രാത്രി മഴ പെയ്തിരിക്കുന്നു. വേനല്‍ മഴ. കുറേ നാളായി ഒളിച്ചു കളിക്കുന്നു. വേനൽ ചൂടിന് ചെറിയൊരറുതി. കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം എന്നല്ലേ. മാണിക്യമൊന്നും വേണ്ടാ. അങ്ങേയറ്റം ഇത്തിരി പൊന്നു മതി. വേണ്ടവർക്കു കഴുത്തിലും കയ്യിലുമൊക്കെ ഇട്ടോണ്ടു നടക്കാല്ലോ!.
അങ്ങിനെ എന്റെ ഭംഗി ചുളുവിലാരുമിപ്പോ ആസ്വദിക്കണ്ടാന്നു കരുതിയാണോ എന്തോ (മഴക്കും തുടങ്ങിയോ കുശുമ്പും കുന്നായ്മയും) മഴ തുടങ്ങിയതു് രാത്രി രണ്ടു മണിക്കു്. നേരം പുലരുന്നതുവരെ പെയ്തു. എന്തിനാ അങ്ങനെ കരുതണേ അല്ലേ, ഈ വേനൽക്കാലത്ത് ആരും കുട എടുത്തിട്ടുണ്ടാവില്ല, ആരേം ബുദ്ധിമുട്ടിക്കണ്ടാന്നു കരുതിയിട്ടും ആവാല്ലോ. അല്ലെങ്കിലും എന്റെ മനസ്സിലാ കുശുമ്പ്.
ശരി, രാവിലെ പറമ്പിലൊരു കറക്കം കറങ്ങാമെന്നു വച്ചിറങ്ങി. മഴ കഴിഞ്ഞു വെള്ളത്തുള്ളികളിറ്റു വീഴുന്ന സമയത്തെ നടത്തമാണെനിക്കിഷ്ടം. അതിനിടയിൽ കുശലം ചോദിക്കാൻ കയറിവന്ന ചിലരതു മുടക്കി. നിങ്ങളിപ്പോ പോ, ഞാൻ മഴത്തുള്ളികളിറ്റു വീഴുന്ന മരങ്ങൾക്കിടയിലൂടെ
കുറച്ചുദൂരം ഒന്നു നടന്നോട്ടെ എന്നൊക്കെ പറഞ്ഞാൽ, എഴുത്തുകാരിക്കു വട്ടാണെന്നു നാട്ടിൽ പരക്കാൻ അധിക നേരം വേണ്ടാ. അതും വന്നതാരാണെന്നുവച്ചിട്ടാ.പരദൂഷണം കണ്ടുപിടിച്ച് തൊഴിലാക്കിയ രാഘവൻ നായരും. മോഹമൊക്കെ ഞാൻ പെട്ടിയിൽ വച്ചു പൂട്ടി. അതാ ബുദ്ധി .
എന്റെ പറമ്പു വിസിറ്റ് തുടങ്ങിയപ്പോഴേക്കും ഇറ്റു വീഴാൻ വെള്ളമൊന്നും ബാക്കിയില്ല.. എല്ലാം കാറ്റും വെയിലും കൊണ്ടുപോയി.
അങ്ങനെ നടന്നുവന്നപ്പഴല്ലേ, കണ്ടു, പ്രകൃതിയുടെ ചില വികൃതികള്‍.
ഒരു നാടന്‍ ചെമ്പരത്തിച്ചെടി. രണ്ടു തരം പൂക്കള്‍. പലയിടത്തും വെള്ള ചെമ്പരത്തി റോസ് ചെമ്പരത്തിയായി മാറി കണ്ടിട്ടുണ്ട്. ഇതു് അതല്ല, നല്ല നാടന്‍ ചുവന്ന ചെമ്പരത്തിയും നാടന്‍ ക്രീം ചെമ്പരത്തിയും. ആംഗ്ലോ ഇന്ത്യന്‍ അഛനും നാടന്‍ അമ്മക്കും ഉണ്ടായ മക്കള്‍ പോലെ. സംഭവം, റോഡിനപ്പുറത്തെ വീട്ടില്‍ ചുവപ്പും എന്റെ വീട്ടില്‍ ക്രീമും ഉണ്ട്. എന്നാലും ഇത്ര അകലേ നിന്നുകൊണ്ട് ഇവരിതെങ്ങിനെ സാധിച്ചെടുത്തു! അക്കരെയിക്കരെ നിന്നിട്ടാശ തീരാതെ ഏതോ ഒന്നു റോഡ് മുറിച്ച് മതിലു ചാടി കടന്നിരിക്കും.
