Tuesday, July 1, 2008

വിശ്വസിച്ചാലും ഇല്ലെങ്കിലും ............

രണ്ടുമൂന്നു് ദിവസങ്ങള്‍ക്കു മുന്‍പു സംഭവിച്ചതാണിതു്(എന്റെ വീടിനു് ഒരു നാലഞ്ചു വീട്‌ അപ്പുറത്തു്). ഇപ്പോള്‍ നെല്ലായിലെ ഒരു സംസാരവിഷയവും. വിശ്വസിക്കാന്‍ പ്രയാസമാണ്, എന്നാലും വിശ്വസിച്ചേ പറ്റൂ, എന്തുകൊണ്ടെന്നാല്‍ സംഗതി പരമസത്യമാണ്. കഥ (അല്ലാ സംഭവം) ഇതാണ്.

നാലുകെട്ടും, തട്ടിനുമീതെ തട്ടും പമ്പുംകാവും എല്ലാം ഉള്ള ഒരു പഴയ തറവാട്‌. ഗൃഹനാഥന്‍ അന്നു സ്ഥലത്തില്ല. ഭാര്യയും 3 മക്കളും. ചെറിയ കുട്ടിക്കു പ്രായം 1 മാസം. കൂട്ടിനു് അവിടെ സഹായത്തിനു വരുന്ന ഒരു സ്ത്രീയും.

രംഗം 1
-----
സന്ധ്യക്കു 7 മണി. കുട്ടികള്‍ ടിവി കാണുന്നു.(സന്ധ്യക്കു നാമം ചൊല്ലല്‍ ഇപ്പോള്‍ വംശനാശം വന്നുപോയ ഒരേര്‍പ്പാടാണല്ലോ).
ഒരാള്‍ അബദ്ധത്തില്‍ മുകളിലേക്കൊന്നു നോക്കിയപ്പോള്‍ അതാ ഓടിന്റെ ഇടയിലൊരു പാമ്പു്. ബഹളമായി. സന്ധ്യക്കു ഞങ്ങളുടെ
നെല്ലായി സെന്ററില്‍ ഒരു മാതിരി തരക്കേടില്ലാത്ത തിരക്കാണേയ്‌. ചുമട്ടുതൊഴിലാളികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, പരദൂഷണം തൊഴിലാക്കിയവര്‍,അത്യാവശ്യം വായ്നോട്ടക്കാര്‍, അങ്ങിനെ അങ്ങിനെ. അതില്‍ ചിലരെങ്കിലും, പണിയൊക്കെ കഴിഞ്ഞു, ചെറുതായിട്ടൊന്നു മിനുങ്ങി അത്യാവശ്യം ഒരു നല്ല മൂഡിലായിരിക്കും. പിന്നെ ഞങ്ങള്‍,നെല്ലായിക്കാര്‍ക്കൊരു ഗുണമുണ്ട്‌. ഒരാവശ്യം വന്നാല്‍ എല്ലാരും കക്ഷി-ജാതി-മത ഭേദമെന്യേ ഓടിവരും. അയലക്കത്തുകാരും കൂടി. അതുവരെയൊക്കെ പാമ്പിനു കാത്തിരിക്കാന്‍ പറ്റ്വോ. അതു അതിന്റെ പാട്ടിനു് പോയി. അന്വേഷിച്ചു കണ്ടുപിടിച്ചു (ആവശ്യംനമ്മുടെ ആയിപ്പോയില്ലേ). അതിനെ തല്ലിക്കൊന്നു.നല്ല എനമാ,“ ദേഹത്തു ചുറ്റു്/കെട്ടുള്ളതാ, ഒന്നു തൊട്ടാമതി. കിട്ടീല്ലോ, ഇനി ആ കുട്യോളേം കൊണ്ട്‌ സമാധാനായിട്ടുറങ്ങാലോ”.

അണലി അല്ലെങ്കില്‍ വെള്ളിക്കെട്ടന്‍ ആയിരിക്കാം. തേക്കിലപുള്ളി എന്നൊരു നാടന്‍ പേരും പറയുന്നുണ്ട്‌.

രംഗം -2
------
സമയത്തിനെത്താതെ പോയ ചിലരൊക്കെ അപ്പോഴേക്കും എത്തി, നിരാശയോടെ. അവര്‍ക്കു ഒരു demonstration കാണിച്ചുകൊടുക്കാന്‍ കയ്യുയര്‍ത്തിയ ആള്‍ കൈ താഴ്ത്തുന്നില്ല, എന്തു പറ്റിയതാന്നു നോക്കിയപ്പഴെന്താ, അതാ അവിടെ മറ്റൊരു പാമ്പു്. വീണ്ടും വിളി പോയി. ഉത്സാഹമായി എല്ലാരും വന്നു.ഇപ്രാവശ്യം ആളു കൂടി.പാമ്പു് തുടങ്ങി ഒളിച്ചുകളി. ഓടിന്റെ മുകളില്‍, താഴെ, കഴുക്കോലിനിടയില്‍, പാത്തിയില്‍ അങ്ങിനെ അങ്ങിനെ.പട്ടാളത്തിലെ മമ്മൂട്ടി സ്റ്റൈലില്‍ ചിലര്‍ പുരപ്പുറത്തു കയറി, ബാക്കിയുള്ളവര്‍ വടിയും കുന്തവുമെടുത്തു റെഡിയായി നിന്നു. അവസാനം പാമ്പു തോറ്റു, മനുഷ്യന്‍ ജയിച്ചു. അതിനേയും തല്ലിക്കൊന്നു.എല്ലാവരും വീണ്ടും പോയി.

