ആളും അരങ്ങും ഒഴിഞ്ഞു.ആനപ്പിണ്ടത്തിന്റെ മണവും ആന ബാക്കി വച്ചു പോയ തെങ്ങിന്‍ പട്ട കഷണങ്ങളും മാത്രം... മറിഞ്ഞു കിടക്കുന്ന കതിനകള്‍.
ഇന്നലെ ആയിരുന്നു ആറാട്ട്. 5 ദിവസത്തെ ഉത്സവം കഴിഞ്ഞു.
ക്ഷേത്രം ഇന്നലെ -- ഒരോട്ട പ്രദക്ഷിണം.
ഒരറ്റത്ത് നിന്നു തുടങ്ങിയാല്‍, അമ്പലമുറ്റത്ത് ബലൂണ്‍, പീപ്പി വില്പനക്കാരന്‍, വള, മാല, ലൊട്ടുലൊടുക്കു സാധനങ്ങള്‍. പീപ്പിക്കും ബലൂണിനും വേണ്ടി വാശിപിടിക്കുന്ന കുട്ടികള്‍. വഴി നിറയെ ട്യൂബ് ലൈറ്റ്കള്‍. കമാനത്തില്‍ വര്‍ണ വിളക്കുകള്‍.
അകത്തേക്കു കടന്നാല്‍, ഒരു വശത്തു് കമ്മിറ്റിക്കാരുടെ കൂട്ടം ചേരലുകള്‍, അങ്ങോട്ടുമിങ്ങോട്ടും തിരക്കുപിടിച്ചു ഓടിനടക്കുന്നു, കക്ഷത്തിലെ ഒരിക്കലും താഴെ വയ്ക്കാത്ത ബാഗില്‍നിന്നു് കാശെടുത്ത് കൊടുക്കുന്നു, കണക്കു തീര്‍ക്കുന്നു.. ഈ ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ചവര്‍ അവരാണെന്നു് തോന്നിപ്പോവും.
ഇനി, വഴിപാടു് കൌണ്ടര്‍ - ഭക്തജനങ്ങളുടെ തിരക്ക് -- പുഷ്പാഞ്ജലി, നെയ്‌വിളക്കു്, പറ, വെടി വഴിപാടു് (വിളിച്ചു പറയല് പതിവില്ല)
അപ്പുറത്ത് കലാപരിപാടികള്‍ നടക്കുന്ന സ്റ്റേജില്‍ “ഹലോ മൈക്ക് ടെസ്റ്റിങ്ങ്, മൈക്ക് ടെസ്റ്റിങ്ങ്" എപ്പഴുമെപ്പഴുമീ മൈക്ക് എന്തിനാ ടെസ്റ്റ് ചെയ്യുന്നതെന്നയാള്‍ക്കുപോലും അറിയുമാ ആവോ!
അങ്ങേ അറ്റത്ത് കതിനയും കരിമരുന്നുമായി വെടിക്കാരന്‍ ചേട്ടന്‍. വെടിയൊച്ച കേട്ടു കരയുന്ന കുട്ടികള്‍, ഒച്ച കേള്‍ക്കാതിരിക്കാന്‍ രണ്ടു ചൂണ്ടുവിരലും ചെവിയില്‍ തിരുകി കേറ്റിവച്ചു നടക്കുന്ന ചിലര്‍.
ദാ, അപ്പുറത്ത് നില്‍ക്കുന്നു, നമ്മുടെ “ വൈലൂര്‍ പരമേശ്വരന്‍". അവനൊരു സ്വല്പം കുറുമ്പനാ. അനുസരണ ഇത്തിരി കുറവും. മെക്കിട്ടു് കേറാന്‍ ഒരു പാപ്പാനേയുമൊട്ടു സമ്മതിക്കുകയുമില്ല. പാപ്പാന്‍ എന്തൊക്കെ പറഞ്ഞാലും, അവനു സൌകര്യമുണ്ടെങ്കിലേ അവന്‍ കേക്കൂ. ചുറ്റും കുറെ കുട്ടികള്‍, പഴം കൊടുക്കുന്നു, ശര്‍ക്കര കൊടുക്കുന്നു (പകരം ആനവാല്‍ ചോദിച്ചു നോക്കുന്നൂ, പക്ഷേ രക്ഷയില്ല).
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട സ്ഥലം, ഊട്ടുപുര. അവിടെ എപ്പോഴും ജനത്തിരക്കാണ്. മഴയത്ത് പോലും ഒന്നു കേറി നില്ക്കാത്തവര്‍ കൂടി സജീവമാണീ ഉത്സവക്കാലത്ത്.
അമ്പലത്തിനുള്ളില്‍ മേല്‍ശാന്തിയും, കീഴ്ശാന്തിയും, തന്ത്രിയുമെല്ലാം --- മുഷിഞ്ഞ മുണ്ടും അതിനേക്കാള്‍ മുഷിഞ്ഞ പൂണൂലുമായിട്ട്.
ഉത്സവം കാണാനെന്ന പേരില്‍, പരദൂഷണം പറയാന്‍ അവിടവിടെയായി കൂടിനില്‍ക്കുന്ന കുറച്ചു് നാട്ടുകാര്‍.
(മറന്നോ വല്ലതും, ഏയ്, ഇല്ല)
ഇത്രയൊക്കെ കൂട്ടിവച്ചാല്‍ ഏകദേശം ഉത്സവപറമ്പായി. അതെല്ലാം ഇന്നലെ.
