Sunday, July 9, 2017

ജീവിതത്തിന്‍റെ നിരര്‍ത്ഥകത...

തലക്കെട്ട്‌ കണ്ടിട്ട്    ആരും പേടിക്കല്ലേ.   ഇത്തിരി കനത്തിലായിക്കോട്ടേ എന്നു കരുതീട്ടാ.   അത് മാത്രേള്ളൂ.  ഉള്ളിലൊന്നൂല്യ.  അത് കണ്ടിട്ടെങ്കിലും നാലാള് കൂടുതല്‍ വന്നാലായില്ലേ എന്നൊരു  പാഴ് മോഹം.

പിന്നെന്തിനാ ഈ അറിയാത്ത പണിക്ക് ഇറങ്ങി പുറപ്പെട്ടത്‌ എന്ന് ചോദിച്ചാല്‍ എന്താപ്പോ പറയ്വാ. വെറുതെ ഒരു തോന്നലിന്റെ പുറത്ത് എന്നേ പറയാന്‍ പറ്റൂ.
 
അല്ലാ, എന്നെ കുറ്റം പറയാന്‍ പറ്റ്വോ?എന്തൊക്കെയോ എഴുതി കൂട്ടണമെന്ന് മോഹം. പക്ഷെ ഒന്നും വരുന്നില്ല. എവിടെപ്പോയി എന്റെ ഭാവനയൊക്കെ? (ആ വാക്ക്  പറയാന്‍ പാടുണ്ടോ ആവോ).   എന്നാലും ഇന്നെനിക്കു എന്തെങ്കിലും എഴുതിയേ പറ്റൂ.   എന്താന്നറിയ്വോ.  ഇന്ന് ഉറക്കത്തില്‍ നിന്ന് എണീറ്റതു തന്നെ  ഒരു ബ്ലോഗ്‌ പോസ്റ്റ് ഇടുന്നത് സ്വപ്നം കണ്ടു കൊണ്ടാണേയ്.   ഇനി ഇപ്പൊ അത് ചെയ്തില്യാന്ന്‍ വച്ചാല്‍  ആ പഴമൊഴി തന്നെ തെറ്റാണെന്ന് വരില്ലേ. നമ്മളായിട്ട് അങ്ങനെ ഒന്ന് ചെയ്യാന്‍ പാടുണ്ടോ.   പുലര്‍ കാലത്ത് കണ്ട സ്വപ്നം ഫലിക്കുമെന്നല്ലേ.

പിന്നെ അത്രയ്ക്കങ്ങോട്ട് വെഷമിക്കേം വേണ്ടാ. എന്താന്നു വച്ചാല്‍ കണ്ടമാനം പേരൊന്നും  വന്നു വായിക്കാനും വിമര്‍ശിക്കാനുമൊന്നൂല്യല്ലോ.  . ഏറിയാല്‍ അഞ്ചോ എട്ടോ.  അത്രയല്ലേള്ളൂ.   അപ്പൊ ഇത്തിരി   നിലവാരം   കുറഞ്ഞൂന്നു വച്ചിട്ട്  ഒന്നും സംഭാവിക്കാനൂല്യ.

മനസ്സിനെ തൃപ്തിപ്പെടുത്തീന്നൊരു സമാധാനംണ്ടല്ലോ. അതല്ലേ വല്യ കാര്യം.

ഈ എഴുത്തുകാരിക്ക്‌  എന്താ വട്ടായിപ്പോയോ. അതല്ലേ ഇപ്പൊ മനസ്സില്. ഉവ്വ്, എനിക്കറിയാം.

ഇനി അതിനടിയില്‍ എന്തെങ്കിലുമൊക്കെ ഒന്ന്‍ എഴുതി  പിടിപ്പിക്കണ്ടേ.എന്താപ്പൊ എഴുതണേ. ആലോചിച്ചിട്ട് ഒരു പിടിയില്യ.   ഒന്നുമില്ല എന്നതല്ലേ സത്യം. ഇനിയിപ്പോ അത് തന്നെയാവുമോ  ഈ പറഞ്ഞ സംഭവം -- നിരര്‍ത്ഥകത (പറയാന്‍ തന്നെ എന്തൊരു പാട്)

