ഫോൺ ബെല്ലടിക്കുന്നു. ആരാണാവോ? "ഞാൻ പുതുക്കാട് സ്റ്റേഷനീന്നാണ്. പാസ്സ്പോർട്ട് വെരിഫിക്കേഷനു്". വീടും സ്ഥലവും വരാനുള്ള വഴിയുമെല്ലാം ചോദിച്ചു. ഭയഭക്തി ബഹുമാനത്തോടെ എല്ലാം പറഞ്ഞുകൊടുത്തു (എന്താന്നറിയില്ല, പൊലീസുകാരെ പണ്ടേ എനിക്കു പേടിയാണ്:)) കാത്തിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ആളെത്തി.
ചില കടലാസൊക്കെ കാണിക്കാൻ പറഞ്ഞു. കയ്യിലുണ്ടായിരുന്ന ഡയറിയിലെന്തോ എഴുതി, ഒപ്പിടാൻ പറഞ്ഞു. യാത്ര പറയാൻ പുറപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു, സാർ ഒരു കാപ്പി കുടിച്ചിട്ട് പോകാം. ഒന്നു സംശയിച്ചപ്പോൾ ഞാൻ പറഞ്ഞു, ഇല്ല താമസിക്കില്ല, ഒരു മിനിറ്റ്. അദ്ദേഹത്തിനും തോന്നിക്കാണും എന്നാൽ ഒരു കാപ്പി കുടിച്ചേക്കാം എന്നു്.
മോളോട് കാപ്പിയെടുക്കാൻ പറഞ്ഞിട്ട് ഞങ്ങൾ സംഭാഷണത്തിലേർപ്പെട്ടു. സ്റ്റേഷനതിർത്തിയിലെ ക്രമസമാധാനപ്രശ്നം മുതൽ അന്താരാഷ്ട്ര കാര്യങ്ങൾ വരെ ചർച്ച പുരോഗമിച്ചുകൊണ്ടിരുന്നു.
കുറച്ചുകഴിയുമ്പോൾ മോൾ അകത്തുനിന്നും വരുന്നു. ബ്രൂവിന്റെ കുപ്പിയിലാണല്ലോ കാപ്പി കൊണ്ടുവരുന്നതു്. ഇതെന്താ ഇങ്ങനെ? അമുൽ മിൽക്കിന്റെ കുപ്പിയിൽ നിന്നു അമുൽ കുടിക്കുന്നതുപോലെ, കൊക്കോകോളാ ടിന്നിൽ നിന്നു് കൊക്കോകോളാ കുടിക്കുന്നതുപോലെ ഇതായിരിക്കുമോ പുത്തൻ രീതി. ഞാൻ അറിയാതെ പോയതാവും. ബ്രൂ കുപ്പിയിൽ ബ്രൂ കാപ്പി. അല്ല, ഈ പുത്തൻ ഏർപ്പാടിനുവേണ്ടി ഈ കുപ്പിയിലുണ്ടായിരുന്നതെല്ലാം എന്തു ചെയ്തു? (പൊന്നുംവിലയാണേയ്. ഒരു ഗ്രാമിന് ഒരു രൂപ.) അതോ ഇനിയിപ്പോ കുപ്പിയിൽ തന്നെ പാലും പഞ്ചസാരയും ഇട്ടോ? ഈ കുട്ടി ഇന്തെന്താ ചെയ്തേ ആവോ. അബദ്ധമായിപ്പോയോ കാപ്പി കുടിക്കാൻ പറഞ്ഞതു്? ചിന്തകൾ കാടും മേടും കയറാൻ അധിക നേരമൊന്നും വേണ്ടല്ലോ!
അതിനേക്കാളൊക്കെ രൂക്ഷമാണ് പ്രശ്നം. കുപ്പി തുറന്നിട്ടുവേണ്ടേ കാപ്പിയുണ്ടാക്കാൻ! പഠിച്ച പണി പതിനെട്ടും, പിന്നെ പത്തൊമ്പതും നോക്കിയിട്ടും അതു പറ്റുന്നില്ല.