രംഗം-3
------

ഇത്രയുമായപ്പോഴെക്കും രാത്രി 12 മണി കഴിഞ്ഞു.കുട്ടികളൊന്നും കഴിച്ചിട്ടില്ല. അവര്‍ക്കെന്തെങ്കിലും കൊടുക്കണ്ടേ. പേടിയുണ്ട്‌, എന്നാലും സമാധാനമുണ്ടു്. കണ്ടതിനെ കൊന്നീട്ടുണ്ടല്ലൊ, ഇനി പേടിക്കണ്ടല്ലോ. പക്ഷേ കൂട്ടുകാരേ, അടുക്കളയില്‍ പാലെടുക്കാന്‍ പോയ അമ്മ പോയപോലെ തിരിച്ചുവരുന്നു, അതാ അവിടെ മൂന്നാമതൊരെണ്ണം. അതും ഓടിനിടയില്‍.പിരിഞ്ഞുപോയവര്‍ വീണ്ടും വന്നു, അപ്പോള്‍ എല്ലാരും ഇല്ല, കുറച്ചുപേര്‍ കുറഞ്ഞു.ഉത്സാഹവും കുറഞ്ഞു. സമയം രാത്രി 2 മണി ആണെന്നോര്‍ക്കണം. ഒന്നാമതും രണ്ടാമതും ചെയ്തതെല്ലാം വീണ്ടും ഒരാവര്‍ത്തി കൂടി.ഓപ്പറേഷന്‍ പാമ്പുപിടിത്തം. പക്ഷേ ഇപ്രാവശ്യം ഒരു വ്യത്യാസം മാത്രം. പാമ്പിനെ കൊല്ലാന്‍ പറ്റിയില്ല, ഒരടി കിട്ടി. എന്നാലും അവന്‍(അല്ലെങ്കില്‍ അവള്‍) ജീവനും കൊണ്ട്‌ ഓടി. എല്ലാവരും ക്ഷീണിച്ചു. ഇനി ഇന്നു വയ്യാ, രാവിലെയാവാം, അമ്മയും കുട്ടികളും അപ്പുറത്തെ വീട്ടില്‍ പോയി കിടക്കട്ടേ‍ എന്നു തീരുമാനിച്ചു് എല്ലാരും സ്വന്തം വീടുകളിലേക്കു പോയി. അപ്പോള്‍ സമയം രാത്രി 2 മണി കഴിഞ്ഞു.

പിറ്റേന്നു രാവിലെയായി. പേടിയുണ്ടെങ്കിലും, വീട്ടില്‍ വരാതെ കഴിയില്ലല്ലോ, വന്നു. അതാ, അവരെ സ്വാഗതം ചെയ്യാനെന്നപോലെ ഉമ്മറത്തുതന്നെ ഒരെണ്ണം. തലേന്നു പരിക്കുപറ്റിയവനല്ലാ, ഇതു പുതിയ ഒരാളാണെന്നു പറയുന്നു. എല്ലാം പഴയപോലെ. ദാരുണമായി അതിനേയും വധിച്ചു.

മൂന്നാമന്‍ എവിടെ പോയെന്നു് ഇപ്പോഴും ഒരു പിടിയില്ല. അടിച്ചവന്‍ ഇന്നും പേടിച്ചുവിറച്ചിരിക്കുന്നു. പാമ്പിനു പകയുണ്ടത്രേ.നോവിച്ചുവിട്ടതല്ലേ, എത്ര കാലം കഴിഞ്ഞാലും അതോര്‍ത്തിരിക്കുമെന്നു്.

ഇപ്പോള്‍ നാലാളു കൂടിയാല്‍ നാട്ടിലെ സംസാരവിഷയം ഇതാണ്. കുറ്റം പറയാന്‍ പറ്റുമോ?

“തട്ടുമ്പുറത്തു അവറ്റക്കു നല്ല സുഖല്ലേ, പെറ്റുപെരുകിയിരിക്കും” എന്നൊരു കൂട്ടര്‍.

“റോഡുപണിക്കു വേണ്ടി പഴയ കെട്ടിടങ്ങളും, മതിലും, വേലിയുമൊക്കെ പൊളിക്ക്യല്ലേ, താമസിക്കാനൊരിടം തേടി വന്നതാവും”
എന്നു മറ്റു ചിലര്‍ (പാമ്പുകള്‍ക്കു മാളമൊക്കെ പണ്ടു് - അവര്‍ക്കും മടുത്തിട്ടുണ്ടാവും അതൊക്കെ ).

ഏറെ‍‍ പിന്തുണ ഇതിനാണ് - “പാമ്പുംകാവുള്ള വീടല്ലേ, വൃത്തീം ശുദ്ധോം ഒന്നൂണ്ടാവില്യ, അവര്‍ക്കൊന്നും
കൊടുക്കണൂണ്ടാവില്യാ, പിന്നെങ്ങിനെ കാണിക്കാതിരിക്കും”.


എഴുത്തുകാരി.

