Friday, March 3, 2017

ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത്....

രാവിലെ ചായ ഉണ്ടാക്കാന്‍ നോക്കിയപ്പോള്‍ പാത്രത്തില്‍  പഞ്ചസാര ഒട്ടും ഇല്ലാ. അതിനെന്താ, ഞാന്‍ മിടുക്കിയല്ലേ.   സ്റ്റോര്‍ റൂമില്‍ ഇത്തിരി കാണുമല്ലോ, പാത്രത്തിലിടാതെ ഇത്തിരി അവിടെ ബാക്കി ഉണ്ടാവും.   ഞാനാരാ മോള്.  അയ്യേ പറ്റിച്ചേ എന്ന് സ്വയം  പറഞ്ഞ്‌,  പോയി എടുത്തു കൊണ്ട് വന്നാല്‍ മതിയല്ലോ.

എന്നാല്‍ അന്ന് സ്റ്റോര്‍ റൂം ശരിക്കെന്നെ അങ്ങ് പറ്റിച്ചുകളഞ്ഞു.  അടിയന്തിര ഘട്ടത്തിലുപകരിക്കാന്‍  പാത്രത്തിലിടാതെ  മാറ്റിവക്കുന്ന  ഒരിത്തിരി പഞ്ചസാര. പക്ഷെ  അന്ന്, കുട്ടയില്‍ നോ പഞ്ചസാര.  ഇതിനു മുന്‍പൊരു അടിയന്തിര  ഘട്ടം വന്നുകാണണം.

സമയം  രാവിലെ ആറു മണി. കൃഷ്ണന്‍കുട്ടി   കട തുറക്കാന്‍ 7 മണിയെങ്കിലും ആവണം.  അപ്പുവിനാണെങ്കില്‍ ഒരു  6.30 നെങ്കിലും ഇറങ്ങണം എയര്‍ പോര്‍ട്ടിലേക്ക്.  ഇനിയും മാസങ്ങള്‍ കഴിഞ്ഞു വരാന്‍ പോകുന്ന അവനു അതിരാവിലെ മധുരമില്ലാത്ത ചായ കൊടുക്കുന്നതെങ്ങനെ.

എന്താപ്പോ ചെയ്യാ.  എന്ത് ചെയ്യാന്‍ .  അയലോക്കത്തു നിന്നു വായ്പ വാങ്ങുക തന്നെ.   ഇത്തിരി മടിയൊക്കെ ഉണ്ടായിരുന്നു. പിന്നെ പോണതും വാങ്ങണതുമൊന്നും ഞാനല്ലല്ലോ. മോളല്ലേ,  അപ്പൊ സാരല്യ.  (നല്ല ബെസ്റ്റ് അമ്മ).

പേടിച്ചു പേടിച്ച് അവളോട് പറഞ്ഞു.   ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് വായ്പ വാങ്ങാന്‍ പോണതിന്റെ മുഴുവന്‍ ഈര്‍ഷ്യയും നിറച്ച് അവളെന്നെയൊന്നു നോക്കി.എന്റമ്മോ, അത്  കണ്ടപ്പോള്‍ തോന്നി ഇതിലും ഭേദം അവനു മധുരമില്ലാത്ത ചായ കൊടുക്കായിരുന്നൂന്ന്.  എന്നാ പിന്നെ   ഞാന്‍ തന്നെ പൊക്കോളാം എന്ന് പറയാനൊന്നും മെനക്കെട്ടില്ല.

പോട്ടെ, സാരല്യാ. ചന്ദ്രമതി  ചേച്ചിയല്ലേ.  ഞങ്ങള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ധാരാളമുണ്ട് താനും. സത്യം പറയാല്ലോ, കൊടുക്കലില്‍ അല്ലാ, വാങ്ങലില്‍ ആണ്  എനിക്ക് കൂടുതല്‍ താല്പര്യം. ഒരു മാസത്തില്‍  പകുതി ദിവസം അവരിവിടെ കാണില്ല. പിന്നെ  ബാക്കി പകുതി ദിവസം ഞാനും.

