Tuesday, November 29, 2011

എന്തു സുഖം!

ഹായ് എന്തു സുഖം, വെള്ളത്തിലിങ്ങനെ ഒഴുകി ഒഴുകി നടക്കാൻ. സ്വപനത്തിലല്ലാതെ  ശരിക്കും ഇങ്ങിനെ   കഴിയുമെന്നു് സ്വപ്നത്തിൽ  പോലും കരുതിയിട്ടില്ല.

പണ്ടൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്..  ആകാശത്തിൽ മേഘങ്ങളുടെ  ഇടയിൽക്കൂടിയും മുകളിൽ  കൂടിയുമൊക്കെ പറന്നു നടക്കുന്നതു്.. ആകാശത്ത് കൊട്ടാരവും രാജാവിനേയും  സ്വർണ്ണത്തൊങ്ങലുള്ള കടും നിറമുള്ള ഉടുപ്പുകളിട്ടു നർത്തനമാടുന്ന അപ്സരസ്സുകളേയുമൊക്കെ. ഉറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോഴും  ആ കണ്ടതൊന്നും മനസ്സിൽ നിന്നു പോയിട്ടുണ്ടാവില്ല.  (പിന്നെയാണറിയുന്നതു്  അന്നു രാവിലെ കണ്ട മഹാഭാരതത്തിലെ   രാജാവിന്റേയുംഅപ്സരസ്സുകളുടേയുമൊക്കെ  ഛായ തന്നെയായിരുന്നു എന്റെ  സ്വപന സുന്ദരിമാർക്കുമെന്നു്.).   സ്വപ്നത്തിലെങ്ക്ങ്കിലും അങ്ങിനെ പറന്നു  നടക്കാൻ കഴിഞ്ഞല്ലോ, രാജകൊട്ടാരമൊക്കെ കാണാൻ കഴിഞ്ഞല്ലോ എന്നു് സന്തോഷിച്ചിട്ടുണ്ട് അന്നു്.

അതൊക്കെ എത്രയോ  കാലം  മുൻപ്.  പക്ഷേ വെള്ളത്തിൽ ഒഴുകി നടക്കുന്നതിതുവരെ കണ്ടിട്ടില്ല.. അതും വെറും വെള്ളത്തിലൊന്നുമല്ല, നല്ല കിടക്കയിൽ  കിടന്നാണൊഴുകുന്നതു്.  നല്ല സുഖമുണ്ട്. പ്രഭാതമാണ്.  ഒരുപാട് കാഴ്ചകളുണ്ട് കാണാൻ.  രാജാവിനേയും സുന്ദരിമാരേയുമൊന്നും കണ്ടില്ല.  പക്ഷേ  കാടും മലയും കണ്ടു..   ഉദിച്ചുയരുന്ന സൂര്യനെ കണ്ടു.  വെള്ളത്തിലങ്ങനെ ഒഴുകി നടക്കുക, കാഴ്ചകൾ കാണുക.  ആകപ്പാടെ ഒരു സുഖം, മനസ്സിനൊരു സന്തോഷം.

ആരാ ബെല്ലടിക്കുന്നതു്,  അതോ മൊബൈലാണോ?  സുന്ദരമായ സ്വപ്നം മുറിഞ്ഞ ദേഷ്യത്തിൽ  ലോകത്തെ മുഴുവൻ ശപിച്ചുകൊണ്ട് കണ്ണ്  തുറന്നു.  ഒരു നിമിഷം കൊണ്ടെല്ലാം പിടികിട്ടി.  . ഒന്നും സ്വപ്നമായിരുന്നില്ല. എല്ലാം പച്ചവെള്ളം പോലെ  പരമാർത്ഥം.  കിടക്കയിൽ കിടന്നു് ഒഴുകി നടന്നുകൊണ്ട് ഉറങ്ങിയതും സ്വപ്നം കണ്ടതുമൊക്കെ.  മുറി മുഴുവൻ വെള്ളം.. കിടക്ക മുഴുവൻ നനഞ്ഞ്  ദേഹം വരെ നനഞ്ഞു തുടങ്ങിയിരിക്കുന്നു.  ഭാഗ്യം കട്ടിലിൽ  അല്ലായിരുന്നു ഉറങ്ങിയതു്. അല്ലെങ്കിൽ കട്ടിലു മുഴുവൻ മുങ്ങിയിട്ടുവേണ്ടേ ഒഴുകി നടക്കാൻ.  അപ്പോഴേക്കും ഫ്ലാറ്റ് മുഴുവൻ വെള്ളപ്പൊക്കമായേനേ!.

