പതിവുപോലൊരു യാത്ര. എവിടേക്കാന്നല്ലേ, ഓന്തോടിയാല്‍ വേലിയോളം എന്നു പറഞ്ഞപോലെ എഴുത്തുകാരിയുടെ യാത്ര അങ്ങേയറ്റം തൃശ്ശൂര്‍ വരെ.
ഞങ്ങള്‍ NH 47 എന്ന രാജവീഥിയിലാണേയ്. KSRTC ബസ്സ് മാത്രമേയുള്ളൂ ഒരാശ്രയം. നല്ല തിരക്കു് പുതുക്കാട് വരെ നിന്നു. അവിടെ നിന്നൊരു വിഹഗവീക്ഷണം നടത്തിയപ്പോള്‍ അടുത്ത സ്റ്റോപ്പായ ആമ്പല്ലൂരില്‍ ഒരു സീറ്റ് കാലിയാവുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു, സാരി ശരിയാക്കല്‍, ബാഗ് ഒതുക്കിവയക്കല്‍, etc. etc. കണ്ടക്റ്റര്‍ പറയുന്നുണ്ട് കേറി നിക്കാന്‍. ആരു കേക്കാന്‍! വെറും വനരോദനങ്ങള്‍ മാത്രം. പക്ഷേ മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ട വഴിക്കു് നല്ല കുട്ടിയായിട്ടു് ഞാന്‍ കേറിനിന്നു. സീറ്റു ഉറപ്പായല്ലോ.
സീറ്റ് കിട്ടി, ഇരുന്നു. തൊട്ടടുത്തു് ഇരിക്കുന്ന ആളെ കണ്ടപ്പഴേ തോന്നി ടീച്ചറാണെന്നു്. എനിക്കങ്ങിനെ ഒരു കഴിവുണ്ട്, ടീച്ചര്‍മാരെ കണ്ടാല്‍ വേഗം മനസ്സിലാവും. (ആ സൂത്രം ഞാന്‍ പറഞ്ഞുതരില്ല). തലയിലൊരു സ്കാര്‍ഫ് ഒക്കെ കെട്ടി നല്ല തയ്യാറെടുപ്പില്‍ തന്നെയാണ് .. പാവം അകലേന്നു വരുന്നതാവും. അത്ര അകലേന്നൊന്ന്വല്ല, അങ്ങേയറ്റം മാള. (മാളേന്നു വരുന്ന ബസ്സാണേയ്).
അവര്‍ കാര്യമായിട്ടെന്തോ വായിക്കുന്നു. പിന്നെ എഴുതുന്നു, വരക്കുന്നു, ചുവന്ന മഷി കൊണ്ട്. (എനിക്കവരെയൊന്നു തൊട്ടു തൊഴുതാലോന്നു വരെ തോന്നി. എന്താണെന്നല്ലേ, ഓടുന്ന ബസ്സിലിരുന്നു രണ്ടു വരി വായിക്കാന്‍ പോലും പറ്റാത്ത ഒരു സാധുവാണീ ഞാന്‍). ഓ, പറയാന്‍ മറന്നു, അവര്‍ കഥയെഴുതുകയല്ലാ, ഉത്തരക്കടലാസ് നോക്കുകയാണു്. എഴുതിയിരിക്കുന്ന ഉത്തരം വായിക്കണം, അതു ശരിയാണോന്നു നോക്കി മാര്‍ക്കിടണം, അതു കൂട്ടിയിടണം, ചിലതില്‍ very good എന്നെഴുതുന്നു. പറയാതെ വയ്യ, നല്ല സ്പീഡിലാ എല്ലാം ചെയ്യുന്നതു്.
ഇടക്കു മൊബൈലില്‍ കാള്‍ വന്നതു് attend ചെയ്യുന്നു. ഇതൊന്നും പോരാതെ തരക്കേടില്ലാത്ത ഉറക്കവും. രണ്ടുമൂന്നു പേപ്പര്‍ നോക്കുമ്പോഴേക്കും പാവം ഉറങ്ങിയിരിക്കും, അതും വളരെ ശ്രദ്ധിച്ചു്. ഇടതു കൈ നോക്കാത്ത പേപ്പറിന്റെ മുകളില്‍, വലതു കൈ നോക്കിയ പേപ്പറിന്റെ മുകളിലും. പേന കയ്യില്‍തന്നെ. കൃത്യമായ ഇടവേളകളില്‍ ഉത്തരക്കടലാസ് നോക്കല്‍, മാര്‍ക്കിടല്‍, ഇട്ട മാര്‍ക്കു കൂട്ടിയിടല്‍, വെരി ഗുഡ് എഴുതല്‍, ഉറക്കം ഇതെല്ലാം മാറി മാറി ഭംഗിയായി നടക്കുന്നുണ്ട്, എന്നെ അത്ഭുതപരതന്ത്രയാക്കിക്കൊണ്ട്. അതാ പറഞ്ഞതു്, ഒന്നു തൊട്ടുതൊഴുതാലോന്നു തോന്നി എന്നു്. ഇടക്കു ഉറങ്ങി എന്റെ മേല്‍ വീഴാന്‍ ശ്രമിക്കുന്നു, അതു മാത്രം എനിക്കിഷ്ടപ്പെട്ടില്ല.
