Friday, August 25, 2017

ഒരു കുഞ്ഞു ബ്ലോഗ്‌ മീറ്റ്‌

അപ്രതീക്ഷിതം,  അവിചാരിതം എന്നൊക്കെ  പറയില്ലേ, അതുപോലെ എന്തോ ഒന്ന്.

ഇന്നലെ രാവിലെ എത്തിയതേയുള്ളൂ ബാംഗ്ലൂരില്‍ നിന്ന്.  അത്യാവശ്യമായി പുറത്ത് പോകാനുണ്ടായിരുന്നു.

തിരിച്ച് വന്നപ്പോഴാണ് ദാ കിടക്കുന്നു, മൊബൈലില്‍ ഒരു മിസ്സ്ഡ് കോള്‍. ആരാ, സാക്ഷാല്‍ ബിലാത്തിപ്പട്ടണം. ഇനിയിപ്പോ ബിലാത്തിയില്‍ നിന്നാവുമോ.    അതോ നാട്ടീന്നു തന്നെയോ.   എവിടുന്നോ ആവട്ടെ. തിരിച്ചു വിളിക്കുകതന്നെ.   വിളിച്ചു.

സംഭവം  ഇതാണ്.  ഒരു കുഞ്ഞു ബ്ലോഗ്‌ മീറ്റ്‌.   ഒരഞ്ചാറുപേരുണ്ട്.   വൈകീട്ട് അഞ്ചു മണിക്ക്. തൃശൂര്‍  എത്താന്‍ പറ്റുമോ എന്നാണ് ചോദ്യം.അപ്പോള്‍ സമയം രണ്ടര.

കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല. പോയേക്കാമെന്ന് വച്ചു.

അങ്ങനെ ഞങ്ങള്‍ --  സീനിയര്‍ ബ്ലോഗര്‍  ജെ പി വെട്ടിയാട്ടില്‍, ബിലാത്തിപ്പട്ടണം,  വിനുവേട്ടന്‍, നീലത്താമര, കുട്ടന്‍ മേനോന്‍, പിന്നെ എഴുത്തുകാരി എന്ന ഈ ഞാനും, ഒന്ന്  ഒത്തു കൂടി.  വേദി തൃശൂര്‍ കാസിനോ.


.

(മുകളില്‍  കാണുന്ന പേരുകളും ആളുകളും ചേരുംപടി  ചേര്‍ക്കുക).

ബൂലോഗത്തിന്‍റെ  ഇപ്പഴത്തെ അവസ്ഥ, കമെന്റുകളുടെ എണ്ണത്തിലെ കുറവ്, തുടങ്ങി ചൂടേറിയ   ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും   ശേഷം‍  ഗംഭീര ഭക്ഷണം.

അത്  കഴിഞ്ഞപ്പോള്‍ ഞാന്‍ മുങ്ങി. അല്ലാ, പിന്നെ നിന്നിട്ട് കാര്യമില്ലല്ലോ. പിന്നെയും ഗൌരവമേറിയ ചര്‍ച്ചകള്‍  വല്ലതും ഉണ്ടായോ ആവോ?


എഴുത്തുകാരി.





14 comments:

Typist | എഴുത്തുകാരി said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

ഒരു കല്യാണം തൃശൂര്‍ കാസിനോയില്‍. പറ്റാവുന്നവര്‍ ഒത്തുകൂടി. അത്രയേയുള്ളൂ. നോ ചര്‍ച്ചകള്‍. ഓണ്‍ലി ഫുഡ്. ഇതുവരെ കാണാതിരുന്ന ചിലരെ കാണാനും പറ്റി...

ജിമ്മി ജോൺ said...

മീറ്റും ഈറ്റും നടന്നു ല്ലേ... എല്ലാം സീനിയർ മെംബേഴ്സ് ആയത്കൊണ്ട് ഗൌരവതരമായ ചർച്ച തന്നെ നടന്നുകാണണം..

അടുത്ത മീറ്റിന് മീറ്റാം എന്ന പ്രതീക്ഷയോടെ..

Punaluran(പുനലൂരാൻ) said...

