Sunday, May 23, 2010

ഓര്‍മ്മയിലെ തൊടുപുഴ അഥവാ ഒരു തിരിഞ്ഞുനോട്ടം...

ഇതൊന്നു നോക്കൂ -

P5240138_thumb1[1]

മടക്കയാത്ര – മറ്റൊരു തിരിച്ചു വരവിനായി.

കഴിഞ്ഞ തൊടുപുഴ ബ്ലോഗ് മീറ്റ് കഴിഞ്ഞുവന്നു് ഇട്ട പോസ്റ്റിലെ പടമാണ്.  ഒരു വര്‍ഷമാകുന്നു മേയ് 24നു്, അതായതു്, നാളെ.

'മറ്റൊരു തിരിച്ചുവരവിനായി'  പോകുന്നതു് എഴുത്തുകാരിയും (അതായത്‌ ഈ ഞാന്‍) ബ്ലോഗര്‍ ലതിയും. (ഓര്‍മ്മയില്ലേ ചെറായി മീറ്റും ചക്കയപ്പവും. അതേ ലതി തന്നെ.)

അന്നു് ആ അടിക്കുറിപ്പ് വെറുതെ ഇട്ടൂന്നു മാത്രം. ഇപ്പോഴിതാ വീണ്ടും ഒരു യാത്രക്കു അരങ്ങൊരുങ്ങിയിരിക്കുന്നു, തൊടുപുഴക്കു്. 

ഒരു  ബ്ലോഗ് മീറ്റ് വീണ്ടും തൊടുപുഴയില്‍ വന്നു ചുറ്റിത്തിരിഞ്ഞു നില്പാണല്ലോ. പാവപ്പെട്ടവന്‍ തട്ടിവിട്ട പന്ത്  കുമരകത്തൊന്നു കറങ്ങി, എറണാകുളത്തൊന്നു കറങ്ങിത്തിരിഞ്ഞ്‌   ഉരുണ്ടുരുണ്ട്  ഇപ്പോഴിതാ ഹരീഷിന്റെ തൊടുപുഴയിലെത്തി നില്‍ക്കുന്ന ഈ സമയത്ത്, ബൂലോഗത്തിന്റെ ചരിത്രത്തില്‍  സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ട തൊടുപുഴ മീറ്റിലേക്കൊരു തിരിഞ്ഞുനോട്ടം.‍

അന്നു ഹരീഷ് വിളിച്ചപ്പോള്‍ പേടിച്ചുപേടിച്ചാണ്‌‍ (പേടിയല്ല, എന്നാലും എന്തോ ഒരുരുരു.. ഇതു്). പിന്നെന്താണെന്നുവച്ചാല്‍ ബൂലോഗത്തേക്കു പിച്ചവെച്ചു കടന്നുവന്ന ഹരീഷിനെ ആദ്യമായി കമെന്റി  സ്വാഗതം ചെയ്തതു ഞാനാണത്രേ. അതിന്റെ ഐശ്വര്യമാ ഹരീഷിന്റെ ബൂലോഗത്തിലെ ഈ വച്ചടി വച്ചടി കേറ്റം. അതുകൊണ്ട് ചേച്ചിയില്ലാതെ തൊടുപുഴയിലെന്തു  ബ്ലോഗ് മീറ്റ് എന്ന ചോദ്യത്തിനു മുന്‍പില്‍ എനിക്കു പിടിച്ചുനില്‍ക്കാനായില്ല.  (ഗദ്ഗദ്) :):)

തൊടുപുഴയില്‍ ഇറങ്ങിയ ഉടനേ ഞാന്‍ ഹരീഷിനെ വിളിച്ചപ്പോള്‍ ആദ്യത്തെ ചോദ്യം. ചേച്ചി ഏതു കളര്‍ സാരിയാ ഉടുത്തിരിക്കുന്നതെന്ന്, ഞാന്‍ ചോദിച്ചതു് കാറിന്റെ കളറും.

ആകെ കുറച്ചുപേര്‍ മാത്രം. കസേരകള്‍ വട്ടത്തിലിട്ടിരിക്കാന്‍ മാത്രം! No registration, no registration fee. മുഖമുള്ള കുറേ ബൂലോഗവാസികളെ കണ്ടു. തൊമ്മന്കുത്ത് കണ്ടു.

ദാ പിടിച്ചോ, ഒന്നു രണ്ടു പടങ്ങള്‍  കൂടി ..

P5240104_thumb1[1]

ഗ്രൂപ്പ് ഫോട്ടോ..‍

P5240043_thumb1[1]

കരിമലകയറ്റം കഠിനമെന്റയ്യപ്പാ -  തൊമ്മന്‍കുത്തിലേക്കു്...

ഇനീം കാണണോ?‍ ദാ, ഇവിടെ പോയി നോക്കൂ.

രസായിരുന്നൂട്ടൊ, കവിതയും പാട്ടും, നാടന്‍പാട്ടുമൊക്കെയായിട്ട്.  ഈ ഞാന്‍ വരെ പാടി. ഈറ്റിന്റെ കാര്യം പ്രത്യേകിച്ചു പറയണ്ടല്ലോ. കപ്പയും, കാന്താരിമുളകും. 

ഞാനിതെന്തിനാ ഇപ്പോ പറയുന്നതെന്നുവച്ചാല്‍ വീണ്ടും വരുന്നു ഒരു തൊടുപുഴ മീറ്റ്.  ആരും അറച്ചുനില്‍ക്കാതെ, മടിച്ചുനില്‍ക്കാതെ കൂട്ടം കൂട്ടമായിട്ടു കടന്നുവരൂ. അയ്യോ പോവായിരുന്നൂന്ന് പിന്നെ തോന്നീട്ടൊരു കാര്യോല്ല്യ.   നമുക്കു് അടിച്ചുപൊളിക്കാമെന്നേ.

വാല്‍ക്കഷ്ണം:  ഹരീഷെ, നമ്മുടെ നാട്ടുകാരനെ എവിടുന്നെങ്കിലും ഒന്നു തപ്പിപ്പിടിക്കണമല്ലോ, ഏപ്പു ചേട്ടന്റെ കഥ വിസ്തരിക്കാന്‍.

