Saturday, July 12, 2008

എന്റെ പൂന്തോട്ടം

എന്നും രാവിലെ എഴുന്നേറ്റുവരുംപോള്‍‍ എത്ര പൂക്കളാണെന്നോ എന്നെ കാത്തു നില്‍ക്കുന്നതു്.പൂക്കള്‍ വിടര്‍ന്നുവരുന്നതേ ഉണ്ടാവൂ. പാതി വിടര്‍ന്ന പൂക്കള്‍. പല പല നിറത്തിലും തരത്തിലും. എന്നോട്‌ Good Morning പറയുകയാണോ എന്നു തോന്നും. എന്റെ ദിവസം തുടങ്ങുന്നതു തന്നെ അവരോടൊത്താണു്. ഒരഞ്ചു മിനിറ്റെങ്കിലും അവിടെ കറങ്ങിയിട്ടേ എന്റെ പതിവുജോലികളിലേക്കു കടക്കാറുള്ളൂ. എന്നും ഞാന്‍ അത്ഭുതപ്പെടുന്ന ഒരു കാര്യമുണ്ട്‌.പ്രകൃതി എങ്ങിനെ ഇത്ര ഭംഗിയായി നിറങ്ങള്‍ കൊടുത്തിരിക്കുന്നു, ഇതളുകള്‍ക്കൊരു നിറം,അതിനുള്ളില്‍ വേറൊരു നിറം,ഒരേ ആകൃതി. ആര്‍ക്കാ, ഇതു കണ്ടാല്‍ മനസ്സില്‍ ഒരു സുഖം തോന്നാത്തതു?

അവയില്‍ ചിലതു് ഇതാ. നിങ്ങളും ഒന്നു കാണൂ.

എന്നെ അറിയില്ലേ, ഞാന്‍ ചെമ്പരത്തി.

ഞാനും ചെമ്പരത്തി തന്നെ. കുറച്ചുകൂടി പരിഷ്കാരിയാണെന്നു മാത്രം.

ഞാന്‍ നീല ശംഖുപുഷ്പം - വംശനാശത്തിന്റെ
വക്കിലാണെന്നു തോന്നുന്നു.

പേരറിയില്ല, പല നിറത്തിലും ഞാനുണ്ട്‌.

എന്നെ നിങ്ങള്‍ക്കറിയാല്ലോ, ഞാന്‍ പൂന്തോട്ടത്തിന്റെ റാണി,സുന്ദരി - റോസ്

ആരു പറഞ്ഞു, ഞാനല്ലേ അവളേക്കാള്‍ സുന്ദരി!

ഞാന്‍ പഴയ കാശിത്തുമ്പ തന്നെ. കളറൊന്നു ചെയ്ഞ്ചു ചെയ്തൂന്നു മാത്രം. ഒരു ചൈഞ്ച് ആര്‍ക്ക ഇഷ്ടമില്ലാത്തതു്?

എന്നെ നിങ്ങള്‍ക്കിഷ്ടമുള്ള പേരു വിളിച്ചോളൂ.

‘നമുക്കു പര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ തല്‍ക്കാലം മുന്തിരി വള്ളിയേയുള്ളൂ.

എന്നെ എന്തിനാ പൂന്തോട്ടത്തില്‍ പെടുത്തിയേ ആവോ, എഴുത്തുകാരിയോടു തന്നെ ചോദിക്കണം. എന്റെ ഭംഗി കണ്ടിട്ടാവും!!

പിന്നെ പിന്നെ, അവള
‍ല്ലേ വല്യ സുന്ദരി. കണ്ടാലും തോന്നും!

എന്റെ ഒരു ചേച്ചിയോ അനിയത്തിയോ മുകളിണ്ടല്ലോ.

ബാള്‍സം - ഞങ്ങള്‍ ഒരുപാട് നിറക്കാരുണ്ടിവിടെ. ഇവിടത്തെ main attraction ഉം ഞങ്ങള്‍ തന്നെ.‍

എന്റെ ഉള്ളില്‍ എന്നേക്കാള്‍ വലിയ വണ്ടുകള്‍ കടന്നുകൂടും. അതാണെന്റെ പ്രശ്നം.

