Saturday, September 19, 2009

കാലത്തിന്റെ ബാക്കിപത്രം

ഇവിടെ തലയുയര്‍ത്തി നിന്നിരുന്നു മൂന്നു നിലയുള്ള ഒരു വീട്, നാലുകെട്ടും നടുമുറ്റവുമൊക്കെയായിട്ടു്.

നിറയെ നാട്ടുമാവുകള്‍, രണ്ടുമൂന്നു പ്ലാവ്, പുളി, പ്ലാശ്, എല്ലാമുണ്ടായിരുന്നു. ഇടവഴിവക്കില്‍ നിന്നിരുന്ന മാവില്‍നിന്നു്, ഇടവഴിയും കഴിഞ്ഞു എന്റെ വീട്ടില്‍ വീഴുമായിരുന്നു മാമ്പഴങ്ങള്‍. രാവിലെ നേരത്തേ കുളിക്കാന്‍ പോകുന്നവര്‍ക്കും, അമ്പലത്തില്‍ പോകുന്നവര്‍ക്കും ഉള്ളതാണു്‍ രാത്രിയില്‍ വീഴുന്ന മാമ്പഴങ്ങള്‍ മുഴുവന്‍.

പിന്നെ ഒരുപാട് മുല്ല, മന്ദാരം,തെച്ചി, തുളസി, പഴയ ഒരു തറവാട്ടില്‍ ഉണ്ടാകുന്ന എല്ലാം. അശോകമരം വീട്ടില്‍ വളര്‍ത്താന്‍ പാടില്ലത്രേ. പാവം സീത ലങ്കയില്‍ അശോകമരത്തിന്റെ ചുവട്ടിലായിരുന്നില്ലേ. എന്നിട്ടും ഇവിടെ ഉണ്ടായിരുന്നു കുലകുലയായി പൂക്കളുമായി ഒരശോകമരം. അതില്‍നിന്നു് ഞാനെത്രയോ പൂക്കള്‍ പൊട്ടിച്ചിരിക്കുന്നു പൂജക്കായി. എത്രയോ മുല്ലപ്പൂ പൊട്ടിച്ചിരിക്കുന്നു, തലയില്‍ ചൂടാനായി.

ആ വീട്ടില്‍ പ്രതാപിയായ ഐശ്വര്യമുള്ള ഒരമ്മയും‍ ഉണ്ടായിരുന്നു. മതിലോരത്തു വന്നു് എന്നെ വിളിക്കും. പുടവത്തുമ്പു കൊണ്ടു മറച്ച ഒരു കൊച്ചു പാത്രമുണ്ടാവും കയ്യില്‍. ചിലപ്പോള്‍ വാഴക്കുടപ്പന്‍ തോരന്‍, ചിലപ്പോള്‍ പ്ലാശിന്റെ ഇലയില്‍ ഉണ്ടാക്കിയിരുന്ന അട, അല്ലെങ്കില്‍‍ പച്ച അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തിട്ടൊരു പലഹാരം (അതെങ്ങിനെയാ ഉണ്ടാക്കുന്നതെന്നെനിക്കിപ്പഴും അറിയില്ല, പക്ഷേ സ്വാദ് നാവിന്‍ തുമ്പിലുണ്ട്. നാലു ഭാഗവും നോക്കി അതു തന്നിട്ടു പറയും, ആരും കാണണ്ട, കുശുമ്പാ എല്ലാര്‍ക്കും.

ഇതെല്ലാം കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌.

നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ അമ്മ മരിച്ചു. പിന്നെ ആ വലിയ വീട്ടില്‍ ആരുമില്ലാതായി. പാമ്പുകള്‍, വവ്വാല്‍, മരപ്പട്ടി, ഇവയായി അന്തേവാസികള്‍. രണ്ടു വര്‍ഷം (അതോ മൂന്നോ) മുന്‍പൊരു ദിവസം മകന്‍ വന്നു മരങ്ങളെല്ലാം മുറിച്ചു വിറ്റു. പിന്നെ ഒരു സുപ്രഭാതത്തില്‍ ആ വീടും പൊളിച്ചു. വീടു പൊളിച്ചു രണ്ടാഴ്ചക്കുള്ളില്‍ ആ മകന്‍ മരിച്ചു, ചെറുപ്പത്തില്‍. (ആ വീട് പൊളിച്ചുവാങ്ങിയ ആളും അധികനാള്‍ കഴിയുന്നതിനുമുന്‍പേ മരിച്ചത്രേ). ഇപ്പോള്‍ മരിച്ചുപോയ മകന്റെ ഭാര്യയും പെങ്ങളും തമ്മില്‍ തര്‍ക്കം കോടതിയിലെത്തി നില്‍ക്കുന്നുവെന്നാണറിഞ്ഞതു്.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ കാടിനുള്ളില്‍ ഒരു വാട്ടറ് ടാങ്ക്. അകലേന്നാണെടുത്തതു്.അടുത്തുപോവാന്‍ വയ്യ, അവിടെ പാമ്പുകള്‍ കുട്ടികളും കുടുംബവുമൊക്കെയായി സുഖമായി താമസിക്കുകയാണ്. അവരെ ശല്യപ്പെടുത്തുന്നതെനിക്കിഷ്ടമല്ല..

