മനസ്സിനെ ഒരുപാട് വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായി ഇന്നു്. എന്റെ സുഹൃത്തു് വന്നിരുന്നു, ഇന്നെന്നെ കാണാന്‍.
നമുക്കവളെ രാധിക എന്നു വിളിക്കാം. സര്‍ക്കാരുദ്യോഗസ്ഥയാണു്. കാണാന്‍ സുന്ദരി. എപ്പോഴും സന്തോഷവതിയായിട്ടേ അവളെ കാണാന്‍ പറ്റൂ. അവള്‍ ഉടുക്കുന്ന കോട്ടണ്‍ സാരികള്‍ കണ്ടാല്‍ കൊതിയാവും.എല്ലാ കാര്യത്തിലും അവളുണ്ട്. അമ്പലത്തിലെ കാര്യങ്ങളാണെങ്കിലും, തിരുവാതിരകളിയാണെങ്കിലും എന്തായാലും.
അവള്‍ പറയുന്നതു്, എനിക്കൊരുപാട് ദു:ഖമുണ്ട്. അതെന്റെ ഉള്ളിലിരുന്നോട്ടെ. അതുകണ്ട്` മറ്റുള്ളവര്‍ സന്തോഷിക്കണ്ട എന്നു്.പക്ഷേ ഇന്നവള്‍ കരഞ്ഞു, ഒരുപാട്. എന്നിട്ടു് പോകുന്നതിനുമുന്‍പ് ഒന്നും സംഭവിക്കാത്തതുപോലെ അവളുടെ മുഖം മൂടി എടുത്തണിയുകയും ചെയ്തു.
കുറച്ചു പുറകോട്ടു പോകാം. അവള്‍ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു.രാജീവ്. അയാള്‍ക്കും ഇഷ്ടമായിരുന്നു. രണ്ടുപേരും ഈ നാട്ടുകാര്‍ തന്നെ. വ്യത്യസ്ഥ ജാതിയില്‍ പെട്ടവര്‍.
ചില പ്രത്യേക കാരണങ്ങളാല്‍ അവര്‍ക്കു കല്യാണം കഴിക്കാന്‍ സാധിച്ചില്ല. അയാള്‍ അവളുടെ സമ്മതത്തോടുകൂടി തന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അവള്‍ക്കും കല്യാണത്തിനു മുന്‍പേ അറിയാമായിരുന്നു, രാജീവും രാധികയും തമ്മിലുള്ള അടുപ്പം.
രാധിക പക്ഷേ കല്യാണം കഴിച്ചില്ല.
രാജീവിനു കുട്ടികളായി.രാധിക അവരുടെ വീട്ടില്‍ പോകാറുണ്ട്. രാജീവിന്റെ ഭാര്യയും കുട്ടികളുമെല്ലാം അവളോട് വളരെ സ്നേഹത്തിലായിരുന്നു. കുട്ടികളെ അവള്‍ അവളുടെ വീട്ടില്‍ കൊണ്ടുപോകാറുണ്ട്. എന്തെങ്കിലും വിശേഷങ്ങളുണ്ടാവുമ്പോള്‍ അവളേയും വിളിക്കാറുണ്ടൂ്. ഒരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.
രാജീവിനു് ബിസിനസ്സ് ആണ്. അതില്‍ ക്ഷീണം വന്നപ്പോള്‍ അവളാണ് ഒരുപാടു് കാശ് സഹായിച്ചതു്.
ഇതിനിടയില്‍ അയാളുടെ ഭാര്യ കുറച്ചുകാലം പിണങ്ങി സ്വന്തം വീട്ടില്‍ പോയി നിന്നു. ആ സമയത്തു് രാജീവ് സുഖമില്ലാതെ ഹോസ്പിറ്റലില്‍ ആയിരുന്നപ്പോള്‍ കൂടി രാധികയാണു് കൂടെ നിന്നതും ശുശ്രൂഷിച്ചതും,ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ എന്നു പോലും നോക്കാതെ. ഭാര്യ തിരിഞ്ഞുപോലും നോക്കിയില്ല.
ഇപ്പോള്‍ ഭാര്യ തിരിച്ചു വന്നിരിക്കുന്നു. രാധികയോട് ഒരു ശത്രുവിനോടെന്നപോലെയാണിപ്പോള്‍.
ഇതിലെ ശരിയും തെറ്റും എനിക്കറിയില്ല.
പാവം രാധിക. അവള്‍ ഇന്നെന്നോടു പറഞ്ഞു, "എനിക്കാരോടും ഒന്നും പറയാന്‍ പോലും കഴിയില്ല, എല്ലാവരുടെ കണ്ണീലും ഞാന്‍ തെറ്റുകാരിയല്ലേ? നിനക്കെങ്കിലും എന്നെ മനസ്സിലാവില്ലേ? എനിക്കു തന്നെ അറിയാം ഞാന്‍ അയാളുടെ ആരാണ്? ആരുമല്ല. അങ്ങിനെ ഇഷ്ടപ്പെടാന്‍ പാകത്തില്‍ അയാളില്‍ എന്താണുള്ളതു് ,അതും എനിക്കറിയില്ല, എങ്കിലും എനിക്കയാളെ സ്നേഹിക്കാതിരിക്കാന്‍ കഴിയുന്നില്ലെടോ എന്നു്. "പക്ഷേ ഞാനൊരിക്കലും എന്റെ ഇഷ്ടം പുറത്തുകാണിച്ചിട്ടില്ല. തെറ്റായിട്ടൊന്നും ചെയ്തിട്ടുമില്ല.ആ ഇഷ്ടം എന്നുമെന്റെ മനസ്സില്‍ മാത്രമായിരുന്നു. എന്നിട്ടും എന്തിനെന്നെ ഒരു ശത്രുവിനെപ്പോലെ കാണുന്നു." ഞാനെന്താ അവളോട് പറയുക?
ഒന്നുകൂടി പറഞ്ഞു അവളെന്നോട്.(ഒരു വാശിപോലെ അവളൊറ്റക്കു് ഒരു വീടും പണിതിട്ടുണ്ട് ഇപ്പോള്‍. ആങ്ങളമാരുണ്ട്. അവര്‍ക്കൊക്കെ പക്ഷേ സ്വന്തം കുടുംബമായി)." ഈ പുതിയ വീട്ടിലും ഞാനൊറ്റക്കാണു്. എനിക്കൊരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തണമെന്നുണ്ട്, എന്റെ എന്നു പറയാന്‍ എനിക്കും വേണ്ടേ ഈ ഭൂമിയില്‍ ആരെങ്കിലും ". പക്ഷേ അവിടെയും വിധി അവള്‍ക്കെതിരാണ്. ഭാര്യയും ഭര്‍ത്താവും കൂടി അപേക്ഷിച്ചാലേ ദത്തെടുക്കല്‍ അനുവദിക്കുകയുള്ളൂവത്രേ.
കേട്ടിട്ട് ഒരു സിനിമാക്കഥ പോലെ തോന്നുന്നുണ്ടോ, പക്ഷേ അല്ല.
എനിക്കിതിലെ തെറ്റും ശരിയും അറിയില്ല കൂട്ടുകാരേ, പക്ഷേ എപ്പോഴും ചിരിച്ചുമാത്രം കണ്ടിട്ടുള്ള അവളുടെ കരഞ്ഞ മുഖം എന്റെ മനസ്സില്‍ നിന്നും പോകുന്നില്ല.
എഴുത്തുകാരി.
Wednesday, September 24, 2008
പാവം എന്റെ രാധിക
Posted by
Typist | എഴുത്തുകാരി
at
12:03 AM
56
മറുമൊഴികള്‍
Thursday, September 4, 2008
ചില ഓണ വിശേഷങ്ങള്‍ - ഇത്തിരി അതിബുദ്ധിയും
അത്തം വന്നു. ഓണം വന്നുകൊണ്ടിരിക്കുന്നു. കായ വറുക്കണ്ടേ? എന്തായാലും വീട്ടില്‍ നമ്മള്‍ തന്നെ ചെയ്യണം, എന്നാല്‍ പിന്നെ നമുക്കതൊരുമിച്ചായാലോ? ചിന്ത മുള പൊട്ടിയതു രാധികക്ക്. പൂരാടത്തിനും ഉത്രാടത്തിനുമൊക്കെ കായ വറുത്തു സമയം കളയാന്‍ നില്‍ക്കുന്നതു ഒരു പഴഞ്ചന്‍ ഏര്‍പ്പാടല്ലേ.