എഴുത്തുകാരി.

Friday, May 14, 2010

അഷ്ടപദി - രണ്ടു സുന്ദരികളും...

വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ഒരു സിനിമയാണ്‌‍, അഷ്ടപദി (പെരുമ്പടവം ശ്രീധരന്റെ). നായിക മേനക. ദരിദ്രമായ  അമ്പലവാസി കുടുംബത്തിലെ പെണ്‍കുട്ടി. അവള്‍ നായകന്‍ ദേവനെ പ്രേമിക്കുന്നു. ഒരുപാട് കാത്തിരുന്നിട്ടും ജോലി കിട്ടാതിരുന്ന ദേവനു്‍ ജോലി ലഭിക്കാന്‍ വേണ്ടി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടിവരുന്നു. സിനിമ അവസാനിക്കുമ്പോള്‍  മേനക നിറഞ്ഞു കിടക്കുന്ന പുഴയിലേക്കിറങ്ങി പോകുന്നു. ഇതാണ്‌ ഏകദേശ കഥ.

നല്ല  സിനിമയായിരുന്നു. ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയുണ്ട്, ആ‍ സിനിമയുടെ ഒരുപാട് ഭാഗങ്ങള്‍ ചിത്രീകരിച്ചതു് ഇവിടെ വച്ചാണ്.. പഴയ നെല്ലായിയെ കുറച്ചൊക്കെ അതില്‍ കാണാം. അമ്പലം, ആല്‍, പുഴ, കടവ്, മേനകയുടെ വീട്, എല്ലാം.ഈ ഭാഗത്ത് മാറ്റം വരാത്ത ഒന്നുമില്ല,  പക്ഷേ ആ വീട് മാത്രം  ഇന്നും മാറ്റമില്ലാതെ നില്‍ക്കുന്നു. ഞങ്ങളുടെ തെങ്ങും വാഴയുമൊക്കെ (ഇപ്പഴത്തെ വാഴക്കുട്ടികളുടെ മുതുമുതു മുത്തശ്ശിമാര്)  അതില്‍ അഭിനയിച്ചിട്ടുണ്ട്.

സംവിധായകന്‍‍ അമ്പിളി. അദ്ദേഹം വേറെ ഒരു സിനിമ കൂടി ചെയ്തിട്ടുണ്ട്, വീണപൂവ്.  മറ്റു വല്ലതുമുണ്ടൊ എന്നെനിക്കറിയില്ല.

ഇതൊക്കെ ഇപ്പോ ഇവിടെ ഞാനെന്തിനാ പറയണേന്നാവും. ഉണ്ട് കാര്യമുണ്ട്, പറയാം...

അന്നത്തെ സംവിധായകന്‍ അമ്പിളിക്ക് പഴയ ലൊക്കേഷനൊക്കെ വീണ്ടു കാണാനൊരു മോഹം. (രണ്ടാം ഭാഗം എടുക്കാനാണോ എന്തോ!)ഈ ഭാഗത്തെവിടെയോ ഒരു കല്യാണത്തിനു് വന്നപ്പോള്‍ അദ്ദേഹം വന്നിരുന്നു. ഇവിടേയും കയറി.  പലതും പറഞ്ഞ കൂട്ടത്തില്‍ പടം വരക്കുന്നതിനേപ്പറ്റി പറഞ്ഞപ്പോള്‍ എനിക്കൊരു പടം വരച്ചു തരാമോ  എന്നു ചോദിച്ചു. പെന്‍സിലും പേപ്പറും എടുക്കാന്‍ പറഞ്ഞു. 5 മിനിറ്റ് തികച്ചെടുത്തില്ല. അദ്ദേഹം വരച്ച പടങ്ങളാണിതു്.

P2060148                     മോഡേണ്‍ സുന്ദരി

P2060155

ശാലീന സുന്ദരി. കണ്ണെഴുതി പൊട്ടും തൊട്ട്, ജിംക്കിയും, കല്ലു വച്ച മാലയുമൊക്കെയിട്ട്‌...

ഇതൊക്കെ സംഭവിച്ചത്‌ ഒരു വര്‍ഷം മുന്‍പ്. ഇന്ന്‌ മറ്റെന്തോ നോക്കിയപ്പോള്‍ കണ്ണില്‍ പെട്ടു. എന്നാല്‍ പിന്നെ പോസ്റ്റിയേക്കാം എന്നു വച്ചു.‍

എഴുത്തുകാരി.

Friday, April 30, 2010

ജോസൂട്ടിയും റോസിലി ടീച്ചറും...

രാധികക്കു പല്ല് വേദന. പുല്ലന്‍ ഡോക്റ്ററെ കാണണം (പല്ലനല്ല, പുല്ലന്‍ തന്നെ)  ബുക്ക് ചെയ്തിട്ടുണ്ട്. ജലദോഷത്തിന്റെ കഥ  പറഞ്ഞപോലെ,  ബുക്ക് ചെയ്താല്‍ 60 മിനിറ്റ്, അല്ലെങ്കില്‍ ഒരു മണിക്കൂര്‍ അത്രേയുള്ളൂ വ്യത്യാസം.  കൂട്ടിനു ഞാനും പോണം.  എനിക്കും ഇത്തിരി കാര്യമുണ്ട് ചാലക്കുടിയില്‍ പോയിട്ട്. ഒരു വെടിക്കു രണ്ടു പക്ഷി.

ഒരു മണിക്കൂര്‍ കഴിഞ്ഞു. പിന്നേം കഴിഞ്ഞു. അവളെ അകത്തേക്കു വിളിച്ചു. ഞാനിങ്ങനെ  വരുന്നവരേം പോകുന്നവരേം നോക്കി ഇരിപ്പ്‌ തന്നെ. കുറേപ്പേര്‍ പോകുന്നു, പുതിയവര്‍ വരുന്നു. പിന്നെന്താ  എ സി യാണ്, ടി വി യുണ്ട്. 

കുറച്ചുകഴിഞ്ഞപ്പോള്‍  ഒരു പത്തുമുപ്പത്തഞ്ചു വയസ്സുള്ള ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നിട്ടു പറഞ്ഞു.

