Friday, April 30, 2010

ജോസൂട്ടിയും റോസിലി ടീച്ചറും...

രാധികക്കു പല്ല് വേദന. പുല്ലന്‍ ഡോക്റ്ററെ കാണണം (പല്ലനല്ല, പുല്ലന്‍ തന്നെ)  ബുക്ക് ചെയ്തിട്ടുണ്ട്. ജലദോഷത്തിന്റെ കഥ  പറഞ്ഞപോലെ,  ബുക്ക് ചെയ്താല്‍ 60 മിനിറ്റ്, അല്ലെങ്കില്‍ ഒരു മണിക്കൂര്‍ അത്രേയുള്ളൂ വ്യത്യാസം.  കൂട്ടിനു ഞാനും പോണം.  എനിക്കും ഇത്തിരി കാര്യമുണ്ട് ചാലക്കുടിയില്‍ പോയിട്ട്. ഒരു വെടിക്കു രണ്ടു പക്ഷി.

ഒരു മണിക്കൂര്‍ കഴിഞ്ഞു. പിന്നേം കഴിഞ്ഞു. അവളെ അകത്തേക്കു വിളിച്ചു. ഞാനിങ്ങനെ  വരുന്നവരേം പോകുന്നവരേം നോക്കി ഇരിപ്പ്‌ തന്നെ. കുറേപ്പേര്‍ പോകുന്നു, പുതിയവര്‍ വരുന്നു. പിന്നെന്താ  എ സി യാണ്, ടി വി യുണ്ട്. 

കുറച്ചുകഴിഞ്ഞപ്പോള്‍  ഒരു പത്തുമുപ്പത്തഞ്ചു വയസ്സുള്ള ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നിട്ടു പറഞ്ഞു.

ചേച്ചി ഒന്നങ്ങ്ട് മാറി ഇരുന്നേ.

അപ്പുറത്ത് വേറെ സീറ്റുകള്‍ കാലിയുണ്ട്. എന്നിട്ടും ഇയാള്‍‍ക്കെന്താ ഇവിടെത്തന്നെ ഇരിക്കണമെന്നിത്ര നിര്‍ബ്ബന്ധം? ടി വി യാണെങ്കില്‍ എവിടെയിരുന്നാലും നന്നായിട്ടു കാണാം. ആ, എന്തായാലും എണീറ്റു പോവാനൊന്നുമല്ലല്ലോ പറഞ്ഞതു്, നോക്കാം. ഞാന്‍ മിണ്ടാതെ അപ്പുറത്തെ കസേരയിലേക്കു മാറിയിരുന്നു.

അയാള്‍  ഞാന്‍ കൊടുത്ത കസേരയിലിരുന്നു, തൊട്ടടുത്തിരുന്ന ആളോട് ചോദിച്ചു,

ടീച്ചറേ,  ടീച്ചര്‍ക്കെന്നെ മനസ്സിലായോ? 

ടീച്ചര്‍ സൂക്ഷിച്ചുനോക്കി. ടീച്ചര്‍ക്കു മനസ്സിലായിട്ടില്ലെന്നു് എനിക്കു മനസ്സിലായി.

ടീച്ചറേ ഞാന്‍ ജോസ്, എട്ടില്‌‍‍ ടീച്ചറ്ടെ ക്ലാസ്സിലെ.....

ടീച്ചര്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.

ഓര്‍മ്മയില്ലേ ടീച്ചര്‍ക്ക് എന്നേം സുനിലിനേം. മറക്കാന്‍ വഴീല്യല്ലോ. ഒളിച്ചിരുന്നു ബീഡി വലിച്ചത്‌ കണ്ടുപിടിച്ചതു്, ക്ലാസ്സീന്നു പുറത്താക്കിയതു്., അപ്പനെ വിളിച്ചോണ്ട്  വരാന്‍ പറഞ്ഞതു്.. എന്നിട്ടു്..

ടാ ജോസൂട്ടിയല്ലേടാ നീ. എന്റെ മാതാവേ,   ഇപ്പഴാടാ എനിക്കു പിടിത്തം കിട്ടിയേ.ആ കോലന്‍ ചെക്കനാ ഈ കാണണേ. 

രണ്ടു പേരും രണ്ടു കയ്യും കൂട്ടിപ്പിടിച്ചു.

നീയെന്താടാ ചെയ്യണേ?