അടുത്ത ഫ്ലാറ്റിലെ    തെലുങ്കത്തി മാമിയായിരുന്നു ബെല്ലടിച്ചതു്.. മാമി മാത്രമായിരുന്നില്ല, കൂടെ മറ്റു പലമാമിമാരും മാമാമാരുമൊക്കെ ഉണ്ടായിരുന്നു.  ഞാനാരേം  നോക്കിയില്ല.  ഓടിപ്പോയി വെള്ളം വരുന്നതു് ഓഫ് ചെയ്തു. രാവിലെ 7 മണിക്കു വെള്ളം വരും.. എല്ലാവർക്കും സ്വന്തം സ്വന്തം ടാങ്കുകളുണ്ട്.  അതു നിറഞ്ഞാൽ നിറുത്തണം.. അല്ലെങ്കിൽ തലേന്നേ വെള്ളം ഓഫ് ചെയ്തു വക്കണം,  ഇതു രണ്ടും  ചെയ്തില്ല.. വെള്ളം ഒഴുകിയൊഴുകി താഴെ വരെ എത്തി. പാവം വെള്ളത്തിനെ കുറ്റം പറയാൻ പറ്റുമോ. മുറി മുഴുവൻ നിറഞ്ഞാൽ  ഒഴുകാതെ പിന്നെ.  ഇത്രയും നേരം ഒഴുകി  നടന്നതു ഞാനായിരുന്നെങ്കിൽ   ഇപ്പോൾ  ഒഴുകി നടക്കുന്നതു  വീട്ടിലെ ലൊട്ടുലൊടുക്കു സാധനങ്ങളായിരുന്നു..  ചൂലു മുതൽ പാത്രങ്ങൾ മുതൽ മൊബൈൽ ഫോൺ വരെ.

തെലുങ്കു പിന്നെ അറിയാത്തതുകൊണ്ട്  എന്തൊക്കെയാ അവരു പറഞ്ഞതെന്നറിയില്ല. തമിഴിൽ  അവർ പറഞ്ഞതൊക്കെ മനസ്സിലായി. പക്ഷേ മനസ്സിലായില്ലെന്നു ഭാവിച്ചു.  അതായിരുന്നു അപ്പോൾ സൈഫ്.  ആ നേരത്ത്  മലയാളം പറഞ്ഞാൽ പോലും എനിക്കറിയില്ലെന്നു പറഞ്ഞേനേ.  പറയുന്ന കാര്യങ്ങളൊക്കെ അത്ര  സന്തോഷത്തിലാണേയ്..അവരുടെ വീട്ടിനുള്ളിൽ വെള്ളം കടന്നാൽ പിന്നെ അവർക്കു സന്തോഷമില്ലാതിരിക്കുമോ  .

 മൂന്നാലു ദിവസത്തേക്കു പിന്നെ ഞാൻ വാതിലേ തുറന്നില്ല.  കുട്ടികളൊക്കെ  പിന്നെ എന്നെ കാണുമ്പോൾ തണ്ണി തണ്ണി എന്നു വിളിക്കുന്നപോലെ വെറുതെ ഒരു തോന്നൽ.


എഴുത്തുകാരി.



57 comments:

Typist | എഴുത്തുകാരി said...

അബദ്ധങ്ങളുടെ ഘോഷയാത്രയിൽ ഒന്നുകൂടി..

സംഭവം സത്യാട്ടോ. അഞ്ചെട്ടുമാസം മുൻപ് ചെന്നൈയിൽ താമസമായ ആദ്യ ദിവസങ്ങൾ. വെള്ളത്തിന്റെ ടെക്നിക് പിടികിട്ടുന്നതേ ഉണ്ടായിരുന്നുള്ളൂ.

Unknown said...

സംഗതി സത്യമാണെങ്കിലും വായിക്കാന്‍ രസമുണ്ട് ട്ടോ..

മനോജ് കുമാർ വട്ടക്കാട്ട് said...

