Saturday, May 9, 2009

തോറ്റു തോറ്റു തൊപ്പിയിട്ടു

ചിലപ്പോള്‍ പറഞ്ഞുപോവാറുണ്ട്.. തോറ്റു തോറ്റു, തൊപ്പിയിട്ടു എന്നല്ല തോറ്റു തോറ്റു തൊപ്പിയിട്ടു തൊപ്പിയിട്ടു തോറ്റെന്ന്.

എന്റെ പൊന്നു ചങ്ങാതിമാരേ, ഞാനിപ്പോളത്തരം ഒരവസ്ഥയിലാ. ഒരു ഉപകാരം ചെയ്യാന്‍ പോയതിനു് കിട്ടിയ ശിക്ഷ. പാവം തോന്നി ഒരമ്മയേയും മകളേയും സഹായിച്ചു എന്ന കുറ്റത്തിനു് ഇത്രേം വലിയ ശിക്ഷയോ ഭഗവാനേ?

ഒരുപാട് കാലമായി നാട്ടിലില്ലാത്ത ഒരു അമ്മയും മോളും വന്നു. അവര്‍ക്കു് കൂടി അവകാശപ്പെട്ട സ്വത്തു് ആ അമ്മയുടെ സഹോദരന്റെ ഭാര്യ (സഹോദരന്‍ മരിച്ചുപോയി) ഇവര്‍ക്കു് കൊടുക്കാതെ ആ അമ്മയെ പറഞ്ഞു പറ്റിച്ചു കൈക്കലാക്കിയിരിക്കുന്നു( എന്നവര്‍ പറയുന്നു). അതൊരു വലിയ കഥ, അതു പിന്നെ. ആദ്യം എന്റെ കഥ.

ആ സ്വത്തിന്റെ കാര്യത്തിനാ അവരിപ്പോള്‍ വന്നിരിക്കുന്നതു്, ചെന്നൈയില്‍ നിന്നു്. ആധാരം കണ്ടിട്ടുണ്ടെന്നല്ലാതെ ഇതിനെപ്പറ്റി യാതൊന്നും അറിയാത്ത ഞാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്തിനെ (കോടികളുടെ കച്ചവടം മാത്രം നടത്തുന്ന  അദ്ദേഹം- അതു് സ്വയം പറയുന്നതാണെങ്കിലും, കുറച്ചൊക്കെ സത്യമുണ്ട്- ഇവര്‍ക്കു കൂട്ടിമുട്ടിച്ചു കൊടുത്തു് പറ്റുമെങ്കില്‍ ഒന്നു സഹായിക്കാന്‍ പറഞ്ഞു. അവിടെ തുടങ്ങുന്നു, എന്റെ കഷ്ടകാലം.

ബുധനാഴ്ചയാണവര്‍  ‍ വന്നതു്. അമ്മ (70), മകള്‍ (40), മകന്‍ (11/12). താമസം അപ്പുറത്തെ വീട്ടില്‍, എന്നു വച്ചാല്‍ ബാഗ് വക്കലും ഉറങ്ങലും.   അവരുടെ കൂടിയാലോചനകള്‍  ചര്‍ച്ചകള്‍, അവരെ കാണാന്‍ വരുന്നവര്‍,   ‍  എല്ലാം ഇവിടെ തന്നെ.

വന്നതു വൈകീട്ട്‌, അന്നൊന്നും നടന്നില്ല. പിറ്റേന്നു് ഹര്‍ത്താല്‍, അന്നും നടന്നില്ല. ഇന്നലെ റജിസ്റ്ററാഫീസില്‍ പോയി ആവശ്യമുള്ള ഒരു രേഖ കിട്ടി (ഡ്യൂപ്ലിക്കേറ്റ് ആധാരമോ അങ്ങിനെ എന്തോ).ഇന്നു് രണ്ടാം ശനിയാഴ്ച, നാളെ ഞായറാഴ്ച. ഇനി എന്തെങ്കിലും നടക്കണമെങ്കില്‍ തിങ്കളാഴ്ച്ച ആവണം. എന്തെങ്കിലും ഒന്ന്‌ ആയിട്ടേ അവര്‍ക്കു് പോകാന്‍ പറ്റൂ എന്നു്.