തിരിച്ചെത്തുന്ന ദിവസങ്ങളില്‍  ചോറ് മാത്രം വച്ചാല്‍ മതി. പുളുങ്കറിയോ, സാമ്പാറോ,  മെഴുക്കു പുരട്ടിയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചേച്ചി തരും.

ഞാന്‍ കൊടുക്കുന്നത് mostly uncooked items  ആയിരിക്കും.  രണ്ട് വഴുതനങ്ങ,
ഒടിഞ്ഞു വീണ കായ ഒരു പടല, ചേമ്പിന്‍ തണ്ട്, മുരിങ്ങയില,  etc. etc. അവരുടെ ഇഷ്ടത്തിനു  വച്ചോട്ടെ, അതല്ലേ നല്ലത്!

അവര്‍ പോയാല്‍ ഞാന്‍, ഞാന്‍ പോയാല്‍ അവര്‍, പത്രം എടുത്തു വക്കണം. അതും പതിവ് CONTRACT ല്‍ പെടും.

ഇത്തരം ഒരു ചുറ്റുപാടില്‍ മതിചേച്ചിയുടെ (സ്നേഹം വരുമ്പോള്‍ ഞാനങ്ങിനെ വിളിക്കും)  പാത്രത്തിലെ പഞ്ചസാര എന്‍റെയും കൂടിയല്ലേ.  പക്ഷേ എനിക്ക് തെറ്റി. അവള്‍ കൊണ്ടുവന്നത് ഒരു ചായക്ക്‌ മാത്രമുള്ള പഞ്ചസാര.  തന്നത് ചേച്ചിയല്ല, ചേട്ടന്‍.

തല്‍ക്കാലം കൂടുതലൊന്നും ആലോചിച്ചില്ല. അവന് ചായ കൊടുത്തു പറഞ്ഞുവിട്ടു.

അങ്ങനെയായാല്‍ പറ്റില്ലല്ലോ.  ഞാന്‍  പഞ്ചസാര വാങ്ങിയപ്പോള്‍,   ഒരു പൂ മാത്രം ചോദിച്ചപ്പോള്‍ ഒരു പൂക്കാലം കൊടുത്ത പോലെ, (അതിവിടെ ശരിയാവില്ല അല്ലെ. ആ, എന്നാലും പോട്ടെ സാരല്യ). ആ പാത്രം നിറയെ പഞ്ചസാര,  കൊടുത്തയക്കേണ്ട കാര്യമുണ്ടായിരുന്നില്ല,  എന്നാലും കൊടുത്തയച്ചു.   എനിക്ക് അത്രയ്ക്ക് സങ്കടമുണ്ടായിരുന്നേയ്.   again, കൊണ്ടുപോയത് മോളാട്ടോ.

തിരിച്ചു വന്ന അവളുടെ മുഖം ഒരു കൊട്ടക്ക്‌.  കാര്യമായിട്ടെന്തോ കിട്ടിയിട്ടുണ്ട്. കിട്ടിയത് അതേപടി അവളെനിക്കു   HAND OVER ചെയ്തു.  വയറു നിറഞ്ഞു. സംഗതി ഇത്ര രൂക്ഷമായിരുന്നൂന്ന്‍ അപ്പഴല്ലേ പിടികിട്ടിയത്.  അന്ന്‍   ഈ ഏരിയയിലെ സ്റ്റോര്‍ റൂം പറ്റിക്കല്‍ ദിനമായിരുന്നു പോലും.  അവരുടെ സ്റ്റോര്‍ റൂമും അവരെ പറ്റിച്ചൂത്രേ. അവിടെ ആകെ ഉണ്ടായിരുന്ന പഞ്ചസാരയാ അവര് പോലും വേണ്ടെന്നു വച്ചിട്ട്‌ എന്റെ അപ്പൂനു വേണ്ടി തന്നത്.