ഇന്നോ? ഒന്നുമില്ല, ആനപ്പിണ്ടവും, കാറ്റത്തു വരുന്ന അതിന്റെ മണവും മാത്രം.
ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരിക്കുന്നൂ, അടുത്ത മകരത്തിനായി.
എഴുത്തുകാരി.
വാല്‍ക്കഷണം അല്ലെങ്കില്‍ അടിക്കുറിപ്പു് അല്ലെങ്കില്‍ ക്ഷമാപണം: വായിച്ചപ്പോള്‍ എന്തെങ്കിലും തോന്നിയോ,ഇതു കണ്ടിട്ടുണ്ടെന്നോ, അടിച്ചുമാറ്റിയതാണെന്നോ, അങ്ങിനെ വല്ലതും? എവിടന്ന്!.
എഴുത്തുകാരിയാണെങ്കിലും എഴുതാന്‍ ഇത്തിരി മടിയാണേ. അതുകൊണ്ട് ചെറിയ ഒരു അടിച്ചുമാറ്റല്‍ ദാ, ഇവിടെ നിന്നു്.. ഞാന്‍ നോക്കിയപ്പോള്‍ പ്രത്യേകിച്ചൊരു മാറ്റവുമില്ല,ആന പോലും അവന്‍ തന്നെ.പിന്നെന്തിനാ വെറുതെ മിനക്കെടണേ? അന്നു ഞാന്‍ ഇത്രേം വലിയ എഴുത്തുകാരി ഒന്നും ആയിട്ടില്ലല്ലോ, അതുകൊണ്ട് ആരും കണ്ടിട്ടുമുണ്ടാവില്ല.
-------------
കുറച്ചു പടങ്ങള്‍ ഇടാം (സംശയിക്കണ്ട, അതു ഇക്കൊല്ലത്തെയാണേയ്!)
മഹാമുനിമംഗലം ക്ഷേത്രം - ഇവിടെയാണുത്സവം.
ഞാന്‍ വൈലൂര്‍ പരമേശ്വരന്‍, ഇനി കുറച്ചു ദിവസം ഞാനിവിടെയാ..
എത്ര നേരമായി ഞാന്‍ റെഡിയായി നില്‍ക്കുന്നു, എവിടെ ശാന്തിക്കാരനും തിടമ്പും, കോലവുമൊക്കെ?
ശീവേലി - ആര്‍ക്കാ ഇപ്പോ ഇതൊക്കെ കാണാന്‍ താല്പര്യം!
ഇവിടെ താല്പര്യത്തിനും തിരക്കിനും ഒരു കുറവും ഇല്ല.
ഇനി അടുത്ത വര്‍ഷം വരാട്ടോ, പരമേശ്വരന്‍ വിട ചൊല്ലിപ്പോകുന്നു.
Wednesday, February 25, 2009
ഉത്സവപ്പിറ്റേന്ന്
Posted by
Typist | എഴുത്തുകാരി
at
9:18 AM
39
മറുമൊഴികള്‍
Sunday, February 15, 2009
മിഥ്യയാണെല്ലാം.....
അവര്‍ക്ക് എത്ര പെട്ടെന്നു കഴിഞ്ഞു എല്ലാം മറക്കാന്‍. അല്ലെങ്കില്‍ തന്നെ കഴിഞ്ഞുപോയതിനെക്കുറിച്ചു എന്തിനോര്‍ക്കുന്നു അല്ലേ? എന്നിട്ടുമെന്തേ എനിക്കുമാത്രം അതിനു കഴിയുന്നില്ല?
ഇന്നലെ വരെ ഞാന്‍ ആരെല്ലാമോ ആയിരുന്നു. അല്ലെങ്കില്‍ ഞാന്‍ ആയിരുന്നു എല്ലാം.(എന്നു ഞാന്‍ വെറുതെ കരുതി).എന്തിനും ഏതിനും വേണമായിരുന്നു ഞാന്‍. ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ എല്ലാം എങ്ങോ പോയി. എന്തേ എല്ലാരും ഇങ്ങിനെ!
പെട്ടെന്നൊരു ദിവസം ആരുമല്ലാതായപോലെ.ഒരുപാട് പേരുണ്ട് ചുറ്റും. എന്നിട്ടും ആള്‍ക്കൂട്ടത്തില്‍ തനിയെ.വലിയൊരു തുരുത്തില്‍ എന്നെ ഒറ്റക്കാക്കി പോയോ എല്ലാരും? അതിനുമാത്രം എന്തു തെറ്റു ചെയ്തു ഞാന്‍? അറിയില്ല.
എന്റെ കാര്യങ്ങള്‍ പോലും മറന്നല്ലേ ഞാനെല്ലാം ചെയ്തിരുന്നതു്. എന്നിട്ടുമെന്തേ ഇങ്ങിനെ, ഇത്ര പെട്ടെന്നു എല്ലാം മറക്കാന്‍ കഴിയുന്നു.മനസ്സിലാവുന്നില്ലേ എന്നെ ആര്‍ക്കും (അതോ എനിക്കു തന്നെയാണോ എന്നെ മനസ്സിലാവാത്തതു്).