ആ പയ്യന്‍, അവനാണെങ്കില്‍ ഈ നെല്ലായില്‍ വച്ചു് എന്റെ വീട് മാത്രമേ ഇഷ്ടായിട്ടുള്ളൂ. അവന്റെ  ചില അതിക്രമങ്ങള്‍:

പോളണ്ടില്‍ നിന്നു കൊണ്ടുവന്ന മിനു മിനാ മിന്നണ ഒരു വാള്‍.  വന്ന ഉടനേ കക്ഷി അതു കയ്യിലെടുത്തു. മമ്മുട്ടി ഇന്‍ വടക്കന്‍ വീരഗാഥ – ‍സ്റ്റൈലില്‍  അങ്കവും തുടങ്ങി. ഓരോ വെട്ടും കൊള്ളുന്നതു് കിറുകൃത്യം എന്റെ ചങ്കില്‍.  നല്ല വാക്കു് പറഞ്ഞതു വാങ്ങി വച്ച് കുറച്ചു കഴിഞ്ഞു ഞാന്‍ നോക്കുമ്പോഴുണ്ടതാ‍, എഗൈന്‍ ഇന്‍ മമ്മൂട്ടി സ്റ്റൈല്‍, വാള്‍ ഉറയിലിടുന്നപോലെ പാന്റിന്റെ ഉള്ളില്‍ തിരുകി പുറത്തേക്കു കടക്കുന്നു. അമ്മക്കിതു കണ്ടിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ, എന്ന മട്ടു്.

മൊബൈല്‍,  കമ്പ്യൂട്ടര്‍, ഫോണ്‍, കാമറ, ഇത്യാദി സ്ഥാവരജംഗമ സ്വത്തുക്കളില്‍ അവന്‍ കൈ വക്കാത്തതായൊന്നുമില്ല ഈ വീട്ടിലിനി ബാക്കി. (ഒന്നും സൂക്ഷിച്ചു ഭംഗിയായി എടുത്തുവക്കുന്ന ശിലം ഈ വീട്ടില്‍  പിന്നെ പണ്ടേ ഇല്ലല്ലോ). ഞാന്‍ ശരിക്കും തോറ്റു.

ഇനി അമ്മ, മൊബൈലില്‍ ഇന്നു രാവിലെ ചാര്‍ജ് കഴിഞ്ഞു,  ചാര്‍ജര്‍ കൊണ്ടുവന്നിട്ടില്ല, ഒരു spare mobile വേണം. ഇവിടെയോ, അസ്സലായി.  ഇവിടത്തെ കാര്യം തന്നെ പൊത്തും പിടിയുമാണ് എന്നിട്ടല്ലേ  spare. എന്റെ മൊബൈല്‍ ഉപയോഗിച്ചോളൂ എന്നു പറയാന്‍ പുറപ്പെട്ട എന്നോട്, എന്റെ ബുദ്ധി (പിന്‍ബുദ്ധി എന്നൊക്കെ നമ്മളെ കൊച്ചാക്കാന്‍ പറയുന്നതല്ലേ) ഓടി വന്നു് പറഞ്ഞു,  വേണ്ട എഴുത്തുകാരി, അതു നിനക്കു് പാരയാവും, എന്നു്. വിളി മുഴുവന്‍ ചെന്നൈയിലേക്കാണേയ്. ഈ മാസം ഒരു തരത്തില്‍ പിടിച്ചു നിര്‍ത്തിയിരിക്കയാ.‍ So,  സിം ഊരി വച്ചിട്ടു് അതും കൊടുത്തു.