ചേച്ചി ഒന്നങ്ങ്ട് മാറി ഇരുന്നേ.

അപ്പുറത്ത് വേറെ സീറ്റുകള്‍ കാലിയുണ്ട്. എന്നിട്ടും ഇയാള്‍‍ക്കെന്താ ഇവിടെത്തന്നെ ഇരിക്കണമെന്നിത്ര നിര്‍ബ്ബന്ധം? ടി വി യാണെങ്കില്‍ എവിടെയിരുന്നാലും നന്നായിട്ടു കാണാം. ആ, എന്തായാലും എണീറ്റു പോവാനൊന്നുമല്ലല്ലോ പറഞ്ഞതു്, നോക്കാം. ഞാന്‍ മിണ്ടാതെ അപ്പുറത്തെ കസേരയിലേക്കു മാറിയിരുന്നു.

അയാള്‍  ഞാന്‍ കൊടുത്ത കസേരയിലിരുന്നു, തൊട്ടടുത്തിരുന്ന ആളോട് ചോദിച്ചു,

ടീച്ചറേ,  ടീച്ചര്‍ക്കെന്നെ മനസ്സിലായോ? 

ടീച്ചര്‍ സൂക്ഷിച്ചുനോക്കി. ടീച്ചര്‍ക്കു മനസ്സിലായിട്ടില്ലെന്നു് എനിക്കു മനസ്സിലായി.

ടീച്ചറേ ഞാന്‍ ജോസ്, എട്ടില്‌‍‍ ടീച്ചറ്ടെ ക്ലാസ്സിലെ.....

ടീച്ചര്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.

ഓര്‍മ്മയില്ലേ ടീച്ചര്‍ക്ക് എന്നേം സുനിലിനേം. മറക്കാന്‍ വഴീല്യല്ലോ. ഒളിച്ചിരുന്നു ബീഡി വലിച്ചത്‌ കണ്ടുപിടിച്ചതു്, ക്ലാസ്സീന്നു പുറത്താക്കിയതു്., അപ്പനെ വിളിച്ചോണ്ട്  വരാന്‍ പറഞ്ഞതു്.. എന്നിട്ടു്..

ടാ ജോസൂട്ടിയല്ലേടാ നീ. എന്റെ മാതാവേ,   ഇപ്പഴാടാ എനിക്കു പിടിത്തം കിട്ടിയേ.ആ കോലന്‍ ചെക്കനാ ഈ കാണണേ. 

രണ്ടു പേരും രണ്ടു കയ്യും കൂട്ടിപ്പിടിച്ചു.

നീയെന്താടാ ചെയ്യണേ?

ഞാന്‍ തോറ്റു ടീച്ചറേ പത്തില്,  പിന്നെ എഴുതീല്യ..  അപ്പന്റെ കൂടെ കടേല്‌‍ കൂടി.‍. ഇപ്പോ തരക്കേടില്യ.

(അതെനിക്കും മനസ്സിലായി, ചങ്ങല പോലത്തെ ഒരു കൈചെയിനല്ലേ കയ്യില്‍ കിടക്കുന്നതു്)

പിന്നെന്തിനു പറയുന്നു, തുടങ്ങിയില്ലേ രണ്ടുപേരും കൂടി കഴിഞ്ഞ പത്തിരുപതു വര്‍ഷത്തെ കഥകള്‍, തനി നാടന്‍‍ തൃശ്ശൂര്‍ ഭാഷയില്‍. എന്തൊക്കെ കഥകളാ അവര്‍ ഓര്‍ത്തെടുത്തതു്. ഉറക്കെ ഉറക്കെ പൊട്ടിച്ചിരികള്‍. ടീച്ചറ് ഇടക്കു ഞങ്ങളെ നോക്കിയും  പറയും ജോസൂട്ടിയുടെ പഴയ വീരചരിതങ്ങള്‍.  എന്തിനു പറയുന്നു,ആരും ടി വി കാണാതായി. എല്ലാവരും അവരുടെ കൂടെ കൂടി. രസകരമായ കുറേ  നിമിഷങ്ങള്‍.‍തീര്‍ച്ചയായും റോസിലി ടീച്ചര്‍ക്കു സന്തോഷം തോന്നിയിട്ടുണ്ടാവും.

അയാള്‍ക്കു വേണമെങ്കില്‍ ആ പഴയ  ടീച്ചറെ കണ്ടിട്ട്  കാണാത്ത മട്ടിലിരിക്കാമായിരുന്നു. അല്ലെങ്കില്‍ വെറുതെ ഒന്നു ചിരിച്ചു് അവസാനിപ്പിക്കാമായിരുന്നു. ഇല്ലേ?

എങ്കില്‍,  എത്ര  സുന്ദരമിനിഷങ്ങളാ ‍ നഷ്ടപ്പെടുമായിരുന്നതു്‌! 

എഴുത്തുകാരി.

Wednesday, April 14, 2010

പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!

ഇതൊന്നു നോക്കൂ, എന്റെ കണിക്കൊന്ന മരം.   ഇത്തിരിപ്പോന്ന  ഓരോ ചെടിയിലും അതിനു താങ്ങാന്‍ പറ്റാത്തത്ര പൂവ്.  ഇതില്‍ വേണമെങ്കില്‍ ഒരു ഇരുപത്തഞ്ചു കുല പൂവെങ്കിലും ഉണ്ടായിക്കൂടേ? വേണ്ടാ ഒരു  പത്ത്, അഞ്ചു്, വെറും ഒരു കുല.  ഇല്ല, മരുന്നിനൊരെണ്ണം പോലും.....

kanikonna

വാശിയാണ്, പ്രതിഷേധം. ഇനീപ്പോ അതെന്താന്നുവച്ചാ, നമുക്കു് ലേശം പുറകോട്ടുപോണം അധികമൊന്നും വേണ്ടാ, ഒരിത്തിരി.

കഴിഞ്ഞ വര്‍ഷം വിഷുവിനു കണ്ടോ, നിറയെ പൂത്തുലഞ്ഞ്‌ മഞ്ഞപ്പട്ടും ചൂടിയുള്ള നില്പ്.‍.