അറിയാതെ കണ്ണ് നിറയുന്നു.ആരെങ്കിലും വരും എന്നു കരുതി.പക്ഷേ വന്നില്ല ആരും. എല്ലാവരും എന്നെ ഒറ്റക്കാക്കി പോയ്ക്കളഞ്ഞു. ഇനി വരില്ല അല്ലേ? എന്നിട്ടും എന്തിനു ഞാന്‍ കാത്തിരിക്കുന്നു, എന്നെ കൂടെ കൂട്ടാന്‍ അവര്‍ തിരിച്ചുവരുമെന്നു്. ഇനി വന്നാലും എനിക്കു് പോകാന്‍ കഴിയുമോ അവരോടൊപ്പം, ഇല്ലല്ലോ.
എന്നെ വിട്ടു പോകുന്നവര്‍ പോട്ടെ, എനിക്കു പ്രിയപ്പെട്ടവര്‍ വേറെയുമുണ്ടല്ലോ. എന്നും എപ്പഴും എന്റെ കൂടെ നില്‍ക്കാന്‍. അതു മതി എനിക്കു്. എന്നാലും സങ്കടം വരുന്നൂട്ടോ.
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
11:49 PM
44
മറുമൊഴികള്‍
Thursday, February 5, 2009
മനസ്സിലാവാത്ത മനസ്സു്
അത്യാവശ്യമായി ഒരു കവര്‍ പോസ്റ്റ് ചെയ്യാനുണ്ടായിരുന്നു. രാവിലെ തന്നെ തൃശ്ശൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ പോയി. സ്റ്റാമ്പ് വാങ്ങാന്‍ കൌണ്ടറില്‍ നില്‍ക്കുമ്പോള്‍ അവിടെ നിന്നിരുന്ന ഒരാള്‍ പറഞ്ഞു, 5 രൂപയുടെ സ്റ്റാമ്പ് എന്റെ കയ്യിലുണ്ട്. അതു ഞാന്‍ തരാം. അത്രയും കുറച്ചു കൌണ്ടറില്‍ നിന്നു വാങ്ങിയാല്‍ മതി എന്നു്.
ഞാന്‍ സമ്മതിച്ചു, കൌണ്ടറിലെ ആളോട് ഞാന്‍ പറഞ്ഞിരുന്നതില്‍ നിന്നു് 5 രൂപ കുറച്ചു മതി എന്നു പറയുകയും ചെയ്തു. പക്ഷേ പെട്ടെന്നൊരു നിമിഷത്തില്‍ എനിക്കു തോന്നി അതു വേണ്ട. ഞാന്‍ അയാളോട് പറഞ്ഞു, എനിക്കു വേണ്ടാ, ഞാന്‍ ഇവിടെനിന്നു തന്നെ വാങ്ങിച്ചോളാം. കൌണ്ടറിലെ ആളോട് ഞാന്‍ ആദ്യം പറഞ്ഞത്ര തന്നെ വേണം എന്നു പറഞ്ഞപ്പോള്‍, അയാളൊരു നോട്ടം, എന്താ വട്ടുണ്ടോ എന്നു ചോദിക്കാതെ ചോദിക്കുന്നതുപോലെ.
മറ്റൊരു കൌണ്ടറില്‍ വച്ചു ഞാന്‍ ആ മനുഷ്യനെ വീണ്ടും കണ്ടുമുട്ടി. അയാള്‍ പറഞ്ഞു, “മാഡം, ഒരു ഹെല്പിങ്ങ് മെന്റാലിറ്റി ഒക്കെ വേണ്ടേ? ഞാന്‍ ഈ സ്റ്റാമ്പില്‍ എന്തു കൃത്രിമമാ കാണിക്കുന്നതു്“ എന്നൊക്കെ. ഞാന്‍ പറഞ്ഞു, എനിക്കു കാരണം ഉണ്ട്,പക്ഷേ അതു പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലാവില്ല,അതുകൊണ്ട് ഞാന്‍ പറയുന്നില്ല എന്നു്. അയാളും വിചാരിച്ചു കാണും വട്ടാണെന്നു്.പുഛത്തില്‍ ഒന്നു ചിരിച്ചു അയാള്‍. ഈ 5 രൂപയുടെ സ്റ്റാമ്പില്‍ ആര്‍ക്കും മനസ്സിലാവാത്ത എന്തു കാരണമാണാവോ ഒളിച്ചിരിക്കുന്നതു് എന്ന മട്ടില്‍.
എന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്ക് വേണ്ടിയുള്ള, ഏറ്റവും പ്രധാനപ്പെട്ട രേഖകള്‍ ആയിരുന്നു അതു്. റജിസ്റ്റേഡ് ആയിട്ടു അയക്കാനും പാടില്ല. ഒരു കൊച്ചു റിസ്ക് പോലും എടുക്കാന്‍ കഴിയില്ല എനിക്കു്. അതു വാങ്ങി ഒട്ടിച്ചു വന്നിരുന്നെങ്കില്‍, എന്റെ മന:സമാധാനം നഷ്ടപ്പെടാന്‍ അതു മതി.
അതു തന്നെ കാരണം.
ഇതു ഞാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിനു മനസ്സിലാവുമോ? നിങ്ങള്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടോ എന്റെ മനസ്സു്?
.................
നെല്ലായിക്കാര്‍ കാത്തിരുന്ന മകരമാസമെത്തി. എന്താണെന്നല്ലേ, ഞങ്ങളുടെ ഉത്സവം.മറ്റന്നാള്‍ കൊടിയേറ്റം. ഇനി 6 നാള്‍ തിരക്കു തന്നെ. ക്ഷേത്രം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അവസാനമിനുക്കുപണിയിലാണു്. ആന വൈലൂര്‍ പരമേശ്വരന്‍ തന്നെ (ഒരാനയേയുള്ളൂ). അല്പസ്വല്പം കുറുമ്പുണ്ടെങ്കിലും ഞങ്ങള്‍ക്കിഷ്ടമാണവനെ.