പൂച്ചവാലന്‍ - കണ്ടാല്‍ തോന്നില്ലേ?‍

നല്ല ഭംഗിയാ എന്നെ കാണാന്‍, കുഞ്ഞു കുഞ്ഞു പൂക്കളാണെങ്കിലും.‍

എന്താന്നറിയില്ല, എല്ലാരും എന്നെ ഈച്ചപ്പൂ എന്നാ വിളിക്കുന്നേ.

ബാള്‍സം - വേറൊരു തരം.

വെള്ള റോസ് - ഞാന്‍ പരിശുദ്ധിയുടെ പര്യായം.

എങ്ങിനെയുണ്ടെന്റെ തോട്ടം, കൊള്ളാമോ. ഇനിയുമുണ്ട്‌. അതു പിന്നെ.
അഭിപ്രായം അറിയിക്കണേ!

എഴുത്തുകാരി.

37 comments:

Typist | എഴുത്തുകാരി said...

ഇനിയും ഒരുപാടുണ്ട്‌. അതു പിന്നെ.

അനൂപ്‌ കോതനല്ലൂര്‍ said...

എനിക്കും ഉണ്ടായിരുന്നു ഒരിക്കല്‍ ഒരു പൂന്തോട്ടം.
അവിടെ കുറെയേറെ ചെടികള്‍ ഞാന്‍ നട്ടുവളര്‍ത്തിയിരുന്നു.
എവിടെ നിന്നെല്ലാം
ചെടിതൈകള്‍ കൊണ്ടു വന്ന് നട്ടിട്ടുണ്ട്
വലുതായി കഴിഞ്ഞപ്പോള്‍ ആരും ശ്രദ്ധിക്കാതെ ആയി
എന്റെ പൂ‍ന്തോട്ടം
നന്മയുടെ ഈ പൂക്കള്‍ക്ക്
ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പൂക്കളും ശലഭങ്ങളും പൂങ്കാറ്റും കിളികളും...
മുല്ലപ്പൂവിവിന്റെ സുഗന്ധമുള്ള പുലരിയും.
മനസ്സില്‍ വല്ലാത്തൊരു സന്തോഷം...
ഓര്‍മയുടെ മഞ്ചലില്‍ കയറി എവിടെയോ
പറക്കുന്നത് പോലെ..
നന്നായിട്ടുണ്ട്..

പാമരന്‍ said...

wonderful!

രസികന്‍ said...

പേരില്ലാത്ത ചങ്ങാതിക്ക് ഞങ്ങളുടെ നാട്ടിൽ ഒരു പേരു വിളിക്കറുണ്ട് “ തെച്ചിപ്പൂ “ എന്ന് മറ്റു നാടുകളിൽ എന്തു വിളിക്കും എന്നറിയില്ല ചിത്രം കണ്ടിട്ട് എനിക്കു തെച്ചിപ്പൂ പോലെ തോന്നി ഇനി തെറ്റാണെങ്കിൽ ആരോടും പറയേണ്ട
നല്ല ഫോട്ടോസ് ഭാക്കി ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു
സസ്നേഹം രസികന്‍

നന്ദു said...

“ആരാമാത്തിന്റെ രോമാഞ്ചങ്ങളെ” പോസ്റ്റിയതിന്
നന്ദി. അടിക്കുറിപ്പുകളും നന്നായി..
ബാക്കിയുള്ള ചിത്രങ്ങൾ കൂടേ പോരട്ടെ.

ഹരീഷ് തൊടുപുഴ said...

കോളാമ്പി പ്പൂവ്, ചെണ്ടുമല്ലിപ്പൂവ്, മുല്ലപ്പൂവ്വ്, നാലുമണി, പത്തുമണി പ്പൂവ്വുകള്‍, ഗുല്‍മോഹരിന്റെ പൂവ് etc, etc, etc...ഇവയെല്ലാം എന്തിയേ ചേച്ചീ

ദേവന്‍ said...

