ഒരുപാട് പ്രതീക്ഷകളോടെ, സ്വപ്നങ്ങളോടെ തുടങ്ങിയ ഒരു വര്‍ഷം കൂടി കഴിയുന്നു. ഇനി നാളുകള്‍ മാത്രം. അതില്‍ എത്രയെണ്ണം നടന്നു. ഒരു തിരിഞ്ഞു നോട്ടം നടത്തിയാല്‍ സഫലമായ പ്രതീക്ഷകള്‍ക്കോ വിഫലമായ മോഹങ്ങള്‍ക്കോ ഏതിനായിരിക്കും മുന്‍തൂക്കം?
ഇനി എന്തിനാ അങ്ങനെ ഒരു കണക്കെടുപ്പു്. വേണ്ടാ, നടക്കാത്തവയെയൊക്കെ അവിടെത്തന്നെ കുഴിച്ചുമൂടി പാവം നമ്മള്‍ വീണ്ടും വീണ്ടും വരവേല്‍ക്കുന്നു ഒരു പുതിയ വര്‍ഷത്തെ, പുതിയ പുതിയ പ്രതീക്ഷകളുമായി, സ്വപ്നങ്ങളുമായി...
അതു തന്നെയാ നല്ലതു്, എന്നാലും.....
നമ്മള്‍ മലയാളികള്‍ എന്നും അഭിമാനിച്ചിരുന്നില്ലേ (കൂട്ടത്തില്‍ മറ്റുള്ളവരെ പുഛിക്കാറുമുണ്ടല്ലോ) എല്ലാ കാര്യത്തിലും നമ്മള്‍ മുന്‍പന്തിയിലാണെന്നു്. അതു് ശരിയുമാണ്. ഏതു രംഗത്തായാലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഒരു വലിയ നിര തന്നെ ഇവിടെ നിന്നല്ലേ.
പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ പേടിയാവുന്നു. നമ്മളൊന്നും അറിഞ്ഞില്ല. അറിയുന്നില്ല. ഭീകരവാദവും തീവ്രവാദവുമൊക്കെ നമ്മുടെ മണ്ണിലല്ലേ വേരുറപ്പിക്കുന്നതു്, നമ്മുടെ ഈ കൊച്ചു കേരളത്തില്‍. ആരെ വിശ്വസിക്കും, ആരെ വിശ്വസിക്കാതിരിക്കും?
ഇന്നലെ ചാനലുകളുടെ breaking news ആയിരുന്നു ഇപ്രാവശ്യത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ മദ്യപാനത്തിന്റെ ശതമാനക്കണക്ക്. അതിലും ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്കു്, പ്രത്യേകിച്ചു് ചാലക്കുടിക്കാര്‍ക്ക് അഭിമാനിക്കാം ഞങ്ങള്‍ തന്നെയാണൊന്നാം സ്ഥാനത്തു്. പുതുവര്‍ഷത്തിന്റെ കണക്കു വരുമ്പോഴും അതിനു മാറ്റമുണ്ടാവില്ല.
മുല്ലപ്പെരിയാര്‍ പ്രശ്നം. ഓര്‍ക്കാന്‍ പോലും ഭയം തോന്നുന്നു. പല ഭാഗത്തു നിന്നും മുറവിളികളുണ്ടായിട്ടും അതൊക്കെ വീഴുന്നതു് ബധിരകര്‍ണ്ണങ്ങളിലല്ലേ.
രാജ് മോഹന്‍ മുതല്‍ രാജ് ഭവന്‍ വരെയുള്ള വിശേഷങ്ങള്‍ വേറെ.
എനിക്കറിയില്ല, എന്താ ഇങ്ങനെയൊക്കെ.
ഒന്നിന്റേയും കാര്യകാരണങ്ങളിലേക്കു കടക്കുന്നില്ല. അല്ലെങ്കില്‍, അതിനുമാത്രമുള്ള വിവരമൊന്നുമില്ലെനിക്കു്. ചിലതു് തോന്നിയതൊന്നുറക്കെ പറഞ്ഞെന്നു മാത്രം.
എന്തോ ആവട്ടെ. ഇതൊക്കെ ഓര്‍ത്തിട്ട് ഉറക്കമില്ലാതെ സങ്കടപ്പെട്ടു കരഞ്ഞിരിക്കയൊന്നും വേണ്ടാ നമുക്കു്. വരുന്നിടത്തുവച്ചു കാണാം. അല്ലാതെന്തു ചെയ്യാന്‍!
എന്നിട്ടു നമുക്കു പതിവുപോലെ വരവേല്‍ക്കാം പുതുവര്‍ഷത്തെ, പുതുപുത്തന്‍ പ്രതീക്ഷകളോടെ, ആശകളോടെ, മോഹങ്ങളോടെ.........
എല്ലാ ബൂലോഗസുഹൃത്തുക്കള്‍ക്കും നന്മയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.
സ്നേഹത്തോടെ,
എഴുത്തുകാരി.