Tuesday, July 17, 2012

കഥയല്ലിതു്, പച്ചയായ ജീവിതം…….

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ മുകുന്ദനെ കാണുന്നതു്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്  വീട്ടിലെ  സ്ഥിരം ആളായിരുന്നു മുകുന്ദന്‍‍.  കറന്റ് ചാറ്ജ് ‍അടക്കാന്‍, മോട്ടര്‍ കേടുവരുമ്പോള്    നന്നാക്കാന്‍ ആളെക്കൊണ്ടുവരുവാന്‍, തേങ്ങ ഇടീക്കാന്‍,  ഇതിനൊക്കെ പുറമേ ഞാന്‍  ബാങ്കില്‍ നിന്നു ‍ നേരം വൈകി വരുന്ന ദിവസങ്ങളില്‍ അഛനു‍ കൂട്ടിരിക്കാന്‍ എല്ലാം മുകുന്ദനുണ്ടായിരുന്നു.  

കുറേ വൈകിയാണ് മുകുന്ദന്റെ കല്യാണം കഴിഞ്ഞതു്.  രണ്ട് കുട്ടികള്‍. ഒരു മകനും ഒരു മകളും. വീട്ടിലെ ഭാഗം കഴിഞ്ഞപ്പോള്‍ ഭാഗത്തില്‍ കിട്ടിയ  നെല്ലായിലെ സ്ഥലം വിറ്റിട്ട്  ഉള്ളിലേക്കു മാറി കുറച്ചു സ്ഥലം വാങ്ങി ഒരു കൊച്ചു വീടും വച്ചു.  പിന്നെ ഈ ഭാഗത്തേക്കധികം വരാതായി.  വീടിനടുത്തു തന്നെയുള്ള കാളന്‍ ലോനപ്പേട്ടന്റെ വലിയ പറമ്പിന്റെ കാര്യസ്ഥനായി കൂടി. വല്ലപ്പോഴും ഒന്നു കാണാറുണ്ട്. അത്ര തന്നെ.  മോള്‍ടെ കല്യാണമായപ്പോള്‍ ക്ഷണിച്ചു.  ഞാന്‍ പോയിരുന്നു. എന്നേക്കൊണ്ടാവുന്ന  ചെറിയ സഹായവും ചെയ്തു. അതു‍ കഴിഞ്ഞു ആറേഴു വര്‍ഷങ്ങള്‍ കഴിഞ്ഞു.

കുറച്ചു നാളുകളായി ഞാനും പലായനത്തിലായിരുന്നല്ലോ.  വിവരമൊന്നും അറിയാറില്ല. ഇതിനിടയില്‍ എപ്പഴോ ഞാനറിഞ്ഞിരുന്നു,  മകളുടെ കല്യാണത്തില്‍ എന്തോ പ്രശ്നമാണെന്നും ഡൈവോഴ്സിനുള്ള കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കയാണെന്നും.  വളരെ നേരത്തേ  കല്യാണം കഴിഞ്ഞു.   ‍  

ഒരു മാസം മുന്‍പ് ഞാന്‍ മുകുന്ദന്റെ വീട്ടില്‍ പോയിരുന്നു.   മുകുന്ദനെ കണ്ടിട്ട് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.ഒരു ഭ്രാന്തനേപ്പോലെ. എന്നോടൊന്നും മിണ്ടിയില്ല, പരിചയം പോലും കാണിച്ചില്ല. ഭാര്യ, രാധ വന്നു, ‍  എന്നോട് ചോദിച്ചു, ഒന്നും അറിഞ്ഞില്ലേ എന്ന്. പുതിയ വിവരങ്ങള്‍ ഒന്നും എനിക്കറിയില്ലായിരുന്നു. 

ഞങ്ങളുടെ സുധി പോയെന്നു പറഞ്ഞുകരഞ്ഞപ്പോഴും എനിക്കു മുഴുവന്‍ പിടികിട്ടിയില്ല. മകന്‍ സുധി, ഒരു വര്‍ഷം മുന്‍പ് വെള്ളത്തില്‍ പോയി മരിച്ചു. ഇരുപത്തഞ്ചില്‍ താഴെയേ വരൂ പ്രായം.  കൂടുതലൊന്നും ഞാന്‍ ചോദിച്ചില്ല. എന്തു ചെയ്യണം, എന്തു പറയണം എന്നറിയാത്ത ഒരവസ്ഥയിലായി ഞാന്‍. 