ഞാന്‍ തോറ്റു ടീച്ചറേ പത്തില്,  പിന്നെ എഴുതീല്യ..  അപ്പന്റെ കൂടെ കടേല്‌‍ കൂടി.‍. ഇപ്പോ തരക്കേടില്യ.

(അതെനിക്കും മനസ്സിലായി, ചങ്ങല പോലത്തെ ഒരു കൈചെയിനല്ലേ കയ്യില്‍ കിടക്കുന്നതു്)

പിന്നെന്തിനു പറയുന്നു, തുടങ്ങിയില്ലേ രണ്ടുപേരും കൂടി കഴിഞ്ഞ പത്തിരുപതു വര്‍ഷത്തെ കഥകള്‍, തനി നാടന്‍‍ തൃശ്ശൂര്‍ ഭാഷയില്‍. എന്തൊക്കെ കഥകളാ അവര്‍ ഓര്‍ത്തെടുത്തതു്. ഉറക്കെ ഉറക്കെ പൊട്ടിച്ചിരികള്‍. ടീച്ചറ് ഇടക്കു ഞങ്ങളെ നോക്കിയും  പറയും ജോസൂട്ടിയുടെ പഴയ വീരചരിതങ്ങള്‍.  എന്തിനു പറയുന്നു,ആരും ടി വി കാണാതായി. എല്ലാവരും അവരുടെ കൂടെ കൂടി. രസകരമായ കുറേ  നിമിഷങ്ങള്‍.‍തീര്‍ച്ചയായും റോസിലി ടീച്ചര്‍ക്കു സന്തോഷം തോന്നിയിട്ടുണ്ടാവും.

അയാള്‍ക്കു വേണമെങ്കില്‍ ആ പഴയ  ടീച്ചറെ കണ്ടിട്ട്  കാണാത്ത മട്ടിലിരിക്കാമായിരുന്നു. അല്ലെങ്കില്‍ വെറുതെ ഒന്നു ചിരിച്ചു് അവസാനിപ്പിക്കാമായിരുന്നു. ഇല്ലേ?

എങ്കില്‍,  എത്ര  സുന്ദരമിനിഷങ്ങളാ ‍ നഷ്ടപ്പെടുമായിരുന്നതു്‌! 

എഴുത്തുകാരി.

52 comments:

Typist | എഴുത്തുകാരി said...

റോസിലി ടീച്ചര്‍ക്കു തീര്‍ച്ചയായും സന്തോഷമായിട്ടുണ്ടാവും...

Sands | കരിങ്കല്ല് said...

very nice..
kooduthal pinne..

njan.

ഒഴാക്കന്‍. said...

ഒരു നൊസ്റ്റാള്‍ജിയ കൂടി :)

siva // ശിവ said...

ശരിയാ ചേച്ചി, ഇങ്ങനെയുള്ള ചില കാഴ്ചകള്‍ കണ്ടുനില്‍ക്കുന്നവര്‍ക്കു പോലും സന്തോഷം നല്‍കും.

Readers Dais said...

അവരുടെ ഓര്‍മകളുടെ സന്തോഷം ചെച്ചിയിലെയ്ക്ക് പകര്‍ന പോലെ ഇപ്പോള്‍ വായനക്കാരനിലെക്കും പടര്‍ന്നു ...
നന്ദി തന്ന സന്തോഷത്തിനു ... :)

ദിയ കണ്ണന്‍ said...

nannayi chechi.. :)

Rare Rose said...

എഴുത്തുകാരി ചേച്ചീ.,ഇത്തരം സുന്ദര നിമിഷങ്ങള്‍ കണ്ട് പരിചയമുള്ളത് കൊണ്ട് ആ ടീച്ചറുടെ ഒത്തിരി സന്തോഷം ശരിക്കും മനസ്സിലാക്കുന്നു.അതിലൊരു പങ്ക് ഞങ്ങള്‍ക്കും പകര്‍ന്നു തന്നു ഈ എഴുത്ത്.:)

b Studio said...

ഒരു അധ്യാപകനു ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണു ഇത്. പലപ്പോഴും ഇങ്ങനെ നിഷ്കളങ്കമായി സ്നേഹം പ്രകടിപ്പിക്കുന്നവർ 10 തോറ്റവരോ ഒളിച്ച് ഇരുന്ന് ബീഡി വലിച്ചപ്പോൾ പിടിക്കപ്പെട്ടവരോ ഒക്കെ ആവും. ഡോക്ടറും എഞ്ചിനീയറുമൊക്കെ ഔപചാരികതയിൽ ഒതുക്കും....

shaji.k said...