വാല്‍ക്കഷണം:- എന്റെ കൂട്ടുകാരേ, എന്നെ വിശ്വസിക്കണം, അതിശയോക്തി ഒട്ടുമില്ല, ഒരു രാത്രിയില്‍ നാലു പാമ്പുകള്‍. ഞാനറിഞ്ഞില്ല, പിറ്റേന്നാ അറിഞ്ഞതു്, അപ്പോഴെക്കും ശവസംസ്ക്കാരം വരെ കഴിഞ്ഞു. അല്ലെങ്കില്‍ ഫോട്ടോ എങ്കിലും എടുത്തു നിങ്ങളെ കാണിച്ചേനേ.

നിങ്ങളുടെ യുക്തിയില്‍ എന്തെങ്കിലും തോന്നുന്നുണ്ടോ ഇതിനെ പറ്റി?

45 comments:

Typist | എഴുത്തുകാരി said...

വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണു്, എന്നാലും സംഗതി സത്യമാണു്. അഛനും അമ്മയും മക്കളുമായിരുന്നോ, അതോ കാമുകീ കാമുകന്മാരായിരുന്നോ, ആരു കണ്ടു?

Sands | കരിങ്കല്ല് said...

അവസാനം പാമ്പു തോറ്റു, മനുഷ്യന്‍ ജയിച്ചു...
നല്ല അലക്കാണല്ലോ! :)

എന്തൊക്കെയായാലും ഒരിത്തിരി അവിശ്വസനീയതയുണ്ട്!

Kaithamullu said...

രണ്ട് കൈയും നീട്ടീ ‘ദേ ഇത്രേണ്ടാര്‍ന്നു നീളം’ എന്ന് പറഞ്ഞ്... നോക്കുമ്പോഴല്ലേ തള്ള വിരല്‍ ചൂണ്ടുവിരലിന്റെ പകുതിക്ക് വച്ചിരിക്കുന്നൂ....!

പാവം പ‍ാമ്പിന്‍ കുടുംബം!

മനോജ് കുമാർ വട്ടക്കാട്ട് said...

ഞാൻ വിശ്വസിക്കുന്നു, കാരണം ഇതുപോലൊരു സംഭവത്തിന് ഞാൻ സാക്ഷി.

പത്തിരുപത് വർഷം മുൻപാണ്. അമ്മൂമ്മയുടെ വീട് സംഭവ സ്ഥലം. ഒരു രാവിലെ വീട്ടിലെ അടുക്കളയിലും മച്ചിൻ പുറത്തും മുറികളിലും പാമ്പ് മയം. അതും വിവിധ ജാതി, മതം.

കാര്യം എന്താണെന്ന് ഒരു പിടുത്തവുമില്ല അന്നും ഇന്നും. ഏതായാലും എല്ലാത്തിനേയും നാട്ടുകാരും വീട്ടുകാരും ചേർന്ന് തല്ലിക്കൊന്ന് ചുട്ടു.

ഒരു സ്നേഹിതന്‍ said...

എഴുത്തുകാരി പറഞ്ഞതല്ലേ... ഞാന്‍ വിശ്വസിക്കുന്നു....
എന്നിട്ട ഇപ്പൊ ആ പാമ്പ് കുടുംബം വരാറില്ലേ??

“പാമ്പുംകാവുള്ള വീടല്ലേ, വൃത്തീം ശുദ്ധോം ഒന്നൂണ്ടാവില്യ, അവര്‍ക്കൊന്നും
കൊടുക്കണൂണ്ടാവില്യാ, പിന്നെങ്ങിനെ കാണിക്കാതിരിക്കും”.

ഈ അഭിപ്രായത്തിനെ ആള് കൂടൂ... അതിനല്ലേ കുറച്ചു പരദൂഷണത്തിന്റെ ചുവയുള്ളൂ...

പൊറാടത്ത് said...

വിശ്വസിച്ചു..(എത്ര്യായാലും നാട്ടുകാരല്ലേ.. വിശ്വസിച്ചല്ലേ പറ്റൂ..!!)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സത്യത്തില്‍ അതു ആ പാമ്പുകളുടെ വീടായിന്നു.ശരീരത്തിലെ രേഖകള്‍ അല്ലതെ മറ്റൊരു രേഖയും കാണീക്കാനില്ലാത്ത യഥാര്‍ത്ത അവകാശികള്‍.പാവം പാമ്പുകള്‍......

Typist | എഴുത്തുകാരി said...

കരിങ്കല്ലേ,‘കരിങ്കല്ലാ‘യതുയ്കൊണ്ടാവും ഒരു വിശ്വാസക്കുറവു്!

കൈതമുള്ള് - നന്ദിയുണ്ട്‌.

രണ്ടുപേരോടും കൂടി - ശരിക്കും സത്യാട്ടോ. ഞാനൊരു തുള്ളി വെള്ളം ചേര്‍ത്തിട്ടില്ല. ഏതു നെല്ലായിക്കാരോടു വേണെങ്കിലും ചോദിച്ചുനോക്കിക്കോളൂ.

പടിപ്പുരക്കു നന്ദി.
സ്നേഹിതനുമുണ്ട്‌ നന്ദി.

രസികന്‍ said...

