Thursday, May 16, 2013

സംരക്ഷിക്കപ്പെടാന്‍ അവകാശങ്ങളില്ലാത്തവര്‍.........

ആരെയാണോ  ഞാനിന്നു  കണി കണ്ടതു്? അല്ല, ആരെ കാണാന്‍.  ഞാന്‍ മാത്രമുള്ള ഈ വീട്ടില്‍ എനിക്കു കണി കാണാനായിട്ടാരും വരില്ലല്ലോ. ഈ മുറിയിലൊരു കണ്ണാടിയില്ലാത്തതുകൊണ്ട് എന്നേത്തന്നെയാവാനും വഴിയില്ല.  സോ, ഞാനാരേയും കണി കണ്ടിട്ടില്ല.

രാവിലെ ചായ കുടിക്കുമ്പോള്‍ മിനി ( എന്റെ സഹായി, വര്‍ഷങ്ങളായിട്ട്)   വിളിച്ചു. ചേച്ചി, ഇന്നു നമുക്കു നെല്ലായിലെ പണി കഴിച്ചാലോ. ഇന്നെനിക്കൊഴിവാണ്. നാളെ മുതല്‍ തേപ്പ്‌ തുടങ്ങും. കെട്ടിടം പണി, വീട്ടുപണി, കല്യാണപ്പണി, പ്രസവം നോക്കല്‍,  ആശുപത്രിയില്‍ രോഗികള്‍ക്കു കൂട്ടിരിക്കല്‍, എന്നു വേണ്ടാ, അവള്‍ കൈവക്കാത്ത മേഖലകളില്ല.  As usual,  ഭര്‍ത്താവ് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കുടിക്കും,  എവിടേയെങ്കിലും വീണുകിടക്കും.  കുടുംബ ഭാരം അവളുടെ തലയില്‍. സ്കൂള്‍ തുറക്കാറായി.  പറ്റാവുന്നത്ര ദിവസം പണിക്കു പോണം.. ചുരുക്കത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സോ‍ാ‍ാ ബിസി. ഒരു ദിവസം ചേച്ചിക്കു വേണ്ടി ഒഴിവെടുത്തിരിക്കയാണ്.

അതുകൊണ്ട് പോയേ പറ്റൂ. എന്തൊക്കെ തിരക്കുണ്ടെങ്കിലും അതവിടെ നിക്കട്ടെ.  പോയി. വീട്ടിലേയും പറമ്പിലേയും  അത്യാവശ്യം പണികളൊക്കെ കഴിച്ചു..  ഒന്നുരണ്ട് പരിചയക്കാര്‍ വന്ന കൂട്ടത്തില്‍ ശശി വന്നപ്പോള്‍ പറഞ്ഞു, കൊടകരേന്നു് ഞാന്‍ രണ്ട് ചക്കയിട്ടൂട്ടോ. നല്ല ബെസ്റ്റ് ചക്ക.  ഒരെണ്ണം  വറുത്തു. ഒരെണ്ണം പഴുപ്പിക്കാന്‍ വച്ചിരിക്കുന്നു.  (കൊടകരയില്‍ ഒരു പറമ്പുണ്ട്. അതില്‍ ഒരു പ്ലാവും അതു നിറയെ ചക്കയും. ആവശ്യത്തിനു ചക്ക  ഇട്ടോളാന്‍ ഞാന്‍ പറഞ്ഞിരുന്നു ശശിയോട്).

അതു കേട്ടപ്പോള്‍ മിനിക്കും ഒരു മോഹം, ചേച്ചി നമുക്കും രണ്ട് ചക്കയിട്ട് വറുത്താലോ. വാങ്ങുമ്പോ ഒരു ചെറിയ പാക്കറ്റിനു് 30-40  രൂപയാണ് വില. ഞാന്‍ പറഞ്ഞു, ‘നമുക്ക്‌‘ വേണ്ടാ, തന്നെത്താന്‍ ആയിക്കോളൂ., ഞാന്‍ കൂടെ വരാം..  ഞാനാണെങ്കില്‍ അവിടത്തെ നേന്ത്രവാഴകളെ സന്ദര്‍ശിച്ചിട്ടൊരുപാട് നാളുമായി.