“ഇപ്പഴേ വറുത്താല്‍ അതു് ഇത്തിരി നേരത്തേ ആവില്ലേ, ഓണമാകുമ്പോഴെക്കും എന്തെങ്കിലും ബാക്കി കാണുമോ“, ചിലരുടെ അസ്ഥാനത്തുള്ള സംശയങ്ങള്‍ “അതിനു നമ്മള്‍ നേരത്തേ ആ പണി കഴിച്ചു വക്കുന്നൂന്നല്ലേയുള്ളൂ.കാറ്റ് കടക്കാത്ത ഒരു ടിന്നിലിട്ടടച്ചു വച്ചാല്‍ പോരേ? എത്ര ദിവസം വേണെങ്കില്‍ ഇരിക്കില്യേ“ എന്ന അമ്മിണി ടീച്ചറുടെ ഉറപ്പിന്മേല്‍, നീണ്ട നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വിരാമമായി. ഒടുവില്‍ തീരുമാനമായി.ഉപ്പേരി വറവു് നേരത്തെ ആക്ക്ന്നെ. ഇനി വൈകിക്കണ്ട. അതിനു് അസംഖ്യം കാരണങ്ങളും .
രാധിക ചെന്നൈയില്‍ അമ്മയെ കാണാന്‍ പോകുന്നു.നാട്ടീന്ന് പോകുമ്പോള്‍ ഓണക്കാലത്തു കായ വറുത്തതു കൊണ്ടുപോണ്ടേ? ലക്ഷ്മിക്കു കുട്ടികള്‍ക്കു് സ്കൂളടച്ചാല്‍ ബാംഗ്ലൂരില്‍ ചേച്ചിയുടെ അടുത്തെത്തണം, നേരത്തെ തീരുമാനിച്ചതാ. ഉത്രാടത്തിനേ തിരിച്ചുവരൂ.
ആരുടേയും ഓണം ഷോപ്പിങ്ങ് ഒന്നും കഴിഞ്ഞിട്ടില്ല. സ്കൂളടച്ചിട്ടു വേണ്ടേ? തൃശ്ശൂര്‍ കല്യാണില്‍ (കല്യാണ്‍ സില്‍ക്സ്) എന്തോ ഒരു ഹങ്കാമ നടക്കുന്നു. 100 കാറുകളാ സമ്മാനം. തൊട്ടപ്പുറത്തു പുളിമൂട്ടില്‍. അവിടേയും സമ്മാനങ്ങളുടെ പെരുമഴ. ഇനി ഏറ്റവും ലേറ്റസ്റ്റ് ഇമ്മാനുവല്‍ സില്‍ക്സ്. തൃശ്ശൂരില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും ഇതിന്റെ പരസ്യമേയുള്ളൂ. അവിടെ പിന്നെ സാധനങ്ങളൊന്നും വാങ്ങിച്ചോളണമെന്നു തന്നെയില്ല. വെറുതെ വിസിറ്റ് ചെയ്താല്‍ മതിയത്രേ. വിസിറ്റ് ആന്റ് വിന്‍.കൂപ്പണ്‍ പൂരിപ്പിച്ച് പെട്ടിയിലിട്ടാല്‍ കിട്ടാന്‍ പോണതെന്താന്നറിയ്‌വോ, ഒരു ബെന്‍സ് കാര്‍.പുലിക്കളി, തിരുവാതിരക്കളി, ശിങ്കാരിമേളം, എന്നുവേണ്ടാ, സര്‍വ്വ ആഘോഷങ്ങളും ഉണ്ടവിടെ.
ആ പറഞ്ഞില്ല, തൃശ്ശൂരാട്ടോ ഞങ്ങടെ ഷോപ്പിങ്ങ് ആസ്ഥാനം. അതേ സാധനം അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കൊടകര പന്തല്ലൂക്കാരനില്‍ കിട്ടിയാലും ഞങ്ങള്‍ നെല്ലായിക്കാര്‍ക്ക് തൃശ്ശൂര്‍ക്കു പോയില്ലെങ്കില്‍ ഒരു സുഖമില്ല. എവിടുന്നാ ഓണക്കോടി എടുത്തേ എന്നു ചോദിക്കുമ്പോള്‍
കല്യാണില്‍ നിന്നു് അല്ലെങ്കില്‍ ഇമ്മാനുവലില്‍ നിന്നു് എന്നു് പറഞ്ഞില്ലെങ്കില് മോശമല്ലേ?
കഴിഞ്ഞില്ല, മോഡല്‍ സ്കൂള്‍ ഗ്രൌണ്ടില്‍ IRDP മേള. ചൂല്, കൊട്ട, മുറം തുടങ്ങി പുളിയിഞ്ചി, അച്ചാര്‍, പായസം വരെ ഉണ്ടവിടെ.
ശക്തന്‍ തമ്പുരാന്‍ മൈതാനത്തില്‍ സൂറത്ത് സാരി മേള. ഏതു സാരിയെടുത്താലും രൂപ 125 മാത്രം. അതും നിസ്സാര സാരികളൊന്നുമല്ലാട്ടോ.വിവിധ തരം ഷിഫോണ്‍, ജോര്‍ജ്ജറ്റു്, ക്രേപ്പ്. അതില്‍ കുറഞ്ഞൊന്നുമില്ല. വില്പന 3 ദിവസത്തേക്കു മാത്രം. ഇതിപ്പോ എത്രാമത്തെ 3 ദിവസമായി എന്നു മാത്രം അറിയില്ല.
സാരിക്കും ഡ്രസ്സിനും മാത്രമല്ലാ, മിക്സീ, വാഷിങ്ങ് മെഷീന്‍ എല്ലാത്തിനും ഉണ്ട്. നന്തിലത്തിന്റെ ഏതു ഷോറൂമിലും പോയി പര്‍ച്ചേസ് ചെയ്യൂ, സ്വന്തമാക്കൂ 3 ആള്‍ട്ടോ കാറുകള്‍.
ഇത്രയൊക്കെ ഞങ്ങളുടെ സ്വന്തം തൃശ്ശൂരില്‍ നടക്കുമ്പോള്‍ പോവാതിരിക്കാന്‍ പറ്റുമോ ഞങ്ങള്‍ക്ക്. ഇല്ല, കൊല്ലത്തില്‍ ആകെ കൂടി വരുന്ന ഒരേ ഒരോണമല്ലേ! ഇതൊനൊക്കെ സൌകര്യമായിട്ടും സമാധാനമായിട്ടും പോണമെങ്കില്‍, ഉപ്പേരി വറവൊക്കെ നേരത്തെ കഴിച്ചുവക്കണം.സംശയമേയില്ല.
കാരണങ്ങളൊക്കെ ക്ലിയര്‍ ആയില്ലേ, എല്ലാം ന്യായവും അല്ലേ.
