Saturday, September 25, 2010

ALOE VERA

ഇതു കറ്റാര്‍ വാഴ. ഒരു ഔഷധ സസ്യം.

1

ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് ‍ പറയുന്നതു്.  പണ്ടു മുതലേ എണ്ണ കാച്ചാന്‍ ഉപയോഗിക്കാറുണ്ട്.  പനങ്കുല പോലെ തലമുടി വളരാനും, എണ്ണക്കറുപ്പിനും. (ഞാൻ എണ്ണ കാച്ചിയിട്ടുമില്ല, തേച്ചിട്ടുമില്ല!). അതു മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ.  ഇപ്പഴാണ്    ഇതിനു് ഇത്രയധികം ഗുണങ്ങളുണ്ടെന്നു്  അറിയുന്നതു്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്കു മണമില്ലല്ലോ! മണമില്ലെങ്കിലും മുറ്റത്ത് ചട്ടികളിൽ വച്ചാൽ കാണാനും നല്ല ഭംഗിയാ.

നല്ലൊരു moisturiser  ആണത്രെ.  വിവെല്‍ സോപ്പിന്റെ പരസ്യത്തില്‍ കാണുന്നില്ലേ, അതു തന്നെ ഇതു്.

ഇല മുറിച്ചാല്‍ ഉള്ളില്‍ ജെല്‍ പോലെയിരിക്കും, tranasparent  ആണ്.   മുറിവ്‌, പൊള്ളല്‍, എല്ലാത്തിനും നല്ലതാണത്രേ. ഇതു് മുറിച്ചിട്ട് വെറുതേ മുഖത്ത് തടവിയാൽ  നല്ലതു് - മുഖകാന്തിക്കു്.

2

എനിക്കിത്രയൊക്കെയേ അറിയൂ.കൂടുതല്‍ അറിവുള്ളവര്‍ പറയൂ,.

എന്തായാലും എനിക്കറിയാവുന്ന ഒന്നുണ്ട്. നല്ല വിലയുണ്ടിതിനു്.  വേരോടെ വലിച്ച് മണ്ണ് കഴുകി കൊടുക്കണം. ഇവിടെ പിന്നെ വൈദ്യശാലക്കു കുറവില്ലല്ലോ. 'കാളൻ നെല്ലായി' അല്ലേ! അധികമുണ്ടെങ്കിൽ അവർ  വന്നു കൊണ്ടുപോകും. നല്ല വലിപ്പമുള്ള ഒരെണ്ണം മൂന്നു നാലു കിലോയൊക്കെ വരും. കിലോവിന് ഏകദേശം പത്തുരൂപ.

ഒരു ദിവസം പാല്‍ക്കാരന്‍ ഗോപിയേട്ടനുമായി സംസാരിച്ചപ്പോഴാണ്‌‍  ഇതിനേപ്പറ്റി പറയുന്നതു്. അവരുടെ വീട്ടില്‍ പറമ്പിലും  ടെറസ്സിലുമൊക്കെയായിട്ട് പത്തുമുന്നൂറ് ചട്ടിയിലുണ്ട്.  ഞാന്‍ പോയി നോക്കി.  കാണാന്‍ തന്നെ നല്ല ഭംഗി.

5

ഇതു് ഗോപിയേട്ടന്റെ തോട്ടം (ടെറസിൽ)

എനിക്കും തോന്നി ഒന്നു പരീക്ഷിച്ചാലെന്താ എന്നു്. ഗോപിയേട്ടനോട് പറഞ്ഞ് പത്തു തൈ വാങ്ങി. 30 രൂപ കൊടുത്തിട്ട്. അതൊക്കെ വലുതായി എനിക്കെത്രയോ ഇരട്ടി കിട്ടി. അതിന്റെ കുട്ടികളാ ഇപ്പോള്‍ ഉള്ളതു്. വലുതു് വലിച്ചു കൊടുക്കുമ്പോള്‍ താഴെ  കൊച്ചു ചെടികള്‍ മുളച്ചിട്ടുണ്ടാവും.  അതു് വേറെ ചട്ടിയിലോ ചാക്കിലോ നടണം.  ചാണപ്പൊടി  അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുത്താല്‍ വേഗം വളരും. ദാ, നോക്കൂ-

3 4

ഇനി ഇതൊക്കെ വായിച്ചിട്ട് ആർക്കെങ്കിലും  കറ്റാർ വാഴ വച്ചുപിടിപ്പിക്കണമെന്നു തോന്നിയാൽ തൈ ഞാൻ തരാം, കാശൊന്നും വേണ്ട, എല്ലാരും സുന്ദരികളും സുന്ദരന്മാരും ആവട്ടെ.

