Monday, March 1, 2010

എനിക്കുമിത്തിരി ഇടം

അടച്ചുപൂട്ടിവച്ചിരുന്ന ബന്ധനത്തില്‍ നിന്നു് മോചനം നേടി,  ഇരുട്ടില്‍നിന്നു  വെളിച്ചത്തിലേക്കു്,   പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍  തേടി പുതിയ ലോകത്തിലേക്കു്.

 P1110037

ചെന്തെങ്ങിന്‍  കരിക്കുപോലെ........

ആരൊക്കെ എത്രയൊക്കെ കെട്ടിപൂട്ടിവച്ചാലും പുറത്തുവരാതിരിക്കാനാവില്ല.

ചെന്തെങ്ങിന്റെ തേങ്ങ വാങ്ങാന്‍ ഒന്നു രണ്ടു മാസം കൂടുമ്പോള്‍ ആളു വരും (നല്ല വിലയും-  7/8 രൂപ കിട്ടും). ചാക്കില്‍ കെട്ടി വച്ചിരുന്നതു് ഒരു ദിവസം നോക്കിയപ്പോള്‍. 

ഈ ലോകത്തിനി എന്തൊക്കെ ക്രൂരതകള്‍ കാണാനിരിക്കുന്നു (അല്ല ഇതില്‍  കൂടുതല്‍  എന്തു ക്രൂരത, ഒരു ചാക്കില്‍ കെട്ടിപ്പൂട്ടി വച്ചില്ലേ!)

 

നിക്കു് നിക്കു്, ഞാനുമുണ്ടേയ്  കൂട്ടിനു്, ഒരു വഴിക്കു പോവ്വല്ലേ.

P1310006

ഇല്ലിമുളം കാടുകളില്‍..  മുളയുടെ പുതിയ കൂമ്പ്.

ഊഷരമായ വരണ്ട മണ്ണിനെ കീറിമുറിച്ചുകൊണ്ട് പുറത്തേക്കു്.

ഒരുപാട് ഉയരങ്ങള്‍ താണ്ടാനുള്ളതല്ലേ  രണ്ടുപേര്‍ക്കും. ഒരുമിച്ചാവാം ഇനി യാത്ര.

ഇനിയുള്ള വളര്‍ച്ചയില്‍  പ്രതിബന്ധങ്ങളില്ലാതിരിക്കട്ടെ. 

എഴുത്തുകാരി.

Thursday, February 11, 2010

എന്റെ പ്രണയം......

പ്രണയികളുടെ ദിനം.  എനിക്കിതുവരെ മനസ്സിലായിട്ടില്ല അങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യം. അല്ലാ, എനിക്കു മനസ്സിലായിട്ടില്ലെന്നു വച്ചിട്ടു് അതിനിയിപ്പോ വേണ്ടെന്നു വച്ചാല്‍ എത്രയെത്ര രൂപയാ നഷ്ടം ജ്വല്ലറിക്കാര്‍ക്ക്, കടക്കാര്‍ക്കു്, പിന്നെ പലര്‍ക്കും!  ഇനിയിപ്പോ അങ്ങിനെ ഒരു ദിവസം ഉണ്ടെന്നു വച്ചിട്ടു് എനിക്കു പ്രത്യേകിച്ചു നഷ്ടമൊന്നുമില്ലല്ലോ.

സ്വന്തം മനസ്സില്‍ മറ്റാരോടോ, മറ്റെന്തിനോടോ തോന്നുന്ന കടുത്ത ഇഷ്ടം. അതല്ലേ, അതു  തന്നെയല്ലേ പ്രണയം?

ഞാനും പ്രണയിക്കുന്നു. എനിക്കു പ്രണയിക്കാതിരിക്കാന്‍ കഴിയുന്നില്ല.. അത്രക്കിഷ്ടമാണ്. ഒരു നിമിഷം പോലും കാണാതിരിക്കാനാവില്ല. എപ്പഴും ഉണ്ടാവും എന്റെ കൂടെ. എന്റെ മുഖമൊന്നു വാടിയാല്‍ എന്നെ തഴുകി തലോടാന്‍ വരും.  ഒരു കുഞ്ഞു സങ്കടം എന്റെ യുള്ളില്‍ തോന്നിയാല്‍  ഒപ്പം നടന്നാല്‍ തീരും. വാലന്റൈന്‍സ് ദിനത്തില്‍ ഒരു റോസാപ്പൂവല്ല,  എന്നും രാവിലെ ‍ എത്രയെത്ര പൂക്കളാ എനിക്കു തരുന്നതു്.