അതുകൊണ്ട് ഞങ്ങള്‍ ഇന്നലെ കായ വറത്തു. 6 നല്ല കിണ്ണംകാച്ചി കുല, തോട്ടത്തില്‍ നിന്നു നേരെ വെട്ടിക്കൊണ്ടുവന്നതു്. ഓയില്‍ മില്ലില്‍ നിന്നു നല്ല ശുദ്ധമായ വെളിച്ചെണ്ണ സംഘടിപ്പിച്ചു. ശരദേടത്തിയാണ്
ചീഫ് കുക്ക്. പിന്നെ ജയ,രമണി, മീര, ലക്ഷ്മി, ശ്യാമ, രാധിക, ശ്രീദേവി,കിട്ടിയ അവസരം പാഴാക്കാതെ എല്ലാത്തിനും നേതാവായി അമ്മിണി ടീച്ചര്‍, പിന്നെ എഴുത്തുകാരിയായ ഈ ഞാനും. ശങ്കരേട്ടനും തിരുമേനിയുമുണ്ട് ഞങ്ങളെ സഹായിക്കാന്‍.(അയല്‍ക്കൂട്ടമോ, കുടുംബശ്രീയോ ഒന്നുമല്ലാട്ടൊ, ഞങ്ങള്‍ നാലഞ്ചു വെറും പാവം പരദൂഷണ കമ്മിറ്റിക്കാര്‍. അത്രേയുള്ളൂ). കുറച്ചുപേര്‍ കായ തൊലി കളയുന്നു, രണ്ടുമൂന്നു പേര്‍ ശര്‍ക്കരവരട്ടിക്കു അരിയുന്നു.വേറെ ചിലര്‍ വട്ടംവട്ടം അരിയുന്നു.ഒരല്പം നാട്ടുവര്‍ത്തമാനം, ഒരിത്തിരി പരദൂഷണം,ഉച്ചക്കു് കായത്തൊലിയും പയറും കൂട്ടി ഒരുപ്പേരിയും കഞ്ഞിയും. സംഭവം അടിപൊളി. അപ്പോ ഞങ്ങളുടെ കായ വറുക്കലും, പുളിയിഞ്ചി/അച്ചാര്‍ ഇത്യാദി നിര്‍മ്മാണവും കഴിഞ്ഞുവെന്നു് ചുരുക്കം.
(കാറ്റു് കടക്കാത്ത ടിന്നായാലും അതു തുറക്കാന്‍ പറ്റുമെന്നും ഒരു പ്രാവശ്യം തുറന്നാല്‍ പിന്നേം പിന്നേം തുറക്കുമെന്നും, അഞ്ചെട്ടു ദിവസം അങ്ങിനെ പിന്നേം പിന്നേം തുറന്നാല്‍ എന്തു സംഭവിക്കുമെന്നും അമ്മിണി ടിച്ചര്‍ പറഞ്ഞുതന്നില്ല, പാവം ഞങ്ങളറിഞ്ഞുമില്ല)
“എനിക്കും വേണമായിരുന്നു, എന്താ നിങ്ങള്‍ എന്നോടു പറയാഞ്ഞേ,എന്നു ചിലര്‍. “പുളിയിഞ്ചിയും ശര്‍ക്കരവരട്ടിയുമൊക്കെ അസ്സലായിട്ടുണ്ടല്ലൊ, കുറച്ചധികം ഉണ്ടാക്കിയാല്‍ ആവശ്യക്കാരുണ്ടാവും, നല്ല വിലക്കു വില്‍ക്കാം.“ എന്നു വേറെ ചിലര്‍.പ്രഥമന്‍ ഉണ്ടാക്കുമ്പോള്‍ എനിക്കും കൂടി വേണംട്ടോ, മറക്കല്ലേ (ഞങ്ങള്‍ക്കു് വേറെ പണിയൊന്നൂല്യല്ലോ, നാട്ടുകാര്‍ക്കു് പ്രഥമന്‍ ഉണ്ടാക്കി കൊടുക്കല്ലാണ്ട്!!) എന്നിത്യാദി കമെന്റുകള്‍ നെല്ലായിലെ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുമ്പോള്‍, ആഘോഷമായി ഉപ്പേരി വറുത്തു് ഒരു സംഭവമാക്കി മാറ്റിയ ഞങ്ങള്‍ ആലോചിക്കുന്നതു്, ഓണത്തിനു ഉപ്പേരിക്കെവിടെ പോകുമെന്നാണ്. മിണ്ടാന്‍ പറ്റ്വോ ആരോടെങ്കിലും. (ഒറങ്ങാന്‍ കള്ള് വേറെ കുടിക്കണമെന്നു പറഞ്ഞപോലെ, ഓണത്തിനു ഉപ്പേരി വേണമെങ്കില്‍ ഇനിയും വറക്കണം.അപ്പോള്‍ എബവ് മെന്‍ഷന്‍ഡ് കാരണങ്ങളെയൊക്കെ എന്തു ചെയ്യും, എവിടെ കൊണ്ടു വക്കും? ആലോചിച്ചിട്ടു് ഒരു എത്തും പിടിയുമില്ല)
വാല്‍ക്കഷണം - അതിന്റെ പടം എങ്കിലും ഇട്ട് ഞങ്ങളെ കൊതിപ്പിക്കാമായിരുന്നില്ലേ എഴുത്തുകാരീ എന്ന ചോദ്യം മുന്‍കൂട്ടി കണ്ട് അതിനുള്ള മറുപടി.സത്യമായിട്ടും, അതു് എന്റെ കാമറ പണിമുടക്കിയതുകൊണ്ടൊന്നുമല്ലാട്ടോ. നിങ്ങളോടുള്ള സ്നേഹം കൊണ്ട്, നിങ്ങള്‍ക്കു കൊതിയായാലോന്നു വച്ചിട്ടു തന്നെയാ.
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
10:12 PM
43
മറുമൊഴികള്‍
Thursday, August 28, 2008
ഇതെന്തുപറ്റി എന്റെ കാലിനു്???
ഇതിപ്പോ ഒന്നര കൊല്ലത്തിനുള്ളില്‍ മൂന്നാം തവണയാണ് എന്റെ കാല് പണിമുടക്കുന്നതു്. എല്ലാം ഇടത്തേ കാലിനു്. എന്തായാലും പരുക്കിന്റെ കട്ടി കുറഞ്ഞു വരുന്നുണ്ട്.ആദ്യത്തെ പ്രാവശ്യം എല്ല് ഒടിഞ്ഞു.മൂന്നാഴ്ചക്കാലം പ്ലാസ്റ്ററൊക്കെയിട്ടു് ആഘോഷമായിട്ടാഘോഷിച്ചു.(അതു ഞാന്‍ ബൂലോഗരെയെല്ലാം അറിയിച്ചിരുന്നു - ഇവിടെ). രണ്ടാം വട്ടം , ഒടിഞ്ഞില്ല, അതിനു തൊട്ടു താഴെ, (അതാരേയും അറിയിച്ചില്ല), ഇതിപ്പോ വീണ്ടും. ഒന്നു തെറ്റിയാല്‍ മൂന്നു് എന്നല്ലേ, അതുകൊണ്ട് ഇതോടെ തീരുമായിരിക്കും.
പതിവുപോലെ സുന്ദരമായ പ്രഭാതം. അല്ലെങ്കിലും പ്രഭാതം എന്നാ സുന്ദരമല്ലാത്തതു്! പ്രത്യേകിച്ചു ചിങ്ങത്തിലെ പുലരികളാവുമ്പോള്‍. അത്തം ദാ, ഇങ്ങെത്തിക്കഴിഞ്ഞു. എന്തോ ഓണം എനിക്കെപ്പഴും ഒരു സന്തോഷം തന്നെയാണ്. എല്ലാരും പറയും, “ഇപ്പഴെന്തു ഓണം, ഒന്നൂല്യ. അന്നൊക്കെ എത്ര ദിവസം മുന്‍പു ഒരുക്കി തുടങ്ങണം. കായ വറുക്കണം, തൃക്കാക്കരയപ്പനുണ്ടാക്കണം. ഇപ്പോ അതു വല്ലതൂണ്ടോ, എല്ലാം റെഡിമൈഡ് അല്ലേ? അന്നു് കുട്ട്യോള്‍ക്കൊക്കെ ഓണത്തിനാ ഒരു കോടി ഉടുപ്പു കിട്ടുന്നതു്. ഇപ്പഴത്തെ കുട്ട്യോള്‍ക്കു് പുതിയ ഉടുപ്പിനുണ്ടോ ക്ഷാമം”
അങ്ങിനെ അങ്ങിനെ പോവും.
