Friday, October 28, 2011

കരയണോ, ചിരിക്കണോ?


അന്നും പതിവുള്ള morning walk  കഴിഞ്ഞ് ഞാൻ  എന്റെ സ്ഥിരം ബെഞ്ചിലിരുന്നു.   അതാണെന്റെ പതിവു്. നല്ല ചുവന്ന നിറത്തിലുള്ള പൂക്കളാണവിടെ  മുഴുവന്‍.  ഇഷ്ടമുള്ള കുറേ പാട്ടുകളുണ്ട് എന്റെ മൊബൈലില്‍. ചിലപ്പോൾ അതു കേട്ടിരിക്കും.   അതുമല്ലെങ്കിൽ, മനസ്സിനെ  ഇഷ്ടമുള്ളിടത്തേക്കു മേയാന്‍ വിട്ടിട്ട് വെറുതേ ഇരിക്കും.  അന്നും  അതുപോലെ  മനസ്സിനെ അതിന്റെ വഴിക്കു വിട്ടിട്ട്, ഞാൻ പൂക്കളേയും കളിക്കാന്‍ വന്ന കുട്ടികളേയും നോക്കിയിരിക്കുകയായിരുന്നു.  പൂമ്പാറ്റകളേപ്പോലെ ഒരുപാട് കുട്ടികളുണ്ടായിരുന്നു അന്നു്.                                                            

ചാരു ബെഞ്ചിന്റെ അങ്ങേ അറ്റത്തിരുന്ന   ഭംഗിയുള്ള    പ്രിന്റഡ് സിൽക് സാരി ഉടുത്ത അവരെ നോക്കി ഞാനൊന്നു ചിരിച്ചു. സൗമ്യമായ മുഖം. രണ്ടൂ മൂന്നു ദിവസമായി എന്നും രാവിലെ കാണുന്നതല്ലേ. പതിവിനു വിപരീതമായി അവരും ചിരിച്ചു. പതിവിനു വിപരീതമായി എന്നു പറഞ്ഞതു്, സാധാരണ സ്ഥിരം  കാണുന്ന പലരോടും ചിരിച്ചിട്ടും ഇങ്ങോട്ടൊരു പ്രതികരണവും കിട്ടാറില്ല,  അതുകൊണ്ട് ഞാനാ പരിപാടി ഏകദേശം നിർത്തിയ മട്ടാണ്.

എന്തായാലും എനിക്കൊരു ചിരി പകരം കിട്ടി. എന്നോട് ചോദിച്ചു Dr.Latha  ആണോയെന്നു്. അതുപോലെ ഇരിക്കുന്നു എന്നു് .  അല്ലെന്നു പറഞ്ഞിട്ടും ചിരി മാഞ്ഞില്ല.   ബെഞ്ചിന്റെ രണ്ടറ്റത്തും ഇരുന്നിരുന്ന ഞങ്ങൾ  രണ്ടുപേരും പതുക്കെ നീങ്ങി  അടുത്തേക്കിരുന്നു. അതാണ് രാജി. രാജലക്ഷ്മി എന്ന രാജി.  തമിഴ്  നാട്ടുകാരിയാണ്..  എന്തുകൊണ്ടോ ചേച്ചി എന്നോ അക്കാ എന്നൊന്നും വിളിച്ചില്ല. ആദ്യം മാഡം ആയിരുന്നതു് പിന്നെ  രാജി  ആയി മാറി.. സംഭാഷണം ഇംഗ്ലീഷിലും തമിഴിലുമായി  പുരോഗമിച്ചു.

