Thursday, March 26, 2009

ഇന്നലെ…....

ലക്ഷ്മിയമ്മ അതാണവരുടെ പേരു്‍‍‍‍‍. പ്രായം 70 വയസ്സില്‍ കുറയില്ല. ഒരു കാറ്റു വന്നാല്‍ പറന്നുപോകുമോ എന്നു തോന്നും. അത്ര കനം കുറഞ്ഞിട്ടാ. ആരുമായും ഒരു ചങ്ങാത്തവുമില്ല. കല്യാണം കഴിച്ചിട്ടില്ലെന്നാ ഞാന്‍ കരുതിയേ. പക്ഷേ കല്യാണം കഴിഞ്ഞതാത്രേ.  മക്കളില്ല. എന്തായാലും അവരൊറ്റക്കാ താമസം. കാരൂര്‍ എന്ന സ്ഥലത്ത് (ഇരിങ്ങാലക്കുട അടുത്താണോ?) 5 ഏക്കര്‍ സ്ഥലമുണ്ട്. കേരളത്തില്‍ എവിടെയാണെങ്കിലും ഇപ്പോള്‍ സ്ഥലത്തിന്റെ വിലയറിയാല്ലോ. സെന്റിനു പതിനായിരമാണെങ്കില്‍ പോലും എത്രയായി! പിന്നെ നെല്ലായില്‍ അവര്‍ താമസിക്കുന്ന വീട്.50 സെന്റും ഒരു പഴയ വീടും.  ഒരിക്കലും ഒരു നല്ല സാരിയുടുത്തു കണ്ടിട്ടില്ല. രണ്ടേ രണ്ടു സാരികള്‍, അതു മാറി മാറി ഉടുക്കും.

ലക്ഷ്മിയമ്മയുടെ  ഒരു ഏകദേശരൂപം കിട്ടിയില്ലേ?

ഇത്രയൊക്കെ സത്യം, എനിക്കറിയാവുന്നതു്. ഇനി കേട്ടുകേള്‍വി, നേരാവാം, നുണയാവാം. പറഞ്ഞതു സുഭദ്രമ്മയായതുകൊണ്ട്‌ മിനിമം മാര്‍ജിന്‍ 50%.

“എന്റെ കുട്ടീ അവരു ശരിക്കു ഭക്ഷണം പോലും കഴിക്കില്ല, രാവിലെ എന്നും ഗോതമ്പു ദോശ. കടുകു വറുത്തിടാന്‍ ഒരു ചീനച്ചട്ടിപോലും ഇല്ല, ഗ്ലാസ്സിലും പാത്രത്തിലുമൊക്കെയാത്രേ. (അതെങ്ങിനെയാന്നെന്നോട് ചോദിക്കല്ലേ, എനിക്കറിയില്ല). ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിനാ ലക്ഷ്മീ ഇതൊക്കെ ഇങ്ങിനെ കൂട്ടി വക്കുന്നതെന്ന്, എന്നിട്ടിപ്പോ എന്തായി”

ഞാന്‍ അവരോട് സംസാരിച്ചിട്ടേ ഇല്ല, എന്നുപറഞ്ഞൂടാ. ഒരേ ഒരു പ്രാവശ്യം ഒരു രണ്ടുകൊല്ലം മുമ്പൊരു മഴക്കാലത്തു്.അമ്പലത്തിന്റെ മുമ്പില്‍ വെള്ളം കെട്ടിക്കിടക്കുന്നു. അവര്‍ വഴിയുടെ ഒരരികില്‍നിന്നും ഒരു ചാക്കിന്റെ നാലു മൂലയും പിടിച്ചിട്ടു് അതിനുള്ളില്‍ (ചാക്കിനുള്ളിലല്ല) മണ്ണ് വാരി കൊണ്ടിടുന്നു. അതു കണ്ടിട്ടു ഞാന്‍ പറഞ്ഞു, “ലക്ഷ്മി അമ്മേ, അതൊറ്റക്കു ചെയ്യണ്ടാ, കമ്മിറ്റിക്കാരോട് പറഞ്ഞു് പണിക്കാരെക്കൊണ്ട്‌ ചെയ്യിക്കാം”. ഒരു നിമിഷം പോലും ആലോചിക്കാതെ അവരെന്നോട് ചോദിച്ചു “ഞാനിതു ചെയ്യുന്നതുകൊണ്ട്‌ നിങ്ങള്‍ക്കു കുഴപ്പമൊന്നുമില്ലല്ലോ” എന്നു്.