എഴുത്തുകാരീ,
തോട്ടം അസ്സലായിട്ടുണ്ട്. ആ രണ്ടു നിറത്തിലുള്ള (ചുവപ്പും ലാവെണ്ടറും) പേരു പറയാത്ത ചേച്ചിയും അനിയത്തിയും പൂക്കളാണ്‌ star cluster ( ശാസ്ത്രനാമം - pentas lanceolata ) . ഇതു രണ്ടുമല്ലാതെ വെളുപ്പും പിങ്കും നിറത്തിലും പൂക്കുന്നവയുണ്ട്. തനി നാടന്‍ പുഷ്പമല്ലാത്തതുകാരണമായിരിക്കും, മലയാളം പേരൊന്നും സ്റ്റാര്‍ ക്ലസ്റ്ററിനു കേട്ടിട്ടില്ല. തെച്ചിപ്പൂ, ചെക്കിപ്പൂ, തെറ്റിപ്പൂ എന്നൊക്കെ വിളിക്കുന്ന ixora ഇതല്ല രസികാ.

രണ്ടാമത്തെ പേരറിയാപ്പൂ (മുകളില്‍ നിന്നും എട്ടാമത്തെ ഫോട്ടോ) റെഡ് സാല്‍‌വിയ അധവാ സ്കാര്‍ലറ്റ് സേജ് (salvia coccinea) . ഇവള്‍ക്കും അങ്ങനെ അംഗീകൃത മലയാളം പേരൊന്നും കേട്ടിട്ടില്ല. വിശദവിവരങ്ങള്‍ വേണമെങ്കില്‍ ഇതിന്റെ രണ്ടിന്റെയും ശാസ്ത്രീയനാമങ്ങള്‍ ഗൂഗിളിനു കൊടുത്താല്‍ മതി.

ആ ഈച്ചപ്പൂക്കളെ ഞാന്‍ ആദ്യമായിട്ടാ കാണുന്നത്.

തോട്ടത്തിന്റെ ബാക്കി കൂടെ പോരട്ടെ.

കുതിരവട്ടന്‍ :: kuthiravattan said...

പൂക്കളൊക്കെ നന്നായിട്ടുണ്ട്.

kaithamullu : കൈതമുള്ള് said...

പൂന്തോട്ടത്തിന്റെ ‘രോമാഞ്ചം‘ മാത്രം കണ്ടില്ല. ബാക്കി കൂടി വരട്ടെ.....

ഉപാസന || Upasana said...

KollamallO madam.

njan kazhinja thavana nattil poyappO viittile nishagandhi pooththirunnu.
angngine athum kandu.
:-)
Upasana

ആഗ്നേയ said...

ടയ്പിസ്റ്റേ കൊള്ളംട്ടൊ..നാട്ടിലെന്റെ തോട്ടത്തിലും ഇവരൊക്കെ ഉണ്ടാ‍യിരുന്നു.ഇങ്ങോട്ട് പോന്നപ്പോള്‍ ആരും നോക്കാതെ നശിച്ചുപോയി..
തെച്ചിപ്പൂവിന്റെ മുഖച്ചായ ഉള്ളയാള്‍ പെന്റാസ്.പല നിറങ്ങളില്‍ കാണാം.മുന്തിരിവള്ളിക്കുമുകളില്‍ ഉള്ളയാള്‍ പൂച്ചീര.ഈച്ചപ്പൂവിനുമുകളില്‍ ഉള്ളയാളെ പലനിറത്തില്‍ കാണാം.കുഞ്ഞന്‍ ചെടിയില്‍ കുഞ്ഞിപ്പൂക്കള്‍.ബാള്‍സം എന്നാല്‍ കാശിത്തുമ്പയാണ്.ഇവിടെ ബാള്‍സം എന്ന പേരില്‍ കൊടുത്തത് ചൈനീസ് ബാള്‍സം.
കൊള്ളാം .ബാക്കിക്കു കാത്തിരിക്കുന്നു.:)

Anonymous said...

