റെ കൈയില്‍. ഡിസൈന്‍ ചെയ്തുതരാം, പുല്ലുപിടിപ്പിച്ചുതരാം എന്നൊക്കെയുള്ള പ്രലോഭനങ്ങളില്‍ വീഴാത്തതും ഈ ഒരു  അഹങ്കാരത്തിനു വേണ്ടി തന്നെ.

എന്റെ കൂട്ടുകാരൊക്കെ എത്തിതുടങ്ങി. ഒരുപാട് കിളികളും അണ്ണാറക്കണ്ണന്മാരും. പൂത്താങ്കീരികള്‍, ചെമ്പോത്തു്, കൊച്ചുകൊച്ചു കുരുവികള്‍, മഞ്ഞക്കിളി എല്ലാരും ഉണ്ട്‌. (മഞ്ഞക്കിളിയെക്കണ്ടാല്‍ മധുരം കിട്ടുമെന്നാ)         

P4090087

         ഇതു് മഞ്ഞക്കിളിയുടെ ചേട്ടന്‍

P4080065

ഞാന്‍ കറുമ്പിയായാലും സുന്ദരിയല്ലേ!

P4080066

എവിടെ കൂട്ടുകാരൊക്കെ, ഒറ്റക്കാക്കി പോയോ എല്ലാരും?

കിളികളാണെങ്കില്‍ ഭയങ്കര ബഹളം, പൂത്താങ്കീരികളാണിങ്ങനെ ചിലക്കുന്നതു്. പത്തു പതിനഞ്ചു കിളികളൊക്കെ കാണും ഒരു കൂട്ടത്തില്‍. അങ്ങോട്ടുമിങ്ങോട്ടും തത്തിക്കളിയും ചാടലും തന്നെ. വന്നു വന്നു സിറ്റ് ഔട്ടിലും കസേരയിലും വരെ  എത്തിത്തുടങ്ങി. ഇടക്കൊരു  രണ്ടു മിനിറ്റു നേരത്തേക്കു ബഹളത്തോടു ബഹളം. കണ്ണും ചെവിയും കേക്കില്ല. അവര്‍ക്കും സന്തോഷം തോന്നുന്നുണ്ടാവുമോ? അല്ലാ, അവര്‍ സന്തോഷിക്കാതിരിക്കുന്നതെന്തിനു്. അവര്‍ക്കു് തിന്നാന്‍ ചക്ക പഴുത്തതുണ്ട്‌, പപ്പയ പഴുത്തിട്ടുണ്ട്‌, പേരക്ക ഉണ്ട്‌., കശുമാമ്പഴം ഉണ്ട്‌., ചെറുപഴം ഉണ്ട്‌. പോരേ ഇത്രയൊക്കെ, ഒരു കൊച്ചുസദ്യക്കു്?

P3300006

P4080070

ഇതൊന്നും എനിക്കിഷ്ടല്യ, വേറെ വല്ലതും കിട്ടുമോന്നു നോക്കട്ടെ.

പക്ഷേ ഇതൊന്നുമാവില്ല ഇന്നെന്റെ മനസ്സിന്റെ തെളിച്ചത്തിനുള്ള കാരണം – ഇതൊക്കെ എന്നുമുള്ളതാണല്ലോ. വിഷുവല്ലേ വരുന്നതു്  എന്ന മനസ്സിന്റെ തോന്നലാവാം. കൊന്നയില്‍ നിറയെ പൂക്കള്‍. ഇന്നലെ പെയ്ത മഴയില്‍ താഴെ മുറ്റത്തും ഒരു മഞ്ഞപ്പരവതാനി. ഒരു ചെറിയ കാറ്റത്തുപോലും പൂക്കള്‍ കൊഴിയുന്നു, പുഷ്പവൃഷ്ടി പോലെ..

  വിഷുപ്പക്ഷിയുടെ പാ‍ട്ട് “കള്ളന്‍ ചക്കേട്ടു, കണ്ടാ മിണ്ടണ്ടാ, കേട്ടാ പറയണ്ട ……” അതും കേട്ടു ഒന്നോ രണ്ടോ പ്രാവശ്യം (അതോ അതും എനിക്കു തോന്നിയതോ!). ഇത്രയൊക്കെ പോരേ ഒരു ശരാശരി മലയാളിയുടെ  മനസ്സിനു സുഖം തോന്നാന്‍. ഞാനങ്ങിനെയാണ്,‍‍. ഓണക്കാലമായാലും വിഷുക്കാലമായാലും എല്ലാം പതിവുപോലെ.   എന്നാലും എന്റെ മനസ്സിലൊരു സുഖം, സന്തോഷം തോന്നും, കാരണമൊന്നുമില്ല, എന്നാലും.. കൊച്ചു കൊച്ചു കാര്യങ്ങള്‍ മതി സന്തോഷിക്കാന്‍, വിഷമിക്കാനും അതു മതി. ഞാനൊരു തൊട്ടാവാടി ആണെന്നാ അമ്മ പറയാറ്.