ഇന്നലെ ആ വാട്ടര്‍ ടാങ്ക് ഉറക്കെ പറയുന്നതു ഞാന്‍ കേട്ടു.....

എല്ലാം കൊണ്ടുപോയിട്ടും എന്നെ മാത്രം എന്തേ ആരും കൊണ്ടുപോയില്ല, കാലത്തിന്റെ മൂകസാക്ഷിയാവാനോ.......

Thursday, September 10, 2009

വീണ്ടും......

‍ ഇതൊരു പോസ്റ്റല്ല, കഴിഞ്ഞ പോസ്റ്റിലെ (ഇവിടെ) കമെന്റ്സിനുള്ള   മറുപടി എന്നു വേണമെങ്കില്‍ പറയാം. കുറച്ചു വലുതാവും എന്നു തോന്നിയതുകൊണ്ട് ഒരു പോസ്റ്റായിട്ടിടാം എന്നു കരുതി.

ആ പോസ്റ്റ് (ഇവിടെ) വായിക്കാത്തവര്‍ അതൊന്നു വായിച്ചിട്ടായാല്‍ ഇത്തിരി എളുപ്പമാവും കാര്യങ്ങള്‍.

അരുണ്‍ കായംകുളം  ചോദിച്ചിരുന്നു ആ പേപ്പര്‍ എന്തു ചെയ്തുവെന്നു്. അവിടെ അതു പറയാന്‍ തുടങ്ങുമ്പോഴേക്കും ശകാരവും കല്ലേറുകളും  തുടങ്ങിയില്ലേ. ( ആ കമെന്റുകള്‍ ഡിലീറ്റ് ചെയ്തതു ഞാനല്ല,  അവര്‍ തന്നെയാണു്‍)   

ഇനി ഇതൊന്നു വായിക്കൂ -

ഇതു കിട്ടിയ ദിവസം തിരിച്ചു വന്നു bag നോക്കിയപ്പോഴാണീ ഉത്തരക്കടലാസ് കണ്ടതു്. സ്കൂളിന്റെ നമ്പര്‍ കണ്ടുപിടിക്കാന്‍ വിഷമമുണ്ടായില്ല. ഇതു നേരിട്ടു സ്കൂളില്‍  വിളിച്ചു പറഞ്ഞാല്‍ ആ ടീച്ചര്‍ക്കു ശകാരം ഉറപ്പാണു്. പേരറിയാത്ത ടീച്ചറുടെ  mobile  നമ്പര്‍ ചോദിച്ചിട്ടവര്‍ക്കു തരാനൊരു മടി. ടീച്ചറോട് ആ ഫോണില്‍ തന്നെ സംസാരിച്ചു് ഞാന്‍ കാര്യം പറഞ്ഞു. അതെങ്ങിനെയാ തിരിച്ചേല്പിക്കേണ്ടതെന്നും ചോദിച്ചു. വൈകീട്ട് മാള ബസ്സില്‍ ഉണ്ടാവാമെന്നും‍  നെല്ലായിലെത്തുമ്പോള്‍ കൊടുക്കാമെന്നും പറഞ്ഞുറപ്പിച്ചു. ഏകദേശം ആ സമയമായപ്പോള്‍ ഞാന്‍ സ്റ്റോപ്പിലേക്കു പോയി മാള ബസ്സും നോക്കി നില്പായി. മാള ബസ്സിനു പകരം മറ്റൊരു ബസ്സിലാണവര്‍ വന്നതു്. അവര്‍ക്കെന്നെ മനസ്സിലാവില്ലെങ്കിലും, എനിക്കവരെ അറിയാമല്ലോ. ഞങ്ങള്‍ സംസാരിച്ചു, ഞാനാ papers കൊടുത്തു. എന്നാലും സ്കൂളിലോ ഹെഡ്ഡ് മാസ്റ്ററോടോ അറിയിക്കാതെ എനിക്കു നേരിട്ടു തരാന്‍ തോന്നിയല്ലോ എന്നു പറഞ്ഞ് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചപ്പോള്‍,അവരുടെ മനസ്സെനിക്കു വായിക്കാന്‍ പറ്റി.  മറ്റു ജോലിക്കാരെപ്പോലെയല്ലല്ലോ, ടീച്ചറാവുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു താന്‍ എന്നു് അവര്‍ തന്നെ എന്നോട്  പറഞ്ഞു.   ടീച്ചറുടെ വീട് മാളയില്‍ തന്നെ. രണ്ടു മക്കളുണ്ട്, ഒരാള്‍ എട്ടാം ക്ലാസ്സില്‍, ഒരാള്‍ അഞ്ചാം ക്ലാസ്സില്‍.