പകലത്തെ അധ്വാനത്തിന്റെ ക്ഷീണം മുഴുവന്‍ ഉറങ്ങിതീര്‍ത്തു്, രാവിലെ ഉറക്കമുണരുമ്പോള്‍, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു് പുറത്തു കടക്കുമ്പോള്‍‍, എന്നെ സ്വീകരിക്കുന്ന അവളെ എനിക്കു പ്രണയിക്കാതിരിക്കാനാവില്ല. അവള്‍ മറ്റാരുമല്ല, ഈ പ്രകൃതി. അവളാണെന്റെ പ്രണയിനി.

തണുത്ത പ്രഭാതം.  ഇതാ കിഴക്കുദിക്കില്‍ സ്വര്‍ണ്ണത്തേരേറി വരുന്നു ഉദയസൂര്യന്‍. അവളുമായി സല്ലപിക്കാന്‍ ഇപ്പോ നേരമില്ല. ഇത്തിരി കഴിയട്ടെ.

അടക്കാ കുരുവികള്‍ ഒരു പേടിയുമില്ലാതെ എന്റെ പൂച്ചട്ടിയില്‍  കൂടുവക്കുന്നു. കുഞ്ഞുങ്ങള്‍ക്കു തീറ്റ കൊണ്ടുകൊടുക്കുന്ന അമ്മക്കിളി. കാവലിരിക്കുന്ന അഛന്‍ കിളി.  ചെമ്പോത്തും അവന്റെ കാമുകിയും. അണ്ണാരക്കണ്ണന്റെ കൂട്ടുകുടുംബം. കേറിയും മറിഞ്ഞും കളിയോടു കളി. പൂത്താങ്കീരികള്‍ കലപില കൂട്ടിക്കൊണ്ടേയിരിക്കുന്നു.

എങ്ങിനെ നിറങ്ങള്‍ ഇതുപോലെ ചാലിച്ചെടുക്കാന്‍ കഴിയുന്നു എന്നത്ഭുതപ്പെടുത്തിക്കൊണ്ട്  മുറ്റത്തു് വിരിഞ്ഞു നി‍ല്‍ക്കുന്ന പല നിറത്തിലുള്ള പൂക്കള്‍. പൂമ്പാറ്റകളും, തുമ്പികളും. പൂക്കള്‍ക്കോ പൂമ്പാറ്റകള്‍ക്കോ  സൌന്ദര്യം കൂടുതല്‍!‍  അറിയില്ല.

ഇലഞ്ഞി പൂത്തിട്ടുണ്ട്.  അപ്പുറത്തെ വീട്ടിലെ അരളിയും.  കാറ്റില്‍ ഒഴുകിവരുന്ന സുഖകരമായ സുഗന്ധം. കുറച്ചപ്പുറത്തു മാറി പുഴ, നിറയെ വെള്ളമുണ്ട്. ആ കല്പടവിലിരുന്നൊന്നു കണ്ണടച്ചാല്‍  മുന്നില്‍ കാണാം കുട്ടിക്കാലം.അതിനുമപ്പുറം നിരന്നു നില്‍ക്കുന്ന തെങ്ങുകള്‍. ‍ കാറ്റില്‍ പറക്കുന്ന തെങ്ങോലകള്‍. വലിയ ആല്‍മരവും നൃത്തം വക്കുന്ന  ആലിലകളും.

ഇതെല്ലാം  കണ്ടിട്ടു് ഇന്നെനിക്കവളോട് വല്ലാത്തൊരിഷ്ടം തോന്നുന്നു.