ഇനി എഴുത്തുകാരി സൂക്ഷിച്ചോളൂ പാമ്പിലെ പിടികിട്ടാ പുള്ളി ഇത് ഇവിടെ എഴുതിയത് കണ്ടാൽ ഇനി പകവച്ച് എഴുത്തുകാരിയെ തേടി വരും

പാമ്പിനു പകയുണ്ട് എന്നുള്ള വിശ്വാസം കേരളത്തിൽ പരക്കെയുണ്ടെന്നാണ് എന്റെ അറിവ്
പക്ഷെ ഇതിനു ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പാമ്പിനെ പറ്റി പഠനം നടത്തിയവർ പറയുന്നത്
പക്ഷെ പഠനം നടത്തിയ കാര്യം നമുക്കല്ലെ അറിയൂ , പാമ്പിനറിയില്ലല്ലൊ

Rare Rose said...

ഇതു അതിശയം തന്നെ.......ഇത്രേം പാമ്പുകള്‍ ഒരുമിച്ച് ഒരു വീട്ടില്‍....ആ പാവം വീട്ടുകാര്‍ അന്നെങ്ങനെ ഉറങ്ങിയോ എന്തോ...??..ആധികാരികമായി ഇതിനു അഭിപ്രായം പറയാന്‍ അറിയാത്തോണ്ട് മൌനം പാലിക്കുന്നു.....

K.V Manikantan said...

പട്ടാപകല്‍.

മന്തം മന്തം കുലുങ്ങിവരുന്ന ഒരു അംബാസിഡര്‍ കാര്‍. ആവശ്യത്തിനു തവളകളെ കിട്ടാഞ്ഞോ മറ്റോ ജീവിതം മടുത്ത ഒരു കരിമൂര്‍ഖന്‍ കാറിനുമുന്നിലേക്കെടുത്ത് ചാടി. ചവിട്ടണോ വേണ്ടയോ എന്നോര്‍ത്ത് ചവിട്ടാതെ വണ്ടി മുന്നോട്ടെടുത്ത് കുഞ്ഞര്‍ദ്ദേട്ടന്‍. സിനിമയില്‍ ഇടിക്കാന്‍ വരുന്ന കാറിന്റെ അടിയില്‍ തൂങ്ങിരക്ഷപ്പെടുന്ന ജാക്കിചാനോ രജിനീകാന്തോ ഒക്കെ പോലെ ലവന്‍ കാറിന്റെ അടിയില്‍ പറ്റിപിടിച്ചുവെന്ന് തോന്നുന്നു. കാരണം 5 മീറ്റര്‍ മുന്നോട്ടെടുത്ത് വണ്ടിനിര്‍ത്തിയ കുഞ്ഞര്‍ദ്ദേട്ടനും കൂട്ടരും പിന്നില്‍ നോക്കിയപ്പോള്‍ റോട്ടിലില്ല പാമ്പ്.

ആ വണ്ടിയില്‍ പാമ്പുണ്ടെന്ന പറച്ചിലില്‍ വണ്ടി ഒരു ദിവസം കിടന്നു. അകലെ നിന്ന് കമിഴ്ന്നു കിടന്നു നോക്കലും മറ്റുമായി വിദഗ്ദന്‍ മാര്‍ തിരഞ്ഞെങ്കിലും കിട്ടിയില്ല. അതു vanished.

(ഞാന്‍ ക്ലാസ് ഫോറില്‍ പഠിക്കുമ്പോള്‍ നടന്ന സംഭവം -1982-83)

വിശാലന്റെ കാര്‍ത്തു, കുഞ്ഞര്‍ദ്ദേട്ടന്‍ തുടങ്ങി പാമ്പോഫോബ്ബിയ പിടിച്ച കൂട്ടത്തില്‍ നെല്ലായില്‍ നിന്നും ആളായി. അത്രയേ ഒള്ളൂ..

ശ്രീ said...

അവരെല്ലാം കൂടി അവിടെ ഓടിനിടയിലോ മച്ചിന്‍‌പുറത്തോ മറ്റോ താമസമായതാകണം. എന്തായാലും മൂന്നെണ്ണത്തിനെ എങ്കിലും കിട്ടിയല്ലോ. ബാക്കിയുള്ളത് സ്ഥലം വിട്ടു കാണണം.


ഓ.ടോ.
“അതുവരെയൊക്കെ പാമ്പിനു കാത്തിരിക്കാന്‍ പറ്റ്വോ. അതു അതിന്റെ പാട്ടിനു് പോയി”

പിന്നേ, അല്ലാതെ ആ പാമ്പ് ഇങ്ങനെ പറയുമെന്ന് കരുതിയോ?
“മാഷ് പോയി ആളെക്കൂട്ടിക്കൊണ്ടു വാ... ഞാനിവിടെ വെയ്റ്റു ചെയ്യാം” എന്ന്.
;)

നന്ദു said...

ശ്ശൊ..വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വയ്യ!. ഞാൻ വല്ലോം പറഞ്ഞാൽ സുകുമാരൻ ചേട്ടൻ ഇവീടെ എവിടേലും ഉണ്ടെങ്കിൽ വടിയുമായെത്തും പാമ്പിനെ അല്ല എന്നെ തല്ലാൻ അതുകൊണ്ട് അഭിപ്രാ‍യം ഒന്നുമില്ല.