ഇതാണ് ഗുരു ശിഷ്യ ബന്ധം. നന്നായി എഴുതി.

എറക്കാടൻ / Erakkadan said...

ഞാനും എന്റെ ടീച്ചര്‍ മാരുടെ അടുത്ത് ഇങ്ങനെ പ്പോയി പരിചയപ്പെടല്‍ ഉണ്ട്

അനില്‍@ബ്ലോഗ് // anil said...

വാസ്തവം !

അദ്ധ്യാപര്‍ക്ക് മാത്രം കിട്ടുന്ന ചില ബഹുമതികളില്‍ ഒന്നാണ് പൂര്‍വ്വ വിദ്യാര്‍ത്തികളുടെ ഈ ഓര്‍മകള്‍.

Anil cheleri kumaran said...

ഓര്‍മ്മകള്‍ അത്രമേല്‍ സുന്ദരം..!

ശ്രീ said...

ടീച്ചര്‍മാര്‍ക്ക് അങ്ങനെ ഒരു ഭാഗ്യമുണ്ട്. എവിടെ പോയാലും അവിടെ ഉണ്ടാകും ശിഷ്യ ഗണങ്ങളില്‍ ആരെങ്കിലും...

അക്ഷരം said...

വെറുതെയാണോ ടീച്ചര്‍മാര്‍ എന്നെ ഓര്‍കാത്തെ?
പഠിക്കാന്‍ മിടുക്കന്‍ അല്ലാത്തത് പോട്ടെ ....
ഒരു ബീടിയെങ്കിലും വലിച്ചിരുന്നെങ്കില്‍ അവര്‍ എന്നെ ഓര്തെനെ!
അല്ലെ ചേച്ചി .....നല്ല പോസ്റ്റ്‌ :)

ഹരീഷ് തൊടുപുഴ said...

ജീവിതത്തിലെ അസുലഭമുഹൂർത്തങ്ങൾ കോർത്തിണക്കി സമ്മാനിക്കുന്ന ഓർമകൾ അയവിറക്കാതിരിക്കൻ ആർക്കും കഴിയില്ല..

എഴുത്ത്..
ആ സീൻ..
മനസ്സിനു മുന്നിലേക്ക് തെളിയിച്ചു നിർത്തുന്നുണ്ട്..

അരുണ്‍ കരിമുട്ടം said...

ആ ടീച്ചര്‍ പഠിപ്പിച്ചു നന്നായ പലരും ആ ടീച്ചറിനെ കാണാതെ പോയിട്ടുണ്ടാകാം എന്നത് വേറൊരു സത്യം, അല്ലേ ചേച്ചി?

അരുണ്‍ കരിമുട്ടം said...

എന്തായാലും പോസ്റ്റ് ഇഷ്ടായി, ഒരു നല്ല മനസ്സിനെ കാണാന്‍ പറ്റി, ജോസൂട്ടിയുടെ

മണിഷാരത്ത്‌ said...

ഇതു ഞാന്‍ വായിച്ചത്‌ മേയ്‌ 1 ന്‌. 1976ല്‍ പത്താം ക്ലാസ്സിലെ സഹപാഠികളുടെ സമാഗമം ആയിരുന്നു ഇന്ന്.34 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒന്നിച്ച്‌ കുസൃതികള്‍ കാണിച്ചതും ഇന്ന് ഞങ്ങള്‍ പങ്കുവച്ചു.ആനന്ദം നമുക്ക്‌ പല രീതിയിലായിരിക്കും വന്നെത്തുന്നത്‌.എനിക്ക്‌ ആനന്ദം നല്‍കുന്നത്‌ മറ്റൊരാള്‍ക്ക്‌ ആനന്ദമായൊരിക്കില്ല.ഈ കൂടിക്കാഴ്ച എന്തെന്നില്ലാത്ത ആനന്ദമാണ്‌ ഞങ്ങള്‍ക്ക്‌ നല്‍കിയത്‌.....ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ വല്ലാത്തൊരു ആഹ്ലാദവും എവിടെയൊക്കെയൊ ഒരു നൊമ്പരവും തോന്നി.ഒരു മാഷാകാത്തതിലാണ്‌ നൊമ്പരം തോന്നിയത്‌.എത്രയായാലും ആ ബന്ധം അമൂല്യമാണ്‌..അനാദിയാണ്‌......ഇതു മുഖസ്തുതിയല്ല..മനോഹരമായ പോസ്റ്റ്‌...സുന്ദരവും..ആശംസകള്‍

കൂതറHashimܓ said...