തെറി പറഞ്ഞത് മനസ്സിലാക്കാൻ ഭാഷ അറിയേണ്ട കാര്യമേ ഇല്ല. (ഇത് വായിച്ച എനിക്കു വരെ മനസ്സിലായി നല്ല മുട്ടൻ തെറി)

മണികണ്‍ഠന്‍ said...

കൊള്ളാം,,
രസമുണ്ട്

ശിഖണ്ഡി said...

വെള്ളം കളി കൊള്ളാം.... മുല്ലപെരിയാറിലെ വെള്ളമാണോ, എന്ന് കരുതി ആദ്യം...

Unknown said...

തണ്ണി..തണ്ണി..സോറി എഴുത്തുകാരീ..സ്വന്തം അനുഭവമാണല്ലേ..വായിച്ചുതുടങ്ങിയപ്പോൾ ഓർത്തു സംഗതി മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടാണെന്ന്..എന്തായാലും തുടക്കത്തിൽതന്നെ തെറി കേട്ടല്ലേ...സാരമില്ല..വളരെ നന്നായി എഴുതി...ആശംസകൾ.

ബഷീർ said...

സ്വപനമായിരിക്കുമെന്നാ കരുതിയത്.. ഇത് പോലെ ഒരു അനുഭവം ബോംബെയീല്‍ താമസിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ട്..
എന്തായാലും ഒഴുകി പോയില്ലല്ലോ... ഭാഗ്യം

നന്ദന said...

ആ ഒഴുക്ക് ഈ എഴുത്തിനും ഉണ്ട്ട്ടോ

khaadu.. said...

ഇപ്പൊ ഏതു ബ്ലോഗ്ഗില്‍ പോയാലും മുല്ലപെരിയാര്‍ ആണ്... അത് കൊണ്ട് ഇത് വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി മുല്ലപെരിയരിനെ സ്വപ്നം കണ്ടതാണെന്ന്...

തണ്ണി.. നന്നായിട്ടുണ്ട് ട്ടാ...

Anonymous said...

സംഭവം സത്യമാണോ? വിശ്വസിക്കാന്‍ പ്രയാസം !

കൊമ്പന്‍ said...

സ്വപ്നം കലക്കി അതെങ്ങാനും മുല്ല പെരിയ്യാര്‍ പൊട്ടുന്ന സ്വപ്നമാണ് കണ്ടെതെങ്കില്‍ ഭ്രാന്തായി പ്പോയേ നെ അല്ലെ

Yasmin NK said...

കൊള്ളാം...

Anil cheleri kumaran said...

അബദ്ധം ചെന്നൈ വരെ എത്തി അല്ലേ.

Typist | എഴുത്തുകാരി said...

ex-pravasini,

പടിപ്പുര,

മണികണ്ഠൻ,

ശിഖണ്ഡി,

ഷിബു തോവാള,

ബഷീർ വെള്ളറക്കാട്,

നന്ദന,

khaadu,

എല്ലാവർക്കും നന്ദി.

Typist | എഴുത്തുകാരി said...

NaNcy, സംഭവം സത്യമാണെന്നു ഞാൻ പറഞ്ഞല്ലോ. പിന്നെ ഒരിത്തിരി പൊടിപ്പും തൊങ്ങലും ഇട്ടിട്ടുണ്ടെന്നു കൂട്ടിക്കോളൂ.


കൊമ്പൻ, സ്വപ്നത്തിൽ പോലും അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ, അല്ലേ.

മുല്ല,:)

കുമാരൻ, അതങ്ങിനെയൊന്നും എന്നെ വിട്ടുപോകില്ല :)

എല്ലാവർക്കും നന്ദി.

Unknown said...

ഞാനും കരുതി മുല്ലപെരിയാര്‍ സ്വപ്നം കണ്ടതാണെന്ന്...പിന്നെ അല്ലെ മനസിലായത്..എന്തായാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാന്‍...നടന്നതാണെന്ന് വിശ്വസിക്കാന്‍ പ്രയാസം...ഭാവുകങ്ങള്‍....

പ്രയാണ്‍ said...

തണ്ണി തണ്ണി.... :)

പഥികൻ said...

