വേറെ എന്തോ ജോലിത്തിരക്കിലായിരുന്നു. കോളിങ്ങ് ബെല്‍ അടിക്കുന്നതു്കേട്ടു വാതില്‍ തുറന്നു. ഒരു സ്ത്രീ. കണ്ട ഉടനെ അവര്‍ ചോദിക്കുന്നൂ, എത്ര തെങ്ങുണ്ട് ഇവിടെ, കായ്ക്കുന്നതെത്ര, കായ്ക്കാത്തതെത്ര, അതില്‍ മണ്‍ഡരി ഉള്ളതു് എത്ര എണ്ണമുണ്ട്?
Polio കുത്തിവയ്പെടുക്കാന്‍ പാകത്തിലുള്ള കുട്ടികളുണ്ടോ, പെണ്‍കുട്ടികള്‍ എത്ര പേര്‍ ഉണ്ട്, അതില്‍ സ്കൂളില്‍ പോകാത്തവരുണ്ടോ, ചിക്കുന്‍ ഗുനിയയുടെ കാലമായപ്പോള്‍, പഞ്ചായത്തു് /ആരോഗ്യവകുപ്പില്‍ നിന്നും supply ചെയ്യുന്ന കൊതുകിനുള്ള മരുന്നു് ഫ്രീ ആയി തരാന്‍ വരുന്നവര്‍, ആ ഛായയില്‍പ്പെട്ട ഒരു സ്ത്രീ. പോളിയസ്റ്റര്‍ സാരി, വീര്‍ത്ത വയറുള്ള ഒരു ബാഗു്, കയ്യിലൊരു കുട, ഒരു ചെറിയ പുസ്തകം, പേന, ഇതാണവരുടെ സ്ഥിരം ഛായ.
അവര്‍ പറഞ്ഞു, agri-horticulture unit ല്‍ നിന്നും വരികയാണ്, മണ്ഡരി ബാധിച്ച തെങ്ങിനുള്ള മരുന്നു് കൊണ്ടുവന്നതാണ്, ഒരു പാക്കറ്റിനു് 50 രൂപ. മൂന്നു തെങ്ങിനു` തികയും. തെങ്ങിന്റെ മണ്ടയില്‍ ഇടണം. നാളെ അവരുടെ പണിക്കാരെ കൊണ്ടുവന്നു് അവര്‍ തന്നെ ഇട്ടു തരും. ഒരു തെങ്ങിനു് 5 രൂപ വച്ചു് അയാള്‍ക്കു കൊടുക്കണം. അപ്പുറത്തെ സാവിത്രിയമ്മ, രാജേട്ടന്‍, രാമന്‍ നായരു് എല്ലാവരും 5 പാക്കറ്റ് 3 പാക്കറ്റ് ഒക്കെ വാങ്ങിയിട്ടുണ്ട്. ഞാനും കരുതി, ഈ പ്രദേശം മുഴുവന്‍ മണ്ഡരി മാറിയിട്ടു് എന്റെ തെങ്ങിന്റെ മാത്രം മാറിയില്ലെങ്കില്‍ മോശമല്ലേ, വാങ്ങിക്കളയാം എന്നു് വച്ചു. അപ്പോഴും മനസ്സിലിരുന്നാരോ വിളിച്ചുപറഞ്ഞു, ഒന്നു മതി. വാങ്ങാന്‍ ഒരു ഗൂഡോദ്ദേശവും കൂടി ഉണ്ടായിരുന്നൂന്നു് കൂട്ടിക്കോളൂ. 2-3 തെങ്ങിന്റെ തേങ്ങ ഉണങ്ങിവീണുതുടങ്ങി. കേറുന്നവര്‍ക്കു് എന്തെങ്കിലുമിത്തിരി കൂടുതല്‍ കൊടുത്തു് ആ ഉണങ്ങിയ കുലയും കൂടി വെട്ടി ഇടീക്കാം.
