Monday, November 23, 2015

അതിഥികൾ വിരുന്നു വന്നപ്പോൾ

ഇതെന്താ കിളികളുടെ മഹാ സമ്മേളനമോ?

ഇപ്പോൾ എന്നെ ഉണർത്തുന്നതവരാണ്.  വെളുപ്പിനു നാലരക്കും അഞ്ചിനുമൊക്കെ. അവർക്കുറക്കമില്ലെന്നു തോന്നുന്നു.  അതിനെങ്ങനെയാ ടിവി യും നെറ്റുമൊന്നും ഇല്ലല്ലോ. സോ  നേരത്തേ 7 മണിക്കും  8 മണിക്കുമൊക്കെ  കയറിക്കിടന്നുറങ്ങുന്നുണ്ടാവും.  പിന്നെ നേരത്തേ ഉണരാതെ വയ്യല്ലോ!. എന്തൊരു ബഹളമാ...

പണ്ട് ഒരുപാട് കിളികൾ  വരുമായിരുന്നു.  പിന്നെപ്പഴോ അവരൊന്നും വരാതായി. ഇപ്പഴിതാ വീണ്ടുമെത്തിയിരിക്കുന്നു, കൂട്ടമായി.

പിന്നിലെ ജാതിമാരത്തിലാ വാസം.

എന്തൊക്കെ കിളികളാ?  പൂത്താങ്കീരി , മൈന,  ചെമ്പോത്ത്, പൂച്ചവാലൻ, മഞ്ഞക്കിളി,  മരംകൊത്തി,  പേരറിയാത്ത  കുഞ്ഞുകുഞ്ഞു കുരുവികൾ,  കുയിൽ, മയിൽ,  അങ്ങനെയങ്ങനെ ..

മയിൽ  എന്ന് വെറുതെ പറഞ്ഞതല്ലാട്ടോ.   നേരത്തേ പറഞ്ഞ എല്ലാരുടേം നേതാവായിട്ട്  രണ്ട്  മയിലുകളും ഉണ്ട് .   ഒരു ആണ്മയിലും ഒരു പെണ്‍മയിലും. മധുവിധുകാലത്ത്  നാട് കാണാൻ പുഴ നീന്തി വന്നതാ. ഈ നാടങ്ങ് (നാട്ടുകാരേം) ഇഷ്ടപ്പെട്ടു.  പിന്നെ തിരിച്ചുപോയില്ല.

 അതുപോലെ വിരുന്നു വന്ന  മറ്റൊരുത്തി കൂടിയുണ്ട്.  വെളുത്തു ചുവന്ന ഒരു സുന്ദരി.  അതിന്റെ തലക്കനോമുണ്ട്. എപ്പഴും ഒറ്റക്കാ. ആരുടേം  കൂടെ  കൂടില്ല.  എന്തിനാ അങ്ങനെ കരുതണേ  അല്ലേ   പാവം, ഒരുപക്ഷേ  ഒറ്റപ്പെട്ടു പോയ ദു:ഖത്തിലായിക്കൂടേ ?

തൂങ്ങികിടക്കുന്ന ചട്ടികളിൽ കൂട് കൂട്ടാൻ ശ്രമിക്കുന്ന കുഞ്ഞു കുരുവികൾ, സിറ്റ് ഔട്ടിലെ കസേരകളിൽ വന്നിരിക്കുന്നവർ ,  ജനലിന്റെ ചില്ലിൽ തട്ടി കളിക്കുന്നവർ  എന്ന് വേണ്ടാ, അവർക്ക്   പ്രവേശനമില്ലാത്ത സ്ഥലങ്ങളില്ല. ഇന്നലെ വരെ വീടിനുള്ളിൽ കടന്നിരുന്നില്ല. ഇന്നലെ ദാ   ഒരുത്തൻ (അതോ ഒരുത്തിയോ)  അടുക്കളയിലെ  സ്ലാബിൽ വന്നിരിക്കുന്നു.    വന്നുവന്നവിടം വരെയായി.

മാവിലും, പേരയിലും, കണിക്കൊന്നയിലും, ജാതിമരത്തിലുമൊക്കെയായി അവരങ്ങിനെ ആർമ്മാദിക്കുകയാണ്.

എന്താ എല്ലാരും കൂടി   ഇവിടെത്തന്നെ തമ്പടിച്ചിരിക്കുന്നതാവോ?  ആരുമില്ല ഉപദ്രവിക്കാൻ, പിന്നെ ഇഷ്ടംപോലെ സദ്യ വട്ടവുമുണ്ട്.

