Friday, December 23, 2011

തണുപ്പ്......

എന്തൊരു തണുപ്പ്!.  രണ്ടു ദിവസമായി വെയിലു തീരെയില്ല. മൂടിക്കെട്ടി നിൽക്കുന്നു...  ആദ്യമായിട്ടല്ലേ ഇവിടെ.  ഈശ്വരാ ഇതിനിയും കൂടിക്കൂടി വരുമത്രേ.  എന്നിട്ടു കുറഞ്ഞുകുറഞ്ഞു വരുന്നതെന്നാണാവോ, അതറിയില്ല.

  ഇന്നലെ ഹരിദാസും സുമയും വന്നിരുന്നു.  ഞാൻ തണുപ്പെന്നു പറഞ്ഞപ്പോൾ സുമക്കു ചിരി  " തണുപ്പോ, ഇതോ, ഇതൊന്നുമായിട്ടില്ല അടുത്ത മാസമാവട്ടെ. അപ്പോ കാണാം. കിടക്കയൊക്കെ ഇങ്ങിനെ വെള്ളം വെള്ളം പോലിരിക്കും" .  അപ്പോ ഇതൊന്നുമല്ലേ ഇവിടത്തെ തണുപ്പ്.    പിന്നെ പറഞ്ഞതു സുമയായതുകൊണ്ട്, ഒരു അമ്പതു ശതമാനം മാർജിൻ കൊടുക്കാം. പകുതി വിശ്വസിച്ചാൽ മതി എന്നർഥം.  ഞാൻ പക്ഷേ സന്നാഹങ്ങളൊക്കെ  റെഡിയാക്കി വച്ചിട്ടുണ്ട്. സ്വെറ്ററുണ്ട്, ഷാളുണ്ട്, കമ്പിളിപ്പുതപ്പുണ്ട്.

പറയാൻ തുടങ്ങിയതു ഇതല്ല.  വിചിത്രയേക്കുറിച്ചാണ്. വിചിത്ര അടുത്തുള്ള വീടുകളിലൊക്കെ പണിക്കു പോവും. ഞാനും  വല്ലപ്പോഴും അത്യാവശ്യത്തിനു വിളിക്കാറുണ്ട്.  അവൾക്കു്  മക്കൾ 6.  മൂത്ത മകനു് 20 വയസ്സായിട്ടുണ്ടാവും.  അതിനു താഴെ വരിവരിയായി ബാക്കി അഞ്ചുപേർ.  അവൾക്കു  കഷ്ടി 40  കാണുമായിരിക്കും.  മകൻ അത്യാവശ്യം കൂലിപ്പണിക്കു പോയിത്തുടങ്ങി. ഭർത്താവ് പണിക്കു പോയാൽ പോയി, ഇല്ലെങ്കിലില്ല.  24 മണിക്കൂറും വെള്ളത്തിൽ. അവസാനം വിചിത്ര അയാളെ  അടിച്ചു പുറത്താക്കി. അടുത്തുള്ള ഒരു പണിതീരാത്ത കെട്ടിടത്തിന്റെ വാരാന്തയിലാണിപ്പോൾ   അയാൾ താമസം.

വിചിത്രയുടെ വീട്, കാടുപിടിച്ചു് കിടക്കുന്ന ഒരു സ്ഥലത്തിന്റെ നടുവിൽ കുറച്ചു സ്ഥലത്ത്  ഈ നീലക്കളറിലുള്ള ഷീറ്റ് ഇല്ലേ, അതു് വലിച്ചു കെട്ടിയ മേൽക്കൂര. താഴെയൊക്കെ മണ്ണ് തന്നെ.  ഒരു ദിവസം ആ താഴെയുള്ള പയ്യൻ കാലിൽ ഒരു കെട്ടും വച്ചു നടക്കുന്നു. അന്വേഷിച്ചപ്പോഴെന്താ, കാലിൽ എലി കടിച്ചതാണത്രേ. വളരെ നിസ്സാരമായിട്ടാ പറയുന്നെ. കുറച്ചു മഞ്ഞളും ചുണ്ണാമ്പുമൊക്കെ വച്ചു കെട്ടിയിട്ടുണ്ട്. ഡോക്ടറെ കാണിക്കണ്ടെ എന്നു ചോദിച്ചപ്പോൾ, ഇതിനിത്ര ഡോക്ടറെ  കാണിക്കാനെന്തിരിക്കുന്നു.എന്നു പറഞ്ഞിട്ടൊരു ചിരി.  ഞാനൊരു വിഡ്ഡിത്തം പറഞ്ഞപോലെ.  ഇതൊക്കെ ഇവിടെ പതിവാണെന്നു്.