ഇനി അമ്മൂമ്മ- ഇന്നു രാവിലെ വന്നിട്ടു പറയുന്നു, അവന്‍ ഉറങ്ങുന്നു, ഞങ്ങള്‍ ഒരു സ്ഥലം വരെ- എന്നു വച്ചാല്‍ ഒരു പഴയ പരിചയക്കാരിയുടെ വീട്ടില്‍ – പോകുന്നു.(അവിടെ അപ്പോയിന്റ്മെന്റ് എടുത്തിരിക്കയല്ലേ, കൃത്യ സമയത്ത് എത്താതെ പറ്റില്ലല്ലോ, മോന്‍ എണീക്കുന്നതു വരെ കാത്തിരിക്കാന്‍ പറ്റ്വോ?).‍  അവന്‍ എണീറ്റാല്‍ ഇങ്ങോട്ടു വരാന്‍ പറഞ്ഞിട്ടുണ്ട്‌ അവനു് നീ ആ കാര്‍ട്ടൂണ്‍ വച്ചു കൊടുത്താല്‍ മതി, അവനവിടെ ഇരുന്നോളും,

(ഉവ്വുവ്വ് അതു് ഇന്നലെ ഞാന്‍ കുറേ കണ്ടു,കണ്ടു!!)

ചുരുക്കത്തില്‍  ഈ മൂന്നാലു ദിവസമായിട്ടു ജീവിതം തന്നെ കൈമോശം വന്ന പോലെ. പത്രം വായനയില്ല, മൊബൈല്‍ ഇല്ല, കമ്പ്യൂട്ടര്‍ ഇല്ല, ടി വി ഇല്ല,  (അതു് പിന്നെ ഞാന്‍ അവനു് സ്വന്തമായി കൊടുത്തു)!  രാത്രി 10 മണി ആവണം എന്റെ വീട് ഒന്നു് എന്റേതായി കിട്ടാന്‍.‍.  Food supply  ഞാനല്ല, അത്രയും ആശ്വാസം.

ഇനി തിങ്കളാഴ്ചയെങ്കിലും അവരുടെ കാര്യങ്ങള്‍ ശരിയാവണേ എന്നാണെന്റെ പ്രാര്‍ഥന. ഇതു ശരിയായി ഒരു ലക്ഷം രൂപയെങ്കിലുമില്ലാതെ ചെന്നൈയിലേക്കു്, ഭര്‍ത്താവിന്റെ വീട്ടിലേക്കു് പോകാന്‍ പറ്റില്ലത്രേ.

ഇനി അതും ഞാന്‍ സംഘടിപ്പിച്ചു കൊടുക്കേണ്ടിവരുമോ ആവോ! എനിക്കു വേറെ മാര്‍ഗ്ഗമൊന്നൂല്യാട്ടോ നിങ്ങളൊക്കെയല്ലാതെ. എല്ലാ‍ അസൌകര്യങ്ങളും മാറ്റിവച്ചു് ഞാന്‍ വരും ബ്ലോഗ് മീറ്റിനു് ഒരു ബക്കറ്റും കൊണ്ടു്. ആരും വെറും കൈയോടെ വരല്ലേ.

 

എഴുത്തുകാരി.

46 comments:

Typist | എഴുത്തുകാരി said...

പാവം ഞാന്‍ അല്ലേ?

Anonymous said...

ഈ കലികാലത്ത് ആര്‍ക്കും ഉപകാരം ചെയ്യരുത് എന്ന് അറിയില്ലേ ചേച്ചി
എന്തായാലും നുറുങ്ങിലുടെ കറന്റ് ഉപയോഗം കുറക്കാന്‍ പറഞ്ഞത് KSEB ക്കാര്‍ കേട്ട് പറഞ്ഞു വിട്ടതാണോ ഇവരെ
കാര്‍ടൂണ്‍ 24 മണിക്കുറും ഉണ്ടല്ലോ!
എല്ലാം നന്നായി ഭവിക്കട്ടെ! അവര്‍ ഒരാഴ്ച കൂടി ഇരുന്ന് മാക്സിമം സഹകരിക്കട്ടെ ചേച്ചിയോട്!

Rare Rose said...

