Thursday, May 16, 2013

സംരക്ഷിക്കപ്പെടാന്‍ അവകാശങ്ങളില്ലാത്തവര്‍.........

ആരെയാണോ  ഞാനിന്നു  കണി കണ്ടതു്? അല്ല, ആരെ കാണാന്‍.  ഞാന്‍ മാത്രമുള്ള ഈ വീട്ടില്‍ എനിക്കു കണി കാണാനായിട്ടാരും വരില്ലല്ലോ. ഈ മുറിയിലൊരു കണ്ണാടിയില്ലാത്തതുകൊണ്ട് എന്നേത്തന്നെയാവാനും വഴിയില്ല.  സോ, ഞാനാരേയും കണി കണ്ടിട്ടില്ല.

രാവിലെ ചായ കുടിക്കുമ്പോള്‍ മിനി ( എന്റെ സഹായി, വര്‍ഷങ്ങളായിട്ട്)   വിളിച്ചു. ചേച്ചി, ഇന്നു നമുക്കു നെല്ലായിലെ പണി കഴിച്ചാലോ. ഇന്നെനിക്കൊഴിവാണ്. നാളെ മുതല്‍ തേപ്പ്‌ തുടങ്ങും. കെട്ടിടം പണി, വീട്ടുപണി, കല്യാണപ്പണി, പ്രസവം നോക്കല്‍,  ആശുപത്രിയില്‍ രോഗികള്‍ക്കു കൂട്ടിരിക്കല്‍, എന്നു വേണ്ടാ, അവള്‍ കൈവക്കാത്ത മേഖലകളില്ല.  As usual,  ഭര്‍ത്താവ് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കുടിക്കും,  എവിടേയെങ്കിലും വീണുകിടക്കും.  കുടുംബ ഭാരം അവളുടെ തലയില്‍. സ്കൂള്‍ തുറക്കാറായി.  പറ്റാവുന്നത്ര ദിവസം പണിക്കു പോണം.. ചുരുക്കത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സോ‍ാ‍ാ ബിസി. ഒരു ദിവസം ചേച്ചിക്കു വേണ്ടി ഒഴിവെടുത്തിരിക്കയാണ്.

അതുകൊണ്ട് പോയേ പറ്റൂ. എന്തൊക്കെ തിരക്കുണ്ടെങ്കിലും അതവിടെ നിക്കട്ടെ.  പോയി. വീട്ടിലേയും പറമ്പിലേയും  അത്യാവശ്യം പണികളൊക്കെ കഴിച്ചു..  ഒന്നുരണ്ട് പരിചയക്കാര്‍ വന്ന കൂട്ടത്തില്‍ ശശി വന്നപ്പോള്‍ പറഞ്ഞു, കൊടകരേന്നു് ഞാന്‍ രണ്ട് ചക്കയിട്ടൂട്ടോ. നല്ല ബെസ്റ്റ് ചക്ക.  ഒരെണ്ണം  വറുത്തു. ഒരെണ്ണം പഴുപ്പിക്കാന്‍ വച്ചിരിക്കുന്നു.  (കൊടകരയില്‍ ഒരു പറമ്പുണ്ട്. അതില്‍ ഒരു പ്ലാവും അതു നിറയെ ചക്കയും. ആവശ്യത്തിനു ചക്ക  ഇട്ടോളാന്‍ ഞാന്‍ പറഞ്ഞിരുന്നു ശശിയോട്).

അതു കേട്ടപ്പോള്‍ മിനിക്കും ഒരു മോഹം, ചേച്ചി നമുക്കും രണ്ട് ചക്കയിട്ട് വറുത്താലോ. വാങ്ങുമ്പോ ഒരു ചെറിയ പാക്കറ്റിനു് 30-40  രൂപയാണ് വില. ഞാന്‍ പറഞ്ഞു, ‘നമുക്ക്‌‘ വേണ്ടാ, തന്നെത്താന്‍ ആയിക്കോളൂ., ഞാന്‍ കൂടെ വരാം..  ഞാനാണെങ്കില്‍ അവിടത്തെ നേന്ത്രവാഴകളെ സന്ദര്‍ശിച്ചിട്ടൊരുപാട് നാളുമായി.

മൂവാണ്ടന്‍ മാവില്‍ ഇനിയും ബാക്കിയുണ്ട് കുറച്ചു മാങ്ങ. അതു മുഴുവന്‍ പൊട്ടിച്ചു.  പ്രിയൂര്‍ മാവില്‍ കുറേയധികമുണ്ട്. അതില്‍ നിന്നു രണ്ടുമൂന്നെണ്ണവും. പിന്നെ ഒരു പടല നേന്ത്രക്കായും.  ഒരു ബിഗ് ഷോപ്പറില്‍ അവള്‍  അതെല്ലാം പാക് ചെയ്തു തന്നു. അത്യാവശ്യം ഭാരമായി അപ്പോള്‍ തന്നെ.

നെല്ലായി പണികള്‍ കഴിഞ്ഞ്‌ കൊടകര  പറമ്പിലെത്തി. വാഴകള്‍ക്ക്  ഒന്നുംകൂടിയൊക്കെ ഒന്നു സ്മാര്‍ട്ട് ആവാം. വാഴകള്‍ക്കിടയില്‍ നിറയേ ചീര, തനിയേ മുളച്ചതു്. പ്ലാവില്‍ ചക്ക ഇഷ്ടം പോലെ. അടുത്ത വീട്ടിലെ ഷീല വന്നു. ഞങ്ങള്‍ രണ്ടാളും കൂടി കുറച്ചു ചീര നുള്ളിയെടുത്തു. ആ നേരം കൊണ്ട് മിനിയും ഉണ്ണികൃഷ്ണനും(കൊടകരയില്‍ നിന്നും വിളിച്ച ഓട്ടോ ഡ്രൈവര്‍) കൂടി, ഒരു അരിവാള്‍ തോട്ടിയൊക്കെ സംഘടിപ്പിച്ച്,  ചക്ക പറിച്ചു.  നാലെണ്ണം മിനിക്കു്, ഒരെണ്ണം ഉണ്ണികൃഷ്ണനു്.