കുറച്ചുനാൾ മുൻപത്തെ മറ്റൊരു  കഥ.  വിചിത്രയുടെ മൂത്ത മകൻ  രാത്രി കിടക്കുമ്പോൾ തല വക്കുന്നതു് ഷീറ്റ് വലിച്ചുകെട്ടാൻ ഇട്ടിട്ടുള്ള കല്ലിൽ.  ഇടക്ക്  ശബ്ദങ്ങളൊക്കെ കേക്കാറുണ്ടത്രേ.     നമ്മൾ ഓടൊക്കെ ഇളക്കി പുര മേയില്ലേ ഇടക്കു്, ഒരു ദിവസം അതുപോലെ ആ ഷീറ്റൊന്നു വലിച്ചുകെട്ടാൻ
കല്ലൊക്കെ ഇളക്കി മാറ്റിയപ്പോൾ അതിനകത്തു് നല്ല മൂർഖൻ പാമ്പ്, ഫാമിലി ആയിട്ട്. ഒന്നല്ല, രണ്ട്.  അതിനെ അടിച്ചുകൊന്നു് ഒരു ദിവസം മുഴുവൻ പ്രദർശിപ്പിക്കാൻ വച്ചിരുന്നത്രേ.

മൂർഖൻ പാമ്പിൽ തലവച്ചുറങ്ങുന്നവർക്കാണോ എലിയെ പേടി!.

സ്വെറ്ററിട്ട്, ഷാൾ പുതച്ച്, കട്ടിലിൽ  കിടന്നു് കമ്പിളിപ്പുതപ്പ് പുതച്ചുറങ്ങുന്ന ഞാൻ പറയുന്നു  തണുക്കുന്നുവെന്ന്.  വെറും ഷീറ്റ്  മാത്രം മേൽക്കൂരയുള്ള,  പാമ്പും എലിയും ഓടുന്ന വെറും നിലത്ത്  കൊച്ച  കുട്ടികളെയും കൊണ്ടു കിടന്നുറങ്ങുന്ന  വിചിത്രക്കും തണുക്കുന്നുണ്ടാവില്ലേ. വിചിത്രയുടെ  തണുപ്പിനാണോ എന്റെ തണുപ്പിനാണോ  തണുപ്പ് കൂടുതൽ.  അറിയില്ല.

എഴുത്തുകാരി.

44 comments:

Typist | എഴുത്തുകാരി said...

ക്രിസ്മസ് വരുന്നു, നവവത്സരം വരുന്നു, ആശംസകൾ എല്ലാവർക്കും.

വിനുവേട്ടന്‍ said...

ഇത് പോലെ എന്തെല്ലാം ജീവിത യാഥാർത്ഥ്യങ്ങൾ... മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കാണുമ്പോഴാണ്‌ നമ്മുടെ വേദനകൾ എത്രയോ നിസ്സാരം എന്ന് മനസ്സിലാവുക...

എല്ലാവർക്കും ക്രിസ്മസ് - നവവത്സരാശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഒട്ടും വിചിത്രമല്ലാ‍ത്ത വിചിത്രയുടെ ജീവിതത്തെ ഒരു നേർക്കാഴ്ച്ച കാണുന്നപ്പോലെ കണ്ട് അമ്പരന്നിരിക്കുന്ന വായനക്കാരെ ...
വെറുമൊരു തണവിന്റെ കുളിരുമായി വന്ന് ഈ എഴുത്തുകാരി ‘ഫ്രോസൻ’ ആക്കി മാറ്റിയിരിക്കുന്നു..!

Anonymous said...