എന്നാലും കാവില് നിത്യം വിളക്കു വയ്ക്കാൻ പറയൂ അടുത്തുള്ള ക്ഷേത്രത്തിൽ ആയില്യത്തിനു പതിവായി കൊടൂക്കൂ!.

വേണു venu said...

തട്ടുമ്പുറത്തു ആള്‍ ശല്യമില്ലാത്തതിനാല്‍ അവ പെറ്റുപെരുകിയിരിക്കും.ഇനി അവറ്റയ്ക്കു് അവിടോം രക്ഷയില്ല.ശരിക്കും കാടെവിടെ മക്കളെ എന്നു പാടി കരയുന്ന ജീവികള്‍.!

കുഞ്ഞന്‍ said...

കണ്ടോ..ഇതുപോലെ അതിശയം പ്രകടിക്കുമ്പോഴാണ് ഇത്തരം അന്ധവിശ്വാസത്തിലേക്ക് ഊളിയിടുന്നത്. ഒരേ സ്ഥലത്ത് ഒരേ സമയം നാലഞ്ച് പാമ്പുകളെ കണ്ടാല്‍ ഇത്തിരി അത്ഭുതം ആകാക്ഷ തോന്നുമെങ്കിലും...

ചോദ്യങ്ങള്‍.. ആ പാമ്പുകള്‍ കുഞ്ഞുങ്ങളായിരുന്നൊ..? ആയിരുന്നെങ്കില്‍ ഏതൊ പാമ്പ് യാദൃശ്ചികമായി ആ വീട്ടില്‍ കയറുകയും അവിടെ മുട്ടയിട്ട് അത് വിരിഞ്ഞ കുഞ്ഞുങ്ങള്‍ വിശപ്പു തുടങ്ങിയപ്പോള്‍ പല വഴിക്ക് ഇര തേടാനിറങ്ങിയതായിരിക്കും..

പാമ്പുകള്‍ എല്ലാം ഒരേ ഇനമായിരുന്നൊ..? ഒരേ ഇനമായിരുന്നുവെങ്കില്‍ മേല്‍പ്പറഞ്ഞതാണ് സംഭവിച്ചത്.. എന്നാല്‍ വിവിധ വലിപ്പത്തിലും വിവിധ മതത്തിലുള്ള പാമ്പന്മാരാണെങ്കില്‍...എന്റെ നാഗ ദൈവങ്ങളേ.. എന്നു വിളിച്ചോളൂ..

പിന്നെ ഈ കെട്ടുള്ള പാമ്പിനെ ഞങ്ങളുടെ നാട്ടില്‍ ശംഖുവരയനെന്നും വളവളപ്പന്‍ എന്നും പറയുന്നു.

പിന്നീട് പാമ്പുകളെ ആ വീട്ടീല്‍ കണ്ടൊ..

വാല്‍ക്കഷണം..അടുത്തുതന്നെ നെല്ലായിലെ ആ വീട് പാമ്പുമ്മേയ്ക്കാട്, മണ്ണാ‍റശാല പോലെ അറിയപ്പെടുകയും ആ കുടുംബത്തിലെ തലമുറകള്‍ രക്ഷപ്പെടുകയും ചെയ്യും..!

ചിതല്‍ said...

വിശ്വസിച്ചേ തീരു.
ഞാന്‍ ട്യൂഷന് പഠിച്ച ഒരു പാരലല്‍ കോളേജിലും ഇത് പോലെ മൂന്ന് എണ്ണത്തിനെ കണ്ടിരുന്നു. ക്ലാസ് എടുത്ത്കൊണ്ടിരിക്കൊമ്പോള്‍ നേരെ മേലേ. അത് കൊണ്ട് മൂന്നെണ്ണം വിശ്വസിക്കാം നാലാമത്തേതാണ് അവിശ്വസനീയം.

വേറെ ഒരു ഡൌട്ട് ഇവരും സാമൂഹ്യജീവികളാണോ..അല്ല കൂട്ടമായിട്ട്

പിരിക്കുട്ടി said...

no comments...........

Unknown said...

ആ വീട്ടില്‍ സര്‍പ്പദോഷം ഉണ്ടാകും.അതാണ്
അത്രെം പാമ്പിനെ കണ്ടത്.
നല്ല ഒരു പ്രശ്നകാരനെ വിളിച്ചു വരുത്തി കവിടി
നിരത്തിയാല്‍ കാര്യമെന്താണെന്ന് പിടി കിട്ടും.

Sharu (Ansha Muneer) said...

വിശ്വസിച്ചിരിക്കുന്നു. വിശ്വസിക്കാതിരിന്നിട്ടും കാര്യമില്ല. സംഭവം കഴിഞ്ഞല്ലോ...

കണ്ണൂസ്‌ said...

:) ഞാന്‍ കണ്ടിട്ടുണ്ട് ഇങ്ങിനെ. അവിശ്വസനീയയ്തയുടെ പ്രശ്നം ഒന്നും ഇല്ല. കാര്യം കുഞ്ഞന്‍ പറഞ്ഞതു തന്നെ. ഇത്ര കാലം തട്ടും‌പുറത്ത് എലിയേയും അടിച്ച് കൂ‍ടിയിട്ടുണ്ടാവും. മഴ പെയ്തു തുടങ്ങിയപ്പോള്‍ നനവ് ഇറങ്ങിയതു കാരണം താവളം വിട്ടതാവാനാണ് വഴി.