വീട്ടില്‍ വന്നു കാപ്പി കുടിച്ചുപോകാം എന്നു ക്ഷണിച്ച എന്നോട് അതു പിന്നീടാവാം, ഇവിടെ നിന്നാല്‍ അടുത്ത മാള ബസ്സു വരുമ്പോള്‍  പോകാല്ലോ എന്നു പറഞ്ഞു അവിടെ തന്നെ നിന്നാ ഞങ്ങള്‍ സംസാരിച്ചതു്. ബസ്സു വന്നു അവരെ കയറ്റി വിട്ടിട്ടാ ഞാന്‍ വീട്ടില്‍ വന്നതു്. 

-------------------------------------------------------

ഇതുപോലെ, വര്‍ഷങ്ങള്‍ക്കു മുന്‍പ്  ബസ്സില്‍ നിന്നും  ഒരു കാര്‍ഡ് കിട്ടിയിരുന്നു. അതും സ്കൂളിന്റെ തന്നെ.അതു് ഞാന്‍ ആ സ്കൂളിന്റെ അഡ്രസ്സില്‍ അയച്ചു കൊടുത്തപ്പോള്‍ ആ സ്കൂളിലെ സിസ്റ്റര്‍ അയച്ച് തന്നതാണ്, ഈ കാര്‍ഡ്.

IMG_0248

 IMG_0245

എഴുത്തുകാരി.

Sunday, August 30, 2009

സ്നേഹത്തിന്റെ പൂക്കൂട

വീണ്ടും ഒരോണം. ഇനി മൂന്നു നാള്‍ കൂടി. പ്രകൃതി കുളിച്ചീറനായി നില്‍ക്കുന്നു.പൂക്കള്‍ക്കുമറിയാമല്ലേ ഓണമായെന്നു്! എന്റെ മുറ്റത്തു പൂക്കളില്ലാത്ത ഒരു ചെടി പോലുമില്ല. എന്തെല്ലാം നിറങ്ങളില്‍, രൂപത്തില്‍. എന്നും രാവിലെ ഞാനെന്റെ പൂക്കളെ കാണുമ്പോള്‍ സ്വയം ചോദിക്കാറുള്ളതാണ്, പ്രകൃതി, അവളെങ്ങനെയാണ്‍ ഈ നിറക്കൂട്ടുകളൊക്കെ ഇത്ര ഭംഗിയായി  ചാലിച്ചെടുക്കുന്നതെന്നു്.

ഞാനിതാ നിങ്ങള്‍ക്കായി ഒരു പൂക്കൂട തരുന്നു. അതില്‍ ചെമ്പരത്തിയുണ്ട്, മന്ദാരമുണ്ട്, നന്ത്യാര്‍വട്ടമുണ്ട്, തുളസിയുണ്ട്, കാശിത്തുമ്പയുണ്ട്, പിന്നെ പേരറിയാത്ത കുറച്ചു  പൂക്കളും. എല്ലാം എന്റെ മുറ്റത്തുനിന്നും, പറമ്പില്‍ നിന്നും പറിച്ചെടുത്തതു്. എല്ലാവരും ഇഷ്ടമുള്ളതെടുത്തോളൂ, ഭംഗിയുള്ള പൂക്കളമിട്ടോളൂ.

IMG_0163

ഇനിയൊരു ഓണസമ്മാനം....

എന്റെ മുറ്റത്തു ഇന്നു വിരിഞ്ഞ രണ്ടുമൂന്നു പൂക്കള്‍.

IMG_0200

 

IMG_0183

പണ്ടൊക്കെ വേലികളില്‍ കണ്ടിരുന്ന പൂവു്. ഞാനിതു് ഏതോ വേലിയില്‍ നിന്നു കൊണ്ടുവച്ചു പിടിപ്പിച്ചതു്. ഇന്നതില്‍ ആദ്യത്തെ പൂവുണ്ടായി. അതിതാ നിങ്ങള്‍ക്കായി....

IMG_0189

എല്ലാ സുഹൃത്തുക്കള്‍ക്കും  സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.

എഴുത്തുകാരി.

Monday, August 24, 2009

എന്നാലും ഇതു കുറച്ചു കഷ്ടമല്ലേ?

പതിവുപോലൊരു  യാത്ര.  എവിടേക്കാന്നല്ലേ, ഓന്തോടിയാല്‍  വേലിയോളം എന്നു പറഞ്ഞപോലെ എഴുത്തുകാരിയുടെ യാത്ര അങ്ങേയറ്റം തൃശ്ശൂര്‍ വരെ.

ഞങ്ങള്‍  NH  47 എന്ന രാജവീഥിയിലാണേയ്. KSRTC  ബസ്സ് മാത്രമേയുള്ളൂ ഒരാശ്രയം. നല്ല തിരക്കു്  പുതുക്കാട് വരെ നിന്നു.  അവിടെ നിന്നൊരു വിഹഗവീക്ഷണം നടത്തിയപ്പോള്‍  അടുത്ത സ്റ്റോപ്പായ  ആമ്പല്ലൂരില്‍  ഒരു സീറ്റ് കാലിയാവുന്നതിന്റെ  ലക്ഷണങ്ങള്‍ കണ്ടു, സാരി ശരിയാക്കല്‍, ബാഗ് ഒതുക്കിവയക്കല്‍,  etc. etc. കണ്ടക്റ്റര്‍ പറയുന്നുണ്ട് കേറി നിക്കാന്‍.  ആരു കേക്കാന്‍! വെറും വനരോദനങ്ങള്‍ മാത്രം. പക്ഷേ മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ട വഴിക്കു്   നല്ല കുട്ടിയായിട്ടു്   ഞാന്‍ കേറിനിന്നു. സീറ്റു ഉറപ്പായല്ലോ.