ഓട്ടോറിക്ഷയില്‍ കൊടകരയെത്തി ബാഗ് ബസ്സില്‍ കയറ്റിവച്ചുതന്നു മിനി.. കാര്യങ്ങളെല്ലാം ഭംഗിയായ സന്തോഷത്തില്‍ കാഴ്ച കണ്ട് ഞാനിരുന്നു.  ഇനിയിപ്പോ തൃശ്ശൂരിറങ്ങി ഒരു ഓട്ടോ വിളിച്ചു പോയാല്‍ മതിയല്ലോ.  എല്ലാം ശുഭം.കുരിയച്ചിറ കഴിഞ്ഞപ്പോള്‍ തുടങ്ങി കുറേശ്ശെ ബ്ലോക്. എനിക്കു തിരക്കൊന്നുമില്ലല്ലോ, പോകുമ്പോള്‍ പോട്ടെ.  ഞാന്‍ അപ്പോഴും എന്റെ മനോരാജ്യത്തിലാണ്. നിരങ്ങി നിരങ്ങി  ശക്തന്‍ സ്റ്റാന്‍ഡ് വരെയെത്തി. പെട്ടെന്ന്   കണ്ടക്ടര്‍ തിരക്കു കൂട്ടുന്നു, ഇറങ്ങ്, ഇറങ്ങ്..  എന്താ കാര്യം എന്നു മനസ്സിലായില്ല. ഒന്നു മനസ്സിലായി ബസ്സിനി റൌണ്ടിലേക്കെന്നല്ല, ഒരിടത്തും പോവുന്നില്ല.  അവിടന്നോട്ടോ വിളിച്ചാല്‍ കാശിത്തിരി കൂടുമല്ലോന്നോര്‍ത്തുകൊണ്ട് എന്റെ ബാഗും കൊണ്ട് ഞാനിറങ്ങി.

ബാഗിനെന്താ  ഒരു  കനം കൂടുതലു പോലെ.  നോക്കിയപ്പോള്‍ അതിനുള്ളില്‍ ഇരിക്കുന്നു ഒരു കഷണം ചക്ക. ചേച്ചിയോടുള്ള സ്നേഹക്കൂടുതലുകൊണ്ട്  മിനി പറ്റിച്ച പണി.. ഒരു    ഓട്ടോക്കാരനോട് ചോദിച്ചു അയാള്‍ തലയാട്ടി. ഇല്ലെന്നു്. രണ്ടാമത്തെയാളും മൂന്നാമത്തേയാളും ഇല്ലെന്നു പറഞ്ഞപ്പോള്‍ അതു വെറുമൊരു ഇല്ല അല്ലെന്നു മനസ്സിലായി. പോലീസുകാര്‍ ഒറ്റ വണ്ടിയും  അവിടെ നിന്നു കടത്തി വിടുന്നില്ലത്രേ.   NGO  യൂണിയന്റെ സുവര്‍ണ്ണജൂബിലി സമ്മേളനത്തിന്റെ പ്രകടനം. കാല്‍ നട യാത്രക്കാര്‍ക്കു   മാത്രം പോകാം.നഗരം ചെങ്കൊടിയുടെ പിടിയില്‍.

നഗരത്തില്‍ നിന്നും, നഗരത്തിലേക്കും പോകേണ്ടവരുടെ തിരക്കു്,  ഓടാതെ കിടക്കുന്ന ഓട്ടോകളും ബസ്സുകളും. ശക്തനില്‍ ആകെ തിരക്കു്.   ഓഫീസ് വിട്ടു വരുന്നവര്‍, എന്നേപ്പോലെ ഭാരവും വഹിച്ച് വരുന്നവര്‍, നടക്കാന്‍ വയ്യാത്തവര്‍.  എല്ലാവര്‍ക്കും മുന്‍പില്‍  രണ്ടേരണ്ട്   ഓപ്ഷന്‍സ്. ഒന്നുകില്‍,  പ്രകടനവും പൊതുയോഗവുമൊക്കെ കഴിഞ്ഞു, പ്രകടനക്കാരൊക്കെ പിരിഞ്ഞുപോയി  നഗരം സാധാരണ നിലയിലാകുന്നതുവരെ, അതായതു് മണിക്കൂറുകള്‍ എവിടേയെങ്കിലുമിരിക്കാം  അല്ലെങ്കില്‍ രാത്രിയാവുന്നതിനു മുന്‍പ് വീട്ടിലെത്തണമെങ്കില്‍ നടക്കാം. ഞാന്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു. എന്റെ സ്ഥിരം ഹാന്‍ഡ് ബാഗും   മാങ്ങയും ചീരയും കായയും  നിറച്ച ബാഗും(ഭാരം 8 കിലോ, വീട്ടില്‍ വന്ന ഉടനേ  ഭാരം എത്രയുണ്ടെന്നു നോക്കി ) തൂക്കി, രണ്ട് കയ്യിലും മാറി മാറി  പിടിച്ച് ഞാന്‍ നടന്നു, നഗരത്തിന്റെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്തേക്കു്.  50 മിനിറ്റ്. എന്നേപ്പോലെ ആയിരങ്ങളും ലക്ഷ്യത്തിലെത്താന്‍ നടന്നുകൊണ്ടേയിരുന്നു. നഗരത്തിലെത്താന്‍ , എത്തിയവര്‍ പുറത്തേക്കു പോകാന്‍.