മൂവാണ്ടന്‍ മാവില്‍ ഇനിയും ബാക്കിയുണ്ട് കുറച്ചു മാങ്ങ. അതു മുഴുവന്‍ പൊട്ടിച്ചു.  പ്രിയൂര്‍ മാവില്‍ കുറേയധികമുണ്ട്. അതില്‍ നിന്നു രണ്ടുമൂന്നെണ്ണവും. പിന്നെ ഒരു പടല നേന്ത്രക്കായും.  ഒരു ബിഗ് ഷോപ്പറില്‍ അവള്‍  അതെല്ലാം പാക് ചെയ്തു തന്നു. അത്യാവശ്യം ഭാരമായി അപ്പോള്‍ തന്നെ.

നെല്ലായി പണികള്‍ കഴിഞ്ഞ്‌ കൊടകര  പറമ്പിലെത്തി. വാഴകള്‍ക്ക്  ഒന്നുംകൂടിയൊക്കെ ഒന്നു സ്മാര്‍ട്ട് ആവാം. വാഴകള്‍ക്കിടയില്‍ നിറയേ ചീര, തനിയേ മുളച്ചതു്. പ്ലാവില്‍ ചക്ക ഇഷ്ടം പോലെ. അടുത്ത വീട്ടിലെ ഷീല വന്നു. ഞങ്ങള്‍ രണ്ടാളും കൂടി കുറച്ചു ചീര നുള്ളിയെടുത്തു. ആ നേരം കൊണ്ട് മിനിയും ഉണ്ണികൃഷ്ണനും(കൊടകരയില്‍ നിന്നും വിളിച്ച ഓട്ടോ ഡ്രൈവര്‍) കൂടി, ഒരു അരിവാള്‍ തോട്ടിയൊക്കെ സംഘടിപ്പിച്ച്,  ചക്ക പറിച്ചു.  നാലെണ്ണം മിനിക്കു്, ഒരെണ്ണം ഉണ്ണികൃഷ്ണനു്.

ഓട്ടോറിക്ഷയില്‍ കൊടകരയെത്തി ബാഗ് ബസ്സില്‍ കയറ്റിവച്ചുതന്നു മിനി.. കാര്യങ്ങളെല്ലാം ഭംഗിയായ സന്തോഷത്തില്‍ കാഴ്ച കണ്ട് ഞാനിരുന്നു.  ഇനിയിപ്പോ തൃശ്ശൂരിറങ്ങി ഒരു ഓട്ടോ വിളിച്ചു പോയാല്‍ മതിയല്ലോ.  എല്ലാം ശുഭം.



കുരിയച്ചിറ കഴിഞ്ഞപ്പോള്‍ തുടങ്ങി കുറേശ്ശെ ബ്ലോക്. എനിക്കു തിരക്കൊന്നുമില്ലല്ലോ, പോകുമ്പോള്‍ പോട്ടെ.  ഞാന്‍ അപ്പോഴും എന്റെ മനോരാജ്യത്തിലാണ്. നിരങ്ങി നിരങ്ങി  ശക്തന്‍ സ്റ്റാന്‍ഡ് വരെയെത്തി. പെട്ടെന്ന്   കണ്ടക്ടര്‍ തിരക്കു കൂട്ടുന്നു, ഇറങ്ങ്, ഇറങ്ങ്..  എന്താ കാര്യം എന്നു മനസ്സിലായില്ല. ഒന്നു മനസ്സിലായി ബസ്സിനി റൌണ്ടിലേക്കെന്നല്ല, ഒരിടത്തും പോവുന്നില്ല.  അവിടന്നോട്ടോ വിളിച്ചാല്‍ കാശിത്തിരി കൂടുമല്ലോന്നോര്‍ത്തുകൊണ്ട് എന്റെ ബാഗും കൊണ്ട് ഞാനിറങ്ങി.