ഞാനും നോക്കി, സാരി തുമ്പു കൂട്ടിപ്പിടിച്ചു്, ചുമരിൽ കയ്യുരച്ചു്, നോ രക്ഷ. അവസാനം ഞാൻ വളരെ വിനീതവിധേയയായി ചോദിച്ചു “സാറുകൂടി ഒരു കൈ നോക്കാമോ”. അദ്ദേഹം എന്നെയൊന്നു നോക്കി. അർത്ഥം മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടാ. ഇത്രേം കാലത്തെ സർവ്വീസിൽ കാപ്പിപ്പൊടി കുപ്പി തുറക്കാൻ പൊലീസിന്റെ സഹായം, അതു ചരിത്രത്തിൽ ആദ്യമായിരിക്കും. എന്നാലും പാവം ഒരു ബ്രൂ കാപ്പി കുടിക്കാനുള്ള ആഗ്രഹം കൊണ്ടാണോ എന്തോ സഹായിക്കാമെന്നു വച്ചു. പക്ഷേ കുപ്പി ആരാ മോള്, ഏമാനും വഴങ്ങുന്ന ലക്ഷണമില്ല, വഴങ്ങിയില്ല.ഇനി വേറെ വഴിയൊന്നുമില്ല, കാപ്പി കുടിക്കുക എന്ന ഉദ്യമം ഉപേക്ഷിച്ചു.
വീണ്ടും പുറപ്പെടാനൊരുങ്ങി. ഞാൻ പറഞ്ഞു, സാർ എന്നാൽ ചായ എടുക്കാം, ഒരു മിനിറ്റ് മതി. ഇനി ചായപ്പൊടി പാത്രവും തുറക്കേണ്ടി വരുമോ എന്നു് ന്യായമായും ശങ്കിച്ചു കാണും.ഒന്നും പറഞ്ഞില്ല എന്നെയൊന്നു നോക്കി, രൂക്ഷമായി. മനസ്സിലെന്തൊക്കെ പറഞ്ഞൂന്നറിയില്ല. ഭാഗ്യം, പുറത്തേക്കൊന്നും കേട്ടില്ല.
അങ്ങനെ അദ്ദേഹം പോയി. അന്നേരം ചമ്മിപ്പോയെങ്കിലും ഓർത്ത് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല എനിക്കു്. കുറേക്കാലമായി മറന്നുപോയിരുന്ന ചിരി അപ്പാടെ കൈമോശം വന്നിട്ടില്ലല്ലോ എന്നത്ഭുതപ്പെട്ടുപോയി.
ഇന്നലെ പാസ്പോർട്ട് കയ്യിൽ കിട്ടി. അതാ ഇന്നിത്ര ധൈര്യം ഇതെഴുതാൻ.
എഴുത്തുകാരി.
വാൽക്കഷണം :- എന്റെ നൂറാമത്തെ പോസ്റ്റ്. ഇതു ഞാൻ സമർപ്പിക്കുന്നു, ചിലപ്പോൾ മാത്രം എന്റെ ബ്ലോഗ് വായിച്ചിരുന്ന, ബ്ലോഗെഴുത്ത് അതൊക്കെ നിസ്സാരം എന്നു തള്ളിക്കളഞ്ഞിരുന്ന,എന്നാൽ സുഹൃത്തുക്കളോട് ഇവളൊരു ബ്ലോഗറാണെന്നു് അഭിമാനത്തോടെ പറഞ്ഞിരുന്ന, ഇന്നെന്നോടൊപ്പം ഇല്ലാത്ത എന്റെ പ്രിയപ്പെട്ടവനു്....
Thursday, September 2, 2010
പാവം പാവം പൊലീസുകാരൻ..
Posted by Typist | എഴുത്തുകാരി at 11:43 AM
Subscribe to:
Post Comments (Atom)
78 comments:
എനിക്കു പറ്റിയ ലേറ്റസ്റ്റ് അബദ്ധം!
നൂറു തികച്ച ചേച്ചിക്ക്(വയസ്സല്ലട്ടോ...ആരും തെറ്റിദ്ധരിക്കല്ലേ)ആശംസകള്‍
പുറത്തേക്ക് പോകേണ്ട പരിപാടി ഉണ്ടല്ലേ..
സെഞ്ച്വറി അടിച്ചതിന്നു ആശംസകൾ...
ലേറ്റസ്റ്റ് അബദ്ധം :)
This is the Latest, Not the Last ...അല്ലേ?
100*
ആശംസകള്‍
ആശംസകള്‍..............
// പിന്നെ പോലീസ് വെരിഫിക്കേഷന് സാധാരണഗതിയില്‍ ഒരു കാപ്പിയില്‍ മാത്രം ഒതുങ്ങുന്നതല്ലല്ലോ?
ഹ ഹ ... അത് കൊള്ളാം. പക്ഷെ ഒരു കാപ്പിയും കുടിച്ചു അങ്ങ് പോയോ പോലീസ് യേമാന്... സാധ്യതയില്ലല്ലോ.. വെരിഫിക്കേഷന് വന്നതല്ലേ? സാധ്യതയില്ലാ... നൂറ് തികച്ചതിനു ആശംസകള്‍... ഒപ്പം വീണ്ടും സജീവമാകും എന്ന പ്രതീക്ഷയും.. ദേ.. വേറെ ഒരാളിന് പറ്റിയ അബദ്ധം.... പ്രൈവസീ ആക്റ്റ് നോക്കി പറയു ചേച്ചീ.