ഞാനും തപ്പിയിറങ്ങാ ന്റെ പഴയ ടീച്ചര്‍മാരെ, പക്ഷെ പറയാന്‍ കഥകളൊന്നും ഇല്ലാ. ആക്സിഡെന്റ് ആയപ്പോ കുറേ ഓര്‍മകള്‍ പോയി.. :(

Mahesh Cheruthana/മഹി said...

എഴുത്തുകാരി ചേച്ചീ.,
നന്മ നിറഞ്ഞ ഒരു സമാഗമത്തിനു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യം !
ഒത്തിരി ഓര്‍ മ്മകളിലേക്കു ജോസൂട്ടി കൊണ്ടുപോയി!എല്ലാ ആശംസകളും !!

jayanEvoor said...

ഞാനും ഒരു സാറാ!!
വല്ല ശിഷ്യനും വന്ന് കൈ പിടിച്ച് ഞെക്കുമോ ആവോ!
പോസ്റ്റ് ഇഷ്ടപ്പെട്ടു!

poor-me/പാവം-ഞാന്‍ said...

ശിഷ്യന്‍ അധ്യാപഹയച്ചിയെ കൈ ഞെക്കി കഥ പറഞത് കൊണ്ട് എഴുത്തുകാരിക്ക് ഒരു പൊസ്റ്റിനുള്ള വഹയുമായി...
കാരണോമ്മാര് പരയന്ണത് കേട്ടിട്റ്റില്ല്യേ?
കാളക്ക് പുറം ചൊറിച്ചിലും മാറും..കിളിക്ക് വിശപ്പും കേടും...രാധികക്ക് പല്ലു പറിക്കലുമായി..എഴുത്തുകാരിക്ക് പോ‍സ്റ്റിങും ആയി...

നീലത്താമര said...

ഒരു പത്തിരുപത്‌ വര്‍ഷം മുമ്പൊക്കെ ഗുരുശിഷ്യ ബന്ധം എന്ന് പറയുന്നത്‌ ആത്മബന്ധം തന്നെ ആയിരുന്നുവെന്ന് തോന്നുന്നു. വെക്കേഷന്‌ ചെല്ലുമ്പോള്‍ എന്റെ ഭര്‍ത്താവ്‌ തന്റെ പ്രിയങ്കരനായ മലയാളം അദ്ധ്യാപകനെ സന്ദര്‍ശിച്ച്‌ വിശേഷങ്ങള്‍ പങ്ക്‌ വയ്ക്കാന്‍ ഒരിക്കലും മറക്കാറില്ല. ആ ഗുരുശിഷ്യ ബന്ധം കണ്ട്‌ ഞാന്‍ അത്ഭുതപ്പെട്ടുപോകാറുണ്ട്‌...

ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക്‌ പക്ഷേ ആ ബഹുമാനമൊന്നും കാണാനില്ല എന്നത്‌ ദുഃഖകരമാണ്‌...

നന്നായി എഴുതിയിരിക്കുന്നു ചേച്ചീ...

Typist | എഴുത്തുകാരി said...

കരിങ്കല്ല്,

ഒഴാക്കന്‍,

ശിവാ,

Readers Dais,

Diya,

Rare Rose,

b Studio

shajiqatar,

എറക്കാടന്‍,

അനില്‍,

ജോസൂട്ടിയുടേയും ടീച്ചറുടേയും കഥ കേള്‍ക്കാന്‍ വന്നാ എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

കുമാരന്‍,
ശ്രീ,
അക്ഷരം,
ഹരീഷ്,
അരുണ്‍,അതെ, പലരും അതിനു മിനക്കെട്ടിട്ടുണ്ടാവില്ല.

മണി ഷാരത്ത്, വളരെ വളരെ ശരിയാണ് പറഞ്ഞതു്. പഴയ അദ്ധ്യാപകരെ കാണുമ്പോള്‍, പണ്ടത്തെ സഹപാഠികളെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ അതൊരു പ്രത്യേക വികാരം തന്നെയാണ്. ഇന്നത്തെ ദിവസം തന്നെ ഇതു വായിക്കാന്‍ കഴിഞ്ഞു, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ എനിക്കും സന്തോഷം.