അപ്പോഴും പ്രകടനം അവസാനിച്ചിരുന്നില്ല,  നേടിയെടുത്ത  അവകാശങ്ങള്‍ സംരക്ഷിക്കുമെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്, നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവര്‍ മുന്നേറിക്കൊണ്ടിരുന്നു.


എഴുത്തുകാരി.

Friday, May 10, 2013

ചില കൌതുക കാഴ്ചകള്‍...

ജീവിക്കാന്‍ വേണ്ടി  എന്തൊക്കെ വേഷങ്ങള്‍ കെട്ടണം?

നാട്ടിലിപ്പോള്‍ എല്ലാ പണികളും, തെങ്ങുകയറ്റം മുതല്‍ കിണറ് കുഴിക്കല്‍ വരെ, സ്ത്രീകള്‍ ചെയ്തു തുടങ്ങി.  പക്ഷേ മരം വെട്ട്, അതും ഉയരമുള്ള മരത്തില്‍ കയറി. അതില്ലെന്നു തോന്നുന്നു. എന്തായാലും ഞാന്‍ കണ്ടിട്ടില്ല.

  അതും  കണ്ടു,  ബാംഗ്ലൂരില്‍. പേടിച്ചിട്ടാ ഫോട്ടോ എടുത്തതു്. എന്തിനാ ഏതിനാ എന്നൊക്കെ ചോദിച്ച് പ്രശ്നമുണ്ടാക്കിയാല്‍ പാടായില്ലേ. ചിലപ്പോള്‍ അവരൊത്തുകൂടും. പറഞ്ഞു മനസ്സിലാക്കാമെന്നു വച്ചാല്‍ ഭാഷയും പിടിയില്ല. ഭര്‍ത്താവ് പണിക്കു  പോകും, കിട്ടുന്ന കാശും അതിലധികവും ചാരായം കുടിക്കും.  മക്കള്‍ക്കെന്തെങ്കിലും കൊടുക്കണ്ടേ, അതിനു് ഈ അമ്മ തന്നെ ഇറങ്ങിയാലേ പറ്റൂ. മരം വെട്ടെങ്കില്‍ മരം വെട്ട്. അയാള്‍ വരുന്നതിനു മുന്‍പ് ഉണ്ടാക്കി കൊടുക്കണം കുഞ്ഞുങ്ങള്‍ക്കു് കഞ്ഞി.ഇനി ഇതൊന്നു നോക്കൂ. കുറേ നാളത്തെ പ്രവാസത്തിനുശേഷം വീട്ടിലത്തിയപ്പോള്‍, ഗെയ്റ്റ് തുറക്കുന്നതിനു മുന്‍പേ കണ്ടൂ, നിറയേ  വെളുത്ത കുഞ്ഞുകുഞ്ഞു പൂക്കള്‍, കുലകുലയായി. ഇതേതു ചെടിയാണപ്പാ, ഒരു  പിടിയും കിട്ടിയില്ല.. ആര്‍ച്ചില്‍ പടര്‍ത്തിയിരുന്നതു് എവര്‍ഗ്രീന്‍ ആയിരുന്നല്ലോ. അതിന്റെ പൂക്കളാണോ. ഏയ് അല്ല. എന്നോ ഒരു ചെറിയ കിഴങ്ങ് ശതാവരി കൊണ്ടു നട്ടിരുന്നു, ആര്‍ച്ചിന്റെ മറുതലയില്‍.മഴ പെയ്തപ്പോള്‍ മുളച്ചതാവും. എവര്‍ഗ്രീനിനെയൊക്കെ നിഷ്പ്രഭമാക്കി അതു വളര്‍ന്നു വലുതായിരിക്കുന്നു. നിറയേ പൂക്കളും.  ഞാനാദ്യമായിട്ടു കാണുകയാ ശതാവരി പൂക്കുന്നതു്.ഇതു് ജോസേട്ടന്റെ കടയില്‍ കണ്ടതു്. നല്ല ചൂടല്ലേ, സംഭാരത്തിനിപ്പോല്‍ നല്ല ഡിമാന്റും.  ഇനി പേരിന്റെ പിന്നിലെ കഥ. തുടക്കത്തില്‍ സംഭാരം തിങ്കളാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ എല്ലാ ദിവസവും ആക്കിയപ്പോള്‍ പേരുമാറ്റിയില്ല.  പകരം പേരിനൊരു വാലുകൂടി വച്ചു.  സംഭവം ഉഷാര്‍. (കഥ ഞാന്‍ ഊഹിച്ചതാണേയ്, ആരും പറഞ്ഞതല്ല)നല്ല ചൂടല്ലേ, ഇത്തിരി സംഭാരം ഉണ്ടാക്കി നിങ്ങളുമൊന്നു  കുടിച്ചു നോക്കൂ.. (പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇലയുണ്ടെങ്കില്‍ ഒന്നുരണ്ടെണ്ണം,  പിന്നെ മാങ്ങയുണ്ടെങ്കില്‍ ഒന്നു രണ്ടു കഷ്ണങ്ങളിട്ട്,  ഉപ്പുമിട്ട്, (മോരൊഴിക്കാന്‍   മറക്കല്ലേ)  മിക്സിയിലിട്ട് പതുക്കെ   ഒന്നടിച്ചിട്ട് (അമ്മിയില്‍ വച്ച് ചതച്ചാലും മതി). ഒന്നുരണ്ട് ഗ്ലാസ് കുടിക്കാം ഇല്ലേ? എന്താ രസം!

എഴുത്തുകാരി.Monday, April 8, 2013

എന്നാലും എന്റെ അപ്പൂ...

എന്നാലും എന്റെ അപ്പൂ എന്തിനാ എന്നോടീ ചതി? ഞാനെന്തു തെറ്റു ചെയ്തു അപ്പൂനോട്‌?