എഴുത്തുകാരി.

Thursday, September 2, 2010

പാവം പാവം പൊലീസുകാരൻ..

ഫോൺ ബെല്ലടിക്കുന്നു. ആരാണാവോ? "ഞാൻ പുതുക്കാട് സ്റ്റേഷനീന്നാണ്. പാസ്സ്പോർട്ട് വെരിഫിക്കേഷനു്". വീടും സ്ഥലവും വരാനുള്ള വഴിയുമെല്ലാം ചോദിച്ചു. ഭയഭക്തി ബഹുമാനത്തോടെ എല്ലാം പറഞ്ഞുകൊടുത്തു (എന്താന്നറിയില്ല, പൊലീസുകാരെ പണ്ടേ എനിക്കു പേടിയാണ്:)) കാത്തിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ആളെത്തി.

ചില കടലാസൊക്കെ കാണിക്കാൻ പറഞ്ഞു. കയ്യിലുണ്ടായിരുന്ന ഡയറിയിലെന്തോ എഴുതി, ഒപ്പിടാൻ പറഞ്ഞു. യാത്ര പറയാൻ പുറപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു, സാർ ഒരു കാപ്പി കുടിച്ചിട്ട് പോകാം. ഒന്നു സംശയിച്ചപ്പോൾ ഞാൻ പറഞ്ഞു, ഇല്ല താമസിക്കില്ല, ഒരു മിനിറ്റ്. അദ്ദേഹത്തിനും തോന്നിക്കാണും എന്നാൽ ഒരു കാപ്പി കുടിച്ചേക്കാം എന്നു്.

മോളോട് കാപ്പിയെടുക്കാൻ പറഞ്ഞിട്ട് ഞങ്ങൾ സംഭാഷണത്തിലേർപ്പെട്ടു. സ്റ്റേഷനതിർത്തിയിലെ ക്രമസമാധാനപ്രശ്നം മുതൽ അന്താരാഷ്ട്ര കാര്യങ്ങൾ വരെ ചർച്ച പുരോഗമിച്ചുകൊണ്ടിരുന്നു.

കുറച്ചുകഴിയുമ്പോൾ മോൾ അകത്തുനിന്നും വരുന്നു. ബ്രൂവിന്റെ കുപ്പിയിലാണല്ലോ കാപ്പി കൊണ്ടുവരുന്നതു്. ഇതെന്താ ഇങ്ങനെ? അമുൽ മിൽക്കിന്റെ കുപ്പിയിൽ നിന്നു അമുൽ കുടിക്കുന്നതുപോലെ, കൊക്കോകോളാ ടിന്നിൽ നിന്നു് കൊക്കോകോളാ കുടിക്കുന്നതുപോലെ ഇതായിരിക്കുമോ പുത്തൻ രീതി. ഞാൻ അറിയാതെ പോയതാവും. ബ്രൂ കുപ്പിയിൽ ബ്രൂ കാപ്പി. അല്ല, ഈ പുത്തൻ ഏർപ്പാടിനുവേണ്ടി ഈ കുപ്പിയിലുണ്ടായിരുന്നതെല്ലാം എന്തു ചെയ്തു? (പൊന്നുംവിലയാണേയ്. ഒരു ഗ്രാമിന് ഒരു രൂപ.) അതോ ഇനിയിപ്പോ കുപ്പിയിൽ തന്നെ പാലും പഞ്ചസാരയും ഇട്ടോ? ഈ കുട്ടി ഇന്തെന്താ ചെയ്തേ ആവോ. അബദ്ധമായിപ്പോയോ കാപ്പി കുടിക്കാൻ പറഞ്ഞതു്? ചിന്തകൾ കാടും മേടും കയറാൻ അധിക നേരമൊന്നും വേണ്ടല്ലോ!