സീറ്റ് കിട്ടി, ഇരുന്നു. തൊട്ടടുത്തു് ഇരിക്കുന്ന ആളെ  കണ്ടപ്പഴേ തോന്നി ടീച്ചറാണെന്നു്. എനിക്കങ്ങിനെ ഒരു കഴിവുണ്ട്, ടീച്ചര്‍മാരെ കണ്ടാല്‍ വേഗം മനസ്സിലാവും. (ആ സൂത്രം ഞാന്‍ പറഞ്ഞുതരില്ല). തലയിലൊരു സ്കാര്‍ഫ് ഒക്കെ കെട്ടി  നല്ല തയ്യാറെടുപ്പില്‍ തന്നെയാണ് .. പാവം അകലേന്നു വരുന്നതാവും. അത്ര അകലേന്നൊന്ന്വല്ല,  അങ്ങേയറ്റം മാള. (മാളേന്നു വരുന്ന ബസ്സാണേയ്).

അവര്‍ കാര്യമായിട്ടെന്തോ വായിക്കുന്നു. പിന്നെ എഴുതുന്നു, വരക്കുന്നു, ചുവന്ന മഷി കൊണ്ട്.   (എനിക്കവരെയൊന്നു തൊട്ടു തൊഴുതാലോന്നു വരെ തോന്നി. എന്താണെന്നല്ലേ,  ഓടുന്ന ബസ്സിലിരുന്നു രണ്ടു വരി വായിക്കാന്‍ പോലും പറ്റാത്ത  ഒരു സാധുവാണീ ഞാന്‍).  ഓ, പറയാന്‍ മറന്നു, അവര്‍ കഥയെഴുതുകയല്ലാ,  ഉത്തരക്കടലാസ് നോക്കുകയാണു്. എഴുതിയിരിക്കുന്ന ഉത്തരം വായിക്കണം,  അതു ശരിയാണോന്നു നോക്കി മാര്‍ക്കിടണം, അതു കൂട്ടിയിടണം,  ചിലതില്‍  very good എന്നെഴുതുന്നു. പറയാതെ വയ്യ, നല്ല സ്പീഡിലാ എല്ലാം ചെയ്യുന്നതു്.

ഇടക്കു  മൊബൈലില്‍ കാള്‍ വന്നതു്  attend ചെയ്യുന്നു.  ഇതൊന്നും പോരാതെ തരക്കേടില്ലാത്ത  ഉറക്കവും.  രണ്ടുമൂന്നു പേപ്പര്‍ നോക്കുമ്പോഴേക്കും പാവം ഉറങ്ങിയിരിക്കും, അതും വളരെ ശ്രദ്ധിച്ചു്. ഇടതു കൈ നോക്കാത്ത പേപ്പറിന്റെ മുകളില്‍, വലതു കൈ നോക്കിയ  പേപ്പറിന്റെ മുകളിലും.  പേന കയ്യില്‍തന്നെ. കൃത്യമായ ഇടവേളകളില്‍ ഉത്തരക്കടലാസ് നോക്കല്‍, മാര്‍ക്കിടല്‍, ഇട്ട മാര്‍ക്കു കൂട്ടിയിടല്‍,  വെരി ഗുഡ് എഴുതല്‍, ഉറക്കം ഇതെല്ലാം മാറി മാറി ഭംഗിയായി നടക്കുന്നുണ്ട്, എന്നെ അത്ഭുതപരതന്ത്രയാക്കിക്കൊണ്ട്.  അതാ പറഞ്ഞതു്, ഒന്നു തൊട്ടുതൊഴുതാലോന്നു തോന്നി എന്നു്.   ഇടക്കു ഉറങ്ങി എന്റെ മേല്‍ വീഴാന്‍ ശ്രമിക്കുന്നു, അതു മാത്രം എനിക്കിഷ്ടപ്പെട്ടില്ല.

അങ്ങനെ  തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡെത്തി. മനുഷ്യന്റെ ഉള്ളില്‍ രാവും പകലും തിരിച്ചറിയുന്ന ഒരു ബയോളജിക്കല്‍ ക്ലോക്ക് ഉണ്ടെന്നു കേട്ടിട്ടുണ്ട്‍. ചിലര്‍ക്കു ഈ ക്ലോക്കിനു വേറെ ചില ധര്‍മ്മങ്ങള്‍ കൂടി ഉണ്ടാവും, അതു പ്രവര്‍ത്തിച്ചിട്ടെന്നപോലെ (വീണ്ടും എന്നെ അത്ഭുത ... അതു തന്നെ,  ബാക്കി ഊഹിച്ചോണം) ശക്തന്‍ സ്റ്റാന്‍ഡ് എത്തിയപ്പോള്‍, ഞെട്ടി എഴുന്നേറ്റു. ഉത്തരക്കടലാസ്സുകളെല്ലാം ഭംഗിയായി മടക്കി ബാഗില്‍ വച്ചു, സ്കാര്‍ഫ് വലിച്ചൂരി മടക്കാതെ ബാഗില്‍ വച്ചു് ഇറങ്ങി ഓടിപ്പോയി. സമയത്തിനെത്തണ്ടേ സ്കൂളില്‍.

