Wednesday, November 28, 2012

ഒരു മണ്ടന്‍ സംശയം.....

അഞ്ചാം നിലയിലെ എന്റെ ഈ കൊച്ചു ബാല്‍ക്കണിയില്‍  വന്നിരുന്നു. കണ്ണടച്ചിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ തിക്കിത്തിരക്കി എത്തേണ്ടതാണ്. അതാ പതിവ്.  ഇന്നെന്തോ അതുണ്ടായില്ല.  ഒറ്റക്കിരുന്നൊന്നു കണ്ണടച്ചാല്‍ ഓടിവരുമായിരുന്ന ഓര്‍മ്മകള്‍ക്കും ഇന്നെന്താ ഒരു  പിണക്കം? ആഹ്ലാദം തരുന്ന,  നൊമ്പരമുണര്‍ത്തുന്ന, ഒരു ചെറു ചിരി സമ്മാനിക്കുന്ന, ഗൃഹാതുരത്വമുണര്‍ത്തുന്ന എത്രയോ ഓര്‍മ്മകള്‍. അവയൊക്കെയും കൈവിട്ടുവോ എന്നെ?  ഏയ് അതാവില്ല, പിണങ്ങി മാറി നില്‍ക്കയാവും. തിരിച്ചുവരും. അങ്ങനെയങ്ങ് പിണങ്ങിപ്പോകാന്‍  കഴിയുമോ എന്നോട്.

കുറച്ചു നടന്നിട്ടുവരാം.  താഴേക്കിറങ്ങി. വെറുതേ   ഒന്നു കറങ്ങി വന്നു, സ്വിമ്മിങ് പൂളിന്റെ കരയിലിരുന്നു.നല്ല നീല നിറത്തിലുള്ള വെള്ളം. കാറ്റടിക്കുമ്പോള്‍ തണുക്കുന്നു. തണുപ്പ് നേരത്തേ തുടങ്ങിയോ? ഷോള്‍ എടുക്കാമായിരുന്നു.

ചുറ്റുമുള്ള തോട്ടത്തില്‍ ഇഷ്ടം പോലെ ചെടികളും പൂക്കളും.  നമ്മുടെ നാടന്‍ പൂക്കളെല്ലാമുണ്ട്. ചുവന്ന ചെമ്പരത്തി, വെള്ള ചെമ്പരത്തി, പല നിറത്തിലുള്ള റോസാപ്പൂക്കള്‍,  വെള്ളയും ചുവപ്പും  പാലപൂക്കള്‍,  മഞ്ഞക്കോളാമ്പി, വാസന പരത്തുന്ന മദിരാശി മുല്ല എല്ലാമുണ്ട്,

 പൂക്കാത്ത ചെടികളാണ് കൂടുതല്‍.  നല്ല ഭംഗിയായി വെട്ടിയൊതുക്കിയിരിക്കുന്നു. പൂക്കാന്‍ ഇഷ്ടമില്ലാത്തതോ, അതോ ഇനി വേണ്ടെന്നുവച്ചിട്ടോ. എന്റെ മനസ്സിലെ ഈ മണ്ടന്‍ സംശയം മനസ്സിലാക്കിയിട്ടെന്നപോലെ, അവരെന്റെ കാതിലൊരു സ്വകാര്യം പോലെ പറഞ്ഞതിങ്ങനെ.

എന്നുമെന്നും ഇങ്ങിനെ പൂത്തിട്ടെന്തിനാ, ആരും ഒരു പൂ പോലും പറിക്കുന്നില്ല, ഒരു ദിവസം മുഴുവന്‍ വെറുതേ നിന്നിട്ട് കൊഴിഞ്ഞുപോകാനോ. പൂക്കള്‍ക്കുമുണ്ടാവില്ലേ മോഹങ്ങള്‍. ഏതെങ്കിലും ഒരു സുന്ദരി ഒന്നു തലയില്‍ ചൂടാന്‍, അല്ലെങ്കില്‍ ഒരു ദേവന്റെ പാദങ്ങളില്‍ അര്‍പ്പിക്കപ്പെടാന്‍, അതുമല്ലെങ്കില്‍ മിനിമം ഒരു  വീടിന്റെ പൂപ്പാത്രത്തിലുമെങ്കിലുമെത്തിപ്പെടാന്‍.