അങ്ങനെ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡെത്തി. മനുഷ്യന്റെ ഉള്ളില്‍ രാവും പകലും തിരിച്ചറിയുന്ന ഒരു ബയോളജിക്കല്‍ ക്ലോക്ക് ഉണ്ടെന്നു കേട്ടിട്ടുണ്ട്‍. ചിലര്‍ക്കു ഈ ക്ലോക്കിനു വേറെ ചില ധര്‍മ്മങ്ങള്‍ കൂടി ഉണ്ടാവും, അതു പ്രവര്‍ത്തിച്ചിട്ടെന്നപോലെ (വീണ്ടും എന്നെ അത്ഭുത ... അതു തന്നെ, ബാക്കി ഊഹിച്ചോണം) ശക്തന്‍ സ്റ്റാന്‍ഡ് എത്തിയപ്പോള്‍, ഞെട്ടി എഴുന്നേറ്റു. ഉത്തരക്കടലാസ്സുകളെല്ലാം ഭംഗിയായി മടക്കി ബാഗില്‍ വച്ചു, സ്കാര്‍ഫ് വലിച്ചൂരി മടക്കാതെ ബാഗില്‍ വച്ചു് ഇറങ്ങി ഓടിപ്പോയി. സമയത്തിനെത്തണ്ടേ സ്കൂളില്‍.
ഇനിയൊരിത്തിരി നേരമേയുള്ളൂ എനിക്കെന്റെ കാഴ്ച്ചകള്‍ കാണാന്‍. നഗരം ഓണത്തിരക്കിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. എല്ലാവരുടേയും കയ്യില്‍, കല്യാണിന്റെ, പുളിമൂട്ടിലിന്റെ, നന്ദിലത്തിന്റെ, അങ്ങിനെ ഏതെങ്കിലും ഒരു കവറുണ്ട്. വെറും കയ്യോടെ ഒരാളെ കാണാന്‍ വിഷമം. ഗൃഹോപകരണ വില്പന മേള ഒരിടത്തു്, കൈത്തറി സാരി മേള കാസിനോയില്‍. എനിക്കിന്നൊന്നിനും നേരമില്ല, പിന്നെ വരാം.
വടക്കേ സ്റ്റാന്‍ഡിലെത്തി, ഞാനും കണ്ടക്റ്ററും വേറെ ഒന്നുരണ്ടുപേരുമേയുള്ളൂ ഇനി ബസ്സില്‍. എല്ലാവരും ഇറങ്ങിപോയിരിക്കുന്നു. ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കണ്ടകറ്റര്‍ പറഞ്ഞു, “ദേ താഴെ എന്തോ പോയിട്ടുണ്ട്''. നോക്കിയപ്പോള്‍ കുറച്ചു കടലാസുകളാണു്. എന്റെയല്ല എന്നെനിക്കറിയാമായിരുന്നു, എന്നാലും കണ്ടക്റ്റര്‍ പറഞ്ഞതല്ലേ, വെറും പേപ്പറല്ലേ, അയാള്‍ക്കു സന്തോഷമായിക്കോട്ടെ എന്നു കരുതി, ഞാന്‍ അതെടുത്തു ബാഗില്‍ വച്ചു.
വീട്ടില്‍ വന്നു ബാഗ് അണ്‍ലോഡ് ചെയ്തപ്പോഴാണു് രാവിലെ ബസ്സില്‍ നിന്നു കിട്ടിയ പേപ്പര്‍ സൂക്ഷ്മപരിശോധനക്കു വിധേയമായതു്. 5 പേപ്പറുണ്ട്. ഒന്‍പതാം ക്ല്ലാസ്സിലെ ഹിന്ദി ഉത്തരക്കടലാസ് ആണു്. സ്കൂളിന്റെ പേരു ഞാന്‍ പറയുന്നില്ല. തൃശ്ശൂര്‍ അടുത്തൊരു സ്കൂളാണു്‍. അവരിതൊന്നും അറിഞ്ഞിട്ടുപോലുമില്ല. കുട്ടികള്‍ക്കു പേപ്പര്‍ കൊടുക്കുമ്പോഴാവും അഞ്ചാറുപേരുടെ ഈ missing. വിഷ്ണു N S നു് പത്തില്‍ രണ്ടേയുള്ളൂ, പക്ഷേ അരുണ്‍ ഘോഷിനു പത്തില്‍ പത്തും good, keep it up ഉം ഉണ്ട്.
(പടം ഇടാമായിരുന്നു, പക്ഷേ എന്റെ കാമറ ഒരു യാത്ര പോയിരിക്കുകയാണ്.. ഓണത്തിനു തന്നെ തിരിച്ചെത്തുമോന്നു സംശയം. Mobile ല്‍ ആണെങ്കില്‍ ആ സൂത്രം ശരിയാവുന്നുമില്ല)
നമ്മുടെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിവരൊക്കെ കൂടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ രോമാഞ്ചം വന്നിട്ടു വയ്യ.
എഴുത്തുകാരി.