സത്യത്തില്‍ അബദ്ധം പിണഞ്ഞത് ആര്‍ക്കാണ്? കാപ്പി ഓഫര്‍ ചെയ്ത ചേച്ചിക്കോ, അതോ അത് കുടിക്കാനായി കാത്തിരുന്ന ആ 'പാവം' പോലീസുകാരനോ? ആര്‍ക്കായാലും, വിവരണം കെങ്കേമം..
ചേച്ചി വീണ്ടും എഴുത്തിന്റെ വഴിയെ നടന്നു കാണുന്നതില്‍ സന്തോഷം..
(ബ്രൂ കുപ്പിയില്‍ വിരിഞ്ഞ ചിരി 'സമര്‍പ്പണ'ത്തില്‍ മാഞ്ഞു..)
പോലീസേമാന് കാപ്പി കുടിച്ചില്ലേലും സാരമില്ല.ചിരി കൈമോശം വന്നില്ലല്ലോ..ജഗദീശ്വരന് നന്ദി.പാസ്പോര്‍ട്ട് ഒക്കെ കിട്ടീട്ടു യാത്ര പോയി ആ വിശേഷങ്ങള്‍ കൂടി പോരട്ടെ.
@@
ദീര്‍ഗ്ഗ ബ്ലോഗായ ഭവ:
(ഒരു നൂറ് അബദ്ധങ്ങള്‍ ഇനിയും ഇതുപോലെ പകര്‍ത്താന്‍ കഴിയട്ടെ..!)
***
ഞാനേയ് വീണ്ടും വന്നു..
ചുമ്മാ..
ഒരു 'ഉമ്മ' തരാന്‍ വന്നതാ..എവിടെയോ,എപ്പോഴോ ഒന്നുകൂടി വായിച്ചപ്പോള്‍,എന്റെ അമ്മേടെ ഒരു ഛായ തോന്നി എഴുത്തുകാരി ചേച്ചിയ്ക്ക്.
ഒരിക്കലും ചിരി കൈമോശം വരരുത്. നൂറെണ്ണം തികച്ചതിന്ന് ആശംസകള്‍.
Palakkattettan.
രസകരം!
നൂറു നൂറ് അഭിനന്ദനങ്ങൾ, ആശംസകൾ!
ഞാനും വന്നു. ചേച്ചിയുടെ നൂറാമത്തെ പോസ്റ്റല്ലേ.. ഹൃദയം നിറഞ്ഞ ഒരു കമന്റിട്ടേക്കാം എന്നു കരുതി വന്നതാ.... എന്താ??? കാപ്പി കുടിച്ചിട്ടു പോകാമെന്നോ? അയ്യോ... വേണ്ടായേ.. ഞാൻ ഓടി..
all the best..............:)
ആശംസകൾ ചേച്ചീ
സമർപ്പണത്തിൽ ദു:ഖം തളം കെട്ടിനിന്നുവെങ്കിലും ,എഴുത്തോലയിൽ വിരിഞ്ഞ നല്ലൊരു രചനയായിമാറി ഈ എഴുത്ത്..കേട്ടൊ
ഇതുപോലുള്ള വളരെ ഒറിജിനാലിറ്റിയുള്ള നർമ്മങ്ങളും,കൊച്ചുകൊച്ചു വിശേഷങ്ങളുമായി സ്വെഞ്ചറിയടിച്ചതിന് ആദ്യമായി അഭിനന്ദനങ്ങൾ നേരുന്നു...
പിന്നെ പാസ്പോർട്ടൊക്കെയായല്ലൊ...
ഇനി മകനരികിലേക്ക് വിസിറ്റിങ്ങിനെങ്ങാനും വരുമ്പോൾ,അവിടെ തൊട്ടരികിലുള്ള ബിലാത്തിപട്ടണം നേരിട്ടുകാണുന്നകാര്യം മറക്കണ്ട ..കേട്ടൊ.
എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍. ഞാനൊരു പുതുമുഖ ബ്ലോഗറാണ്. അഭിനന്ദിക്കുന്നതിനും, കമന്റടിക്കുന്നതിനും അതൊരു അയോഗ്യത അല്ലല്ലോ? ആ പോലീസുകാരന് മദ്യപിക്കാത്ത ഒരു സാധു ആയിരിക്കും എന്നുറപ്പ്. (ബ്രാണ്ടിക്കുപ്പി പൊട്ടിക്കുന്നവര്‍ക്ക്, കാപ്പിപ്പൊടിക്കുപ്പി എത്ര നിസ്സാരം.! ये तो बायें हाथ का खेल है !)