ഞാനും മുല്ലപ്പെരിയാർ എന്നാണ് ഓർത്തത്...അണപൊട്ടുന്നതിനെക്കുറിച്ച് ഇത്ര ഫാന്റസി സ്വപ്നം കാണാൻ മാത്രം ക്രൂരയാണോ എഴുത്തുകാരിച്ചേച്ചി എന്ന് :)

ഒരു ചൊല്ല് കേട്ടിട്ടില്ലേ ? താഴ്ന നിലത്തേ നീരോടൂ എന്ന് ? :)

mayflowers said...

ഇനി വെള്ളത്തിന്റെ കാര്യത്തില്‍ ഒരു കണ്ണ് വേണേ..
വെള്ളത്തില്‍ സുഖത്തോടെ ഒഴുകി നടക്കാന്‍ കഴിയുക ഒരു സുഖം തന്നെയാ..

പൊട്ടന്‍ said...

ഹ..ഹാ.
ഞാനും ഇങ്ങനെ ഒരിക്കല്‍ വാഷിംഗ്‌ മഷീനില്‍ വെള്ളം തുറന്നു വിട്ടു ഗ്രവുണ്ട് ഫ്ലോറില്‍ ഉള്ള വീട്ടില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

ശ്രീനാഥന്‍ said...

സ്വപനങ്ങളേ,നിങ്ങൾ സ്വർഗകുമാരികളല്ലോ, പക്ഷേ വെള്ളപ്പൊക്കമുണ്ടാക്കും! നന്നായിട്ടുണ്ട്!

ഹരീഷ് തൊടുപുഴ said...

ഹിഹി..

അവരോട് ബ്ലോഗെറാണ് താൻ എന്നു പ്രതികരിക്കാതിരുന്നത് ഭാഗ്യം..!

Naushu said...

സത്യം പറയാല്ലോ.... വായിച്ചു തുടങ്ങിയപ്പോള്‍ മുല്ലപ്പെരിയാര്‍ ആയിരിക്കുമെന്നു വിചാരിച്ചു.

Sands | കരിങ്കല്ല് said...

ഇതു കൊള്ളാം.. :)

പ്രേം I prem said...

വായന തുടങ്ങിയപ്പോള്‍ വല്ല വീഗാലാന്റിലോ മറ്റോ ആണോ എന്ന് തോന്നിപ്പോയി ! ഭാഷ വശമില്ലാത്തത് ഭാഗ്യം, ആ തെലുങ്ക്‌ മാമിമാര്‍ എന്തൊക്കെയാ പറഞ്ഞിട്ടുണ്ടാകുക. മുന്‍പ് എപ്പോഴെങ്കിലും വെള്ളത്തില്‍ ഒഴുകുന്നത്‌ സ്വപ്നം കണ്ടിരുന്നോ ? അതു യാഥാര്‍ത്യമായതായിരിക്കും. അനുഭവം നന്നായിരിക്കുന്നു.

keraladasanunni said...

വീട്ടിലും ഇത്തരം അബദ്ധം ഇടയ്ക്ക് സംഭവിക്കാറുണ്ട്. എവിടേക്കെങ്കിലും 
ഇറങ്ങുമ്പോള്‍ മുഖം കഴുകി പൈപ്പ്
അടയ്ക്കാതെ പോരും. കുടുംബസമേതം 
യാത്ര കഴിഞ്ഞെത്തുമ്പോള്‍ ടാങ്ക് കാലി.
ആ സമയത്ത് കറണ്ട് കൂടി ഇല്ലെങ്കില്‍ 
ബഹു വിശേഷം.

മനോജ് കെ.ഭാസ്കര്‍ said...

സ്വപ്നം, അനുഭവം, അഭിനന്ദനങ്ങള്‍.........

ഒരു യാത്രികന്‍ said...

കൂടുതല്‍ കൂടുതല്‍ മനോഹരങ്ങളായ അബന്ധങ്ങളിലൂടെ ജീവിതം മുന്നേറട്ടെ എന്നാശംസിക്കുന്നു.:) :).........സസ്നേഹം

Typist | എഴുത്തുകാരി said...

അക്ഷി, ഈ വഴി ആദ്യമായല്ലേ, സ്വാഗതം.

പ്രയാൺ, :)

പഥികൻ, അയ്യോ അല്ലാട്ടോ, ഞാൻ വെറുമൊരു പാവം.

