Monday, April 2, 2012

നഷ്ടമാവുന്ന വേരുകള്‍….

പുഴക്കരയിലൊരു വീട്.  വീട്ടില്‍നിന്നിറങ്ങാം  പുഴക്കടവിലേക്കു്.  പണ്ടൊക്കെ ഒരു  ചെറിയ വഞ്ചിയുണ്ടാവുമായിരുന്നു അക്കരെയുള്ള മിക്ക വീടുകളിലും. എല്ലാവര്‍ക്കും അറിയാം  വഞ്ചി തുഴയാന്‍. ‍ തോണി തുഴഞ്ഞ് ഇക്കരെയെത്തിയാല്‍ നെല്ലായി സിറ്റിയായി. ഇവിടത്തെ അങ്ങാടിയില്‍ കിട്ടാത്തതൊന്നുമില്ല.‍   ഉപ്പ്  തൊട്ട് കര്‍പ്പൂരം വരെ എല്ലാമുണ്ട്

സാമിയുടെ പലചരക്കു കട, റേഷന്‍ പീടിക, വാസുവിന്റെ  മുറുക്കാന്‍ കട/പെട്ടിക്കട, രാമന്‍ കുട്ടിനായരുടെ ചായപ്പീടിക, രാവുണ്ണിയുടെ ബാര്‍ബര്‍ ഷാപ്പ്,  ശിവരാമന്റെ  തുന്നല്‍ക്കട. നടുവില്‍ ബസ്സ് സ്റ്റോപ്പും  തണല്‍  വിരിച്ചു നില്‍കുന്ന ആലും ആല്‍ത്തറയും. അതിനു താഴെയാണ് നാട്ടിലെ കൂട്ടം കൂടലു മുഴുവനും.  നിരവധി പൂവണിഞ്ഞതും പൂവണിയാത്തതുമായ പ്രണയങ്ങള്‍ക്കു നിശബ്ദസാക്ഷി. ഇത്തിരി അങ്ങോട്ട് നീങ്ങിയാല്‍ വടക്കേ നെല്ലായില് കള്ള് ഷാപ്പ്. ഇത്രേയുള്ളൂ നെല്ലായി അങ്ങാടി. അതുപോലുമില്ലാത്ത അക്കരെക്കാര്‍ക്ക്   ഇതൊരു സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ.  സ്ത്രീകളും കുട്ടികളുമെല്ലാം വഞ്ചി തുഴഞ്ഞ് വരും. അമ്പലക്കടവില്‍  വഞ്ചി കെട്ടിയിട്ട്, നെല്ലായി സൂപ്പര്‍ മാര്‍ക്കറ്റും, അതു പോരെങ്കില്‍ ഇത്തിരീം കൂടി വല്യ  കൊടകരേലോ പുതുക്കാടോ പോയി  വരുമ്പോഴേക്കും ഇക്കരെയുള്ള കുട്ടികള്‍ക്കു്   ഇത്തിരി നേരം   വഞ്ചിയും കളിക്കാം.

ഇതൊക്കെ പഴങ്കഥ.  തല്‍ക്കാലം   ഓര്‍മ്മകളെ  അവിടെ നിര്‍ത്തിയിട്ട് ഞാന്‍ തിരിച്ചുവരാം. അയവിറക്കലൊക്കെ പിന്നെയാവാം.

പറഞ്ഞുവന്നതിതൊന്നുമല്ല, തമാശയുമല്ല, വേരുകള്‍ നഷ്ടപ്പെടുന്ന ഒരുപാട് അഛന്മാരുടെ, അമ്മമാരുടെ കഥ.‍

പുഴക്കരയില്‍ ഒന്നര ഏക്കര്‍ സ്ഥലം.   അതിനു നടുവിലൊരു വീട്. അതില്‍  മാവുകള്‍ പലതരം- സുന്ദരി മാവ്, തൊലികയ്പന്‍, കിളിച്ചുണ്ടന്‍,   വല്യ വല്യ ചക്ക മരങ്ങള്‍  (എന്നു വച്ചാല്‍ പ്ലാവ് തന്നെ) , പേരക്ക, കടച്ചക്ക (ശീമച്ചക്ക), കുടപ്പുളി, ഇരുമ്പന്‍ പുളി, നെല്ലി, അരിനെല്ലി, എല്ലാമുണ്ട്.  തെങ്ങ്, കവുങ്ങ്, ജാതി എന്നിവയും. പ്ലാശ്, പുളി എല്ലാമുണ്ട്, ചുരുക്കത്തില്‍ പണ്ടത്തെ ഒരു പറമ്പില്‍ എന്തൊക്കെയുണ്ടാവുമോ, അതൊക്കെയുണ്ട്.  ആ അമ്മയുടെ  ഭാഷയില്‍ പറഞ്ഞാല്‍ ഒരു മഴ പെയ്താല്‍  പഴുത്ത ചക്കേം മാങ്ങേം വീണീട്ട് ചളിപിളിയാവും. ചവിട്ടീട്ട് നടക്കാന്‍ വയ്യാണ്ടാവും.   