ആകാശവാണിയില്‍  ദാസേട്ടന്‍ പാടുന്നൂ,
“ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃ‌ദയങ്ങളുണ്ടോ ............. ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി ........."

ഇവളെ  പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കാ കഴിയുക? എനിക്കു കഴിയില്ല. എനിക്കു കടുത്ത പ്രണയമാണവളോട്.

എഴുത്തുകാരി.

വാല്‍ക്കഷണം:

ബൂലോഗവാസികള്‍‍ നല്ലൊരു പങ്കു് കടലിന്നക്കരെയും പട്ടണങ്ങളിലുമൊക്കെയാണെന്നറിയാം. അവരുടെ പ്രഭാതവും പ്രകൃതിയുമെല്ലാം എങ്ങിനെയാണെന്നു് അറിയില്ലാ, എനിക്കു്.  ഞാനൊരു പാവം നെല്ലായിക്കാരിയാണേയ്. ജനിച്ചതും വളര്‍ന്നതും ഇതുവരെ ജീവിച്ചതും (മൂന്നാലുകൊല്ലം ഒഴികെ) ഒക്കെ ഇവിടെ തന്നെ.

Sunday, January 31, 2010

പൂക്കാലം വന്നൂ, പൂക്കാലം .......

വീണ്ടും ഒരു ജനുവരി.

വീണ്ടും ഒരു പുഷ്പോത്സവം

തൃശ്ശൂരിലെ തേക്കിന്‍ കാട് മൈതാനിയില്‍, അതായതു് തൃശ്ശൂര്‍ പൂരം നടക്കുന്ന പൂരപ്പറമ്പില്‍ തന്നെ. 32 മത് പുഷ്പ ഫല സസ്യ പ്രദര്‍ശനം.

പൂക്കള്‍  എത്ര കണ്ടാലും എനിക്കു മതിവരില്ല. ഓരോ പൂക്കളെ കാണുമ്പോഴും എനിക്കത്ഭുതമാണ്‌‍ പ്രകൃതി എങ്ങിനെ ഈ നിറവും മണവും ഭംഗിയുമെല്ലാം ഇത്ര മനോഹരമായി ചാലിച്ചെടുക്കുന്നുവെന്നു്.

ചില ചിത്രങ്ങളിതാ ........

P1240007

P1240009

പഴയ പത്തുമണി ചെടിയുടെ പുതിയ രൂപം.

P1240020

P1240024

P1240026

P1240030

പുഷ്പാലങ്കാരത്തിനു പഴയ സ്കൂട്ടറും സൈക്കിളും!

P1240031

വള കൈയിയിടാന്‍ മാത്രമല്ലാ.....

P1240039

ഓര്‍ക്കിഡ്, കണ്ടാല്‍ കൊതിയാവും.

P1240042

വലിയ ഒരു കൈതച്ചക്ക.

P1240044

P1240048

മാരി ഗോള്‍ഡ് - ശരിക്കും ഗോള്‍ഡ് തന്നെ.

എഴുത്തുകാരി.

Friday, January 22, 2010

ആശ happy ആണ് ‍

ആശക്കു കടുത്ത പ്രണയം അശ്വിനോട്. അശ്വിനു തിരിച്ചും. മൊബൈല്‍ ഫോണ് , ചാറ്റിംഗ് എല്ലാം പതിവുപോലെ. അശ്വിന്‍ എല്ലാം അറിഞ്ഞുചെയ്തു. റീ ചാര്‍ജ്ജ്, പുതിയ പുതിയ ചുരിദാറുകള്‍ etc.etc.

ആശയുടെ ആശകള്‍ കൂടിവന്നപ്പോള്‍ അശ്വിന്‍ കടലു കടന്നു പ്രവാസിയായി. ചുരിദാറിന്റെ എണ്ണം കൂടി, ഭംഗി കൂടി, 4 ജിബിയുടെ തംബ് ഡ്രൈവ്, ‍  ഐ പോഡ് മുതല്‍ ‍  വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വരെ.  ആശ ഹാപ്പി. അശ്വിനും ഹാപ്പി, ഇത്തിരി കഷ്ടപ്പെട്ടാലെന്താ, തന്റെ ആശക്കുവേണ്ടിയല്ലേ!