Mayflowers, ഒഴുകി നടന്നപ്പോഴുണ്ടായ സുഖം പക്ഷേ കണ്ണ് തുറന്നപ്പോഴുണ്ടായില്ലെന്നു മാത്രം. :)

പൊട്ടൻ, അപ്പോ പൊട്ടനും പൊട്ടത്തരം പറ്റും!

ശ്രീനാഥൻ, ഇനിയിപ്പോ സ്വപ്നങ്ങളേം പേടിക്കണമെന്നായി,

ഹരീഷ്, ആ നേരത്തതു തോന്നാത്തതു ഭാഗ്യം.

വെള്ളപ്പൊക്കം കാണാൻ വന്ന എല്ലാവർക്കും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനാദ്യം വിചാരിച്ചത് മുല്ലപ്പെരിയാർ പൊട്ടിയത് കുറുമാലിപ്പുഴയുടെ തീരത്തുള്ള വീട്ടിൽക്കിടന്ന് ഒരു ഭീകരകിനാവ് കാണുകയാണെന്നാണ്...!

പിന്ന്യല്ലേ അബദ്ധറാണീപുരാണമാണെന്ന് പിടികിട്ടിയത്...!

എന്തായാലും ഒരു കിനാവെങ്കിലും യഥാർത്ഥമായല്ലോ എന്ന് സമാധാനിക്കാം അല്ലേ

Typist | എഴുത്തുകാരി said...

naushad, നമ്മുടെയൊക്കെ മനസ്സിലിപ്പോൾ അതു തന്നെയല്ലേ.

കരിങ്കല്ല്, സന്തോഷം.

പ്രേം, അങ്ങിനെയൊരു സ്വപ്നവും സത്യവുമൊക്കെ ആദ്യമായിട്ടാ. മലയാളം പറഞ്ഞാലും അന്നേരമെനിക്കു മനസ്സിലാവില്ല.:)

keraladasanunni, നമ്മുടെ വീട്ടിലാവുമ്പോൾ പിന്നെ സമാധാനമുണ്ട്. ആരും വഴക്കിനു വരില്ലല്ലോ.

മനോജ് കെ ഭാസ്കർ, നന്ദി.

ഒരു യാത്രികൻ, ഉം, നല്ല ബെസ്റ്റ് ആശംസ! :)

Typist | എഴുത്തുകാരി said...

മുരളീമുകുന്ദൻ, നമുക്കും ഉണ്ട്ട്ടോ ഒരു ചിമ്മിനി ഡാം. അതു തൽകാലമൊന്നും പൊട്ടില്ലായിരിക്കും അല്ലേ?

അതെനിക്കിഷ്ടായി, അബദ്ധറാണീപുരാണം.

മൻസൂർ അബ്ദു ചെറുവാടി said...

സ്വപ്നം സത്യമായി ല്ലേ .
നന്നായി ട്ടോ .

രാജഗോപാൽ said...

വെള്ളം തമിഴരുടെ വികാരമാണ്. മുപ്പത് ലക്ഷം മലയാളത്താന്മാരെ കൊന്നിട്ടായാലും അവർ അത് സംരക്ഷിക്കും. സൂക്ഷിക്കണേ എഴുത്തുകാരി.

Kalavallabhan said...

തണ്ണിയെന്ന് വിളിക്കുന്നോ
ഇനിയും തണ്ണിയെ അവർക്ക്‌ കൊടുക്കാതിരിക്കാം

anupama said...

പ്രിയപ്പെട്ട എഴുത്തുകാരി ചേച്ചി,
ഒത്തിരി തവണ അനുഭവിച്ച കാര്യങ്ങള്‍!വെള്ളം എപ്പോള്‍ വരും എപ്പോള്‍ നില്‍ക്കും എന്നറിയാറില്ല.പലപ്പോഴും ടാപ്പ്‌ അടക്കാന്‍ മറക്കും;അന്ന് വെള്ളം സുലഭമാകും ! തിരിച്ചു വീട്ടില്‍ വരുമ്പോള്‍ വെള്ളപൊക്കം! വെള്ളം മുറികളില്‍ നിറഞ്ഞു കവിഞ്ഞു,ഗോവണിപടികളിലൂടെ താഴേക്കു!
ശരിക്കും രസിച്ചു വായിച്ച പോസ്റ്റ്‌! അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു

വീകെ said...

