വീണ്ടും ഒരു പതിവു യാത്ര. ഓന്ത് ഓടിയാൽ വേലിയോളം എന്നു പറഞ്ഞപോലെ ഒരു നെല്ലായി- തൃശ്ശൂർ അല്ലെങ്കിൽ തൃശ്ശൂർ- നെല്ലായി. അത്ര തന്നെ.
തൃശ്ശൂർ വടക്കേ സ്റ്റാൻഡ്. രാവിലെ പതിനൊന്ന് പതിനൊന്നര.. വല്യ തിക്കും തിരക്കും ബഹളമൊന്നുമില്ല.. അതൊക്കെയുള്ളവർ നേരത്തെ പോയിക്കഴിഞ്ഞു. .അവിടേം ഇവിടേം മാത്രം യാത്രക്കാർ. ഞാനെന്റെ പ്രിയപ്പെട്ട സൈഡ് സീറ്റിൽ.
കൺഡക്ടർ ചായ കുടിക്കുന്നു, ഡ്രൈവർ ബീഡി വലിക്കുന്നു. ഇതൊക്കെ കഴിഞ്ഞു പതുക്കെ വണ്ടി(ആനവണ്ടിയാണേയ്) വിട്ടു. അടുത്തത് സ്വപ്ന. അവിടേം ഇത്തിരിനേരം. ചിലർ കാഴ് ച കണ്ടിരിക്കുന്നു. ചിലർ മൊബൈലിൽ.
കണ്ണ് ചെന്നെത്തിയതു റോഡിനപ്പുറത്തെ മരങ്ങളിൽ (തേക്കിൻകാട്ടിൽ -അതിനുതാഴെയാണ് സ്ഥിരം പൂക്കച്ചവടം). എല്ലാ മരത്തിലുമുണ്ട് നാലഞ്ചു പക്ഷിക്കൂട്. മരത്തിന്റെ തുഞ്ചത്ത് ചുള്ളിക്കൊമ്പു പോലുള്ള കൊച്ചുകൊച്ചു കൊമ്പിലാ കൂട് കൂട്ടിയിരിക്കുന്നതു്. ഇലകളും കാര്യമായിട്ടില്ല. കാറ്റത്താടുന്നു. ശക്തിയായ കാറ്റുണ്ട്. പറയുന്നതു് വൃശ്ചികക്കാറ്റെന്നാണെങ്കിലും, വൃശ്ചികം കഴിഞ്ഞ്, ധനുവും മകരവും കഴിഞ്ഞ് കുംഭം വരാറായി. എന്നാലും കാറ്റ് വൃശ്ചികക്കാറ്റു തന്നെ. നമ്മളേത്തന്നെ പറത്തിക്കൊണ്ടുപോകുന്ന കാറ്റ്. ഈ കാറ്റത്തും ആ കൊച്ചുകൊച്ചു കിളിക്കൂടുകൾ എങ്ങിനെ വീഴാതിരിക്കുന്നു! അല്ലെങ്കിൽ തന്നെ പ്രകൃതിയുടെ ഏതു കാര്യമാ നമ്മളെ അത്ഭുതപ്പെടുത്താത്തതു്, അല്ലേ!
വണ്ടി വീണ്ടും വിട്ടു. ബാക്ക് സീറ്റിൽ ഇത്തിരി പ്രായമുള്ള ഒരു സ്ത്രീ ഇരിക്കുന്നുണ്ട് ഒറ്റക്ക്. പെട്ടിയും ബാഗുമൊക്കെയുണ്ട്. ഏതോ യാത്ര കഴിഞ്ഞു വരുന്നപോലെ. പാലിയക്കര കഴിഞ്ഞപ്പോൾ പെട്ടെന്നവർ ബഹളം വച്ചു എനിക്കിവിടെ ഇറങ്ങണമെന്നു പറഞ്ഞ്. ബെല്ലടിച്ചു. ചോദിച്ചുപിടിച്ചുവന്നപ്പോൾ അവർക്കിറങ്ങേണ്ടതു് ചാലക്കുടിയാണ്. അവർക്കെങ്ങിനെ പാലിയക്കര ചാലക്കുടിയായി തോന്നിയതെന്നറിഞ്ഞൂടാ.
ഇതൊക്കെ കേട്ട് എന്റെ അടുത്തിരിക്കുന്ന ചേടത്തി ഉറക്കത്തിൽ നിന്നെണീറ്റ് ഒരു കമെന്റ് “ഇനി എന്തോരം രാജ്യം കഴിഞ്ഞിട്ടു വേണം ചാലക്കുടിയെത്താൻ“. എല്ലാരേം ചിരിപ്പിച്ചിട്ടു അതൊന്നും മൈൻഡ് ചെയ്യാതെ ചേടത്തി ഉറക്കം കണ്ടിന്യൂ ചെയ്തു.
ബാക്ക് സീറ്റിലെ വല്യമ്മ എന്നാലും ഇടക്കിടെ ചാലക്കുടി ചാലക്കുടി എന്നു പറഞ്ഞോണ്ടിരുന്നു. ഉറക്കത്തിലും കയ്യിലുള്ള കൊന്തയിൽ വിരലുകൾ നീക്കിക്കൊണ്ടിരിക്കുന്ന ചേടത്തി ഇടക്ക് ഞെട്ടിയുണർന്ന് അവരെയൊന്നു പറ്റിക്കും. പുതുക്കാടാവുമ്പോൾ പറയും ഇപ്പോ ആമ്പല്ലൂർ രാജ്യമേ ആയിട്ടുള്ളൂ. എന്നിട്ടെന്നെ നോക്കി ഒന്നു കണ്ണിറുക്കും. എഗൈൻ കണ്ടിരുന്ന സ്വപ്നത്തിലേക്കു തിരിച്ചുപോവും.
അങ്ങനെയങ്ങനെ നെല്ലായി വന്നു. ഞാൻ ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോൾ ചേടത്തി കണ്ണ് തുറന്നു. എന്നിട്ടെന്നോടൊരു ചോദ്യം“മോൾടെ രാജ്യം വന്നോ?” എന്നു്.
കിളിക്കൂട് ഇതിലല്ല, ഇതു് വെറുതേ ഒരു മരം തൃശ്ശൂർ മൃഗശാലയിലെ..
എഴുത്തുകാരി.