ജീവിതത്തിന്റെ നിരര്‍ത്ഥകത എന്നൊക്കെ പറഞ്ഞാല്‍....  എന്താപ്പോ ഞാന്‍ പറയണ്ടേ.   സംഭവം കൊള്ളാം, ല്ലേ.   പക്ഷെ സംഗതി എനിക്ക് എടുത്താല്‍ പൊന്തൂല്ല.   ഇത്തിരി കട്ടി കൂടീല്ലേന്നൊരു തോന്നല്‍. കൊള്ളാവുന്ന ട്രൌസര്‍ ഇട്ടാപ്പോരെ?   അത് മതി. അതാ  നല്ലത്...

അപ്പൊ തല്‍ക്കാലത്തേക്ക് അത്രേള്ളൂ.  ഞാന്‍ വരാം ഭാവന തെളിഞ്ഞു വരുമ്പോള്‍, വന്നു വിളിക്കുമ്പോള്‍.


എഴുത്തുകാരി.  


                                                                                                                                                                                                                                                                                                          

18 comments:

Typist | എഴുത്തുകാരി said...

ഈ എഴുത്തുകാരിക്കെന്താ വട്ടായോ എന്നല്ലേ ഇപ്പൊ വിചാരിക്കണേ. ഒന്നൂല്യാട്ടോ. വെറുതെ ഒരു തമാശ. അത്രേള്ളൂ.

ലംബൻ said...

ബ്ലോഗൊക്കെ വായിക്കാന്‍ ഇപ്പൊ ആളെ നമ്മള്‍ വീട്ടിന്നു കൊണ്ട് വരണ്ട സ്ഥിതിയാ.. എല്ലാരും ഫെയ്സ്ബുക്കിലും വാട്ട്‌സ്അപ്പിലും അല്ലെ. എന്തായാലും തുടര്‍ന്നും എഴുതൂ. ഇതുപോലെ വല്ലവരുമൊക്കെ വായിക്കാന്‍ കാണും.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു കാര്യം മനസ്സിലായി ..
ഈ ഭാവനയെ ഏത് പ്രമുഖനും ഒരു ക്വട്ടേഷൻ
ടീമിനെ വെച്ചും ഒതുക്കി കളയുവാൻ പറ്റില്ലാ എന്നത് ...!

ഓഫ് പീക്ക് :-

അടുത്തമാസം മൂന്നാഴ്ച്ചകാലം ഞാനും ,വിനുവേട്ടനുമൊക്കെ
നാട്ടിലുണ്ട് ,നമുക്കൊക്കെ കൂടി ഒരു കൊച്ച് ബൂലോഗ മീറ്റ് സംഘടിപ്പിക്കാം കേട്ടൊ

Typist | എഴുത്തുകാരി said...

Sreejith, നന്ദി വന്നതിനും വായിച്ചതിനും. പറഞ്ഞത് വളരെ വളരെ ശരി. എന്നാലും നമ്മളെപ്പോലെ ചിലരെങ്കിലും കാണുമായിരിക്കും.


ബിലാത്തിപ്പട്ടണം, ഓ, ആയിക്കോട്ടെ. കൊച്ച് മീറ്റ്‌ മതി. വല്ലാണ്ടങ്ങ്‌ വലുതാവണ്ടാന്നാ എനിക്ക് തോന്നണേ.

വിനുവേട്ടന്‍ said...

അതെ... ചെറിയ മീറ്റ് തന്നെയാ നല്ലത്... :)

Typist | എഴുത്തുകാരി said...

വിനുവേട്ടന്‍, സന്തോഷം. അപ്പോള്‍ നമുക്ക് അടുത്ത മാസം കാണാം.

Manikandan said...

എഴുതൂ ചേച്ചി. എഴുത്തു നിറുത്തണ്ട. മനസ്സിൽ തോന്നുന്നത് കുത്തിക്കുറിയ്ക്കാൻ നല്ല മാദ്ധ്യമം ഇപ്പോഴും ബ്ലോഗ് തന്നെ. പഴയ വസന്തം ബ്ലൊഗുകളിൽ വീണ്ടും വരും എന്ന് തന്നെ കരുതുന്നു.

Typist | എഴുത്തുകാരി said...