ഈ പറഞ്ഞതൊക്കെ ശരിയാണു്. എന്നാലും എനിക്കു സന്തോഷമാണ് ഓണക്കാലം. മനസ്സിന്റെ ഒരു തോന്നലാവാം. എല്ലാത്തിനും ഒരു ചന്തം വന്നപോലെ. അത്തമിങ്ങെത്തി കഴിഞ്ഞു, ഇനി നാലഞ്ചു നാള്‍ മാത്രം.
അല്ലാ, ഞാന്‍ ഇതെവിടെ എത്തി. പറയാന്‍ വന്നതു് ഇതൊന്നുമല്ലല്ലോ. പറയാം പറയാം. അങ്ങിനെ സുന്ദരമായ പ്രഭാതങ്ങളെ ഇഷ്ടപ്പെടുന്ന ഞാന്‍ മോഹിക്കാറുണ്ട് എന്റെ സിറ്റ് ഔട്ടില്‍ വെറുതെ ഇരിക്കാന്‍, എന്റെ തോട്ടത്തിലെ പൂക്കളെ കാണാന്‍, കിളികളെ കാണാന്‍ ,പുഴയില്‍ കുളിക്കാന്‍ പോകുന്നവരെ , അമ്പലത്തില്‍ തൊഴാന്‍ പോകുന്നവരെ (ഇതു രണ്ടും എന്റെ വീടിനടുത്താണ്)കാണാന്‍. പക്ഷേ എവിടെ? ഗേറ്റ് തുറക്കാന്‍ പോകുമ്പോള്‍, അല്ലെങ്കില്‍ പത്രം എടുക്കാന്‍ പോകുമ്പോള്‍, പുതുതായി വിരിഞ്ഞ പൂക്കളെ ഒരൊറ്റ നോട്ടം, ഇതോടെ തീരും പ്രഭാത ദര്‍ശനം. രാവിലെ നേരത്ത് മുറ്റത്തു കറങ്ങാന്‍ എവിടെ നേരം. പണികള്‍ അങ്ങിനെ വരി വരിയായി ക്യൂ നില്‍ക്കയല്ലേ?
ഇനി കാര്യത്തിലേക്കു്. ഇന്നു് മുകളില്‍ പറഞ്ഞ എന്റെ പ്രിയപ്പെട്ട കാഴ്ച്ചകളൊക്കെ കണ്ടു ഞാന്‍. എങ്ങിനെ എന്നല്ലേ.
ഒരിത്തിരി സമയം കിട്ടിയാല്‍ ഞാന്‍ ഒന്നുകില്‍ എന്റെ തോട്ടത്തില്‍ അല്ലെങ്കില്‍ പറമ്പിലേക്കിറങ്ങും.(എല്ലാം നിങ്ങളെ കാണിച്ചിട്ടുണ്ടല്ലോ പൂക്കളേയും, കപ്പയേയും, കാന്താരിമുളകിനേയുമൊക്കെ). നാളെ ഞാന്‍ ഭാര്യയേയും കൂട്ടി വന്നു് പണി കഴിക്കാം, ഓണായില്ലേ, മുറ്റത്തെ പുല്ല് ചെത്തണം, പറമ്പൊന്നു വൃത്തിയാക്കണം എന്നൊക്കെ പറഞ്ഞ് 100 രൂപയും വാങ്ങി പോയ തങ്കപ്പനെ പിന്നെ ഈ വഴിക്കു കണ്ടിട്ടില്ല. തങ്കപ്പനില്ലെങ്കിലെനിക്കു പുല്ലാ! ഞാന്‍ പോരേ ഇതിനൊക്കെ എന്ന മട്ടില്‍, വല്യ പണിക്കാരിയാണെന്ന ഭാവത്തില്‍ ഇറങ്ങി വെട്ടുകത്തിയും കൈക്കോട്ടുമായി. ഇതു കഴിഞ്ഞിട്ടു വേണം എല്ലാരോടും പറയാന്‍, ഞാനാ എന്റെ പറമ്പു മുഴുവന്‍ വൃത്തിയാക്കിയത്, എന്നൊക്കെ മനോരാജ്യം കണ്ടുകൊണ്ട് ചെടികള്‍ വെട്ടുന്നു, വൃത്തിയാക്കുന്നു, അങ്ങിനെ മുന്നേറിക്കൊണ്ടിരിക്കുന്നു. വെട്ടിയിട്ട ഒരു മരത്തിന്റെ (മരമൊന്നുമല്ല, വല്യ ചെടി) ചില്ലകള്‍ കുനിഞ്ഞു നിന്നു വെട്ടി മാറ്റുകയാണ്.
പിന്നെ ഒരു നിമിഷം ഞാന്‍ നോക്കിയപ്പോള്‍, ആഞ്ഞു വെട്ടിയതു് മരത്തിലല്ലാ, എന്റെ കാലില്‍ തന്നെയാണ്. ചോര പ്രളയം. ഒരു കഷണം അടര്‍ന്നു നില്‍ക്കുന്നു. വലിയ വിരലിന്റെ നഖത്തിന്റേയും വിരലിന്റേയും ജോയിന്റില്‍ തന്നെ. അതുകൊണ്ട് സ്റ്റിച്ച് ഇടാന്‍ പോലും വയ്യ. എങ്ങിനെ ഇത്ര കൃത്യമായിട്ടൊപ്പിച്ചെടുത്തു എന്നാ ഡോക്റ്ററുടെ ചോദ്യം. എല്ലാം കൂടി ഒതുക്കി കെട്ടിവച്ചു. വേദനയും സഹിച്ചു ഈ പാവം ഞാന്‍ (ഇപ്പോ വേദനയൊന്നും ഇല്യാട്ടോ).
ഉടനേ കിച്ചന്‍ ആന്‍ഡ് അതര്‍ വര്‍ക്സ്, ഹാന്‍ഡ് ഓവര്‍ ചെയ്യപ്പെട്ടു. ഓടിനടന്നു പണിയെടുത്ത് കാല് അവിടേം ഇവിടേം തട്ടിയാല്‍ പ്രശ്നായല്ലോ, സൂക്ഷിച്ചിരിക്ക്യല്ലേ നല്ലതു്? ഓണല്ലേ വരണതു്.
ചുരുക്കത്തില്‍ ഒരു മൂന്നു നാലു ദിവസത്തെ പ്രഭാത ദര്‍ശനം തരപ്പെട്ടൂന്നു പറഞ്ഞാല്‍ മതിയല്ലോ.രാവിലെ സിറ്റ് ഔട്ടില്‍ വന്നിരിക്കാം. ചായ അവിടെ കൊണ്ടു തരും.വല്യ വേദനയൊന്നൂല്യ, എന്നാലും ഉള്ളപോലെയൊക്കെ ഭാവിച്ചു ഞാന്‍ സുഖമായിട്ടവിടെ ഇരിക്കും. എന്റെ ഓട്ടം കണ്ടിട്ടു് ദൈവം തന്ന ഒരു കമ്പല്‍സറി റെസ്റ്റ് ആണോ എന്തോ!
എഴുത്തുകാരി.
വാല്‍ക്കഷണം - ഇന്നലെ എന്നെ കാണാന്‍ വന്ന ഒരു സുഹൃത്തിന്റെ മകന്‍ പറഞ്ഞതു് “ഇപ്പഴും ഈ കാലില്‍ തന്നെയാ, ഇടക്കൊരു ചൈഞ്ചു് ഒക്കെ ആവാട്ടോ” എന്നു്.
Posted by
Typist | എഴുത്തുകാരി
at
2:30 PM
41
മറുമൊഴികള്‍
Thursday, August 14, 2008
ഞാനും പോയി ഒരു യാത്ര
ബ്ലോഗിലെ യാത്രാവിവരണത്തിനു് സമ്മാനം കിട്ടിക്കൊണ്ടിരിക്കുന്ന കാലമല്ലേ(അടിക്കുറിപ്പു് നോക്കുക), എന്നാല്‍ ഞാനും എഴുതിയേക്കാം ഒരെണ്ണം എന്നു വച്ചു. പക്ഷേ യാത്ര പോകാതെ എങ്ങിനെ വിവരണം ഒപ്പിക്കും?