കൂതറ Hashim, അതെനിക്കും തോന്നി, (ഓര്‍മ്മ :):)

മഹി, സന്തോഷം.

ജയന്‍, ആരെയെങ്കിലും ക്ലാസ്സിനു പുറത്തോ ബഞ്ചിലോ കയറ്റി നിര്‍ത്തിയിട്ടുണ്ടോ. എന്നാല്‍ ചിലപ്പോ കിട്ടിയേക്കും:)

പാവം ഞാന്‍, നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നും പറയാം അല്ലേ? പല്ലു പറിക്കലും, പുനസ്സമാഗമവും.

നീലത്താമര, അതൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണില്ലേ, സങ്കടകരം തന്നെയാണ്.

ഏറനാടന്‍ said...

അതുകൊണ്ട് എഴുത്തുകാരിക്ക് ഒരു കഥ എഴുതാനുള്ള വക കിട്ടിയില്ലേ. ഇങ്ങനെയൊക്കെയാ കഥ വരുന്ന വഴികള്‍..

ആര്‍ദ്ര ആസാദ് / Ardra Azad said...

ജോസൂ‍ട്ടിടെയും ടിച്ചടുറുടെയും കഥ ഇഷ്ടപെട്ടു...

പിന്നെ രാധികയുടെ പല്ല് വേദനമാറിയില്ലെ?

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഏതായാലും കാത്തിരുപ്പിന്റെ മുഷിച്ചിൽ അറിഞ്ഞില്ല അല്ലേ?

കണ്ണനുണ്ണി said...

ഇപ്പൊ മനസ്സിലായില്യെ പഠിപ്പിലും ഉദ്യോഗത്തിലും വലുത് മനസാന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ജോസൂട്ടിയെ പോലുള്ള കുട്ടിക്കുറുമ്പമാരെ എന്നും ഓർക്കും അദ്ധ്യാപകർ/ അവന്റെ ആ കളങ്കമില്ലാത്ത പെരുമാറ്റം ഇത്തിരി നേരം എത്രപേർക്ക് സന്തോഷം തന്നു അല്ലേ...
ക്ലാസ്സിലുണ്ടായിരുന്ന റാങ്ക് ജേതാക്കൾക്ക് പിന്നീട് തലക്കനം കൊണ്ട് പറ്റാത്തകാര്യമാണ് ഈ ശിഷ്യൻ നമ്മൾക്ക് കാണിച്ചുതന്നത് ...!

vinus said...

ചിലരങ്ങനാ ജോസൂട്ടിയേ പോലെ .

laloo said...

പോസ്റ്റ് വായിച്ചപ്പോൾ ആദ്യം തോന്നിയത് ദേ
b Studioഎഴുതിയിരിക്കുന്നു

Sulthan | സുൽത്താൻ said...

ടിച്ചറെ,

കഴിഞ്ഞ പ്രവശ്യം ഞാൻ എന്റെ മാഷിനെ കണ്ടു. ടൗണീന്ന്, ചറ്റൽ മഴയിൽ ബാഗ്‌ തലയിൽ വെച്ച്‌ മാഷ്‌ പോവുന്നു. ഞാൻ പിന്നാലെ ചെന്നു കൈയിലിരുന്ന കൂട ചൂടികൊടുത്തു. മഷ്‌ക്ക്‌ എന്നെ മനസിലായോ? ഇല്ല. ഞാൻ മാഷിന്റെ ഒരു സ്റ്റുഡന്റാ, എടുത്ത്‌പറയുവാൻ വികൃതിതരങ്ങളില്ലാത്തോണ്ട്‌, മാഷ്‌ക്ക്‌ ഒർക്കാൻ പ്രയാസം. എന്നാലും അറിയാം. സുരേഷിന്റെ ബാച്ച്ല്ലെ.

ഒത്തിരിപേര്‌ കടന്ന് പോയി ടിച്ചറെ, എല്ലാവരെയും മറന്നു. ഒർമ്മയിൽ ചില മുഖങ്ങൾ മാത്രം. ഇപ്പോ സത്യത്തിൽ സങ്കടം തോന്നുന്നു. അവരെ കാണറില്ലെന്ന്, അവർക്ക്‌ ഓർമ്മിക്കുവാൻ മാത്രം വികൃതിതരങ്ങൾ കാണിച്ചില്ലെന്ന്.

സെന്റിയാവുണു.

Sulthan | സുൽത്താൻ
.