ബാഗിനെന്താ  ഒരു  കനം കൂടുതലു പോലെ.  നോക്കിയപ്പോള്‍ അതിനുള്ളില്‍ ഇരിക്കുന്നു ഒരു കഷണം ചക്ക. ചേച്ചിയോടുള്ള സ്നേഹക്കൂടുതലുകൊണ്ട്  മിനി പറ്റിച്ച പണി.. ഒരു    ഓട്ടോക്കാരനോട് ചോദിച്ചു അയാള്‍ തലയാട്ടി. ഇല്ലെന്നു്. രണ്ടാമത്തെയാളും മൂന്നാമത്തേയാളും ഇല്ലെന്നു പറഞ്ഞപ്പോള്‍ അതു വെറുമൊരു ഇല്ല അല്ലെന്നു മനസ്സിലായി. പോലീസുകാര്‍ ഒറ്റ വണ്ടിയും  അവിടെ നിന്നു കടത്തി വിടുന്നില്ലത്രേ.   NGO  യൂണിയന്റെ സുവര്‍ണ്ണജൂബിലി സമ്മേളനത്തിന്റെ പ്രകടനം. കാല്‍ നട യാത്രക്കാര്‍ക്കു   മാത്രം പോകാം.നഗരം ചെങ്കൊടിയുടെ പിടിയില്‍.

നഗരത്തില്‍ നിന്നും, നഗരത്തിലേക്കും പോകേണ്ടവരുടെ തിരക്കു്,  ഓടാതെ കിടക്കുന്ന ഓട്ടോകളും ബസ്സുകളും. ശക്തനില്‍ ആകെ തിരക്കു്.   ഓഫീസ് വിട്ടു വരുന്നവര്‍, എന്നേപ്പോലെ ഭാരവും വഹിച്ച് വരുന്നവര്‍, നടക്കാന്‍ വയ്യാത്തവര്‍.  എല്ലാവര്‍ക്കും മുന്‍പില്‍  രണ്ടേരണ്ട്   ഓപ്ഷന്‍സ്. ഒന്നുകില്‍,  പ്രകടനവും പൊതുയോഗവുമൊക്കെ കഴിഞ്ഞു, പ്രകടനക്കാരൊക്കെ പിരിഞ്ഞുപോയി  നഗരം സാധാരണ നിലയിലാകുന്നതുവരെ, അതായതു് മണിക്കൂറുകള്‍ എവിടേയെങ്കിലുമിരിക്കാം  അല്ലെങ്കില്‍ രാത്രിയാവുന്നതിനു മുന്‍പ് വീട്ടിലെത്തണമെങ്കില്‍ നടക്കാം. ഞാന്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു. എന്റെ സ്ഥിരം ഹാന്‍ഡ് ബാഗും   മാങ്ങയും ചീരയും കായയും  നിറച്ച ബാഗും(ഭാരം 8 കിലോ, വീട്ടില്‍ വന്ന ഉടനേ  ഭാരം എത്രയുണ്ടെന്നു നോക്കി ) തൂക്കി, രണ്ട് കയ്യിലും മാറി മാറി  പിടിച്ച് ഞാന്‍ നടന്നു, നഗരത്തിന്റെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്തേക്കു്.  50 മിനിറ്റ്. എന്നേപ്പോലെ ആയിരങ്ങളും ലക്ഷ്യത്തിലെത്താന്‍ നടന്നുകൊണ്ടേയിരുന്നു. നഗരത്തിലെത്താന്‍ , എത്തിയവര്‍ പുറത്തേക്കു പോകാന്‍.

അപ്പോഴും പ്രകടനം അവസാനിച്ചിരുന്നില്ല,  നേടിയെടുത്ത  അവകാശങ്ങള്‍ സംരക്ഷിക്കുമെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്, നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവര്‍ മുന്നേറിക്കൊണ്ടിരുന്നു.