 ഈ ചെമ്പരത്തിയൊക്കെ എന്തിനാ ഇങ്ങനെ പൂത്തുലഞ്ഞു നിക്കുന്നതു്, മഞ്ഞെന്നോ, മഴയെന്നോ ഇല്ലാതെ. ആരും ഒരു നിമിഷം നിന്നു് അതിന്റെ ഭംഗി ഒന്നാസ്വദിക്കുന്നതു  കൂടിയില്ല. സങ്കടം തോന്നുന്നുണ്ടാവില്ലേ. ഉണ്ടാവും, തീര്‍ച്ചയായും. എന്നാലും വര്‍ഷങ്ങളായുള്ള ചട്ടക്കൂടില്‍ നിന്നു പുറത്തുകടക്കുന്നതെങ്ങനെ എന്നോര്‍ത്താവും മറക്കാതെ ഒരു ചടങ്ങുപോലെ എന്നുമിങ്ങനെ പൂക്കുന്നതു്.. എന്തായാലും ഞങ്ങളതിനില്ല.

തിരിച്ചുനടന്നു വീട്ടിലേക്കു്. ഈ വിപ്ലവചിന്ത ആളിപ്പടര്‍ന്നാല്‍, ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുകടക്കാന്‍  എല്ലാ ചെടികളും ധൈര്യം കാണിക്കുന്ന ഒരു കാലം വന്നാല്‍, നിറങ്ങളില്ലാത്ത ഒരു ലോകത്തായിപ്പോവില്ലേ നമ്മള്‍ എന്നപേടിയോടെ.

എഴുത്തുകാരി.

16 comments:

Typist | എഴുത്തുകാരി said...

മാസങ്ങള്‍ക്കു ശേഷം വീണ്ടും....

ജെ പി വെട്ടിയാട്ടില്‍ said...

എഴുത്തുകാരിയുടെ തട്ടകത്തില്‍ ഞാന്‍ ആദ്യമായാണ് വരുന്നത്. സുഖമാണല്ലോ.
വരാം വീണ്ടും ഈ വഴിക്ക്.

ജിമ്മി ജോണ്‍ said...

നേരാണ്.. ഈ ചെമ്പരത്തിയൊക്കെ എന്തിനാണ് എക്കാലത്തും പൂത്തുലഞ്ഞ് നിൽക്കുന്നത്??

ശെടാ, എന്റെ മനസ്സിലും കയറിക്കൂടിയോ വിപ്ലവചിന്തകൾ!!

ലോകത്തിന്റെ നിറം കെടാതിരിക്കട്ടെ..

Anonymous said...

അത്രയ്ക്ക് മണ്ടത്തരം തോന്നുന്നില്ല
ഓര്‍മയില്‍ വരുന്നത് ഒരു പഴയ ഗാനം
-എന്തിനി ചിലങ്കകള്‍ എന്തിനി കൈ വളകള്‍ ..................
ഓരോ ജന്മത്തിനും ഓരോ കാരണങ്ങള്‍
തീര്‍ച്ചയായും ഉണ്ടാകും

ajith said...

മൊട്ടായ് ജനിച്ച്
പൂവായ് വിരിഞ്ഞ്
കായായ് വളര്‍ന്ന്
ഫലമായ് തികഞ്ഞ്

ജന്മം സഫലം

ഇലഞ്ഞിപൂക്കള്‍ said...

അയ്യോ, എല്ലാ ചെടികളുമങ്ങിനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍...

Echmukutty said...

കുറെക്കാലമായി കണ്ടിട്ട്...
ഇടയ്ക്കൊക്കെ എന്തെങ്കിലും എഴുതു...


ചെടികള്‍ ഇങ്ങനെ വിചാരിക്കുന്നുണ്ടാവുമോ? ഉണ്ടാവാം അല്ലേ? ആവോ?

വിനുവേട്ടന്‍ said...

നിറങ്ങളില്ലാത്ത ലോകം... ആലോചിക്കാനേ വയ്യ...

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ചെമ്പരത്തിയല്ലേ....
പൂക്കട്ടങ്ങിനെ പൂക്കട്ടേ
എന്നെപ്പോലെയുള്ളവര്ര്‍ക്ക്
ചെവിയില്‍ ചൂടാമല്ലോ ..അല്ലേ

Now am being in Trissur
for a short period / mother
in law got Passport & NOC for Heaven,waiting for get ticket..!