ആശയുടെ ആശക്കു അതിരില്ലല്ലോ. 8 ജിബിയുടെ തംബ് ഡ്രൈവ് തരാന്‍  ഒരാളു വന്നാല്‍ പിന്നെ 4 ജിബി എന്തിനു്?   റീസണബിളായ ഒരു റീസണുമുണ്ട്. വയസ്സായ അമ്മയേം അഛനേം വിഷമിപ്പിക്കാന്‍ പാടുണ്ടോ!

അഛനും അമ്മയും, വിഷമോമൊക്കെ പെട്ടെന്നു് ആകാശത്തുനിന്നു പൊട്ടിവീണതാണോ, തരുന്നതൊക്കെ നാലു കൈയും നീട്ടി വാങ്ങുമ്പോള്‍  ഓര്‍ത്തില്ലേ എന്നൊന്നും ആരും ചോദിക്കണ്ട, കഥയില്‍ നോ ചോദ്യം. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമല്ലാ, പകല്‍ പോലെ സത്യം. പേരുകള്‍ മാത്രം സാങ്കല്പികം.

വാല്‍ക്കഷണം:-

പ്രണയിക്കാന്‍ തയ്യറായി നില്‍ക്കുന്നവരേ, ഫ്രീ ആയിട്ടു ‍ ഒരു അഡ്വൈസ്  തരട്ടെ ഞാന്‍. പ്രണയിച്ചോളൂ, ഇഷ്ടം പോലെ പ്രണയിച്ചോളൂ, പക്ഷേ പ്രണയിനിക്കു സമ്മാനപ്പെരുമഴ നല്‍കാന്‍  തുടങ്ങും മുന്‍പേ നമ്മുടെ സത്യന്റെ ആ പഴയ  പൊന്മുട്ടയിടുന്ന താറാവ്‌, ശ്രീനിവാസനേം ഒന്നു കണ്ടാല്‍ നല്ലതാ. കണ്ടു മറന്നവര്‍, രണ്ടാമതൊന്നുകൂടി കണ്ടെന്നുവച്ചും കുഴപ്പമില്ല.

പ്രവാസികളേ, നിങ്ങളിലാരോ ഒരാളാണീ മേല്‍ പറഞ്ഞ പാവം പ്രവാസി. 

എഴുത്തുകാരി.

Wednesday, January 13, 2010

യാത്രയായ്......

നീ യാത്ര പറഞ്ഞു പോവുകയാണില്ലേ?   എന്തു പറ്റി നിനക്കു്? ഇത്ര നാളും നല്ല ഉത്സാഹത്തോടെ, സന്തോഷത്തോടെ നിന്നിട്ട്‌ പെട്ടെന്നെന്താ ഇങ്ങനെ! ഞങ്ങളാരും ഒരു തെറ്റും ചെയ്തില്ലല്ലോ. പിന്നെന്തിനീ പരിഭവം?

എത്രയോ കാലങ്ങളായി നീ അറിയാതെ എന്തെങ്കിലും ഒന്നു നടന്നിട്ടുണ്ടോ ഈ വീട്ടില്‍. നീ കാണാതെ ഒരാളും ഇവിടെ കടന്നുവരാറുപോലുമില്ല.   നിനക്കറിയാമായിരുന്നല്ലോ ഇല്ലേ എല്ലാര്‍ക്കും  നിന്നെ ഇഷ്ടമായിരുന്നെന്നു്.

എത്ര പേരാ നിന്നെ തേടി വരാറുള്ളതു്.  അടക്കാകുരുവി മുതല്‍ ചെമ്പോത്തും അണ്ണാറക്കണ്ണനും വരെ.  നീ ആരേയും നിരാശപ്പെടുത്തിയിട്ടുമില്ല!

നിന്നില്‍ ചുറ്റിപ്പിണഞ്ഞു  മുല്ലവള്ളിയുണ്ടായിരുന്നില്ലേ, നിനക്കു കൂട്ടായിട്ട്.