എത്ര എത്ര വിചിത്ര മാര്‍ ഈ ലോകത്തില്‍
ക്രിസ്മസ് - നവവത്സരാശംസകൾ...

പ്രയാണ്‍ said...

ജീവിതം പലപ്പോഴും വിചിത്രങ്ങളാല്‍ വിചിത്രം അല്ലേ.....

Echmukutty said...

തണുപ്പ്...അതു പറയാൻ കഴിയുന്നവർക്ക് അല്ലേ? അതും പറയാനാവാത്തവർക്ക് ....

നന്നായി എഴുതി.

മനോജ് കുമാർ വട്ടക്കാട്ട് said...

തണുപ്പകറ്റാൻ ആവശ്യത്തിന് ഒന്നുമില്ലാതെ കൂനിക്കൂടി ഇരിക്കുന്നവരെ യാത്രകളിലൊക്കെ പലപ്പോഴും കണ്ടിട്ടുണ്ട്.

SHANAVAS said...

നന്നായി എഴുതി...ഇതൊക്കെയാണ് ജീവിതം...നവ വത്സരാശംസകള്‍..

Manoraj said...

ജീവിതം വിചിത്രമായ ചുറ്റുപാടുകള്‍ നിറഞ്ഞത് തന്നെ അല്ലേ ചേച്ചി. എനിക്ക് ആ പേരു ഒട്ടേറെ ഇഷ്ടമായി വിചിത്ര. ചിലപ്പോല്‍ അത് മോഷ്ടിച്ചേക്കും. എവിടെയെങ്കിലും ഒരു കഥയിലോ മറ്റോ ഉപയോഗിക്കാന്‍ കഴിഞ്ഞാലോ :)

ശ്രീനാഥന്‍ said...

അതെ, നമ്മുടെയൊന്നും തണുപ്പൊരു തണുപ്പല്ല. ഇഷ്ടമായി പോസ്റ്റ്!

കാസിം തങ്ങള്‍ said...

നാം വലിയ ആനക്കാര്യമായി തലയിലേറ്റിനടക്കുന്നത് മറ്റുള്ളവരുമായി തട്ടിച്ച് നോക്കുമ്പോള്‍ ചെറിയ ചേനക്കാര്യം പോലുമാവില്ല. അതാണല്ലോ ജീവിതം ചേച്ചി. ആശംസകള്‍.

khaadu.. said...

മൂർഖൻ പാമ്പിൽ തലവച്ചുറങ്ങുന്നവർക്കാണോ എലിയെ പേടി!.

വിചിത്ര ഒരു വിചിത്രജീവിയാനല്ലോ........ പുതപ്പു ഉണ്ടെങ്കിലല്ലേ തണുപ്പിനെ കുറിച്ച് ചിന്തിക്കെണ്ടൂ...

ജിമ്മി ജോണ്‍ said...

ബിലാത്തിയിലെ തണുപ്പിൽ നിന്നും വിടുതൽ നേടി വരുന്നതേയുള്ളൂ, അപ്പോളതാ ചേച്ചിയുടെ വക ‘വിചിത്ര’മായ ഒരു തണുപ്പ്!!

അനില്‍@ബ്ലോഗ് // anil said...

ഇതൊക്കയാ ചേച്ചീ പച്ച ജീവിതം.
നമ്മുക്കാണ് തണുപ്പും കുളിരും, അവർക്ക് ഇതെല്ലാം നിസ്സാരം.

കൊല്ലേരി തറവാടി said...

ചേച്ചി അടുത്തകാലത്തെഴുതിയ ഏറ്റവും നല്ല പോസ്റ്റ്‌........///.......,,,

മറ്റൊരാളുടെ ജീവിതരീതികള്‍, പ്രാരാബ്ദങ്ങള്‍ ഇതൊക്കെ പുറമെ മാറിനിന്നു നോക്കുന്ന ഒരാള്ക്ക് ‌ ദുസ്സഹമായി തോന്നിയേക്കാം..അനുഭവിയ്ക്കുന്നവന്‌ അതൊരു ശീലമായിട്ടുണ്ടാകം.ജീവിതത്തിന്റെ താളമായിട്ടുണ്ടാകം, ആനന്ദനിമിഷങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ടാകാം..ദാരിദ്ര്യത്തില്പോടലും.! അങ്ങിനെ അല്ലായിരുന്നെങ്കില്‍ ഈ ലോകത്തിന്റെ നിലനില്പ്പ്്‌ തന്നെ അലങ്കോലമാവുമായിരുന്നില്ലെ.,..