ഞാനും പുറപ്പെട്ടു. ആരുമാലോചിച്ചു ബുദ്ധിമുട്ടണ്ട, ആന്‍ഡമാനിലേക്കോ, ആഫ്രിക്കയിലേക്കോ ഒന്നുമല്ല. വെറുതെ നെല്ലായി മുതല്‍ തൃശ്ശൂരു വരെ. (എന്താ അതു യാത്രയല്ലേ!!)
അദ്ധ്യായം ഒന്നു്:
-----------
നെല്ലായില്‍ നിന്നു് ഒരു KSRTC ശകടത്തില്‍ കയറുന്നു. ഭാഗ്യവശാല്‍ ഒരു സീറ്റും കിട്ടി. രണ്ടു സ്റ്റോപ്പ് അപ്പുറ്ത്തു നന്തിക്കരയില്‍നിന്നും ഒരു വല്യപ്പനും വല്യമ്മയും കയറി. അവരും ഇരുന്നു. കുറുമാലിയില്‍നിന്നു് വേറൊരു ചേച്ചിയും കയറി. ഇപ്പോള്‍ കഥാപാത്രങ്ങളെല്ലാം രംഗപ്രവേശം ചെയ്തുകഴിഞ്ഞു.( ഇനിയും പലരും കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. അവരൊന്നും നമ്മുടെ കഥേടെ നാലയലത്തു വരില്ല). അവര്‍ പരിചയക്കാരാണ്. സന്തോഷമായി രണ്ടു കൂട്ടര്‍ക്കും. ഭാണ്‍ഡക്കെട്ടഴിച്ചു, വര്‍ത്തമാനത്തിന്റെ. വല്യമ്മ ചേച്ചിയോട് - നീ എവിടക്കാ?
ചേച്ചി - തൃശ്ശൂര്‍ക്കാ
വല്യമ്മ - എന്താ വിശേഷിച്ചു?
ചേച്ചി - ഏയ് വെറുതെ
വല്യമ്മ - വെറുതെയാ?
ചേച്ചി - ആ.
വല്യമ്മ - ഇതെന്നു തുടങ്ങി? (എന്നു വച്ചാല്‍ വെറുതെ തൃശ്ശൂര്‍ക്കു പോക്കു എന്നു തുടങ്ങി എന്നു സാരം)
ചേച്ചി - ചിരി മാത്രം. മറുപടിയില്ല.
പിന്നെ കുറേ വിശേഷങ്ങള്‍ എക്സ്ചേന്‍ജ്ജ് ചെയ്തു. എന്നിട്ടും തൃശ്ശൂരെത്തുന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ചേച്ചി വല്യമ്മയോട് - അമ്മാമ്മ എവിടെപ്പോയിട്ടാ.
വല്യമ്മ പറഞ്ഞു (വല്യമ്മ ആരാ മോള്!) ദാ, ഇവട വരെ. ഞങ്ങളെ നോക്കി കണ്ണിറുക്കി ഒരു ചിരിയും. എന്നിട്ടു കൂട്ടിചേര്‍ത്തു ‘അങ്ങ്നനെയായാ പറ്റ്വോ.
എങ്ങിനേണ്ട്, എങ്ങിനേണ്ട് (ഇന്നസന്റ് സ്റ്റൈലില്‍ വായിക്കണം!)
അദ്ധ്യായം രണ്ട്:
-----------
തൃശ്ശൂരെത്തി. ബ്രൈറ്റ് ലൈറ്റിന്റെ ഒരു ടോര്‍ച്ച് കത്തുന്നില്ല.പോസ്റ്റ് ഓഫീസ് റോഡില്‍ അതു നന്നാക്കുന്ന ഒരു കടയുണ്ടെന്നു് എന്റെ സുഹൃത്തു പറഞ്ഞിരുന്നു. അവിടെ പോയപ്പോള്‍ അവര്‍ പറഞ്ഞു നന്നാക്കി തരാം. ടോര്‍ച്ച് നോക്കി. പിന്നെ പറഞ്ഞു, അല്ലെങ്കില്‍ വേണ്ടാ, കുറച്ചുകൂടി പോയിട്ടു വേറൊരു കടയുണ്ട്. അവിടെ കൊടുത്താല്‍ നിസ്സാര കാശു മതി, അവര്‍ വീട്ടിലെത്തിച്ചു തരും. ആ കടയിലേക്കുള്ള വഴി പറഞ്ഞുതന്നു. നേരെ പോണം. എന്നിട്ട് ആദ്യത്തെ വലത്തേക്കുള്ള റോഡ്. അങ്ങോട്ടു പോവരുതു്. അവിടെ വട്ടത്തിലൊരു കെട്ടിടം കാണും. “കാളിന്ദി” ന്നാണ് കടേടെ പേരു്. എന്നോടു ചോദിച്ചു, കട മനസ്സിലായോന്നു്. ഞാന്‍ കണ്ടുപിടിച്ചോളാമെന്നു പറഞ്ഞു നടന്നു തുടങ്ങിയപ്പോള്‍ ആ കടയിലെ ഒരു ജോലിക്കാരന്‍ (എന്നു തോന്നുന്നു) പറഞ്ഞു. ഞാന്‍ ആ വഴി പോകുന്നുണ്ട്, ഞാന്‍ കാണിച്ചു തരാമെന്നു്. ഞാന്‍ അയാളുടെ പിന്നാലെ പോയി. അപാര സ്പീഡായിരുന്നു ചേട്ടനു്, ഒപ്പമെത്താന്‍ ഞാന്‍ ബുദ്ധിമുട്ടി.
അദ്ധ്യായം മൂന്നു്:
-----------
വട്ടത്തിലുള്ള കെട്ടിടം വന്നു. അവിടെയുണ്ട് “കാളിന്ദി”. എന്റെ മാര്‍ഗ്ഗദര്‍ശി അവരോടു വിളിച്ചു പറഞ്ഞിട്ടാ പോയതു്, ദാ ഒരാളു വന്നിരിക്കുന്നു. (അതു് ബ്രൈറ്റ്ലൈറ്റിന്റെ കളക്ഷന്‍ സെന്റര്‍ ആയിരിക്കണം) ടോര്‍ച്ച് വാങ്ങി, ചാര്‍ജ്ജര്‍ വാങ്ങി, എന്റെ അഡ്രസ്സും ഫോണ്‍ നമ്പറുമെല്ലാം എഴുതിവാങ്ങി. കടയുടമസ്ഥനാണോന്നറിയില്ലാ, നോക്കട്ടെ എന്നു പറഞ്ഞു അതും കൊണ്ടുപോയി. ഇത്തിരി കഴിഞ്ഞു കത്തുന്ന ടോര്‍ച്ചുമായി പുറത്തേക്കു വന്നു. എന്തോ നിസ്സാര കേസായിരുന്നു. അവര്‍ക്കു തന്നെ ശരിയാക്കാവുന്നതു്. ഒരു മിനിമം 100 രൂപയെങ്കിലും ആ വഴിക്കു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എത്രയായി എന്നു ചോദിച്ചപ്പോള്‍ ഏയ്, ഒന്നും വേണ്ട എന്നു പറഞ്ഞു. ഒരു 25-50 ഒക്കെ സുഖമായിട്ടു വാങ്ങാമായിരുന്നു.