എനിക്കു കുഴപ്പമൊന്നുമില്ലാത്തതുകൊണ്ടും, ഇനിയവിടെ നിന്നാല്‍ ചിലപ്പോള്‍ ഉണ്ടായാലോ എന്നു പേടിച്ചും മറ്റാരും കേട്ടില്ലല്ലോ എന്നു സമാധാ‍നിച്ച്, വിഷണ്ണയായി ഞാന്‍ തിരിച്ചുപോന്നു, ഒന്നു സഹായിക്കാനും ആളാവാ‍നുമുള്ള ഒരു അവസരം ചീറ്റിപ്പോയതില്‍ കുണ്ഠിതപ്പെട്ടുകൊണ്ട്‌.

ഇനി ഞാന്‍ കാര്യം പറയാം.

ഇങ്ങിനെയൊക്കെയുള്ള  ലക്ഷ്മിയമ്മ പതിവുപോലെ ഇന്നലേയും വന്നു സന്ധ്യക്കു തൊഴാന്‍   (മഹാമുനിമംഗലം ക്ഷേത്രത്തില്‍). ക്ഷേത്രക്കടവുണ്ട്‌, ഇറങ്ങുന്നതു കുറുമാലി പുഴയിലേക്കു്.  നടയിലെന്നും വിളക്കു വക്കുന്നതവരാണ്‍. കയ്യും കാലും കഴുകിവന്നിട്ടു വിളക്കു കൊളുത്താം എന്നു പറഞ്ഞു പുഴയിലേക്കു പോയി. 5 മിനിറ്റു പോലും കഴിഞ്ഞിട്ടില്ല, വേറെയാരോ‍ പ്രദക്ഷിണം വക്കുമ്പോള്‍ കടവിലേക്കു നോക്കിയപ്പോള്‍, അവര്‍ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്നു. ആളുകള്‍ ഓടിവന്നു, ഫ്സ്റ്റ് ഐഡ് കൊടുത്തു. കൊടകര ശാന്തി (ആശുപത്രി) യില്‍ കൊണ്ടുപോയി, ഞാനും കണ്ടു കൊണ്ടുപോകുന്നതു്. അവിടെ എത്തുന്നതിനു മുന്‍പേ കഴിഞ്ഞു. എല്ലാം കൂടി 1/2 മണിക്കൂര്‍ തികച്ചെടുത്തില്ല.  കരയാന്‍ പോലും  ആരും ഉണ്ടായില്ല, ആര്‍ക്കുവേണ്ടിയും കാത്തിരിക്കേണ്ടി വന്നില്ല. ബഹളങ്ങളൊന്നുമില്ലാതെ, ശാന്തമായ, നിശ്ശബ്ദമായ ഒരു മരണം.

എത്രയോ വര്‍ഷങ്ങളായി എന്നും ഇറങ്ങുന്ന പുഴ.  എന്തുപറ്റി ഇന്നലെ മാത്രം?

-------------------

മരണം നിശ്ശബ്ദവും ശാന്തവും ആയിരുന്നെങ്കിലും, ഇപ്പോള്‍ ഇവിടം ശബ്ദമുഖരിതമാണ്. ചര്‍ച്ചകള്‍.

- ക്ഷേതക്കടവിലല്ലേ നടന്നതു്, സംശയിക്കണ്ടാ, ഭഗവാനു് അനിഷ്ടമായതെന്തോ സംഭവിച്ചിട്ടുണ്ട്‌. ആരെയാ വിളിക്കണ്ടതു ഒന്നു നോക്കിക്കാന്‍ , കൈമുക്കു മതിയോ അതോ തിരൂരങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരെ വിളിക്കണോ?

- ഇനിയീ സ്വത്തു മുഴുവന്‍ എന്തു ചെയ്യും? സര്‍ക്കാരു കൊണ്ടുപോവില്ലേ,. വല്ല അമ്പലത്തിലേക്കോ അനാഥാലയത്തിലേക്കോ എഴുതിവക്കായിരുന്നില്ലേ അവര്‍ക്ക്‌?

