ഉച്ചക്ക് ഊണിന് ഒരു ഓലൻ കൂടിയായോലോ എന്നൊരാലോചന. ഒരു കൂട്ടാനുണ്ട്, ഉപ്പേരിയുണ്ട്. പലപ്പോഴും ഒരണ്ണംപോലും ഉണ്ടാക്കാത്ത മടിച്ചിയാണു ഞാന്‍ സ്വതവേ.
ഇനി തുടങ്ങാം. കൊപ്പക്കായ ആണ് താരം.
(കപ്പങ്ങ, ഓമക്ക അങ്ങിനെ പല സ്ഥലങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഇതിനെ ഞാന്‍ പപ്പായ എന്നു പറയാം, അതല്ലേ സൌകര്യം).
നല്ല ചെനച്ച (എന്നു വച്ചാല്‍ നല്ല മൂപ്പായി പഴുക്കാന്‍ തുടങ്ങുന്ന സ്റ്റേജ്) പപ്പായ. വേവിച്ച്, രണ്ടുമൂന്നു പച്ചമുളക് കീറിയിട്ട്, ഇത്തിരി പച്ച വെളിച്ചെണ്ണയൊഴിച്ച്, പിന്നെ ഒരു പിടി കറിവേപ്പില, അതിലിത്തിരി നാളികേരപ്പാല് കൂടി ഒഴിച്ചാലോ, എന്റമ്മേ, ഒന്നും പറയണ്ട,
അന്ന് മടി ഇത്തിരി കുറഞ്ഞ ദിവസമായിരുന്നു. എന്നാല്‍ പിന്നെ ഇന്ന് ഓലന്‍ വച്ചിട്ടു തന്നെ കാര്യം. വച്ച കാല്‍ പുറകോട്ടില്ലല്ലോ.
മുറ്റത്തൊരു മരമുണ്ട്..പിന്നെ പറമ്പില്‍ വേറെ രണ്ടെണ്ണം കൂടി. ഇഷ്ടം പോലെ കായയും. ഇടക്കിടെ മാധവന്‍ വന്നു ഓരോ കൊട്ട നിറയെ കൊണ്ടുപോകും..ഏതു വഴിക്കാണോ പോണേ, അവിടെയുള്ളവര്‍ക്ക് കൊടുക്കും.(എന്നു പറയുന്നു).
ഇന്ന് ഞാന്‍ തന്നെ ഒരെണ്ണം പറിച്ചെടുക്കാന്‍ തീരുമാനിച്ചു. .മുറ്റത്തെ മരത്തില്‍ കായുണ്ട്. പക്ഷേ കാണാനൊരു ഭാഗിയില്ല. നീളനാണ്, തടിയും കുറവ്. അപ്പോള്‍ അത് വേണ്ട. അപ്പുറത്തെ മരത്തില്‍ നല്ല സുന്ദരിക്കായകള്‍. ഉരുണ്ടു തടിച്ചിട്ട്. അത് മതി.
ഇവിടെ ഉണ്ടായിരുന്ന തോട്ടി എടുത്തു അവിടെ കൊണ്ടുപോയി പപ്പായ പറിച്ചു. പപ്പായ വീണു. ഒന്നല്ല രണ്ടെണ്ണം. ഇനിയെന്താ എഴുത്തുകാരി അതുകൊണ്ടുപോയി ഓലന്‍ വച്ച് കഴിച്ചിട്ടുണ്ടാവും . എല്ലാം ശുഭം എന്നു വിചാരിക്കാന്‍ വരട്ടെ. ഒന്നും ശുഭമായില്ല. പപ്പായവീണു. തൊട്ട് പിന്നാലേ തോട്ടിയും. അസ്സല് കനമുള്ള നല്ല ഇരുമ്പിന്റ്റെ തോട്ടി. കിറുകൃത്യം എന്റെ കാലില്.
കറക്റ്റ് ഒരു വിരലില്. അങ്ങടൂല്യാ ഇങ്ങടൂല്യാ. സ്വര്‍ഗ്ഗോം നരകോം ഒരുമിച്ച് കണ്ടു. വീണു കിടക്കുന്ന പപ്പായകളെ ആദ്യം എടുത്തെറിഞ്ഞു. അപ്പോഴവയ്ക്ക് ഒരു സൌന്ദര്യോം ഇല്ലായിരുന്നു.
സംഭവം പിശകായി. കാലിന് വണ്ണം കൂടിക്കൂടി വരുന്നു.