എവിടെ, എപ്പോള്‍, എന്ത്‌, എങ്ങിനെ എന്നൊന്നും പ്രവചിയ്ക്കാനാവാതെ തീര്ത്തും അനിശ്ചിതത്വം നിറഞ്ഞ മുഹൂര്ത്താങ്ങളിലൂടെയല്ലെ ഒരോ നിമിഷവും കടന്നുപോകുന്നത്‌..കാവല്ക്കാ രനുള്ള ഗെയിറ്റല്ലെ എന്നു കരുതി സധൈര്യം മുന്നേറുമ്പോള്‍ ട്രാക്കില്‍ തീവണ്ടിയ്ക്കു മുന്നില്‍ തീര്ത്തും അപ്രതീക്ഷിതമായി ഹോമിയ്ക്കപ്പെടുന്ന ജീവിതങ്ങള്‍ ചോദ്യചിഹ്നങ്ങളായി നമ്മുടെ ചിന്തകളെ അസ്വസ്ഥമാക്കാറില്ലെ പലപ്പോഴും..ഇരിപ്പിടത്തില്‍ രമേഷ്‌ എഴുതിയതുപോലെ ഒരു തുലാവര്ഷംാ പെയ്തിറങ്ങി ഇരുണ്ടു വെളുക്കുമ്പോഴേയ്ക്കും കരിയിലകള്‍ പോലെ ദൂരേ എവിടെയോ പറന്നെത്തിയിയിട്ടുണ്ടാകും പലരും..പ്രിയപ്പെട്ടവര്‍ പിരിഞ്ഞു പോയിട്ടുണ്ടാകും.തികച്ചും അപരിചിതമായ പുതിയ ലോകത്ത്‌ അപ്പോഴും വീണിടം വിഷ്ണു ലോകമെന്നു കരുതി എത്ര എളുപ്പത്തിലാണു വേരു പിടിയ്ക്കാന്‍ കഴിയുന്നത്‌,പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാകുന്നത്‌..വിചാരവികാരങ്ങള്ക്കൊെപ്പം വിവേകം കൂടി കൈമുതലായുള്ള മനുഷ്യ ജന്മത്തിനു മാത്രം ലഭിച്ച സിദ്ധിയണത്‌.

ചേച്ചിയെ വലിയ പരിചയമില്ലെനിയ്ക്ക്‌..കമന്റ്‌ബോക്സിലൂടെ പോലും അധികം മിണ്ടിയിട്ടില്ല...എന്നാലും കൗതുകത്തോടെ വായിയ്ക്കാറുണ്ട്‌ ആദ്യം മുതലെ.,ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ നോക്കിക്കാണാറുമുണ്ട്‌..കുറുമാലിപ്പുഴയുടെ കാറ്റേറ്റ്‌ നെല്ലായിയിലെ വീടിന്റെ പൂമുഖത്തിരുന്ന്‌ കഥകള്‍ പറയുന്ന ചേച്ചിയെ കാണാനാണ്‌ ഇന്നും എനിയ്ക്കിഷ്ടം...പക്ഷെ,...! ഒന്നിന്റേയും കടിഞ്ഞാണ്‍ നമ്മുടെ കയ്യിലല്ലോ..ഒരാളുടെ മാത്രം കാര്യമല്ലിത്‌, വേദനിപ്പിയ്ക്കാന്‍ എഴുതിയതുമല്ല.സ്വന്തം വീട്ടില്‍ നിന്ന്‌ ഒരു ദിവസംപോലും മാറി നില്ക്കു ന്നത്‌ സങ്കല്പ്പി്യ്ക്കാന്‍ കഴിയാതിരുന്ന ഞാന്‍ നാടു വിട്ടിട്ട്‌ എത്ര വര്ഷറങ്ങളായി എന്ന്‌ എനിയ്ക്കു തന്നെ അറിയില്ല...!