P3310009

അമ്പലത്തില്‍ വരുന്നവര്‍, ആ വഴി പോകുന്നവര്‍ എല്ലാവരും ആവശ്യക്കാര്‍.

"എനിക്കു രണ്ടു തണ്ട് എടുത്തു വച്ചേക്കണേ" ദ്രൌപദിയമ്മ.

"ഇവിടേണ്ടല്ലോ അതോണ്ടിനി പൂവന്വേഷിച്ച് നടക്കണ്ടാ, ഭാഗ്യം” ലക്ഷ്മിയേടത്തി.

" എനിക്കുള്ളതു  മാറ്റിവച്ചിട്ടുണ്ടല്ലോല്ലേ, നിന്നോടതു പ്രത്യേകിച്ചു പറയണ്ടാല്ലോ" ശാരദ ടീച്ചറ്.

" എന്റെ കാര്യം മറക്കണ്ടാട്ടോ" ,  എനിക്കൊരിത്തിരി പൂവ് , പേരിനു് ഒരു നാലു പൂവ്‌  ഒരു എലേല്‍ പൊതിഞ്ഞ്  വെള്ളം തളിച്ചു വച്ചേക്ക്‌".  ദിവാരേട്ടന്‍.

തോട്ടി കൊണ്ടുവരാനോ പൊട്ടിക്കാനോ ആരുമില്ല.  പിള്ളേരെ സംഘടിപ്പിച്ചു ഞാന്‍ തന്നെ ചെയ്യണം. അവര്‍ക്കു കൈനീട്ടവും കൊടുക്കണം. അല്ല, എനിക്കതൊക്കെ വല്യ ഇഷ്ടോള്ള കാര്യാണേ. അതുകൊണ്ട്  അതു  പ്രശ്നല്യ.

അങ്ങനെ എല്ലാരുടേം ഡിമാന്‍ഡ് കണ്ട്  സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന പാട്ടും പാടി, എന്റെ പൂവാണല്ലോ ഈ അടുത്തുപുറത്തുള്ളവരൊക്കെ  കണി കാണണേ എന്നഹങ്കരിച്ചു് കൊന്നയങ്ങോട്ടു വളറ്ന്നു.  പരാതിയും തുടങ്ങി.

" അകലേന്ന് ഒന്നു തൊഴുതു പോവാംന്ന്വച്ചാല്‍ എങ്ങനെയാ, ഈ മരമല്ലേ, ഭഗവാനേം മറച്ചട്ട്. ",   "എന്തിനാ ഇതിനെയിങ്ങനെ രാക്ഷസന്‍ പോലെ വളര്‍ത്തണതാവോ,  വിഷുക്കാലത്ത് നാലു‍ പൂവു കിട്ടൂന്നല്ലാതെ എന്താ  കാര്യം!" ദീപസ്തംഭത്തില്‍ വിളക്ക് വെച്ചാ കാണില്യ,  ഉത്സവത്തിനു് ലൈറ്റിട്ടാ കാണില്യ, മുറിക്കാണ്ട് വയ്യ., ഉത്സവമിങ്ങടുത്തു" മെയിന്‍ പരാതിക്കാരന്‍ ദിവാരേട്ടന്‍.‍

എല്ലാര്‍ക്കും ഉപദ്രവമായ കാര്യം ഇനി നമ്മളായിട്ടു ചെയ്യണ്ട. തടസ്സമുള്ള കൊമ്പു്  മുറിച്ചോട്ടെ.  മുറിക്കാന്‍ കേറിയതു് തങ്കപ്പന്‍..(തങ്കപ്പനെ ഞാന്‍  നേരത്തെ ഒന്നു കണ്ട് ആ വഴീലേക്കു നിക്കണതിന്റെ നീളം ഇത്തിരി കുറച്ചാ മതി,അവരു പറയണതൊന്നും കേക്കാന്‍ നിക്കണ്ടാ എന്നൊക്കെ ശട്ടം കെട്ടി).

മുകളില്‍ തങ്കപ്പന്‍. താഴെ ദിവാരേട്ടനും കൂട്ടരും.  ഇരുന്നു നോക്കിയാല്‍  നിരന്നു കാണണം എന്ന പ്രകൃതക്കാരനാണ് തങ്കപ്പന്‍.. ഉള്ളിലാണെങ്കില്‍‍ രാവിലേ അകത്താക്കിയ രണ്ടു കുപ്പി. താഴേന്നുള്ള പ്രോത്സാഹനം.  അതിനിടയില്‍ എന്റെ ശട്ടം കെട്ടലൊക്കെ കാറ്റില്‍ പറന്നു പോയി.മതി മതി എന്നുള്ള എന്റെ  ദീനരോദനം അലിഞ്ഞലിഞ്ഞുപോയി.  അവസാനം ഒറ്റ കൊമ്പില്ല, തടി മാത്രം ബാക്കി.

വൈകുന്നേരത്തെ ചീത്ത വേറെ. " എന്താ ഈ ചെയ്തുവച്ചിരിക്കണേ,   എന്നെ കുറ്റം പറയാന്‍ നല്ല മിടുക്കാണല്ലോ. എന്നിട്ടിപ്പഴോ"  ‍ മോള്‍ക്കാണെങ്കില്‍ അതു കേട്ടിട്ട് എന്താ ഒരു സന്തോഷം!

പിറ്റേന്നു തുടങ്ങി പുതിയ കൂമ്പു വരാന്‍. ഞാന്‍ പറഞ്ഞു, ദാ കണ്ടില്ലേ വെറ്തേ എന്നെ കുറ്റം പറഞ്ഞു. എന്തു സ്പീഡിലാ വളരണേ. വിഷുവിനു് ഇഷ്ടം പോലെ പൂ കിട്ടും.

വളര്‍ന്നു, വേണെങ്കില്‍ മിനിമം ഒരു പത്തിരുപത്തഞ്ചു കുല പൂവുണ്ടാകാന്‍ പാകത്തിലൊക്കെ. പക്ഷേ ഒറ്റ പൂ ഉണ്ടായില്ലെന്നു മാത്രം!