എല്ല് ഒടിഞ്ഞു അല്ലെങ്കില്‍ ചിന്നല്‍. വിരലിന്ടെ തുമ്പത്തായതുകൊണ്ട് പ്ലാസ്റ്ററല്ല, വേറെന്തോ ഒരു സൂത്രപ്പണി. ഒരാഴ്ച കഴിഞ്ഞു. ആ കെട്ടഴിച്ചു. വല്യ വേദനയില്ല. അത്യാവശ്യം പാല്‍ വാങ്ങല്‍, എടിഎം, ചെടികള്‍ക്കിത്തിരി വെള്ളമൊഴിക്കല്‍ ഒക്കെ തുടങ്ങി.
കാലിനും വിരലിനുമൊന്നും അതിഷ്ടായില്ല.. വേദന, നീര്. വിരലായാലും വിരലിന്റെ അറ്റമായാലും സൂത്രപ്പണിയൊന്നും നടക്കില്ല. വീണ്ടും നിര്‍ബന്ധിത വിശ്രമം. അല്ലെങ്കില്‍ പിടിച്ച് പ്ലാസ്റ്റര് ഇടുമെന്ന ഭീഷണി. ചുരുക്കത്തില്‍ വീട്ടുതടങ്കല്‍ ഇനിയും. ഒരു രണ്ടാഴ്ച.
പക്ഷേ ഒന്നുണ്ട്. സ്നേഹമുള്ളവരാട്ടോ എന്റെ അയൽവാസികൾ. എന്നും രാവിലെ ബ്രേക്ഫാസ്റ്റും കൊണ്ട് വരും രാധ ചേച്ചി. ഇഡ്ഡലി വിത്ത് ചട്ട്ണി, പൊങ്കല്‍, കോക്കനട്ട് റൈസ്. അങ്ങിനെ പോകുന്നു മെനു. ഉച്ചക്ക് മണി ചേച്ചി. സാമ്പാര്‍, കൂര്‍ക്ക മെഴുക്ക് പുരട്ടി. വേണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല! ഞങ്ങൾ അങ്ങിനെയാണ്.
ഉർവ്വശീ ശാപം ഉപകാരം എന്നു കരുതണോ, അതോ, അയ്യോ ഇങ്ങനെയായല്ലോ എന്നു കരുതണോ എന്ന ആശയക്കുഴപ്പത്തിലാണ് ഞാനിപ്പോള്‍.
ഒരാഴ്ച അങ്ങിനെ കഴിയട്ടെ അല്ലേ. തല്‍ക്കാലം ഹാപ്പി ആയിട്ട് പൂവ്വാ.
6 comments:
ഓരോരോ പ്രശ്നങ്ങളേയ്. അല്ലാതെന്തു പറയാന്‍.
ഇന്ന് ഞാൻ കൊണ്ടുവരാട്ടോ,(breaakfast) നീ രാധയോട് പറയു ഇന്ന് വേണ്ടെന്ന്. എന്റെ ധർമ്മ സകടം ഒന്നാലോചിച്ചു നോക്കൂ. രാധചേച്ചിക്ക് പക്ഷെ പരിഭവമില്ല. ശരി, ഞാൻ ഉച്ചക്ക് കൊണ്ടുവരാം ഇതാണിവിടത്തെ അവസ്ഥ. എന്റെ കാലൊന്നു വേഗം സുഖമായാൽ മതിയായിരുന്നു.
ഇരുമ്പ് തോട്ടിക്ക്
ഓലന്റെ കൊതി പറ്റി ...ല്ലേ ,
എന്നാലും ...
പപ്പായ ഓലന്
പകരം എന്നും സമൃദ്ധമായ
വിഭങ്ങൾ തീൻ മേശയിൽ എത്താനും
ഒരു തീറ്റ ഭാഗ്യം വേണം ...ട്ടാ
മുരളീമുകുന്ദൻ, തീറ്റ ഭാഗ്യം അത്യാവശ്യം ഉള്ള കൂട്ടത്തിലാ ഞാൻ.
പിന്നേയ്, ആശംസകൾ ദശകം പിന്നിട്ടതിന്.
ഒരു എക്സ്റേ എടുത്തു നോക്കാമായിരുന്നൂട്ടോ... പേടിപ്പിക്കാൻ പറയുകയല്ല... എന്നാലും...
ഓരോരോ കാരണങ്ങൾ
Post a Comment