ആ മൌനത്തില്‍നിന്നു്, ആ അന്തരീക്ഷത്തില്‍ നിന്നു  ഒന്നു പുറത്ത് കടക്കുന്നതെങ്ങനെ എന്നറിയാതെ  പകച്ചുനില്‍ക്കുമ്പോള്‍,  മുറ്റത്തു കളിക്കുന്നു മിടുക്കിയായ  അഞ്ചാറുവയന്സ്സുള്ള ഒരു പെണ്‍കുട്ടി.  അവളോടെന്തെങ്കിലും പറഞ്ഞ് അന്തരീക്ഷത്തിന്റെ കനമൊന്നു കുറക്കാം എന്നു കരുതി പേരെന്താ മോളേ എന്നു ചോദിച്ച എനിക്കു  കിട്ടിയതു് അടുത്ത ഇടിത്തീ. ഉത്തരം പറഞ്ഞതു് മോളല്ല, അമ്മയാണ്, അവള്‍ക്കു മിണ്ടാന്‍ പറ്റില്ല എന്നു്.

എന്തു പറഞ്ഞാണ് ഞാന്‍ അവിടെ നിന്നിറങ്ങിയതെന്നെനിക്കു  തന്നെ അറിയില്ല.

പത്തിരുപത്തഞ്ചു വയസ്സ്കുമ്പോഴേക്കും ഒരു കുട്ടിയുമായി ഡൈവോഴ്സു ചെയ്ത  മകള്‍ വീട്ടില്‍. ശരിക്കു പറഞ്ഞാല്‍ ഇപ്പോള്‍ കല്യാണപ്രായം ആകുന്നതേയുള്ളൂ അവള്‍ക്കു്.  അവളുടെ മകള്‍ക്കിപ്പോള്‍ അഞ്ചാറു വയസ്സുണ്ട്. കൂടുതല്‍ പഠിച്ചിട്ടുമില്ല. അതുകൊണ്ട് വലിയ ജോലിയൊന്നും പ്രതീക്ഷിക്കണ്ട.   ആ കൊച്ചുകുട്ടിക്കാണെങ്കിലോ മിണ്ടാനും കഴിയില്ല. ഇപ്പോളിതാ ഒരേ ഒരു മകനും മരിച്ചു.‍

ഇതിനെയെന്താ വിളിക്കേണ്ടതു്, വിധിയുടെ ക്രൂരതയെന്നോ മുജ്ജന്മപാപമെന്നോ…. അറിയില്ല.

 

എഴുത്തുകാരി.

33 comments:

Typist | എഴുത്തുകാരി said...

മാസങ്ങള്‍ക്കു ശേഷം വീണ്ടും ഞാന്‍..

Mahesh Ananthakrishnan said...

എന്താ പറയുക.... വായിച്ചപ്പോള്‍ വിഷമം തോന്നി....
ചില ജീവിതങ്ങള്‍ അങ്ങനെ ആണ്.... കര്‍മ്മഫലം എന്നും പറയാം....

keraladasanunni said...

ചില കുടുംബങ്ങള്‍ അങ്ങിനെയാണ്. ദുരന്തങ്ങള്‍ അവരെ വിടാതെ പിന്‍തുടരും. ജീവിത സായാഹ്നത്തില്‍ ദുര്‍വിധി നേരിടേണ്ടി വന്ന മുകുന്ദന് പ്രജ്ഞ നഷ്ടപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതപെടാനുള്ളു.

( രാമായണത്തെ ആസ്പദിച്ച് എഴുതുന്ന മൂന്നാമത്തെ നോവല്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തു തുടങ്ങി )

ajith said...