ഇന്നു രാവിലെ ദിവാരേട്ടന്‍ വന്നിട്ടു്, "മോളേ മറക്കണ്ടാട്ടോ എന്റെ പങ്ക്‌  ഒരേല് പൊതിഞ്ഞ് ഇത്തിരി വെള്ളം തളിച്ചു വച്ചേക്കു്". എനിക്കു് വല്ല മന്ത്രവിദ്യയുമുണ്ടോ അയാള്‍ക്ക്‍ ആകാശത്തു നിന്നു് പൂവ് എടുത്തു കൊടുക്കാന്‍ .  വച്ചിട്ടുണ്ട് ഞാന്‍.  നാലു തണ്ട് ഇല പൊതിഞ്ഞു വെള്ളം തളിച്ചു വക്കും. വീട്ടില്‍ ചെന്നു തുറന്നു നോക്കട്ടെ. അല്ല പിന്നെ....

എന്തായാലും എന്റെ പ്രിയപ്പെട്ട കണിക്കൊന്നേ, എനിക്കിഷ്ടായി നിന്നെ. 

ഒരു കുലയെങ്കിലും നീ പൂത്തിരുന്നെങ്കില്‍  എനിക്കു നിന്നെ ഇത്രക്കിഷ്ടമാവില്ലായിരുന്നു. വാശി കാണിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം.

എഴുത്തുകാരി.

Thursday, April 8, 2010

വേനലില്‍ വെയില്‍ കായുന്നവര്‍

നട്ടുച്ച നേരം.   കത്തുന്ന വെയില്‍. പുറത്തിറങ്ങാന്‍ മടിച്ച്  വീടിന്റെ  തണുപ്പില്‍ ‍ ഞാന്‍.

ഗെയിറ്റിനരികില്‍ കുറച്ചു തെങ്ങിന്‍ തടികള്‍ കൂട്ടി ഇട്ടിട്ടുണ്ട്. (പഞ്ചായത്തില്‍ നിന്നു് തെങ്ങൊന്നിനു് 200/300 വച്ചു കിട്ടും, കേടുള്ളതു് മുറിച്ചാല്‍).

വെയിലത്തു നടന്നുവരുന്നു രണ്ടുമൂന്നു ‍ വിദേശികള്‍. ‍ വണ്ടി ആല്‍മരത്തിന്റെ സുഖകരമായ തണലില്‍ നിര്‍ത്തി, അവര്‍ നല്ല വെയിലത്തേക്കു നടന്നു വന്നു. ആ തെങ്ങിന്‍ തടികളില്‍ ‍ വന്നിരുന്നു. ഭക്ഷണപ്പൊതി തുറന്നു. ബ്രെഡും  സാന്‍ഡ് വിച്ചുമൊക്കെയാണ്.

അതിഥി ദേവോ ഭവ: എന്നല്ലേ, അതും ദൈവത്തിന്റെ സ്വന്ത് നാട്. എന്റെ ആതിഥ്യ മര്യാദ ഉണര്‍ന്നു,  ഞാന്‍  പോയി അവരോട് പറഞ്ഞു. എന്തിനാ ഈ വെയിലത്തിരിക്കുന്നതു്, വരൂ, ഇതെന്റെ വീടാണ്, തണലത്തു പോയിരുന്നു കഴിക്കാം എന്നു്. അവര്‍ പറഞ്ഞു  വെയില്‍ കൊള്ളുന്നതു് ഇഷ്ടമായിട്ട് അവിടെ വന്നിരുന്നു് കഴിക്കുകയാണ്,‍ ഈ വെയില്‍  enjoy ചെയ്യുകയാണെന്നു്.  അവരുടെ നാട്ടില്‍  ഇപ്പോള്‍ 7 ഡിഗ്രിയേയുള്ളൂവത്രേ. (ഇവിടെ 32/33 - അതോ അതിലും കൂടുതലോ ആയിരുന്നിരിക്കണം)  എന്നിട്ട് അവര്‍ അവിടെ തന്നെയിരുന്നു ഭക്ഷണം കഴിച്ചു. ഒരു കഷണം കടലാസു പോലും അവിടെ ഇട്ടുപോയില്ല.

ഫോട്ടോ എടുത്തോട്ടെ എന്നു് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചു, ഭക്ഷണപ്പൊതി താഴെ വച്ചു.

P3300012 

Audri  യും ജോയും പാരീസില്‍ നിന്നു്

    P3300014

ക്രിസ്റ്റീന, ഹംഗറിയില്‍ നിന്നു്.

അവരോട് ഏതു രാജ്യത്തില്‍ നിന്നാണെന്നു് ചോദിച്ചപ്പോള്‍ ‍ പറഞ്ഞു, ഹാഫ് ഇന്‍ഡ്യന്‍ ആണെന്നു്.  ഒരു പാലക്കാട്ടുകാരനെയാണ് കല്യാണം കഴിച്ചിരിക്കുന്നതു്. താമസിക്കുന്നതു് ബാംഗ്ലൂരില്‍.  അഛന്‍, അമ്മ എന്നൊക്കെ തന്നെയാണ് പറഞ്ഞതു്.

ആലുവക്കു പോകുന്ന വഴിയായിരുന്നു.   പോകുമ്പോള്‍ വന്നു യാത്ര പറഞ്ഞിട്ടാ പോയതു്.

നമ്മുടെ പൊള്ളുന്ന വെയില്‍ അവര്‍ക്കു  സുഖകരമാണ്, അവര്‍ അതാസ്വദിക്കുന്നു.

എഴുത്തുകാരി.

Thursday, March 25, 2010

വന്ന വഴിയും പോയ വഴിയും..

ഒരു എറണാകുളം യാത്ര. രണ്ടുപേര്‍ എനിക്കുവേണ്ടി തൃശ്ശൂര്‍ക്കു വരുന്നതിലും നല്ലതു് ഞാന്‍ മാത്രം അങ്ങോട്ടു പോവുന്നതല്ലേ, അതെ.