പിന്നെ എന്നും കാണും. രണ്ടു പേരും   പറഞ്ഞുവച്ച്   ഒരേ സമയത്തു വരാൻ തുടങ്ങി.  പാർക്കിന്റെ അടുത്തു തന്നെയാണ് രാജിയും താമസിക്കുന്നതു്.  ചില ദിവസം രാജി  പറയും, ഞാനിന്നു നല്ല പൊങ്കൽ ഉണ്ടാക്കിയിട്ടുണ്ട്. നീ  വാ, നമുക്കൊരുമിച്ച് കഴിക്കാം. ചില ദിവസം  breakfast  എന്റെ വീട്ടിലാവും. പുട്ട്    ഇഷ്ടമാണ് രാജിക്കു്.  കുറച്ചു ദിവസം കൊണ്ട്  രാജിക്കെന്നേയും എനിക്കു രാജിയേയും ഇഷ്ടമായി. എനിക്കതു് സാധാരണ  കഴിയാത്തതാണ്. അങ്ങനെ ആരുമായും പെട്ടെന്നടുക്കാൻ എനിക്കു കഴിയാറില്ല. രാജിക്കും ഇവിടെ കുറേ നാളായിട്ടും  കാര്യമായി  സുഹൃത്തുക്കളൊന്നുമില്ല. 

രാജി തമിഴ് നാട്ടുകാരി. ഹോട്ടൽ താജ് ൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ് .  ഒരുപാട്  രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താമസിച്ചിട്ടുണ്ട്. ഇപ്പഴും കൊല്ലത്തില്‍ 15 ദിവസം താജിൽ ഫ്രീ ആയി താമസിക്കാമത്രേ.  ഭർത്താവ് റിട്ടയർ ചെയ്തപ്പോൾ ബാംഗ്ലൂരിൽ  താമസമാക്കി.  ഭര്‍ത്താവ് മരിച്ചിട്ട് രണ്ടുമൂന്നു മാസമേ ആയുള്ളൂ. പെട്ടെന്നായിരുന്നു. (ഒരു പക്ഷേ തുല്യ ദു:ഖിതരായതുകൊണ്ടാവാം ഞങ്ങള്‍ പെട്ടെന്നടുത്തതു്)

രാജിക്കു രണ്ട്  മക്കൾ.  മകന്‍ ഭാര്യയുമായി വർഷങ്ങളായി ലണ്ടനിൽ.  മകള്‍    TCS ല്‍.  ബാംഗ്ലൂരിലായിരുന്നു. ഇപ്പോള്‍  അവളും ലണ്ടനില്‍. ഭർത്താവ് മരിച്ചപ്പോള്‍ അമ്മയെ തനിച്ചാക്കി പോകാൻ മക്കള്‍ക്കു വിഷമം. അതുകൊണ്ട് അമ്മക്കും  വിസക്ക്  apply  ചെയ്തിരിക്കയാണ്.   അമ്മക്കു വിസ കിട്ടി  അമ്മയേയും  കൂടെ കൊണ്ടുപോകാനായി  മകന്‍ തിരിച്ചുപോയിട്ടില്ല.

രാജിക്കു പോകാനൊട്ടും ഇഷ്ടമില്ല. സ്വന്തം ഫ്ലാറ്റ് ഉണ്ട്. എല്ലാ സൌകര്യങ്ങളുമുണ്ട്.  ഇഷ്ടം പോലെ പണമുണ്ട്.  എന്നോട് പറഞ്ഞു. എനിക്കാകെ ചെയ്യാനറിയുന്നതു് ട് വി കാണലാണ്. പിന്നെ പാചകവും.  ഭര്‍ത്താവുള്ളപ്പോള്‍ പറയുമായിരുന്നു കമ്പ്യൂട്ടര്‍ കുറച്ചെങ്കിലും  പഠിക്കാന്‍. ചെയ്തില്ല. മൌസ് പിടിക്കാന്‍ പോലും അറിയില്ല. കഴിഞ്ഞ 6 വര്‍ഷമായി  ATM കാര്‍ഡുണ്ട്. പക്ഷേ കാശെടുക്കാന്‍ അറിയില്ല. മൊബൈലില്‍  സിം മാറ്റിയിടാൻ അറിയില്ല.  അദ്ദേഹത്തിന്റെ നിഴലായി ജീവിക്കുകയായിരുന്നു.
  