-  ഭാഗ്യമരണം.  രണ്ടൂസം കിടന്നാല്‍ ആരുണ്ടു നോക്കാന്‍. എത്രയോ കാലായി കുളിച്ചു തൊഴുണൂ, അതിനു ഫലല്യാണ്ടിരിക്യോ? കൃഷ്ണന്‍ തന്നെ കൊണ്ടുപോയതാവും..

------------------

എഴുത്തുകാരി.

48 comments:

Typist | എഴുത്തുകാരി said...

ഇത്രയേ ഉള്ളൂ ജീവിതം.എന്നിട്ടു് മനുഷ്യന്‍ അതിനുള്ളില്‍ എന്തൊക്കെ വിക്രിയകള്‍ കാട്ടിക്കൂട്ടുന്നു.

കുമാരന്‍ said...

ഒത്തിരി ഇഷ്ടപ്പെട്ടു. ഈ വ്യത്യസ്ഥമായ ശൈലി.
എഴുത്തിനു അഭിനന്ദനങ്ങള്‍, മരണത്തില്‍ ആദരാഞ്ജലികള്‍.

...പകല്‍കിനാവന്‍...daYdreamEr... said...

മരിക്കാന്‍ കാത്തിരിക്കുകയാ... കരളു വരെ മുറിച്ചെടുത്തു വീതം വെക്കാന്‍... ! ആര്‍ത്തി പൂണ്ട മനുഷ്യന്‍ ആലോചിക്കുന്നില്ലല്ലോ.. ഒരു നാള്‍ വെറും കയ്യാല്‍ യാത്ര ചെയ്യേണ്ടി വരുമെന്ന്... !

ശ്രീ said...

സ്വത്തുക്കളുടെ കാര്യം എന്തേലുമാകട്ടെ.

മറ്റാരെയും ഒട്ടും കഷ്ടപ്പെടുത്താതെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കഴിഞ്ഞില്ലേ ലക്ഷ്മിയമ്മയ്ക്ക്? അതു തന്നെ മഹാഭാഗ്യം!

Anonymous said...

പ്രിയ എഴുതുക്കാരി
പോസ്റ്റ് നന്നായിട്ടുണ്ട്
എഴുതുക്കാരി ഒരാളെ എത്രമാത്രം observe ചൈയ്യുന്നു എന്ന് മനസിലായി
മരണം അവര്‍ക്ക് ഒരു അനുഗ്രഹമായി എന്നാന്നു എനിക്ക് തോന്നുന്നത് അലെങ്കില്‍ അവരുടെ അവസനക്കാലം ഒരുപക്ഷെ വളരെ വേദന ഉള്ളത് ആവുമായിരുന്നു
ചേച്ചിയുടെ തന്നെ പോസ്റ്റില്‍ പറഞ്ഞ ഒരു അമ്മയുടെ കാര്യം ഓര്‍ത്തു പോയി കുട്ടികള്‍ ഉണ്ടായിട്ടും ആരും നോക്കാതെ, നരകജീവിതം അനുഭവിക്കുന്ന അമ്മ.
മരണം അവര്‍ക്ക് അനുഗ്രഹമായി എന്ന് തോന്നുന്നു.
പിന്നെ അമ്പല ക്കാര്‍ പ്രശ്ശനം വൈക്കുകയോ പരിഹാരം ചെയ്യുകയോ ചെയ്യട്ടെ കുറച്ചു പേരുടെ ജീവിത മാര്‍ഗമല്ലേ ഇതൊക്കെ.....
പോസ്റ്റ് ഇഷ്ട്ടപെട്ടു.

കൂട്ട് said...

അസ്സല്ലായി.....

kaithamullu : കൈതമുള്ള് said...

ഇങ്ങനെയുള്ളവര്‍ ധാരാളം.
ഞങ്ങടെ നാട്ടിലും ഉണ്ട് ഒരു ലെഷ്മ്യമ്മ.
കൂര്‌ലെഷ്മീന്നേ വിളിക്കൂ.