എഴുത്തുകാരി ചേച്ചീ..,വല്ലാത്ത കഷ്ടപ്പാടിലാണല്ലോ ചെന്നു പെട്ടത്...ഇത്തരം ആളുകളുടെ സാമാന്യബോധമില്ലാത്ത പ്രവൃത്തികളാണു സഹായിക്കാനുള്ള മനസ്ഥിതിയുള്ളവരെക്കൂടി മനം മടുപ്പിച്ചു വിടുന്നതു...:(

പ്രയാണ്‍ said...

അതു ശരി.....അപ്പോ ഇതാണോ കുറച്ചു ദിവസമായി കാണാനില്ലതിരുന്നത്?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രജിസ്റ്റര്‍ ആപ്പീസിലെ കാര്യമല്ലെ ശരി ആയതു തന്നെ - തിങ്കളാഴ്ച്ചക്ക്‌ അല്ലേ ഉറപ്പ്‌.

ഞാന്‍ ദാ രണ്ടായിരത്തി ഒന്നു മുതല്‍ കയറി ഇറങ്ങി - "പോക്കുവരവ്‌"

എന്ന്‌ അവരുടെ ഭാഷ, ശരിയാ പോക്കും വരവും- ശരിയായത്‌ ഇപ്പോള്‍ രണ്ടായിരത്തി ഒന്‍പതില്‍.

ഏതായാലും എഴുത്തുകാരിയുടെ കാലം നല്ലതു തന്നെ

അനുശോചനങ്ങള്‍ :(

വീകെ said...

ചേച്ചി,
ആയ കാലത്ത് മഹാപാപം വല്ലതും ചെയ്തിട്ടുണ്ടൊ...?
ഒന്നാലോചിച്ചു നോക്കിക്കെ......

പാവപ്പെട്ടവൻ said...

മത്തന്‍.. കുത്തിയാല്‍ ..കുമ്പളം മുളക്കുമോ ?
പണിയെങ്കില്‍... പണി ഇതുതന്നെ .
ഹര.... ഹരോ... ഹര

വാഴക്കോടന്‍ ‍// vazhakodan said...

വരാന്‍ വെച്ചത് വഴിയില്‍ തങ്ങാതെ അങ്ങ് ചെന്നയില്‍ നിന്നും ഓട്ടോ പിടിച്ചായാലും വരും. ഇനി അതെങ്ങാന്‍ വേലിയില്‍ കിടന്നെന്നു വെക്കുക, നമ്മളാരാ മക്കള്‍! എടുത്ത്‌ മടിയില്‍ തന്നെ വെക്കും, എന്നിട്ട് കിടന്നു നിലവിളിക്കും, ടൈപ്പിസ്റ്റെ ബക്കറ്റ് പിരിവോന്നും നടക്കൂല്ല, ഇന്നത്തെ കാലത്ത് ഒരാള്‍ക്കും അറിഞ്ഞുകൊണ്ട് ഒരു സഹായവും ചെയ്യരുത്‌ എന്നാ ഗുണപാഠം തന്നതിന് താങ്ക്സ്!
(ഇനി കാലത്തെന്നല്ല, ഉച്ചക്കും വ്യ്കീട്ടും വരെ ആര്‍ക്കും ഒരു സഹായവും നഹീ.................)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹ ഹ ഹാ..

ഇതാണ്.. വരാനുള്ളത് വഴീല്‍ തങ്ങില്ല്യാലോ..

ഹരീഷ് തൊടുപുഴ said...

ഇനി അതും ഞാന്‍ സംഘടിപ്പിച്ചു കൊടുക്കേണ്ടിവരുമോ ആവോ! എനിക്കു വേറെ മാര്‍ഗ്ഗമൊന്നൂല്യാട്ടോ നിങ്ങളൊക്കെയല്ലാതെ. എല്ലാ‍ അസൌകര്യങ്ങളും മാറ്റിവച്ചു് ഞാന്‍ വരും ബ്ലോഗ് മീറ്റിനു് ഒരു ബക്കറ്റും കൊണ്ടു്. ആരും വെറും കൈയോടെ വരല്ലേ.