ഒരു പാക്കറ്റ് എന്നു പറഞ്ഞപ്പോഴും അവര്‍ക്ക് ദേഷ്യമോ വിഷമമോ ഇല്ല. നാളെ വണ്ടിയിലാണ് കൊണ്ടുവരുന്നതു്, കൂടുതല്‍ ഉണ്ടാവും, വേണമെങ്കില്‍ അപ്പോള്‍ എടുക്കാല്ലോ. 50 രൂപ വാങ്ങി, രണ്ട് പൊതി, ഒന്നു് ഉമിക്കരി പോലൊന്നു്, 1 കിലോ ഉണ്ടാവും, പിന്നെ ഒരു ചെറിയ പാക്കറ്റ്, പഞ്ചസാര പോലെ. അവരുടെ പേരു് പറഞ്ഞു. ലത. പേരെഴുതി ഒപ്പിട്ട റസീറ്റ് തന്നു. ഫോണ്‍ നമ്പറൊക്കെയുണ്ട്. ഞാനും കൂടെ ഉണ്ടാവും എന്നും പറഞ്ഞു. നല്ല മഴയാണെങ്കില്‍, തെങ്ങില്‍ കേറാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് മഴയാണെങ്കില്‍, നാളെ വന്നില്ലെങ്കിലും പേടിക്കേണ്ട എന്നു് പറഞ്ഞു. പിന്നെ കുട്ടികള്‍ക്കു കിട്ടാത്തതരത്തില്‍ വയ്ക്കണം, പഞ്ചസാരയാണെന്നു കരുതി എടുത്താലോ, സ്നേഹപൂര്‍വം ഉപദേശിച്ചു.
വൈകീട്ടു കണ്ടപ്പോള്‍ പരസ്പരം എല്ലാരും ചോദിച്ചൂ, ഒരുവിധം പേരൊക്കെ വാങ്ങിയിട്ടുണ്ട്, എല്ലാരും സുഖമായി, സന്തോഷമായി ഉറങ്ങി അന്നു് രാത്രി. നമ്മുടെ നാടൊരു “മണ്ഡരി വിമുക്ത ദേശം” ആവാന്‍ പോവുകയല്ലേ.
പിറ്റേന്ന് ആരും വന്നില്ല, മഴയായിരുന്നു. അപ്പോള്‍ പേടീക്കേണ്ട കാര്യമില്ലല്ലോ. അതിനും പിറ്റേന്നും മഴ ആയിരുന്നു. അതുകൊണ്ട്`, അന്നും പേടിച്ചില്ല. മൂന്നാം ദിവസവും കാണാതായപ്പോള്‍ ഒന്നു ഫോണ്‍ ചെയ്തുനോക്കാം എന്നു് കരുതി, പാക്കറ്റും, റസീറ്റും ഒക്കെ എടുത്തുനോക്കി. അതു് ഫോണ്‍ നമ്പര്‍ അല്ല, വേറെ എന്തൊക്കെയോ നമ്പാര്‍ ആണ്. Head office തന്നെ കേരളത്തില്‍ 5-6 സ്ഥലത്തുണ്ട്. :)
അന്നു് 3-4 സ്ത്രീകള്‍ ഇറങ്ങിയിട്ട്`, ഒരു പ്രദേശം മൊത്തം കബളിപ്പിച്ചുപോയി. എന്റെ ചുറ്റുമുള്ള വീടുകളില്‍ തന്നെ, ഒരു 20 പാക്കറ്റ് വാങ്ങിയിട്ടുണ്ട്. രൂപ് 1000 ആയില്ലേ?
ഉമിക്കരിയും പഞ്ചസാരയും ഇപ്പോഴും ലതചേച്ചിയേയും തെങ്ങുകയറ്റക്കാരനേയും കാത്തിരിക്കുന്നു. (ഉമിക്കരി ആണെന്നുറപ്പുണ്ടെങ്കില്‍, പല്ല് തേക്കാമായിരുന്നു)
ഒരു ഗുണമുണ്ടായി. അത്ര എളുപ്പത്തിലൊന്നും എന്നെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ലെന്നുള്ള ആ അഹങ്കാരം പോയിക്കിട്ടി. നാട്ടുകാരു മുഴുവന്‍ അതറിയുകയും ചെയ്തു.
എഴുത്തുകാരി.