അതിനേക്കാളൊക്കെ രൂക്ഷമാണ് പ്രശ്നം. കുപ്പി തുറന്നിട്ടുവേണ്ടേ കാപ്പിയുണ്ടാക്കാൻ! പഠിച്ച പണി പതിനെട്ടും, പിന്നെ പത്തൊമ്പതും നോക്കിയിട്ടും അതു പറ്റുന്നില്ല.

ഞാനും നോക്കി, സാരി തുമ്പു കൂട്ടിപ്പിടിച്ചു്, ചുമരിൽ കയ്യുരച്ചു്, നോ രക്ഷ. അവസാനം ഞാൻ വളരെ വിനീതവിധേയയായി ചോദിച്ചു “സാറുകൂടി ഒരു കൈ നോക്കാമോ”. അദ്ദേഹം എന്നെയൊന്നു നോക്കി. അർത്ഥം മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടാ. ഇത്രേം കാലത്തെ സർവ്വീസിൽ കാപ്പിപ്പൊടി കുപ്പി തുറക്കാൻ പൊലീസിന്റെ സഹായം, അതു ചരിത്രത്തിൽ ആദ്യമായിരിക്കും. എന്നാലും പാവം ഒരു ബ്രൂ കാപ്പി കുടിക്കാനുള്ള ആഗ്രഹം കൊണ്ടാണോ എന്തോ സഹായിക്കാമെന്നു വച്ചു. പക്ഷേ കുപ്പി ആരാ മോള്, ഏമാനും വഴങ്ങുന്ന ലക്ഷണമില്ല, വഴങ്ങിയില്ല.ഇനി വേറെ വഴിയൊന്നുമില്ല, കാപ്പി കുടിക്കുക എന്ന ഉദ്യമം ഉപേക്ഷിച്ചു.

വീണ്ടും പുറപ്പെടാനൊരുങ്ങി. ഞാൻ പറഞ്ഞു, സാർ എന്നാൽ ചായ എടുക്കാം, ഒരു മിനിറ്റ് മതി. ഇനി ചായപ്പൊടി പാത്രവും തുറക്കേണ്ടി വരുമോ എന്നു് ന്യായമായും ശങ്കിച്ചു കാണും.ഒന്നും പറഞ്ഞില്ല എന്നെയൊന്നു നോക്കി, രൂക്ഷമായി. മനസ്സിലെന്തൊക്കെ പറഞ്ഞൂന്നറിയില്ല. ഭാഗ്യം, പുറത്തേക്കൊന്നും കേട്ടില്ല.

അങ്ങനെ അദ്ദേഹം പോയി. അന്നേരം ചമ്മിപ്പോയെങ്കിലും ഓർത്ത് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല എനിക്കു്. കുറേക്കാലമായി മറന്നുപോയിരുന്ന ചിരി അപ്പാടെ കൈമോശം വന്നിട്ടില്ലല്ലോ എന്നത്ഭുതപ്പെട്ടുപോയി.

ഇന്നലെ പാസ്പോർട്ട് കയ്യിൽ കിട്ടി. അതാ ഇന്നിത്ര ധൈര്യം ഇതെഴുതാൻ.


എഴുത്തുകാരി.

വാൽക്കഷണം :- എന്റെ നൂറാമത്തെ പോസ്റ്റ്. ഇതു ഞാൻ സമർപ്പിക്കുന്നു, ചിലപ്പോൾ മാത്രം എന്റെ ബ്ലോഗ് വായിച്ചിരുന്ന, ബ്ലോഗെഴുത്ത് അതൊക്കെ നിസ്സാരം എന്നു തള്ളിക്കളഞ്ഞിരുന്ന,എന്നാൽ സുഹൃത്തുക്കളോട് ഇവളൊരു ബ്ലോഗറാണെന്നു് അഭിമാനത്തോടെ പറഞ്ഞിരുന്ന, ഇന്നെന്നോടൊപ്പം ഇല്ലാത്ത എന്റെ പ്രിയപ്പെട്ടവനു്....