 ആകെയുള്ള നേരം പോക്ക്  തമിഴ്  സീരിയലുകള്‍ കാണലാണ്.  അതു പോലും നടക്കില്ല അവിടെ ചെന്നാൽ. അവിടെ  സമയം വ്യത്യാസമാണല്ലോ.  അതിഭയങ്കര തണുപ്പ്.   ഇതിനൊക്കെ പുറമേ തമിഴ് ബ്രാഹ്മിനായ രാജിയുടെ മരുമകള്‍ ഒരു ക്രിസ്റ്റ്യന്‍‍ കുട്ടിയാണ്. എനിക്കവളെ  ഇഷ്ടമാണ്.  നല്ല കുട്ടിയാണ്. പക്ഷേ ഇനി  അവളുടെ  ഭക്ഷണരീതികളുമായി  പൊരുത്തപ്പെടാന്‍  കഴിയുമോ? ഒരുപാട് സംശയങ്ങൾ.   എന്തായാലും പോവുക തന്നെ എന്നു തീര്‍ച്ചപ്പെടുത്തി  വിസക്കു് അപേക്ഷിക്കുകയായിരുന്നു.  കുട്ടികൾ വിളിച്ചിട്ടു പോകാതിരിക്കാൻ വയ്യ.   ഒറ്റക്കു താമസിക്കാനും വയ്യ.

 ഭര്‍ത്താവ് മരിച്ച സ്ഥിതിക്കു  വിസ കിട്ടുമെന്നുറപ്പാണ്. വീട് വാടക്കു കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്തു.   പെട്ടികള്‍  പാക്ക് ചെയ്തു വച്ചു.

 എനിക്കും സങ്കടമായി. എന്റെ വിഷമം ഞാന്‍ പറഞ്ഞില്ല.  അമ്മയെ ഒറ്റക്കു താമസിക്കാന്‍ വിടാതെ കൂടെ കൊണ്ടുപോകുന്ന മകന്റെ കൂടെയല്ലേ ആ അമ്മ പോകുന്നതു്.   സന്തോഷിക്കുകയല്ലേ വേണ്ടതു്.  അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു.

സാധാരണ ഞങ്ങള്‍  നടത്തം കഴിഞ്ഞാണ്  ബെഞ്ചില്‍ വന്നിരുന്നു സംസാരിക്കാറുള്ളതു്.  അന്നും ഞാന്‍ പതിവുപോലെ എന്റെ നടത്തം തുടങ്ങി. ഏന്നെ കാത്തിരുന്ന  രാജി പറഞ്ഞു,  നിക്ക്, നിക്ക്,  നടക്കാന്‍ വരട്ടെ.  അല്ലെങ്കില്‍‍ ഇന്നു നടക്കണ്ടാ. നമുക്കിരിക്കാം.  ബെഞ്ചില്‍ പോയി ഇരുന്നു.  എന്നോട്  ചോദിച്ചു, ഞാൻ കരയണോ ചിരിക്കണോ എന്നു്. എന്നിട്ടു പറഞ്ഞു, അല്ല, ഞാന്‍ ചിരിക്കാന്‍ തീരുമാനിച്ചു. എന്നു്.

  എനിക്കൊന്നും മനസ്സിലായില്ല. എന്തായാലും ചിരിക്കാനാണല്ലോ തീരുമാനിച്ചതു്. നന്നായി  എന്നു ഞാനും കരുതി.  ‍സംഭവം എന്താണെന്നുവച്ചാൽ  രാജിയുടെ വിസ  reject  ചെയ്തു. ഇവിടെ സ്വത്തുക്കളുണ്ടെന്നും, ബന്ധുക്കളുണ്ടെന്നും, മകന്‍ ധാരാളം കാശയുക്കുന്നുണ്ടെന്നും അങ്ങനെ എന്തൊക്കെയോ കാരണം പറഞ്ഞു്.
                                
അവസാനം ഇപ്പോള്‍ മകനും തീരുമാനിച്ചു. അമ്മയെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍, അമ്മയെ ഒറ്റക്കാക്കി പോകണ്ട,  അത്യാവശ്യം  കാശൊക്കെ സമ്പാദിച്ചിട്ടുണ്ടല്ലോ, ഇനി നാട്ടിലേക്കു തിരിച്ചുവരാം എന്നു്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. കല്യാണം കഴിഞ്ഞ്‌ പത്തു വര്‍ഷമായിട്ടും അവര്‍ക്കു കുട്ടികളില്ല. ഇനി നാട്ടിലെ ചികിത്സയും നോക്കാം എന്ന തീരുമാനത്തോടെ.  അപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.