ആ ചേട്ടന് ഒരു വാക്ക് പറയായിരുന്നില്ലേ .  വേണ്ട, രണ്ട്  വാക്ക്.  ഇവിടെ ഇത്രേള്ളൂന്ന്. എന്തൊക്കെ  ഒഴിവാക്കാമായിരുന്നു.  ഇതിനാ പറയണേ വേണ്ടത് വേണ്ട സമയത്ത് പറയണംന്ന്‍. ഇനി അതാ ചേട്ടന്‍ പഠിക്കൂന്നു തോന്നണില്ല.


എഴുത്തുകാരി.

10 comments:

Typist | എഴുത്തുകാരി said...

ഇതിനാ പറയണേ വേണ്ടത് വേണ്ട സമയത്ത് പറയണംന്ന്‍....

വിനുവേട്ടന്‍ said...

മണ്ടത്തരങ്ങൾ പറ്റാൻ ഇനിയും ചന്തുവിന്റെ ജീവിതം ബാക്കി... :)

Typist | എഴുത്തുകാരി said...

കറക്റ്റ്!

സന്തോഷം, വിനുവേട്ടന്‍.

Anonymous said...

അയൽക്കാരുമായി നല്ലബന്ധം ഉണ്ടെങ്കിൽ ഇതെല്ലാം നടക്കും
നല്ല അയലക്കാർമൂലം ഒരു ഉഗ്രൻ പോസ്റ്റ് .................

ജിമ്മി ജോൺ said...

ഇത്തവണ ആ ചേട്ടൻ പഠിക്കും, ഒരു സംശയവും വേണ്ട എഴുത്തേച്ച്യേ..

സംശയമുണ്ടെങ്കി മോളോട് ഒന്നൂടെ പോയി ചോയ്ക്കാൻ പറ.. ഒരു ലോഡ് പഞ്ചാണ്ട (ഞാൻ കുഞ്ഞിലെ അങ്ങനെയായിരുന്നു പഞ്ചസാരയ്ക്ക് പറയാറെന്ന് അമ്മച്ചി പറയാറുണ്ട്) കിട്ടിയേക്കും..

എന്നാലും ആ പ്രദേശത്തെ സ്റ്റോറുകളൊക്കെ ഒന്നിച്ച് പണിമുടക്കിയത് നന്നായില്ല.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തൊക്കെ പറഞ്ഞായാലും
ഈ അയലക്ക കൊടുക്കൽ വാങ്ങലുകൾക്ക്
സ്നേഹത്തിന്റെ ഒരു കൊട്ടപ്പറ മധുരമുണ്ടായിരുന്നു ..
പഞ്ചാരയല്ലേ സാധനം ..അല്ലെ
പിന്നെ
എന്റെ ചെറുപ്പത്തിലൊക്കെ ആര് എത്ര പറഞ്ഞാലും
അഭിമാനിയായ ഞാൻ ഇപ്പണിക്ക് പോകാതെ ഈ പണി
അനുജത്തിയുടെ തലക്ക് വെച്ച് കൊടുക്കും ...

Punaluran(പുനലൂരാൻ) said...

നല്ല രസമുളള എഴുത്ത്‌. അയൽബന്ധങ്ങൾ ഒക്കെ നഷ്ടമായികൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു നല്ല ഓർമപ്പെടുത്തൽ.. ആശംസകൾ












ലംബൻ said...

ഗ്രേസി ചേച്ചി കുറച്ചു പഞ്ചസാര തരുമോ..
പഴയ നല്ല ദിവസങ്ങള്‍ ഓര്‍മിപ്പിച്ചു.

Typist | എഴുത്തുകാരി said...

anonymous, ജിമ്മി ജോണ്‍, ബിലാത്തിപ്പട്ടണം, പുനലൂരാന്‍, Sreejith, എല്ലാര്‍ക്കും നന്ദി. ഇത്തിരി വൈകീട്ടോ.

Areekkodan | അരീക്കോടന്‍ said...

നല്ല അയൽബന്ധം എന്നും ഒരു മുതൽകൂട്ടായിരിക്കും...