നെല്ലായിലൊരു നൃത്തവിദ്യാലയവും സംഗീതവിദ്യാലയവും അതില്‍ പഠിക്കുന്ന കുറേ കുട്ടികളും ഉള്ളതുകൊണ്ട് ഗംഭീര നൃത്തനൃത്യങ്ങള്‍ക്കും സംഗീതസന്ധ്യകള്‍ക്കും വലിയ ബുദ്ധിമുട്ടില്ല. (പാട്ട് മാഷ്ക്കും ഡാന്‍സ് മാഷ്ക്കും ചുളുവില്‍ കുറച്ചു അരങ്ങേറ്റവും നടത്തി ദക്ഷിണയും വാങ്ങാം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നല്ലേ?)
എല്ലാരേയും ക്ഷണിക്കുന്നു.
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
11:08 AM
42
മറുമൊഴികള്‍
Saturday, January 24, 2009
ഞായറാഴ്ച നല്ല ദിവസം - മുഹൂര്‍ത്തം 9.30 ന്
സിനിമാക്കഥയൊന്നും അല്ലാട്ടോ!.
കാലം പോയ പോക്കേയ്. ഇനി നമ്മുടെ നാട്ടില്‍ ആര്‍ക്കും കഷ്ടകാലമുണ്ടാവില്ല.അല്ല, ഉണ്ടാവാന്‍ പാടില്ല!!. നല്ല സമയം, നല്ല ദിവസം നോക്കിയൊക്കെ ജനിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ കഷ്ടകാലം പാടില്ലല്ലോ.
ഇനി കാര്യം പറയാം. ഞാന്‍ ഒരു മേനോന്‍ ചേട്ടനെപറ്റി പറഞ്ഞിട്ടില്ലേ, ഉണ്ട്, ഇവിടെ. അദ്ദേഹത്തിന്റെ മരുമകള്‍ പ്രസവിക്കാന്‍ പോണു.തൃശ്ശൂരിലെ പേരു കേട്ട ഒരാശുപത്രി. സിസ്സേറിയനാണ്. ഡോക്ടര്‍ പറഞ്ഞിരിക്കുന്നതു് ശനിയാഴ്ച ഓപ്പറേഷന്‍. പക്ഷേ would be അമ്മ പറ്റില്ലെന്നായി. എന്താണെന്നല്ലേ, അന്നു് നല്ല ദിവസമല്ല. ജോത്സ്യനെ മുന്‍കൂട്ടി കണ്ട് എല്ലാം നോക്കി വച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് നല്ല ദിവസം. ദിവസം മാത്രം നന്നായാല്‍ പോരാ, സമയവും നന്നാവണ്ടേ? അതും ജോത്സ്യന്‍ പറഞ്ഞിട്ടുണ്ട്, 9.30 നും 11 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍.
ഡോക്ടര്‍ പറഞ്ഞത്രേ, അന്നു ഞായറാഴ്ച്ച ആയതുകൊണ്ട് കാര്യങ്ങളെല്ലാം ഏര്‍പ്പാട് ചെയ്യാന്‍ ബുദ്ധിമുട്ടാവും എന്നു്. എന്തു ബുദ്ധിമുട്ടായാലും, “പെണ്ണൊരുമ്പെട്ടാല്‍ ... “ അറിയാല്ലോ.
അങ്ങിനെ അവര്‍ പറഞ്ഞ ശുഭ ദിനത്തില്‍, ശുഭ മുഹൂര്‍ത്തത്തില്‍, കുട്ടി ഭൂജാത(ശരിയല്ലേ?)ആയി, അല്ലെങ്കില്‍ ആക്കി.ജനിക്കുന്നതിനു മുന്‍പേ ഭാഗ്യം ചെയ്ത ആ കുട്ടിയെ കാണാന്‍ പോയില്ല, ഒന്നു പോണം. അതു തന്നെ ഒരു ഭാഗ്യമല്ലേ.
എന്നാലും ഈ ജ്യോത്സ്യന്മാരുടെ കാര്യം കഷ്ട്മാണേയ്. എന്തൊരു വിഡ്ഡികളാണെന്നോര്‍ക്കണം. എല്ലാവരും ജനിക്കുമ്പഴേ കഷ്ടകാലമില്ലാത്തവരായി പോയാല്‍, പിന്നെ അവരെ കാണാന്‍ ആരു വരും? കഞ്ഞി കുടി മുട്ടിപോകില്ലേ! അതോ അതിലും മായം ചേര്‍ക്കുന്നുണ്ടാവുമോ ആവോ?
വാല്‍ക്കഷണം: ഇതൊരു നാട്ടുനടപ്പായിട്ടുണ്ടോന്നറിയില്ല, ആണെങ്കില്‍ ഇതൊരു പഴങ്കഥയായിട്ടു കൂട്ടിക്കോളൂ.
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
11:07 AM
34
മറുമൊഴികള്‍
Friday, January 9, 2009
പാര്‍വ്വണേന്ദു മുഖീ പാര്‍വ്വതീ.......
ഞാനിന്നു ഇത്തിരി തിരക്കിലാട്ടോ. എന്നാലും വേഗം വന്ന കാര്യം പറഞ്ഞിട്ടു പോകാം.
