Tuesday, June 17, 2008

കപ്പയും കാന്താരി മുളകും, പിന്നെ ജാതിയും

ഇന്നു് കാര്യമായ മഴയില്ല.അല്ലെങ്കിലും ഈ വര്‍ഷം മഴക്കാലം എന്ന തോന്നലുണ്ടാവാന്‍ പാകത്തില്‍ മഴ പെയ്തിട്ടില്ല, ഇതുവരെ - ഇടവപ്പാതി കഴിഞ്ഞു മിഥുനമായി, എന്നിട്ടും. എന്തോ മഴക്കു പെയ്യാനൊരു മടിപോലെ. മൂടിക്കെട്ടി വരുന്നതല്ലാതെ പെയ്യുന്നില്ല. എന്നാല്‍ തീരെ ഇല്ലാതെയുമില്ല.

എന്തായാലുംമഴ തോര്‍ന്നനേരത്തു് പറമ്പിലേക്കൊന്നിറങ്ങി.അപ്പോള്‍ കിട്ടിയതാണിതൊക്കെ. ചൂടോടെ പോസ്റ്റുന്നു.

ഈ പടം നമ്മുടെ ശ്രീക്കുട്ടനു് ( ശ്രീയുടെ കപ്പമോഷണം)

കപ്പയും കാന്താരിമുളകു ചമ്മന്തിയും അല്ലെങ്കില്‍ കപ്പയും കഞ്ഞിയും !!.. എന്തു കോമ്പിനേഷന്‍ അല്ലേ!!- ഒരു സാധാരണ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും ഇതു തന്നെയായിരിക്കില്ലേ? കൊതിപ്പിക്കാന്‍ പറയുന്നതല്ലാട്ടോ. (എന്നാലും ‍എനിക്കറിയാം പലരുടേയും വായിലിപ്പോള്‍ കപ്പലോടിക്കാം).

നോക്കൂ, എന്തു കരുതലോടെയും ഭംഗിയോടെയുമാ പ്രകൃതി ആ വിത്തിനെ സൂക്ഷിച്ചിരിക്കുന്നതെന്നു്.




എന്തു ഭംഗി നിന്നെ കാണാന്‍.......... .




ഒറ്റക്കു് ഒരെണ്ണം മാറി ഇരിക്കുന്നതു കണ്ടോ(മുകളിലത്തെ പടത്തില്‍), ആശാനു് കശുവണ്ടിയുടെ ഛായയില്ലേ, സൂക്ഷിച്ചുനോ‍ക്കിയാല്‍. (ആരോടും പറയണ്ട, അടുത്തൊരു കശുമാവുണ്ടേയ്)

എഴുത്തുകാരി.

Friday, June 6, 2008

മാറുന്ന മുഖങ്ങള്‍, മുഖഛായകള്‍

എന്റെ നാടിന്റെ പഴയ മുഖം എവിടെ പോയി? പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ മനുഷ്യനെന്നപോലെ നാടിനും മാറാതിരിക്കാനാവില്ലല്ലോ അല്ലേ?

ഞങ്ങളുടെ നാടിന്റെ, നെല്ലായിയുടെ ഒരു land mark ആയിരുന്നു പടറ്ന്നു പന്തലിച്ച ആ ആലും ഭംഗിയായി കെട്ടിയ ആല്‍ത്തറയും. ചുരുങ്ങിയതു് 70 വറ്ഷമെങ്കിലും പ്രായമുണ്ടായിരുന്നിരിക്കും ആ ആല്‍ മുത്തശ്ശിക്കു്.

ഒരു രണ്ടു മാസം മുമ്പു വരെ അതവിടെ തലയുയര്‍ത്തി നിന്നിരുന്നു, ഞാനറിയാതെ ഇവിടെ ഒന്നും നടക്കില്ല എന്ന മട്ടില്‍. എന്നാല്‍ ഇന്നില്ല.

ഒരു നാടിന്റെ മുഴുവന്‍ രഹസ്യങ്ങള്‍ നിശ്ശബ്ദയായി കണ്ടു നിന്നിരുന്നു. അതായിരുന്നു, ബസ്സ് സ്റ്റോപ്പ്‌. ബസ്സു കാത്തു നിന്നവര്‍ക്കു തണലേകി, എത്രയോ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വേദിയായി, ഒരു വശത്തു് ചെറുപ്പക്കാരുടെ, മറുവശത്തു പ്രായമായവരുടെ, സംഘം ചേര്‍ന്നുള്ള ചര്‍ച്ചകള്‍, അങ്ങിനെ എന്തെല്ലാം എന്തെല്ലാം.

ഇതിനെല്ലാം പുറമേ എത്രയോ സഫലവും വിഫലവുമായ പ്രേമങ്ങള്‍ അരങ്ങേറിയിരിക്കുന്നു, ആ തണലില്‍.സഫലമായവര്‍ കുഞ്ഞുങ്ങളേയും കൊണ്ട്‌ വീണ്ടും ആ തണലില്‍ വന്നപ്പോള്‍ (ബസ്സ്റ്റോപ്പ് ആയിരുന്നല്ലോ) പഴയ കാലങ്ങള്‍ അയവിറക്കിയിരിക്കാം.

‍ അങ്ങിനെ എത്രയെത്ര കഥകള്‍. ഇന്നു് അതെല്ലാം ഓര്‍മ്മകള്‍ മാത്രം. വെറും പഴങ്കഥ. ഇന്നു ആ ആല്‍മുത്തശ്ശിയുടെ അടയാളം പോലുമില്ല, പകരം പുതിയ റോഡ് വന്നുകൊണ്ടിരിക്കയാണ്. ധ്രുതഗതിയില്‍ പുരോഗമിക്കുന്നു, പണികള്‍.

വരും തലമുറയ്ക്കു പണ്ട് പണ്ട്‌ ഇവിടെ ഒരു ആല്‍മരം ഉണ്ടായിരുന്നു എന്നു പറഞ്ഞുകൊടുക്കാം.

വികസനം വേണ്ടെ‍ന്നല്ലാ, ആവശ്യവുമാണു്. എന്നാലും, പരിസ്ഥിതി ദിനമായ ഇന്നു്, പുതിയ മരങ്ങള്‍ വച്ചു പിടിപ്പിക്കാനുള്ള ആഹ്വാനം കേട്ടപ്പോള്‍ അറിയാതെ മനസ്സിലേക്കോടി വന്നുപോയി ആ ആല്‍മരം.

എവിടെ പോയിരിക്കും, അതില്‍ ചേക്കേറിയിരുന്ന കിളികളത്രയും?

വാല്‍ക്കഷണം: നീണ്ട രണ്ടര മാസമായി ഞാന്‍ ഈ ബ്ലോഗുലോകത്തുനിന്നു, പോയിട്ട്, ചില പ്രത്യേക സാഹചര്യങ്ങളാല്‍. അത്ര നല്ല‍ ബ്ലോഗറൊന്നും ആയിരുന്നുമില്ല. എന്നിട്ടും, ചില ബൂലോഗ സുഹൃത്തുക്കളൊക്കെ അന്വേഷിച്ചിരുന്നു, എവിടെപ്പോയി ഈ എഴുത്തുകാരി എന്നു്. സന്തോഷമുണ്ട്‌ കൂട്ടുകാരേ.

എഴുത്തുകാരി.