ചേച്ചി, സെഞ്ചുറിക്ക് അഭിനന്ദനങ്ങള്‍.. അപ്പോള്‍ ഒരു വിദേശയാത്രക്ക് ഒരുങ്ങുകയാണല്ലേ... ?
നൂറായല്ലോ, ഇനി നൂറ്റൊന്നാകട്ടേ! പോലീസുകാരെ ആർക്കാണു പേടിയില്ലാത്തത്? ആ ബ്രു കുപ്പി പിന്നീടു തുറന്നോ? നല്ല എഴുത്ത്, ആശംസകൾ!
സെഞ്ചുറിക്ക് അഭിനന്ദനങ്ങള്‍...
പാവം പോലീസുകാരന് !!
:)
കാപ്പിയില്‍ മാത്രം ഒതുങ്ങുന്നതല്ല സാധാരണ വേരിഫിക്കേഷന്.
നൂറാമത്തെ പോസ്റ്റിന് ആശംസകളും, ഇടവേളക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷവും രേഖപ്പെടുത്തുന്നു.
പ്രിയപ്പെട്ട എഴുത്തുകാരി,ആദ്യമായാണ് ഇയാടെബ്ലോഗ് സന്ദര്‍ശിക്കുന്നത്..ഒറ്റ പോസ്റ്റിലൂടെ എന്നെ കയ്യിലെടുത്തു ട്ടാ..വാല്‍കഷ്ണം വല്ലാതെ കരയിച്ചു..(കരച്ചിലെന്ന വികാരം എനിക്ക് കൈമോശം വന്നില്ലെന്ന് മനസ്സിലായി.)
പ്രിയപ്പെട്ട എഴുത്തുകാരി,ആദ്യമായാണ് ഇയാടെബ്ലോഗ് സന്ദര്‍ശിക്കുന്നത്..ഒറ്റ പോസ്റ്റിലൂടെ എന്നെ കയ്യിലെടുത്തു ട്ടാ..വാല്‍കഷ്ണം വല്ലാതെ കരയിച്ചു..(കരച്ചിലെന്ന വികാരം എനിക്ക് കൈമോശം വന്നില്ലെന്ന് മനസ്സിലായി.)
"ഇത്രേം കാലത്തെ സർവ്വീസിൽ കാപ്പിപ്പൊടി കുപ്പി തുറക്കാൻ പൊലീസിന്റെ സഹായം, അതു ചരിത്രത്തിൽ ആദ്യമായിരിക്കും."
ചരിത്രം സൃഷ്ടിക്കാൻ ഇനിയും അവസരം ഉണ്ടല്ലോ
എന്നു കരുതിക്കാണും ഏമാൻ.
അയ്യോ, ചിരിച്ചു പോയി.
സമര്‍പ്പണം സങ്കടപ്പെടുത്തുകയും ചെയ്തു.
നൂറു പോസ്റ്റുകള്‍ തികച്ചതിന് അഭിനന്ദനങ്ങള്‍.
പാസ്പോര്‍ട്ടെടുത്ത് മോന്റെ അടുത്ത് പോകയാണോ?
നൂറു തികച്ച ചേച്ചിക്ക് ആശംസകള്‍
ഒരു പാസൊപോര്ട്ട് വെരിഫിക്കേഷന് നടത്താന്‍ വന്ന പോലീസുകാാന് എന്തൊക്കെ ചെയ്യണ്മ്??! ഹ്ഹഹ ചിരിച്ചു പോയി ചേച്ചി. ഇതാണ്, ചേച്ചി പുറത്തേക്കൊന്നും പോകണ്ട അബദ്ധങ്ങള്‍ ഇങ്ങിനെ വീട്ടിലേക്കു വന്നോളും
:) ;)
നൂറു തികച്ചതിനു അഭിനന്ദനം...
നൂറിനുള്ള പൈസ കൊടുക്കാതെ പാസ്സ്പോർട് വാങിയെടുത്തതിനു അഭിനന്ദനത്തിന്റെ പൂച്ച ചെണ്ടുകൾ...
എങ്കിലും ഉള്ളിൽ താങ്കളിലെ ബ്ലോഗറെ ബഹുമാനിച്ചിരുന്ന അദ്ദേഹത്തിനെ ഞാനും ....
chEchchi
vaayichchu
:-)
aashamsakal......sasneham
ചേച്ചി, ഇത്രേം പിശുക്ക് വേണോ?