ഞാന്‍ തന്നെ നട്ടുവളര്‍ത്തിയെടുത്തതാണു് നിന്നെ. ഒന്നാം സ്ഥാനം നിനക്കായിരുന്നു. എനിക്കു പ്രിയപ്പെട്ട പൂച്ചെടികള്‍ പോലും നിന്റെ പിന്നിലായിരുന്നു. ഒന്നുകൂടി മോടിപിടിപ്പിക്കാനെന്നപോലെ ഭംഗിയുള്ള കൊച്ചുകൊച്ചു പൂച്ചട്ടികള്‍ തൂക്കിയിടുമായിരുന്നല്ലോ  നിന്റെ കൊമ്പില്‍.

ഈ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര പഴങ്ങളാ നീ തന്നതു്. ഒരു കുഞ്ഞു തോട്ടി പോലുമില്ലാതെ, തട്ടും പുറത്തു്, എന്തിനു് കിണറിന്റെ വക്കത്തു കേറിയാല്‍ വരെ പൊട്ടിക്കാമായിരുന്നു നിന്റെ പഴങ്ങള്‍.

നീയല്ലേ പലപ്പോഴും എന്നോട് കുസൃതി കാണിച്ചതു്. നാളെയാവട്ടെ എന്നു കരുതി വക്കുന്ന പഴങ്ങള്‍ നീ ഞാന്‍ കാണാതെ കിളികള്‍ക്കും അണ്ണാറക്കണ്ണെനുമൊക്കെ കൊടുക്കും, എന്നെ വിഡ്ഡിയാക്കിക്കൊണ്ട്. ഈ കിളികള്‍ക്ക് കൊടുക്കാതെ അതൊക്കെ ഒന്നു പൊതിഞ്ഞു കെട്ടിവക്കാന്‍ എല്ലാരും എത്ര പറഞ്ഞു എന്നോട്. എന്നിട്ടും ഞാനതു ചെയ്തില്ല. നിനക്കതാണിഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്നു വച്ചു. എനിക്കും ഇഷ്ടമായിരുന്നു ആ കലപില കൂട്ടല്‍. വെയില്‍ ചായുന്ന വൈകുന്നേരങ്ങളില്‍ ഞാനെന്റെ പൂമുഖത്ത് വന്നിരിക്കുമായിരുന്നു അതു കേള്‍ക്കാന്‍. നീയും കുരുവികളുമായുള്ള കിന്നാരം.ഞാന്‍ കേക്കാറുണ്ടായിരുന്നു നീ പറയുന്നതു്, നാളെയും വന്നോളൂ ഞാന്‍ തരാം, എഴുത്തുകാരി അറിയണ്ടാ എന്നു്.  നീ കരുതി ഞാനതൊന്നും അറിഞ്ഞില്ലെന്നു്.  എല്ലാം ഞാനറിഞ്ഞിരുന്നൂട്ടോ.

P1110041     എന്റെ മുറ്റത്തെ ഉണങ്ങിത്തുടങ്ങുന്ന പേരമരം.

പൂമുഖത്തേക്കു വരെ നീ പടര്‍ന്നു കയറിയപ്പോള്‍ ഒരു കുഞ്ഞു ചില്ല ഞാന്‍ വെട്ടി. ആ ഒരു തെറ്റല്ലേ നിന്നോട് ഞാന്‍ ചെയ്തിട്ടുള്ളൂ. അതും വര്‍ഷങ്ങള്‍ക്കു മുന്‍പ്.

രാവിലെ അടിച്ചിട്ട മുറ്റം മുഴുവന്‍ നീ ഇലകള്‍ കൊഴിച്ചിടുമായിരുന്നു, ഇല്ലേ? എന്നിട്ടും ഞനെപ്പഴെങ്കിലും പരിഭവിച്ചിട്ടുണ്ടോ നിന്നോട്?

കുറച്ചു മുന്‍പ് ഒന്നുരണ്ടു കൊമ്പുകള്‍ ഒടിഞ്ഞുവീണപ്പോഴും ഞാന്‍ പേടിച്ചു. ഇത്രയും കാലമായപ്പോള്‍ അതില്‍നിന്നൊക്കെ രക്ഷപ്പെട്ടെന്നു കരുതി സന്തോഷിച്ചിരിക്കയായിരുന്നു. എല്ലാം വെറുതെയായിരുന്നൂല്ലേ!