അവരെന്നെ കാത്തുനിക്കും.  ഞാന്‍ കച്ചേരിപ്പടിയില്‍ ഇറങ്ങും. അവിടെ നിന്നൊരുമിച്ചു പോകാം. അതാണ് കരാറ്. ഒരാളാണെങ്കില്‍ ബൂലോഗത്തെ S K  പൊറ്റേക്കാട്, മറ്റേയാള്‍ ഞാന്‍ കൊടകരക്കും പുതുക്കാട്ടെക്കും പച്ചക്കറി വാങ്ങാന്‍ പോകുന്നപോലെ ദുബായിക്കു ഷട്ടില്‍ അടിക്കുന്ന ബ്ലോഗറ്.. എനിക്കാണെങ്കില്‍ എറണാകുളം വല്യ പിടി പോയിട്ട് കൊച്ചുപിടിപോലുമില്ല.  പക്ഷേ  ബൂലോഗത്ത് മാത്രമല്ല, ഭൂലോകത്തും ചുറ്റിക്കറങ്ങുന്ന ഇവരോടൊക്കെ കൊച്ചി അറിയില്ലെന്നു പറഞ്ഞാല്‍ മോശമല്ലേ?  ഞാനാരാ മോള്‍, ഞാന്‍ ‍ പറഞ്ഞു , ഞാന്‍ എത്തിക്കോളാം.

കൊച്ചിയിലൊരു‍ ബൂലോഗ സംഗമം നടക്കാന്‍ പോവുകയല്ലേ, എന്നാലൊരു പൈലറ്റ് സംഗമം ആയിക്കോട്ടെ എന്നു വച്ചു് നാട്ടുകാരനെ ഒന്നു വിളിച്ചു നോക്കി. ആശാന്‍ പറഞ്ഞു, ചേച്ചി ഞാന്‍ കൊച്ചിയില്‍ പോയിട്ട് കേരളത്തിലേയില്ല എന്നു്.  നേരാണോ ആവോ :)

കലൂരെത്തിയപ്പോള്‍ ഞാന്‍ വിളിച്ചു. ( ഞാന്‍ കണ്ടക്റ്ററുടെ അടുത്ത് ചെന്നിരിപ്പാണ്. കച്ചേരിപ്പടിയെത്തുമ്പോള്‍ പറയണമെന്നു ചട്ടം കെട്ടിയിട്ട്‌). ബൂലോഗത്തു  പിന്നെ സ്വന്തം പേരില്ലല്ലോ,   പാവത്താനും, നിസ്സഹായനും,   എഴുത്തുകാരിയുമൊക്കെയല്ലേയുള്ളൂ‍. . ഞാന്‍ പറഞ്ഞു എഴുത്തുകാരിയാണ്‌‍, കേക്കുന്നില്ല, വീണ്ടും ഉറക്കെ എഴുത്തുകാരി, എഴുത്തുകാരി ...(മുകേഷിന്റെ ‍ കമ്പിളിപ്പുതപ്പ് സ്റ്റൈല്‍).  കണ്ടക്റ്റരും ചുറ്റുമുള്ളവരുമൊക്കെ നോക്കുന്നു. ഒരുപാടെഴുത്തുകാരികളേക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാലും ഇതാദ്യമായിട്ടാ സ്വയം എഴുത്തുകാരിയാണെന്നു വിളിച്ചു കൂവുന്നതു കേള്‍ക്കുന്നതു്. അല്ല, ഇനിയിപ്പോ സ്വന്തം പേരു തന്നെ അതായിരിക്കുമോ? ജനിച്ചപ്പഴേ അഛനുമമ്മക്കും തോന്നിക്കാണുമോ ഇവളൊരു എഴുത്തുകാരിയാവുമെന്ന്‌.  എന്തായാലും എല്ലാവരും അന്തം വിട്ടിരിപ്പാണ്. ഭാഗ്യം കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതിനുമുന്‍പ് കച്ചേരിപ്പടിയെത്തി, ഞാനിറങ്ങി.

കാത്തുനില്‍ക്കാമെന്നു പറഞ്ഞവരെവിടെ?   കാണാനില്ല. ഫോണ്‍ വന്നു.  ചേച്ചി ബസ്സ് വന്ന വഴിക്കു നേരെ നടന്നോളൂ, ഞാന്‍ അങ്ങോട്ടും നടക്കാം, നമുക്കു കൂട്ടിമുട്ടാം. വണ്ടി അവിടെ park ചെയ്യാന്‍ പറ്റില്ല.   ശരി ആയിക്കോട്ടേ . ഞാന്‍ വച്ചടിച്ചു. നടന്നു നടന്നു കാലും ചെരുപ്പും തേഞ്ഞതല്ലാതെ എവിടെ കൂട്ടിമുട്ടുന്നു, നോ രക്ഷ. ഭൂമി ഉരുണ്ടതല്ലേ എവിടേയെങ്കിലും വച്ചു കൂട്ടിമുട്ടുമായിരിക്കും എന്നു വച്ചു നിക്കാന്‍ പോയില്ല, നടന്നു. വീണ്ടും വിളിച്ചിട്ടു്‍  ചേച്ചി എവിടെയാണെന്നു ചോദിച്ചു, ഞാന്‍ നോക്കിയപ്പോള്‍ Govind Furnishing  ന്റെ മുന്‍പില്.  എന്നോട് പറഞ്ഞു, ഇനി ഒരടി  നടക്കല്ലേ , അല്ലെങ്കില്‍ നമ്മളൊരിക്കലും കൂട്ടിമുട്ടില്ല  എന്നു്.  ഇതെന്താ ഇങ്ങനെ, നേരത്തെ നടക്കാന്‍ പറഞ്ഞു, ഇപ്പോ‍ നിക്കാന്‍ പറയുന്നു. ആ എന്താണാവോ?

കുറച്ചുകഴിഞ്ഞപ്പോള്‍ അതാ വരുന്നു കക്ഷി പാവം വിയര്‍ത്തുകുളിച്ചു്. നല്ല നട്ടുച്ച നേരം.  ബസ്സ് വന്ന വഴിക്കു നടക്കാന്‍ പറഞ്ഞു, ഞാന്‍  നടന്നു, ബസ്സ്‍  പോയ വഴിക്കാണെന്നു മാത്രം. ബസ്സ് അവിടെ നിര്‍ത്തിയില്ലെങ്കില്‍ അല്ലെങ്കില്‍ ഞാന്‍‍ അവിടെ ഇറങ്ങിയില്ലെങ്കില്‍  ബസ്സ് വന്ന വഴി അതല്ലേ(അല്ല, അങ്ങനേം ആലോചിക്കാല്ലോ!)