Could You ring me
to this no: 9946602201

Typist | എഴുത്തുകാരി said...

ജെ പി വെട്ടിയാട്ടില്‍, സ്വാഗതം. സുഖം തന്നെ.

ജിമ്മി ജോണ്‍, അതെ, ലോകം നിറങ്ങളില്‍ നിറഞ്ഞുനില്‍ക്കട്ടെ.

NaNcY, ഓരോരോ കാരണങ്ങള്‍ കൊണ്ടുതന്നെയായിരിക്കും എല്ലാവരും ഈ ലോകത്തിലേക്കെത്തുന്നതു്.

ajith, നന്ദി വായനക്കും അഭിപ്രായത്തിനും.

ഇലഞ്ഞിപ്പൂക്കള്‍, എല്ലാ ചെടികളും ചിന്തിച്ചു തുടങ്ങിയാല്‍ കഷ്ടമാവും കാര്യം. അങ്ങനെ ചിന്തിക്കില്ലെന്നു കരുതാം നമുക്കു്.

Echmukutty, ഇല്ലായിരുന്നു കുറേക്കാലമായി ഈ ബൂലോഗത്തില്‍. തിരിച്ചുവരണം.

വിനുവേട്ടന്‍, അങ്ങനെയൊന്നുമുണ്ടാവില്ലെന്നേ.

ബിലാത്തിപ്പട്ടണം, ചെമ്പരത്തിപൂ ചെവിയില്‍ ചൂടാറായോ!

ഞാന്‍ വിളിക്കാം.

നന്ദി, എല്ലാവര്‍ക്കും.

അനില്‍@ബ്ലോഗ് // anil said...

അതെ അത്, ആർക്കും വേണ്ടെങ്കിൽ പിന്നെന്തിനാ പൂക്കുന്നത്?

Bindhu Unny said...

എന്തിന് പൂക്കുന്നു എന്ന് പൂച്ചെടികള്‍ക്ക് തോന്നാതിരിക്കട്ടെ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അവനവൻ നട്ടുവളർത്തി പൂത്തു നിൽക്കുന്ന പൂവെകൾ കാണാനും ആസ്വദിക്കാനും പറ്റും. മറ്റുള്ളവർ വേലികെട്ടി അകത്തു സൂക്ഷിച്ചു വളർത്തുന്ന പൂന്തോട്ടം കാണുമ്പോൾ എനിക്കു പ്രത്യേകിച്ചൊരു സന്തൊഷവും ഉണ്ടാകാറില്ല, പക്ഷെ എന്റെ കൊച്ചു റൊസയിൽ ഒരു കുഞ്ഞിപ്പൂവു വരുന്നതു കണ്ടാലോ

ആ ഇനി ആ ചെടികൾക്കും അങനെ ഒക്കെ ഉണ്ടായിരിക്കും അല്ലെ
ഏതായാലും ചിന്തകളുമായി വരിക ഇടയ്ക്കിടയ്ക്ക്

shajitha said...
This comment has been removed by the author.
അക്ഷരപകര്‍ച്ചകള്‍. said...

ഈ ചെമ്പരത്തിയൊക്കെ എന്തിനാ ഇങ്ങനെ പൂത്തുലഞ്ഞു നിക്കുന്നതു്, മഞ്ഞെന്നോ, മഴയെന്നോ ഇല്ലാതെ...
അത് കൊള്ളാമല്ലോ...ഞാനും ചിന്തിച്ചു പോകുന്നു ഇത് പോലെ.... പക്ഷെ ഞാന്‍ ആസ്വദിയ്ക്കാറുണ്ട് കേട്ടോ ചൊക ചൊകാന്നു വേലിയ്ക്കല്‌ പൂക്കുന്നവയെയും...അല്ലാതെ നിറം മാറിയും, രൂപം മാറിയും ഋതുഭേദങ്ങള്‍ ഇല്ലാതെ പുഞ്ചിരിച്ചു നില്‍ക്കുന്നവയുടെയും ചേല് നോക്കി നില്‍ക്കാറുമുണ്ട്.... നല്ല എഴുത്താണ് കേട്ടോ..ആശംസകള്‍