നാളെ ധനുമാസത്തിലെ തിരുവാതിരയല്ലേ?പരമേശ്വരന്റെ ജന്മനാള്‍. ഇന്നു രാത്രിയല്ലേ ഉറക്കമൊഴിക്കുന്നതും പാതിരാപ്പൂ ചൂടലുമൊക്കെ)(ഇഷ്ടപ്പെടുന്ന പുരുഷനെ ഭര്‍ത്താവായി കിട്ടാനും, കിട്ടിയ ഭര്‍ത്താവിനു് ദീര്‍ഘായുസ്സ് ലഭിക്കാനും വേണ്ടി സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട ഒരു സംഭവം)
എന്തൊക്കെ ചെയ്യാന്‍ കിടക്കുന്നു. ദശപുഷ്പം സംഘടിപ്പിക്കണം. വിചാരിച്ചപോലെ അത്ര ബുദ്ധിമുട്ടേണ്ടിവന്നില്ല. രണ്ടു മൂന്നു പറമ്പുകള്‍ കേറിയിറങ്ങിയപ്പോള്‍ ഒരുവിധമൊക്കെ കിട്ടിയിട്ടുണ്ട്.
എട്ടങ്ങാടിക്കുള്ള (8 കൂട്ടം – ചേന, ചേമ്പ്, കാവിത്തു്, ചെറുകിഴങ്ങ്, കൂര്‍ക്ക, നേന്ത്രക്കായ, പയര്‍, എള്ള്) ശര്‍ക്കരയും മൂക്കാത്ത നാളികേരവും ചെറുപഴവും റെഡിയാക്കി വക്കണം. preparation തിരുമേനിമാര്‍ ഏറ്റിട്ടുണ്ട്. (നല്ല ടേസ്റ്റാട്ടോ).
സന്ധ്യക്കു നേദിക്കാന്‍ കൂവ കുറുക്കണം (കൂവ, ശര്‍ക്കര, ഇളനീര്, ചെറുപഴം)
പാതിരാപ്പൂ ചൂടാനുള്ള കൊടുവേലി പൂ കൊണ്ടുവരണം (അതിത്തിരി ബുദ്ധിമുട്ടാവുമെന്നു തോന്നുന്നു).
ഇനി മൂന്നും കൂട്ടാനുള്ളതു് (വെറ്റില, അടക്ക, ചുണ്ണാമ്പ്) റെഡിയാക്കി വക്കണം. കുറച്ചധികം വേണം. പത്തു മുപ്പതു പേരെന്തായാലും കാണും.
സന്ധ്യക്കു നേദിക്കലു കഴിഞ്ഞാല്‍ നേദിച്ച കൂവയും എട്ടങ്ങാടിയും കഴിക്കാം. കുറച്ചുനേരം കളിക്കും.(തിരുവാതിരക്കളി).ഒരു curtain raiser.
അപ്പോഴേക്കും, ഉപ്പുമാവും,പളയങ്കോടന്‍ പഴവും കട്ടന്‍ കാപ്പിയും റെഡി. (അരിഭക്ഷണമില്ല)).പെണ്ണുങ്ങളുടെ നെടുമംഗല്യത്തിനു വേണ്ടിയാണല്ലോ തിരുവാതിര നോല്‍ക്കുന്നതു്, എന്നു വച്ചാല്‍ അവരുടെ ദീര്‍ഘായുസ്സിനു വേണ്ടി അതുകൊണ്ട് ഈ നാട്ടിലെ പുരുഷന്മാര്‍ സന്തോഷപൂര്‍വ്വം സ്പോണ്‍സര്‍ ചെയ്യുന്നതാട്ടോ ഈ ഭക്ഷണം) പിന്നെ താളീം ഒടിക്കാം അങ്കോം കാണാം എന്നു പറഞ്ഞപോലെ ചുളുവിലൊരു കളിയും കാണാലോ – നമുക്കറിയാത്തതാ ഇവരെയൊക്കെ).
അല്ലാ, കുറ്റം പറയാന്‍ പറ്റില്ല, മുണ്ടും നേരിയതും ചുറ്റി, ദശപുഷ്പം ചൂടി, മൂന്നും കൂട്ടി മുറുക്കി ചുവപ്പിച്ചു് പെണ്ണുങ്ങള്‍ തിരുവാതിര കളിക്കുന്നതു കാണുന്നതൊരു സുഖല്ലേ?
ഇനിയാണ്‍ ശരിയായ തിരുവാതിരക്കളി. ഭക്ഷണമൊക്കെ കഴിച്ചു്, മൂന്നും കൂട്ടി മുറുക്കി, പ്രായഭേദമൊന്നുമില്ല ഒരുമിച്ചാണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ വേറെ വേറെ സെറ്റായിട്ടു്. ചില സമയത്തു്, തമാശക്കൊരു മത്സരം വരെയെത്തും. അമ്മമാരൊക്കെ പാട്ടുപാടി നിര്‍ത്താതെ കളിക്കും. ഇപ്പഴത്തെ കുട്ടികള്‍ മാറിനില്‍ക്കണം. ഒരാള്‍ പാട്ടു നിര്‍ത്തുമ്പോള്‍ അടുത്ത ആള്‍ തുടങ്ങും. സംഭവം നല്ല രസാട്ടോ. പന്ത്രണ്ടു മണിയാവുമ്പോള്‍ പാതിരാപ്പൂചൂടല്‍. ആലിന്‍ ചുവട്ടില്‍ ഒളിച്ചുവച്ചിട്ടുണ്ടാവും, എല്ലാരും കൂടി പാട്ടൊക്കെ പാടി പോയി അതെടുത്തു കൊണ്ടുവരും.