Friday, August 20, 2010

എന്റെ ഒരു കൊച്ചു സന്തോഷം.

അത്ര പറയാന്‍ പാകത്തിനു്‍ ഒന്നുമില്ലായിരിക്കും. എന്നാലും എനിക്കു സന്തോഷം തോന്നി. ഇപ്രാവശ്യത്തെ കേരളകൌമുദിയില്‍ (Aug. 14)പരിചയപ്പെടുത്തിയിരിക്കുന്നതു് എന്റെ എഴുത്തോലയാണ്. പരിചയപ്പെടുത്തിയിരിക്കുന്നതു് ബ്ലോഗര്‍ മൈത്രേയി.

ഒരുപാടൊരുപാട് പേരുടെ (ബൂലോഗവാസികളുടെ) പുസ്തകങ്ങളൊക്കെ അച്ചടിച്ചു പുറത്തു വരുന്നുണ്ട്. ചൂടപ്പം പോലെ വിറ്റുപോകുന്നുമുണ്ട്. അതൊന്നുമറിയാഞ്ഞിട്ടല്ല. കഥയും കവിതയും പോയിട്ട് നേരേ ചൊവ്വേ നാലു വരി എഴുതാന്‍ പോലും അറിയാത്ത ഞാന്‍ എഴുതുന്നതിനേപ്പറ്റി അച്ചടിച്ചുവന്നൂല്ലോ.

ദാ, ഇവിടെ, പിന്നെ ഇവിടെ

എല്ലാ ബൂലോഗവാസികള്‍ക്കും സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.

എഴുത്തുകാരി.

Saturday, August 7, 2010

മഴയെത്തും മുന്‍പേ....

കര്‍ക്കിടകത്തിലെ  ഒരു ഇരുണ്ട പകല്‍.  മാനം ഒട്ടും തെളിഞ്ഞിട്ടില്ല.  മരങ്ങള്‍ പെയ്തുകൊണ്ടേയിരിക്കുന്നു.രാത്രിയുടെ ഏതോ യാമത്തില്‍ തുടങ്ങിയ മഴയുടെ കലി ഒന്നടങ്ങിയപോലെ. അതോ വീണ്ടും ഒരു പേമാരിക്കുള്ള വട്ടം കൂട്ടലോ?

ഒന്നും ചെയ്യാനില്ലെന്നു തോന്നിയപ്പോള്‍ പുറത്തേക്കൊന്നിറങ്ങി.  കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ചവിട്ടി, നടന്നു  വെറുതെ. വേണ്ടാ, ഇടവഴിയിലൂടെ വേണ്ടാ,  കുശലങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊന്നും മറുപടി പറയാന്‍ വയ്യ.

പുഴവക്കത്തൂടെ നടന്നു, പതുക്കെ.  ഇല്ല, പുഴ നിറയാറായിട്ടില്ല. ഒന്നുരണ്ടു ദിവസം കൂടി നിന്നു പെയ്താല്‍‍  നിറയുമായിരിക്കും. മലയില്‍ പെയ്ത മഴയുടെ വെള്ളം വരുന്നതേയുള്ളൂ. ഒഴുകിയിങ്ങെത്തണ്ടേ.നല്ല കലക്കവെള്ളം. ശാന്തമായൊഴുകുന്നു. എല്ലാം പുറമേക്കു മാത്രം. ഉള്ളില്‍ നല്ല കുത്തൊഴുക്കും ചുഴിയും. എല്ലാം ഉള്ളിലൊതുക്കി പുറമേക്കു ചിരിക്കുന്ന മനുഷ്യന്റെ മനസ്സുപോലെ.

ചെറിയ ചെറിയ മരക്കഷണങ്ങളൊക്കെ ഒഴുകി വരുന്നുണ്ട്. പണ്ടൊക്കെ  പുഴക്കു കുറുകേ കയര്‍ കെട്ടി വഞ്ചിയില്‍ പോയി ഒഴുകിവരുന്ന വലിയ മരത്തടികള്‍ പിടിച്ച്‌ കരയിലടുപ്പിക്കുമായിരുന്നു. കാഴ്ച്ച കാണാന്‍ ഞങ്ങളും. എന്തിനാ അതൊക്കെ ഇപ്പോള്‍ ഓര്‍ത്തതു്, അറിയില്ല.