അതിനു നടുവിലാണ് വീട്. 5 പെണ്മക്കള്‍ അവര്‍ക്ക് താഴെ ഒരു മകനും.  വീട് നിറയേ ആളുകള്‍. കല്യാണം കഴിച്ചുകൊണ്ട് വന്നു്  പത്ത്നാല്പത്തഞ്ച് വര്‍ഷം അവരവിടെ ജീവിച്ചു. പ്രായം 70 കഴിഞ്ഞു.  മൂത്ത പെണ്മക്കളുടെ മക്കളുടേയൊക്കെ കല്യാണം കഴിഞ്ഞുതുടങ്ങി. 4 വര്‍ഷം മുന്‍പ് ഭര്‍ത്താവു മരിച്ചപ്പോള്‍ നാട് വിട്ട് അവര്‍ക്കീ നഗരത്തിലേക്കു ചേക്കേറേണ്ടിവന്നു. മകനും ഭാര്യയും ഈ നഗരത്തിലെ ഐ ടി ജീവനക്കാര്‍.   അവര്‍ ഇവിടെ ഒരു പ്ലോട്ട്  വാങ്ങി വീട് പണിയാനുള്ള ഒരുക്കത്തിലാണ്. അടുത്തൊന്നും നാട്ടിലേക്കു തിരിച്ചുപോകാമെന്ന പ്രതിക്ഷയില്ലല്ലോ.

നാട്ടിലെ സ്ഥലത്തിന്റെ കച്ചവടം  ശരിയായിരിക്കുന്നു. നല്ല വില കൊടുത്ത് (ഒരു കോടി) അതു വാങ്ങാന്‍ ഒരാള്‍ വന്നിരിക്കുന്നു. കരാറെഴുതി സമയം പോലും വേണ്ടാ, എത്രയും വേഗം ആധാരം നടത്താന്‍  തയ്യാറുള്ള ഒരാള്‍.  അത്രയധികം ഇഷ്ടമായത്രേ ആ സ്ഥലം.  എങ്ങിനെ ഇഷ്ടമാവാതിരിക്കും, കേട്ടിട്ട് എനിക്കു തന്നെ ഇഷ്ടം തോന്നുന്നു. (ഇഷ്ടമേയുള്ളൂ, കാശില്ല).

അവരിപ്പോള്‍ നാട്ടില്‍ പോയിരിക്കയാണ്, അതുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിനു്.  അതു മാത്രമല്ല, നാട്ടില്‍ അമ്പലത്തില്‍ ഉത്സവമാണ്.  ഈ വര്‍ഷം കൂടി  എല്ലാരും കൂടി ആ വീട്ടില്‍ ഒത്തുകൂടാന്‍. പെണ്മക്കളോടും പേരക്കുട്ടികളോടുമൊക്കെ വരാന്‍ പറഞ്ഞിരിക്കയാണ്.  ഇനി അവിടെ  ആഘോഷങ്ങളില്ലല്ലോ അവര്‍ക്കു്. 

ഇന്നലെ ആ അമ്മ എന്നോടൊരുപാട് നേരം സംസാരിച്ചു. (നാട്ടില്‍ ഞങ്ങള്‍ ഒരു പുഴയുടെ (കുറുമാലിപ്പുഴ) അക്കരേയും ഇക്കരേയുമായിരുന്നു.  ഇവിടെ ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവും). അമ്മക്കറിയാം ഇനി തനിച്ചവിടെ നാട്ടില്‍ ചെന്നു നില്‍ക്കാനാവില്ലെന്നു്, ഇനിയുള്ള തന്റെ ജീവിതം ഇവിടെയാണെന്നു്. അല്ലെങ്കിലും രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ നാട്ടില്‍ പോകാറുള്ളൂ. അതും രണ്ടോ മൂന്നോ ദിവസം. ‍എന്നാലും നാട്, അവിടെ സ്വന്തമായിട്ടൊരു വീട്  ഉണ്ട്, എന്ന ആ തോന്നല്‍ തന്നെ ഇല്ലാതാവുക എന്നു വച്ചാല്‍! ഇനി ഇപ്പോള്‍ അതും  വേണ്ടല്ലോ. അമ്മയുടെ ഭാഷയില്‍ കൊടുത്ത പെണ്മക്കളുടെ വീട്ടില്‍  ചെന്നു നിക്കണതു് മോശമല്ലേ?

ആരെ എപ്പോ കണ്ടാലും മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യമല്ലേ, ഇനി എന്നാ നാട്ടില്‍ പോവുന്നേ എന്നു്.‍ അല്ലെങ്കില്‍ ഓണത്തിനു്, വിഷുവിനു് നാട്ടില്‍ പോവുന്നില്ലേ എന്നു്. ‍ഇനി  അങ്ങനെ ഒരു ചോദ്യത്തിനേ പ്രസക്തി ഇല്ലെന്നു വന്നാല്‍!

പെണ്മക്കള്‍ക്കൊക്കെ എന്തെങ്കിലും കൊടുക്കണം, എന്നാലും ബാക്കിയുണ്ടാവും. അതുകൊണ്ട് ഒരു ചെറിയ വീട് അവിടെ വാങ്ങാന്‍ ഞാനവനോട് പറഞ്ഞിട്ടുണ്ട്.   അതു കേക്കുമായിരിക്കും എന്ന മോഹത്തിലാണ് ആ അമ്മ.

ആ മകന്‍ അതു കേക്കുമായിരിക്കും, ഇല്ലേ?

 

എഴുത്തുകാരി.