ചേച്ചി ഏതോ രാജാവിന്റേയും രാഞ്ജിയുടേയും കഥ പറയാൻ പോകയായിരിക്കുമെന്നാണ് തുടക്കത്തിൽ കരുതിയത്. വായിച്ചു വന്നപ്പോൾ, ഇതു നമ്മുടെ മുല്ലപ്പെരിയാറിന്റെ പ്രേതം കയറിയതായിരിക്കുമെന്ന് തീർച്ചയായും ശങ്കിച്ചു.
പിന്നെല്ലെ, ഇതു മണ്ടത്തരത്തിനു കയ്യും കാലും വച്ച നമ്മുടെ ടീച്ചറുടെ ‘അബദ്ധറാണീപുരാണ’മാണെന്ന് [ബിലാത്തിച്ചേട്ടൻ ക്ഷമിക്കണം. ആ വാക്ക് തൽക്കാലം ഞാൻ ഒന്നു കടമെടുക്കുന്നു] മനസ്സിലായത്. ഹാ.. ഹാ.. ഹാ..

ആശംസകൾ...

Typist | എഴുത്തുകാരി said...

ചെറുവാടി,

രാജഗോപാൽ,

Kalavallabhan,

Anupama,

വീ കെ, ഞാനിനി ബ്ലോഗിന്റെ പേര് അബദ്ധറാണീപുരാണം എന്നു മാറ്റേണ്ടി വരുമോ?
:):)

എല്ലാവർക്കും നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ പോസ്റ്റ്‌ ഇട്ടിട്ട്‌ അറിയിച്ചില്ലല്ലൊ ഞാനാണെങ്കില്‍ കുറച്ചു തെരക്കിലും ആയിപ്പോയി

ഹ ഹ ആദ്യം വായിച്ചപ്പോള്‍ കിടന്നു മുള്ളിയോ എന്നു സംശയിച്ചാരുന്നു

:)

smitha adharsh said...

അത് കലക്കി..ഇങ്ങനെ ഒന്ന് എന്റെ കൂട്ടുകാരി ഒരിയ്ക്കല്‍ പറഞ്ഞിരുന്നു..വാഷിംഗ്‌ മെഷീന്‍ ഓണ്‍ ചെയ്തു കിടന്നു ഉറങ്ങിപ്പോയി..വെള്ളം നിറഞ്ഞു,താഴത്തെ ഫ്ലാറ്റുകളെക്കൂടി അവള്‍ സ്വിമ്മിംഗ് പൂള്‍ ആക്കി കളഞ്ഞു.താഴത്ത് താമസിക്കുന്ന സുഡാനി അവളെ തല്ലാതെ വിട്ടത് ഭാഗ്യം!! എനിയ്ക്ക് മറവി ഉണ്ടോ എന്ന് ആശങ്കപ്പെട്ട് ഒരു കൂട്ടുകാരിയെ വിളിച്ചപ്പോള്‍ പറഞ്ഞു തന്ന സംഭവം.. ഞാന്‍ ഇത് ലാസ്റ്റ് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു ട്ടോ..

ചെയ്ത അബദ്ധങ്ങള്‍ രസകരമായ പോസ്റ്റ്‌ ആക്കിയ എഴുത്തുകാരിയ്ക്ക് നന്ദി..ഇനിയും,ഇനിയും പോരട്ടെ.

ജയരാജ്‌മുരുക്കുംപുഴ said...

ella nanmakalum ashamasikkunnu chechi...... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........

ജിമ്മി ജോണ്‍ said...

തണ്ണിച്ചേച്ചീ.. സ്വപ്നത്തേക്കാൾ മനോഹരമായ എഴുത്ത്.. ഒഴുക്കുള്ള വായന സാധ്യമാക്കി..

‘മണിച്ചിത്രത്താഴി’ലെ കുതിരവട്ടം പപ്പുച്ചേട്ടന്റെ കഥാപാത്രം പോലെ, ‘തണ്ണി’ വിളി കേൾക്കുമ്പോൾ ചാടാതെ സൂക്ഷിക്കണേ.. ;)

Vivek said...

vaayichu vannappo njan karuthy water bed vallathum vaangi kanum ennu :P.. post kalakkittundu .

Vivek.

പട്ടേപ്പാടം റാംജി said...