പ്രവാസം, ദേശാടനം ഇതൊക്കെ ഒരു നിലയ്ക്ക്‌ അനുഗ്രഹം തന്നെയാണ്‌.കുണ്ടന്‍ കിണറ്റിലെ തവളകളാകാതെ പുറംലോകം കാണാന്‍ അവസരം കിട്ടുക ഭാഗ്യം തന്നെയാണത്‌.ഒരുപാടു പുതിയ മുഖങ്ങള്‍,അവരുടെ സുഖദുഃഖങ്ങള്‍,.അതൊക്കെ മനസ്സിലാവഹിച്ചു വാക്കുകളും വരികളും വരകളുമൊക്കെയാക്കി മറ്റുള്ളവര്ക്ക് ‌ പകര്ന്നു നല്കാിന്‍ കഴിയുക. എല്ലാര്ക്കും പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും.പുതിയ ദേശങ്ങള്‍,ഭാഷകള്‍, ആചാരങ്ങള്‍.സന്ദര്ഭവങ്ങള്‍,...ഇങ്ങിനെ, ഇതിനിടയില്‍ നമ്മളറിയാതെ നമ്മള്ത്ന്നെ എത്രയോ പേര്ക്ക് ‌ കഥാപാത്രങ്ങളായി മാറിയിട്ടുണ്ടാകും..

ഇനിയും യാത്ര ചെയ്യണം ചേച്ചി ഒരുപാടു പുതിയ സ്ഥലങ്ങളില്‍ താമസിയ്ക്കണം ,കഴിയുമെങ്കില്‍ കടല്‍ കടന്നും പോകണം..അവിടെയൊക്കെ ഉണ്ടാവും ഇതുപോലെ വിചിത്രമായ കഥാപാത്രങ്ങള്‍..രാപ്പാള്‍,നന്തിക്കര,നെല്ലായി,അങ്ങിനെ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളുടെ നിഷ്കളങ്കത മുഴുവന്‍ ഓളങ്ങളിലൊതുക്കിയൊഴുക്കുന്ന കുറുമാലിപ്പുഴയുടെ ഈണത്തില്‍ അവരുടെയെല്ലാം അനുഭവങ്ങള്‍ ഞങ്ങള്‍ ബൂലോകവാസികള്ക്ക്ട‌ പകര്ന്നു തരണം.

പിന്നെ ചേച്ചി,.വെക്കേഷന്‍ സമയത്ത്‌ പുതുക്കാട്‌ വെച്ച്‌ ചേച്ചിയുടെ ഒരു കസിനെ പരിചയപ്പെട്ടു..ചേച്ചിയെപോലെതന്നെ മറ്റൊരു ചേച്ചി, ബാങ്കുദ്യോഗസ്ഥ..മാളുവുമുണ്ടായിരുന്നു എന്റെകൂടെ."നെല്ലായിയിലുള്ള ആരെ കണ്ടാലും എഴുത്തുകാരിചേച്ചിയെ അറിയോ എന്നാ കുട്ടേട്ടന്‍ ആദ്യം ചോദിയ്ക്കാ.." എന്നു പറഞ്ഞ്‌ അവളാണ്‌ സംഭാഷണത്തിന്‌ തുടക്കം കുറിച്ചത്‌.." സത്യം, പണ്ട്‌ നെല്ലായി എന്നു കേട്ടാല്‍ അവിടത്തെ റെജിസ്റ്ററാഫീസാണ്‌ ഓര്മ്മംയില്‍ കടന്നു വരാറ്‌...ഇന്നിപ്പോ എഴുത്തുകാരി ചേച്ചിയുടെ നാടായി മാറി നെല്ലായി..

വല്ലാതെ നീണ്ടുപോയി ഈ കമന്റ്‌ അല്ലെ....

പ്രേം I prem said...

ഇന്ത്യന്‍ കോഫി ഹൌസിലെ സപ്ലയറെ തൊപ്പി വെക്കാന്‍ പഠിപ്പിക്കല്ലേ,

മലയാളി സ്ത്രീകളെ സാരി ഉടുപ്പിക്കാന്‍ പഠിപ്പിക്കല്ലേ,
ഇപ്പോഴിതാ പുതിയൊരു ഐറ്റം,

മൂർഖൻ പാമ്പിൽ തലവച്ചുറങ്ങുന്നവർക്കാണോ എലിയെ പേടി....