ഒരു കുഴപ്പോമില്ല..
ഞാനിവിടെയുണ്ട് ട്ടോ..

അനില്‍@ബ്ലോഗ് // anil said...

വഴിയേ പൊയ വയ്യാവേലി എടുത്ത് വല്ലയിടത്തും വെച്ചെന്ന് കേട്ടിട്ടുണ്ട്.
:)

ഒരു ലക്ഷം രൂപ ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു കാണും എന്ന് വിശ്വസിക്കുന്നു.
ഹ ഹ.

സൂത്രന്‍..!! said...

kashattamayi poyyi...

kshamikkya ... sahikkya...

Areekkodan | അരീക്കോടന്‍ said...

വേലിയിലെ പാമ്പിനെ തോളത്തിട്ടു അല്ലേ?മൂര്‍ഖന്‍ അല്ലാത്തത്‌ നന്നായി.

വികടശിരോമണി said...

ഇത്തരം ഒരു പടി അനുഭവങ്ങൾ തികട്ടിവരുന്നുണ്ട്,പുറത്തെടുക്കുന്നില്ല,പേടിക്കണ്ട.
ഒരു ലക്ഷത്തിന്റെ കാര്യമല്ലേയുള്ളൂ,വല്ല വീടിന്റെ ആധാരമോ,വണ്ടിയുടെ പേപ്പറോ പണയം വെച്ചു കൊടുക്കെന്റെ എഴുത്തുകാരീ.പാവങ്ങളല്ലേ:)
പറ്റുമെങ്കിൽ ആ വീടൊഴിഞ്ഞ് ഒരു വാടകവീട്ടിലേക്കു താമസം മാറൂ.എന്നിട്ട് അതാ കുട്ടിക്കു കളിക്കാനായി വിട്ടുകൊടുക്കൂ.എഴുത്തുകാരി അവർക്കൊരു ശല്യമാണെന്നു സ്വയം മനസ്സിലാക്കി സഹകരിക്കണ്ടേ?

Anil cheleri kumaran said...

രസായിട്ടുണ്ട് എഴുത്ത്.

പകല്‍കിനാവന്‍ | daYdreaMer said...

:):)

ശ്രീ said...

വഴിയേ പോയ വയ്യാവേലി വലിച്ച് വീട്ടില്‍ കയറ്റി അല്ലേ, ചേച്ചീ...

മറ്റുള്ളവരെ ബുദ്ധിമുട്ടിയ്ക്കുകയാണ് എന്ന തോന്നലേ ഉണ്ടാകില്ല ചിലര്‍ക്ക്. എന്തു ചെയ്യാനാണ്.

ബിന്ദു കെ പി said...

ഹ...ഹ..അതുതന്നെ. വഴിയേപോയ വയ്യാവേലി...
പിന്നെ പണിക്കർസാർ പറഞ്ഞപോലെ, രജിസ്റ്റർ ഓഫീസിലെ കാര്യം തിങ്കളാ‍ഴ്ച തന്നെ തീരുമെന്നുള്ള അതിമോഹമൊന്നും വേണ്ടകേട്ടോ..ഏതായാലും ബ്ലോഗ്‌മീറ്റിന് പോകുമ്പോൾ ഒരു ബക്കറ്റ് കൂടി കൈയ്യിലിരുന്നോട്ടെ. കിട്ടുന്നതായി. ബാക്കിയുള്ളത് സംഘടിപ്പിച്ചാൽ മതിയല്ലോ :)

P R Reghunath said...

eniyum kazhiyumbole parasahayam cheyyu........

Jayasree Lakshmy Kumar said...

ഹ ഹ. ഇനി ബ്ലോഗ് മീറ്റിലും ആളു കുറയുമോ എന്തോ!! [അല്ല, ഈ കഷ്ടകാലം വരുമ്പോൾ അങ്ങിനെയാണല്ലോ, കൂട്ടത്തോടെ]

കണ്ണനുണ്ണി said...

