Tuesday, April 8, 2014

വേനൽമഴയിൽ....

തരക്കേടില്ലാത്ത ഒരു മഴ.  ഇടിമിന്നലുകളുടെ അകമ്പടിയോടെ. പ്രതീക്ഷിക്കാത്തതല്ല, ദിവസങ്ങളായി കാത്തിരുന്നതുമാണ്.

പുതുമഴയുടെ, പുതുമണ്ണിന്റെ ഗന്ധം. എന്താ പറയേണ്ടതു് അതിനെ. മനസ്സിനെ മഥിക്കുന്ന  വല്ലാത്ത ഒരു അനുഭവമാണില്ലേ അതു്.  പേരറിയാത്ത ഒരു വികാരം.

മഴ പെയ്തൊഴിഞ്ഞ ഈ സന്ധ്യക്കു്,  തണുത്ത കാറ്റിൽ,  മഴയിൽ കുളിച്ചുനിൽക്കുന്ന പ്രകൃതിയെ  നോക്കി വർഷങ്ങൾക്കു ശേഷം ഈ പൂമുഖത്തിങ്ങനെയിരിക്കുമ്പോൾ എന്തൊക്കെയാനെന്റെ മനസിലൂടെ കടന്നുപോവുന്നതു്.  ആർത്തിരമ്പി വരുന്ന ചിന്തകളുടെ വേലിയേറ്റവും വേലിയിറക്കവും.

വീണ്ടും തിരിച്ചെത്തിയിരിക്കുന്നു നാട്ടിൽ. മാസങ്ങൾ, വർഷങ്ങൾ നീണ്ട പലായനത്തിനു വിരാമമിട്ടുകൊണ്ട്.  ഒരേകാന്തവാസത്തിനു്.

ശുഷകമായിരിക്കുന്നു എന്റെ തോട്ടം.  അവിടെ നിന്നു തുടങ്ങാം.  എല്ലാം ഒന്നേന്നു തുടങ്ങണം. കായ്ക്കാറായ മുന്തിരിച്ചെടി പോയി.  കലപിൽ കൂട്ടുന്ന പൂത്താങ്കീരികൾക്ക്  ചേക്കേറാനുമുള്ള പേരമരവും   പോയി, യാത്ര പോലും പറയാതെ.  ഞാനിട്ടുകൊടുക്കുന്ന ധാന്യ മണികൾ  കൊത്തിത്തിന്നാൻ കിളികളും,  ചട്ടികളിൽ കൂട് കൂട്ടാനെത്തുന്ന അടയ്ക്കാ കുരുവികളും  വന്നു തുടങ്ങി.

ഞാൻ തിരിച്ചുവരുന്നു,  പഴയ ജീവിതത്തിലേക്ക്.  ബൂലോഗത്തേക്കും, നീണ്ട ഒരു വർഷത്തിനു ശേഷം.

എന്റെ പഴയ കഥാപാത്രങ്ങളൊക്കെ ഇപ്പോഴുമുണ്ടിവിടെ. രാമേട്ടനും അപ്പുവും അമ്മിണിടീച്ചറുമൊക്കെ.  അതുകൊണ്ട് കഥകൾക്ക് പഞ്ഞമുണ്ടാവാൻ വഴിയില്ല.

വിഷു എത്തിയല്ലോ. കണിക്കൊന്ന നിറയെ പൂത്തിരുന്നു. ഇനി കുറച്ചേ ബാക്കിയുള്ളൂ.  ചക്കയും മാങ്ങയും ഇഷ്ടം പോലെ. കണ്ടോ, ഈ കൊച്ചു മൂവാണ്ടൻ  മാവ് നിറയേ മാങ്ങ.
എഴുത്തുകാരി.