ഇനിയൊരിത്തിരി  നേരമേയുള്ളൂ  എനിക്കെന്റെ കാഴ്ച്ചകള്‍ കാണാന്‍. നഗരം ഓണത്തിര‍ക്കിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. എല്ലാവരുടേയും കയ്യില്‍, കല്യാണിന്റെ, പുളിമൂട്ടിലിന്റെ, നന്ദിലത്തിന്റെ, അങ്ങിനെ ഏതെങ്കിലും  ഒരു കവറുണ്ട്‌. വെറും കയ്യോടെ ഒരാളെ കാണാന്‍ വിഷമം.  ഗൃഹോപകരണ വില്പന മേള   ഒരിടത്തു്, കൈത്തറി   സാരി മേള കാസിനോയില്‍. എനിക്കിന്നൊന്നിനും നേരമില്ല, പിന്നെ വരാം. 

വടക്കേ സ്റ്റാന്‍ഡിലെത്തി, ഞാനും കണ്ടക്റ്ററും വേറെ ഒന്നുരണ്ടുപേരുമേയുള്ളൂ ഇനി ബസ്സില്‍. എല്ലാവരും ഇറങ്ങിപോയിരിക്കുന്നു. ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കണ്ടകറ്റര്‍ പറഞ്ഞു, “ദേ താഴെ എന്തോ പോയിട്ടുണ്ട്''.  നോക്കിയപ്പോള്‍ കുറച്ചു കടലാസുകളാണു്. എന്റെയല്ല എന്നെനിക്കറിയാമായിരുന്നു, എന്നാലും കണ്ടക്റ്റര്‍ പറഞ്ഞതല്ലേ, വെറും പേപ്പറല്ലേ, അയാള്‍ക്കു സന്തോഷമായിക്കോട്ടെ എന്നു കരുതി, ഞാന്‍ അതെടുത്തു ബാഗില്‍ വച്ചു.

വീട്ടില്‍  വന്നു  ബാഗ് അണ്‍ലോഡ് ചെയ്തപ്പോഴാണു്   രാവിലെ ബസ്സില്‍ നിന്നു കിട്ടിയ പേപ്പര്‍ സൂക്ഷ്മപരിശോധനക്കു വിധേയമായതു്.  5 പേപ്പറുണ്ട്. ഒന്‍പതാം ക്ല്ലാസ്സിലെ  ഹിന്ദി  ഉത്തരക്കടലാസ് ആണു്. സ്കൂളിന്റെ  പേരു ഞാന്‍ പറയുന്നില്ല. തൃശ്ശൂര്‍ അടുത്തൊരു സ്കൂളാണു്‍. അവരിതൊന്നും അറിഞ്ഞിട്ടുപോലുമില്ല.  കുട്ടികള്‍ക്കു പേപ്പര്‍ കൊടുക്കുമ്പോഴാവും അഞ്ചാറുപേരുടെ  ഈ   missing.   വിഷ്ണു N S  നു്  പത്തില്‍ രണ്ടേയുള്ളൂ, പക്ഷേ അരുണ്‍ ഘോഷിനു പത്തില്‍ പത്തും  good, keep it up ഉം ഉണ്ട്‌.‍

(പടം ഇടാമായിരുന്നു, പക്ഷേ എന്റെ കാമറ ഒരു യാത്ര പോയിരിക്കുകയാണ്.‍. ഓണത്തിനു തന്നെ തിരിച്ചെത്തുമോന്നു സംശയം. Mobile  ല്‍ ആണെങ്കില്‍ ആ സൂത്രം ശരിയാവുന്നുമില്ല)

നമ്മുടെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിവരൊക്കെ കൂടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ രോമാഞ്ചം വന്നിട്ടു വയ്യ.

എഴുത്തുകാരി.

Friday, August 14, 2009

ഓണം ബംപറ് സമ്മാനം

ഇതെന്താണെന്നു പറയാമോ? എവിടെയാണെന്നുകൂടി പറയണം.

(ക്ലൂ: നിങ്ങളില്‍ പലരും ഈ അടുത്ത കാലത്ത് ഇതു കണ്ടിട്ടുണ്ടാവും).

ശരിയുത്തരം തരുന്നവര്‍ക്കു ഓണം ബംപറ് സമ്മാനം ഒരു പറ ധാന്യമണികള്‍. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം കിട്ടിയാല്‍ നറുക്കിട്ടെടുത്തു വിജയിയെ പ്രഖ്യാപിക്കുന്നതായിരിക്കും. ശരിയുത്തരം അയച്ചവര്‍ക്കെല്ലാം ധാന്യമണി ഇടങ്ങഴി (അല്ലെങ്കില്‍ വേണ്ട, നാഴി മതി)  വീതം. പങ്കെടുത്ത എല്ലാവര്‍ക്കും ഓരോ പിടി ധാന്യമണികള്‍. 