അദ്ധ്യായം 4:
---------
ഇനി അടുത്ത യാത്ര ഒരു ഹോസ്പിറ്റലിലേക്കു്. ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്കു ഒരു പെന്‍ ഹോസ്പിറ്റല്‍ ഉണ്ട്. ഒരുമാതിരിപെട്ട പേന രോഗങ്ങള്‍ക്കെല്ലാം ചികിത്സ അവിടെ കിട്ടും. ഹൃദയം, കരള്‍ എന്നുവേണ്ട, കിഡ്നി വരെ മാറ്റിവക്കാനുള്ള സംവിധാനങ്ങളുണ്ട്. സ്പെയര്‍ പാര്‍ട്സിനും മറ്റെവിടേയും പോണ്ട. ഞാനും കൊണ്ടുപോയി 5-6 രോഗികളെ. ജലദോഷപ്പനി മുതല്‍ മാറാരോഗം എന്നു ഞാന്‍ കരുതിയിരുന്നതു വരെ. കിടത്തി ചികിത്സ വേണ്ടവര്‍ക്കു അതുമാവാം. അവിടെ ഏല്പിച്ചു പോരാം.ഡോക്റ്റര്‍ പറയുന്ന ദിവസം പോയാല്‍ കൊണ്ടുപോരാം.ഒരുപാടുകാലമായിട്ടു ആ ഒറ്റ ഡോക്ടറേയുള്ളൂ അവിടെ. പേന മെഡിക്കല്‍ കോളേജില്‍ സീറ്റു കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണൊ എന്തോ പുതിയ ആരും വന്നിട്ടില്ല. തീരെ കത്തിയല്ല, 5 പേനക്കും കൂടി 25 രൂപയേ ആയുള്ളൂ.
മടക്കയാത്ര:
---------
വേറെയും ഒന്നു രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു സ്വപ്നേടെ അടുത്തുള്ള സ്റ്റോപ്പില്‍ ചാലക്കുടി ബസ്സില്‍ കയറി ഇരുന്നു. പ്രിയപ്പെട്ട സൈഡ് സീറ്റില്‍. കാഴ്ച്ചയൊക്കെ കണ്ടു പോവാല്ലോ. പോലീസിന്റെ അനൌണ്‍സ്മെന്റ് -‘റൌണ്ടില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ ഉടനേ മാറ്റേണ്ടതാണ്. തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേയിരുന്നു. കുറച്ചു പോലീസുകാരേയും കണ്ടു. ഞാന്‍ ഇവിടെ വന്നപ്പോള്‍ ഇവിടേം ബോംബു ഭീഷണീയായോ എന്റെ വടക്കുന്നാഥാ എന്നു വിളിച്ചുപോയി. ചായ കുടിക്കാന്‍ പോയ ഡ്രൈവര്‍ ഓടി വന്നു, ഡബിള്‍ ബെല്ലു കിട്ടി. അങ്ങിനെ എന്റെ മടക്കയാത്രയും തുടങ്ങി.(എന്തിനായിരുന്നു ആ പോലീസ് അനൌണ്‍സ്മെന്റു് എന്നിപ്പഴും മനസ്സിലായിട്ടില്ല).
കലക്കീല്ലേ യാത്രാവിവരണം? സമ്മാനം തരണമെന്നുള്ളവര്‍ മടിക്കാതെ കടന്നു വരൂ.
എഴുത്തുകാരി.
അടിക്കുറിപ്പ് : നമ്മുടെ നിരക്ഷരന്‍ജിക്കും പ്രിയ ഉണ്ണികൃഷ്ണനും World Malayalee Council സംഘടിപ്പിച്ച യാത്രാവിവരണ ബോഗ് മത്സരത്തില്‍ സമ്മാന്നം കിട്ടിയിരിക്കുന്നു. അതില്‍ നിന്നു് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയതാണേയ്.
Posted by
Typist | എഴുത്തുകാരി
at
10:39 AM
34
മറുമൊഴികള്‍
Tuesday, August 5, 2008
സ്മാരകശിലകള്‍
എപ്പഴും തൃശ്ശൂര്‍ക്കു പോകുമ്പോള്‍ ശ്രദ്ധിക്കാറുള്ളതാ ഇതു്. ഈ ചിത്രത്തിന്റെ കൌതുകം കൊണ്ടാ, നിങ്ങളേക്കൂടി കാണിക്കാം എന്നു വച്ചതു്. പക്ഷേ നമ്മള്‍ കാണാന്‍ മറന്നു പോകുന്ന ഒന്നുകൂടി ഉണ്ടിതില്‍-നാമാവശേഷമായി-
കൊണ്ടിരിക്കുന്ന ഓട്ടുകമ്പനികള്‍.
"നെല്ലായില്‍നിന്നും (ചാലക്കുടീന്നോ,കൊടകരേന്നോ ആയാലും മതീട്ടോ)തൃശ്ശൂര്‍ക്കു പോകുമ്പോള്‍ ആമ്പല്ലൂര്‍ ജങ്ങ്ഷനില്‍ വലത്തുഭാഗത്തു് മുകളിലേക്കു നോക്കിയാല്‍ എന്നെ കാണാം"
"ഹാവൂ, മനുഷ്യന്റെ കോടാലി ഇവിടെത്തില്ലല്ലോ, ആകാശം കൈയെത്തി പിടിക്കാമോന്നു നോക്കട്ടെ."
നന്തിക്കര, കുറുമാലി, മണലി ഭാഗങ്ങളായിരുന്നു ഓട്ടുകമ്പനികളുടെ കേന്ദ്രം. ഒരുപാടു് ഉണ്ടായിരുന്നു.ബസ്സില്‍ പോകുമ്പോള്‍ രസകരമായ കാഴ്ചയായിരുന്നു, ഇതിന്റെ പുകക്കുഴല്‍ കാണുന്നതും, എണ്ണുന്നതും.ഇപ്പോള്‍ രണ്ടോ മൂന്നോ കാണുമായിരിക്കും.ബാക്കി എല്ലാം പോയി. അതൊക്കെ എവിടെപോയി, എങ്ങിനെ പോയി ,എന്തുകൊണ്ട് ഇല്ലാതായി എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല. ഇപ്പോള്‍ ഒന്നോ രണ്ടോ ബാക്കിയുണ്ട്. എന്നാ അതും ഇല്ലാതാവുന്നതെന്നറിയില്ല.
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
3:31 PM
44
മറുമൊഴികള്‍
Sunday, July 20, 2008
അമ്മേ, നിനക്കുവേണ്ടി......
കഴിഞ്ഞ ജൂണില്‍ ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ ഒരു പാവം അമ്മയേയും മോളേയും പറ്റി പറഞ്ഞിരുന്നു.(അതു് ഇവിടെ). എനിക്കു വീണ്ടും ഇങ്ങിനെയൊരു പോസ്റ്റു് ഇടേണ്ടി വരുമെന്നൊട്ടു വിചാരിച്ചുമില്ല. പക്ഷേ എനിക്കു വീണ്ടും എഴുതേണ്ടി വന്നു.
അന്നു ഞാനെഴുതി “ആ അമ്മയും മോളും ഇടവഴിയിലും അമ്പലത്തിലുമൊക്കെ നടക്കുന്നതു എനിക്കിപ്പഴും കാണാം. അവരിനി ഒരു പക്ഷേ ഈ നാട്ടിലേക്കു വന്നില്ലെന്നും വരാം“.അന്നു ഞാന്‍ കരുതിയതു് സ്വന്തം വീട്ടിലല്ലെങ്കില്‍ പോലും അവര്‍ സുഖമായി ജീവിക്കുന്നുണ്ടല്ലോ എന്നാണു്.
കുറച്ചു ഫ്ലാഷ് ബാക്ക്-
അന്നു് അവരെ ഏതോ ഒരു ഒരു ആശ്രമത്തിലോ, പുവര്‍ ഹോമിലോ കൊണ്ടാക്കി, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുവന്നു. ഒരു പക്ഷേ അത്തരം സ്ഥാപനങ്ങളില്‍ താമസിക്കാനുള്ള പണം ചിലവാക്കാന്‍ പോലും ആ മകന്‍ തയ്യാറായിട്ടുണ്ടാവില്ല.