Sulthan | സുൽത്താൻ said...
This comment has been removed by the author.
raadha said...

എനിക്ക് മൂന്നു പേരെയും ഇഷ്ട്ടായീട്ടോ. റോസിലി ടീചെരിനെയും, ജോസൂട്ട്യേം, പിന്നെ ഈ പോസ്റ്റ്‌ ഇവിടെ ഇട്ട എഴുത്തുകാരിയേം.. നന്ദി!

മാണിക്യം said...

ശരിയാണ് .. ഇന്നലെ പെട്ടന്ന് ഒരു ഫോണ്‍ റ്റീച്ചര്‍ ഞാന്‍ മാത്യൂസ് യു എസ്സില്‍ നിന്ന് വിളിക്കുന്നു അടുത്ത മാസം എന്റെ കല്യാണം മാത്യൂസിനെ മറന്നില്ല അവന്‍ കല്യാണം ക്ഷണിക്കുമ്പോള്‍ എന്റെ മനസ്സില്‍ VIII B യില്‍ എന്നും ലേറ്റ് ആയി വരുന്ന ഞാന്‍ കണ്ണുരുട്ടി പേടിപ്പിക്കുന്ന ആ പയ്യനായിരുന്നു ....
എന്റെ മെയില്‍ ബോക്സ് എന്നും ഒരു 15 + മെയില്‍ എങ്കിലും കാണും ലോകത്തിന്റെ പലഭാഗത്തു നിന്ന് അപ്പോള്‍ തോന്നുന്ന ആഹ്ലാദം പറഞ്ഞറിയിക്കാന്‍ ആവില്ല. ഇന്ന് ഈമെയില്‍ ഫെസ്ബുക്ക് ഓര്‍കുട്ട് ഒക്കെ ഞാന്‍ കയറി ഇറങ്ങുന്നത് ഈ കുട്ടികള്‍ കാരണം തന്നെ ....'ജോസൂട്ടിമാര്‍' ആണ് എന്നും പഴയ റ്റീച്ചറുമാരെ ഓര്‍ക്കുക ......കുറുമ്പ് കാണിച്ചവരെ ഒരിക്കലും മറക്കില്ല ശിക്ഷയും ശാസനയും അവരുടെ ചിത്രം മനസ്സില്‍ കൊത്തിയിട്ടാവും അവര്‍ പിരിയുക ..

Echmukutty said...

നല്ല മനസ്സുകൾ വലിയ ഭാഗ്യമാണ്. ടീച്ചർക്കും ശിഷ്യനും കാഴ്ചക്കാർക്കും കേൾവിക്കാർക്കും അതുണ്ടാകട്ടെ.
അഭിനന്ദനങ്ങൾ.

ഹംസ said...

ഹോ.. ചേച്ചീ ഇതു വായിച്ചപ്പോള്‍..ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍. ഒലവക്കോട് ഒരു ഹോസ്പിറ്റലില്‍ വെച്ച് യാദൃശ്ചികമായി എന്‍റെ രാമയ്യര്‍ സാറെ കണ്ടതോര്‍ക്കുന്നു. സാറിനു എന്നെ തിരിച്ചറിയാന്‍ എനിക്ക് ഇതു പോലെ ഒരു വാക്കെ പറയണ്ടി വന്നുള്ളൂ.. “സാര്‍ തൂത സ്കൂളില്‍ ഹെഡ്മാസ്റ്ററായി സ്ഥലം മാറി വന്നിട്ടു ആദ്യമായി പിടിക്കപ്പെട്ട പ്രതി.” സാര്‍ ഉടനെ ഹംസ എന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. ആ ഓര്‍മകള്‍ ശരിക്കും മനസ്സില്‍ വന്നു.!!

പട്ടേപ്പാടം റാംജി said...

പണത്തേക്കാള്‍ വലിയ സന്തോഷമാണ് ആ ടീച്ചര്‍ക്ക്‌ അപ്പോള്‍ ലഭിച്ചത്‌.
നല്ല പോസ്റ്റ്‌.

വിനുവേട്ടന്‍ said...