പിന്നെ ഇവിടൊക്കെ എന്നാ തണുപ്പാ ... തണുപ്പൊക്കെ അങ്ങ് കോട്ടയത്തല്ലയോ..

തണുത്ത അടിപൊളി പോസ്റ്റ്‌ ... ചേച്ചീ new year ആഘോഷം തുടങ്ങിയോ ...

ബെഞ്ചാലി said...

മൂർഖൻ പാമ്പിൽ തലവച്ചുറങ്ങുന്നവർക്കാണോ എലിയെ പേടി! :)

Typist | എഴുത്തുകാരി said...

വിനുവേട്ടൻ,

ബിലാത്തിപ്പട്ടണം,

NaNcY,

പ്രയാൺ,

Echmukutty,

പടിപ്പുര,

SHANAVAS,

Manoraj,

നന്ദി, എല്ലാവർക്കും.

Typist | എഴുത്തുകാരി said...

ശ്രീനാഥൻ,

കാസിം തങ്ങൾ,

പാവത്താൻ,

Khaadu,

ജിമ്മി ജോൺ,

അനിൽ,

നന്ദി.

Typist | എഴുത്തുകാരി said...

കൊല്ലേരി തറവാടി, വായിച്ചു, വലിയ കമെന്റ്.തമ്മിൽ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെങ്കിലും, ഒരുപാട് അടുപ്പം തോന്നുന്നു. മാളൂനേം കാണണം. എപ്പഴെങ്കിലും സൗകര്യം കിട്ടുമായിരിക്കും. നമ്മളൊക്കെ നാട്ടുകാരല്ലേ.

പിന്നെ പുതുക്കാട് കസിനു മനസിലായോ "എഴുത്തുകാരി"യെ. ഉണ്ടാവാൻ വഴിയില്ലല്ലോ. കാരണം ഈ എഴുത്തിന്റെ അസുഖം ആർക്കും അറിയില്ലെന്നാ ഞാൻ കരുതിയിരിക്കുന്നെ.


പ്രേം, നിങ്ങളില്ലാതെ എനിക്കെന്താഘോഷം! :)

ബെഞ്ചാലി, :) നന്ദി ഈ വഴി വന്നതിനു്.

വേണുഗോപാല്‍ said...

അതാണ്‌ പ്രകൃതിയുടെ വിചിത്ര മുഖം ...
പരിമിതികളോട് പൊരുത്തപെടാന്‍ പ്രകൃതി നമ്മെ പഠിപ്പിക്കുന്നു'
പ്ലാസ്റിക് ഷീറ്റിനടിയില്‍ വിചിത്രക്കും കുട്ടികള്‍ക്കും തണുക്കാതിരിക്കാന്‍
ഞാനും പ്രാര്‍ഥിക്കാം

viddiman said...

ജീവിതയാഥാർത്ഥ്യങ്ങൾ..

ഗീത said...

യാഥാർത്ഥ്യം കെട്ടുകഥകളേക്കാൾ അവിശ്വസനീയം എന്നു പറയുന്നത് എത്ര സത്യം.
എപ്പോഴും താഴോട്ട് നോക്കുക. എങ്കിലല്ലേ നാം എത്ര ഉയരത്തിലാണ് നിൽക്കുന്നതെന്ന് മനസ്സിലാവൂ.
നല്ല പോസ്റ്റ്.

Unknown said...

എഴുത്തുകാരീ...ജീവിതയാഥാർത്ഥ്യങ്ങൾ..അത് പലർക്കും അനുഭവപ്പെടുന്നതിന്റെ അളവുകോൽ ആയി മാറിയോ ഈ കഥ.?

മറ്റുള്ളവരുടെ വലിയ കഷ്ടപ്പാടുകൾക്കുമുൻപിലും, തങ്ങളുടേ ചെറിയ കഷ്ടങ്ങൾ ഏറെ പെരുപ്പിച്ച് പറയുന്ന എത്രയോ പേർ നമ്മുടെ സമൂഹത്തിലുണ്ട്..നാം ഉൾപ്പടെ..