ആര്‍ക്കും വിശദീകരിക്കാനാവാത്ത തരത്തിലാണ് ചില മനുഷ്യജന്മങ്ങളുടെ മേല്‍ ദുരന്തങ്ങള്‍ വന്ന് ഭവിക്കുന്നത്. അടിമേലടി. എങ്ങിനെയെങ്കിലും ഒന്നില്‍ നിന്ന് മോചനം പ്രാപിച്ച് എഴുന്നേറ്റ് വരുമ്പോഴായിരിക്കും അടുത്ത പ്രഹരം. വിധിയുടെ ഓരോ ക്രൂരമായ തമാശകള്‍ എന്നേ പറയാനാവൂ.

Anonymous said...

മാസങ്ങള്‍ക്ക് ശേഷം വെറുതെ തോന്നി ഇവിടെ വരാന്‍
ചേച്ചി പുതിയ ഒരു അനുഭവം കൂടി വരച്ചു കാട്ടിയിരിക്കുന്നു
ജീവിതം പലപ്പോഴും (മിക്കപ്പോഴും ) ഇങ്ങനെയാ
ജീവിക്കുക മരിക്കുംവരെ ....

Anonymous said...
This comment has been removed by the author.
Manoraj said...

ഇതൊക്കെയാണ് നമുക്ക് ചുറ്റുമുള്ള ലോകം.. എന്തു പറയാന്‍.. ഒന്നും പറയാനാവാത്ത അവസ്ഥ!

Admin said...

ദുരന്തവാഹിയായ കുടുംബചിത്രങ്ങള്‍
ചുറ്റുപാടുമുണ്ട്...
പോസ്റ്റ് നന്നായി..

ജിമ്മി ജോണ്‍ said...

നല്ല കാലം വരും... വരാതിരിക്കില്ല..

Echmukutty said...

ഒന്നും പറയാൻ കഴിയുന്നില്ല.........

ശ്രീനാഥന്‍ said...

ദുരന്തങ്ങൾ! എന്തോ വല്ലാതെ തോന്നുന്നു!

Muralee Mukundan , ബിലാത്തിപട്ടണം said...

കാണുന്നതും,കേൾക്കുന്നതും,
വായിക്കുന്നതുമായ മനുഷ്യന്റെ ദുരിത കഥകളല്ലാതെ ,നമ്മുടെ ഓരോരുത്തരുടേയും ചുറ്റുപാടികളിൽ കഴിഞ്ഞുകൂടുന്ന ഇത്തരം പച്ചയായ ഒറിജിനൽ കഥാപാത്രങ്ങളെ കണ്ടുമുട്ടുമ്പോഴാണല്ലോ ...

നാം ഓരോരുത്തരും
ഇതുവരെ ജീവിച്ചത് ശരിക്കും ഒരു ഭാഗ്യ
സിംഹാസനത്തിൽ കയറിയിരുന്നായിരുന്നുവല്ലോ
എന്ന് മനസ്സിലാക്കുക ..അല്ലേ

ഭാഗ്യം,വിധി,തല വര, യോഗം,..,...,എന്നൊക്കെ ചൊല്ലിപ്പറഞ്ഞ് ;തൽക്കാലം നമ്മളൊക്കെ രക്ഷപ്പെടുമെങ്കിലും ഇതൊക്കെയാണല്ലോ

ഇഹലോകവാസത്തിലെ ജീവിതങ്ങൾ ...!

മനോജ് കുമാർ വട്ടക്കാട്ട് said...

വിധിയെ പഴിച്ച് കരഞ്ഞിരിക്കുകയല്ല വേണ്ടതെന്ന് അവരെ മനസ്സിലാക്കിക്കുക. മൂക-ബധിരരായ കുഞ്ഞുങ്ങൾക്ക് വേണ്ടി സന്നദ്ധ സംഘടനകൾ നടത്തുന്ന സ്കൂളുകൾ ഉണ്ട്. മറ്റ് കുഞ്ഞുങ്ങളെ പോലെതന്നെ മിടുക്കാരായി പഠിച്ച് വളരാൻ ഈ കുഞ്ഞിനും തീർച്ചയായും കഴിയും. കുടുംബശ്രീ പോലുള്ള പദ്ധതികളിൽ സജീവമായി പങ്കെടുത്തുകൊണ്ട് ആ കുഞ്ഞിന്റെ അമ്മയ്ക്കും വരുമാനമുണ്ടാക്കാം.