കഴിഞ്ഞ ബ്ലോഗ് പോസ്റ്റിൽ ബ്ലോഗിന്റെ കാലമൊക്കെ കഴിഞ്ഞു എന്ന് തോന്നിപ്പിച്ചു. 'ജീവിതത്തിന്റെ നിരര്‍ത്ഥകത' എന്ന പേര് തന്നെ ബ്ലോഗിന്റെ നിരര്‍ത്ഥകത എന്നാണ് ചേച്ചി ഉദ്ദേശിച്ചത് എന്ന് തോന്നിപ്പിച്ചു. ബ്ലോഗിന്റെ സ്വീകാര്യത അതാണ് നമ്മെ അസ്വസ്ഥരാക്കുന്നത്. അതിനു ഒരു കാരണമായി എനിക്ക് തോന്നിയത് ഇന്നത്തെ ഫേസ് ബുക്ക് എഴുത്തുകാർ കാര്യങ്ങളെ പെരുപ്പിച്ചു കാണിച്ചു വായനക്കാരെ നേടുന്നു. ഉദാഹരണത്തിന് ചേച്ചിയുടെ ഈ പോസ്റ്റിന്റെ ഹെഡിങ് 'ഒരു കുഞ്ഞുബ്ലോഗ് മീറ്റ്' എന്നാണ് കൊടുത്തത് ന്യൂ ജെനറേഷൻ എഴുത്ത് ആണെങ്കിൽ ഹെഡിങ്ങ് ഇങ്ങനെ ആകും ' ഒരു അടിപൊളി ബ്ലോഗ് മീറ്റ് മഹാമഹം' . എന്തായാലും ബ്ലോഗ് വായിക്കുന്ന കുറേപ്പേരുണ്ട് ..ആശംസകൾ .

വിനുവേട്ടന്‍ said...

വളരെ നല്ലൊരു അനുഭവമായിരുന്നൂട്ടോ ആ മീറ്റ്...

Areekkodan | അരീക്കോടന്‍ said...

ഇടക്കിടക്ക് ഈ സൌഹൃദം ഇങ്ങനെയെങ്കിലും നിലനിര്‍ത്താം...

കാസിം തങ്ങള്‍ said...

ഇവിടെ വല്ലപ്പോഴുമെങ്കിലും എഴുത്തൊക്കെ നടക്കുന്നുണ്ടല്ലേ..
സന്തോഷം.

വീകെ. said...

ഓഹൊ.. എഴുത്തുകാരിയെ ഇപ്പോൾ കാണാറില്ലല്ലോന്ന് എന്റെ ബ്ലോഗിൽ ഇട്ടതേള്ളു. ദേ നിക്കണു എഴുത്തുകാരി ....

Typist | എഴുത്തുകാരി said...

ഞാനും ദാ ഇപ്പൊ അത് വായിച്ച് ഒരു കമെന്റ് ഇട്ടു വന്നതേയുള്ളൂ. സന്തോഷം.

സഹന്‍ | Sahan said...

നല്ലത്... “കാലങ്ങളേറെ പോയാലും മാഞ്ഞിടുകില്ലീ നിമിഷശകലങ്ങള്‍”

Typist | എഴുത്തുകാരി said...

സഹൻ, സൻതോഷം വന്നതിൽ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു കുഞ്ഞു ബ്ലോഗ് മീറ്റിനെക്കാൾ ഉപരി
ഒരു കുഞ്ഞുബ്ലോഗീറ്റായിരുന്നു ആ സംഗതിയെന്ന്
ആർക്കാ അറിയാൻ പാടില്ലാത്തത് ..അല്ലെ..!

Philip V Ariel said...

ഇന്ന് മിനി ടീച്ചറുടെ ബ്ലോഗിലൂടെ ഇവിടെയെത്തി.
അപ്പോൾ ഇവിടൊക്കെ ഉണ്ടായിരുന്നല്ലേ.
സന്തോഷം ബ്ലോഗും മീറ്റും ഇനിയും ഉണ്ടാകട്ടെ
നമ്മുടെ ലണ്ടൻ ഭായ് ഇവിടൊക്കെ ഇങ്ങനെ ഒരു ഉണർവ്വായി ചുറ്റിപ്പറ്റി നടക്കുമ്പോൾ ബ്ലോഗിനെന്തു പഞ്ഞം.
ഞാനും ബ്ലോഗിൽ ഈ ഉണർവിനോടുള്ള ബന്ധത്തിൽ ചിലതു കുറിച്ചിട്ടുണ്ട്. നോക്കുമല്ലോ അല്ലെ.
നാം വിചാരിച്ചാൽ ചിലരെയെല്ലാം തട്ടിയുണർത്താം.
ആശംസകൾ

സുധി അറയ്ക്കൽ said...

ഓഹോ.കൊള്ളാലോ .