Thursday, January 31, 2013

ഈ മനോഹര സന്ധ്യയില്‍ ....

ഒരു പതിവു സായാഹ്നം. വെയില്‍ മാഞ്ഞു.  പടിഞ്ഞാറേ മാനം ചുവപ്പണിഞ്ഞു. കടലിനെ പുണരാന്‍ വെമ്പുന്ന സൂര്യന്‍.  പറവകള്‍  കൂടണയാനുള്ള  തിടുക്കത്തില്‍. നേര്‍ത്ത ഇളം  കാറ്റ്. സന്ധ്യ എന്നും സുന്ദരിയാണ്. ഒരുപക്ഷേ പ്രഭാതത്തേക്കാള്‍.

ഇത്രയേറെ സുന്ദരിയായ സന്ധ്യ. ആസ്വദിക്കാന്‍ കുറച്ചേറെ മധുര  മനോഹര  പ്രണയ ഗാനങ്ങളും കൂടിയായാലോ. അതായിരുന്നു ഇന്നലത്തെ സന്ധ്യ. എഴുപതുകളിലേയും എണ്‍പതുകളിലേയും ഗാനങ്ങള്‍. പി ഭാസ്കരനും വയലാറും ദേവരാജനും ഗാനഗന്ധര്‍വ്വനും എസ് ജാനകിയുമൊക്കെ ചേര്‍ന്നൊരുക്കിയ, നമുക്കു സമ്മാനിച്ച ഒരുപിടി മലയാള മണമുള്ള മധുരഗാനങ്ങള്‍.

സ്വയം ലയിച്ചുപോയ ഒന്നര മണിക്കൂര്‍.  കൂടപ്പിറപ്പായ മടി മാറ്റിവച്ചു പോകാന്‍ തോന്നിയ ആ നിമിഷത്തിനു നന്ദി . അല്ലെങ്കില്‍ അതൊരു നഷ്ടമായേനേ.

ചീനവലയിലെ,  ആര്യങ്കാവില്‍ താലികെട്ടി, ആയിരം പൂപ്പാലികയിലെ സിന്ദൂരമണിഞ്ഞ്, പാതിരാമണലില്‍ ആദ്യരാത്രി ആഘോഷിക്കാന്‍ കാമുകിയെ വിളിക്കുന്ന കാമുകനില്‍  തുടങ്ങി, കാട്ടിലെ പാഴ്`മുളം തണ്ടില്‍നിന്നു് പാട്ടിന്റെ പാലാഴി തീര്‍ത്ത പ്രിയപ്പെട്ടവളുടെ വരവിനായ് കാത്തിരിക്കുന്ന കാമുകന്‍, മഞ്ഞണിപ്പൂനിലാവില്‍ മഞ്ഞളരച്ചു് വച്ചു നീരാടി, താനേ തിരിഞ്ഞും മറിഞ്ഞും   ഉറക്കം   വരാതെ താമരമെത്തയിലുരുണ്ടും കാമുകി.., കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം  കാക്ക കൊത്തി പോയപ്പോഴും നര്‍മ്മം വിടാത്ത കാമുകന്‍. പ്രണയത്തിന്റെ, വിരഹത്തിന്റെ  എത്രയെത്ര ഗാനങ്ങള്‍, എത്രയെത്ര ഭാവങ്ങള്‍!

 ഇന്നും മനസ്സില്‍ നിറഞ്ഞു നിക്കുന്ന, എ എം രാജ, ജിക്കിയുടെ  പെരിയാറേ, പെരിയാറേ,കൂടെവിടെ യിലെ ആടിവാ കാറ്റേ., ചിത്രയുടെ തമിഴ് പാട്ട് ഇദയനിലാ, മുഹമ്മദ് റാഫിയുടെയും ദാസേട്ടന്റേയും ഒന്നുരണ്ടു ഹിന്ദി പാട്ടുകള്‍,  സാക്സഫോണില്‍  വായിച്ച ഒരു ഹിന്ദി പ്രണയഗാനം (വാക്കുകള്‍ മറന്നുപോയി). ശരിക്കും മറ്റൊരു ലോകത്തിലായപോലെ.  സമയം പോയതറിഞ്ഞതേയില്ല.