ദാ മറ്റൊരു കള്ളക്കളി. ഇതു കണ്ടോ, ഒരു ഞെട്ടില്‍ രണ്ട് മൊട്ടുകള്‍. വെറും ഇരട്ടകളല്ല, സയാമീസ് ഇരട്ടകള്‍. ഒരു ഞെട്ടില്‍ വിടര്‍ന്ന പൂക്കളേപ്പോലെ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഞാനിതുവരെ കണ്ടിട്ടില്ല. നാളെ കൊഴിഞ്ഞുപോവാനുള്ളതല്ലേ, ഓരോ പൂവിനും ഓരോ ഞെട്ടൊക്കെ കൊടുത്ത് ബുദ്ധിമുട്ടുന്നതെന്തിനാ? എളുപ്പപ്പണി, അല്ലാതെന്താ. ജാതിച്ചെടിയുടെ ഇടയില്‍ ഒളിച്ചിരിക്കയായിരുന്നു. കയ്യിലുണ്ടായിരുന്ന മൊബൈല്‍ കൊണ്ട് അപ്പോ ക്ലിക്കി ഞാന്‍.
ഇനി പത്രഭാഷയില്‍ പറഞ്ഞാല്‍ ഒരു ഫയല്‍ ചിത്രം. അതും കുറുമ്പിന്റെ തന്നെ. പപ്പായക്കകത്ത് കശുവണ്ടി പോലെ വിത്തുകള്‍. അപ്പുറത്തൊരു കശുമാവുണ്ടായിരുന്നു. രണ്ടും തമ്മില്‍ കടുത്ത പ്രണയമായിരുന്നിരിക്കണം.
വിഷുവിനു ഇനിയുമുണ്ട് ഒന്നൊന്നരമാസം. പക്ഷേ നാട്ടില്‍ പൂക്കാത്ത ഒരു കൊന്നപോലുമില്ല. എല്ലാ കൊന്നമരത്തിലും നിറയെ സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍. വിഷുവിങ്ങെത്താന്‍ തിരക്കായോ എല്ലാര്‍ക്കും?
വിഷുവിനു് വല്ലതും ബാക്കി കാണുമോ? “ നീ പൂ പൊട്ടിക്കുമ്പോള്‍ ഒരിത്തിരി പൂ ഇലയില്‍ പൊതിഞ്ഞു് വെള്ളം തളിച്ച് എനിക്കും കൂടി വച്ചേക്കണേ, അല്ലാ, അതു ഞാന്‍ പറയേണ്ട കാര്യമില്ല, നീ ചെയ്യുമെന്നറിയാം” എന്നു പറഞ്ഞേല്പിക്കുന്നവര്‍ക്കു കൊടുക്കാന്‍ ഒരിത്തിരി പൂ ബാക്കിയുണ്ടാവുമോ, ആവോ?
എഴുത്തുകാരി.
വാല്‍ക്കഷണം: ഫയല്‍ ചിത്രമെന്നു വച്ചാല്‍ എന്റെ പഴയ പോസ്റ്റുകളില്‍ കൊടുത്തിരുന്ന ചിത്രം റീ പോസ്റ്റുന്നു എന്നര്‍ത്ഥം.
22 comments:
നല്ലൊരു മഴ കിട്ടി, വേനല്‍ ചൂടിനു് ചെറിയൊരാശ്വാസമായി...
ഈ സസ്യജാലക
പ്രണയ വർണ്ണങ്ങളെല്ലാം
കാണാൻ കഴിഞ്ഞതിന് കാരണം..
ഇവയെല്ലം ഇമ്മടെ ഫെബ്രു:14 ലെ പ്രണയദിനം ശരിക്കും ആഘോഷിച്ച് കാണൂം.!
പിന്നെ നോക്കൂ
“കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക് മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു...
ഈ വരുന്ന മാർച്ച് മാസം 3 ന്
രാവിലെ 10 മണി മുതൽ 3 മണി വരെ
തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ്
ഇത് സംഘടിപ്പിക്കുന്നത്.“
പോകാൻ മറക്കണ്ട കേട്ടൊ
നാട്ടിൽ മഴ കഴിഞ്ഞൊരു വെളുപ്പാൻ കാലത്ത് പറമ്പിലൂടെ കറങ്ങിനടന്ന പോലൊരു തോന്നൽ..!
ഒരു പച്ചപ്പ്...!!
മനസ്സ് കുളിർന്നു...!
ആശംസകൾ...
ഈ മഴ അല്ല ഈ പോസ്റ്റ് നല്‍കിയത് നൂറിനു നൂറു മണ്ണിന്റെ ഗന്ധം
ഇനിയിപ്പോ അടുത്ത മഴയ്ക്കാവും അടുത്ത പോസ്റ്റ്. അല്ലേ?
എന്നാലും ആ പപ്പായയില്‍ എങ്ങിനെ ആ കുരു വന്നു.. അപ്പോള്‍ ഈ അവിഹിതം ഒക്കെ ഇവരുടെ ഇടയിലും ഉണ്ടല്ലേ?
നനഞ്ഞ മണ്ണില്‍ ചവിട്ടി നടക്കുന്നതുപോലെ ഒരു തോന്നല്‍. എന്തു രസം.