കുറച്ചുനേരം നോക്കിനിന്നു നിറഞ്ഞൊഴുകുന്ന പുഴയെ. പുഴവക്കത്തെ ചെടികളൊക്കെ മുങ്ങുന്നു, പിന്നെയും തലപൊക്കുന്നു. ഒരു ചെടിക്കൂട്ടം ഒലിച്ചുവരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കട പുഴകിയതായിരിക്കും.  കൂടെ ഏതോ ഒരു ജീവിയുടെ ശവവും.  പട്ടിയോ കുറുക്കനോ ആവും.

പടരന്‍ പുല്ലിന്റെ വേരുകളില്‍  വെള്ളം.  പണ്ട് അതെടുത്ത് കണ്ണിലെഴുതുമായിരുന്നു. ഇപ്പഴും അവശേഷിക്കുന്ന വേലികളില്‍ അപൂര്‍വ്വമായിത്തുടങ്ങിയ, നിറയെ മുള്ളുകളുള്ള കള്ളിച്ചെടി.

ആരേയും കണ്ടില്ല ഇതുവരെ. അതു നന്നായി. അല്ലെങ്കിലും‍  പറമ്പിലും പുഴവക്കത്തുമൊക്കെ  ഈ മഴയത്തും തണുപ്പത്തും ആരു വരാന്‍!

 P7210059 നിറയാന്‍ തുടങ്ങുന്ന പുഴ...

P7210051 മുത്തും....

P7210114 പവിഴവും.....

P7210090 കള്ളിയും......

P7210102 നാണിച്ചുനില്‍ക്കുന്ന കൊങ്ങി‍ണിയും.....

P8030015 പേരറിയാത്ത ഈ സുന്ദരിയും.....

P7210078  കുളീച്ചീറനായ നന്ത്യാര്‍വട്ടവും.....

P7210106 ഇണയെ കാ‍‍ത്തിരിക്കുന്ന കിളിയും........

നേരം ഒരുപാടായി പോന്നിട്ട്.  ഇനി തിരിച്ചു നടക്കാം..

എഴുത്തുകാരി.

Friday, June 25, 2010

ഏകയായ് ഞാന്‍.....

എല്ലാം പതിവുപോലെ. പ്രഭാതമെത്തുന്നു, എന്റെ ചെടികളെല്ലാം പൂക്കുന്നു, കിളികള്‍ വരുന്നു, ശലഭങ്ങള്‍ വരുന്നു. കലപില കൂട്ടുന്നു.  അവരോട് കുശലം ചോദിച്ചുകൊണ്ട് ദിവസം തുടങ്ങിയിരുന്ന എനിക്കു  ഇന്നവരോട് ചോദിക്കാന്‍ ഒന്നുമില്ല.  എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടതു്.

സിറ്റ് ഔട്ടിലെ  രാവിലത്തെ ചായകുടിയും  ഒപ്പം തലേന്നത്തെ ബാങ്കു വിശേഷങ്ങളും പറഞ്ഞു്,  ബ്രേക്ഫാസ്റ്റ് റെഡിയാക്കിക്കോളൂ, ഞാനൊന്നു തറവാട്ടില്‍ പോയി വരാം  എന്നു പറഞ്ഞിറങ്ങിപ്പോയ എന്റെ പ്രിയപ്പെട്ടവന്‍  വന്നില്ല. ഞാന്‍ കാത്തിരുന്നു ബ്രേക്ഫാസ്റ്റും ഉച്ചക്കു കൊണ്ടുപോവാനുള്ള ചോറും  തയ്യാറാക്കി. വന്നില്ല ഇതുവരെ, ഇനി വരികയുമില്ല.