എല്ലാ അവധിക്കാലത്തും മുടങ്ങാതെ ഞാന്‍ പോയിക്കാണാറുണ്ട്‌ ഞങ്ങളുടെ ഗോപന്‍ മാസ്റ്ററെ... മലയാളസാഹിത്യത്തിലെ വമ്പന്മാരെ വായിക്കാന്‍ പ്രോല്‍സാഹിപ്പിച്ച മാഷുമായുള്ള സൗഹൃദം ഇപ്പോഴും ഊഷ്മളമായി തുടരുന്നു. കഴിഞ്ഞ അവധിക്ക്‌ കുടുംബസമേതം മാഷുടെയടുത്ത്‌ ചെന്നപ്പോള്‍, മാഷ്‌ടെ ടീച്ചര്‍ എന്റെ സഹധര്‍മ്മിണിയോട്‌ പറയുകയാണ്‌... "പത്തിരുപത്‌ വര്‍ഷം മുമ്പ്‌ ശിഷ്യന്‍ സൗദിയാത്രയെക്കുറിച്ചെഴുതിയ കത്ത്‌ ഇപ്പോഴും അമൂല്യമായി സൂക്ഷിച്ചിരിക്കുന്നു മാഷ്‌" എന്ന്...

ഇന്നത്തെ കുട്ടികള്‍ ഗുരുക്കന്മാരെ എങ്ങനെ കാണാതെ കഴിക്കാം എന്നായിരിക്കും ചിന്തിക്കുക...

വളരെ നന്ദി എഴുത്തുകാരിച്ചേച്ചീ ഈ പോസ്റ്റിന്‌...

Typist | എഴുത്തുകാരി said...

ഏറനാടന്‍, :)

ആര്‍ദ്രാ ആസാദ് - പുകഞ്ഞ കൊള്ളി പുറത്ത്.കേടുവന്ന
പല്ല് എടുത്തുകളഞ്ഞപ്പോള്‍ വേദനയും മാറി :)

ഇന്‍ഡ്യാഹെറിറ്റേജ്, ഒട്ടും അറിഞ്ഞില്ല.

കണ്ണനുണ്ണി, തീര്‍ച്ചയായിട്ടും.

ബിലാത്തിപ്പട്ടണം, ചില കൊച്ചുകൊച്ചു കാര്യങ്ങള്‍ കൊണ്ട് ചിലപ്പോള്‍ മറ്റുള്ളവര്‍ക്കു സന്തോഷം കൊടുക്കാന്‍ കഴിയും. പക്ഷേ നമ്മളതിനു പലപ്പോഴും മിനക്കെടാറില്ല.

Vinus,:)

laloo, അദ്ധ്യാപകര്‍ക്കു മാത്രം കിട്ടുന്നതു്!

Typist | എഴുത്തുകാരി said...

സുല്‍ത്താന്‍, ആദ്യം ആളെ മനസ്സിലായില്ലെങ്കില്‍ പോലും ആ മാഷ്ക്ക് എത്ര സന്തോഷമായിട്ടുണ്ടാവും അല്ലേ?

raadha, ഇഷ്ടായില്ലേ, സന്തോഷം.

മാണിക്യം, തീര്‍ച്ചയായും ഭാഗ്യവതി തന്നെ.

Echmukutty, നന്ദി.

ഹംസ, അപ്പോള്‍ അത്യാവശ്യം കുരുത്തക്കേടൊക്കെ ഒപ്പിച്ചിട്ടുണ്ടല്ലേ :)

പട്ടേപ്പാടം റാംജി, ശരിക്കും.

വിനുവേട്ടന്‍, ഇപ്പഴും ആ ബന്ധം ഊഷ്മളമായി സൂക്ഷിക്കുന്നുണ്ടല്ലോ. എത്രയോ നല്ല കാര്യം.

Kalavallabhan said...

അവസാനം ഒരു ചോദ്യം.
ഒറ്റവാക്കിൽ പ്രയോഗിക്കുക :

"ഞാനിങ്ങനെ വരുന്നവരേം പോകുന്നവരേം നോക്കി ഇരിപ്പ്‌ തന്നെ."

nandakumar said...

ആ ജോസൂട്ടി ചെക്കന്‍ പത്താം ക്ലാസ്സ് ജയിച്ച് മെഡിക്കലോ എഞ്ചിനീയറിങ്ങോ കഴിഞ്ഞ് അപ്രത്തേക്കും പോയീരുന്നെങ്കിലോ? റോസിലിടീച്ചറെ കാണാനും പറ്റില്ല, ടീച്ചര്‍ക്കു സന്തോഷോം ആവില്ലാന്നു മാത്രല്ല കണ്ടിരുന്ന കേട്ടിരുന്ന നിങ്ങള്‍ക്കാര്‍ക്കും ഒരു സുന്ദര-സൌഹൃദ-ഓര്‍മ്മ നിമിഷങ്ങളേം കിട്ടൂല്ല്യ.
അപ്പോ ജോസുട്ടി പത്തീ തോറ്റതു നന്നായില്ലേ? :)

jyo.mds said...

