Wednesday, February 7, 2007

ഉത്സവപ്പിറ്റേന്ന്‌

ആളും അരങ്ങും ഒഴിഞ്ഞു. ആനപിണ്ടത്തിന്റെ മണവും, ആന ബാക്കി വച്ചു പോയ തെങ്ങിന്‍പട്ട കഷണങ്ങളും മാത്രം. മറിഞ്ഞു കിടക്കുന്ന കതിനകള്‍.

ഇന്നലെ ആയിരുന്നു ആറാട്ട്‌. 5 ദിവസത്തെ ഉത്സവം കഴിഞ്ഞു.

ക്ഷേത്രം ഇന്നലെ -- ഒരോട്ട പ്രദക്ഷിണം.

ഒരറ്റത്ത് നിന്നു തുടങ്ങിയാല്‍, അമ്പലമുറ്റത്ത്‌ ബലൂണ്‍, പീപ്പി വില്പനക്കാരന്‍, വള, മാല, ലൊട്ടുലൊടുക്കു സാധനങ്ങള്‍. പീപ്പിക്കും ബലൂണിനും വേണ്ടി വാശിപിടിക്കുന്ന കുട്ടികള്‍. വഴി നിറയെ ട്യൂബ്‌ ലൈറ്റ്കള്‍. കമാനത്തില്‍ വര്‍ണ വിളക്കുകള്‍.

അകത്തേക്കു കടന്നാല്‍, ഒരു വശത്തു് കമ്മിറ്റിക്കാരുടെ കൂട്ടം ചേരലുകള്‍, അങ്ങോട്ടുമിങ്ങോട്ടും തിരക്കുപിടിച്ചു ഓടിനടക്കുന്നു, കക്ഷത്തിലെ ഒരിക്കലും താഴെ വയ്ക്കാത്ത ബാഗില്‍നിന്നു് കാശെടുത്ത്‌ കൊടുക്കുന്നു. ഈ ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ചവര്‍ അവരാണെന്നു് നമുക്കു
തോന്നിപ്പോവും ആ നിമിഷത്തില്‍.

ഇനി, വഴിപാടു് കൌണ്ടര്‍ - ഭക്തജനങ്ങളുടെ തിരക്ക്‌ -- പുഷ്പാഞ്ജലി, നെയ്‌വിളക്കു്, പറ, വെടി വഴിപാടു് (വിളിച്ചു പറയല് പതിവില്ല)

അപ്പുറത്ത്‌ കലാപരിപാടികള്‍ നടക്കുന്ന സ്റ്റേജില്‍ “ഹലോ മൈക്ക്‌ ടെസ്റ്റിങ്ങ്‌, മൈക്ക്‌ ടെസ്റ്റിങ്ങ്‌" എപ്പഴുമെപ്പഴുമീ മൈക്ക്‌ എന്തിനാ ടെസ്റ്റ് ചെയ്യുന്നതെന്തിനാണെന്നയാള്‍ക്കേ അറിയൂ.

അങ്ങേ അറ്റത്ത്‌ കതിനയും കരിമരുന്നുമായി വെടിക്കാരന്‍ ചേട്ടന്‍. വെടിയൊച്ച കേട്ടു കരയുന്ന കുട്ടികള്‍, ഒച്ച കേള്‍ക്കാതിരിക്കാന്‍ രണ്ടു ചൂണ്ടുവിരലും ചെവിയില്‍ തിരുകി കേറ്റിവച്കു നടക്കുന്ന ചിലര്‍.

ദാ, അപ്പുറത്ത്‌ നില്‍ക്കുന്നു, നമ്മുടെ “ വൈലൂര്‍ പരമേശ്വരന്‍". അവനൊരു സ്വല്പം കുറുമ്പനാ. അനുസരണ ഇത്തിരി കുറവും. മെക്കിട്ടു് കേറാന്‍ ഒരു പാപ്പാനേയുമൊട്ടു സമ്മതിക്കുകയുമില്ല. പാപ്പാന്‍ എന്തൊക്കെ പറഞ്ഞാലും, അവനു സൌകര്യമുണ്ടെങ്കിലേ അവന്‍ കേള്‍ക്കൂ. ചുറ്റും കുറെ കുട്ടികള്‍, പഴം കൊടുക്കുന്നു, ശര്‍ക്കര കൊടുക്കുന്നു (പകരം ആനവാല്‍ ചോദിച്ചു നോക്കുന്നൂ, പക്ഷേ കിട്ടുന്നില്ല)

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട സ്ഥലം, ഊട്ടുപുര. അവിടെ എപ്പോഴും ജനത്തിരക്കാണ്. മഴയത്ത്‌ പോലും ഒന്നു കേറി നില്‍ക്കത്തവര്‍ കൂടി സജീവമാണീ ഉത്സവക്കാലത്ത്‌.

അമ്പലത്തിനുള്ളില്‍ , മേല്‍ശാന്തിയും, കീഴ്ശാന്തിയും, തന്ത്രിയുമെല്ലാം --- മുഷിഞ്ഞ മുണ്ടും അതിനേക്കാള്‍ മുഷിഞ്ഞ പൂണൂലുമായിട്ട്‌.

ഉത്സവം കാണാനും, പരദൂഷണം പറയാനുമായി അവിടവിടെയായി കൂടിനില്‍ക്കുന്ന കുറച്ചു് നാട്ടുകാര്‍.

(മറന്നോ വല്ലതും, ഏയ്, ഇല്ല)

ഇത്രയൊക്കെ കൂട്ടിവച്ചാല്‍ ഏകദേശം ഉത്സവപറമ്പായി. അതെല്ലാം ഇന്നലെ.