സമയം കളയണ്ട, കൂട്ടം കൂട്ടമായി പങ്കെടുക്കുക, സമ്മാനം നേടുക.

-------------------------------------------------------

വീണ്ടും  ഒരു സ്വാതന്ത്ര്യ ദിനം കൂടി.

നാടിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി നമുക്കൊരുമിച്ചു നില്‍ക്കാം. നമുക്കു സ്നേഹിക്കാം, നമ്മുടെ നാടിനെ.

ഭാരത് മാതാ കീ ജയ്.

എഴുത്തുകാരി.

Wednesday, August 5, 2009

ഒരു കൊച്ചു സംശയം

ഒരു ഇടത്തരം കുടുംബം. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നു. തൃശ്ശൂരി‍ലെ പ്രസിദ്ധമായ സ്ഥാപനത്തില്‍  ട്യൂഷനു പോയിട്ട് , മകള്‍  entrance exam -മെഡിസിനു്, എഴുതി ആദ്യത്തെ പ്രാവശ്യം കിട്ടിയില്ല. വീണ്ടും  അതേ സ്ഥാപനത്തില്‍ താമസിച്ചു പഠിച്ച് എഴുതി.  എന്നിട്ടും മെറിറ്റില്‍ അഡ്മിഷന്‍ കിട്ടാന്‍ പാകത്തിലുള്ള റാങ്ക് കിട്ടിയില്ല.

മെറിറ്റില്‍ കിട്ടുന്നില്ല എങ്കില്‍, മറ്റേതെങ്കിലും പഠിക്കാം, കൂടുതല്‍ കാശു കൊടുത്ത് പഠിപ്പിക്കുന്നില്ല എന്നായിരുന്നു തീരുമാനം. പിന്നീടെന്തു കൊണ്ടോ അവര്‍ അതു മാറ്റി ഉയര്‍ന്ന ഫീസ്  കൊടുത്തു പഠിപ്പിക്കാന്‍ തീരുമാനിക്കുന്നു.  ബാങ്ക് ലോണ്‍ എടുത്തും, കുറച്ചു കയ്യിലുള്ള നീക്കിയിരുപ്പും എല്ലാം എടുത്തിട്ട്‌.

ഇപ്പോള്‍  രൂപതയുടെ കോളേജിലൊന്നില്‍ അഡ്മിഷന്‍ വാങ്ങിയിരിക്കയാണ്. ചേരുമ്പോള്‍ അടക്കേണ്ടതു് 4,16,000/- രൂപ. ഇതിനു പുറമേയാണു്‍ ഹോസ്റ്റല്‍ ഫീസും മറ്റും 77,000/- രൂപ. ചുരുക്കത്തില്‍ ഫീസ് മാത്രം  5 ലക്ഷം രൂപ വരും  ഒരു വര്‍ഷം. വേറെയും ചിലവുകളുണ്ടാവുമല്ലോ. അവള്‍  ഒരു MBBS ഡോക്റ്ററായി പുറത്തുവരുമ്പോള്‍ ചുരുങ്ങിയതു് 25 ലക്ഷം രൂപയെങ്കിലുമാവില്ലേ?(അതില്‍ നിക്കുമോ, എനിക്കറിയില്ല).

വെറും MBBS ല്‍ നിര്‍ത്താനാവില്ലല്ലോ. Post graduation  നു് പിന്നെയും എത്രയോ വലിയ തുക വേണം. അപ്പോഴേക്കും വര്‍ഷം  ഏഴോ എട്ടോ കഴിയും.ഡോക്ടറായാലും കല്യാണത്തിനും വേണ്ടേ കുറച്ചു കാശൊക്കെ.

ഇനിയാണെന്റെ ചോദ്യം -  ഈ ചിലവാക്കിയ തുകയെങ്കിലും തിരിച്ചു പിടിക്കണ്ടേ അവര്‍ക്കു്? അപ്പോഴെങ്ങിനെ  പാവപ്പെട്ട  രോഗികളോട് അത്മാര്‍ഥത കാണിക്കാന്‍ പറ്റും, വേണമെന്നു തോന്നിയാല്‍ പോലും.

എഴുത്തുകാരി.

--------------------------------------------------------

വാല്‍ക്കഷണം അല്ലെങ്കില്‍ മുന്നറിയിപ്പ്:-

കൂട്ടുകാരേ, ബൂലോഗവാസികളേ, ഞാനല്ലാതെ മറ്റൊരു എഴുത്തുകാരി ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ടേ. ചെറായി മീറ്റിനു പോയപ്പോഴും, പിന്നീടും പലരും എന്നോട് ഓര്‍ക്കുട്ടില്‍  ചാറ്റിയതിന്റെയും mail ന്റേയും കാര്യം പറഞ്ഞു.ആദ്യമൊന്നും  എനിക്കൊന്നും മനസ്സിലായില്ല. പിന്നീ‍ടാ  മനസ്സിലായതു് എന്റെ പേരില്‍ ഒരു അപര ഉണ്ടെന്നു്. പൊന്നു ചങ്ങാതിമാരേ, ഓര്‍ക്കുട്ടിലെ 'എഴുത്തുകാരി' ഞാനല്ലാട്ടോ, അതു എഴുത്തു'കാരി'യല്ല   'കാര'നാണെന്നാ മനസ്സിലാക്കാന്‍  കഴിഞ്ഞതു്. അതുകൊണ്ട് ജാഗ്രതൈ.