Thursday, June 28, 2007
മണ്ഡരിക്കു് മരുന്ന്/ഉമിക്കരി
Posted by Typist | എഴുത്തുകാരി at 2:31 PM 4 മറുമൊഴികള്‍
Sunday, June 24, 2007
Wednesday, June 6, 2007
ചില നാട്ടു വിശേഷങ്ങള്‍ --1
എന്റെ നാട്ടില്‍ ഉണ്ടായ , മനസ്സിനു വിഷമമുണ്ടാക്കിയ ഒരു സംഭവമാണു് ഞാന്‍ പറയുന്നതു
ആമുഖമായി പറയട്ടേ, ഇതു് കഥയോ വെറും തമാശയോ അല്ല, 100 ശതമാനം സത്യമായ ചില വസ്തുതകള്‍.
ഭൂതകാലം:
-------
വര്‍ഷങ്ങള്‍ക്കുമുന്‍പു്, ഒരു പാവം മനുഷ്യന്‍. നമുക്കു രാമന്‍ എന്നു് വിളിക്കാം. ഒരു ഉയര്‍ന്ന ഓഫീസറുടെ പാചകക്കാരനായിരുന്നു. അദ്ദേഹം retire ചെയ്യുന്നതിനു്മുന്‍പു് ഈ രാമനെ ആ Dept. ല്‍ തന്നെ ഒരു പ്യൂണായി
നിയമിച്ചു. ഭാര്യ, 6 മക്കള്‍. ഒരു ശിപായിയായ അയാള്‍ എത്ര ബുദ്ധിമുട്ടിയിട്ടാവും, ഈ 6 മക്കളെ വളര്‍ത്തിയിട്ടുണ്ടാവുക. പെന്‍ഷന്‍ പറ്റുന്നതിനുമുന്‍പേ അദ്ദേഹം മരിച്ചു. പാവം ആ അമ്മ. നിസ്സാരമായ പെന്‍ഷന്‍ കൊണ്ടും, പറമ്പില്‍ നിന്നു കിട്ടുന്നതുകൊണ്ടുമൊക്കെ (ഏകദേശം50 സെന്റുണ്ടാവും),മക്കളെ വളര്‍ത്തി. 3 പെണ്‍ മക്കളെ കല്യാണം കഴിച്ചയച്ചു. മൂത്ത ആള്‍ക്കു്, അച്ചന്റെ ജോലി തന്നെ കിട്ടി, 18 വയസ്സായപ്പോള്‍. മറ്റേ മകനും ജോലി കിട്ടി. അവരും കല്യാണം കഴിച്ചു. ബുദ്ധിക്കു് ചെറിയ തകരാറുള്ള മകളും അമ്മയും കൂടി ജീവിച്ചുപോന്നു.
വര്‍ത്തമാനകാലം:
-------------
മകനു് വീട്ടില്‍നിന്നു് പോയിവരാവുന്ന സ്ഥലത്താണ് ജോലി. എന്നിട്ടും അയാള്‍ അമ്മയുടേയും ഈ സുഖമില്ലാത്ത സഹോദരിയുടേയും കൂടെ താമസിക്കാതെ, ജോലിസ്ഥലത്തു് പോയി താമസിച്ചു. അമ്മയും (അമ്മക്കിപ്പോള്‍ വയസ്സ് 75 എങ്കിലും ആയിരിക്കും) സുഖമില്ലാത്ത മകളും കൂടി ഇവിടെ വീട്ടില്‍. അതിനിടയില്‍, വീടും, വീടിന്റെ ചുറ്റുമുള്ള കുറച്ചു സ്ഥലവും ഒഴികെ ബാക്കിയുള്ളതൊക്കെ വിറ്റു. ആ കാശു മുഴുവന്‍ മക്കള്‍ കൊണ്ടുപോയിട്ടുണ്ടാവണം.