(സത്യം പറ, മൂടി അത്ര മുറുക്കിയടച്ചത് മന:പൂര്വ്വമല്ലേ?)
നുറാം പോസ്റ്റിന് ആശംസകൾ ആദ്യം .പോസ്റ്റുകൾ 1000 തികയട്ടെ :)
പാവം പോലീസുകാരനെ ഇങ്ങിനെ കുപ്പിയിലാക്കേണ്ടിയിരുന്നില്ല..
ചിരി നഷ്ടപ്പെടാതെ ജിവിക്കാൻ അനുഗ്രഹമുണ്ടാവട്ടെ
ആശംസകൾ
അങ്ങനെ പോലീസുകാരനെ വരെ വെള്ളം കുടിപ്പിച്ചല്ലേ..
പറക്കലിനും,നൂറാം പോസ്റ്റിനും ആശംസകള്‍ ട്ടോ.:)
പോലീസേമാനു ബ്രൂ കോഫി കുടിക്കാനുള്ള ഭാഗ്യം ഉണ്ടായില്ലാന്നു കരുതിയാൽ മതി.പാവം പോലീസ്
അതാണു ചേച്ചി ജനകീയ പോലീീസ് ....
സെഞ്ച്വറിയടിച്ചതിനു ആശംസകള്‍ :)
കുറേക്കാലമായി മറന്നുപോയിരുന്ന ചിരി അപ്പാടെ കൈമോശം വന്നിട്ടില്ലല്ലോ .... വളരെ സന്തോഷം ചേച്ചീ...
നൂറാം പോസ്റ്റിന് ആശംസകള്‍ ....
മൌനമായി എന്നും പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹത്തിന് സമര്‍പ്പിച്ചത്, തീര്‍ച്ചയായും നന്നായി... അറിയാതെ ഒന്നു കണ്ണ് നിറഞ്ഞു...
പാവം പോലീസുകാരന്.. കാപ്പി മാത്രമല്ല, ഒരു "കൈമടക്കും" പ്രതീക്ഷിച്ച് കാണും. അവസാനം ഒന്നും കൊടുക്കാതെ പാസ്പോര്‍ട്ടും തരപ്പെടുത്തിയല്ലെ.
അപ്പോ, ഇനി വിദേശത്തു നിന്നാവും എഴുത്തുകള്‍ അല്ലെ. ആശംസകള്‍..
Abhinandanangal... Ashamsakal... Prarthanakal...!!!
റോസാപ്പൂക്കൾ, നന്ദി.
കുമാരൻ, വേണ്ടിവന്നാലോ, കയ്യിലിരുന്നോട്ടേന്നു വച്ചു.
പ്രവീൺ, അതിങ്ങനെ (അബദ്ധമേയ്) തുടർന്നുകൊണ്ടേയിരിക്കും!
ചെറുവാടി, നന്ദി.
ജിനേഷ്,
ആളവൻതാൻ,
ന്യായമായ സംശയം.പക്ഷേ അതൊക്കെ അങ്ങനെ ഉറക്കെ പറയാൻ പാടില്ലല്ലോ :)
ജിമ്മി ജോൺ, സന്തോഷം.
സ്മിതാ, :)
കണ്ണൂരാൻ, അബദ്ധം പറ്റിക്കൊണ്ടേയിരിക്കട്ടെ എന്നു് അല്ലേ?
സ്മിതാ, ആ ഉമ്മ സന്തോഷത്തോടെ സ്വീകരിച്ചൂട്ടോ.
Keraladasanunni, ആശംസകൾക്കു നന്ദി.
Jayan, നന്ദി ഡോക്ടറേ.
പാവത്താൻ, ഒരു കാപ്പി തരാമെന്നു വച്ചതാ, വേണ്ടെങ്കിൽ പിന്നെ ഞാനെന്തു ചെയ്യും!
Prayan, നന്ദി,
Krishnakumar 513, നന്ദി.
മുരളീമുകുന്ദൻ, നന്ദി. ഇല്ല, മറക്കില്ലാട്ടോ :)
appachanozhakkal, സ്വാഗതം, ബൂലോഗത്തേക്കും, ഈ എഴുത്തോലയിലേക്കും.
Manoraj, യാത്ര ഉടനേയൊന്നുമില്ല. എടുത്തുവച്ചൂന്നു മാത്രം.
ശ്രീനാഥൻ, ഇല്ല, അതിപ്പഴും അതുപോലിരിക്കുന്നു. ഭാഗ്യം അതിലധികമില്ല. :)
Jishad Cronic, നന്ദി.