എഴുത്തുകാരി.





23 comments:

Typist | എഴുത്തുകാരി said...

ഇന്നലെ തൃശ്ശൂര്‍ നഗരത്തില്‍ N G O യൂണിയന്‍ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തിന്റെ പ്രകടനമായിരുന്നു.....

Anonymous said...

എന്നും ഓരോ പ്രകടനങ്ങൾ ജാഥ ശക്തിപ്രകടനം ജനത്തിന്റെ നേരെ കുതിര കയറാൻ പാവം ജനം .....

ശ്രീ said...

ഇങ്ങനെ പ്രകടനം നടത്തുന്നവര്‍ക്ക് മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ ഒന്നും അറിയേണ്ടല്ലോ...

ഇത്തരം അവസ്ഥകള്‍ ഒരിയ്ക്കലെങ്കിലും നേരിടാത്തവരുണ്ടാകില്ല അല്ലേ? (ഒരിയ്ക്കല്‍ ചാലക്കുടിയില്‍ നിന്ന് വീടു വരെ - കഷ്ടിച്ച് 10 കിലോമീറ്റര്‍ ഇങ്ങനെ ഒരു ബ്ലോക്ക് കാരണം നടക്കേണ്ടി വന്നിട്ടുണ്ട്, എനിയ്ക്കും)

വിനുവേട്ടന്‍ said...

ശക്തിപ്രകടനം കാരണം ശക്തനിൽ നിന്നും നടന്ന് നടന്ന് പൂങ്കുന്നത്ത് എത്തിയപ്പോഴേക്കും ശക്തി മുഴുവനും പോയി അല്ലേ? എന്നാലും അതൊരു ഒന്നൊന്നര നടപ്പായിപ്പോയി...

ശ്രീ പറഞ്ഞതിനെ ഞാനും പിന്തുണക്കുന്നു...

ajith said...

എന്‍ ജി ഓ യൂണിയന്‍കാര് ഈ പോസ്റ്റ് കണ്ടാല്‍ എഴുത്തുകാരി കരിങ്കാലി എന്ന് പറയും കേട്ടോ.

Echmukutty said...

ഈ നടപ്പ് ... ഇതിനൊക്കെ പുറമേ ഒക്കത്ത് ഒരു വാവയും കൂടിയുണ്ടെങ്കിലോ... ഒന്നും ഓര്‍ക്കാന്‍ മേല...

ബഷീർ said...

ഉത്തരവാദിത്വങ്ങൾ മറന്ന് കൊണ്ടുള്ള അവകാശ സംരക്ഷണ പ്രകടനങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല നാട്ടിൽ.. ജനങ്ങൾ ഇതിനിടയിൽ കിടന്നു വലയുന്നു..

ജിമ്മി ജോൺ said...

8 കിലോ ഭാരവും തൂക്കിയെടുത്ത്, ശക്തനിൽ നിന്നും ആരംഭിച്ച ചേച്ചിയുടെ ഒറ്റയാൾ ശക്തിപ്രകടനത്തിനുമുൻപിൽ NGO യൂണിയന്റെ പ്രകടനമൊക്കെ നിഷ്‌പ്രഭം!!

ആ പ്രിയോർ മാങ്ങ വീണ്ടും എന്നെ കൊതിപ്പിച്ചു, ട്ടോ..

അക്ഷരപകര്‍ച്ചകള്‍. said...

ജനങ്ങൾ കഷ്ട്ടപ്പെടുന്നത് ഇതാദ്യമായല്ലല്ലോ.... പ്രകടനങ്ങൾക്കൊന്നും ദൈവ സഹായം കൊണ്ട് ഒരു പഞ്ഞവുമില്ല നമ്മുടെ നാട്ടിൽ.