ഇന്നോ? ഒന്നുമില്ല, ആനപിണ്ടവും, കാറ്റത്തു വരുന്ന അതിന്റെ മണവും മാത്രം.

ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരിക്കുന്നൂ, അടുത്ത മകരത്തിനായി.


എഴുത്തുകാരി.

അടിക്കുറിപ്പു് -- (1) ഇപ്രാവശ്യത്തെ ഏറ്റവും ജനപ്രിയ പരിപാടി എന്തായിരുന്നെന്നോ -
നെല്ലായി വനിതകള്‍ അവതരിപ്പിച്ച ‘തിരുവാതിര കളി’.
(2) വല്ലാതെ ബോറാവുന്നുണ്ടോ എന്റെ പുരാണം?

9 comments:

Anonymous said...

...ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരിക്കുന്നൂ, അടുത്ത മകരത്തിനായി...

ഉത്സവം : Ulsavam said...

ഉത്സവംന്നൊക്കെ കേട്ട് ഓടി വന്നതാ ഇതിപ്പോ ആനപിണ്ടല്ലാതെ ഒന്നും കിട്ടിയില്ലല്ലോ!
രണ്ട് പൊതി കടലയോ, ഒരു പാക്കറ്റ് പൊരിയോ എങ്കിലും തരായിരുന്നു.
അതേയ് ഈ കിലുക്കികുത്തുകാരനെ കണ്ടില്ലല്ലോ കക്ഷി ഇല്ലാതെ പിന്നെ എന്ത് ഉത്സവം??? :-)

Sands | കരിങ്കല്ല് said...

എനിക്കിഷ്ടായീ വിവരണം...

“അമ്പലത്തിനുള്ളില്‍ , മേല്‍ശാന്തിയും, കീഴ്ശാന്തിയും, തന്ത്രിയുമെല്ലാം --- മുഷിഞ്ഞ മുണ്ടും അതിനേക്കാള്‍ മുഷിഞ്ഞ പൂണൂലുമായിട്ട്‌.“ - സത്യം.. ഇതിങ്ങനെയാണെപ്പോഴും..

സന്ദീപ്.

K.V Manikantan said...

മറിഞ്ഞു കിടക്കുന്ന കതിനകള്‍ -ഒരു വിയോജനക്കുറിപ്പ്: കതിനകള്‍ ഡിസ്പോസിബിള്‍ അല്ലല്ലോ? അപ്പോള്‍ മറിഞ്ഞു കിടക്കുന്നവ റീയൂസ് ചെയ്യാന്‍ എടുത്ത് അകത്തു വക്കില്ലേ?

അടുത്ത കൊല്ലം ഈ ഉത്സവത്തിന് എന്തായാലും വരും. നൂറു തരം.

മുഷിഞ്ഞ പൂണൂലൊക്കെ പണ്ട്. ഇപ്പോ അവര്‍ക്കൊക്കെ നല്ല വരുമാനമായില്ലെ?

Kaithamullu said...

ഉത്സവപ്പിറ്റേന്ന്- ഹൌ, എന്തു ബോറ്!
പക്ഷേ തലേന്നൊ- അന്നാണ് മനസ്സിനുള്ളില്‍ ശരിയായ ഒമ്പതാം ഉത്സവം....
-ങേ, എന്താണെന്നോ: പറയില്ല, കാരണങ്ങള്‍ പലതാണ്.
(ഇപ്പോഴും അങ്ങിനെയൊക്കെ തന്നെയാണൊ എന്തോ?)

സു | Su said...

ഉത്സവപ്പിറ്റേന്ന്, അടുപ്പമുള്ള ആരോ യാത്ര പറഞ്ഞുപോയ പ്രതീതി ആണ്. അടുത്ത ഉത്സവത്തിനു വരാംട്ടോ. :)

ഉത്സവം കഴിഞ്ഞാല്‍, വളപ്പൊട്ട് തേടി നടക്കലായിരുന്നു, ഞങ്ങളുടെ പരിപാടി.

വേണു venu said...

നല്ല വിവരണം. ഉത്‍സവ പിറ്റേന്നു്,‍ വലിയ നിരാശയുടെ ദിവസമായിരുന്നു. ഇനിയും ഒരു വര്‍ഷം കാത്തിരിക്കണമല്ലോ.
“എപ്പഴുമെപ്പഴുമീ മൈക്ക്‌ എന്തിനാ ടെസ്റ്റ് ചെയ്യുന്നതെന്തിനാണെന്നയാള്‍ക്കേ അറിയൂ.“
അതും ഇഷ്ടപ്പെട്ടൂ. പലപ്പോഴും തോന്നാറുള്ളതാണു്.
നന്നായെഴുതി.

Typist | എഴുത്തുകാരി said...

കാളിയനുമുണ്ട്` കാത്തിരിക്കാന്‍ അല്ലേ?
ഉത്സവം, സത്യമായിട്ടും കക്ഷി വന്നില്ല.
സന്ദീപ്, നന്ദി.
സങ്കുചിതോ, കതിനകള്‍ വാടകക്കു കൊണ്ടു വന്നതാ. ശാന്തിക്കാരന്‍ നമ്പൂരീടെ പൂണൂല്‍ എന്തായാലും മുഷിഞ്ഞേ ഇരിക്കൂ.

കൈതമുള്ള്‌, വേണൂ, സൂ, നന്ദി.

എഴുത്തുകാരി.

വര്‍ണ്ണമേഘങ്ങള്‍ said...

ബോറായിട്ടില്ല, പോക്ക്‌ കണ്ടിട്ട്‌ ബോറാകാനും തരമില്ല. ധൈര്യമായി പോരട്ടേ...