ആ നേരത്ത് മലയാളം പറഞ്ഞാൽ പോലും എനിക്കറിയില്ലെന്നു പറഞ്ഞേനേ.
വെള്ളം പോലെ നല്ല ഒഴുക്കായിരുന്നു എഴുത്തിനും.

വിനുവേട്ടന്‍ said...

അൽപ്പം തിരക്കിലായിരുന്നു.. വരാനിത്തിരി വൈകി... മുല്ലപ്പെരിയാർ തകർന്നാൽ എങ്ങനെയുണ്ടാകുമെന്നതിന്റെ ഒരു ട്രയൽ റൺ നടത്തിയതാണെന്ന് പറയാമായിരുന്നില്ലേ ചേച്ചീ...

Manoj vengola said...

നന്നായി.
വായിക്കാന്‍ നല്ല രസം.

കാസിം തങ്ങള്‍ said...

അബന്ധമാണെങ്കിലും വെള്ളത്തിലൂടെ ഫ്രീയായി ഒരു ഉല്ലാസയാത്ര നടത്താന്‍ കഴിഞ്ഞില്ലേ ചേച്ചീ.

Typist | എഴുത്തുകാരി said...

ഇൻഡ്യാഹെറിറ്റേജ്, :)

സ്മിതാ, സന്തോഷം വന്നതിനു്.

jayarajmurukkumpuzha, നന്ദി. പോസ്റ്റ് കണ്ടിരുന്നു.

ജിമ്മി ജോൺ, :)

Vivek, thank you

പട്ടേപ്പാടം റാംജി, നന്ദി.

വിനുവേട്ടൻ, വൈകിയാലും വന്നല്ലോ അതുമതി.

Manoj Vengola, സന്തോഷം.

കാസിം തങ്ങൾ, ഇനി അങ്ങനെ വേണമെങ്കിൽ പറയാം.

ഇതുവഴി വന്ന എല്ലാവർക്കും നന്ദി.

ശ്രീ said...

ഒരിയ്ക്കല്‍ പറ്റിയാല്‍ പിന്നെ അതു പോലൊരു അബദ്ധം ഒരിയ്ക്കലും പറ്റാതെ നമ്മള്‍ നോക്കുമല്ലോ. അതോണ്ട് കുഴപ്പമില്ല.

ഗീത said...

ഞാനെന്താ വിചാരിച്ചതെന്നോ, ഹൌസ്ബോട്ടിലോ മറ്റോ യാത്ര പോയപ്പോൾ അതിനകത്തെ കിടക്കയിൽ കിടന്ന് കായലിലൂടെ ഉള്ള യാത്ര ആസ്വദിച്ചതായിരിക്കുമെന്ന്‌. ഇത് അബദ്ധം പറ്റിയതാണെങ്കിലും, എഴുത്തുകാരിക്ക് വെള്ളത്തിലൂടെ ഒഴുകിനടക്കുന്നതിന്റെ സുഖം തന്നു, വായനക്കാർക്ക് ഒന്നു ചിരിക്കാൻ പറ്റിയതിന്റെ സുഖവും.

Typist | എഴുത്തുകാരി said...

ശ്രീ,

ഗീതാ,

നന്ദി, ഈ വഴി വന്നതിനും എന്റെ അബദ്ധ പുരാണം ഇഷ്ടമായതിനും.

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL..............

Typist | എഴുത്തുകാരി said...

jayarajmurukkumpuzha, ഒരുപാട് നന്ദി.

Echmukutty said...

താഴത്തെ നിലയിൽ താമസിച്ചിരുന്നത് ഞാനായതുകൊണ്ട് എനിയ്ക്കത്ര സുഖം തോന്നിയില്ല. വീട് വൃത്തിയാക്കി ഞാൻ ക്ഷീണിച്ചു......

വേണുഗോപാല്‍ said...

ബ്ലോഗ്ഗ് ഫോളോ ചെയ്തിരുന്നില്ല ..
ആയതിനാല്‍ പുതിയ പോസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുന്നില്ല ..
നന്നായി പറഞ്ഞു . അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക
ആശംസകള്‍

Typist | എഴുത്തുകാരി said...

Echmukutty, :)

വേണുഗോപാൽ,സന്തോഷം.

OAB/ഒഎബി said...

കിടപ്പ് "വെള്ളത്തില്‍" ആയിരുന്നോ ? :)