വീണ്ടും 4 മണി വരെ കളിയും പാട്ടും പരദൂഷണവും എല്ലാമായി കഴിച്ചുകൂട്ടും. അതുകഴിഞ്ഞു പുഴയില്‍ കുളിച്ചു് നേരെ വൈലൂരപ്പനെക്കാണാന്‍.
എന്നെ സംബന്ധിച്ചു ഇതൊക്കെ ഒരു ഒത്തുകൂടലിന്റെ ഭാഗം മാത്രം. പിന്നെ വയസ്സായ അമ്മമാര്‍ അവരുടെ പഴയ കാലത്തെ ഓര്‍മ്മ പുതുക്കുന്നതും കുറച്ചുനേരം ഒത്തൊരുമിച്ചു കളിച്ചു രസിക്കുന്നതും നമുക്കു് ഇതിനൊക്കെ ഒരവസരം കിട്ടുന്നുണ്ടല്ലൊ എന്ന അവരുടെ സന്തോഷം കാണുമ്പോഴുള്ള ഒരു സന്തോഷവും. കുട്ടികള്‍ക്കും ഒരു മത്സര ഐറ്റം മാത്രമല്ല ഇതു്, പണ്ടൊക്കെ ഇങ്ങനെയായിരുന്നു എന്നു മനസ്സിലായാല്‍ അതും നല്ലതു്.
പുണ്യവും ദീര്‍ഘായുസ്സുമൊക്കെ കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ, നല്ല കാര്യമല്ലേ?(ഇതൊക്കെ രഹസ്യമാണേ ഇവിടാരോടും പറയല്ലേ).
കൂട്ടുകാരേ, എല്ലാം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാരേയും ഞാന്‍ ക്ഷണിക്കുന്നു. നെല്ലായി മഹാമുനിമംഗലം ക്ഷേത്രത്തില്‍ ഇന്നു സന്ധ്യക്കു്. വന്നോളൂ.
ഒരു കൊച്ചു കാര്യം കൂടി. ഞാന്‍ പോലുമറിയാതെ എന്റെ ബ്ലോഗിന്റെ രണ്ടാം പിറന്നാള്‍ കടന്നുപോയി (Jan 7th നു്)
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
12:34 PM
46
മറുമൊഴികള്‍
Tuesday, December 30, 2008
ചങ്ങാതിക്കൂട്ടവും അതിരപ്പിള്ളി യാത്രയും
വീണ്ടും ഒരു സ്വല്പം നെല്ലായി പുരാണം (കടപ്പാട് വി മനസ്കന്‍)
ഇവിടെ ഒരു ചങ്ങാതികൂട്ടമുണ്ട്. ഒന്നാം ക്ലാസ്സ് മുതല്‍ എന്‍ജിനീയറിങ്ങ് വരെ പഠിക്കുന്നവരുണ്ട് കൂട്ടത്തില്‍. ഒരു 5-6 പേര്‍ ഇതിന്റെ ചുക്കാന്‍ പിടിക്കുന്നു, ബാക്കി ഈ ചുറ്റുവട്ടത്തുള്ള എല്ലാ കുട്ടികളും അംഗങ്ങളുമാണു്.കുട്ടികളുടെ ഒരു കൂട്ടായ്മ. വരിസംഖ്യയില്ല, ലിഖിത നിയമങ്ങളില്ല, ഏതെങ്കിലും സംഘടനയുമായി ഒരു ബന്ധവുമില്ലാ, ഈ 5-6 പേര്‍ തീരുമാനിക്കുന്നു, ബാക്കിയുള്ളവര്‍ അക്ഷരം പ്രതി അനുസരിക്കുന്നു.
നാട്ടിലെ എന്തിനും ഏതിനും അവരുണ്ട്. ഓണത്തിനു കുമ്മാട്ടികെട്ടും, ഓണസദ്യ ഒരുക്കും. ക്രിസ്മസ്/ന്യൂ ഇയര്‍ ആഘോഷിക്കും. ക്ഷേത്രത്തിലെ ഉത്സവത്തിനു പിരിവു നടത്താനും കൂപ്പണ്‍ വില്‍ക്കാനും അവര്‍ റെഡി. അവരെക്കൊണ്ടാവുന്ന ചില്ലറ സഹായം മറ്റുള്ളവര്‍ക്കു ചെയ്യാനും അവരുണ്ടാവും.
എല്ലാവര്‍ഷവും ന്യൂ ഇയര്‍ ആഘോഷിക്കുന്നതു് കൂട്ടത്തില്‍ ആരുടെയെങ്കിലും വീട്ടില്‍ വച്ചായിരിക്കും. എന്നാല്‍ ഇപ്രാവശ്യം നമുക്കതു പുറത്തു വച്ചായാലെന്താ? Executive committee കൂടി, തീരുമാനമായി. ശരി പോയേക്കാം. - അതിരപ്പിള്ളി, വാഴച്ചാല്‍.(ഈ ഭാഗത്തുള്ള എല്ലാരും മിനിമം 10 പ്രാവശ്യമെങ്കിലും പോയിട്ടുള്ള സ്ഥലാട്ടോ അതു്!!)ഞങ്ങള്‍ക്കു് വളരെ അടുത്തല്ലേ.