അപ്പു എന്നോട്‌ ചെയ്ത ചതി എന്താണെന്നല്ലേ, പറയാം.

കുറേ    നാളായി  നാട്ടിൽ നിന്നു പോന്നിട്ട്.  പലരും പലവഴിക്കു പോയി. വീണ്ടും  ഒരു കൂടിച്ചേരല്‍. ഞങ്ങളൊക്കെ തല്‍ക്കാലം പോണൂട്ടോ, എന്നു പറഞ്ഞു പൂട്ടിയിട്ടു പോന്നതാ വീടിനെ. പക്ഷേ നമ്മളെത്ര ഉപേക്ഷിച്ചാലും നമ്മുടെ വരവിനെ കാത്തിരിക്കും അതു്. ഒരു നാള്‍ തിരിച്ചു ചെല്ലണമെന്നു  തോന്നുമ്പോള്‍  പരിഭവലേശമില്ലാതെ  രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ സ്വന്തം വീടല്ലാതെ മറ്റെന്തുണ്ട്?

എന്റെ വീടും കാത്തിരിക്കയായിരുന്നിരിക്കണം ഞങ്ങളെ. സ്വന്തം മുറ്റത്തോടിക്കളിച്ച കുഞ്ഞുങ്ങള്‍ തിരിച്ചുവരുമ്പോള്‍ സന്തോഷിക്കാതെ പിന്നെ.അല്ലെങ്കില്‍ പിന്നെന്തിനാ ഞാന്‍ നട്ടുനനച്ച  ചെറ്റിയും  ചെമ്പരത്തിയും ചെമ്പകവും മഞ്ഞപ്പൂവുമൊക്കെ  നിറയേ പൂക്കളുമായി നിന്നതു്? മുറ്റത്തെ മൂവാണ്ടന്‍ മാവിലും പ്രയോര്‍ മാവിലുമൊക്കെ നിറയെ മാങ്ങ!

പൂട്ടിയ ഗേറ്റ് തുറന്നു് അകത്തേക്കു കാലെടുത്ത് വച്ചപ്പോള്‍, ഈ ലോകത്തിലിന്നേറ്റവും സന്തോഷിക്കുന്നതു ഞാനാണെന്നു തോന്നി.  ഒരുപക്ഷേ ഇനി തിരിച്ചുവരാന്‍ കഴിയുമോ എന്നു സംശയിച്ചിറങ്ങിപ്പോയതാണ്.  ലോകത്തോട് വിളിച്ചുപറയാന്‍ തോന്നി ഞാനിതാ വീണ്ടും വന്നിരിക്കുന്നു എന്റെ പ്രിയപ്പെട്ട സാമ്രാജ്യത്തിലേക്കു്.

അതൊക്കെ ശരി. പക്ഷേ എല്ലാം  ഒന്നേന്നു തുടങ്ങിയിട്ടു വേണം. വെള്ളം, വെളിച്ചം, എല്ലാം.   ഭാഗ്യം, ലൈറ്റ് ഉണ്ട്. മോട്ടോര്‍ പണിമുടക്കിലാണ്.   രവിയെ വിളിക്കാം.  വര്‍ഷങ്ങളായുള്ള  എലക്ടീഷ്യന്‍ കം പ്ലംബര്‍ കം ഫിറ്റര്‍ കം , etc. etc.  വെള്ളം, വെളിച്ചം എന്നീ പ്രാഥമിക ആവശ്യങ്ങള്‍ക്കാണെങ്കില്‍, കക്ഷി ഓടിയെത്തും.  അല്ലെങ്കിലോ, ചിലപ്പോള്‍ മാസങ്ങളും  വര്‍ഷങ്ങള്‍ തന്നെയും എടുത്തെന്നും വരും. ചുരുക്കത്തില്‍ ആവശ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും തീരുമാനിക്കുന്നതു് ഈ പറഞ്ഞ കക്ഷി  തന്നെ.

ഇനി ടി വി.  നാട്ടിലുള്ള ദിവസങ്ങളില്‍ നല്ല മലയാളം സിനിമയുണ്ടെങ്കില്‍ കാണാല്ലോ.   കേബിളിന്റെയാളും ഒരു സുഹൃത്തു തന്നെ.  വിളിച്ചു പറഞ്ഞു. പിള്ളേരെ വിടാം എന്നു പറഞ്ഞപ്പോള്‍ ഇത്ര പ്രോംപ്റ്റ്   ആവുമെന്നു കരുതിയില്ല.  ഒരു മണിക്കൂറിനുള്ളില്‍ കേബിളും ടി വി യും റെഡി.

നാട്ടിലെത്തി ഒന്നുരണ്ട് മണിക്കൂര്‍,  ഒന്നുരണ്ട് ഫോണ്‍ കാള്‍,   എവെരിത്തിങ് റെഡി.  ഞാനാരാ മോള്! ഇല്ലാത്ത കോളര്‍ ഒന്നു പൊക്കിവച്ചു.

ഇന്നത്തെ ഒരു ദിവസം ബ്ലാക് കോഫിയും ബ്കാക് ടീ യുമൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാം. നാളെ രാവിലെ അതു കണ്ടാല്‍ ഉടനേ വരും ചോദ്യം.  അമ്മക്കാ ഗോപിയേട്ടനെ വിളിച്ചൊന്നു പറയായിരുന്നില്ല്യേ.  അമ്മക്കേ പറയാന്‍ പാടുള്ളൂ, മറ്റാര്‍ക്കും പാടില്ല.                          

