Saturday, May 16, 2009

കഥയുടെ മറുപുറം

മാന്യമഹാജനങ്ങളെ (അല്ലെങ്കില്‍ അത്രക്കൊന്നും വേണ്ടാ) മാന്യസുഹൃത്തുക്കളേ (അതു മതി), നിങ്ങളുടെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുന്നു, എന്റെ കഴിഞ്ഞ പോസ്റ്റിലേക്കു്. എന്തുകൊണ്ടെന്നാല്‍ അതിന്റെ തുടര്‍ച്ചയാണിതു്. എന്നാലും അവിടെ പോയി നോക്കാനൊന്നും ആരും മിനക്കെടണ്ട. ഇതു വായിച്ചാല്‍ തന്നെ ധാരാളം.

കഥ  ഇതുവരെ. ഒരു അമ്മയും മകളും അവരുടെ മകനും അവരുടെ കുറച്ചു ഭൂമിയുടെ കാര്യത്തിനായി ചെന്നൈയില്‍ നിന്നു വരുന്നു. ഇതും ഇനി പറയാന്‍ പോകുന്നതും‍ കഥയല്ലാട്ടോ, വെള്ളം ചേര്‍ക്കാത്ത സത്യം. പേരുകള്‍ മാത്രം സാങ്കല്പികം.

അമ്മ – പാര്‍വ്വതി ചേച്ചി. മകള്‍ –രാജി. അവരുടെ മകന്‍ – ദിനേഷു്. ഇനിയാണ് മെയിന്‍ കഥാപാത്രം. പാര്‍വ്വതി ചേച്ചിയുടെ മരിച്ചുപോയ  സഹോദരന്റെ ഭാര്യ – ലത. ‍  ഇനി തുടര്‍ന്നു വായിക്കുക:-

പാര്‍വതി ചേച്ചിയുടെ മരിച്ചുപോയ സഹോദരന്റെ ഭാര്യ, ആ ചേച്ചിക്കു കൂടി അവകശപ്പെട്ട 15  സെന്റില്‍ 10 സെന്റ് തട്ടിയെടുത്തു. ഒരു സൌജന്യം പോലെ 5 സെന്റ് കൊടുത്തു.സ ഹോദരന്‍ മരിച്ചിട്ടും ആ ചേച്ചി കുറേക്കാലം അനിയന്റെ ഭാര്യയുടെ കൂടെയായിരുന്നു. അന്നവര്‍ ഈ പാവം പാര്‍വതി ചേച്ചിയെ പറഞ്ഞ് പറ്റിച്ചു‍ എല്ലാം അവരുടെ പേരിലാക്കി. ദേഹോപദ്രവം വരെ നടത്തിയിട്ടുണ്ടെന്നു്. ഇപ്പഴാ അവരിതൊക്കെ പറയുന്നതു്. ‍ആധാരമെല്ലാം ഒപ്പിട്ടു കഴിഞ്ഞപ്പോല്‍ മകളുടെ അടുത്തു കൊണ്ടാക്കി. മകളുടെ ഭര്‍ത്താവിന്റെ വീട്ടിലെ സ്ഥിതിയും അത്ര സുഖമല്ല.(അതു വേറെ കഥ). അതുകൊണ്ട് എങ്ങനെയെങ്കിലും ഈ വസ്തു വിറ്റുപോയിട്ട്‌ എന്തോ ഒരു പ്രശ്നം തീര്‍ക്കാനായിരുന്നു. ഈ അമ്മക്കും മകള്‍ക്കും ആരുമില്ല. മകളുടെ ഭര്‍ത്താവും വീട്ടുകാരും‍ കുറ്റപ്പെടുത്താനല്ലാതെ ഉപകാരത്തിനില്ല.