ആശുപത്രിയുടെ തണുത്ത ഇടനാഴിയില്‍  ചുമരിനിപ്പുറത്ത് നിസ്സഹായയായി കാത്തിരുന്നു ഞാന്‍.  ചുമരിനപ്പുറത്ത് എന്നെ കാണാതെ, കുട്ടികളെ കാണാതെ, ഒന്നുമറിയാതെ,  പതുങ്ങി പതുങ്ങി വരുന്ന മരണത്തെ കാത്തു കിടന്നയാള്‍ക്കു അടുത്തു കൂട്ടിരിക്കാന്‍ പോലുമായില്ല എനിക്കു്. ഒന്നും ഒന്നും കഴിഞ്ഞില്ല എനിക്കു്. ആ കയ്യൊന്നു പിടിച്ച് ഞാനുണ്ട് കൂടെ എന്നു പറയാന്‍, ആ നെറ്റിയിലൊരുമ്മ കൊടുത്ത് ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ. തീര്‍ത്തും തീര്‍ത്തും നിസ്സഹായയായി.

എന്നെ ഒന്നു കണ്ണു് തുറന്നു നോക്കിപോലുമില്ല.

പിന്നെ വന്നു.  ബ്രേക് ഫാസ്റ്റ് കഴിക്കാനല്ല,   നീ കാരണം ഇന്നും എനിക്കു വൈകി എന്നു ശകാരിച്ചുമില്ല.  തുറക്കാത്ത കണ്ണും, മഞ്ഞുപോലെ തണുത്ത മുഖവുമായി.....

എന്നെ കൂടെ കൂട്ടാന്‍ പ്രിയപ്പെട്ട  പലതിനേയും പലരേയും വേണ്ടെന്നു വച്ചിട്ടു്...... എന്തേ ഇത്ര വേഗം പോയി?

എഴുത്തുകാരി.

Sunday, May 23, 2010

ഓര്‍മ്മയിലെ തൊടുപുഴ അഥവാ ഒരു തിരിഞ്ഞുനോട്ടം...

ഇതൊന്നു നോക്കൂ -

P5240138_thumb1[1]

മടക്കയാത്ര – മറ്റൊരു തിരിച്ചു വരവിനായി.

കഴിഞ്ഞ തൊടുപുഴ ബ്ലോഗ് മീറ്റ് കഴിഞ്ഞുവന്നു് ഇട്ട പോസ്റ്റിലെ പടമാണ്.  ഒരു വര്‍ഷമാകുന്നു മേയ് 24നു്, അതായതു്, നാളെ.

'മറ്റൊരു തിരിച്ചുവരവിനായി'  പോകുന്നതു് എഴുത്തുകാരിയും (അതായത്‌ ഈ ഞാന്‍) ബ്ലോഗര്‍ ലതിയും. (ഓര്‍മ്മയില്ലേ ചെറായി മീറ്റും ചക്കയപ്പവും. അതേ ലതി തന്നെ.)

അന്നു് ആ അടിക്കുറിപ്പ് വെറുതെ ഇട്ടൂന്നു മാത്രം. ഇപ്പോഴിതാ വീണ്ടും ഒരു യാത്രക്കു അരങ്ങൊരുങ്ങിയിരിക്കുന്നു, തൊടുപുഴക്കു്. 

ഒരു  ബ്ലോഗ് മീറ്റ് വീണ്ടും തൊടുപുഴയില്‍ വന്നു ചുറ്റിത്തിരിഞ്ഞു നില്പാണല്ലോ. പാവപ്പെട്ടവന്‍ തട്ടിവിട്ട പന്ത്  കുമരകത്തൊന്നു കറങ്ങി, എറണാകുളത്തൊന്നു കറങ്ങിത്തിരിഞ്ഞ്‌   ഉരുണ്ടുരുണ്ട്  ഇപ്പോഴിതാ ഹരീഷിന്റെ തൊടുപുഴയിലെത്തി നില്‍ക്കുന്ന ഈ സമയത്ത്, ബൂലോഗത്തിന്റെ ചരിത്രത്തില്‍  സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ട തൊടുപുഴ മീറ്റിലേക്കൊരു തിരിഞ്ഞുനോട്ടം.‍