എന്നിട്ട് ഞങ്ങള്‍ രണ്ടുപേരും കൂടി മൂന്നാമത്തെ ബ്ലോഗറുടെ അടുത്ത് എത്തി. തല്‍ക്കാലം കഥ അവിടെ നി‍ക്കട്ടെ.

എഴുത്തുകാരി.

----------------------

വാല്‍ക്കഷണം: ഒന്നാം ബൂലോഗവാസി -‍ ഈ ഞാന്‍.

നട്ടുച്ച നേരത്ത്‌, വെയിലത്തു നടന്നു തളര്‍ന്ന രണ്ടാം ബൂലോഗവാസി - സാക്ഷാല്‍ നിരക്ഷരന്‍‍.

മൂന്നാം ബൂലോഗവാസി -   അതുല്യ.‍ 

Monday, March 8, 2010

അവിചാരിതം

തിരക്കു പിടിച്ച് ഒരു സ്ഥലത്തേക്കു പോകാന്‍ നിക്കുമ്പഴാ ബെല്ലടിച്ചതു്. ആരാണെന്നു നോക്കിയപ്പോള്‍  മിനി .

എന്താ മിനി, ഞാന്‍ ചോദിച്ചു.

അവള്‍ പറഞ്ഞു വെറുതെ,  ചേച്ചിയെ കാണാന്‍. ഞാന്‍ ഇനിനു മുന്‍പും  രണ്ടു പ്രാവശ്യം വന്നിരുന്നു. അന്നൊന്നും ചേച്ചി ഉണ്ടായിരുന്നില്ല.

അങ്ങനെ മൂന്നു പ്രാവശ്യം എന്നെ കാണാന്‍ വരണമെങ്കില്‍  അതു  വെറും വെറുതെയാവില്ല.

ഇനി ഈ മിനി ആരാണെന്നല്ലേ, പറയാം. ഒരു ലേശം ഫ്ലാഷ് ബാക്ക്.

ഒരു രണ്ടുകൊല്ലം മുന്‍പു വരെ അവളായിരുന്നു‍  എന്നെ സഹായിക്കാന്‍ വന്നിരുന്നതു്. അതും നീണ്ട 6-7 വര്‍ഷം.  വീട്ടിനുള്ളിലെ അടിച്ചുതുടക്കല്‍, തുണികള്‍ കഴുകല്‍, എനിക്കെന്തെങ്കിലും സാധനങ്ങള്‍ വേണമെങ്കില്‍ വാങ്ങിക്കൊണ്ടുവന്നു തരും. എന്റെ പൂന്തോട്ടത്തില്‍ വളം ഇടാനോ ചട്ടികള്‍ മാറ്റിവക്കാനോ സഹായിക്കും. വേണമെങ്കില്‍ പറമ്പു നനക്കും.   വളരെ അത്മാര്‍ഥമായിട്ടായിരുന്നു അവളെല്ലാം ചെയ്തതു്.

അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന കാലം. 

ഭര്‍ത്താവു് പണിക്കു പോവില്ല, പോയാല്‍ തന്നെ കിട്ടിയ കാശിനെല്ലാം കുടിക്കും. രണ്ടു കുട്ടികള്‍. മറ്റു രണ്ടു വീടുകളില്‍ കൂടി അവള്‍ പണിക്കു പോയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകളെല്ലാം അവളെന്നോട് പറയാറുണ്ടായിരുന്നു.

സര്‍ക്കാരില്‍നിന്നു കിട്ടുന്ന കാശു കൊണ്ടാണ്‍‍ വീട് പണിതിട്ടുള്ളത്‌. ചുമരൊക്കെ പണിതു. കിട്ടിയ കാശു തികയാഞ്ഞിട്ടോ അതോ അതു വേറെ എന്തിനെങ്കിലും എടുത്തിട്ടൊ എനിക്കറിയില്ല,  മേല്‍ക്കൂര പണിതിട്ടില്ല. മുകളില്‍ ആകാശം. അതിന്റെ സൈഡില്‍ ഓലകൊണ്ട് ചാച്ചുകെട്ടിയിട്ടാണ്‍‍‍ താമസം.

മഴക്കാലത്തു ചിലപ്പോള്‍ വന്നിട്ട് പറയും. താഴെ ഇറങ്ങിയിട്ടാ ഇടി വെട്ടിയേ,വെള്ളം വീഴാത്ത ഒരു സ്ഥലമില്ല,മക്കളേം കെട്ടിപ്പിടിച്ച് ഇരുന്നിട്ടാ നേരം വെളുപ്പിച്ചതു്. രാത്രിയാവുമ്പോള്‍ പേടിയാവുന്നു എന്നു്.  ഷീറ്റ്  (ടെറസ് വീടുകളുടെ മുകളിലൊക്കെ അടിക്കുന്നില്ലേ ഇപ്പോള്‍, അതു്)അടിച്ചാലും മതിയായിരുന്നു ചേച്ചി എന്നൊക്കെ. എനിക്കു പാവം തോന്നും.

ഞാന്‍ പറഞ്ഞു, അതിന്റെ കാര്യങ്ങളൊക്കെ അന്വേഷിക്കൂ, നമുക്കെന്തെങ്കിലും ചെയ്യാം എന്നു്.

കുറച്ചു കാശ് ആങ്ങളമാര്‍ കൊടുത്തു, കുറച്ചെന്തോ ഒരു കുറിയില്‍ നിന്നു് എടുത്തു. ബാക്കി ഞാനും കൊടുത്തു. അങ്ങനെ വീടിനു് മേല്‍ക്കൂരയായി. വാതിലില്ലായിരുന്നു. പരിചയമുള്ള ഒരു കടയില്‍ നിന്നു അതും സംഘടിപ്പിച്ചു കൊടുത്തു. ഏകദേശം 7000 രൂപയോളം എന്റെ കയ്യില്‍ നിന്നു ചിലവായി.