എന്തായാലും രാവിലെ ആ ഒരു സീന്‍ ഒഴിവാക്കുന്നതാ ബുദ്ധി.  രാജുവിന്റെ കടയില്‍ പോയി ഗോപി വന്നാല്‍ പത്തു ദിവസത്തേക്ക്‌ എനിക്കു രണ്ടു നേരവും പാല്‍ വേണം എന്നു പറയാനേല്പിച്ചു. രാജു പറഞ്ഞു, ചേച്ചി ധൈര്യമായിട്ടു പോ, അതു ഞാനേറ്റു.   ദേ വരുന്നു,  ഗോപാലേട്ടൻ.  ഉടനേ പറഞ്ഞു, എന്തിനാ മോളെ, ആ വെള്ളം മേടിക്കണേ,  സൊസൈറ്റിയില്‍ പോയാല്‍  നല്ല പാലു കിട്ടൂല്ലോ. പിന്നെന്താ, സമയത്തിനു പോണന്നേള്ളൂ .  കേട്ടുനിന്ന രാമുവിന്റെ വക  സപ്പോര്‍ട്ട് ,  അതാ ചേച്ചി നല്ലതു്, നല്ല പാലു കിട്ടും. ഒരു ആറ്-ആറരയാവുമ്പഴേക്കും  പോയില്ലെങ്കില്‍ കിട്ടില്യാട്ടോ, ഉച്ചക്കു് രണ്ടു മണിക്കും. ആ കുട്ട്യോളെ പറഞ്ഞയച്ചാല്‍ പോരേ?

അതു റിസ്കാ, അതു വേണ്ടാ, വെള്ളമെങ്കില്‍  വെള്ളം. അതു് ഉമ്മറത്തു കിട്ടുന്നതു  തന്നെ നല്ലതു്.

പിന്നെ സൊസൈറ്റിയായി ചര്‍ച്ചാവിഷയം. സമയത്തിനു തുറക്കാത്തതു്, ചിലര്‍ക്ക്‌ ഇല്ലെന്നു പറയുന്നു, ചിലര്‍ക്കു് മാറ്റി വച്ച് കൊടുക്കുന്നു,അങ്ങിനെ അങ്ങിനെ.  അവര്‍ക്കൊരു ചര്‍ച്ചാവിഷയം ഇട്ടുകൊടുത്ത സന്തോഷത്തില്‍ ഞാനിങ്ങു പോന്നു.

വീട്ടിലെത്തി  പത്തു മിനിറ്റ് കഴിഞ്ഞില്ല, ദാ വരുന്നു ഒരാള്‍ പാല്‍പ്പാത്രവും കൊണ്ട്.  . ഇത്ര പെട്ടെന്നിതെങ്ങിനെ എന്നത്ഭുതപ്പെട്ടുകൊണ്ട് ഞാന്‍.. എനിക്കിന്നൊരു  ലിറ്റര്‍ മതി. സൊസൈറ്റിയില്‍ പാല്‍ കൊടുക്കാന്‍ കൊണ്ട് പോയപ്പോള്‍  വൈകി. അളക്കാന്‍ പറ്റിയില്ല.   നിരാശനായി തിരിഞ്ഞു നടക്കുമ്പോഴാണ്, രാജുവിന്റെ  കടയിലെ സംവാദത്തിലെ ഒരു കക്ഷി അതിലേ കടന്നുപോയതു്.  അതാണ് പാല്‍ വീട്ടിലെത്താന്‍ കാരണം.

വന്നതു് അപ്പു. പാടത്തിനക്കരേന്നു്. അപ്പു വാചാലനായി. മറ്റുള്ളവര്‍  തരുന്ന പാലിലെ വെള്ളത്തിന്റെ കണക്കു്,  സമയത്തിലെ കൃത്യനിഷ്ടയില്ലായ്മ.     വടക്കേലെ രാഘവന്‍   നായര്‍ക്കു എത്രയോ വര്‍ഷം ഞാനാ പാലു കൊടുത്തിരുന്നേ.  വേണെങ്കില്‍  ചോദിച്ചോളൂ..  (പിന്നെ, കല്യാണാലോചനയൊന്ന്വല്ലല്ലോ, ഇത്തിരി പാലു തരാനല്ലേ, ഞാനെന്തിനാണാവോ അയാളെപ്പറ്റി അന്വേഷിക്കണേ . പിന്നെ അന്വേഷിക്കുന്നതു്  രാഘവന്‍ നായരോടും. അസ്സലായി.  ഇന്നേവരെ ഒരു നല്ല വാക്ക് ഒരാളെപ്പറ്റി ആ മനുഷ്യന്‍  പറഞ്ഞിട്ടുണ്ടാവില്ല. ഒരു    നായരോടും ഞാനന്വേഷിക്കാന്‍ പോണില്ല.) പാലേല്പിച്ചു. അപ്പുവും   ഹാപ്പി ഞാനും ഹാപ്പി. നാളെ ആറു മണിക്കു പാല്‍ ഉമ്മറത്തുണ്ടാവും.അക്കാര്യവും റെഡി. ഇല്ലാത്ത കോളര്‍ ഇത്തിരികൂടി കേറ്റിവച്ചു.

 രാജുവിനെ  വിളിച്ചു പറഞ്ഞു, .  ഗോപിയോട്  പറയണ്ടാട്ടോ, പാലു  ഞാന്‍ വേറെ ഏര്‍പ്പാടാക്കി.

സ്വസ്ഥമായി, സമാധാനമായി ഉറങ്ങി. നേരം വെളുത്താല്‍ നല്ല പാലു കിട്ടും, കുട്ടികളുടെ കറുത്ത മുഖം കാണണ്ട. എന്തു സുഖം.    നേരത്തേ എഴുന്നേറ്റ് ഗെയിറ്റ്  തുറന്നിട്ടു.   പരപരാ വെളുക്കുമ്പോള്‍  പാല്‍ കൊണ്ടുവരുന്ന  അപ്പുവിനെ  പാവം ബുദ്ധിമുട്ടിക്കരുതല്ലോ.  ആറു മണിയായി, ആറരയായി ഏഴായി, ഏഴരയായി പാലുമില്ല, അപ്പുവുമില്ല.