ചില സമയത്ത് സമയം നല്ലതാണെങ്കില്‍ സഹായം ചെയ്താലും കുരിശാവും.. എന്തായാലും തിങ്കളാഴ്ച്ച തന്നെ അവരുടെ കാര്യം നടന്നു കിട്ടുമെന്ന് കരുതാം .

siva // ശിവ said...

ബക്കറ്റുമായ് വരൂ....വരണം....

മുസാഫിര്‍ said...

ഹ ഹ എന്തെങ്കിലും മുജ്ജന്മ പാപത്തിന്റെ വീടലാവും ഇത്.

Bindhu Unny said...

ഇങ്ങനെയുള്ളവരോട് മുഖത്ത് നോക്കി പറയണം, അവരെക്കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍. :-)

ശ്രീഇടമൺ said...

വല്ലതും നടന്നോ ആവോ...?

:)

:(

Anonymous said...

ഒരു കുഞ്ഞു കറക്ഷന്‍... പോളണ്ടല്ല.. ചെക്ക് റിപബ്ലിക്ക് (പ്രാഗ്) - അവിടുന്നാട്ടോ വാള്‍.

ഞാന്‍.

വികടശിരോമണി said...

ആളു ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
ഈശ്വരവിശ്വാസികളായ ബ്ലോഗേഴ്സ് എഴുത്തുകാരിയുടെ ദോഷങ്ങളൊഴിയാൻ എന്തെങ്കിലും വഴിപാടുകൾ നേരണം എന്നപേക്ഷിക്കുന്നു:)

Anuroop Sunny said...

ശല്യം എത്രയുമാകട്ടെ അവന്‍ പോകുമ്പോള്‍ ഒരു ശൂന്യതയും വിഷമവുമൊക്കെ തോന്നാതിരിക്കില്ല..
തീര്‍ച്ച...
ശല്യത്തിനപ്പുറത്തു അതൊക്കെ ഒരു രസമാണ്‌...അതുതന്നെയല്ലേ ബാല്യത്തിന്റെ നിഗൂഡതയും..

ഹന്‍ല്ലലത്ത് Hanllalath said...

അയ്യോ പാവം..
അങ്ങനെ വേണം അങ്ങനെ വേണം..
ഹ ഹ ഹ..
:)

Typist | എഴുത്തുകാരി said...

അനോണീ, നന്ദി.
Rare Rose,
Prayan,
India Heritage,
വി.കെ.,
പാവപ്പെട്ടവന്‍,
വാഴക്കോടന്‍,
രാമചന്ദ്രന്‍,
ഹരീഷ്,
അനില്‍,
സൂത്രന്‍,
അരീക്കോടന്‍,
വികടശിരോമണി,
കുമാരന്‍,
ഉം, ചിരിച്ചോളൂട്ടോ എല്ലാരും,നിങ്ങള്‍ക്കും വരും ഇതുപോലൊരു അനുഭവം, അപ്പോ മനസ്സിലാവും.

Typist | എഴുത്തുകാരി said...

പകല്‍കിനാവന്‍,
ശ്രീ,
ബിന്ദു,
രഘുനാഥ്,
ലക്ഷ്മി,
കണ്ണനുണ്ണി,
ശിവാ,
മുസാഫിര്‍,
ബിന്ദു,
ശ്രീ ഇടമണ്‍,
ഞാന്‍,
വികടശിരോമണി,
അനുരൂപ്,
Hanllalath,
നിങ്ങളും ചിരിച്ചോളൂ.

നന്ദി ട്ടൊ, എല്ലാര്‍ക്കും.

ജ്വാല said...

എന്തായാലും പരോപകാരം തുടരുക.ആശംസകള്‍

Sureshkumar Punjhayil said...

Ente panku njan adyametharam chechy... ( Mun anubhavam enikkumundey). Nannayirikkunnu. Ashamsakl...!!!

ഹരിശ്രീ said...