റോസിലി ടീച്ചറുടെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു.

ശാന്ത കാവുമ്പായി said...

ഇന്നെനിക്ക് നല്ലൊരു ദിവസമാണല്ലോ എഴുത്തുകാരീ.93ല്‍ 10സി.യില്‍ ഞാന്‍ പഠിപ്പിച്ച കുട്ടി ഫേസ്ബുക്കില്‍ ഇന്ന് എന്നെ കാണാന്‍ എത്തി. അവന്‍ എന്റെ ടീച്ചര്‍ക്ക്‌ എന്ന് പറഞ്ഞാണ് അവിടെ മെസ്സേജ് അയച്ചത്.അതിന്റെ സന്തോഷവുമായാണ് ഞാന്‍ എഴുത്തുകാരിയെ കാണാനെത്തിയത്.അപ്പോഴതാ ജോസൂട്ടിയും റോസിലി ടീച്ചറും.ഇരട്ടി മധുരം എന്നു പറയാന്‍ തോന്നുന്നു.

Bindhu Unny said...

ശരിയാ, എല്ലാര്‍ക്കും സന്തോഷമുണ്ടാക്കുന്ന നിമിഷങ്ങള്‍ :)

the man to walk with said...

ishtaayi post

സുമേഷ് | Sumesh Menon said...

ഒരുപക്ഷെ ടീച്ചര്‍മാര്‍ക്ക്, പിന്നീട് കണ്ടുമുട്ടുമ്പോള്‍ ക്ലാസ്സില്‍ നന്നായി പഠിച്ചിരുന്ന കുട്ടികളെക്കാള്‍ ഓര്മ വരുന്നത് വികൃതികളെയായിരിക്കും അല്ലേ?
നന്നായി ചേച്ചി...Really Nostalgic..

ഒരു നുറുങ്ങ് said...

ശിഷ്യരെ മാസത്തിലൊരിക്കലെങ്കിലും,സന്ദര്‍ശിക്കുന്ന
മാഷാണ് എന്റ്റെ സന്തോഷം...നാലു വര്‍ഷത്തിലേറെ
പരിക്കേറ്റ് കിടപ്പിലായ എന്നെ മുറ തെറ്റാതെ
വന്ന് ക്ഷേമാന്വേഷണവും,സാന്ത്വനവും പകര്‍ന്ന്
നല്‍കുന്ന അദ്ധ്യാപകന്‍റെ ആഗമനദിവസം ഞാന്‍
പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് !!

എന്തായാലും പോസ്റ്റ് നല്ലൊരു അനുഭവം പകര്‍ന്നു
നല്‍കുന്നുണ്ട്,ആശംസകള്‍ !

ജിമ്മി ജോൺ said...

"ആ, എന്തായാലും എണീറ്റു പോവാനൊന്നുമല്ലല്ലോ പറഞ്ഞതു്, നോക്കാം. ഞാന്‍ മിണ്ടാതെ അപ്പുറത്തെ കസേരയിലേക്കു മാറിയിരുന്നു."

നന്നായി... അങ്ങനെ ചെയ്തതുകൊണ്ട് ഈ നല്ല പോസ്റ്റിനുള്ള വക ഒത്തുകിട്ടിയില്ലേ... :)

Typist | എഴുത്തുകാരി said...

kalavallabhan, സ്വാഗതം എഴുത്തോലയിലേക്കു്.

നന്ദകുമാര്‍ :)

jyo, സന്തോഷം.

ശാന്ത കാവുമ്പായി, ആ സന്തോഷം ടീച്ചര്‍മാര്‍ക്കു മാത്രം പറഞ്ഞിട്ടുളതല്ലേ!

Bindhu Unni, :)

the man to walk with, നന്ദി.

സുമേഷ്, എന്നു തന്നെയാ എനിക്കും തോന്നുന്നതു്.

ഒരു നുറുങ്ങ്, ഇത്രയും നല്ലോരു അദ്ധ്യാപകനെ കിട്ടിയ നുറുങ്ങും ഭാഗ്യവാന്‍ തന്നെ.

ജിമ്മി ജോണ്‍, :)