അടിപൊളിയായിട്ടുണ്ട്‌... ശരിക്കും നന്നായിട്ടുണ്ട്..

കുട്ടന്‍ :)

Typist | എഴുത്തുകാരി said...

അനൂപ്,
സജീ,
പാമരന്‍, നന്ദി.
രസികന്‍, നന്ദു, ഹരീഷു്,നന്ദി.
ഹരീഷ്, മുല്ലപ്പൂവും, ‘ഗുല്‍മോഹറു’മൊക്കെ വരൂട്ടോ.
ദേവന്‍,ആ ചെടികളെപറ്റിയൊക്കെ ഇത്ര ഭംഗിയായി പറഞ്ഞുതന്നതിനു് ഒരു സ്പെഷല്‍ താങ്ക്സ്.
കുതിരവട്ടന്‍,
കൈതമുള്ള്,
ഉപാസനാ, കുട്ടന്‍,എല്ലാവര്‍ക്കും നന്ദി.
ആഗ്നേയാ, ഈ ബാള്‍സത്തിന്റെ വ്യത്യാസം എനിക്കറിയില്ലായിരുന്നു, നന്ദി അതു പറഞ്ഞുതന്നതിനു്.

കൊച്ചുത്രേസ്യ said...

അസൂയ അസൂയ..

ഇവിടെ എന്റെ 'പൂന്തോട്ട'ത്തില്‍ ആകെയൊരു മണിപ്ലാന്റ്‌ ആണുള്ളത്‌. അതു തന്നെ ആകെ വളര്‍ച്ച മുരടിച്ചു നില്‍ക്കുകയാണ്‌. പൂ കാണണംന്നുള്ള ആഗ്രഹം അടക്കാനാവുമ്പോള്‍ നേരെ ലാല്‍ബാഗിലേയ്ക്കു വണ്ടി കയറും. പാവം ഞാന്‍..

പൊറാടത്ത് said...

തോട്ടം മനോഹരമായിരിയ്ക്കുന്നു. അപ്പൊ ഇതും കയ്യിലുണ്ട് അല്ലെ..?!

ശ്രീ said...

തോട്ടം കൊള്ളാമല്ലോ ചേച്ച്യേയ്... നല്ല പൂക്കള്‍.

മുന്തിരി വളര്‍ത്തുന്നുണ്ടല്ലേ? അപ്പോ ആ വഴിയ്ക്കൊക്കെ ഒന്നിറങ്ങണം... ഹിഹി. :)

നന്ദു said...

എന്റെ ശ്രീക്കുട്ടാ നോട്ടമിട്ടോ?. :)
കപ്പയല്ല മോനെ.. ഇതു മുന്തിരിയാ.. പാവം ടൈപ്പിസ്റ്റ്‌ എന്തു മാത്രം പാടു പെട്ടാ ഒരു
മുന്തിരി വളർത്തി ഇത്രെമാക്ക്യേന്നറിയോ!!. ഈശ്വരാ!!

കുഞ്ഞന്‍ said...

എഴുത്തുകാരി..

പൂക്കളോട് സല്ലപിക്കല്‍ ഒരു സുഖം തന്നെയാണെ..

മുല്ല,ചെത്തി, മന്ദാരം, ചെമ്പകം, ജമന്തി..കൂടുതല്‍ പോരട്ടെ കണ്ണും മനസ്സും നിറയട്ടെ..

ഓ.ടോ.. പാവം ശ്രീയുടെ ഒരു കാര്യേ..എനിയിപ്പൊ ആരു അടിച്ചുമാറ്റിയാലും...

ശ്രീ said...

ചേച്ച്യ്യേ...

ഇതു കണ്ടാ? അവസാനം എല്ലാവരും കൂടെ എന്റെ തലയില്‍ കയറുന്നു... :(

നന്ദുവേട്ടാ... കുഞ്ഞന്‍ ചേട്ടാ...
ഡോണ്ടൂ ഡോണ്ടൂ...

