Thursday, February 11, 2010

എന്റെ പ്രണയം......

പ്രണയികളുടെ ദിനം.  എനിക്കിതുവരെ മനസ്സിലായിട്ടില്ല അങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യം. അല്ലാ, എനിക്കു മനസ്സിലായിട്ടില്ലെന്നു വച്ചിട്ടു് അതിനിയിപ്പോ വേണ്ടെന്നു വച്ചാല്‍ എത്രയെത്ര രൂപയാ നഷ്ടം ജ്വല്ലറിക്കാര്‍ക്ക്, കടക്കാര്‍ക്കു്, പിന്നെ പലര്‍ക്കും!  ഇനിയിപ്പോ അങ്ങിനെ ഒരു ദിവസം ഉണ്ടെന്നു വച്ചിട്ടു് എനിക്കു പ്രത്യേകിച്ചു നഷ്ടമൊന്നുമില്ലല്ലോ.

സ്വന്തം മനസ്സില്‍ മറ്റാരോടോ, മറ്റെന്തിനോടോ തോന്നുന്ന കടുത്ത ഇഷ്ടം. അതല്ലേ, അതു  തന്നെയല്ലേ പ്രണയം?

ഞാനും പ്രണയിക്കുന്നു. എനിക്കു പ്രണയിക്കാതിരിക്കാന്‍ കഴിയുന്നില്ല.. അത്രക്കിഷ്ടമാണ്. ഒരു നിമിഷം പോലും കാണാതിരിക്കാനാവില്ല. എപ്പഴും ഉണ്ടാവും എന്റെ കൂടെ. എന്റെ മുഖമൊന്നു വാടിയാല്‍ എന്നെ തഴുകി തലോടാന്‍ വരും.  ഒരു കുഞ്ഞു സങ്കടം എന്റെ യുള്ളില്‍ തോന്നിയാല്‍  ഒപ്പം നടന്നാല്‍ തീരും. വാലന്റൈന്‍സ് ദിനത്തില്‍ ഒരു റോസാപ്പൂവല്ല,  എന്നും രാവിലെ ‍ എത്രയെത്ര പൂക്കളാ എനിക്കു തരുന്നതു്.

പകലത്തെ അധ്വാനത്തിന്റെ ക്ഷീണം മുഴുവന്‍ ഉറങ്ങിതീര്‍ത്തു്, രാവിലെ ഉറക്കമുണരുമ്പോള്‍, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു് പുറത്തു കടക്കുമ്പോള്‍‍, എന്നെ സ്വീകരിക്കുന്ന അവളെ എനിക്കു പ്രണയിക്കാതിരിക്കാനാവില്ല. അവള്‍ മറ്റാരുമല്ല, ഈ പ്രകൃതി. അവളാണെന്റെ പ്രണയിനി.

തണുത്ത പ്രഭാതം.  ഇതാ കിഴക്കുദിക്കില്‍ സ്വര്‍ണ്ണത്തേരേറി വരുന്നു ഉദയസൂര്യന്‍. അവളുമായി സല്ലപിക്കാന്‍ ഇപ്പോ നേരമില്ല. ഇത്തിരി കഴിയട്ടെ.

അടക്കാ കുരുവികള്‍ ഒരു പേടിയുമില്ലാതെ എന്റെ പൂച്ചട്ടിയില്‍  കൂടുവക്കുന്നു. കുഞ്ഞുങ്ങള്‍ക്കു തീറ്റ കൊണ്ടുകൊടുക്കുന്ന അമ്മക്കിളി. കാവലിരിക്കുന്ന അഛന്‍ കിളി.  ചെമ്പോത്തും അവന്റെ കാമുകിയും. അണ്ണാരക്കണ്ണന്റെ കൂട്ടുകുടുംബം. കേറിയും മറിഞ്ഞും കളിയോടു കളി. പൂത്താങ്കീരികള്‍ കലപില കൂട്ടിക്കൊണ്ടേയിരിക്കുന്നു.

എങ്ങിനെ നിറങ്ങള്‍ ഇതുപോലെ ചാലിച്ചെടുക്കാന്‍ കഴിയുന്നു എന്നത്ഭുതപ്പെടുത്തിക്കൊണ്ട്  മുറ്റത്തു് വിരിഞ്ഞു നി‍ല്‍ക്കുന്ന പല നിറത്തിലുള്ള പൂക്കള്‍. പൂമ്പാറ്റകളും, തുമ്പികളും. പൂക്കള്‍ക്കോ പൂമ്പാറ്റകള്‍ക്കോ  സൌന്ദര്യം കൂടുതല്‍!‍  അറിയില്ല.

ഇലഞ്ഞി പൂത്തിട്ടുണ്ട്.  അപ്പുറത്തെ വീട്ടിലെ അരളിയും.  കാറ്റില്‍ ഒഴുകിവരുന്ന സുഖകരമായ സുഗന്ധം. കുറച്ചപ്പുറത്തു മാറി പുഴ, നിറയെ വെള്ളമുണ്ട്. ആ കല്പടവിലിരുന്നൊന്നു കണ്ണടച്ചാല്‍  മുന്നില്‍ കാണാം കുട്ടിക്കാലം.അതിനുമപ്പുറം നിരന്നു നില്‍ക്കുന്ന തെങ്ങുകള്‍. ‍ കാറ്റില്‍ പറക്കുന്ന തെങ്ങോലകള്‍. വലിയ ആല്‍മരവും നൃത്തം വക്കുന്ന  ആലിലകളും.

ഇതെല്ലാം  കണ്ടിട്ടു് ഇന്നെനിക്കവളോട് വല്ലാത്തൊരിഷ്ടം തോന്നുന്നു.

ആകാശവാണിയില്‍  ദാസേട്ടന്‍ പാടുന്നൂ,
“ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃ‌ദയങ്ങളുണ്ടോ ............. ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി ........."

ഇവളെ  പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കാ കഴിയുക? എനിക്കു കഴിയില്ല. എനിക്കു കടുത്ത പ്രണയമാണവളോട്.

എഴുത്തുകാരി.

വാല്‍ക്കഷണം:

ബൂലോഗവാസികള്‍‍ നല്ലൊരു പങ്കു് കടലിന്നക്കരെയും പട്ടണങ്ങളിലുമൊക്കെയാണെന്നറിയാം. അവരുടെ പ്രഭാതവും പ്രകൃതിയുമെല്ലാം എങ്ങിനെയാണെന്നു് അറിയില്ലാ, എനിക്കു്.  ഞാനൊരു പാവം നെല്ലായിക്കാരിയാണേയ്. ജനിച്ചതും വളര്‍ന്നതും ഇതുവരെ ജീവിച്ചതും (മൂന്നാലുകൊല്ലം ഒഴികെ) ഒക്കെ ഇവിടെ തന്നെ.