അന്നു ഹരീഷ് വിളിച്ചപ്പോള്‍ പേടിച്ചുപേടിച്ചാണ്‌‍ (പേടിയല്ല, എന്നാലും എന്തോ ഒരുരുരു.. ഇതു്). പിന്നെന്താണെന്നുവച്ചാല്‍ ബൂലോഗത്തേക്കു പിച്ചവെച്ചു കടന്നുവന്ന ഹരീഷിനെ ആദ്യമായി കമെന്റി  സ്വാഗതം ചെയ്തതു ഞാനാണത്രേ. അതിന്റെ ഐശ്വര്യമാ ഹരീഷിന്റെ ബൂലോഗത്തിലെ ഈ വച്ചടി വച്ചടി കേറ്റം. അതുകൊണ്ട് ചേച്ചിയില്ലാതെ തൊടുപുഴയിലെന്തു  ബ്ലോഗ് മീറ്റ് എന്ന ചോദ്യത്തിനു മുന്‍പില്‍ എനിക്കു പിടിച്ചുനില്‍ക്കാനായില്ല.  (ഗദ്ഗദ്) :):)

തൊടുപുഴയില്‍ ഇറങ്ങിയ ഉടനേ ഞാന്‍ ഹരീഷിനെ വിളിച്ചപ്പോള്‍ ആദ്യത്തെ ചോദ്യം. ചേച്ചി ഏതു കളര്‍ സാരിയാ ഉടുത്തിരിക്കുന്നതെന്ന്, ഞാന്‍ ചോദിച്ചതു് കാറിന്റെ കളറും.

ആകെ കുറച്ചുപേര്‍ മാത്രം. കസേരകള്‍ വട്ടത്തിലിട്ടിരിക്കാന്‍ മാത്രം! No registration, no registration fee. മുഖമുള്ള കുറേ ബൂലോഗവാസികളെ കണ്ടു. തൊമ്മന്കുത്ത് കണ്ടു.

ദാ പിടിച്ചോ, ഒന്നു രണ്ടു പടങ്ങള്‍  കൂടി ..

P5240104_thumb1[1]

ഗ്രൂപ്പ് ഫോട്ടോ..‍

P5240043_thumb1[1]

കരിമലകയറ്റം കഠിനമെന്റയ്യപ്പാ -  തൊമ്മന്‍കുത്തിലേക്കു്...

ഇനീം കാണണോ?‍ ദാ, ഇവിടെ പോയി നോക്കൂ.

രസായിരുന്നൂട്ടൊ, കവിതയും പാട്ടും, നാടന്‍പാട്ടുമൊക്കെയായിട്ട്.  ഈ ഞാന്‍ വരെ പാടി. ഈറ്റിന്റെ കാര്യം പ്രത്യേകിച്ചു പറയണ്ടല്ലോ. കപ്പയും, കാന്താരിമുളകും. 

ഞാനിതെന്തിനാ ഇപ്പോ പറയുന്നതെന്നുവച്ചാല്‍ വീണ്ടും വരുന്നു ഒരു തൊടുപുഴ മീറ്റ്.  ആരും അറച്ചുനില്‍ക്കാതെ, മടിച്ചുനില്‍ക്കാതെ കൂട്ടം കൂട്ടമായിട്ടു കടന്നുവരൂ. അയ്യോ പോവായിരുന്നൂന്ന് പിന്നെ തോന്നീട്ടൊരു കാര്യോല്ല്യ.   നമുക്കു് അടിച്ചുപൊളിക്കാമെന്നേ.

വാല്‍ക്കഷ്ണം:  ഹരീഷെ, നമ്മുടെ നാട്ടുകാരനെ എവിടുന്നെങ്കിലും ഒന്നു തപ്പിപ്പിടിക്കണമല്ലോ, ഏപ്പു ചേട്ടന്റെ കഥ വിസ്തരിക്കാന്‍.

എഴുത്തുകാരി.

Friday, May 14, 2010

അഷ്ടപദി - രണ്ടു സുന്ദരികളും...

വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ഒരു സിനിമയാണ്‌‍, അഷ്ടപദി (പെരുമ്പടവം ശ്രീധരന്റെ). നായിക മേനക. ദരിദ്രമായ  അമ്പലവാസി കുടുംബത്തിലെ പെണ്‍കുട്ടി. അവള്‍ നായകന്‍ ദേവനെ പ്രേമിക്കുന്നു. ഒരുപാട് കാത്തിരുന്നിട്ടും ജോലി കിട്ടാതിരുന്ന ദേവനു്‍ ജോലി ലഭിക്കാന്‍ വേണ്ടി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടിവരുന്നു. സിനിമ അവസാനിക്കുമ്പോള്‍  മേനക നിറഞ്ഞു കിടക്കുന്ന പുഴയിലേക്കിറങ്ങി പോകുന്നു. ഇതാണ്‌ ഏകദേശ കഥ.

നല്ല  സിനിമയായിരുന്നു. ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയുണ്ട്, ആ‍ സിനിമയുടെ ഒരുപാട് ഭാഗങ്ങള്‍ ചിത്രീകരിച്ചതു് ഇവിടെ വച്ചാണ്.. പഴയ നെല്ലായിയെ കുറച്ചൊക്കെ അതില്‍ കാണാം. അമ്പലം, ആല്‍, പുഴ, കടവ്, മേനകയുടെ വീട്, എല്ലാം.ഈ ഭാഗത്ത് മാറ്റം വരാത്ത ഒന്നുമില്ല,  പക്ഷേ ആ വീട് മാത്രം  ഇന്നും മാറ്റമില്ലാതെ നില്‍ക്കുന്നു. ഞങ്ങളുടെ തെങ്ങും വാഴയുമൊക്കെ (ഇപ്പഴത്തെ വാഴക്കുട്ടികളുടെ മുതുമുതു മുത്തശ്ശിമാര്)  അതില്‍ അഭിനയിച്ചിട്ടുണ്ട്.

സംവിധായകന്‍‍ അമ്പിളി. അദ്ദേഹം വേറെ ഒരു സിനിമ കൂടി ചെയ്തിട്ടുണ്ട്, വീണപൂവ്.  മറ്റു വല്ലതുമുണ്ടൊ എന്നെനിക്കറിയില്ല.

ഇതൊക്കെ ഇപ്പോ ഇവിടെ ഞാനെന്തിനാ പറയണേന്നാവും. ഉണ്ട് കാര്യമുണ്ട്, പറയാം...

അന്നത്തെ സംവിധായകന്‍ അമ്പിളിക്ക് പഴയ ലൊക്കേഷനൊക്കെ വീണ്ടു കാണാനൊരു മോഹം. (രണ്ടാം ഭാഗം എടുക്കാനാണോ എന്തോ!)ഈ ഭാഗത്തെവിടെയോ ഒരു കല്യാണത്തിനു് വന്നപ്പോള്‍ അദ്ദേഹം വന്നിരുന്നു. ഇവിടേയും കയറി.  പലതും പറഞ്ഞ കൂട്ടത്തില്‍ പടം വരക്കുന്നതിനേപ്പറ്റി പറഞ്ഞപ്പോള്‍ എനിക്കൊരു പടം വരച്ചു തരാമോ  എന്നു ചോദിച്ചു. പെന്‍സിലും പേപ്പറും എടുക്കാന്‍ പറഞ്ഞു. 5 മിനിറ്റ് തികച്ചെടുത്തില്ല. അദ്ദേഹം വരച്ച പടങ്ങളാണിതു്.

P2060148                     മോഡേണ്‍ സുന്ദരി

P2060155

ശാലീന സുന്ദരി. കണ്ണെഴുതി പൊട്ടും തൊട്ട്, ജിംക്കിയും, കല്ലു വച്ച മാലയുമൊക്കെയിട്ട്‌...

ഇതൊക്കെ സംഭവിച്ചത്‌ ഒരു വര്‍ഷം മുന്‍പ്. ഇന്ന്‌ മറ്റെന്തോ നോക്കിയപ്പോള്‍ കണ്ണില്‍ പെട്ടു. എന്നാല്‍ പിന്നെ പോസ്റ്റിയേക്കാം എന്നു വച്ചു.‍

എഴുത്തുകാരി.