വീണ്ടും രാജുവിനെ വിളിച്ചു്,  ഗോപിയെ വിളിച്ച്   പാല് സംഘടിപ്പിച്ചു.  രാജു പറഞ്ഞു, അപ്പുവാണെന്നു പറഞ്ഞപ്പഴേ എനിക്കു സംശയമുണ്ടായിരുന്നു.  ആശാന്റെ ഒരു ഹോബിയാണത്രേ  മനുഷ്യരെ പറഞ്ഞു പറ്റിക്കുകയെന്നതു്. കുറച്ചുകാലമായി നാട്ടിലില്ലാത്ത ഞാന്‍ മാത്രം അതറിഞ്ഞില്ല.

നാളെ ആറു മണി എന്നൊരു സമയമുണ്ടെങ്കില്‍ പാല്‍ ഉമ്മറത്തുണ്ടാവും എന്നു പറഞ്ഞുപോയ അപ്പുവിനെ  പിന്നെ ഇന്നീ ദിവസം വരെ ഞാന്‍  കണ്ടിട്ടില്ല.   എന്തായിരുന്നു അയാളുടെ ഉദ്ദേശം . ഒരാളേക്കൂടി പറഞ്ഞു പറ്റിച്ചതിന്റെ ആനന്ദമോ. ആനന്ദിക്കാന്‍ ഓരോരോ കാരണങ്ങള്‍.

എന്നാലും, എന്റെ അപ്പൂ, എന്നോട് വേണമായിരുന്നോ ഇത്‌!

എഴുത്തുകാരി.

Thursday, February 21, 2013

കുംഭത്തിലെ മഴയും പ്രകൃതിയുടെ വികൃതികളും....


രാത്രി  മഴ പെയ്തിരിക്കുന്നു.  വേനല്‍ മഴ. കുറേ നാളായി ഒളിച്ചു കളിക്കുന്നു.  വേനൽ ചൂടിന് ചെറിയൊരറുതി.  കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം എന്നല്ലേ. മാണിക്യമൊന്നും വേണ്ടാ. അങ്ങേയറ്റം ഇത്തിരി പൊന്നു മതി.  വേണ്ടവർക്കു കഴുത്തിലും കയ്യിലുമൊക്കെ ഇട്ടോണ്ടു നടക്കാല്ലോ!.

 അങ്ങിനെ എന്റെ ഭംഗി ചുളുവിലാരുമിപ്പോ ആസ്വദിക്കണ്ടാന്നു കരുതിയാണോ എന്തോ (മഴക്കും തുടങ്ങിയോ കുശുമ്പും കുന്നായ്മയും)  മഴ തുടങ്ങിയതു് രാത്രി രണ്ടു മണിക്കു്.  നേരം പുലരുന്നതുവരെ പെയ്തു.   എന്തിനാ അങ്ങനെ കരുതണേ അല്ലേ, ഈ വേനൽക്കാലത്ത് ആരും  കുട എടുത്തിട്ടുണ്ടാവില്ല, ആരേം ബുദ്ധിമുട്ടിക്കണ്ടാന്നു കരുതിയിട്ടും ആവാല്ലോ. അല്ലെങ്കിലും എന്റെ മനസ്സിലാ കുശുമ്പ്.

ശരി, രാവിലെ പറമ്പിലൊരു കറക്കം കറങ്ങാമെന്നു വച്ചിറങ്ങി.  മഴ കഴിഞ്ഞു  വെള്ളത്തുള്ളികളിറ്റു വീഴുന്ന സമയത്തെ നടത്തമാണെനിക്കിഷ്ടം. അതിനിടയിൽ കുശലം ചോദിക്കാൻ കയറിവന്ന  ചിലരതു മുടക്കി. നിങ്ങളിപ്പോ പോ, ഞാൻ മഴത്തുള്ളികളിറ്റു  വീഴുന്ന  മരങ്ങൾക്കിടയിലൂടെ
കുറച്ചുദൂരം ഒന്നു നടന്നോട്ടെ  എന്നൊക്കെ പറഞ്ഞാൽ, എഴുത്തുകാരിക്കു വട്ടാണെന്നു നാട്ടിൽ പരക്കാൻ അധിക നേരം വേണ്ടാ.   അതും വന്നതാരാണെന്നുവച്ചിട്ടാ.പരദൂഷണം കണ്ടുപിടിച്ച്  തൊഴിലാക്കിയ  രാഘവൻ നായരും.   മോഹമൊക്കെ ഞാൻ പെട്ടിയിൽ വച്ചു പൂട്ടി. അതാ ബുദ്ധി .

എന്റെ പറമ്പു വിസിറ്റ് തുടങ്ങിയപ്പോഴേക്കും ഇറ്റു വീഴാൻ വെള്ളമൊന്നും ബാക്കിയില്ല.. എല്ലാം കാറ്റും വെയിലും കൊണ്ടുപോയി.

അങ്ങനെ നടന്നുവന്നപ്പഴല്ലേ,  കണ്ടു, പ്രകൃതിയുടെ ചില വികൃതികള്‍.