അങ്ങനെ അവരെ വീണ്ടും അമ്പലത്തിലുമൊക്കെ കണ്ടുതുടങ്ങി. അതിനിടയില്‍ മകള്‍ക്കു് ചെറിയ ചെറിയ അസുഖങ്ങള്‍. കൈ വേദന, കാല്‍ വേദന, അങ്ങിനെ.മാറി മാറി ഡോക്ടറെ കാണും. ഡോക്ടര്‍മാര്‍ പറയുന്നു, ഒന്നും ഇല്ലെന്നു്. അവസാനം ഒരു വഴിയുമില്ലാതെ അവര്‍ സുഖമില്ലെന്നു പറയുന്ന സ്ഥലത്തു് ബാന്റേജ് കെട്ടിക്കൊടുക്കും.
ആ അമ്മ പതുക്കെ പതുക്കെ അവശയാവുകയായിരുന്നു. മനസ്സിന്റെ വിഷമം കൊണ്ടാവും, എത്രയാന്നു് വച്ചിട്ടാ ഒരാള്‍ അനുഭവിക്ക്യാ.മുംബെയില്‍ വേറൊരു മകനുണ്ട്, ഒരു മകളും. മകള്‍ വളരെ വലിയ ഒരു ജോലിക്കാരിയാണ്. നാട്ടുകാര്‍ അവരെയൊക്കെ വിളിച്ച് അറിയിച്ചതാ ഇവിടത്തെ സ്ഥിതി. ഇത്ര അകലെയുള്ള ഞങ്ങളെന്തുചെയ്യും, അതൊക്കെ നിങ്ങള്‍ക്കു് നോക്കിക്കൂടെ, എന്ന മട്ടാണ് അവര്‍ക്കു്. നാട്ടിലും ഉണ്ട് ഒരു മകള്‍. അമ്മക്കു പെന്‍ഷന്‍ കിട്ടിയാല്‍ വാങ്ങാന്‍ വരുമെന്നല്ലാതെ
വേറൊരു ഗുണവുമില്ല.
കുറച്ചു നാള്‍ മുന്‍പു മകന്റെ വീട്ടില്‍ ഒരു ആഘോഷം/ ചടങ്ങു നടന്നു.(മകനും ഭാര്യയും മക്കളും കൂടി വേറെ താമസിക്കുകയാണല്ലോ)അതിനു മകന്‍ അവരെ കൊണ്ടുപോകാന്‍ തന്നെ ഉദ്ദേശിച്ചുട്ടുണ്ടാവില്ല. പക്ഷേ ആ മകള്‍ ദിവസങ്ങള്‍ക്കു മുന്‍പേ പോകാന്‍ തയ്യാറായി.എന്നോടു് കാണുമ്പോള്‍ ചോദിക്കും ചേട്ടന്‍ വിളിച്ചിട്ടില്ലേ, വരുന്നില്ലേ,എന്നു്. എന്നിട്ട് ആവേശത്തോടെ പറയും ഞങ്ങള്‍ പോകുന്നുണ്ടെന്നു്. എന്നിട്ടു തലേന്നുതന്നെ ഓട്ടോറിക്ഷ വിളിച്ചു് രണ്ടു പേരും കൂടി പോയി. അയാളൊട്ടും പ്രതീക്ഷിക്കതെയാണവരെത്തിയതു്. ആ ചടങ്ങില്‍ പോലും പങ്കെടുപ്പിക്കാതെ ആ ഓട്ടോറിക്ഷയില്‍ തന്നെ അവരെ തിരിച്ചയച്ചു.
ഇപ്പോള്‍ കുറച്ചുകൂടി കഷ്ടമാണു സ്ഥിതിപാവം ആ അമ്മ തീര്‍ത്തും അവശയായി.ഓര്‍മ്മയില്ല.ഞാന്‍ പോയിരുന്നു കാണാന്‍
എന്നെ മനസ്സിലായില്ല. മകള്‍ എന്തെങ്കിലും വയ്ക്കും, അല്ലെങ്കില്‍ അയലക്കക്കാര്‍ കൊണ്ടുകൊടുക്കുന്ന ചോറും കറിയുമെല്ലാം
ദിവസങ്ങളോളം സൂക്ഷിച്ചു വക്കുന്നു. അതു കേടു വന്നു നാറുന്നു. അതാണു് അമ്മക്കും കൊടുക്കുന്നതു്. അമ്മയ്ക്കു് ടോയ്ലറ്റില്‍ പോകാനുള്ള ഓര്‍മ്മയൊന്നുമില്ല. അതും പലപ്പോഴും വീട്ടിനുള്ളില്‍ തന്നെയാണ്.ഒന്നു കുളിപ്പിക്കാന്‍ ആരുമില്ല. മുറ്റത്തെത്തുമ്പോഴേ ദുര്‍ഗന്ധം വരുന്നു.അമ്മയുടെ തലയില്‍ നിറയെ പേന്‍, ദേഹത്തുകൂടി അരിച്ചു നടക്കുന്നുവത്രേ.
മകളാണെങ്കിലോ, 5 കിലോ പരിപ്പു്, 2-3 വലിയ കുപ്പി ഹോര്‍ലിക്സ് അതുപോലെ ബാക്കി എല്ലാം വാങ്ങിവക്കുന്നു, എന്തിനെന്നോ, അമ്മ മരിക്കുമ്പോള്‍ ആളുകളൊക്കെ വരില്ലേ, അവര്‍ക്കു് കൊടുക്കാനാത്രേ!!
ആരുമില്ല, അവരെ സഹായിക്കാന്‍. സാമ്പത്തിക ബുദ്ധിമുട്ടാണെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. നിങ്ങളോടൊക്കെ,എന്റെ ബൂലോഗസുഹൃത്തുക്കളോടു ചോദിച്ചിട്ടാണെങ്കില്‍ കൂടി അവരെ സഹായിക്കാമായിരുന്നു. പക്ഷേ ഇന്നും ഉണ്ട് ചുരുങ്ങിയതു് 10 സെന്റ് സ്ഥലവും സാമാന്യം നല്ല ഒരു വീടും. ചുരുങ്ങിയതു് ഒരു 15 ലക്ഷം രൂപക്കുള്ളതു്. പിന്നെ ചെറിയ ഒരു പെന്‍ഷനും.
പക്ഷേ ഇവിടെ അതല്ല, പ്രശ്നം - 5 മക്കളുണ്ടായിട്ടും (ഈ സുഖമില്ലാത്ത മകള്‍ക്കു പുറമേ) അവരെ നോക്കാന്‍ ആരുമില്ല.
മൂത്ത മകന്‍ ജോലി ചെയ്യുന്നതു് ചാലക്കുടിയില്‍ - കേവലം 12 കിലോമീറ്റര്‍ മാത്രം അകലെ. സമുദായ സംഘടനകള്‍ക്കും ഇവിടെ ക്ഷാമമില്ല. നായന്മാര്‍ക്കു വേറെ, ബ്രാഹ്മണര്‍ക്കു വേറെ, അങ്ങിനെ അങ്ങിനെ. എന്തേ അവരൊന്നും ചെയ്യുന്നില്ല! അവരുടെ സംഘടനയില്‍ പെട്ട ഒരു അംഗം, അല്ലെങ്കില്‍ കുടുംബം ഈ ദുരിതം അനുഭവിക്കുമ്പോള്‍ അതും സ്വന്തം സംഘടനയില്പെട്ട മകന്റെ
അവഗണനമൂലം, ഒന്നുമില്ലേ അവര്‍ക്കു ചെയ്യാന്‍? ഒരു ചെറുവിരലനക്കാന്‍ ആരുമില്ല. ഞാനൊന്നു ചോദിക്കട്ടേ, എന്തിനാണീ ജാതി/സമുദായം തിരിച്ചുള്ള സംഘടനകള്‍. അതിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ലേ, ബുദ്ധിമുട്ടുകളില്‍ സഹായിക്കാനും. അതോ ആഘോഷങ്ങള്‍ക്കോ, അല്ലെങ്കില്‍ പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക് വാങ്ങി ജയിക്കുന്ന കുട്ടിക്കു സമ്മാനം കൊടുക്കാനോ, അല്ലെങ്കില്‍ പാവങ്ങള്‍ എന്നു അവര്‍ കരുതുന്ന കുറച്ചുപേര്‍ക്കു സാരി/സഹായധനം വിതരണം ചെയ്യാനോ !!