പേരക്കയുണ്ട്, പാഷൻ ഫ്രൂട്ട്,  പപ്പായ പഴുത്ത് നിക്കുന്നു.  ആത്തച്ചക്ക,   കാലം തെറ്റി ഉണ്ടായ മൂവാണ്ടൻ മാങ്ങയുണ്ട്  . കായക്കുല മൂക്കുന്നതിനു  മുൻപേ കൊത്തി ത്തുടങ്ങും.   അപ്പുറത്തെ പറമ്പിൽ  ചാമ്പക്കയുണ്ട്  ( അതിരുകൾ  അവര്ക്ക് ബാധകമല്ലല്ലോ).  പഴുത്ത  കാ‍ന്താരി മുളകിനെ പ്പോലും വെറുതെ വിടുന്നില്ല. പിന്നല്ലേ.

നല്ല ബുദ്ധി തോന്നിയാൽ ഞാനും  ഇത്തിരി അരിമണിയോ പയറു  മണിയോ ഒക്കെ ഇട്ടു കൊടുക്കും. പരമ സുഖമല്ലേ. ഇതിൽ പരമെന്തുവേണം?

പിന്നെ  കരുതിയിട്ടുണ്ടാവും  പാവം എഴുത്തുകാരി ഒറ്റക്കല്ലേ, ഒരു  കമ്പനി ആയിക്കോട്ടെ എന്നു്.

എന്തിനു പറയുന്നു, അങ്ങനെ എല്ലാരും കൂടി  ഒരു ഉത്സവമേളം ഒരുക്കിയിരിക്കയാണിവിടെ.  കുറെ നാൾ  കഴിയുമ്പോൾ ഇവിടം മടുത്ത്, മറ്റെങ്ങോട്ടെങ്കിലും   പോവാതിരുന്നാൽ മതിയായിരുന്നു. എന്നെ വിട്ട്  പോവില്ലായിരിക്കും. അല്ലേ?


എഴുത്തുകാരി.






14 comments:

Typist | എഴുത്തുകാരി said...

niraye kalapila koottunna kilikal....

Anonymous said...

Veendum oru super post

Hats off.

Muralee Mukundan , ബിലാത്തിപട്ടണം said...

വിരുന്നുകാരായി കൂട്ടിനുവന്ന കിളിക്കൂട്ടം...
ഈ മിത്രങ്ങളുമായി സല്ലപിക്കുന്ന കലപില
തന്നെയാണ് ഈ എഴുത്തിന്റെ സൌന്ദര്യവും...കേട്ടൊ

വിനുവേട്ടന്‍ said...

ഞങ്ങളുടെ മുറ്റത്തെ കൂവളച്ചില്ലകളിലിരുന്നു കലപില കൂട്ടുന്ന അസംഖ്യം കിളികളുടെ ബന്ധുക്കളാ കേട്ടോ അവരൊക്കെ.. അന്വേഷണം പറയാൻ പറഞ്ഞു...

Typist | എഴുത്തുകാരി said...

Anonymous, thank you for the good words.

Muralee Mukundan, thank you. Enna ini naattil varunnathu?


Vinuvettan, anweshanam paranjootto. valya santhoshaayi avarkku.

Aarsha Abhilash said...

എല്ലാരുടെം ഓരോ ഫോട്ടോ കൂടി ഇടാരുന്നു :)

Bipin said...

അവര് കൂട് കൂട്ടുന്നതും മുട്ട വിരിയുന്നതും കുഞ്ഞു കിളികളുടെ കല പിലയും ഒക്കെ കണ്ടും കെട്ടും ഇരിക്കൂ. അവര് പോകും. അത് പ്രകൃതി ദത്തം.

Anonymous said...

വീണ്ടും വന്നു അതിഥികളെ കാണാൻ
അതിഥികളും എഴുത്തും മനോഹരം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Oh I was looking anxiously for the photos. saaramilla iniyittaalum mathi

Areekkodan | അരീക്കോടന്‍ said...

അതിഥികള്‍ ഇപ്പോള്‍ ആതിഥേയരായി എന്ന് വിശ്വസിക്കുന്നു....എന്തായാലും അവ ചേച്ചിയെ വിട്ടുപോകാന്‍ തയ്യാറാവില്ല...കാരണം അവര്‍ക്ക് വേണ്ടതെല്ലാം അവിടെയുണ്ട്....

സുധി അറയ്ക്കൽ said...

എന്നിട്ടെന്തായി ചേച്ചീ????


ആ കൂട്ടുകാർ അവിടെത്തന്നെയുണ്ടോ???

സുധി അറയ്ക്കൽ said...

എന്നിട്ടെന്തായി ചേച്ചീ????


ആ കൂട്ടുകാർ അവിടെത്തന്നെയുണ്ടോ???

പിരിക്കുട്ടി said...

after a long time ....chechi ividuthanne undallo samadhanam...they always with u ....

Anonymous said...

ഒരിക്കൽക്കൂടി സ്വാഗതം
പുതുവർഷാശംസകൾ !
വേഴാമ്പൽ കേഴും വേനൽ കുളിരാണ് എഴുത്തോല