അനിൽ, നന്ദി. ഒതുങ്ങീന്നു ഞാൻ പറഞ്ഞിട്ടുമില്ല :):)
jasmikkutty, സ്വാഗതം ഈ എഴുത്തോലയിലേക്കു്. സന്തോഷം നല്ല വാക്കുകൾക്കു്.
Kalavallabhan, :)
ഗീത, സന്തോഷം. എടുത്തുവച്ചൂന്നു മാത്രം. ഉടനേ യാത്രയൊന്നുമില്ല.
സുൽത്താൻ, നന്ദി.
നന്ദകുമാർ, ഒരബദ്ധം പറ്റാനും,അതുറക്കെ വിളിച്ചുപറയാനും. ഇതിനേക്കാൾ കൂടുതൽ എന്തു പറ്റാൻ!
പാവം ഞാൻ, നന്ദി.
ഉപാസനാ, സന്തോഷം.
ഒരു യാത്രികൻ, നന്ദി.
നന്ദു, എന്നാലും അതെങ്ങനെ പിടികിട്ടി, നന്ദൂ?
ബഷീർ, നന്ദി.
Rare Rose, അതങ്ങനെ പറ്റിപ്പോയതല്ലേ? ഉടനെയൊന്നും എങ്ങോട്ടും പോണില്ല.
കാന്താരിക്കുട്ടി, കുറേക്കാലത്തിനുശേഷം കണ്ടതിൽ സന്തോഷം.
രസികൻ, നന്ദി.
ഗോപൻ, നന്ദി.
പൊറാടത്ത്, എങ്ങും പോവുന്നില്ല, ഞാനിവിടെയൊക്കെത്തന്നെയുണ്ടാവും.
Sureshkumar, സന്തോഷം.
നൂറ് തികച്ചതിന് അഭിനന്ദനങ്ങള്‍.....
ചേച്ചി..
അദ്ദേഹത്തിന്റെ ആത്മാവ് ദൈവ സന്നിധിയ്യിൽ ലയിക്കട്ടെ..
നൂറാം പോസ്റ്റിലൂടെ വീണ്ടും ബൂലോഗത്തിൽ സജീവമായതിന് അഭിനന്ദനങ്ങൾ ആശംസകൾ..! ഇനിയും ഇരുനൂറും മുന്നൂറും അഞ്ഞൂറും ആയിരം പോസ്റ്റുകൾ ചേച്ചിയിൽ നിന്നും ബൂലോഗത്തിന് ലഭിക്കട്ടെ..
അപ്പൊ പോലിസുകാരന് വഴിച്ചിലവ് കൊടുത്തില്ലെ..ഓട്ടൊക്കാശെന്നൊ പെട്രോളടിച്ചെന്നൊക്കെ പറഞ്ഞു കൊടുത്തില്ലെ..? എന്നിട്ട് ആ കാപ്പിക്കുപ്പി തുറന്നോ..? അതൊ തല്ലിപ്പൊട്ടിച്ചൊ..?
ഒരു സംശയം കൂടി..പാസ്പോർട്ട് എടുത്തത് എവിടേക്ക് പോകാനാണ്..?
"ബ്രൂവിന്റെ കുപ്പിയിലാണല്ലോ കാപ്പി കൊണ്ടുവരുന്നതു്. ഇതെന്താ ഇങ്ങനെ?"
"ദൈവമേ വേരിഫിക്കെഷനുള്ള കൈമടക്ക് ബ്രൂവിന്റെ കുപ്പിയിലോ " പോലീസ് ഏമാന് കരുതിയത് ഇങ്ങനെയാവും.
aashamsakal chechi... iniyum orupadu nettangal undaakaan prarthikkunnu...............
ചെറിയൊരു അമളി നന്നായി എഴുതി. ഏതായാലും പോലീസുകാരന് അമളിക്ക് പ്രതികാരം ചെയ്യാതെ നല്ല റിപ്പോര്‍ട് കൊടുത്തത് കൊണ്ട് പാസ്പോര്‍ട്ട് കിട്ടിയല്ലോ. ആശ്വാസം.
നൂറു പോസ്റ്റുകള്‍. അതൊരു ചെറിയ കാര്യമല്ല. അഭിനന്ദനങ്ങള്‍.
ഏമാനു കുറഞ്ഞത് ഒരു ഇരുന്നൂറെങ്കിലും കൊടുക്കേണ്ടതായിരുന്നു..:)
പാവം പ്രിയ; ചമ്മിപ്പോയിക്കാണും അല്ലേ..!!
ചേച്ചീ.................:)
നൂറാം പോസ്റ്റിനു ഹൃദയം നിറഞ്ഞ നൂറായിരം ആശംസകൾ..