സ്വത്ത് കൂട്ടി വച്ച് കാത്തിരുന്നത് ചെറുപ്പത്തില്‍ നാട് വിട്ട് പോയ മകനു വേണ്ടി.അവസാനം അവന്‍ വന്നു, കൂര് ദാസപ്പന്‍. താമസിയാതെ അമ്മയെ അടിച്ച് പുറത്താക്കി, പെണ്ണ് കെട്ടി വീട്ടീല്‍ പാര്‍ത്തൂ അവന്‍.
നാട് മുഴുവന്‍ അലഞ്ഞ്, മകനെ പുലഭ്യം പറഞ്ഞ് നടന്ന്, ഒരു ദിവസം അവര്‍ മരിച്ചു: സ്വന്തം പറമ്പിന്റെ ഒരു മൂലയില്‍ കിടന്ന്.....

Sands | കരിങ്കല്ല് said...

മരണം സംഭവിച്ചത് കടവിലല്ലല്ലോ.. അപ്പൊ പ്രശ്നം വെക്കണോ?

മാത്രല്ല... ഭഗവാന് അനിഷ്ടമുള്ളത് ചെയ്തത് മറ്റുള്ളവരല്ലേ... അതിനു ഭഗവാന്‍ ഈ സ്ത്രീയെ ശിക്ഷിക്ക്യോ...

Anonymous said...

സുഭദ്രമ്മയോ സുഭദ്രാമ്മയോ? എന്തായാലും പേരു കലക്കി ;)

- ഞാന്‍.

രസികന്‍ said...

ശരിയാ എഴുത്തുകാരീ ... മനുഷ്യജന്മം ഇത്രയൊക്കയെയുള്ളൂ

നന്നായിരുന്നു .... ആശംസകള്‍

നരിക്കുന്നൻ said...

അതെ ഇത്രയേ ഉള്ളൂ ജീവിതം.
ഒരുക്കൂട്ടി വെക്കുന്ന സമ്പത്തുകൾക്കപ്പുറത്ത് മരണത്തെ നാം പ്രതീക്ഷിക്കുക. ആറടിമണ്ണിൽ നമ്മോടൊപ്പം സമ്പത്ത് കുഴിച്ച് മൂടില്ല. പക്ഷേ, അതിനായി പിന്നീട് തർക്കിക്കാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരുപാട് മുഖങ്ങളുണ്ടാകും..

ലക്ഷിയമ്മക്ക് നിത്യശാന്തി നേരുന്നു.

Typist | എഴുത്തുകാരി said...

കുമാരന്‍,
പകല്‍കിനാവന്‍,
ശ്രീ,
അനോണീ,
കൂട്ട്,
കൈതമുള്ള്,
കരിങ്കല്ല്,
ഞാന്‍,
രസികന്‍,
നരിക്കുന്നന്‍,
‘ഇന്നലെ’ വായിക്കാന്‍ വന്ന എല്ലാര്‍ക്കും നന്ദി.

ആര്യന്‍ said...

അതെ, "അനായാസേന മരണം" ഒരു വലിയ ഭാഗ്യം തന്നെയാണ്.
ലക്ഷ്മിയമ്മയുടെ ദേഹിക്ക് ശാന്തി ലഭിക്കട്ടെ.

veekay said...

രംഗബോധമില്ലാത്ത ഒരു കോമാളിയെല്ലെ മരണം.
അതെപ്പോ‍ഴും എവിടെയും കടന്നു വരാം..
പണ്ടൊക്കെ പറയുമായിരുന്നു ‘’ആറടി മണ്ണിന്റെ ജന്മിയാണ് മനുഷ്യനെന്ന്’. ഇന്ന് അതു പോലും സ്വന്തമല്ല.

ലക്ഷ്മിയമ്മക്ക് ആദരാഞ്ജലികൾ.

കാപ്പിലാന്‍ said...

സ്വന്തും പണവും അല്ല ജീവിതം എന്ന് മനസിലായില്ലേ ? ഇനിയും ഈ പിശുക്ക് കളഞ്ഞു നന്നായി അടിച്ചുപൊളിച്ചു ജീവിക്ക് :)

Anonymous said...

പ്രിയരെ, നിങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്..ദയവായി ഇവിടെ ക്ലിക്കുക

സമാന്തരന്‍ said...