ഇനിയുമെത്ര ദൂരം.....
എല്ലാ ഒരുക്കങ്ങളും അവര്‍ തന്നെ. കാശു പിരിക്കല്‍, കൊണ്ടു പോകാനുള്ള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കല്‍ (തീര്‍ച്ചയായും ഈ കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണമുണ്ട്). കുട്ടികളാണല്ലോ ഓര്‍ഗനൈസ് ചെയ്യുന്നതു്, കാര്യങ്ങള്‍ ഭംഗിയാവുമോ എന്ന ചിന്ത പോലും ആര്‍ക്കുമില്ല എല്ലാരും റെഡി, 35 പേരുടെ ബസ്സില്‍ 48 പേര്‍. അധികവും കുട്ടികളാണു്. അങ്ങിനെ ഞങ്ങള്‍ പുറപ്പെട്ടു 28ആം തിയതി ഉച്ചക്ക്കു് 1 മണിക്കു്.സ്ഥലം കാണാനൊന്നുമല്ല. എല്ലാരും കൂടി ഒരു രസം അത്ര തന്നെ.
ക്ഷീണിച്ചുപോയി. മഴക്കാലം വരട്ടേ, ശരിയാക്കാം.
ആദ്യം തുമ്പൂര്‍ മുഴി, അതിനുശേഷം വാഴച്ചാല്‍ - അവിടെ safe ആയ ഒരു സ്ഥലത്തു് കുറേയധികം നേരം വെള്ളത്തില്‍ കളിച്ചു. കാര്യമായ തിരക്കുണ്ടായിരുന്നില്ല. അതിനുശേഷം ഭക്ഷണം- പൂരി വിത്ത് ചന്ന മസാല, വെജ് കട്ട്ലറ്റ്, ചായ (ഹോം മൈഡ് - രാവിലെ തുടങ്ങിയതാ ആ പണി).
അവസാനം അതിരപ്പിള്ളി. അവിടെ വച്ചു് ന്യൂ ഇയര്‍ കേക്ക് മുറിച്ചു (അതും ഒന്നു രണ്ടു പേര്‍ സ്പോണ്‍സര്‍ ചെയ്തതു്). കൂട്ടത്തില്‍ ഏറ്റവും പ്രായമായ ഒരു മുത്തശ്ശിയാണു് കേക്ക് മുറിച്ചതു്. ഡെല്‍ഹിയില്‍ നിന്നു വന്നതായിരുന്നു അവര്‍. വന്നില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ (അവര്‍ക്കു) എന്നാണവര്‍ ട്രിപ്പിനെപ്പറ്റി പറഞ്ഞതു്.
100 രൂപക്കു് ഇത്രയൊക്കെ പോരേ?
പ്രകാശം പരത്തുന്ന ഒരു നാളേക്കായി ഇന്നു ഞാന്‍ വിട ചൊല്ലുന്നു.
സ്ഥലം കാണുന്നതിനേക്കാള്‍ ആസ്വദിച്ചതു ബസ്സിലെ യാത്രയല്ലേ എന്നു പോലും തോന്നി. പാട്ട്, ഡാന്‍സ്, മിമിക്രി, കവിത ചൊല്ലല്‍, കടം കഥ
എന്നു വേണ്ടാ, ശരിക്കും അടിച്ചുപൊളിച്ചു. തിരിച്ചു നെല്ലായിലെത്തിയപ്പോള്‍ രാത്രി 8 മണി. എല്ലാര്‍ക്കും സങ്കടം ഇറങ്ങാറായല്ലോ എന്നോര്‍ത്തു്. അടുത്ത ട്രിപ്പ് എങ്ങോട്ടാവണം എന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
ഇതിലൊന്നും പെടാതെ ഇതൊക്കെ ഒരു അനാവശ്യ കാര്യമാണെന്ന മട്ടില്‍ സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന ചുരുക്കം കുട്ടികളും ഇവിടെ ഇല്ലാതില്ല.പഠിപ്പില്‍ അല്ലെങ്കില്‍ ടിവി കാണലില്‍ മാത്രം താത്പര്യമുള്ളവര്‍. അവര്‍ക്കു്, ഒരുപക്ഷേ അവരുടെ അഛനമ്മമാര്‍ക്കും കുട്ടിക്കാലം ആസ്വദിച്ചു നടക്കുന്ന ഈ കുട്ടികളോട് പുഛമാണോ എന്നു പോലും തോന്നിയിട്ടുണ്ട്. അവര്‍ അറിയുന്നില്ല എന്താണവര്‍ക്കു് നഷ്ടപ്പെടുന്നതെന്നു്.ജീവിതത്തിന്റെ സുവര്‍ണ്ണ കാലമാണ്‍് കഴിഞ്ഞു പോകുന്നതു്. അതു മനസ്സിലാക്കി കൊടുക്കുവാന്‍ അഛനമ്മമാര്‍ തയ്യാറാവുന്നുമില്ല.അതെന്തോ ആവട്ടെ. എന്തായാലും ഭൂരിഭാഗം കുട്ടികളും അങ്ങിനെ അല്ല എന്നതു തന്നെ ആശ്വാസം.
