Wednesday, February 25, 2009

ഉത്സവപ്പിറ്റേന്ന്

ആളും അരങ്ങും ഒഴിഞ്ഞു.ആനപ്പിണ്ടത്തിന്റെ മണവും ആന ബാക്കി വച്ചു പോയ തെങ്ങിന്‍ പട്ട കഷണങ്ങളും മാത്രം... മറിഞ്ഞു കിടക്കുന്ന കതിനകള്‍.

ഇന്നലെ ആയിരുന്നു ആറാട്ട്‌. 5 ദിവസത്തെ ഉത്സവം കഴിഞ്ഞു.

ക്ഷേത്രം ഇന്നലെ -- ഒരോട്ട പ്രദക്ഷിണം.

ഒരറ്റത്ത് നിന്നു തുടങ്ങിയാല്‍, അമ്പലമുറ്റത്ത്‌ ബലൂണ്‍, പീപ്പി വില്പനക്കാരന്‍, വള, മാല, ലൊട്ടുലൊടുക്കു സാധനങ്ങള്‍. പീപ്പിക്കും ബലൂണിനും വേണ്ടി വാശിപിടിക്കുന്ന കുട്ടികള്‍. വഴി നിറയെ ട്യൂബ്‌ ലൈറ്റ്കള്‍. കമാനത്തില്‍ വര്‍ണ വിളക്കുകള്‍.

അകത്തേക്കു കടന്നാല്‍, ഒരു വശത്തു് കമ്മിറ്റിക്കാരുടെ കൂട്ടം ചേരലുകള്‍, അങ്ങോട്ടുമിങ്ങോട്ടും തിരക്കുപിടിച്ചു ഓടിനടക്കുന്നു, കക്ഷത്തിലെ ഒരിക്കലും താഴെ വയ്ക്കാത്ത ബാഗില്‍നിന്നു് കാശെടുത്ത്‌ കൊടുക്കുന്നു, കണക്കു തീര്‍ക്കുന്നു.. ഈ ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ചവര്‍ അവരാണെന്നു് തോന്നിപ്പോവും.

ഇനി, വഴിപാടു് കൌണ്ടര്‍ - ഭക്തജനങ്ങളുടെ തിരക്ക്‌ -- പുഷ്പാഞ്ജലി, നെയ്‌വിളക്കു്, പറ, വെടി വഴിപാടു് (വിളിച്ചു പറയല് പതിവില്ല)

അപ്പുറത്ത്‌ കലാപരിപാടികള്‍ നടക്കുന്ന സ്റ്റേജില്‍ “ഹലോ മൈക്ക്‌ ടെസ്റ്റിങ്ങ്‌, മൈക്ക്‌ ടെസ്റ്റിങ്ങ്‌" എപ്പഴുമെപ്പഴുമീ മൈക്ക്‌ എന്തിനാ ടെസ്റ്റ് ചെയ്യുന്നതെന്നയാള്‍ക്കുപോലും അറിയുമാ ആവോ!

അങ്ങേ അറ്റത്ത്‌ കതിനയും കരിമരുന്നുമായി വെടിക്കാരന്‍ ചേട്ടന്‍. വെടിയൊച്ച കേട്ടു കരയുന്ന കുട്ടികള്‍, ഒച്ച കേള്‍ക്കാതിരിക്കാന്‍ രണ്ടു ചൂണ്ടുവിരലും ചെവിയില്‍ തിരുകി കേറ്റിവച്ചു നടക്കുന്ന ചിലര്‍.

ദാ, അപ്പുറത്ത്‌ നില്‍ക്കുന്നു, നമ്മുടെ “ വൈലൂര്‍ പരമേശ്വരന്‍". അവനൊരു സ്വല്പം കുറുമ്പനാ. അനുസരണ ഇത്തിരി കുറവും. മെക്കിട്ടു് കേറാന്‍ ഒരു പാപ്പാനേയുമൊട്ടു സമ്മതിക്കുകയുമില്ല. പാപ്പാന്‍ എന്തൊക്കെ പറഞ്ഞാലും, അവനു സൌകര്യമുണ്ടെങ്കിലേ അവന്‍ കേ‍ക്കൂ. ചുറ്റും കുറെ കുട്ടികള്‍, പഴം കൊടുക്കുന്നു, ശര്‍ക്കര കൊടുക്കുന്നു (പകരം ആനവാല്‍ ചോദിച്ചു നോക്കുന്നൂ, പക്ഷേ രക്ഷയില്ല).

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട സ്ഥലം, ഊട്ടുപുര. അവിടെ എപ്പോഴും ജനത്തിരക്കാണ്. മഴയത്ത്‌ പോലും ഒന്നു കേറി നില്ക്കാത്തവര്‍ കൂടി സജീവമാണീ ഉത്സവക്കാലത്ത്‌.

അമ്പലത്തിനുള്ളില്‍ മേല്‍ശാന്തിയും, കീഴ്ശാന്തിയും, തന്ത്രിയുമെല്ലാം --- മുഷിഞ്ഞ മുണ്ടും അതിനേക്കാള്‍ മുഷിഞ്ഞ പൂണൂലുമായിട്ട്‌.

ഉത്സവം കാണാനെന്ന പേരില്‍‍, പരദൂഷണം പറയാന്‍ അവിടവിടെയായി കൂടിനില്‍ക്കുന്ന കുറച്ചു് നാട്ടുകാര്‍.