My......C..R..A..C..K........Words said...

bhaagyavathi....!

Typist | എഴുത്തുകാരി said...

കൊച്ചുത്രേസ്സ്യാ, ഇങ്ങോട്ടു പോന്നോളൂ, മണി പ്ലാന്റ്
എത്ര വേണമെങ്കിലും തരാം ഞാന്‍.

പൊറാടത്ത് - പൊറാടത്തിന്റെ പാട്ടുപോലെ എന്റെ തോട്ടവും മനോഹരമായിരിക്കുന്നു അല്ലേ?

ശ്രീ - ധൈര്യമായിട്ടു വരൂ. ചാലക്കുടി- ബാംഗ്ലൂര്‍ യാത്രയില്‍ നെല്ലായി വഴി വരാതെ പറ്റില്ലല്ലോ.(വീട് ഞാന്‍ സ്വകാര്യമായി പറഞ്ഞുതരാം).

Typist | എഴുത്തുകാരി said...

നന്ദൂ - ഇനിയെങ്കിലും ആ ശ്രീക്കുട്ടനെ വെറുതെ വിട്ടൂടെ, പണ്ടെങ്ങോ ഒരു കപ്പമോഷണം നടത്തീന്നു വച്ചിട്ട്‌. ഒരു പോസ്റ്റ്‌ പറ്റിച്ച പണിയേയ്!

കുഞ്ഞന്‍സ് - ഇതിലും മുന്തിരിമാ‍ത്രമല്ല, മുളകും ഉണ്ടല്ലോ. നമ്മുടെ നന്ദു പറയുന്നതു വെറുതെയല്ലാ, കപ്പ പോലെ മുളകും ശ്രീയുടെ ഒരു വീക്ക്നസ്സല്ലേ.
(ശ്രീ കേക്കണ്ട)

ശ്രീക്കുട്ടാ - അവരെന്തെങ്കിലും പറഞ്ഞോട്ടെ, നമുക്കതൊന്നും കാര്യാക്കണ്ടെന്നേയ്‌, ഞാനതൊന്നുമത്ര
വിശ്വസിച്ചിട്ടൂല്യ, പോരെ.

ശ്രീ said...

എനിയ്ക്കു തൃപ്തിയായി... (വേണമെങ്കില്‍ ബാലചന്ദ്ര മേനോന്‍ സ്റ്റൈലില്‍ നീട്ടി വായിച്ചോ).

എല്ലാവരും കൂടി എന്നെ കളിയാക്കുവാണല്ലേ?
മുന്തിരി വളര്‍ത്തുന്നുണ്ടല്ലോ... അപ്പോ ആ വഴിയ്ക്കൊക്കെ ഒന്നു വന്നാല്‍ വല്ലപ്പോഴും മുന്തിരി തിന്നാമല്ലോ അല്ലേല്‍ ജ്യൂസ് കുടിയ്ക്കാല്ലോ എന്നാണ് ഞാന്‍ (എന്റെ ശുദ്ധഗതിയ്ക്ക്) ഓര്‍ത്തത്. (അതങ്ങു പറഞ്ഞും പോയല്ലോ ദൈവമേ...) എന്നിട്ടിപ്പോ അവസാനം ഞാന്‍ ആ മുന്തിരിയും അടിച്ചു മാറ്റാന്‍ വന്നതാണ് എന്നാക്കിയെടുത്തു എല്ലാവരും കൂടി. :(

ഇപ്പോ ദാ ചേച്ചിയും പറയുന്നു, കപ്പയും മുളകും എന്റെ വീക്ക്നെസ്സാണെന്ന്. (കാര്യം കുറച്ചൊക്കെ സത്യമാണെങ്കിലും).

നന്ദുവേട്ടാ... അടിച്ചുമാറ്റുന്ന മുന്തിരിച്ചെടികളില്‍ നിന്നും രണ്ടു തൈ വേണമെന്നു പറഞ്ഞ കാര്യം ഞാന്‍ ചേച്ചിയോട് പറയട്ടേ... ;)

smitha adharsh said...