എനിക്കു ശരിക്കും സങ്കടം വരുണുണ്ട്, ട്ടോ.  എന്നും കണികണ്ടിരുന്ന നീ ഇനി എത്ര നാള്‍. പട്ടിയെ, പൂച്ചയെ,പശുവിനെ ചികിത്സിക്കാനാളുണ്ട്. നിന്നെ പിടിച്ചുനിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിച്ചു ഞാന്‍. ഇല്ലത്രേ. നീ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്നു്.  ഒന്നിനും സമയം തന്നില്ലല്ലോ നീ എന്നാലും.  വെറുതെ നോക്കിനില്‍ക്കയല്ലാതെ ഞാനെന്തു ചെയ്യാന്‍.........

എഴുത്തുകാരി.

Thursday, January 7, 2010

മിഠായി എടുക്കൂ ആഘോഷിക്കൂ......

ഇഷ്ടമുള്ള മിഠായി എടുത്തോളൂ.

എന്തിനാണെന്നോ, പറയാം പറയാം, തിരക്കുകൂട്ടല്ലേ.

PB220016

 

അല്ലെങ്കില്‍ പായസമായാലോ,

Payasam

 

ഇനി ഇതു രണ്ടും വേണ്ടെങ്കില്‍, ഒരു ‍ പനിനീര്‍പ്പൂവ്, എന്റെ തോട്ടത്തില്‍ വിരിഞ്ഞതു്.

poo

എല്ലാം എടുത്തില്ലേ, സന്തോഷമായില്ലേ.

ഇനി  കാര്യം പറയാം.

ഞാനെന്ന പാവം എഴുത്തുകാരി ഈ എഴുത്തോലയും കൊണ്ട്  ബൂലോഗത്തു വന്നിട്ട് മഹത്തും ബൃഹത്തുമായ 3 വര്‍ഷം തികയുന്നു.‍( ഇതു രണ്ടുമല്ലാട്ടോ, വെറുതെ  ഒരു രസത്തിനുവേണ്ടി പറഞ്ഞതാണേ.   അതു എന്നേക്കാള്‍ നന്നായിട്ടു നിങ്ങള്‍ക്കും അറിയാല്ലോ, അല്ലേ). സമ്മാനം കിട്ടുന്നതല്ലല്ലോ പങ്കെടുക്കുന്നതിലല്ലേ കാര്യം, റിയാലിറ്റിക്കാര്‍ പറയുന്നതുപോലെ. എണ്ണത്തിലും വണ്ണത്തിലുമെന്തു കാര്യം:)

വായില്‍ തോന്നിയതു കോതക്കു പാട്ട് എന്നു പറഞ്ഞപോലെ‍, എന്തൊക്കെയോ എഴുതി. അതൊക്കെ സഹിച്ചല്ലോ നിങ്ങളിത്ര കാലം. അതു തന്നെ പുണ്യം.

രണ്ടു ബ്ലോഗ് മീറ്റില്‍ (തൊടുപുഴ & ചെറായി) പങ്കെടുത്തതുകൊണ്ട്, കുറച്ചുപേരെയൊക്കെ നേരിട്ടുകാണാനും പരിചയപ്പെടാനും പറ്റി. അറിയാത്ത ഒരിടത്തു ചെന്നു പെട്ടാല്‍ പോലും ഒരു സഹായം വേണ്ടി വന്നാല്‍ അവിടെ ഒരു ബൂലോഗ സുഹൃത്തുണ്ടാവും  എന്ന സുഖമുള്ള ഒരു തോന്നലുണ്ട് എനിക്കിപ്പോള്‍.

ഇനിയും ഞാനുണ്ടാവും  ഇവിടെയൊക്കെ (ഉണ്ടാവണമെന്നാണു് മോഹം). നിങ്ങളുടെയൊക്കെ സ്നേഹവും സൌഹൃദവുമൊക്കെ പ്രതിക്ഷിച്ചുകൊണ്ട്,

സ്നേഹത്തോടെ,

എഴുത്തുകാരി.