ഒരു നാടന്‍ ചെമ്പരത്തിച്ചെടി. രണ്ടു തരം പൂക്കള്‍. പലയിടത്തും വെള്ള ചെമ്പരത്തി റോസ് ചെമ്പരത്തിയായി മാറി കണ്ടിട്ടുണ്ട്.  ഇതു് അതല്ല, നല്ല നാടന്‍ ചുവന്ന ചെമ്പരത്തിയും നാടന്‍ ക്രീം ചെമ്പരത്തിയും.  ആംഗ്ലോ ഇന്ത്യന്‍ അഛനും നാടന്‍ അമ്മക്കും ഉണ്ടായ മക്കള്‍ പോലെ. സംഭവം, റോഡിനപ്പുറത്തെ വീട്ടില്‍ ചുവപ്പും എന്റെ വീട്ടില്‍ ക്രീമും ഉണ്ട്. എന്നാലും ഇത്ര അകലേ നിന്നുകൊണ്ട് ഇവരിതെങ്ങിനെ സാധിച്ചെടുത്തു! അക്കരെയിക്കരെ നിന്നിട്ടാശ തീരാതെ ഏതോ ഒന്നു റോഡ് മുറിച്ച്‌  മതിലു ചാടി കടന്നിരിക്കും.  

ദാ മറ്റൊരു കള്ളക്കളി. ഇതു കണ്ടോ, ഒരു ഞെട്ടില്‍ രണ്ട് മൊട്ടുകള്‍.  വെറും ഇരട്ടകളല്ല, സയാമീസ് ഇരട്ടകള്‍.  ഒരു ഞെട്ടില്‍ വിടര്‍ന്ന പൂക്കളേപ്പോലെ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഞാനിതുവരെ കണ്ടിട്ടില്ല.   നാളെ കൊഴിഞ്ഞുപോവാനുള്ളതല്ലേ, ഓരോ പൂവിനും ഓരോ ഞെട്ടൊക്കെ കൊടുത്ത് ബുദ്ധിമുട്ടുന്നതെന്തിനാ? എളുപ്പപ്പണി, അല്ലാതെന്താ.  ജാതിച്ചെടിയുടെ ഇടയില്‍ ഒളിച്ചിരിക്കയായിരുന്നു. കയ്യിലുണ്ടായിരുന്ന മൊബൈല്‍ കൊണ്ട് അപ്പോ ക്ലിക്കി ഞാന്‍.


ഇനി പത്രഭാഷയില്‍ പറഞ്ഞാല്‍  ഒരു ഫയല്‍  ചിത്രം.  അതും കുറുമ്പിന്റെ തന്നെ. പപ്പായക്കകത്ത്  കശുവണ്ടി പോലെ വിത്തുകള്‍. അപ്പുറത്തൊരു കശുമാവുണ്ടായിരുന്നു. രണ്ടും തമ്മില്‍  കടുത്ത പ്രണയമായിരുന്നിരിക്കണം. 


വിഷുവിനു ഇനിയുമുണ്ട്  ഒന്നൊന്നരമാസം. പക്ഷേ നാട്ടില്‍ പൂക്കാത്ത ഒരു കൊന്നപോലുമില്ല. എല്ലാ കൊന്നമരത്തിലും നിറയെ സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍.  വിഷുവിങ്ങെത്താന്‍ തിരക്കായോ എല്ലാര്‍ക്കും?

വിഷുവിനു്  വല്ലതും ബാക്കി കാണുമോ? “ നീ പൂ പൊട്ടിക്കുമ്പോള്‍ ഒരിത്തിരി പൂ  ഇലയില്‍ പൊതിഞ്ഞു് വെള്ളം തളിച്ച് എനിക്കും കൂടി വച്ചേക്കണേ, അല്ലാ, അതു ഞാന്‍ പറയേണ്ട കാര്യമില്ല, നീ ചെയ്യുമെന്നറിയാം” എന്നു പറഞ്ഞേല്പിക്കുന്നവര്‍ക്കു കൊടുക്കാന്‍   ഒരിത്തിരി പൂ ബാക്കിയുണ്ടാവുമോ, ആവോ?

എഴുത്തുകാരി.

വാല്‍ക്കഷണം: ഫയല്‍ ചിത്രമെന്നു വച്ചാല്‍  എന്റെ പഴയ പോസ്റ്റുകളില്‍ കൊടുത്തിരുന്ന ചിത്രം റീ പോസ്റ്റുന്നു എന്നര്‍ത്ഥം.

Thursday, January 31, 2013

ഈ മനോഹര സന്ധ്യയില്‍ ....

ഒരു പതിവു സായാഹ്നം. വെയില്‍ മാഞ്ഞു.  പടിഞ്ഞാറേ മാനം ചുവപ്പണിഞ്ഞു. കടലിനെ പുണരാന്‍ വെമ്പുന്ന സൂര്യന്‍.  പറവകള്‍  കൂടണയാനുള്ള  തിടുക്കത്തില്‍. നേര്‍ത്ത ഇളം  കാറ്റ്. സന്ധ്യ എന്നും സുന്ദരിയാണ്. ഒരുപക്ഷേ പ്രഭാതത്തേക്കാള്‍.

ഇത്രയേറെ സുന്ദരിയായ സന്ധ്യ. ആസ്വദിക്കാന്‍ കുറച്ചേറെ മധുര  മനോഹര  പ്രണയ ഗാനങ്ങളും കൂടിയായാലോ. അതായിരുന്നു ഇന്നലത്തെ സന്ധ്യ. എഴുപതുകളിലേയും എണ്‍പതുകളിലേയും ഗാനങ്ങള്‍. പി ഭാസ്കരനും വയലാറും ദേവരാജനും ഗാനഗന്ധര്‍വ്വനും എസ് ജാനകിയുമൊക്കെ ചേര്‍ന്നൊരുക്കിയ, നമുക്കു സമ്മാനിച്ച ഒരുപിടി മലയാള മണമുള്ള മധുരഗാനങ്ങള്‍.

സ്വയം ലയിച്ചുപോയ ഒന്നര മണിക്കൂര്‍.  കൂടപ്പിറപ്പായ മടി മാറ്റിവച്ചു പോകാന്‍ തോന്നിയ ആ നിമിഷത്തിനു നന്ദി . അല്ലെങ്കില്‍ അതൊരു നഷ്ടമായേനേ.