Monday, July 27, 2009

ടു ചെറായി

കുളിയും തേവാരവുമെല്ലാം കഴിഞ്ഞിറങ്ങിയപ്പോള്‍:  മണി 6.30.  ഏതെങ്കിലും ആലുവ ഫാസ്റ്റ് കിട്ടി വേഗത്തിലെത്താമല്ലോന്നു വച്ചു് ഒന്നു ചാലക്കുടി കൊണ്ടുവിടാനൊരു റിക്വസ്റ്റ് വച്ചുനോക്കി.ഞാ‍യറാഴ്ച 7 മണിവരെയുള്ള ഉറക്കം കളഞ്ഞതില്‍ മൊത്തം ബ്ലോഗേഴ്സിനെ ശപിച്ചുകൊണ്ടാവും എഴുന്നേറ്റുവന്നതു്.  ചാലക്കുടി വരെ പോകാന്‍ സമയമില്ല.  ഇന്നാണു് ആ മഹത്തായ സുദിനം, തെങ്ങുകേറ്റം, മൂന്നാലുമാസങ്ങള്‍ക്കുശേഷം. ഇനി ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും, മുകുന്ദന്റെ ഡേറ്റ് മിസ്സാക്കാന്‍ വയ്യ. ശരി, വേണ്ട. ഒരു കോമ്പ്രമൈസില്‍ അവസാനം കൊടകര വരെ എത്തിക്കിട്ടി.

കൊടകര - ചാലക്കുടി - ആലുവ - പറവൂറ്. അങ്ങിനെ പറവൂരു വരെയെത്തി.  ഭംഗിയായിട്ടു ചേറായി‍ എന്നെഴുതിയ ബസ്സില്‍ കയറി സുഖമായിട്ടിരുന്നു. (ആലുവ മുതല്‍  പറവൂരു വരെ ഒറ്റ നില്പായിരുന്നു) .കണ്‍‍ഡക്റ്ററോട് പറഞ്ഞു, രണ്ടു ചെറായി ദേവസ്വം. ഇതു രാവിലെ കുറ്റീം പറിച്ചെവിടന്നു വന്നെടാ എന്ന  മട്ടിലൊരു നോട്ടം. അതു ചെറായി പോവില്ലതേ. ബോര്‍ഡ് മാറ്റി വക്കാന്‍ മറന്നതാ. അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിട്ടു. ഭാഗ്യം, വന്ന വഴിക്കുള്ള കാശ് തരാന്‍ പറയാത്തതു്.

വീണ്ടുമൊരു ബസ്സ്. കണ്‍‍ഡക്റ്റര്‍, കിളി, ചുറ്റുമുള്ള യാത്രക്കാറ് എല്ലാരോടും പറഞ്ഞുവച്ചു, ദേവസ്വം നട ആവുമ്പോഴൊന്നു പറയണേ. സ്ഥലമെത്തിയപ്പോള്‍, എല്ലാരും കൂടിയൊരു കോറസ്സ്, ദേവസ്വം നട, ദേവസ്വം നട.

അവിടെ നിന്നൊരു ഓട്ടോ.. ചുരുക്കത്തില്‍,രണ്ടര മണിക്കൂറില്‍  ഒരു കാര്‍, 5 ബസ്സ്, ഒരു ഓട്ടോ ഇത്രയും വാഹനങ്ങളില്‍ കയറിയിറങ്ങി, അമരാവതിയിലെത്തി, അതിരുകളില്ലാത്തെ സൌഹൃദത്തിന്റെ നേര്‍ക്കഴ്ച്ചയിലേക്കു്.

മുകളിലെത്തിയപ്പോള്‍ കുറച്ചുപേരൊക്കെ അവിടെയുണ്ട്. ആദ്യം കണ്ടതു് വാഴക്കോടന്‍ (ഒരു ചെറിയ മനുഷ്യന്‍. ഇയാളാണോ എന്റീശ്വരാ, ബൂലോഗത്തെ ഒറ്റ കുഞ്ഞിനെ വെറുതെ വിടാതെ ഈ വിക്രിയകളൊക്കെ ഒപ്പിക്കുന്നതു്!), ശുഭ്രവസ്ത്രധാരിയായി ഞാനൊരു പാവമാണേ എന്ന ഭാവത്തില്‍ പാവപ്പെട്ടവന്‍ (ഭാവാഭിനയം തീരെ മോശം, പാവപ്പെട്ടവനാണെന്നു കണ്ടാലും തോന്നും), അരീക്കോടന്‍ മാഷ് (കൃത്യമായി ഒരു മാഷ്ക്കു യോജിച്ച രൂപവും ഭാവവും), പോങ്ങൂസ് (സങ്കല്പത്തിലെ രൂപത്തിനൊപ്പമെത്താന്‍ കഴിഞ്ഞില്ല), ഡോക്റ്റര്‍ (കണ്ടാലേ അറിയാം ആളൊരു പാവമാണെന്നു്). പിന്നെ വളരെ ഡീസന്റായ സ്ത്രീജനങ്ങള്‍. നാസ്, ബിന്ദു (രണ്ടുപേരേയും കണ്ടപ്പഴേ മനസ്സിലായി), പിരിക്കുട്ടി (മനസ്സില്‍ മറ്റൊരു രൂപമായിരുന്നു), വാഴക്കോടി, അരീക്കോടി തുടങ്ങിയവരും.