അണലിയാണോ ശംഖുവരയനാണോ എന്ന സംശയം കാണിക്കുന്നത് ഒരു കാര്യമേയുള്ളു. പാമ്പുകള്‍ കുഞ്ഞുങ്ങളായിരുന്നു. കുഞ്ഞ് അണലിയാവാനാണ് വഴി. തേക്കിലപ്പുള്ളി, ചേനത്തണ്ടന്‍ ഒക്കെ അണലി വര്‍ഗം തന്നെ. ശംഖുവരയന്‍ / വെള്ളിക്കെട്ടന്‍ ആണെങ്കില്‍ ആദ്യം ആള്‍ക്കാര്‍ നെല്ലായിക്കവലേന്ന് വരുന്നതിനു മുന്നേ സ്കൂട്ട് ആയേനെ.

(എന്റെ വീട്ടിലും ഉണ്ട് സര്‍പ്പക്കാവ്. പണ്ട് ഓടിട്ട വീടായിരുന്ന കാലത്ത് ഇടക്കിടക്ക് പാമ്പിനെ കണ്ടിരുന്നു. പ്രശ്നം ഒക്കെ വെച്ച് എന്നും സര്‍പ്പക്കാവില്‍ വിളക്കും വെച്ചിരുന്നു. എന്നാലും ഇടകിടക്ക് കാണും ചുള്ളന്‍‌മാരെ. പിന്നെ കോണ്‍ക്രീറ്റ് വീടായി. ഇപ്പോ വിളക്കു വെക്കലും ഇല്ല, അങ്ങോട്ട് ആരും തിരിഞ്ഞു നോക്കലും ഇല്ല. പാമ്പ് വരാറും ഇല്ല.)

ദിലീപ് വിശ്വനാഥ് said...

ഞങ്ങളുടെ കവലയിലൊക്കെ വകുന്നേരം ആവുമ്പോള്‍ നാലല്ല നാല്പത് പാമ്പിനെയെങ്കിലും കാണാന്‍ പറ്റും.

എന്തായാലും ഇത്ര കഷ്ടപെട്ട് പറഞ്ഞതല്ലേ, ഞാന്‍ വിശ്വസിച്ചു.

ജിജ സുബ്രഹ്മണ്യൻ said...

ഞാന്‍ വിശ്വസിച്ചു ഈ സംഭവം..എനികു തോന്നുന്നു പാമ്പുകള്‍ കുടുംബമായി അവിടെ താമസിക്കുകയായിരുന്നു എന്ന്.അച്ഛന്‍,അമ്മ മക്കള്‍.ചേട്ടന്മാര്‍ എല്ലാരുമായി സന്തോഷത്തോടെ കഴിഞ്ഞതല്ലായിരുന്നോ ? പാവങ്ങള്‍ കൊന്നു കളഞ്ഞില്ലേ ?? അവരും ഭൂമിയുടെ അവകാശികള്‍ ആയിരുന്നില്ലേ ??
പിന്നെ നന്ദു പറഞ്ഞതു പോലെ പാമ്പിനു നൂറും പാലും കൊടുത്തില്ലെങ്കില്‍ ഇങ്ങനെ ഒക്കെ വരും..

Mr. K# said...

നാട്ടില്‍ തേവി എന്നു വിളിക്കുന്ന ഒരു പാമ്പുണ്ട്. ചുവന്ന് ചെറിയ നല്ല ഭംഗിയുള്ള പാമ്പ്. വിഷവുമില്ല. അതില്‍ ഒരെണ്ണത്തിനെക്കൊന്നാല്‍ അടുത്തത് വരും. ഒരു അഞ്ചെണ്ണത്തിനെ തുടര്ച്ചയായി ഞാന്‍ കൊന്നിട്ടുണ്ട്. എന്നിട്ട് പിന്നെയും അടുത്തത് വന്നപ്പോള്‍ കൊല്ലല് നിര്ത്തി സ്ഥലം കാലിയാക്കി. (ഇന്നായിരുന്നെന്കില്‍ കൊല്ലില്ല, ജന്തുസ്നേഹികള്‍ ക്ഷമിക്കണം :-) ). ഓടിട്ട വീടില്‍ എലിയെപ്പിടിക്കാന്‍ മൂര്ഖനും ചേരയും കയറുന്നത് സാധാരണയാണ്‍. വീട്ടില്‍ കയറിയാല്‍ ഞാഞ്ഞൂളായാലും തല്ലിക്കൊന്നേക്കണം.

Sherlock said...

“റോഡുപണിക്കു വേണ്ടി പഴയ കെട്ടിടങ്ങളും, മതിലും, വേലിയുമൊക്കെ പൊളിക്ക്യല്ലേ, താമസിക്കാനൊരിടം തേടി വന്നതാവും”

അതെന്നെ കാരണം...പാത വലുതാക്കലിനിടയില്‍ അവറ്റകളുടെ മാളം പോയിട്ടുണ്ടാവും..

qw_er_ty

ഏറനാടന്‍ said...

ഒരു സര്‍പ്പയക്ഞം നടത്താമായിരുന്നു അല്ലേ..

Typist | എഴുത്തുകാരി said...