സന്ധ്യക്കു് അമ്പലമുറ്റത്തു്, ഇടവഴിയില്‍, എന്തിനു് നാലാളു കൂടുന്നിടത്തൊക്കെ ഒരാഴ്ച്ചയായി ചര്‍ച്ച ഇതു തന്നെയായിരുന്നു.പാര്‍വ്വതി എന്തിനാ ഇങ്ങിനെ ഒപ്പിട്ടു കൊടുത്തതു്, അവള്‍ക്ക് ഒപ്പിടുന്നതിനു മുന്‍പ്‌ നമ്മളോടൊരു വാക്കു് ചോദിക്കായിരുന്നില്ലേ, ഈ നെല്ലായില്‍ വന്നാല്‍ എവിടെ വേണെങ്കില്‍ അവള്‍ക്കു താമസിച്ചൂടേ, (അതു ഞാന്‍ കണ്ടു,  ആ മകള്‍ ഒരു ദിവസം കരഞ്ഞിട്ടാണെന്നോട് ചോദിച്ചതു്, ചേച്ചി ഇനി എനിക്കു് ഇവിടെ നിന്നു ചോറ് തരുമോ എന്നു്.പിന്നെ അവര്‍ പോകുന്നതുവരെ മോളും അവരുടെ മകനും  ഇവിടെ തന്നെയാ ഭക്ഷണം കഴിച്ചതു്!)ഒന്നു ഫോണ്‍ ചെയ്താല്‍ പോരേ,, അവളൊരു(ലത) പെണ്ണാണോ ഇതിനൊക്കെ അവള്‍ അനുഭവിക്കും.അങ്ങനെ പോകുന്നു.

നാട്ടിലില്ലാത്തവര്‍ ഫോണില്‍ വിവരങ്ങള്‍ തിരക്കുന്നു. മറ്റൊരു വശത്തു ഉപദേശങ്ങളുടെ പെരുമഴ. നിനക്കു കിട്ടിയാലും നിന്റെ കാലശേഷമേ മകള്‍ക്കു കൊടുക്കാവൂ, അവള്‍ നിന്നെ നോക്കുമെന്നെന്താണുറപ്പു്. ഇവിടെ ഇപ്പോ ഇത്ര വിലയുണ്ട്, അത്ര വിലയുണ്ട്, നീ അതില്‍ കുറഞ്ഞൊന്നും കൊടുക്കരുതു്……..

ചര്‍ച്ചകള്‍ക്കും ഉപദേശങ്ങള്‍ക്കും ഒരു ക്ഷാമവുമുണ്ടായില്ല. ഇപ്പോള്‍ അവരുടെ പ്രശ്നം എങ്ങിനെ പരിഹരിക്കാം എന്നു മാത്രം ആരും പറഞ്ഞില്ല.

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നു, അവര്‍ക്കു കാശും ഞാന്‍ സംഘടിപ്പിച്ചു കൊടുക്കേണ്ടി വരുമോ എന്നു്.അറം പറ്റിയതാണോന്നറിയില്ല, അവസാനം ആ സ്ഥലം എന്റെ തലയില്‍ വന്നു വീണു. എനിക്കതു വാങ്ങിയിട്ടൊരാവശ്യവും ഇല്ല, തല്‍ക്കാലം സ്ഥലം വാങ്ങാന്‍, ഉദ്ദേശവും ഇല്ലാ. ആ സ്ഥലത്തിനോട് പണ്ടുമുതലേ ഒരു ഇഷ്ടക്കുറവും. അമ്മയുള്ളപ്പഴേ പറഞ്ഞിരുന്നതാണു്, ആ വീട്ടില്‍ ഒരു സന്തോഷം/ഐശ്വര്യം, ഇതൊന്നും ഒരിക്കലും ‍ കണ്ടിട്ടില്ലെന്നു്. എന്റെ ഓര്‍മ്മയിലും ഇല്ല.എന്നാലും അവരെയൊന്നു് രകഷിക്കണം എന്നു തോന്നി. ആ സ്ഥലത്തിന്റെ ചീത്തത്തം അതു ഒരു നല്ല കാര്യത്തിനാണല്ലോ എന്നതുകൊണ്ട് കോമ്പന്‍സേറ്റ് ചെയ്തോളും എന്നു സ്വയം പറഞ്ഞു‍ വിശ്വസിപ്പിച്ചു. വീടിന്റെ അടുത്തല്ലേ, ഒരു square  plot  അതവിടെ കിടന്നോട്ടെ, അതിനു് ഭക്ഷണമൊന്നും കൊടുക്കണ്ടല്ലോ, എന്നൊക്കെ കരുതി.തിങ്കളാഴ്ച തീരുമാനമെടുത്ത് ബുധനാഴച തീറും കഴിഞ്ഞു അവര്‍ കാശും കൊണ്ട് പൊയ്ക്കോട്ടെ എന്നു തീരുമാനിച്ചു. 