അതാ രാജി ചോദിക്കുന്നതു്, വിസ കിട്ടാത്തതുകൊണ്ട് രാജിക്കു  ഇവിടെ നിന്നു  പോകണ്ട, മകൻ തിരിച്ചുവരികയും ചെയ്യുന്നു. അപ്പോൾ ഞാൻ ചിരിക്കുകയല്ലേ വേണ്ടതു്.   പക്ഷേ അവനു് പെട്ടെന്നു് എല്ലാം എനിക്കുവേണ്ടി അവസാനിപ്പിച്ച് വരുന്നതിൽ സങ്കടമുണ്ടാവില്ലേ. അതുകൊണ്ട്  ഞാൻ വിഷമിക്കണോ എന്നതാണ് രാജിയുടെ പ്രശ്നം.
 
മകന്‍ ലണ്ടനിലെ  കാര്യങ്ങള്‍ അവസാനിപ്പിച്ച് വരാന്‍ ഇപ്പോള്‍ അങ്ങോട്ട്  പോയിരിക്കുകയാണ്. മകന്‍ വരുന്നതുവരെ  രാജി ചെന്നൈയിലേക്കും പോയി. ബന്ധുക്കളെല്ലാം അവിടെയാണ്.  ദീപാവലി  കഴിഞ്ഞു് നവംബര്‍ ഒന്നാം തിയതി വരും.

ഞാനും കാത്തിരിക്കുന്നു, എന്റെ ഈ നഗരത്തിലെ ഒരേ ഒരു സുഹൃത്തിനെ.  

എഴുത്തുകാരി.                                            

Wednesday, October 5, 2011

സുഖമുള്ള ഓർമ്മകൾ.

ബൂലോഗരെല്ലാം  ചോദിക്കുന്നു, എന്താ എഴുത്തുകാരീ ഇതു്  എന്തു പറ്റി, എന്താ ഇപ്പോ ഒന്നും എഴുതാത്തേ, നിങ്ങളിങ്ങനെ കഴിവും ഭാവനയും വാരിക്കോരി കിട്ടിയിട്ടുള്ളവർ ഇങ്ങനെയായാൽ കഷ്ടമല്ലേ. ഇതൊന്നുമില്ലാത്ത ഞങ്ങൾ വരെ ആഴ്ചയിലൊരു പോസ്റ്റ് വച്ച് കാച്ചുന്നു കമെന്റാണെനിൽ ഇഷ്ടം പോലെ.ഉള്ള ഭാവന അങ്ങിനെ മുരടിപ്പിച്ചുകളയരുതേ. പിന്നെ ഭാവന  വരില്ല.

കണ്ടതു് സ്വപ്നമാണെങ്കിലും സംഗതി സത്യമാണല്ലോ!  എന്നാപ്പിന്നെ ഒരു പോസ്റ്റ് ഇട്ടിട്ടുതന്നെ കാര്യം. ഭാവന പോയിട്ട്  ബിന്ദു പണിക്കര്  വരെ ഈ വഴി തിരിഞ്ഞുനോക്കാറില്ലെന്നു്  തൽക്കാലം  ആരോടും പറയണ്ട.

എന്തായാലും തട്ടിക്കൂട്ടാം ഒരെണ്ണം. തുടങ്ങിയേക്കാം.  ഭാവന ഇൻ പ്ലെൻടി ഉള്ളതുകൊണ്ട് പ്രത്യേകിച്ചൊരു  തയ്യാറെടുപ്പൊന്നും  വേണ്ടല്ലോ. മുന്നിൽ കാണുന്നതെല്ലാം പോസ്റ്റല്ലേ.  വായനക്കാർ വായിച്ചു രോമാഞ്ചകഞ്ചുകം അണിയട്ടെ.

ദാ, തുടങ്ങുന്നൂട്ടോ.