മരിക്കുമ്പോള്‍ കൊണ്ടുപോകാനായി അവരൊന്നും ചേര്‍ത്തു വെച്ചില്ല.. ഒരു അഭിമാനിയായി ജീവിച്ചു. അത്ര തന്നെ. മറ്റെല്ലാം പ്രബുദ്ധരായ ജനങ്ങള്‍ പറഞ്ഞത്.
കണക്കെടുപ്പ് നടത്തി ഭാവിയോര്‍ത്ത് തല പുകച്ചത് ലക്ഷ്മിയമ്മയല്ലല്ലോ...

എഴുത്തുകാരി,ഒരു കുഞ്ഞ്യേ കാര്യം ഇമ്മിണി നന്നായി പറഞ്ഞ്ട്ട് ണ്ട് ട്ടാ...

കാന്താരിക്കുട്ടി said...

സ്വത്തിന്റെ കാര്യം എന്തു തന്നെയായാലും പെട്ടെന്നുള്ള മരണം നന്നായീന്നാ എനിക്കും തോന്നണത്.ആരെയും ബുദ്ധിമുട്ടിക്കാതെ ദൈവം വിളിച്ചല്ലോ.വല്ല അസുഖവും വന്ന് കിടപ്പിലായാൽ ആരുണ്ടാകുമായിരുന്നു നോക്കാൻ.എന്തായാലും ലക്ഷ്മിയമ്മയ്ക്ക് ആദരാഞ്ജലികൾ.എഴുത്തിന്റെ ശൈലി നന്നായീട്ടോ .

ബിന്ദു കെ പി said...

വളരെ നല്ല പോസ്റ്റ് എഴുത്തുകാരീ...
എനിയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

Anonymous said...

കാരൂര്‍: കൊടകരയില്‍ വിശാലന്റെ വീടുകഴിഞ്ഞ് ഗ്ഗോള്‍ഡന്‍ ബാറും കഴിഞ്ഞ് (ഇപ്പോ അതു പൊളിച്ചു :( ) റൈറ്റ് തിരിയുക. ഇരിഞ്ഞാലക്കുട പോകൂന്ന വഴി. അപ്പോള്‍ വഴിയമ്പലം എന്ന സ്ഥലത്തു വച്ച് വീണ്ടും മനക്കുളങ്ങരക്കു പോകുന്ന വഴി തിരിഞ്ഞാല്‍ കാരൂര്‍ എത്തും. അവിടെ ഇതുപോലെ വലിയ പറമ്പുകള്‍ ഇപ്പോഴും ഉണ്ടെന്ന് ഇതെഴുതുന്ന ആള്‍ക്കറിയാം.

എഴുത്തുകാരിയുടെ എഴുത്ത് നമ്മുടെ പിണറായിയുടെ പ്രസംഗം പോലെ - വെട്ടാനും ഇല്ല തിരുത്താനും ഇല്ല..നേരെ പ്രസ്സില്‍ വിടാം.

ലക്ഷ്മി അമ്മയുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. കിടന്നൂ പോയാല്‍ ആരു നോക്കുമായിരുന്നോ? അമ്പലം കമ്മറ്റിക്കാരോ?

-സങ്കുചിതന്‍

അനില്‍@ബ്ലോഗ് said...

സത്യം തന്നെ. ഇത്രയൊക്കെയേ ഉള്ളൂ ജീവിതം. മറിഞ്ഞ് വീണ് ഒരു വലിവലിക്കും പരമാവധി. അതിനായ് എന്തൊക്കെ കാട്ടിക്കൂട്ടുന്നു മനുഷ്യന്‍ !

എതായാലും ലക്ഷ്മിയമ്മക്ക് സ്വന്തം ജീ‍വിതം ആസ്വാദ്യമായിരുന്നിരിക്കണം, മറ്റുള്ളവരുടെ ദൃഷ്ടിയില്‍ അങ്ങിനെ അല്ലായിരുന്നെങ്കിലും.

ചാണക്യന്‍ said...

ആര്‍ക്കും ഭാരമാവാതെ ജീവിക്കുക....
അതാണ് ലക്ഷ്മിയമ്മ ചെയ്തത്...
നല്ല പോസ്റ്റ് Typist | എഴുത്തുകാരി, അഭിനന്ദനങ്ങള്‍...

smitha adharsh said...