വില്ലേജുകാര്‍  സ്ഥലം അളക്കാന്‍ വന്നപ്പോഴും.  മേല്‍ പറഞ്ഞ സഹോദര ഭാര്യ പ്രശ്നമുണ്ടാക്കി, square കൊടുത്താല്‍‍ സ്വന്തം ഭൂമി പിന്നീട് വില്‍ക്കാന്‍ ബുദ്ധിമുട്ടാവും എന്ന കാരണം പറഞ്ഞു്. ചുരുക്കത്തില്‍ square plot അല്ലാതായി. അതും പോട്ടേന്നു വച്ചു.

പക്ഷേ ബുദ്ധിമുട്ടിയിട്ടൊരു കാര്യവും ഉണ്ടായില്ല. അവസാന നിമിഷത്തില്‍ അനിയന്റെ ഭാര്യ പുതിയ ഒരു തടസ്സവും പറഞ്ഞു റ്ജിസ്റ്റ്രഫീസില്‍ ഒരു പരാതി കൊടുത്തു. അവര്‍ ഇനിയും പ്രശ്നമുണ്ടാക്കുമെന്നൊക്കെ പറഞ്ഞു്. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഇനി നമുക്കിതു വേണ്ടാ എന്ന്. കയ്യിലിരിക്കുന്ന കാശു കൊടുത്തു് കടിക്കണ പട്ടിയെ വാങ്ങണോ? തുടക്കത്തിലേ തടസ്സം. ഞാനിതു വാങ്ങാതിരിക്കാന്‍ ദൈവം ഒരു സിഗ്നല്‍ തന്നതാണോന്നു പോലും തോന്നി എനിക്കു്.

എനിക്കു കുറച്ചു കാശ് നഷ്ടം വന്നു,  കുറച്ചു ഡെപ്പോസിറ്റുകള്‍ കാലാവധി ആവാതെ ക്ലോസ് ചെയ്തപ്പോള്‍, ലോക്കറിലുള്ള സ്വര്‍ണ്ണമെടുത്തു പണയം വച്ചപ്പോള്‍ (ഡെപ്പോസിറ്റ് ക്ലോസ് ചെയ്യുന്നതിനേക്കാള്‍ ലാഭമല്ലേ കാര്‍ഷികാവശ്യത്തിനു പണയം വക്കുന്നതു് എന്ന അതിബുദ്ധി). കുറേ നടന്നു. ഒരു ദിവസം പണം സംഘടിപ്പിക്കാന്‍, പിറ്റേന്നു അത് തിരിച്ചു ബാങ്കില്‍ തന്നെ കൊണ്ട്ടെത്തിക്കാനും.

ഇന്നലെ അവര്‍ പോയി.