നല്ല ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ. ഞാന്‍ എല്ലാം എടുക്കുന്നുണ്ട്, നിങ്ങള്‍ എടുത്തില്ലെങ്കിലും കുഴപ്പമില്ല എന്നു പറഞ്ഞതുകൊണ്ട് ഞാന്‍ കാര്യമായിട്ടൊന്നും എടുത്തുമില്ല. പക്ഷേ നിര്‍ഭാഗ്യ വശാല്‍, അദ്ദേഹം എടുത്ത ഫോട്ടോസെല്ലാം അബദ്ധത്തില്‍ എങ്ങിനെയോ deleted ആയി പോയി. എന്നാലും ഞാന്‍ എടുത്ത ചില പടങ്ങള്‍ കൊടുക്കുന്നു.
---------
വാല്‍ക്കഷണം അല്ലെങ്കില്‍ അടിക്കുറിപ്പു്:-
നിരക്ഷരനായ സഞ്ചാരി എന്നോട് പറഞ്ഞിട്ടുണ്ട് ഇതൊന്നും (ഈ യാത്രാവിവരണമേയ്)അത്ര വല്യ കാര്യൊന്നും അല്ല, എവിടെ യാത്ര പോയാലും ലേശം പൊടിപ്പും തൊങ്ങലും മേമ്പൊടിയുമൊക്കെ ചേര്‍ത്ത് അതൊരു പോസ്റ്റ് ആയി കാച്ചിയേക്കണമെന്നു്. ഈ രംഗത്തെ തലതൊട്ടപ്പനല്ലേ, കേക്കാതെ പറ്റ്വോ?
-------------------------
WISH YOU ALL A VERY
HAPPY NEW YEAR.
-------------------------
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
11:14 PM
34
മറുമൊഴികള്‍
Monday, December 22, 2008
മറന്നോ എന്നെ നിങ്ങള്‍?
ഞാന്‍ വീണ്ടും... നീണ്ട രണ്ടു മാസത്തിനുശേഷം!!!
(ഈ രണ്ടു മാസത്തെ അസാന്നിദ്ധ്യത്തിന്റെ 75% credit goes to BSNL. ബാക്കി 25% മാത്രം എനിക്കവകാശപ്പെട്ടതു്)
എന്റെ അസാന്നിദ്ധ്യം ആരും ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല (ശ്രീ അന്വേഷിച്ചിരുന്നൂട്ടോ). എന്തായാലും ഞാന്‍ തിരിച്ചുവരുന്നു. (പൂര്‍വ്വാധികം ശക്തിയായി എന്നൊക്കെ പറയണമെന്നുണ്ട്.പക്ഷേ എത്രത്തോളം എത്താന്‍ പറ്റുമെന്നൊരു ഏകദേശ ധാരണ ഉള്ളതുകൊണ്ട് അതു പറയുന്നില്ല).
ഞാന്‍ എന്റെ നെല്ലായിയെപ്പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട്. പക്ഷേ പറയാത്ത ഒന്നുണ്ട്. ഇവിടത്തെ ഫോണ്‍/നെറ്റ് കണക്ഷന്‍. വല്ലാത്ത കഷ്ടം തന്നെയാണേയ്.നാലു ദിവസം തികച്ചു് ഫോണ്‍/നെറ്റ് കണക്ഷന്‍ ഉണ്ടാകുക എന്നതൊരു ലോകമഹാത്ഭുതമാണിവിടെ. അങ്ങിനെയൊരു കാലം ഞങ്ങള്‍ മറന്നു. NH 47 വീതി കൂട്ടുന്നു, കമ്പി മോഷണം പോകുന്നു എന്നതൊക്കെയാണ് സ്ഥിരം കാരണങ്ങള്‍.
ഇപ്പോള്‍ ഇവിടെ ആര്‍ക്കുമാര്‍ക്കും ഒരു പരാതിയുമില്ല.എല്ലാരും മൊബൈലിലേക്കു മാറിക്കഴിഞ്ഞു. പക്ഷേ BSNL നെറ്റ് കണക്ഷന്‍ ഉള്ള പാവം ഞാന്‍ എന്തു ചെയ്യാന്‍!.കൂനിന്മേല്‍ കുരു എന്നപോലെ ഒരു വര്‍ഷത്തേക്കുള്ള തുക ഒരുമിച്ച് അടച്ചു് 'unlimited' ഉപയോഗത്തിനുള്ള connection ഉം എടുത്തു.
ഇപ്പോള്‍ ആകെ ചെയ്യാന്‍ കഴിയുന്നതു്, അവര്‍ പറയുന്നതൊക്കെ മിണ്ടാതെ കേട്ടിരുന്നു് സ്വന്തം നിസ്സഹായതയെപ്പറ്റി ഓര്‍ത്തോര്‍ത്ത് രോഷം കൊള്ളുക എന്നതുമാത്രം.
നെല്ലായിക്കാരന്‍ “കരിങ്കല്ല്“ ഇതേ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട് ഇവിടെ.
ആ, അതൊക്കെ പോട്ടെ. നല്ല (?) കുറച്ചു പടങ്ങള്‍ കാണാം.അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു മരവും പൂക്കളും. തൊട്ട് അപ്പുറത്തെ പറമ്പില്‍ നിന്നു്.
അകലെ ഒരു പൂമരം
എന്തു ഭംഗി നിന്നെ കാണാന്‍!!
സൂക്ഷിച്ചുനോക്കൂ, എന്നെ കാണാമോ? (ഒരു കൊച്ചു കിളിയിരിക്കുന്നു, മുകളില്‍)
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
5:00 PM
48
മറുമൊഴികള്‍