ഈ കാശു സഹായിച്ചപ്പോള്‍ ഞാന്‍ അതുകടമായിട്ടല്ല കൊടുത്തതു്.  ഒരു വര്‍ഷത്തില്‍  എന്റെ ചെറിയ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക്  ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്കു  നീക്കിവക്കാറുണ്ട്.  അതു നന്നായി ഉപയേഗിക്കപ്പെടും എന്നുറപ്പുള്ള     സ്ഥാപനങ്ങള്‍ക്ക് കൊടുക്കും. ഇത് അവള്‍ക്കു്  ഉപകരിക്കട്ടെ എന്നു കരുതി എന്നു മാത്രം. അവളോട് ഞാന്‍ അതിനേപ്പറ്റി ഒന്നും പറഞ്ഞുമില്ല. കടമാണെന്നോ സഹായമാണെന്നോ ഒന്നും.

ഉപയോഗിക്കാതിരുന്ന ഒന്നു രണ്ടു കസേരകള്‍, ഞാന്‍ പുതിയ ടിവി വാങ്ങിയപ്പോള്‍ മാറ്റിവച്ചിരുന്നു BPL  ന്റെ നല്ല ഒരു കളര്‍ ടി വി (റിമോട്ട് ഇല്ലെന്നു മാത്രം) ഇതെല്ലാം ഞാന്‍ കൊടുത്തു.

അവള്‍ക്കു സന്തോഷമായി. എനിക്കും.

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ചാലക്കുടിയില്‍  ഒരു ആശുപത്രിയില്‍ ജോലി കിട്ടി. വൃത്തിയാക്കലും കഴുകലുമൊക്കെ.  അവിടത്തെ ഒന്നു രണ്ടു ഡോക്ടര്‍മാരുടെ വീട്ടിലും പോയിത്തുടങ്ങി.  പിന്നെ വരവ് ഇടക്കു മാത്രമായി. പതുക്കെ അതും ഇല്ലാതായി.

എനിക്കു വല്ലാത്ത സങ്കടം തോന്നി. അവള്‍ വരാത്തതിലല്ല്ല,   അവള്‍ക്കു ഇത്തരത്തില്‍ എന്നോട് പെരുമാറാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത്. എന്നോടൊന്നു പറഞ്ഞിട്ടെങ്കിലും പോകാമായിരുന്നില്ലേ..അന്നൊക്കെ അവളുടെ കാര്യം പറയുമ്പോള്‍ എന്റെ കണ്ണില്‍ വെള്ളം നിറയും. പിന്നെ ഒന്നുരണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്. ഒന്നു ചിരിക്കും. അത്ര തന്നെ. അങ്ങോട്ടുമിങ്ങോട്ടും ഒരു വഴക്കോ ഒന്നുമുണ്ടായില്ല.

എനിക്കു  സഹായത്തിനു വേറൊരാളെ കിട്ടി.

ഫ്ലാഷ് ബാക്ക് കഴിഞ്ഞു, ഇനി വര്‍ത്തമാനകാലത്തിലേക്ക്.

ഇപ്പോള്‍ അവള്‍ എന്നെ കാണാന്‍ വന്നതെന്തിനാണെന്നോ, അവള്‍ക്കിപ്പോള്‍ ഒരു സമാധാനമില്ലത്രേ. ചേച്ചിയോട് പെരുമാറിയത് തീരെ ശരിയായില്ല, കുറ്റബോധം തോന്നുന്നു. കാശിനു ബുദ്ധിമുട്ടില്ല.  എന്നാലും ചേച്ചിയുടെ വീട്ടിലെ പണിയെടുക്കണം. അല്ലെങ്കില്‍ അതൊരു തെറ്റായിട്ടു തോന്നുന്നു  എന്നു്.

ഞാന്‍ പറഞ്ഞു എനിക്കു വേറൊരാളുണ്ടല്ലോ . (മകളുടെ പ്രസവം അടുത്തതുകൊണ്ട്  ഇനി ഒന്നുരണ്ടാഴ്ച കൂടിയേ അവര്‍ വരൂ). അവള്‍ പറയുന്നതു് എനിക്കു മുറ്റം മാത്രമെങ്കിലും അടിക്കാന്‍  തരണം. ചേച്ചി വേണ്ടെന്നു പറഞ്ഞാലും ഞാന്‍ വന്നു മുറ്റമെങ്കിലും അടിച്ചിട്ടു പോകും എന്നു്.

എന്തായിരിക്കും അവള്‍ക്കിപ്പോള്‍ ഇങ്ങനെ പറയാന്‍/തോന്നാന്‍ കാരണം? എനിക്കു തോന്നുന്നു അവള്‍ പറയുന്നതു് അത്മാര്‍ഥമായിട്ടു തന്നെയായിരിക്കും എന്നാണ്.. അവര്‍ക്കും ഉണ്ടായിക്കൂടെ ചെയ്തതു തെറ്റാണെന്ന തോന്നലും  കുറ്റബോധവുമൊക്കെ..

ഇനിയും പറ്റിക്കില്ലെന്നെന്താണുറപ്പെന്നാണ് ഇവിടെ മറ്റുള്ളവരുടെ ചോദ്യം.  ‍ രണ്ടുകൊല്ലം കഴിഞ്ഞിട്ടിപ്പഴെന്താ ഇങ്ങനെ ഒരു മനം മാറ്റം. കുറ്റബോധം,മണ്ണാങ്കട്ട എന്നൊക്കെ വെറുതെ പറയുന്നതല്ലേ, എന്തെങ്കിലും സൂത്രം കണ്ടിരിക്കും, അതാണിപ്പോള്‍  ‍ വന്നിരിക്കുന്നതു്,  എന്തു പറഞ്ഞാലും എല്ലാം മുഖവിലക്കെടുക്കുന്ന ശീലമാണല്ലോ എനിക്ക് എന്നൊക്കെ.

ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ. നിങ്ങള്‍ക്കെന്താ തോന്നുന്നതു്?

എഴുത്തുകാരി.