അപ്പോ പ്രേമം അതും ജാതി മതാതീതമായ പ്രേമം ചെടികള്‍ക്കും ഉണ്ട്..... എന്നിട്ടും വല്ല ലഹളയോ വഴക്കോ ഉണ്ടോന്നു നോക്കിയേ... എവിടെ എന്തു കണ്ടാലും മനുഷ്യരു പഠിക്കില്ലാന്നേയ്...
ഈ കുറിപ്പ് വായിച്ച് എനിക്ക് വലിയ സന്തോഷമായി... മഴ നനഞ്ഞ പോലെയോ ഇളം കാറ്റേറ്റപോലെയോ.... ഒക്കെ . അഭിനന്ദനങ്ങള്‍ കേട്ടോ ഈ എഴുത്തിനു....
ഹോ, എന്നാലും പപ്പായക്കകത്ത് ആ വിത്തുകളെങ്ങനെ വന്നൂന്നാ......പ്രകൃതീടെ ഓരോ വികൃതികളേയ്!! അനന്തം...അജ്ഞാതം...അവർണ്ണനീയം....
ഹൃദ്യമായിരിക്കുന്നു - വിവരണവും, ചിത്രങ്ങളും.
ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
ബിലാത്തിപ്പട്ടണം, നന്ദി. പ്രണയമില്ലാതെന്തു ജീവിതം?
പരിപാടിക്കു പോകാന്‍ പറ്റുമെന്നുതന്നെ കരുതുന്നു.
വി കെ, പച്ചപ്പ് എന്നും മനസ്സിനൊരു സുഖമല്ലേ, സന്തോഷം.
NanNcY, നന്ദി.
ajith, അടുത്ത മഴ വരെ കാത്തിരിക്കാതെ ഒന്നു ഉഷാറായാലോ എന്നൊരു തോന്നലില്ലാതില്ല :)
SREEJITH, പിന്നല്ലാതെ, ആരും അറിയുന്നില്ലെന്നുമാത്രം.
keraladasanunni, സന്തോഷം.
Echmukutty, നന്ദി, എച്ച്മൂ.
ബിന്ദൂ, ഒരുപാട് കാലമായല്ലേ നമ്മള്‍ കണ്ടിട്ട്. നാട്ടിലാണോ ഇപ്പോള്‍?
ഡോ. പി. മാലങ്കോട്, നന്ദി ഈ വഴി വന്നതിനു്.
നല്ല ചിത്രങ്ങള്‍ ... പ്രകൃതിയുടെ വികൃതി !
ആ കൊന്നാപ്പൂക്കള്‍ക്ക് വേണ്ടി ഇങ്ങനെ ഒന്ന് പാടുവാന്‍ തോന്നുന്നു....
നാളെ ഇതു വഴി വീശാന്
നീളും ചേല ഞൊറിയുന്ന കാറ്റേ
നിന്‍ വിരല്‍ തുമ്പു കൊണ്ടെന്റെ
കണിക്കൊന്ന മലരെ തൊടാതെ
കൊന്ന മലരെ തൊടാതെ....
രചനക്ക് സ്വീകരിച്ച
ലളിതസുന്ദരമായ ശൈലിയും കണ്ണിന്
കുളിര്‍മ്മനല്‍കുന്ന കാഴ്ചകളും ഇഷ്ടമായി.
ആശംസകള്‍
അതേയ്, ആപറങ്കിമാവിനെ നിങ്ങള്‍ ഇത്തിരി പോക്കിവെച്ചില്ലേ..അതാ പാവം കറമൂസൊന്നു കളിച്ചുനോക്കിയത്.....
അമ്പിളി, നന്ദി, നല്ല വാക്കുകള്‍ക്കും, ആ നല്ല നാലു വരി പാട്ടിനും.
Cv Thankappan, ആദ്യമായല്ലേ ഈ വഴി, സന്തോഷം.
പ്രയാണ്‍, പറങ്കിമാവും കൊള്ളാം, കറമൂസയും കൊള്ളാം. നന്ദി.
നല്ല ചിത്രങ്ങൾ. പോസ്റ്റും നന്നായി.
പ്രകൃതിയുടെ ഇത്തരം വികൃതികളൊക്കെ കാണാനെന്തു സുഖം ആണല്ലേ ചേച്ചീ...
ഇതൊക്കെ തിരഞ്ഞു പിടിച്ചു പോസ്റ്റാക്കിയതു നന്നായി.
കൊന്ന പൂത്തു നില്‍ക്കുന്നതു കാണാനെന്തു ഭംഗി!
നന്ദി, ശ്രീ.
ഹ ഹ ഹ ഇത്തവണ നല്ല കലക്കൻ വിഭവങ്ങൾ ആണല്ലൊ
indiaheritage, നന്ദി.
Ennaalum ente chemparathikallee!
Post a Comment