നന്നായി എഴുതിയിരിക്കുന്നു..
ലക്ഷ്മിയമ്മയെ നേരിട്ട് കണ്ട പോലെ...
പാവം ലക്ഷ്മിയമ്മ എന്തിനാ ഇങ്ങനെ പിശുക്കി ജീവിച്ചത്?
ഒടുവില്‍ ആര്‍ക്കും ഉപകാരം ഇല്ലാണ്ടായി അല്ലെ?

Typist | എഴുത്തുകാരി said...

ആര്യന്‍,
veekey,
കാപ്പിലാന്‍,
സമാന്തരന്‍,
കാന്താരിക്കുട്ടി,
ബിന്ദു,
വന്നതിനും വായിച്ചതിനും, ഇഷ്ടപ്പെട്ടതിനും നന്ദി.

സങ്കുചിതന്‍, കൊടകര, ഗോള്‍ഡന്‍ ബാര്‍ (ഇപ്പോഴില്ല) ആളൂര്‍-ഇരിഞ്ഞാലക്കുട വഴി പോയി വഴിയമ്പലം വഴി മനക്കുളങ്ങര വരെ എത്തിയിട്ടുണ്ട് (അവിടെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കു്). കാരൂര്‍ അവിടെയാണെന്നറിയില്ലായിരുന്നു.
ഇത്ര വിശദമായി പറഞ്ഞുതന്നതിനു നന്ദി.

അനില്‍,
ചാണക്യന്‍,
സ്മിതാ,
ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

ചങ്കരന്‍ said...

സുഖമരണം, ഭാഗ്യവതി..

പൊറാടത്ത് said...

‘ഇത്രയേ ഉള്ളൂ ജീവിതം..‘ വളരെ ശരി...

അതന്ന്യല്ലേ പലരും പറയാറ്‌, ‘ചാവുമ്പോ കൂടെ കൊണ്ട് പോവോന്ന്‘...

എന്തായാലും കിടന്ന് നരകിയ്ക്കാതെ പോകാൻ ലക്ഷ്മിയമ്മയെ ദൈവം അനുഗ്രഹിച്ചു എന്ന് കരുതാം...

ഹരീഷ് തൊടുപുഴ said...

ശോ!! ഇനിയാ പറമ്പെല്ലാം എന്തു ചെയ്യും??

ഇനി ദേവപ്രശ്നം നടത്തേണ്ടേ ക്ഷേത്രത്തില്??

ശ്രീഹരി::Sreehari said...

സുഖമരണം.. അതിനും വേണം ഒരു ഭാഗ്യം...
കഥ നന്നായി....

Bindhu Unny said...

അവരുടെ ജീവിതരീതിയില്‍ അവര്‍ സന്തോഷവതിയായിരുന്നെങ്കില്‍ കൈചൂണ്ടാന്‍ നമുക്കെന്തധികാരം. പണമുണ്ടെങ്കിലും ഉപഭോഗം കുറയ്ക്കുക എന്നത് ഇന്ന് പലരും സ്വീകരിച്ചുവരുന്ന ഒരു രീതിയാണ്.
“The Marketer Who Went Off Consumption“ എന്ന നിലയില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരാളാണ് ഗൌരവ് മിശ്ര. www.gauravonomics.com നോക്കുക. മാര്‍ക്കറ്റിങ്ങ് തന്ത്രം അറിയാവുന്നതുകൊണ്ട് അദ്ദേഹം സ്വയം മാര്‍ക്കറ്റ് ചെയ്ത് പേരെടുത്തു. ലക്ഷ്മിയമ്മ പ്രവൃത്തിയില്‍ മാത്രം വിശ്വസിച്ചിരുന്ന ആളായിരുന്നിരിക്കാം. വിളിച്ചുപറയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നിരിക്കില്ല. അമ്പലത്തിന് മുന്നിലെ വെള്ളക്കെട്ട് കുറയ്ക്കാന്‍ തനിയെ മണ്ണ് വാരിയിട്ട അവര്‍ക്ക് ഒരു നല്ല മനസ്സുണ്ടെന്ന് വിശ്വസിക്കാനാണ് തോന്നുന്നത്. ആ നല്ല മസസ്സുകൊണ്ടാവും അവര്‍ ആര്‍ക്കും ഭാരമാവാതെ മരിച്ചത്.
ഇന്നത്തെ Mint പത്രത്തില്‍ രോഹിണി നിലേക്കനിയുടെ കോളത്തിലും ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. സാമ്പത്തികശാസ്ത്രത്തിന്റെ വേറൊരു തലമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് ലിങ്ക് - http://www.livemint.com/2009/03/26215459/Good-growth-bad-growth.html
കമന്റ് കാടുകയറിയതില്‍ ക്ഷമിക്കണം. :-)

ശിവ said...