Manikandan, നന്ദി. ഇനിയും വരുമോ അങ്ങനെ ഒരു വസന്തകാലം?

Manikandan said...

വരണം. വരും എന്നുതന്നെ നമുക്ക് ആശിക്കാം.

Typist | എഴുത്തുകാരി said...

അതെ, ഞാനും ആശിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

കമന്റാൻ മനസ്സില്ലാത്ത,ബ്ലോഗ് വായിക്കാൻ മനസ്സുള്ള കുറെ പേരുണ്ട്. അല്ലെങ്കിലും ഭാവനയെ നാമായിട്ട് പിടിച്ച് കെട്ടണ്ട, അതങ്ങ് വളരട്ടെ...

Typist | എഴുത്തുകാരി said...

അതെ, വളരുമോന്നു നോക്കാം. നന്ദി, അരീക്കോടന്‍.

keraladasanunni said...

മൂന്നു കൊല്ലത്തോളമായി ഞാനും ബ്ലോഗില്‍ നിന്ന് അകന്നിട്ട്. പേരക്കുട്ടികളുമായി കഴിയുമ്പോള്‍ എഴുതാന്‍ പറ്റുന്നുമില്ല. എനിലും വീണ്ടും എഴുതി തുടങ്ങി. രണ്ടു ദിവസംകൊണ്ട് ഒരു നോവലൈറ്റ്.ഒരേ സമയം മൂന്ന് കഥകള്‍. എഴുത്ത് അങ്ങിനെയാണ്. ആരംഭിച്ചാല്‍ പിന്നെ ഒരു ഒഴുക്കാണ്.
ഏതായാലും എഴുത്ത് തുടരൂ.

Typist | എഴുത്തുകാരി said...

സന്തോഷം ബൂലോഗത്തേക്ക് തിരിച്ചു വരുന്നു എന്നറിഞ്ഞതില്‍. പഴയ സുഹൃത്തുക്കള്‍ കുറച്ച് പേരൊക്കെ ഇപ്പഴുമുണ്ട്.

Shaheem Ayikar said...

ജീവിതത്തിന്റെ നിരര്‍ത്ഥകത എന്നൊക്കെ പറഞ്ഞാല്‍, ഈ 'വിജ്രംഭിച്ചു പോവുക' എന്നൊക്കെ പോലെയുള്ള , ഏതാണ്ട് വല്യ അർത്ഥ തലങ്ങളുള്ള , നിരര്‍ത്ഥമായ കാര്യമാകും അല്ലെ ! :) പുതിയ ഭാവനയുമായി എഴുത്തുകാരി തിരിച്ചെത്തും വരെ , ഇവിടെയുള്ള നാല് അഞ്ചു പേരോടൊപ്പം , ആറാമനായി ഞാനും കാത്തിരിക്കാം .... എന്റെ ആശംസകൾ ... :)

Typist | എഴുത്തുകാരി said...

Shaheem Ayikar, സന്തോഷം ഈ വഴി വന്നതിന്. ഇനിയും വരാമെന്ന് പറഞ്ഞതിനും.

Punaluran(പുനലൂരാൻ) said...

ബ്ലോഗ് ഒക്കെ വായിയ്ക്കാൻ ഇപ്പോഴും വായനക്കാർ ഉണ്ട് എന്നാണ് എന്റെ പക്ഷം...ബ്ലോഗ് ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഉണ്ട് ..പിന്നെ ബ്ലോഗിൽ കമന്റ് ഇടാൻ വായനക്കാർക്ക് പൊതുവെ മടിയാണ് കാരണം കമന്റ് ഇടാൻ ബ്ലോഗ് അക്കൗണ്ട് ഒക്കെ വേണമെന്ന അബദ്ധധാരണയാണ് കാരണം.. എഴുത്ത് മുടക്കേണ്ട വായിക്കാൻ ഞങ്ങളൊക്കെ ഉണ്ട് ..ആശംസകൾ

Typist | എഴുത്തുകാരി said...

Punaluran, സന്തോഷം ഈ വഴി വന്നതിനും വായിച്ചതിനും, എല്ലാം. എഴുതാം എന്തെങ്കിലുമൊക്കെ. അല്ലേ?