ആരേയും ആദ്യമായിട്ടു കാണുന്ന ഒരു തോന്നലുമില്ല. എല്ലാരും എന്നും കാണുന്ന സുഹൃത്തുക്കളേപ്പോലെ..കാമറ കഴുത്തില്‍ കെട്ടിത്തൂക്കിയ ഹരീഷിനെ കണ്ടപ്പോഴെല്ലാര്‍ക്കുമൊരു നിരാശ. ( ഓ ഇതാണോ ഭീകരന്‍ ഹരീഷ്., പോരാ തീരെ പോരാ).

സമയം 9.30 ആയി. Registration  തുടങ്ങി. കൂടെ ചായയും വിത്ത്, ബിസ്കറ്റ്, ചക്കപ്പഴം  ആന്‍ഡ് ചക്ക അപ്പം (പാവം ലതി രാത്രി  മുഴുവനിരുന്നുണ്ടാക്കിയതു്).ഞാന്‍ നോക്കുമ്പോള്‍ ചിലരൊക്കെ പന്തലിനുള്ളിലേക്കു പോകുന്നില്ല. അവിടെത്തന്നെ നിന്നു ചുറ്റിക്കറങ്ങുന്നു. എനിക്കു കാര്യം പിടികിട്ടി. ഞാനും ഉണ്ടായിരുന്നു അവിടെയൊക്കെ തന്നെ.   രാവിലെ 6 മണിക്കൊരു ചായ കുടിച്ചതാണേയ്. (നിബന്ധനകളില്‍ പ്രത്യേകിച്ചൊരു കാര്യം പറഞ്ഞിരുന്നു - പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല, എല്ലാവരും കഴിച്ചിട്ടുവരണം.  ഇത്‌   നാട്ടുകാരന്റെ കുത്തിത്തിരിപ്പാണെന്നും എനിക്കിട്ടാണെന്നും ബലമായി സംശയിക്കുന്നു.- സ്മൈലി  ഉണ്ട്ട്ടോ.)

ഇനിയുള്ള ചരിത്രം എല്ലാവരുടേയും കൂടിയുള്ള ചരിത്രമാണ്. അതു് മറ്റാരെങ്കിലുമൊക്കെ പറയും. ഇപ്പോള്‍ 10 മണിവരെ ആയിട്ടുള്ളൂ. ഇനി മൂന്നു മണി ആവണമെങ്കില്‍, ഒരു മെഗാ ഖണ്ഡശ്ശ പോസ്റ്റ് വേണ്ടിവരും.‍ അതുകൊണ്ട് സഖാക്കളെ, ഞാനിനി ദീര്‍ഘിപ്പിക്കുന്നില്ല.

കുറച്ചു പടങ്ങളും കൂടിയില്ലാതെന്തു യാത്ര, എന്തു വിവരണം?

P7260008

പോകുന്ന വഴിയില്‍. എന്താണെന്നു മനസ്സിലായില്ല.

P7260004

ശരിക്കും സുന്ദരിയല്ലേ ചെറായിയെന്ന ഈ ഞാന്‍!.

P7260020

വാക്കുകള്‍ അപ്രസക്തം!

P7260030

ഞങ്ങള്‍ തിരക്കിലാണ്....

P7260011

നിബന്ധനകള്‍ കര്‍ശനമായും പാലിക്കുക.

P7260036

മനസ്സിലായല്ലോ!

P7260038

ആര്‍ക്കിട്ടാണോ പാര പണിയുന്നതു്!

P7260063

ഞാനാണ് ‍‍‍ ഞാന്‍  തന്നെയാണ് ഇന്നത്തെ താരം! ക്യൂ  പാലിക്കുക.

P7260100

പട്ടം പറത്തുന്ന കുട്ടി..

P7260017

കണ്ടാലറിയില്ലേ തറവാടിയാണെന്നു്!

P7260021

ഇതാണ് അമരാവതി..

P7260022

റജിസ്റ്റ്രേഷനു ഡിസ്കൌണ്ട് ഉണ്ടോ ആവോ? ;)

P7260035

അവിടെ അവരെന്തോ ചെയ്യട്ടെ, നമുക്കു കളിക്കാം.

P7260040

ഇതൊരു ഗൂഡാലോചനയാണല്ലോ!

P7260104

അതിരുകളില്ലാതെ.......

എഴുത്തുകാരി.