അതുമല്ലെങ്കില്‍, ജില്ലാ/സംസ്ഥാന കലോത്സവമൊക്കെ നടത്തി കലാപ്രതിഭകളെ കണ്ടെത്തി, നാടിന്റെ കാലാപാരമ്പര്യം ഉയര്‍ത്തിപിടിക്കാനോ. എന്തോ എന്റെ കൊച്ചുബുദ്ധിക്കൊന്നും മനസ്സിലാവുന്നില്ല.
അതിനേക്കാള്‍ എത്രയോ പരിഗണനയും അടിയന്തിര ശ്രദ്ധയും ആവശ്യപ്പെടുന്നതാണ് ഈ പ്രശ്നം.സ്വന്തം അമ്മയെ,സുഖമില്ലാത്ത ഒരനിയത്തിയെ, നോക്കാന്‍ പോലും സന്മനസ്സു കാണിക്കാത്ത ഒരു മകനെതിരെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നോ. ഞാന്‍ തന്നെ ഒരിക്കല്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തിയതാണിക്കാര്യം. എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നതു് അല്ലേ? ആവശ്യമില്ലാത്ത വയ്യാവേലികളൊക്കെ എന്തിനാ എടുത്തു തലയില്‍ വയ്ക്കുന്നതു്, അവര്‍ക്കാര്‍ക്കും,ഒരു പ്രശ്നവുമുണ്ടാവാത്തിടത്തോളം കാലം. ആഗോള പ്രശ്നങ്ങളില്‍ വരെ അഭിപ്രായവും പത്രപ്സ്താവനകളും കാണാം, നേതാക്കന്മാരുടെ. എവിടെപോയി അവരൊക്കെ?അല്ലാ അവരുടെയൊന്നും ശ്രദ്ധ പതിയാന്‍ മാത്രം പ്രാധാന്യമില്ലേ ഈ പ്രശ്നത്തിനു് ?
അനാഥരാണെങ്കില്‍,പാവങ്ങളെ സംരക്ഷിക്കുന്ന ഏതെങ്കിലും സംഘടനകളോട് ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാമായിരുന്നു. ഇതിപ്പോള്‍ അവര്‍ക്കു സ്വത്തു്ണ്ട്, മക്കളുണ്ട്. എന്തെങ്കിലും ചെയ്യാന്‍ ഒരുമ്പെട്ടാല്‍ എങ്ങിനെ വന്നു ഭവിക്കുക എന്നറിയില്ല. എനിക്കറിയാന്‍ ഞാന്‍ വെറുതെ ഇങ്ങ്നെ അമര്‍ഷം കൊള്ളുന്നതല്ലാതെ ഒരു കാര്യവുമില്ലെന്നു്. എന്നാലും കൂട്ടുകാരേ ഞാന്‍ നിങ്ങളോടല്ലാതെ ആരോടു പറയാന്‍ എന്റെ സങ്കടം?
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
10:07 AM
33
മറുമൊഴികള്‍
Saturday, July 12, 2008
എന്റെ പൂന്തോട്ടം
എന്നും രാവിലെ എഴുന്നേറ്റുവരുംപോള്‍ എത്ര പൂക്കളാണെന്നോ എന്നെ കാത്തു നില്‍ക്കുന്നതു്.പൂക്കള്‍ വിടര്‍ന്നുവരുന്നതേ ഉണ്ടാവൂ. പാതി വിടര്‍ന്ന പൂക്കള്‍. പല പല നിറത്തിലും തരത്തിലും. എന്നോട് Good Morning പറയുകയാണോ എന്നു തോന്നും. എന്റെ ദിവസം തുടങ്ങുന്നതു തന്നെ അവരോടൊത്താണു്. ഒരഞ്ചു മിനിറ്റെങ്കിലും അവിടെ കറങ്ങിയിട്ടേ എന്റെ പതിവുജോലികളിലേക്കു കടക്കാറുള്ളൂ. എന്നും ഞാന്‍ അത്ഭുതപ്പെടുന്ന ഒരു കാര്യമുണ്ട്.പ്രകൃതി എങ്ങിനെ ഇത്ര ഭംഗിയായി നിറങ്ങള്‍ കൊടുത്തിരിക്കുന്നു, ഇതളുകള്‍ക്കൊരു നിറം,അതിനുള്ളില്‍ വേറൊരു നിറം,ഒരേ ആകൃതി. ആര്‍ക്കാ, ഇതു കണ്ടാല്‍ മനസ്സില്‍ ഒരു സുഖം തോന്നാത്തതു?
അവയില്‍ ചിലതു് ഇതാ. നിങ്ങളും ഒന്നു കാണൂ.
എന്നെ അറിയില്ലേ, ഞാന്‍ ചെമ്പരത്തി.
ഞാനും ചെമ്പരത്തി തന്നെ. കുറച്ചുകൂടി പരിഷ്കാരിയാണെന്നു മാത്രം.
ഞാന്‍ നീല ശംഖുപുഷ്പം - വംശനാശത്തിന്റെ
വക്കിലാണെന്നു തോന്നുന്നു.
പേരറിയില്ല, പല നിറത്തിലും ഞാനുണ്ട്.
എന്നെ നിങ്ങള്‍ക്കറിയാല്ലോ, ഞാന്‍ പൂന്തോട്ടത്തിന്റെ റാണി,സുന്ദരി - റോസ്
ആരു പറഞ്ഞു, ഞാനല്ലേ അവളേക്കാള്‍ സുന്ദരി!
ഞാന്‍ പഴയ കാശിത്തുമ്പ തന്നെ. കളറൊന്നു ചെയ്ഞ്ചു ചെയ്തൂന്നു മാത്രം. ഒരു ചൈഞ്ച് ആര്‍ക്ക ഇഷ്ടമില്ലാത്തതു്?
എന്നെ നിങ്ങള്‍ക്കിഷ്ടമുള്ള പേരു വിളിച്ചോളൂ.
‘നമുക്കു പര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ തല്‍ക്കാലം മുന്തിരി വള്ളിയേയുള്ളൂ.
എന്നെ എന്തിനാ പൂന്തോട്ടത്തില്‍ പെടുത്തിയേ ആവോ, എഴുത്തുകാരിയോടു തന്നെ ചോദിക്കണം. എന്റെ ഭംഗി കണ്ടിട്ടാവും!!
പിന്നെ പിന്നെ, അവള
ല്ലേ വല്യ സുന്ദരി. കണ്ടാലും തോന്നും!
എന്റെ ഒരു ചേച്ചിയോ അനിയത്തിയോ മുകളിണ്ടല്ലോ.
ബാള്‍സം - ഞങ്ങള്‍ ഒരുപാട് നിറക്കാരുണ്ടിവിടെ. ഇവിടത്തെ main attraction ഉം ഞങ്ങള്‍ തന്നെ.
എന്റെ ഉള്ളില്‍ എന്നേക്കാള്‍ വലിയ വണ്ടുകള്‍ കടന്നുകൂടും. അതാണെന്റെ പ്രശ്നം.
പൂച്ചവാലന്‍ - കണ്ടാല്‍ തോന്നില്ലേ?
നല്ല ഭംഗിയാ എന്നെ കാണാന്‍, കുഞ്ഞു കുഞ്ഞു പൂക്കളാണെങ്കിലും.
എന്താന്നറിയില്ല, എല്ലാരും എന്നെ ഈച്ചപ്പൂ എന്നാ വിളിക്കുന്നേ.
ബാള്‍സം - വേറൊരു തരം.
വെള്ള റോസ് - ഞാന്‍ പരിശുദ്ധിയുടെ പര്യായം.
എങ്ങിനെയുണ്ടെന്റെ തോട്ടം, കൊള്ളാമോ. ഇനിയുമുണ്ട്. അതു പിന്നെ.
അഭിപ്രായം അറിയിക്കണേ!
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
10:57 PM
39
മറുമൊഴികള്‍