അപ്പോള്‍ നൂറു തികച്ചല്ലേ
ആശംസകള്‍!
അമ്പതു എന്റെ വക.
സെഞ്ച്വറി അടിച്ചാല്‍ ബാറ്റു പൊക്കി കാട്ടുന്നത് പോലെ...കീ ബോര്‍ഡ് അല്ലെങ്കില്‍ മൗസ് പൊക്കി കാണിക്കനില്ലേ....ചേച്ചി... :)
ആശംസകള്‍
അബദ്ധിസ്റ്റിന് ആശംസകൾ!
congraaattttzz chechi... :)
..“ഇന്നലെ പാസ്പോർട്ട് കയ്യിൽ കിട്ടി. അതാ ഇന്നിത്ര ധൈര്യം ഇതെഴുതാൻ..”
ഇനി പ്രവാസം..അതേറെ ധൈര്യം പകരും..
എഴുത്തിന്..കരുത്തും,ഒരാഘോഷമാവും
നിങ്ങളുടെ പ്രവാസ കുറിപ്പുകള്‍ ..!
അതങ്ങിനെയാവട്ടെ എന്ന് ആശംസിക്കുന്നു.
ആദ്യമായാണ് ഞാനിവിടെത്തുന്നത്...അല്ലെങ്കിലും പലപ്പോഴും എവിടെയും വൈകി എത്തുന്നവള് ഞാന്‍ .എന്തായാലും കയറി കൂടിയ സ്ഥിതിക്ക്
പെട്ടെന്നൊന്നും ഇറങ്ങിപ്പോകാനും മനസ്സില്ല.
സമര്‍പ്പണത്തിലെ വിങ്ങല്‍ മനസ്സുല ച്ചെങ്കിലും പോലീസ്സുകാരനെ വെള്ളം അല്ല കാപ്പി കുടിപ്പിക്കാനുള്ള ശ്രമം നന്നായി രസിച്ചു.
അല്ല....എവിടേയ്ക്ക യാത്ര....?
യാത്ര മംഗളങ്ങള്‍ കൂടി....സ്വീകരിച്ചോളൂ .
നന്നായി രസിച്ചു വായിച്ചു. 100 പോസ്റ്റിനു ആശംസകൾ.
ഈ സാനിധ്യം എന്നും ബ്ലോഗ്ഗിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
അങ്ങനെ അമ്മയും മോളും കൂടി പതിവു പരിപാടി ഇത്തവണയും വിജയിപ്പിച്ചുവല്ലേ....!!
ആശംസകൾ...
പോസ്റ്റ് സെഞ്ചുറി തികച്ചതിന്..
mm....
:)
AAshamsakal
ആ പാവം പോലീസുകാരന്റെ അവസ്ഥ ആലോചിച്ച് ഞാനും ചിരിച്ചു പോയി. അയാള്‍ വിചാരിച്ചു കാണും ഇനിയും നിന്നാല്‍ ചായ ഉണ്ടാക്കി തന്നിട്ട് പോയാല്‍ മതിയെന്ന് ചേച്ചിയെങ്ങാന്‍ പറയുമോ എന്ന്.
നൂറാം പോസ്റ്റിന് എല്ലാ വിധ ആശംസകളും നേരുന്നു... സമര്‍പ്പണവും നന്നായി, ചേച്ചീ.
നൂറു തികച്ചതിനു ഒരു കാപ്പി വേണമെന്ന് പറയാന്‍ പോയതാ ഇനി എന്തായാലും അത് വേണ്ട അല്ലെ ?
ചിരിയ്ക്കുന്നുവെന്ന് എഴുതിക്കാണുമ്പോൾ വലിയ സന്തോഷം.
പോലീസിനെ കണ്ടാൽ എല്ലാവർക്കും പേടിയാ...
പിന്നെ നൂറു തികച്ചതിന് അഭിനന്ദനങ്ങൾ.
ചേച്ചി ,പോസ്റ്റ് വായിച്ചു ശരിക്കും ചിരിച്ചു .എല്ലാവര്ക്കും പറ്റുന്ന ഒരു തമാശ ,എന്ത് രസമായി അവതരിപ്പിച്ചിരിക്കുന്നു .നാട്ടില്‍ നിന്നും വരുന്ന ഒരു മാങ്ങാ അച്ചാര്‍ (പേര് പറയുന്നില്ല)അതിന്റെ അടപ്പ് തുറക്കാന്‍ ഇത് പോലെ ബുദ്ധിമുട്ട് ആണ് .എന്റെ കഷ്ട്ടപാട് കണ്ടപ്പോള്‍ ഒരു മിത്രം പറഞ്ഞു തന്നു .ആ കുപ്പിയുടെ അടപ്പിന്റെ വശം ഒന്ന് പതുക്കെ ചൂടാക്കിയാല്‍ മതി എന്ന് .ഇപ്പോള്‍ ആ പണി എളുപ്പം ആയി .