ഇതിനൊക്കെ അവർക്ക് ആവശ്യം നല്ല പിന്തുണയും പ്രോത്സാഹനവും ആണ്. ചേച്ചിയെ പോലുള്ളവർക്ക് അത് ചെയ്യാൻ കഴിയും.

Typist | എഴുത്തുകാരി said...

Mahesh Ananthakrishnan, നന്ദി.

Keraladasanunni, കുറച്ചുകാലമായി ബൂലോഗത്ത് വരാറില്ലായിരുന്നു. തീർച്ചയായും വരാം ആ വഴി.

ajith, അതെ, വളരെ ശരിയാണ്.

NaNcY, നന്ദി.

Manoraj,

ശ്രീജിത്ത് മൂത്തേടത്ത്,

ജിമ്മി ജോൺ, നല്ല കാലം വരട്ടെ.

Echmukutty,

ശ്രീനാഥൻ,

എല്ലാവർക്കും നന്ദി.

Typist | എഴുത്തുകാരി said...

Muralee Mukundan, വരുന്നതൊക്കെ നല്ലതായാലും ചീത്തയായാലും അനുഭവിച്ചു തീർക്കണമല്ലോ.

ഒരു ഓ ടോ: ഞാൻ ഒരു മെയിൽ അയച്ചിരുന്നു കുറച്ചുനാൾ മുൻപ്. അതു് അതുപോലെ തിരിച്ചുവന്നു. എന്തോ കാരണം പറഞ്ഞിരുന്നു. ഓർക്കുന്നില്ല. കമെന്റ് ചെയ്യാൻ നോക്കിയിട്ട് പോസ്റ്റേ കാണാൻ പറ്റുന്നില്ല. അതു ക്ഷണിക്കപ്പെട്ടവർക്കു മാത്രമാക്കി അല്ലേ?

Typist | എഴുത്തുകാരി said...

പടിപ്പുര, നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നു്.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

വിധിയുടെ വിളയാട്ടം...ആശംസകൾ....

ഇലഞ്ഞിപൂക്കള്‍ said...

എന്തുപറയണമെന്നറിയില്ല.. പ്രാര്‍ത്ഥിക്കുന്നു ആ കുടുംബത്തിനുവേണ്ടി.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ജീവിതത്തിന്റെ പൊള്ളുന്ന യാഥാത്ഥ്യം!!!
പ്രാര്‍ത്ഥിക്കുന്നു ......

വിനുവേട്ടന്‍ said...

നാം അറിയാത്ത എത്രയോ ജീവിതങ്ങൾ ഇതു പോലെ... ഒന്നോർത്താൽ നമ്മളൊക്കെ എത്രയോ ഭാഗ്യം ചെയ്തവർ...

Areekkodan | അരീക്കോടന്‍ said...

ചില അനുഭവങ്ങള്‍ പൊള്ളുന്നത് തന്നെ....

ശ്രീ said...

ഒന്നും പറയാനാകുന്നില്ല, ചേച്ചീ. ചിലരുടെ ജീവിതങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ.

Muralee Mukundan , ബിലാത്തിപട്ടണം said...

തിരക്കുകാരണം ബൂലോഗത്തിന്റെ പടിവാതിൽ ചാരിയിട്ടിരിക്കുകയായിരുന്നൂ..
അല്ലാ ആ മെയിലെന്തായിന്നു..സംഗതി...,യൂറൊപ്പിലെങ്ങാനും വരുന്നുണ്ടോ..?

Typist | എഴുത്തുകാരി said...

വെള്ളായണി വിജയൻ,

ഇലഞ്ഞിപ്പൂക്കൾ,

ജോയ് പാലക്കൽ,

വിനുവേട്ടൻ,

അരീക്കോടൻ,

ശ്രീ,


നന്ദി, എല്ലാവർക്കും.

Typist | എഴുത്തുകാരി said...

ബിലാത്തിപ്പട്ടണം, ഏയ് അതൊരു കൊച്ചുകാര്യം. തൽക്കാലമില്ല അങ്ങോട്ടൊന്നും.

വിചാരം said...