പൂന്തോട്ടം കലക്കി..കേട്ടോ...പിന്നെ,ആ മുന്തിരി വള്ളികളെ നന്നായി നോക്കിക്കൊള്ളൂട്ടോ.. അത് കായ്ക്കും.ഉറപ്പായും,ഞങളുടെ നാട്ടില്‍-തൃശ്ശൂരില്‍ ഒരു വീട്ടില്‍ നല്ല അസ്സലായി മുന്തിരി ഉണ്ടായി തൂങ്ങി കിടക്കുന്നത് കാണാറുണ്ട്‌.സ്നേഹവും,സന്തോഷവും ഉള്ളിടത്തെ,മുന്തിരിച്ചെടി കായ്ക്കാരുള്ളൂ എന്നൊരു വിശ്വാസം ഉണ്ട്,അപ്പൊ ചോദിക്കും,ഏക്കര് കണക്കിലുള്ള മുന്തിരി തോട്ടങ്ങള്‍ അങ്ങേനെയാണോ കായ്ക്കുന്നത് എന്ന്..??? ചോദ്യം ചോദിച്ചു ഉത്തരം മുട്ടിക്കല്ലേ..ഞാന്‍ കേട്ടത് പറഞ്ഞതാണേ..

പിരിക്കുട്ടി said...

njaanum eduthu vachittundu ente poonthottathinte photos enntethinekkal kollatto.....
varities kollam i like it so much

ഹരിയണ്ണന്‍@Hariyannan said...

ബ്ലൂങ്കാവനത്തില്‍ പൂക്കളുടെ പരിമളം!!

Typist | എഴുത്തുകാരി said...

crack words - അതെ, ഞാന്‍ ഭാഗ്യവതി തന്നെ.
“ഈ മനോഹര തീരത്തു“ ജീവിക്കാന്‍ കഴിയുന്നതു തന്നെ ഒരു ഭാഗ്യമല്ലേ? ഈ വഴി വന്നതിനു നന്ദി.

ശ്രീ, അപ്പോ എല്ലാം കോംപ്രമൈസ് ആയീട്ടോ.

സ്മിതാ - ഞാനും തൃശ്ശൂര്‍ക്കാരിയാണേയ് (നെല്ലായി). സ്നേഹത്തിനും സന്തോഷത്തിനും വല്യ കുറവൊന്നൂല്യാത്തതുകൊണ്ട്‌ മുന്തിരി പൂക്കുമോ കായ്ക്കുമോ എന്ന് നോക്കാം.

പിരിക്കുട്ടീ, കാണട്ടെ ആ പൂന്തോട്ടവും.
ഹരിയണ്ണന്‍ - ബ്ലൂങ്കാവനത്തിലെ പൂക്കളുടെ പരിമളം നുകരാന്‍ വന്നതിനു നന്ദി.

കുറ്റ്യാടിക്കാരന്‍ said...

നല്ല പൂക്കള്‍...
:)

നന്ദകുമാര്‍ said...

തോട്ടം കൊള്ളാം, പൂക്കളും കൊള്ളാം. (ഫോട്ടോകള്‍ അത്രക്കു കൊള്ളില്ല! സാരമില്ല, എന്നാലും ഇത്രക്കൊക്കെ കാണിക്കാന്‍ പറ്റീല്ലോ, അതു മതി)

അത്ക്കന്‍ said...

ഇതെല്ലാം കാണണമെങ്കില്‍ ടിക്കറ്റെടുക്കേണ്ടി വരും.!!?.അതേയ് നാട്ടിലേക്കല്ല.പാര്‍ക്കിലേക്ക്.
എന്താ പറയ്വ എല്ലാം അന്യം നിന്നില്ലേ.വളരെ വിരലിലെണ്ണാവുന്ന വീടുകളിലേ ഇത്തരം കാഴ്ച്ച കാണൂ.ന്തായാലും എഴുത്തുകാരി ഭാഗ്യവതി.