 പുറത്തു നല്ല മഴ.  അതിൽ തന്നെ തുടങ്ങിയാലോ?

മാനം കറുത്തിരുണ്ടു.   മഴയുടെ ഇരമ്പം കേൾക്കാം.   മഴ ഒറ്റക്കാണ് വന്നതു്.  എന്നുവച്ചാൽ കൂട്ടിനു്  ഇടി, മിന്നൽ, കാറ്റ് ഇത്യാദി  അകമ്പടികളൊന്നുമില്ലെന്നു് സാരം.   ഇതു് ഏതെങ്കിലുമൊന്നു്   കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ എനിക്കു ഇത്രക്കിഷ്ടമാവില്ലായിരുന്നു. ആ പറഞ്ഞതിനെയൊക്കെ ഭയങ്കര പേടിയാണെനിക്കു്. എന്തിനാന്നറിയില്ല, എന്നാലും വെറുതേ ഒരു പേടി.

നാട്ടിലെ മഴയല്ലാട്ടോ. ഞാനതിനു നാട്ടിലല്ലല്ലോ, അകലെയല്ലേ. മുറ്റമില്ല, മുറ്റത്ത് കെട്ടി നിൽക്കുന്ന  ചായനിറമുള്ള വെള്ളമില്ല, മഴ പെയ്തൊരുപാട്` കഴിഞ്ഞിട്ടും  വെള്ളം ഇറ്റിറ്റുവീഴുന്ന ഇലഞ്ഞിമരമില്ല.

വേണ്ടാ, എന്തിനാ അതൊക്കെ. മനസ്സു് നിറയെ ഓർമ്മകളുണ്ടല്ലോ.

അപ്പോ ശരി ഒരു ഫ്ലാഷ് ബാക് - നാട്ടിലെ ഒരു മഴദിവസം.

"എത്ര നേരായി ഈ മഴ തുടങ്ങിയിട്ട്, ഒന്നു പുറത്തക്കിറങ്ങാൻ കൂടി പറ്റാതെ" ഒരു കുട    തര്വോ മോളേ.  മഴയത്ത് നിന്നു  കയറിവന്ന  അമ്മിണിയമ്മ. മഴക്കാലമാണെന്നും കയ്യിലൊരു കുട  കരുതുന്നതിൽ തെറ്റൊന്നുമില്ലെന്നും  ഒരിക്കലും  ഓർക്കാറില്ല അവർ. എന്നിട്ടും കുറ്റം മഴക്കു്.

തലയിലും ദേഹത്തുകൂടിയും ഒഴുകുന്ന വെള്ളവും നനഞ്ഞ മുണ്ടുമായി പറമ്പിൽ നിന്നു് ഓടിക്കയറി വരുന്നു  തങ്കപ്പൻ. ഒരു ബീഡിയെടുത്തു ചുണ്ടിൽ വക്കാൻ നോക്കുമ്പോൾ, ബീഡിയും തീപ്പെട്ടിയുമെല്ലാം നനഞ്ഞിരിക്കും. ആ നേരത്ത് ഇടവഴിയിൽ കൂടി  ചായക്കടയിൽ പാലു കൊടുത്ത് പോകുന്ന ഗോപിയോ, വെറുതേ  വായ്നോട്ടത്തിനിറങ്ങിയ  ചന്ദ്രേട്ടനോ  വരും.   ഒരു ബീഡി വാങ്ങി കത്തിച്ച്,  തുടങ്ങും നാട്ടുവർത്തമാനം രണ്ടാളും കൂടി. നാണിയമ്മ ആൾറെഡി  ഉണ്ടല്ലോ.