P3310014

                കണ്ണനും കണ്ണിനും കണിയായ്………

P3220022

അങ്ങനെ  ഒരു വിഷു കൂടി വരുന്നു. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ.

എഴുത്തുകാരി.

Friday, April 3, 2009

നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത

“വല്യ കഷ്ടാട്ടോ കാര്യം. ഒരു പണിക്കും ആളെ കിട്ടില്യാന്നു വന്നാലു്. പറമ്പ് കിളക്കലില്ല ഇപ്പോ.തെങ്ങ് കയറീട്ടാണെങ്കില്‍  3 മാസമായി. എപ്പഴാ തേങ്ങ തലേല് വീഴണതാവോ?“

നമ്മുടെ നാട്ടില്‍ എപ്പോഴുമെവിടേയും കേള്‍ക്കുന്ന ഒരു പരാതി. വെറും പരാതിയല്ലാട്ടോ, സംഗതി സത്യം തന്നെയാണ്.

എന്നാല്‍ ഞാന്‍ പറഞ്ഞുതരാം നിങ്ങള്‍ക്കൊരു പരിഹാരം. ദാ നോക്കൂ --

P2050116

P2050117 

ഫോണ്‍ നമ്പര്‍ കുറിച്ചെടുത്തില്ലേ? പ്രവാസികള്‍ ഭാര്യമാരോട് പറയുക. ഭാര്യമാരില്ലാത്തവര്‍ അമ്മയോട് (അഛനോടായാലും കുഴപ്പമില്ല) പറയുക.

ഇനി പണിക്ക് ആളെ കിട്ടുന്നില്ല എന്ന ഒരു പരാതി ഉണ്ടാവരുതു്. എത്രപേരു വേണമെന്ന് പറഞ്ഞാ മതി. രാവിലെ 8 മണിക്ക് വണ്ടി വിത്ത് പണിക്കാര്‍ ആന്‍ഡ് ‍പണി ആയുധങ്ങള്‍, റെഡി നിങ്ങളുടെ വീട്ടു പടിക്കല്‍.  5 മണിക്ക് പണി കഴിയുമ്പോള്‍ വീണ്ടും വണ്ടി വരും തിരിച്ചുകൊണ്ടുപോകാന്‍. ഉച്ച ഭക്ഷണം അവര്‍ കൊണ്ടുവരും, എന്നു വച്ചാല്‍ കുറച്ചു സമയലാഭം ഉണ്ടെന്നര്‍ഥം.

പിന്നെ ഒരേ ഒരു പ്രശ്നം മാത്രം. മലയാളം ഒട്ടും അറിയില്ല. എല്ലാരും തമിഴന്മാര്‍‍‍‍. തമിഴ് നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ളവര്‍.. കുറച്ചു കഴിയുമ്പോള്‍ ഒന്നുകില്‍ നമ്മള്‍ തമിഴ് പഠിക്കും അല്ലെങ്കില്‍ (മണി പറയുന്നതുപോലെ)‍അവര്‍ മലയാളം പഠിക്കും.

ഇരിഞ്ഞാലക്കുട ആണു് ആസ്ഥാനം. അവര്‍ക്കവിടെ താമസസ്ഥലം, ഭക്ഷണം എല്ലാം സ്പോണ്‍‍സര്‍ തന്നെ ഒരുക്കിയിട്ടുണ്ട്. പിന്നെന്താ, കിട്ടുന്ന കൂലിയില്‍ നല്ലൊരു  പങ്ക് ഈ സ്പോണ്‍സര്‍ക്ക് കൊടുക്കണമെന്നു മാത്രം.. എന്നാലും അവര്‍ക്കിതു നമ്മള്‍ (പണ്ട്) “ഗള്‍ഫില്‍ പോകുന്ന പോലെ” ആണത്രേ.

എന്താ കൂട്ടുകാരേ, സന്തോഷവാര്‍ത്തയല്ലേ ഇതു്?

 

എഴുത്തുകാരി.