ആ തിയറ്ററിനു് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍. ഓരോ പാട്ട്‌ കഴിയുമ്പോഴും നിറഞ്ഞ  കയ്യടി. കയ്യടിക്കാതിരിക്കാന്‍ കഴിയില്ല. അത്ര മനോഹരമായിരുന്നു.  പാട്ടുകാര്‍ അത്ര പേരുകേട്ടവരോ ഗംഭീരന്മാരോ ആയിട്ടല്ല,  പക്ഷേ എന്താ പറയ്‌ആ, വല്ലാത്ത ഒരു അനുഭവമായിരുന്നു. എത്ര വറ്റിവരണ്ട മനസ്സിലും പ്രണയത്തിന്റെ നേര്‍ത്ത ഭാവം മുളപ്പിക്കാന്‍ പോന്നതു്.

ഇത്രയുമായിട്ടും സംഭവം എന്താണെന്നുപറഞ്ഞില്ലല്ലേ.  ആകാശവാണിയുടെ  ഉത്സവ് 2013 - സുവര്‍ണ്ണസ്മൃതി. തൃശ്ശൂര്‍ റീജണല്‍ തിയറ്ററില്‍. പതിവു് പ്രസംഗങ്ങളോ, കസര്‍ത്തുകളോ ഇല്ല. ചെറിയ ഒരു സ്വാഗതം മാത്രം.ആകാശവാണിയിലെ കലാകാരന്മാരായ ഗിരിജാ വര്‍മ്മ, അരൂര്‍ പി കെ  മനോഹരന്‍, ശ്രീരാം, സന്തോഷ്, എന്നിവര്‍. പിന്നെ ശിഖ പ്രഭാകര്‍ എന്ന കൊച്ചു ഗായികയും. ജാഡകളൊന്നുമില്ല.  ഡാന്‍സില്ല. പാടാന്‍പോകുന്ന പാട്ടിനെ പ്പറ്റി ഒന്നോ രണ്ടോ വാചകം, അതേ മൈക്ക് ഗായകനോ ഗായികക്കോ കൈമാറുന്നു, അവര്‍ പാടുന്നു.  സ്റ്റേജില്‍ വന്നു, കണ്ണടയെടുത്തുവച്ചു്, പോക്കറ്റില്‍ നിന്നു് നാലായി/എട്ടായി മടക്കിയ കടലാസെടുത്തു വച്ചിട്ടവര്‍ പാടുന്നു. യാതൊരുവിധ ജാടകളുമില്ലാതെ.  ഇഷ്ടം തോന്നിപ്പോകും.അല്ലെങ്കിലേ ആകാശവാണിയോടെനിക്കിത്തിരി പ്രേമമാണു് പണ്ടു മുതലേ..

ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല പരിപാടി..

ഇനിയുമുണ്ടായിരുന്നു പരിപാടികള്‍. ചവിട്ടുനാടകവും മോഹിനിയാട്ടവുമൊക്കെ.  ചവിട്ട് നാടകം കാണാന്‍ മോഹവുമുണ്ടായിരുന്നു.  പക്ഷേ വേണ്ടാ. ഏഴര കഴിഞ്ഞു.  രാത്രിയിലെ തൃശ്ശൂരിനെ എനിക്കറിയില്ല.  ഞാന്‍  തനിച്ചല്ലേ... ഒരു പ്രണയഗാനവും മൂളി ഞാന്‍ നടന്നു.

എഴുത്തുകാരി.

19 comments:

Typist | എഴുത്തുകാരി said...

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു മനോഹരസന്ധ്യ...

മനോജ് കുമാർ വട്ടക്കാട്ട് said...

ഇനിയുമൊരുപാട് ഒരുപാട് പ്രണയഗാനങ്ങൾ ഒഴുകുന്ന മനോഹര സന്ധ്യകളുണ്ടാവട്ടെ

Anonymous said...

പാട്ടുകള്‍ മധുരമുള്ളതാണ്
പഴയപാട്ടുകള്‍ ഹൃദയത്തില്‍ നിറയുന്നതും ഇതുപോലെ ഇനിയും പുഴ -പാട്ടുകളുടെ -പുഴ ഒഴുകട്ടെ ...

പെരിയാറെ സുശിലയാണ് രാജയുടെ കൂടെ പാടിയിരിക്കുന്നത്

ശ്രീ said...

കൊള്ളാം ചേച്ചീ... അപ്പോ ഓര്‍മ്മയില്‍ സൂക്ഷിയ്ക്കാന്‍ നല്ലൊരു സായാഹ്നം കൂടി കിട്ടി അല്ലേ?