ചേച്ചി, ഒരു യാത്ര പോകാന്‍ എല്ലാവിധ ആശംസകളും ,കൂടെ
നൂറാം പോസ്റ്റിന് ആശംസകളും നേരുന്നു...ബിലാത്തി പറഞ്ഞപോലെ ഇവിടെ വന്നാല്‍ പറയണം .ഇത് വഴിയും വരണം .
centuaryiyatichappozhaanu kaanaan pattiyathu. cngrts
നൂറാമത്തെ പോസ്റ്റിന് ആശംസകള്‍ ... വിദേശത്ത് എത്തിയാലും എഴുത്ത് തുടരുമെന്ന് കരുതട്ടേ...? തുടരണം ...
ആശംസകള്‍.
ബ്രൂ കുപ്പി പിന്നെ തുറന്നോ?
അങ്ങനെയാണ് 'പോലീസുകാരനെ കാപ്പിക്ക് ക്ഷണിച്ചപോലെ' എന്ന ചൊല്ല് ഉണ്ടായത് ..
വെള്ളായണി വിജയൻ,
കുഞ്ഞൻ,
ശ്രീനന്ദ,
jayarajmurukkumpuzha,
akbar,
ഹരീഷ് തൊടുപുഴ,
പാറുക്കുട്ടി,
കണ്ണനുണ്ണി,
വെഞ്ഞാറൻ,
Diya Kannan,
ഒരു നുറുങ്ങ്,
നന്ദി, എല്ലാവർക്കും.
ലീല,
വരവൂരാൻ,
വി കെ,
the man to walk with,
ശ്രീ,
SONY,
Echmukutty,
siya,
orikkal nhanum
vinuvettan,
jyo,
തണൽ,
എല്ലാവർക്കും നന്ദി. അങ്ങനെ പെട്ടെന്നെങ്ങോട്ടും പോകുന്നൊന്നുമില്ല. ഒന്നെടുത്തുവച്ചൂന്നു മാത്രം.
അടി തെറ്റിയാൽ ആനയും വീഴും എന്ന പ്രമാണം മാറ്റി, അടപ്പ് മുറുകിയാൽ പോലീസും കുഴങ്ങും എന്നാക്കണം. അതിരിക്കട്ടെ ആ കുപ്പി എങ്ങനാ പണിമുടക്കിയത്? ഒരു ഗ്രാമിന് വില ഒരു രൂപയായതിനാൽ വർഷത്തിലൊരിക്കലാവും തുറക്കൽ. ചുമ്മാതല്ല.
നൂറാമത്തെ പോസ്റ്റിന് നമോവാകം.
നൂറാമത്തെ പോസ്റ്റിനു എല്ലാ ആശംസകളും ചേച്ചീ
നൂറാമത്തെ പോസ്റ്റിനു എല്ലാ ആശംസകളും ചേച്ചീ
ചേച്ചീ...., നൂറാമത്തെ പോസ്റ്റിന് ആശംസകൾ. പാവം പോലീസ്.:)
bestwishes 4 ur 100
സെഞ്ച്വറി ഇപ്പഴാ കണ്ടത്.അഭിനന്ദനങ്ങള്‍.ആ ബ്രൂ പിന്നെ തുറന്നോ?
കൊള്ളാല്ലോ ഈ ബ്രൂ കാപ്പി വിചാരം....ഇതെല്ലാം ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളായി കരുതാം. പിന്നീട് ഓര്‍ത്തു ചിരിക്കാനായി കിട്ടുന്നവ. അപ്പോല്‍ പാസ്പോര്‍ട്ട് ശരിയായി .എന്നാണാവോ യാത്ര?
നൂറിന്റെ നിറവിനു സ്നേഹാശംസകള്‍!
നൂറൊക്കെ എന്ത് നൂറ്? ആയിരമെങ്കിലും ആവട്ടെ എന്നിട്ടാവാം ആഘോഷം
ആ സമര്‍പ്പണം കണ്ണ് നിറപ്പിച്ചു ചേച്ചീ.... ലേഖനം മധുരമായി. പക്ഷെ കഴിഞ്ഞപ്പോള്‍, ആ പുഞ്ചിരി കൊഴിഞ്ഞു പോയി...
aashamsakal......
Post a Comment