പൊറാടത്തു് - എങ്ങിനെയായാലും വിശ്വസിച്ചൂല്ലോ അതുമതി.
കിലുക്കാംപെട്ടി - അതെ,പാവം പാമ്പുകള്‍.
രസികന്‍ - എന്നോടു് പകയുണ്ടാവുമോ, ഏയ്‌, ഉണ്ടാവില്ല.
Rare Rose - ആദ്യമായിട്ടാ ഇവിടെ അല്ലേ? നന്ദി.
സങ്കുചിതന്‍ - അതേ, ചില കാര്യങ്ങള്‍ അന്‍nഗ്ങ്ങിനെയാണ്.

എല്ലാവര്‍ക്കും നന്ദി, ഇതുവഴി വന്നതിനും, അഭിപ്രായം അറിയിച്ചതിനും.

ഗോപക്‌ യു ആര്‍ said...

അതവിടെ മുട്ടയിട്ടിട്ടുണ്ടാകും

പാമരന്‍ said...

എഴുത്തുകാരിചേച്ചീ.. നല്ലൊരു സുവര്‍ണ്ണാവസരമല്ലേ പാഴാക്കിക്കളഞ്ഞത്‌? ഒന്നു ഉറഞ്ഞു തുള്ളി നാഗദൈവങ്ങള്‍ ഇവിടെ കുടിയിരിക്കാന്‍ പോകുന്നെന്നോ മറ്റോ അരുളിച്ചെയ്തിരുന്നേല്‍ ഒരു പാമ്പിന്മേക്കാവുതന്നെ പണിതൂടായിരുന്നോ? മൂവായിരത്തിമുക്കോടി ദൈവങ്ങളു പെറ്റുപെരുകി പുരനിറഞ്ഞു നില്‍പ്പുണ്ടെങ്കിലും പുതിയ അവതാരങ്ങള്‍ക്കു്‌ ഇപ്പോഴും നല്ല സ്കോപ്പാ... :)

ഹരീഷ് തൊടുപുഴ said...

മിക്കവാറും ആ പാമ്പുകളെല്ലാം കുടുംബകാരാവാനണു സാദ്ധ്യത!! പിന്നെ പാമ്പിനുള്ള നൂറും പാലും കൊടുത്തിട്ടുണ്ടാവില്ല....

ഉഗാണ്ട രണ്ടാമന്‍ said...

പാവം പാമ്പുകള്‍...

Typist | എഴുത്തുകാരി said...

ശ്രീ, അതെ, അവരു വെയിറ്റ് ചെയ്തില്ല, കഷ്ടായിപ്പോയി.
നന്ദു - ധൈര്യായിട്ടു് വിശ്വസിച്ചോളൂ - അന്നു് അമ്പലത്തിലേക്കു് കാശൊക്കെ ഉഴിഞ്ഞുവച്ചിരുന്നു.എന്നും വിളക്കുവക്കുന്നുണ്ടോ ആവോ?
വേണു - ശരിയാ, കാടന്വേഷിച്ചു പോയതായിരിക്കും.
കുഞ്ഞന്‍സ്‌ - എല്ലാം ഒരേ ജാതി തന്നെയാ.
ചിതല്‍ - നമ്മള്‍ ഇതിനുമുന്‍പു കണ്ടിട്ടില്ല, അല്ലേ?
ഇനിയും വന്നോളൂ, ട്ടോ.
പിരിക്കുട്ടി - thanks for no comments.
അനൂപു് - ഞന്‍ പറയാംട്ടോ, അവരോടു്.
ഷാരൂ, ആദ്യമായിട്ടല്ലേ ഇവിടെ, സ്വാഗതം.
കണ്ണൂസ് - പാമ്പുംകാവിന്റെ സ്ഥിതിയൊക്കെ എല്ലായിടത്തും ഇതൊക്കെ തന്നെ.
വാല്‍മീകി - ആ പറഞ്ഞ പാമ്പുകള്‍ ഇവിടേയും ഒട്ടും കുറവല്ല.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

കാന്താരിക്കുട്ടി - ഇവിടെ വന്നെത്തിനോക്കിയതിനു നന്ദി. അതെ, തീര്‍ച്ചയായും അവരാണ് ഭൂമിയുടെ അവകാശികള്‍.
കുതിരവട്ടന്‍ - ഇര തേടി വന്നതാവും, പക്ഷേ മനുഷ്യന്റെ ഇരയായിപ്പോയി.
ജിഹേഷു്- മാളവും പോയി ഇപ്പോള്‍ ജീവനും പോയി.
ഏറനാടന്‍- ഇനി അടുത്ത തവണ വരുമ്പോള്‍ നോക്കാം.
നിഗൂഡഭൂമി -കുറച്ചുനാളുകഴിഞ്ഞു മുട്ട വിരിഞ്ഞ് ഇനി എല്ലാം കൂടി വീണ്ടും വരുമോ?
പാമരന്‍ - ഇനി പറഞ്ഞിട്ടു കാര്യമില്ല, ഇനീം വരൂല്ലോ, അപ്പോ നോക്കാം.
ഉഗാണ്ട - അതെ, പാവം പാവം പാമ്പുകള്‍.

ഈ വഴി വന്നു്, വായിച്ചു കമെന്റിയ എല്ലാവര്‍ക്കും നന്ദി.‍

Typist | എഴുത്തുകാരി said...