ചീനവലയിലെ,  ആര്യങ്കാവില്‍ താലികെട്ടി, ആയിരം പൂപ്പാലികയിലെ സിന്ദൂരമണിഞ്ഞ്, പാതിരാമണലില്‍ ആദ്യരാത്രി ആഘോഷിക്കാന്‍ കാമുകിയെ വിളിക്കുന്ന കാമുകനില്‍  തുടങ്ങി, കാട്ടിലെ പാഴ്`മുളം തണ്ടില്‍നിന്നു് പാട്ടിന്റെ പാലാഴി തീര്‍ത്ത പ്രിയപ്പെട്ടവളുടെ വരവിനായ് കാത്തിരിക്കുന്ന കാമുകന്‍, മഞ്ഞണിപ്പൂനിലാവില്‍ മഞ്ഞളരച്ചു് വച്ചു നീരാടി, താനേ തിരിഞ്ഞും മറിഞ്ഞും   ഉറക്കം   വരാതെ താമരമെത്തയിലുരുണ്ടും കാമുകി.., കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം  കാക്ക കൊത്തി പോയപ്പോഴും നര്‍മ്മം വിടാത്ത കാമുകന്‍. പ്രണയത്തിന്റെ, വിരഹത്തിന്റെ  എത്രയെത്ര ഗാനങ്ങള്‍, എത്രയെത്ര ഭാവങ്ങള്‍!

 ഇന്നും മനസ്സില്‍ നിറഞ്ഞു നിക്കുന്ന, എ എം രാജ, ജിക്കിയുടെ  പെരിയാറേ, പെരിയാറേ,കൂടെവിടെ യിലെ ആടിവാ കാറ്റേ., ചിത്രയുടെ തമിഴ് പാട്ട് ഇദയനിലാ, മുഹമ്മദ് റാഫിയുടെയും ദാസേട്ടന്റേയും ഒന്നുരണ്ടു ഹിന്ദി പാട്ടുകള്‍,  സാക്സഫോണില്‍  വായിച്ച ഒരു ഹിന്ദി പ്രണയഗാനം (വാക്കുകള്‍ മറന്നുപോയി). ശരിക്കും മറ്റൊരു ലോകത്തിലായപോലെ.  സമയം പോയതറിഞ്ഞതേയില്ല.

ആ തിയറ്ററിനു് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍. ഓരോ പാട്ട്‌ കഴിയുമ്പോഴും നിറഞ്ഞ  കയ്യടി. കയ്യടിക്കാതിരിക്കാന്‍ കഴിയില്ല. അത്ര മനോഹരമായിരുന്നു.  പാട്ടുകാര്‍ അത്ര പേരുകേട്ടവരോ ഗംഭീരന്മാരോ ആയിട്ടല്ല,  പക്ഷേ എന്താ പറയ്‌ആ, വല്ലാത്ത ഒരു അനുഭവമായിരുന്നു. എത്ര വറ്റിവരണ്ട മനസ്സിലും പ്രണയത്തിന്റെ നേര്‍ത്ത ഭാവം മുളപ്പിക്കാന്‍ പോന്നതു്.

ഇത്രയുമായിട്ടും സംഭവം എന്താണെന്നുപറഞ്ഞില്ലല്ലേ.  ആകാശവാണിയുടെ  ഉത്സവ് 2013 - സുവര്‍ണ്ണസ്മൃതി. തൃശ്ശൂര്‍ റീജണല്‍ തിയറ്ററില്‍. പതിവു് പ്രസംഗങ്ങളോ, കസര്‍ത്തുകളോ ഇല്ല. ചെറിയ ഒരു സ്വാഗതം മാത്രം.ആകാശവാണിയിലെ കലാകാരന്മാരായ ഗിരിജാ വര്‍മ്മ, അരൂര്‍ പി കെ  മനോഹരന്‍, ശ്രീരാം, സന്തോഷ്, എന്നിവര്‍. പിന്നെ ശിഖ പ്രഭാകര്‍ എന്ന കൊച്ചു ഗായികയും. ജാഡകളൊന്നുമില്ല.  ഡാന്‍സില്ല. പാടാന്‍പോകുന്ന പാട്ടിനെ പ്പറ്റി ഒന്നോ രണ്ടോ വാചകം, അതേ മൈക്ക് ഗായകനോ ഗായികക്കോ കൈമാറുന്നു, അവര്‍ പാടുന്നു.  സ്റ്റേജില്‍ വന്നു, കണ്ണടയെടുത്തുവച്ചു്, പോക്കറ്റില്‍ നിന്നു് നാലായി/എട്ടായി മടക്കിയ കടലാസെടുത്തു വച്ചിട്ടവര്‍ പാടുന്നു. യാതൊരുവിധ ജാടകളുമില്ലാതെ.  ഇഷ്ടം തോന്നിപ്പോകും.അല്ലെങ്കിലേ ആകാശവാണിയോടെനിക്കിത്തിരി പ്രേമമാണു് പണ്ടു മുതലേ..

ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല പരിപാടി..

ഇനിയുമുണ്ടായിരുന്നു പരിപാടികള്‍. ചവിട്ടുനാടകവും മോഹിനിയാട്ടവുമൊക്കെ.  ചവിട്ട് നാടകം കാണാന്‍ മോഹവുമുണ്ടായിരുന്നു.  പക്ഷേ വേണ്ടാ. ഏഴര കഴിഞ്ഞു.  രാത്രിയിലെ തൃശ്ശൂരിനെ എനിക്കറിയില്ല.  ഞാന്‍  തനിച്ചല്ലേ... ഒരു പ്രണയഗാനവും മൂളി ഞാന്‍ നടന്നു.

എഴുത്തുകാരി.