ഇത്ര ശ്രമിച്ചിട്ടും ഒന്നും നടന്നില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി. ഞാന്‍ ആ കുട്ടിയേയും അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.ഫ്രിഡ്ജില്‍  വച്ചിരുന്ന    ചോക്ലേറ്റ് ആരും  അറിയാതെ സൂത്രത്തില്‍ അവന്‍ അടിച്ചു മാറ്റുന്നുണ്ടായിരുന്നു.  ഞാന്‍ കണ്ടിട്ടും കണ്ടില്ലെന്നു വച്ചു. പോകാന്‍‍    നേരത്തു   കുറച്ചു് അവനു് കൊടുത്തയക്കുകയും ചെയ്തു. ഇപ്പോള്‍ അവന്‍ പോയിട്ടും അവന്‍ ആ ദിവാനില്‍ കിടന്നു ടി വി കാണുന്നതുപോലെ.. കഴിഞ്ഞ പോസ്റ്റില്‍ ഒരു സുഹൃത്തു (അനുരൂപ്) കമെന്റിയിരുന്നപോലെ അവന്‍  പോയിക്കഴിഞ്ഞപ്പോള്‍ ഒരു ശൂന്യത. 

അവിടെ എത്തിയിട്ടവള്‍ വിളിച്ചിരുന്നു എത്തി എന്നറിയിക്കാന്‍. അങ്ങോട്ടു വിളിക്കണമെന്നുണ്ടായിരുന്നു പക്ഷേ സുഖകരമല്ലാത്തതായിരിക്കും കേള്‍‍ക്കേണ്ടി വരുക എന്നു തോന്നുന്നതുകൊണ്ട് എനിക്കവളെ വിളിക്കാന്‍ തോന്നുന്നില്ല.

ഒരാഴ്ച്ച താമസിച്ചു്, അവരുടെ വേദന‍ എന്റേയും കൂടി വേദനയാക്കി  തിരിച്ചുപോയി അവര്‍. എനിക്കൊന്നു സഹായിക്കാന്‍ പോലും കഴിയാതെ.

എഴുത്തുകാരി.

27 comments:

Typist | എഴുത്തുകാരി said...

ഈ ഒരാഴ്ച കൊണ്ട്‌ എന്തൊക്കെയാ നടന്നതു്?
ശൂന്യതയില്‍ നിന്നെന്നപൊലെ അവര്‍ വന്നു. സംഭവ ബഹുലമായ കുറച്ചു ദിവസങ്ങള്‍. എന്നിട്ടു് ഒന്നും നടന്നുമില്ല. കുറച്ചുകൂടി സങ്കടത്തോടെ തിരിച്ചുപോയി.
എനിക്കവര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയുമില്ല.

Anonymous said...

അവസാനം ചേച്ചി ശരിക്കും തോറ്റു തോറ്റു തൊപ്പിയിട്ടു
വീണ്ടും ചേച്ചിയുടെ ആ വലിയ മനസ്സ് വിജയിച്ചു
അല്ലെങ്കില്‍ ആ കുട്ടിയുടെ മുന്‍പില്‍ തോറ്റു.
ആ തോല്‍വി വലിയ ഒരു വിജയവും മനസ്സിന്റെ!

കണ്ണനുണ്ണി said...

ഒരുപാട് പേര്‍ വന്നും പോയും ഇരിക്കും..പക്ഷെ ജീവിതം ഇനിയും ഒഴുകികൊണ്ടിരിക്കും ചേച്ചി.. ഈ വിഷമം ഒക്കെ ഒരു ചെറിയ കാലം കൊണ്ട് മറന്നോളും...

കാസിം തങ്ങള്‍ said...

ഇത്രയൊക്കെ റിസ്കെടുത്തിട്ടും അവരുടെ പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കാന്‍ കഴിയാഞ്ഞത് സങ്കടമായി.

Prayan said...

അയ്യൊ....ഇതിനൊന്നും ഇങ്ങ്നെ സങ്കടപ്പെടല്ലെ.....നമ്മളെപ്പോലുള്ളോര്‍ക്ക് ഇതൊക്കെ പറഞ്ഞിട്ടുള്ളതാ..... അവരിനീം വരും ...അവരല്ലെങ്കില്‍ അവരെപോലെ വേറാരെങ്കിലും.(അടിക്കല്ലെ)

Sands | കരിങ്കല്ല് said...