ഒരു വലിയ ചിന്താവിഷയം കൂടി ആയിരിക്കുന്നു ഈ എഴുത്ത്..ആശംസകൾ

Kalavallabhan said...

വിചിത്രമല്ലാത്ത കഥ വായിച്ച്‌ അഭിപ്രായം ടൈപ്പ്‌ ചെയ്യുമ്പോൾ 'എ' എന്ന അക്ഷരത്തിന്റെ കീ താഴുന്നേയില്ല, തണുപ്പു കാരണം ഇടതുകൈയിലെ ചെറിയ വിരലിന്‌ അനങ്ങാൻ മടി. മൂർഖനിലും വലിയ ഇരുകാലി മൃഗങ്ങളുള്ള നാട്ടിലല്ലേ ഈ കഥാപാത്രങ്ങളുടെ ജീവിതം, അപ്പോൾ പാവം നോവിച്ചാൽ മാത്രം തിരിഞ്ഞു നിൽക്കുന്ന ഈ വകകളെ എന്തിനു പേടിക്കണം ?
കഥ നന്നായി.
പുതുവത്സരാശം സകൾ

മൻസൂർ അബ്ദു ചെറുവാടി said...

മൂര്‍ഖന്‍ പാമ്പിനു മേലെ തലവെച്ച് ഉറങ്ങുന്നവര്‍.
സാഹചര്യത്തോട് ഇണങ്ങി ചേര്‍ന്നവര്‍ .
പറഞ്ഞ വിശേഷവും ശൈലിയും നന്നായി ട്ടോ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സഹജീവികളോടുള്ള സഹാനുഭൂതി പകര്‍ത്തിയ വരികള്‍ ഇഷ്ടപ്പെട്ടു.

ബിന്ദു കെ പി said...

ശരിക്കും മനസ്സിൽ തട്ടിയ കുറിപ്പ്...ഇങ്ങനെ എത്രയോ പേർ...അല്ലേ...? :(

ചേച്ചിക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.....

മനോജ് കെ.ഭാസ്കര്‍ said...

മൊത്തം നനഞ്ഞവന് കുളിരില്ലല്ലോ...
അഭിനന്ദനങ്ങള്‍ ഒപ്പം പുതുവത്സരാശംസകളും....

Rishad said...

ഇവിടെ ആദ്യമായിട്ടാണ് .. പോസ്റ്റ്‌ വായിച്ചു ..ആശംസകള്‍

priyag said...

പുതുവത്സരാസംസകള്‍ ചേച്ചി .....

എന്‍.പി മുനീര്‍ said...

ജീവിതങ്ങള്‍ താരതമ്യം ചെയ്തുള്ള എഴുത്ത് ..മറ്റുള്ളവരിലേക്ക് കണ്ണോടിക്കുമ്പോഴാണ് നമ്മുടെ സൌകര്യങ്ങളെ സ്തുതിക്കാന്‍ ചിന്തിപ്പിക്കുന്നത്.

Anil cheleri kumaran said...

വിചിത്രാനുഭവങ്ങൾ..

ജയരാജ്‌മുരുക്കുംപുഴ said...

sharikkum jeevithathinte yadartha mukhangal........... aashamsakal.......

ബഷീർ said...

പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍.. അവയോട് തട്ടിച്ച് നോക്കിയാല്‍ നമ്മള്‍ കാര്യമായി കണക്കാക്കുന്നതെല്ലാം വെറും വട്ടപൂജ്യങ്ങള്‍.. വളരെ നല്ല പോസ്റ്റ് ചേച്ചീ. ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുക. ബിലാത്തി മലയാളിയിലൂടെ ഇവിടെ എത്തി.. നന്ദി..

Typist | എഴുത്തുകാരി said...

വേണുഗോപാൽ,

viddiman,

ഗീത,

ഷിബു തോവാള,

Kalavallabhan,

മൻസൂർ ചെറുവാടി,

ആറങ്ങോട്ടുകര മുഹമ്മദ്,

ബിന്ദു,

മനോജ് ഭാസ്കർ,

Rishad,

എല്ലാവർക്കും നന്ദി, പുതുവത്സരാശംസകൾ.