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ പൊതുജനത്തെ എന്നും
വലക്കുന്ന ഒരു പ്രകടനം അസ്സലൊരു
നടരാജ പ്രകടനം കാഴ്ച്ചവെക്കുവാൻ ഇടയാക്കി അല്ലേ

Typist | എഴുത്തുകാരി said...

NaNcY,

ശ്രീ,

വിനുവേട്ടന്‍,

ajith,

Echmukutty,

ബഷീര്‍ വെള്ളറക്കാട്,

ജിമ്മി ജോണ്‍,

അമ്പിളി,

ബിലാത്തിപ്പട്ടണം,

നന്ദി, എല്ലാവര്‍ക്കും.

kanakkoor said...

ചക്ക ചുമക്കുവാൻ യോഗം വേണം എഴുത്തുകാരികൾക്ക് ..
good writing

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നാട്ടുതൊടിയുടെയും നാടന്‍ വിഭവങ്ങളുടെയും ചിത്രീകരണം വളരെ ഇഷ്ടപ്പെട്ടു..നടന്നതൊക്കെ നല്ലതിന് തന്നെയെന്നു കരുതിയാല്‍ മതി.ചക്ക,മാങ്ങ,വാഴത്തോട്ടം,അതിനിടയില്‍ താനേ മുളച്ച ചീര..മനസ്സിലും താനേ മുളച്ചില്ലേ ചില വരികള്‍ ..
ഹൃദ്യമായി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഭാരം തൂക്കി ഉള്ള നടപ്പ്
കുറെ ഏറെ നടന്നിട്ടുള്ളതാണെ
അനുശോചനങ്ങൾ

പിന്നെ ആ മാങ്ങയും ചക്കയും കണ്ട് വായിൽ വേള്ളം ഊറി :)

വീകെ said...

ഇൻങ്ക്വലാബ് സിന്ദാബാദ്...!
ഇനിയെന്താ വേണ്ടത്...

ഗോപക്‌ യു ആര്‍ said...

hai,sughamalle!

ആര്‍ഷ said...

എത്ര നടന്നാലും പ്രിയൂര്‍ മാങ്ങാ,ചക്ക, ചീര പിന്നെ നാടന്‍പഴവും ! :)

കാസിം തങ്ങള്‍ said...

തൃശൂര്‍ ടൌണിനടുത്താണല്ലേ ഇപ്പോള്‍ താമസം.
ആ മാങ്ങകള്‍ വല്ലാതെ കൊതിപ്പിച്ചു.

OAB/ഒഎബി said...

Chakkayum mangayum kittiyal 8 alla 80 kilo pokki njaan oodaan thayyaar.

Ivide okke und @
Ezhuthaan sawksryam illa.
Kaanaam..

നളിനകുമാരി said...

എത്ര പ്രയാസപ്പെട്ടാണ് നടന്നത്? എന്റെ കയ്യാണെങ്കില്‍ പിറ്റേന്ന് പണി മുടക്കും..
സാരമില്ല എന്തായാലും വിഷമില്ലാത്ത കായകള്‍ കിട്ടീല്ലോ സന്തോഷം..
(ആ പറമ്പില്‍ ഞാന്‍ ചെന്ന് താമസിച്ചോട്ടെ..സമ്മതം തരുമോ?..ങേ?)

viddiman said...

ശക്തനീന്ന് കുന്ദംകുളം ബസ്സീ കേറിയാ പുഷ്പം പോലെ പൂങ്കുന്നത്ത് എത്തായിരുന്നു.

ഗൗരിനാഥന്‍ said...

വരുംകാലത്തെ അവകാശ സംരക്ഷണത്തിനു വര്‍ത്തമാനകാലത്തിലെ അവകാശലംഘനങ്ങള്‍...

jyo.mds said...

കുറേ കാലമായി കണ്ടിട്ട്.മണ്ണിന്റെ മണമുള്ള ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്കും നാട്ടില്‍ വരാന്‍ മോഹം തോന്നി.