:)

Muralee Mukundan , ബിലാത്തിപട്ടണം said...

‘നമ്മുടെയൊക്കെ ഒരു എവർ ഗോൾഡൻ ‘
ഗാനാലാപന സന്ധ്യയെ കുറിച്ച് കൊതിപ്പിക്കുന്ന രീതിയിൽ പറഞ്ഞിരിക്കുന്നൂ...!

നമ്മുടെ നാട്ടിലെ ഇതുപോലുള്ള
എത്രയെത്ര അതിമനോഹരമായ
സന്ധ്യകളാണ് ഞങ്ങളെപ്പോലെയുള്ള പ്രവാസികൾക്ക് നഷ്ട്ടപ്പെടുന്നതെന്നറിയാമോ..?!

Typist | എഴുത്തുകാരി said...

NaNcY, തെറ്റു തിരുത്തിയതിനു നന്ദി.

ajith said...

നിത്യഹരിതഗീതങ്ങള്‍

Yasmin NK said...

ആശംസകൾ..

വിനുവേട്ടന്‍ said...

നിത്യഹരിത ഗാനങ്ങളുമായി ഒരു സന്ധ്യ... ഒരനുഭവം തന്നെയായിരുന്നുവല്ലേ? നന്നായി...

ഈ റീജണൽ തിയേറ്ററിലായിരുന്നു വർഷങ്ങൾക്ക് മുമ്പ് സ്കൌട്ടുമായി ബന്ധപ്പെട്ട് ഒരു പരിപാടി അവതരിപ്പിക്കാൻ പോയത്... ഇരുപത് മിനിറ്റ് നീളമുള്ള സ്ക്രിപ്റ്റ്... വിക്രമാദിത്യ സദസ്സിലെ കാളിദാസനായി മെയ്ക്കപ്പൊക്കെയിട്ട് കാണികളുടെയിടയിലൂടെ നടന്ന് വന്ന് സ്റ്റേജിൽ കയറാൻ തുടങ്ങിയപ്പോഴേക്കും കർട്ടൻ വീണു... :(

ഓരോ ടീമിനും അനുവദിച്ച പത്ത് മിനിറ്റ് സമയം അപ്പോഴേക്കും കഴിഞ്ഞു പോയിരുന്നു)

പ്രയാണ്‍ said...

കൊതിപ്പിച്ചു......:)

Echmukutty said...

അതു തന്നെ, കൊതിപ്പിച്ചു......

മുബാറക്ക് വാഴക്കാട് said...

കൊള്ളാം...:-)

Typist | എഴുത്തുകാരി said...

പടിപ്പുര,

NaNcY,

ശ്രീ,

ബിലാത്തിപ്പട്ടണം,

ajith,

മുല്ല,

വിനുവേട്ടന്‍, :) അതു നന്നായി.

പ്രയാണ്‍,

Echmukutty,

മുബാറക്,

എല്ലാവര്‍ക്കും നന്ദി.

drpmalankot said...

മനോഹരമായ സന്ധ്യയില്‍..... മനോഹരമായ വര്‍ണ്ണനയായി. പ്രകൃതിയുടെ സൌന്ദര്യം, സംഗീതത്തിന്റെ ആസ്വാദനം, അതെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മ്മകള്‍ എല്ലാം... വളരെ ഹൃദ്യമായി. ഇതൊന്നുമില്ല എങ്കില്‍ എന്ത് ജീവിതം അല്ലെ?
രചന തുടരുക. ഭാവുകങ്ങള്‍.
Updated:
http://pmalankot0.blogspot.com

പട്ടേപ്പാടം റാംജി said...

ഓര്‍ക്കാന്‍ പഴയ പാട്ടുകള്‍ തന്നെ വേണമെന്ന് മാത്രം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അല്ലേലും പാടാൻ അറിയാവുന്നവർക്ക് കോപ്പിരാട്ടി കാണിക്കേണ്ട ആവശ്യം ഇല്ല. അതില്ലാത്തപ്പോഴാൺ മറ്റു പല വേലകളും :(

Typist | എഴുത്തുകാരി said...

ഡോ മാലങ്കോട്,
പട്ടേപ്പാടം റാംജി,
ഇന്‍ഡ്യഹെറിറ്റേജ്,

എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...
This comment has been removed by the author.
Typist | എഴുത്തുകാരി said...
This comment has been removed by the author.