Typist | എഴുത്തുകാരി said...

priyag,

മുനീർ തൂതപ്പുഴയോരം,

കുമാരൻ,

jayarajmurukkumpuzha,

ബഷീർ വെള്ളറക്കാട്,

അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.
നവവത്സരാശംസകൾ.

Satheesan OP said...

പലരും ഇത്തരം കാഴ്ചകള്‍ കണ്ടാലും
കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യാറ്
എഴുത്ത്കാരി ഇതെല്ലം കാണുന്നുണ്ടല്ലോ ...
താഴെക്കിടയിലെക്കിറങ്ങി ചെല്ലാനും ,യാദര്‍ത്യങ്ങള്‍
പച്ചയായി ഉള്‍ക്കൊള്ളാനും ഉള്ള മനസാണ് എല്ലാ എഴുത്തുകാര്‍ക്കും അവശ്യം ..
ആശംസകള്‍

K@nn(())raan*خلي ولي said...

വൈകിയിട്ടില്ല.
എന്റെം ഷെമ്മൂന്റെം ഹംദൂന്റെം നവവല്‍സരാശംസകള്‍

മുരളിയേട്ടന്റെ കമന്റു തന്നെ കണ്ണൂരാനും.
വീണ്ടും വരാം.

anupama said...

പ്രിയപ്പെട്ട എഴുത്തുകാരി,
ഹൃദ്യമായ നവവത്സരാശംസകള്‍ !
വിചിത്രയുടെ ജീവിതം തീരെ വിചിത്രമല്ല. സത്യം പലപ്പോഴും വിശ്വസിക്കാന്‍ പറ്റില്ല...!നമമള്‍ അറിയാതെ പോകരുത്, ചുറ്റുമുള്ള ഹതഭാഗ്യരുടെ ജീവിതം!
സ്നേഹം കൊണ്ടും കരുണ നിറഞ്ഞ വാക്കുകള്‍ കൊണ്ടും, നമുക്ക് കുളിര്‍ നല്‍കാം....ആ വേദന നിറഞ്ഞ മനസ്സുകള്‍ക്ക് !
ഹൃദയത്തില്‍ നൊമ്പരങ്ങള്‍ ഉണര്‍ത്തിയ പോസ്റ്റ്‌ !
സസ്നേഹം,
അനു

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മാസത്തെ ബിലാത്തിമലയാളിയിൽ വിചിത്രയെ യൂറോപ്പുമലയാളികളും കണ്ടൂട്ടാ
ദേ ഈലിങ്കിൽ പോയാൽ കാണാം
https://mail.google.com/mail/?shva=1#inbox/134f131c81fc0e5b

Typist | എഴുത്തുകാരി said...

Satheesan Op, ഈ വഴി വന്നതിൽ സന്തോഷം.

കണ്ണൂരാൻ, ആശംസകൾ സസന്തോഷം സ്വീകരിച്ചിരിക്കുന്നു. നന്ദി.

പ്രിയപ്പെട്ട അനു,സന്തോഷം.

മുരളീമുകുന്ദൻ, സന്തോഷം.

ഗൗരിനാഥന്‍ said...

വിചിത്രമായ ഇവരെ കാണുമ്പോഴാ ഞാനെത്ര ഭാഗ്യം ചെയ്തതാ എന്നൊര്‍ക്കുക, പക്ഷെ അതു ആശ്വാസത്തിനു വഴിയാകുന്നില്ല , ഇത്തരം കാഴ്ചകള്‍ തീരാവേദനയായി നിലനില്‍ക്കുന്നു

OAB/ഒഎബി said...

നാടിലെത്തിയാല്‍ ഒരാഴ്ച ചൂട് കൂടുതല്‍
നാട്ടില്‍ നിന്നും ഇവിടെ വന്നാല്‍ എസിയുടെ തണുപ്പ് എട്ടുപത്തീസം കുറച്ചു വക്കും
നമ്മുടെ ശീലം പോലെ എല്ലാം.