ഒരു ദരിദ്രന്റെ വീട്ടില്‍ മാത്രമാണോ ഇങ്ങനെയുള്ള അവസ്ഥ എന്ന് എഴുത്തുകാരി കരുതുന്നുണ്ടോ ? എന്റെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാണ് അക്ബര്‍ ട്രാവല്‍സ് ഉടമ നാസര്‍, അദ്ധേഹത്തിന്റെ ഒരു മകള്‍ ഊമയാണു, അദ്ധേഹത്തിന്റെ ഒരു അനുജന്‍ എന്തോ കാരണത്താല്‍ ആത്മഹത്യ ചെയ്തു , ഒരു ജേഷ്ടന്‍ അസുഖം മൂലം മരിച്ചു , ഇതിലൊന്നും പകച്ചു നില്‍ക്കാതെ ആ മനുഷ്യന്‍ അധ്വാനത്തിന്റെ മേഖലയില്‍ വളരുന്നു, ആയിര കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നു .... ജീവിതം ഇങ്ങനെയോക്കെയാന്നു .. അതിനെ കര്‍മ്മ ഫലം തേങ്ങാ കൊല എന്നൊക്കെ പറഞ്ഞു ശങ്കിച്ച് നില്‍ക്കാതെ .. ജീവിക്കുക , ആ പെണ്‍കുട്ടിക്ക് ജീവിക്കാനുള്ള അവസരം ഉണ്ടാകുക , അതിനു നമ്മുക്ക് എങ്ങനെ സഹായിക്കാനാവും എന്നൊക്കെ ചിന്തിക്കുക , അവര്‍ക്ക് നല്ല ജീവിത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ എല്ലാം ഉഷാറാവും, അല്ല പിന്നെ !!!!!

Unknown said...

അനുഭവമോ കഥയോ.. ?
അനുഭവമെങ്കിൽ എന്താ പറയുക!

സങ്കടമുണ്ട്.

Typist | എഴുത്തുകാരി said...

വിചാരം, ഒരിക്കലുമല്ല, ദരിദ്രനു മാത്രമല്ല ഇത്തരം അവസ്ഥകള്‍ വരുന്നതു്. പക്ഷേ പ്രയാസമേറിയ ഈ അവസ്ഥകളില്‍ ദാരിദ്ര്യം കൂടിയുണ്ടെങ്കില്‍ അതു ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്നു.

നന്ദി, അഭിപ്രായങ്ങള്‍ക്കു്.

സുമേഷ്, കഥയല്ല, പച്ചയായ അനുഭവം തന്നെ.നന്ദി, ഈ വഴി വന്നതിനു്.

anupama said...

പ്രിയപ്പെട്ട ചേച്ചി ,

സ്വാതന്ത്ര്യദിനാശംസകള്‍ !

മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു, ഈ അനുഭവം.......പച്ചയായ ജീവിതം !

പ്രതിസന്ധികളില്‍ ഒരു കൈത്തിരിയായി, നമുക്ക് ജീവിക്കാം.

വായനക്കാരുടെ മനസ്സില്‍ നൊമ്പരവും വേദനയും നിറയ്ക്കുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ച !

സസ്നേഹം,

അനു

Typist | എഴുത്തുകാരി said...

അനു, നന്ദി. ഇതുപോലെ എത്രയോ ജീവിതങ്ങൾ നമുക്കു ചുറ്റും. അടുപ്പവും പരിചയവുമുള്ളവരാകുമ്പോൾ കൂടുതൽ വിഷമം തോന്നുന്നു എന്നു മാത്രം.

Typist | എഴുത്തുകാരി said...

കഥപ്പച്ച, നന്ദി ഈ വഴി വന്നതിനു്.

Akbar said...

ആപത്തു വരുമ്പോള്‍ കൂട്ടത്തോടെ. വിധി ചിലപ്പോള്‍ ചിലരുടെ മേല്‍ എന്നും ദുഃഖങ്ങള്‍ പെയിത് കൊണ്ടിരിക്കും.

Typist | എഴുത്തുകാരി said...

Akbar, സന്തോഷം, വായിച്ചതിനും അഭിപ്രായം പാറഞ്ഞതിനും.