ഹരീഷു് - നന്ദി. പാലും നൂറും കൊടുക്കലൊന്നും ഉണ്ടാവില്ലാ, അതിന്റെ അപ്രീതിയാണ് കണ്ടതെന്നാ
ഇപ്പോ എല്ലാരും പറയുന്നതു്.

സിനി said...

വിശ്വസിക്കാന്‍ വയ്യാ, വിശ്വസിക്കാതിരിക്കാനും..

ന്നാലും ന്റെ പേടി ഇപ്പൊഴും മാറിയിട്ടില്ലാ.
എനിക്ക് ഏറെ പേടിയുള്ള സാധനമാ ഈ മൊതല്

siva // ശിവ said...

പാമ്പുകളെയും പഴയ തറവാടുകളെയും ചുറ്റിപ്പറ്റി ഒരുപാട് കാര്യങ്ങള്‍ ഇതുപോലെ കേട്ടിടട്ടുണ്ട്.

ഓടിട്ട തട്ടുള്ള വീടൂകളില്‍ ഒരുപാട് എലിയുണ്ടാവും...അതിനെ പിടിയ്ക്കാന്‍ പാമ്പുകളും...അങ്ങനെയായിരിക്കാം ഇതും....

സസ്നേഹം,

ശിവ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ജീവിതരേഖയില്‍ രേഖകകളായി മാത്രം മാറിയ പാമ്പുകള്‍...
ശിവ പറഞ്ഞത് ശരിയ പഴങ്കഥകളില്‍ ഒരുപാട് നിഗൂഡതകള്‍ നിറഞ്ഞ് ഇതുപോലെ പലതും കേട്ടിട്ടുണ്ട് എങ്കിലും അതൊക്കെ ഓറ്ക്കുവാനും ഈ എഴുത്തുകാരിയുടെ തൂലിക കാരണമായില്ലെ..വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി ഹെന്റ്മ്മൊ.. എനിക്കിത്തിരി പേടീയാട്ടൊ ഈ സാധനത്തിനെ

Lathika subhash said...

എഴുത്തുകാരീ,
വിശ്വാസമായി.ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ
വന്നത് ഈയിടെ വായിച്ച ഒരു വാര്‍ത്തയാണ്.
സര്‍പ്പയജ്ഞം നടത്തി ജീവന്‍ പൊലിഞ്ഞ
വേലായുധനെ ഓര്‍മ്മയില്ലേ? ആ പിതാവിനെ
അനുകരിച്ച മകളും സര്‍പ്പദംശനമേറ്റ് രോഗിയായി
കഴിയുകയാണെന്ന്.എഴുത്തുകാരീ ,പരിചയപ്പെട്ട
തില്‍ സന്തോഷം.

Typist | എഴുത്തുകാരി said...

സിനി,
ശിവ,
സജീ,
ലതീ,
എല്ലാവര്‍ക്കും ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും നന്ദി.

OAB/ഒഎബി said...

തട്ടിന്‍ പുറത്ത് കുറെ കാലമായി താമസിച്ചു വരുന്ന പാമ്പുകള്‍ പട്ടയം ആവശ്യപ്പെട്ട് വീട്ടുകാരെ സമീപിച്ചു. അവരതുങ്ങളെ നിഷ്ക്കരുണം വധിച്ചു കളഞ്ഞു. കഷ്ടമായിപ്പോയി.

Typist | എഴുത്തുകാരി said...

oab, വായിച്ചു അഭിപ്രായം പറഞ്ഞതിനു് നന്ദിയുണ്ട്‌, ട്ടോ.

ഹരിശ്രീ said...

എഴുത്തുകാരി,

എന്തായാലും പാമ്പുവിശേഷം കൊള്ളാം.

പിന്നെ ഇത്രയും എണ്ണത്തിനെ പിടിച്ചിട്ടും ഒരെണ്ണത്തിന്റെ എങ്കിലും ജീവനോടെ ഉള്ള ഒരു ഫോട്ടോ എങ്കിലും ഇടാമായിരുന്നു.

ഇപ്പോള്‍ എന്താ ആ വീട്ടിലെ ലേറ്റസ്റ്റ് വിശേഷം... പാമ്പുകളൊക്കെ ഒഴിഞ്ഞോ ???

nandakumar said...

aviswaneeyam..!!!
ennalum naatukary paranjathalle..viswasikkathirikkunnathengine??? :-)

Typist | എഴുത്തുകാരി said...

ഹരിശ്രീ, നന്ദി. പുതിയ പാമ്പുകളെയൊന്നും പിന്നെ കണ്ടിട്ടില്ല.

നന്ദകുമാര്‍, ഒരു സ്പെഷല്‍ നന്ദിയുണ്ട്‌, ട്ടോ, നാട്ടുകാരിയാന്നുള്ള പ്രത്യേക സ്നേഹത്തിനു്.

smitha adharsh said...

എനിക്ക് വിശ്വാസമായി കേട്ടോ...എന്ത് കൊണ്ടു,നാലുപേരും ഒന്നിച്ചു വന്നു എന്ന ചോദ്യത്തിന് എന്റെ കൈയില്‍ ഉത്തരം ഇല്ല...

Kuntham Kudathil said...

തേക്കിലപ്പുള്ളിയെ ഗൂഗിളിൽ പരതിയപ്പോൾ ഇവിടെ എത്തിയതാണ്