എഴുത്തുകാരി,

ഞാന്‍ ചിരിക്കാതിരിക്കാന്‍ ഒരു പാട് കഷ്ടപ്പെട്ടുട്ടോ...

എന്നിട്ടും ചിരിക്കാതിരിക്കാ‍നായില്ല...

എന്താ പറയാ ഇതിനൊക്കെ...


:)

Unknown said...

thoppi, thalaye vitu poyo ?
paavamennu nooruvatam sammathikunnu..
ezhuthu rasakaram ,
veendum varika , puthiya thopiyumaayi
alla bucketumaayi ,,,ayyo alla
puthiya ezhuthumaayi....

കാസിം തങ്ങള്‍ said...

ഉപകാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട് ഇങ്ങനെയൊക്കെയായിപ്പോയി. ഇനിയിപ്പോ എന്താ‍ ചെയ്യാ. സാരമില്ല. വയ്യാവേലി എത്രയും പെട്ടെന്ന് ഒഴിവായിക്കിട്ടട്ടെ.

smitha adharsh said...

ഞാനും ചിരിച്ചു..
വേലിയില്‍ കിടന്ന പാമ്പിനെ പിടിച്ചു തോളത്തു ഇട്ടു അല്ലെ..
ചിരിപ്പിച്ചു ട്ടോ.

കൂട്ടുകാരന്‍ | Friend said...

ഇതെന്താ ബ്ലോഗ്ഗറുടെ പരസ്യമോ?? ബ്ലോഗ്‌ നിറച്ചും ബ്ലോഗ്ഗരാണല്ലോ...കാശു വല്ലതും തടയുമോ? :)

Typist | എഴുത്തുകാരി said...

കൂട്ടുകാരാ, എന്താ ഉദ്ദേശിച്ചതെന്നെനിക്കു മനസ്സിലായില്ലാട്ടോ.

Zebu Bull::മാണിക്കൻ said...

എഴുത്തുകാരീ, ഈ കക്‌ഷികളെക്കൂടി ബ്ലോഗ് മീറ്റിനു കൊണ്ടുപോകുക (ഏതായാലും ആ ദിവസം വരെ ഇവര്‍ കാണുമെന്നുറപ്പ് ;)). എന്നിട്ട് ഇവരെ അവിടെ വരുന്ന "ആധാരമെഴുത്തുകാരില്‍" ആരെയെങ്കിലും ഏല്‍‌പ്പിച്ചുകൊടുക്കുക :-]

കൂട്ടുകാരന്‍ | Friend said...

Powerd By Blogger എന്ന് കുറെ കണ്ടില്ലേ..ചേച്ചിയുടെ ബ്ലോഗില്‍ .അതിലോന്നുപോരെ..എന്ന് ചോദിച്ചതാണ്.... Gadget കൂട്ടിച്ചേര്‍തപ്പോള് കൂടിപ്പോയത അല്ലെ?

Anonymous said...

സുപ്രഭാതം
വന്നവര്‍ക്ക് വീട് കൊടുത്തു ചേച്ചി സ്ഥലം വിട്ടോ?

Raman said...

Ezhuthile rasam thanne ithinte response kandal ariyam.

Typist | എഴുത്തുകാരി said...

ജ്വാല,
സുരേഷ് കുമാര്‍,
ഹരിശ്രീ,
Gita,
കാസിം തങ്ങള്‍,
സ്മിതാ,
കൂട്ടുകാരന്‍,
മാണിക്കന്‍,
Fayaz,
അനോണി,
Raman,
എല്ലാര്‍ക്കും നന്ദി.

സന്തോഷ്‌ പല്ലശ്ശന said...

vaikippoyi

cheque veno atho casho

അരുണ്‍ കരിമുട്ടം said...

ഉപകരിക്കാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും ചേച്ചി.
എങ്ങനെയെങ്കിലും തല ഊരാന്‍ നോക്ക്
(അത് എങ്ങനെ എന്ന് ചോദിക്കല്ലെ)