Thursday, December 31, 2009

ആതിര രാവിലെ അമ്പിളിയോ....

നാളെ ധനുമാസത്തിലെ തിരുവാതിര. തരുണീമണികള്‍  നെടുമംഗല്യത്തിനു വേണ്ടി നോമ്പ് നോല്‍ക്കുന്ന നാള്‍. ഇന്നു് വൈകീട്ടു ‍ തുടങ്ങി   പാതിരാപ്പൂ ചൂടുന്നതു വരെ.‍. എല്ലാത്തിനും അകമ്പടിയായി  തിരുവാതിര‍കളിയും. കുളി കഴിഞ്ഞ്‌ ഈറന്‍ മാറി‌  മുണ്ടും നേരിയതും ചുറ്റി,  മുല്ലപ്പൂവും ചൂടി, മൂന്നും കൂട്ടി ചുവപ്പിച്ചു് (101 വെറ്റില മുറുക്കണമെന്നാണ്) തിരുവാതിര കളിക്കുന്നതു കാണാനൊരു ചന്തം തന്നെയാണേയ്.  (സിനിമയിലൊന്നും അല്ലാട്ടോ, ശരിക്കും ഉള്ളതു തന്നെയാ).

എത്രയോ കാലങ്ങളായി ഇതു കണ്ടു നില്‍ക്കുന്നു നമ്മുടെ സാക്ഷാല്‍ ശ്രീമാന്‍ ചന്ദ്രന്‍ ചേട്ടന്‍.  അതുകൊണ്ടാണോ ഇന്നത്തെ അമ്പിളിയെ ആതിരരാവിലെ അമ്പിളിയോ എന്നു കവി (O N V  കുറുപ്പ് സാര്‍) വിളിച്ചതു്.

ഇന്നത്തെ അമ്പിളി വെറും സാധാരണക്കാരനല്ല,  ഇത്തിരി ഭാഗ്യവാനാണ്‌‍. വെറും ആതിര രാവിലെ അമ്പിളി മാത്രമല്ല, പുതുവര്‍ഷരാവിലെ അമ്പിളിയാണ്‌‍, പിന്നേയുമുണ്ട്‌ മറ്റൊന്നു കൂടി. ഇന്നത്തെ അമ്പിളി  blue moon കൂടിയാണ്‌.‌

എന്നു വച്ചാല്‍ സാധാരണ ഒരു പൂര്‍ണ്ണ ചന്ദ്രനല്ലേയുള്ളൂ ഒരു മാസം. അങ്ങനെ 12 ചന്ദ്രന്മാര്‍. എന്നാല്‍ ഇന്നത്തെ ചന്ദ്രന്‍ ഈ മാസത്തെ രണ്ടാമത്തെ, ഇക്കൊല്ലത്തെ  പതിമൂന്നാത്തെ  ചന്ദ്രനാണു്. രണ്ടോ മൂന്നോ അല്ലെങ്കില്‍ മൂന്നോ നാലോ കൊല്ലം കൂടുമ്പോള്‍ മാത്രമുണ്ടാവുന്നതു്.

മാനത്തൊരമ്പിളി, ആറ്റിലൊരമ്പിളി...

അതുകൊണ്ട് ഇന്നു അമ്പിളിമാമനെ എല്ലാരും ഒന്നു കണ്ടോളൂട്ടൊ. അല്ലെങ്കില്‍ തന്നെ അമ്പിളിമാമനെ കാണാന്‍ ആര്‍ക്കാ ഇഷ്ടമില്ലാത്തതു്.

ഇക്കൊല്ലം ഇനി ഒരു പോസ്റ്റുകൂടി വേണ്ടെന്നു വച്ചതായിരുന്നു.....

ശരി, ഇനി അടുത്ത വര്‍ഷം കാണാം.

സ്നേഹത്തോടെ, ശുഭപ്രതീക്ഷയോടെ,

എഴുത്തുകാരി.