ആ അമ്മ ഭാഗ്യവതി തന്നെ......

പിരിക്കുട്ടി said...

എഴുത്തുകാരി
നല്ല ഒരു പോസ്റ്റ് ആണ് എല്ലായിടത്തും കാണും
ഓരോ അമ്മമാരും അമ്മൂമ്മ മാരും ഇത് പോലെ
ദൈവം ഓരോരുത്തര്‍ക്കും ഓരോന്ന് വിധിച്ചു വെച്ചിട്ടുണ്ടാകും
അതുപോലല്ലേ വരൂ ....
പിന്നെ ആവശ്യത്തിനു വേണം പിശുക്ക് വേണം
ചിലപ്പോള്‍ അതുപകാരപ്പെടുമല്ലോ അവര്‍ക്ക് വയ്യാതെ കിടക്കുമ്പോള്‍ ആ പൈസ കണ്ടിട്റെന്കിലും
ആരെങ്കിലും ഒക്കെ നോക്കിയാലോ

പാവപ്പെട്ടവന്‍ said...

ഇതൊരു പാഠമാണ് , പണത്തിന്റെ പിന്നാലെ പായുന്ന ഓരോരുത്തര്‍ക്കും .
അവര്‍ മടങ്ങി
വന്നകയ്യാല്‍ .
സമ്പാത്യങ്ങള്‍ എല്ലാം ഉപേക്ഷിച്ചു .
മനോഹരം
ആത്മാര്ത്ഥമായ ആശംസകള്‍

പാറുക്കുട്ടി said...

എന്തായാലും അവർ ഭാഗ്യവതിയാണ്. കഷ്ടപ്പെടാതെ മരിക്കാൻ കഴിഞ്ഞല്ലോ.

മുസാഫിര്‍ said...

കാരൂര്‍ : കൊമ്പടിഞാമക്കല്‍ നിന്നും ചാലക്കുടിക്ക് പോകുന്ന വഴി.ഇരിഞ്ഞാലക്കുട നിന്നും 15 കിലോ മീറ്റര്‍.ചാലക്കുടിയില്‍ നിന്നും ഒരു മൂന്നും.
പിന്നെ അമ്പലക്കടവില്‍ മുങ്ങിമരിച്ചാല്‍ മോക്ഷം കിട്ടും വേറെ കര്‍മ്മങ്ങള്‍ ഒന്നും ചെയ്യേണ്ട എന്നും കേട്ടിട്ടുണ്ട്.

ഏകാന്തപഥികന്‍ said...

ഒരു പക്ഷെ, ലക്ഷ്മിയമ്മയുടെ ഭാഗത്തു നിന്നുചിന്തിച്ചാല്‍...എന്തിനായിരിക്കും അവര്‍ ഇങ്ങനെ ജീവിച്ചെ..? അറിയില്ല..അറിയാന്‍ ശ്രമിക്കാറില്ല..ഞാനും.

ഇരട്ടി മധുരം.. said...

എന്തിനാ ഇത്ര മാത്രം സെല്‍ഫിഷ് ആകുന്നതു? ഇത് വല്ലാത്ത പ്രശനം ആണ്!

പള്ളിക്കരയില്‍ said...

ജീവിതത്തിന്റെ നിസ്സാരത.....

നന്നായെഴുതി. ആശംസകൾ.

Typist | എഴുത്തുകാരി said...

ചങ്കരന്‍,
പൊറാടത്ത്,
ഹരീഷ്,
ശ്രീഹരി,
നന്ദി, സന്തോഷം.