:)

അനില്‍@ബ്ലോഗ് said...

എഴുത്തുകാരി,
അപ്പോള്‍ ശരിക്കും കാശു പോയല്ലെ, സാരമില്ല കുറച്ചല്ലേ പോയുള്ളൂ. സിവില്‍ കേസുമായി കോടതി കേറിയിറങ്ങുക അത്ര നല്ല കാര്യമല്ലാത്തതുകൊണ്ട് സ്ഥലം വാങ്ങാത്തതിനു വിഷമിക്കണ്ട.
:)

യൂസുഫ്പ said...

ഒരാഴ്ച കൊണ്ട് ധിം തരികിടതോം.. അല്ലേ.?

സഹിക്കാതെ തരല്യ.

വികടശിരോമണി said...

ഒരു വേള പഴക്കമേറിയാൽ
ഇരുളും മെല്ലെ വെളിച്ചമായ് വരും...
അങ്ങനെ അതു കഴിഞ്ഞു,ല്ലേ?
കാലം മെല്ലെ ഓർമ്മകളേയും മായ്ച്ചുകളയും,പിന്നെ സുഖകരമായ ഒരു സ്മരണയായി എന്നെങ്കിലും ഇതും ഓർത്താലായി.
ഗൂഗുളിന്റെ ഈ പരിപാടി അക്ഷരങ്ങളെ ചിതലുതിന്നാതെയും പൊടിപിടിക്കാതെയും സൂക്ഷിക്കുന്നതുകൊണ്ട്,കുറേക്കാലം കഴിഞ്ഞ് ഒന്നിതെടുത്തു വായിച്ചാൽ....അതൊരനുഭവമാകും.ആ കുട്ടിയൂക്കെ മുന്നിൽ ഒരു സ്നേഹചിത്രമായി നിറയും.

bilatthipattanam said...

സഹായഹസ്തക്കാരിയുടെ ആദ്യഭാഗത്തിലെ പരിതാപം കണ്ടപ്പോൾ കുറച്ചുപൌണ്ട് അയച്ചുതന്നലൊ എന്നു നിനച്ചിരിക്കുമ്പോഴേക്കും;നല്ലൊരു പരിണാമഗുപ്തിയിൽ,സംഭവം;നാട്ടിലെസ്ഥിരകാര്യ്ങ്ങളേപോലെ പര്യവസാനിച്ചതിൽ ആനന്ദം-ഒപ്പംനല്ലൊരു വായനാനുഭവത്തിനും!

ബിന്ദു കെ പി said...

ഒരു സ്വപ്നം പോലെ എല്ലാം കഴിഞ്ഞുപോയി അല്ലേ..? അവരുടെ വിധിയെ മാറ്റാൻ നമുക്കാവില്ലല്ലോ..
എങ്കിലും എഴുത്തുകാരിയുടെ ഈ വലിയ മനസ്സിനു നമോവാകം.

ശിവ said...

ഇതൊക്കെ കുറച്ച് കാലം മാത്രം...അവര്‍ക്കും വൈകാതെ നല്ല കാലം ഉണ്ടാകും....

Sureshkumar Punjhayil said...

Palayidathum nammal kazchakkaralle... Nannayirikkunnu. Ashamsakal...!!!

Gita. said...

"kathayude marupuram ",nanma niranja
manasinu maathram swantham...
snehichupokunnu ee ezhuthukaariye,
virodhamillalo ???

Typist | എഴുത്തുകാരി said...