ഒരു സ്നേഹിതന്‍ said...

പൂന്തോട്ടം ഇഷ്ടായിട്ടോ,
എന്റെ കൂട്ടുകാരിയും(വൈഫ്) എഴുത്തുകാരിയെ പോലെയാ.... അവളുടെ വീട്ടിലും അത്യാവശ്യം ചെടികളൊക്കെ ഉണ്ട്, ഇവിടുന്നു നാട്ടിലേക്ക് വിളിക്കുമ്പോള്‍ അവളാദ്യം അന്വേഷിക്കുന്നത് അവളുടെ ചെടികളെ കുറിച്ചാണ്, ....
പാവം ഇടക്കെന്നോട് പരിതപിക്കും എന്റെ ചെടികള്‍ക്ക് വെള്ളം കിട്ടി കാണുമോ ആവോ????

OAB said...

പൂന്തോട്ടം എന്റെ പെങ്കോലുട്ടിന്റെ വീക്നെസ്സാ
പറഞ്ഞിട്ടെന്താ... ഒരു വിരുന്ന് പോക്ക്
നോക്കി നില്‍ക്കയായിരിക്കും അങ്ങാടിയില്‍ തെണ്ടുന്ന ആട്ടിന്‍ കൂട്ടം. തിരിച്ച് വന്ന് ഒതുക്കു കല്ലില്‍ പ്രാകിപ്പറഞ്ഞ് കുറെ ഇരിക്കും. അതു ഒരു കരച്ചിലായും മാറാം.
ഉടമയാരെന്നറിയാത്ത ആ ആടുകളുടെ കഴുത്തില്‍ ചീത്ത പറഞ്ഞ് കത്തയച്ച സംഭവം നാട്ടില്‍ പാട്ടാ...

ഈ പൂക്കള്‍ ആ ഒരോറ്മ സമ്മാനിച്ചു.

ഒഎബി.

maravan said...

തെഛി പുവ് അറിയാതത എഴുത്ത് കാരീ
അമ്ബലങളില്‍ അതിലലാത്ത പൂജ യുണ്ടോ
പണ്ട് വേലികളില്‍ നിറയെഅതായിരുനനു
അതില്‍ ഒരുപാട് തേനും ഒണ്ടായിുനനു
ഒരുുപാട് നുകര്‍ന കാലവും ഒണ്ടായിരുനനു.
നന്ദി.മറവന്‍#

PIN said...

പൂന്തോട്ടം മനോഹരം...
ശഖുപുഷ്പത്തെ കണ്ടപ്പോൾ, ശകുന്തളയെ ഓർത്തു പോയി....

നമ്മുടെ മറ്റ്‌ നാടൻ പൂക്കളൊക്കെ എവിടെ കൂട്ടുകാരി....? അവയെ കൂടീ കാണാൻ കൊതി യാവുന്നു....

ജെസ്സ് said...

എന്തോരം പൂക്കളും ചെടികളുമാ ചേച്ചീ .. എനിക്ക് കൊതിയാവുന്നു.
ഇവിടെ ഫ്ലാറ്റില്‍ ഞാനും കുറച്ചൊക്കെ വച്ചു പിടിപ്പിച്ചിട്ടുണ്ട്..(http://raajamalli.blogspot.com/2008/10/blog-post_17.html)
എന്നാലും വയ്ക്കണം എന്ന് ആഗ്രഹമുള്ള പലതും സ്ഥല പരിമിതി കാരണം നടക്കാറില്ല

nithin lohith said...

ആരാമത്തെ ഒരുപാട് ഇഷ്ടമാണ്....ഇതുപോലെ പൂകളെ രെസകരമായി അവതരിപിച്ചത് ഭംഗിയുള്ള കാഴച്ചപാട് ഉള്ളത് കൊണ്ടാണ്.. കാത്തിരികുന്നു ഭംഗിയുള്ള പൂന്തോട്ടം കണ്നുവാന്‍.......ശുഭദിനം നേരുന്നു ചേച്ചി