 പന്തല്ലൂർ വഴിയിലൊരു മരം വീണതു്, വേണുമാഷിന്റെ മോൾടെ കല്യാണാലോചന, ആലിന്റെ പൊത്തിലൊരു മൂർഖനെ കണ്ടതു്, പാടത്തു് വെള്ളം പൊങ്ങിയതിന്റെ കഷ്ടനഷ്ടങ്ങൾ, അങ്ങിനെ ഒന്നും രൺടും മൂന്നും നാലും പറഞ്ഞിരിക്കുമ്പോൾ ദാ വരുന്നു കൊച്ചുപെണ്ണ്. അപ്പുറത്തെ വീട്ടിലെ പണി കഴിഞ്ഞു പോണ പോക്കാണ്. കയ്യിൽ പന്തല്ലൂക്കാരൻ സിൽക്സിന്റെ കവർ.  അതിൽ കുറച്ചു മാങ്ങയുണ്ട്. ഒരു  കഷണം ചക്കയും.  നല്ല മൂവാണ്ടൻ മാങ്ങ. കണ്ടപ്പോൾ കൊതിയായി രണ്ടെണ്ണം ഞാനുമെടുത്തു. കൊച്ചുപെണ്ണും സദസ്സിലൊരംഗമായി.    അടുത്ത ആളും എത്തി. സാമി. ഇവിടെ  കേബിൾ കിട്ടുന്നുണ്ടോന്നു നോക്കാൻ വന്നതാ. കൂട്ടത്തിൽ  പറമ്പുപണിക്കു് തങ്കപ്പനെ  ബുക്ക് ചെയ്യാനും.

എന്തിനു പറയുന്നു, എല്ലാരും കൂടി ഒരു സഭ കൂടല്. സിറ്റൗട്ടിലും കാർപോർച്ചിലുമൊക്കെയായിട്ട്.  ഇടവഴിയിൽ പോകുന്നവരും വരുന്നവരും  ഇവിടത്തെ ഒച്ച കേട്ടിട്ട് ചിലപ്പോൾ ഒന്നു നിക്കും, എന്തെങ്കിലുമൊന്നു  പറയും. എല്ലാരും തണുത്തു വിറച്ചിരിക്കയല്ലേ എന്നു കരുതി  ഞാനിത്തിരി കട്ടൻ കാപ്പിയിടും എല്ലാർക്കും.

കാപ്പിയും കുടിച്ച് ബീഡിയും വലിച്ച് എല്ലാരും പതുക്കെ എണീറ്റു തുടങ്ങുമ്പഴാവും പാട്ടിയുടെ വരവു്. ഒരു ചെമ്പരത്തിക്കൊമ്പ്, അല്ലെങ്കിൽ ആ മഞ്ഞ പൂവിന്റെ ഒരു കൊമ്പ്.  " നല്ല മൂത്ത കൊമ്പ്  നോക്കി ഒരെണ്ണം എനിക്കു വെട്ടി താ തങ്കപ്പാ".  എല്ലാ കൊല്ലവും കൊണ്ടുപോണതൊക്കെ എവിടെയാണാവോ.  അതൊക്കെ  വെച്ചു പിടിപ്പിച്ചിരുന്നെങ്കിൽ  ഒരു പൂങ്കാവനമായേനേ.

 ഇത്തിരി നാട്ടുവർത്തമാനം, ഒരിത്തിരി പരദൂഷണം.  എല്ലാർക്കും സന്തോഷം.

എന്റെ ആ കൊച്ചുഗ്രാമം വിട്ടൊരു ജീവിതം എനിക്കുണ്ടാകുമെന്ന് ഓർത്തതേയില്ല.  ശാരദ ടീച്ചർ പറഞ്ഞതുപോലെ നമ്മുടെ സുഖവും ദു:ഖവും ഉണ്ടാക്കുന്നതു് നമ്മളു തന്നെയാ മോളേ.  സുഖമാണെന്നു വിചാരിച്ചാൽ സുഖം, ദു:ഖമാണെന്നു വിചാരിച്ചാൽ ദു:ഖം. എല്ലാം നമ്മുടെ മനസ്സിലാ.

എനിക്കു സുഖമാണ്, സന്തോഷമാണ്.  നഷ്ടപ്പെട്ട  സൗഭാഗ്യങ്ങളെ ഓർത്ത് കേഴാതെ ഇനിയും ബാക്കിയുള്ള സൗഭാഗ്യങ്ങളെ നെഞ്ചോട് ചേർക്കുന്നു,  ഞാൻ.

എഴുത്തുകാരി.