ആ അമ്മ പാവം, അമ്പലത്തിലോ, കടയിലോ എവിടെ പോകുമ്പോഴും, മോളെ കൂടെ കൂട്ടണം. ഒറ്റക്കു് വീട്ടിലിരുത്തി പോകാന്‍ പറ്റില്ലല്ലോ. (മോള്‍ടെ പ്രായം ഏകദേശം 40). അമ്മക്കും സുഖമില്ലാതായി തുടങ്ങി. ഏകദേശം ഒരു കൊല്ലത്തോളമായി മകളുടെ അസുഖം കുറച്ചു കൂടുതലായി, അമ്മയെ ദേഹോപദ്രവം വരെ ചെയ്യാന്‍ തുടങ്ങി. എന്നിട്ടും അവര്‍ സഹിച്ചു. അവസാനം മകള്‍, നാട്ടുകാരെ വരെ ചീത്ത പറഞ്ഞുതുടങ്ങിയപ്പോള്‍, എന്നിട്ടും തിരിഞ്ഞുനോക്കാത്ത മകനെ നാട്ടുകാരും ചീത്തപറഞ്ഞുതുടങ്ങിയപ്പോള്‍, അയാള്‍ പെങ്ങളെ മാനസിക വിഭ്രാന്തിയുള്ളവര്‍ക്കുവേണ്ടിയുള്ള ഏതോ സ്ഥാപനത്തില്‍ കൊണ്ടാക്കിയിരിക്കുകയാണിപ്പോള്‍.
അതിനുവേണ്ട ചിലവു് ആരു വഹിയ്ക്കും എന്ന തര്‍ക്കം ഒരു വശത്തു്.
ഇനി അമ്മയെ എന്തു ചെയ്യും? ഒറ്റക്കു വീട്ടില്‍ നിര്‍ത്താന്‍ പറ്റില്ല. ഒരാഴ്ച അയാളുടെ കൂടെ താമസിപ്പിച്ചു. അതു് കഴിഞ്ഞു, നാട്ടിലെ വീട്ടില്‍ ഒറ്റക്കു കൊണ്ടുവന്നു വിട്ടു. സുഖമില്ലാത്ത മകളെ അകലെ കൊണ്ടുവിട്ടതോടുകൂടി, പാവം ആ സ്ത്രീ ഒന്നുകൂടി അവശയായി. അയല്‍ വക്കത്തു പോയി കിടക്കും രാത്രി. അവര്‍ തന്നെ ഭക്ഷണവും കൊടുക്കും. ഒരു ദിവസം മകന്‍ വന്നു കൊണ്ടുപോയി, മൂത്ത മകളുടെ അടുത്ത് കൊണ്ടാക്കിയിരിക്കുകയാണെന്നു് പറയുന്നു.
അമ്മയെ ആരു് നോക്കണം എന്നതാണ് ഇപ്പോഴത്തെ തര്‍ക്കം. ആ അമ്മയെ മുന്നിലിരുത്തിക്കൊണ്ട് അമ്മയെ നോക്കാനുള്ള അവരുടെ ബുദ്ധിമുട്ടുകള്‍ നിരത്തുന്നതുകേട്ടപ്പോള്‍, കണ്ണ് നിറഞ്ഞ്പോയി. ഇനിയും ചുരുങ്ങിയതു് ഒരു
5-6 ലക്ഷത്തിന്റെ സ്വത്തു് (വീടും പറമ്പും) അവരുടെ പേരിലുണ്ട്. ചെറിയ ഒരു പെന്‍ഷനും. ജോലിയുള്ള രണ്ട് ആണ്‍ മക്കളും. എന്നിട്ടും അവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
ആ അമ്മയും മകളും ഇടവഴിയിലും, അമ്പലത്തിലുമൊക്കെ , നടക്കുന്നതു് എനിക്കു് കാണം ഇപ്പോഴും. പാവം ആ
അമ്മ, ആ മകളും. അവരിനി ഒരു പക്ഷേ ഈ നാട്ടിലേക്കു തന്നെ വന്നില്ലെന്നു് വരാം.
നോവലിലോ സിനിമയിലോ ഒക്കെ മാത്രമേ ഇങ്ങിനെയൊക്കെ ഉണ്ടാവൂ എന്നാണ് ഞാന്‍ ധരിച്ചിരുന്നതു്. അല്ലാ, നമുക്കു ചുറ്റും തന്നെ ഉണ്ടു്.
എഴുത്തുകാരി.
Posted by Typist | എഴുത്തുകാരി at 4:32 PM 16 മറുമൊഴികള്‍