ബിന്ദു, ഒട്ടും പരിഭവമില്ല, മറിച്ചു് ഇത്ര വിശദമായിട്ടൊരു അഭിപ്രായം എഴുതിയതില്‍ സ്നതോഷമേയുള്ളൂ. ആയിരിക്കാം, അവര്‍ ആ ജീവിതത്തില്‍ സന്തോഷവതിയായിരുന്നിരിക്കാം. ആ ലിങ്കില്‍ പോയി നോക്കിയിരുന്നൂട്ടോ.

ശിവാ,
പിരിക്കുട്ടീ,
പാവപ്പെട്ടവന്‍,
പാറുക്കുട്ടി,
വന്നു് വായിച്ച് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.

മുസാഫിര്‍, ഇപ്പൊ മനസ്സിലായി കാരൂര്‍ എവിടെയാണെന്ന്. നെല്ലായിയുടെ വളരെ അടുത്ത് തന്നെ.

ഏകാന്തപഥികന്‍,
ഇരട്ടിമധുരം‍,
പള്ളിക്കരയില്‍,
എല്ലാവര്‍ക്കും നന്ദി.

Kavitha sheril said...

nice

കാസിം തങ്ങള്‍ said...

മരണം ഇങ്ങനെയൊക്കെത്തന്നെയാണല്ലോ. ഓര്‍ക്കാപ്പുറത്ത് കടന്നു വരും നമ്മെ കൂട്ടിക്കൊണ്ട് പോകാന്‍. മടിച്ച് നില്‍ക്കാന്‍ ആര്‍ക്കുമാകില്ലല്ലോ. കൂടെപോകുകയല്ലാതെ. ചിന്തനീയ വിഷയം തന്നെ എഴുത്തുകാരീ.

യൂസുഫ്പ said...

അഹങ്കാരികളായ മനുഷ്യര്‍ക്ക് ഒരു മുന്നറിയിപ്പാണീ സംഭവകഥ.....
നന്നായെഴുതി....ഭവുകങ്ങള്‍

Anonymous said...

ആദ്യമാണ്‌ ഇവിടൊക്കെ.ലക്ഷ്മിയമ്മ ഒരു നൊമ്പരമായി.നന്ദി.

ഹരിശ്രീ said...

ഇത്രയേ ഉള്ളൂ ജീവിതം...

ഭാഗ്യമരണം. രണ്ടൂസം കിടന്നാല്‍ ആരുണ്ടു നോക്കാന്‍. എത്രയോ കാലായി കുളിച്ചു തൊഴുണൂ, അതിനു ഫലല്യാണ്ടിരിക്യോ? കൃഷ്ണന്‍ തന്നെ കൊണ്ടുപോയതാവും...

:(

വരവൂരാൻ said...

എല്ലാം കൂടി 1/2 മണിക്കൂര്‍ തികച്ചെടുത്തില്ല. കരയാന്‍ പോലും ആരും ഉണ്ടായില്ല, ആര്‍ക്കുവേണ്ടിയും കാത്തിരിക്കേണ്ടി വന്നില്ല. ബഹളങ്ങളൊന്നുമില്ലാതെ, ശാന്തമായ, നിശ്ശബ്ദമായ ഒരു മരണം. എത്രയോ വര്‍ഷങ്ങളായി എന്നും ഇറങ്ങുന്ന പുഴ. എന്തുപറ്റി ഇന്നലെ മാത്രം.

മനോഹരമായ വിവരണ ശൈലി, ഒത്തിരി ഇഷ്ടപ്പെട്ടു. മനുഷ്യ ജീവിതമെന്ന നീർക്കുമിളയുടെ നിസ്സാരത .... ഒരു വിങ്ങലാവുന്നു

poor-me/പാവം-ഞാന്‍ said...

For every life there is an end and when is it ... No body knows....

poor-me/പാവം-ഞാന്‍ said...

For every life there is an end and when is it ... No body knows....

Prayan said...

ഇങ്ങിനെ മരിക്കാനും വേണം ഒരു ഭാഗ്യം......

Typist | എഴുത്തുകാരി said...

കവിത,
തങ്ങള്‍,
യൂസുഫ്പ,
മേഘ്ന,
ഹരിശ്രീ,
വരവൂരാന്‍,
പാവം ഞാന്‍,
പ്രയാന്‍,
എല്ലാവര്‍ക്കും നന്ദി.