അനോണി,
കണ്ണനുണ്ണി,
കാസിം തങ്ങള്‍,
Prayan,
Sands,
അനില്‍,
യൂസുഫ്പാ,
വികടശിരോമണി,
ബിലാത്തിപട്ടണം,
ബിന്ദു,
ശിവാ,
സുരേഷ് കുമാര്‍,
Gita,സ്നേഹിച്ചോളൂ, സ്നേഹിച്ചോളൂ.
എല്ലാവര്‍ക്കും നന്ദി.

ശ്രീ said...

ചില വേദനകള്‍ അങ്ങനെയല്ലേ ചേച്ചീ... വേണമെന്നു കരുതിയാല്‍ പോലും അത് ഇല്ലാതാക്കാന്‍ നമുക്ക് ആയെന്ന് വരില്ല.

സാരമില്ലെന്നേ...

Anonymous said...

അപ്പോ ഇക്കാലത്തും നല്ല മനസ്സുള്ളവര്‍ ഉണ്ടല്ലേ! എന്നിട്ടും ഫലമുണ്ടായതുമില്ല.

പണ്യന്‍കുയ്യി said...

സാരമില്ല

ഹരിശ്രീ said...

എഴുത്തുകാരി,

സാരമില്ല... പക്ഷേ തന്നാലാവും വിധം അവരെ സഹായിക്കാന്‍ ശ്രമിച്ച ആ ഒരു മനസ്സ് അത് ചുരുക്കം പേര്‍ക്കേ ഉണ്ടാകൂ... പ്രത്യേകിച്ചും ഇക്കാലത്ത്...

:)

സോജന്‍ said...

സന്മനസുള്ളവര്‍ക്ക് സമാധാനം ഉണ്ട് ..പക്ഷെ ഭൂമിയിലല്ലന്നു മാത്രം.ഇവിടെ വാളുകളും കുരിശുകളും മാത്രം

സന്തോഷ്‌ പല്ലശ്ശന said...

ഇങ്ങനെ വായിച്ചു പോകാന്‍ സുഖമുള്ള എഴുത്ത്‌

Bindhu Unny said...

ആ സ്ഥലത്തിന്റെ പണം കിട്ടാതെ തന്നെ അവരുടെ കാര്യങ്ങള്‍ ശരിയാവട്ടെ.

സൂത്രന്‍..!! said...

ഈ എഴുത്തുകാരി യുടെ ഒരു കാര്യം ....

എന്തായാലും ബ്ലോഗ്‌ മീറ്റിനു ബക്കറ്റ് എടുക്കാന്‍ മറക്കണ്ട ...

:)

അരുണ്‍ കായംകുളം said...

കഴിഞ്ഞ പ്രാവശ്യം പോസ്റ്റ് വായിച്ചപ്പഴേ ഞാന്‍ പറഞ്ഞാരുന്നു, ചില ഉപകാരങ്ങള്‍ മനസ്സിനു വിഷമമേ തരുത്തുള്ളു എന്ന്..
ഇവിടെയും അത് തന്നെയോ?

VINAYA N.A said...

എഴുത്തുകാരിക്ക് മറ്റുള്ളവരെ സഹായിക്കണം എന്ന നല്ല മനസ്ഥിതി ഉണ്ടായതു തന്നെ വല്യ ഒരു കാര്യമല്ലേ.ഈ വിഷമങ്ങൾ ഒക്കെ പെട്ടെന്നു മാറും .സാരമില്ല കേട്ടോ

Anonymous said...

ഒരു വേദന പോലെ ഈ പോസ്റ്റ്‌...
നല്ല എഴുത്ത്‌ എഴുത്തുകാരിച്ചേച്ചീ....

Typist | എഴുത്തുകാരി said...

ശ്രീ,
അനോണീ,
പുണ്യന്‍കുയ്യി,
ഹരിശ്രീ,
സോജന്‍,
സന്തോഷ്,
ബിന്ദു,
സൂത്രന്‍,
അരുണ്‍,
വിനയാ,
വേറിട്ട ശബ്ദം,
നന്ദി, എല്ലാവര്‍ക്കും.