(മറന്നോ വല്ലതും, ഏയ്, ഇല്ല)

ഇത്രയൊക്കെ കൂട്ടിവച്ചാല്‍ ഏകദേശം ഉത്സവപറമ്പായി. അതെല്ലാം ഇന്നലെ.

ഇന്നോ? ഒന്നുമില്ല, ആനപ്പിണ്ടവും, കാറ്റത്തു വരുന്ന അതിന്റെ മണവും മാത്രം.

ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരിക്കുന്നൂ, അടുത്ത മകരത്തിനായി.


എഴുത്തുകാരി.

വാല്‍ക്കഷണം അല്ലെങ്കില്‍ അടിക്കുറിപ്പു് അല്ലെങ്കില്‍ ക്ഷമാപണം: വായിച്ചപ്പോള്‍ എന്തെങ്കിലും തോന്നിയോ,ഇതു കണ്ടിട്ടുണ്ടെന്നോ, അടിച്ചുമാറ്റിയതാണെന്നോ, അങ്ങിനെ വല്ലതും? എവിടന്ന്!.

എഴുത്തുകാരിയാണെങ്കിലും എഴുതാന്‍ ഇത്തിരി മടിയാണേ. അതുകൊണ്ട് ചെറിയ ഒരു അടിച്ചുമാറ്റല്‍ ദാ, ഇവിടെ നിന്നു്.‌. ഞാന്‍ നോക്കിയപ്പോള്‍ പ്രത്യേകിച്ചൊരു മാറ്റവുമില്ല,ആന പോലും അവന്‍ തന്നെ.പിന്നെന്തിനാ വെറുതെ മിനക്കെടണേ? അന്നു ഞാന്‍ ഇത്രേം വലിയ എഴുത്തുകാരി ഒന്നും ആയിട്ടില്ലല്ലോ, അതുകൊണ്ട് ആരും കണ്ടിട്ടുമുണ്ടാവില്ല.
-------------

കുറച്ചു പടങ്ങള്‍ ഇടാം (സംശയിക്കണ്ട, അതു ഇക്കൊല്ലത്തെയാണേയ്!)


മഹാമുനിമംഗലം ക്ഷേത്രം - ഇവിടെയാണുത്സവം.ഞാന്‍ വൈലൂര്‍ പരമേശ്വരന്‍, ഇനി കുറച്ചു ദിവസം ഞാനിവിടെയാ..


എത്ര നേരമായി ഞാന്‍ റെഡിയായി നില്‍ക്കുന്നു, എവിടെ ശാന്തിക്കാരനും തിടമ്പും, കോലവുമൊക്കെ?


ശീവേലി - ആര്‍ക്കാ ഇപ്പോ ഇതൊക്കെ കാണാന്‍ താല്പര്യം!


ഇവിടെ താല്പര്യത്തിനും തിരക്കിനും ഒരു കുറവും ഇല്ല.


ഇനി അടുത്ത വര്‍ഷം വരാട്ടോ, പരമേശ്വരന്‍ വിട ചൊല്ലിപ്പോകുന്നു.

40 comments:

Typist | എഴുത്തുകാരി said...

ഈ ചിത്രങ്ങള്‍ നമ്മുടെ ഹരീഷ് തൊടുപുഴക്ക്.

വൈലൂര്‍ അമ്പലത്തിലെ ഉത്സവത്തിന്റെ
പടം പിടിച്ചു പോസ്റ്റാക്കാനും ചിലപ്പോള്‍ വരുമെന്നും‍ പറഞ്ഞിരുന്നു. ഞാന്‍ പോയിരുന്നു, പക്ഷേ പടം പിടിക്കാന്‍ പറ്റിയില്ല.

അതുകൊണ്ട്‌ ഹരീഷേ പകരമായിട്ടു് ഇതു് ....

ശ്രീ said...

ഉത്സവകാലത്തെ സന്തോഷം പറഞ്ഞറിയിയ്ക്കാന്‍ പറ്റില്ല അല്ലേ ചേച്ചീ? പക്ഷേ, ഉത്സവശേഷമുള്ള ആളൊഴിഞ്ഞ അമ്പലപ്പറമ്പ് കാണുന്നത് പണ്ടും ഇന്നും എനിയ്ക്ക് വിഷമമാണ്. എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് തോന്നും.

ഉത്സവക്കാഴ്ചകള്‍ കാണാന്‍ ആള്‍ക്കാര്‍ക്ക് താല്പര്യം കുറഞ്ഞു അല്ലേ? എന്നാലും ഊട്ടുപുരയിലെങ്കിലും ആള്‍ത്തിരക്ക് എപ്പോഴുമുണ്ടല്ലോ... ആശ്വാസം.

Prayan said...

പൂരം കലക്കി....കഴിഞ്ഞ വര്‍ഷം അങ്ങാടിപ്പുറം പൂരം(എന്റെ തട്ടകം) ,വിഷു, തൃശ്ശൂര്‍പൂരംഒക്കെ ഒരു നാട്ടില്‍ വരലില്‍ ഒപ്പിച്ചു. ഈ വര്‍ഷം മെയ്യില്‍ ഒരു എണ്‍പത്തിനാലാം പിറന്നാളും കുടുമ്പയോഗവും എല്ലാംകൂടി പൂരം നടക്കില്ല.വല്ലതെ സങ്കടം വരുന്നു.

mayilppeeli said...

ചേച്ചിയുടെ ഈ പോസ്റ്റിലൂടെ ഞാന്‍ ഉത്സവവും ആളൊഴിഞ്ഞ ഉത്സവപ്പറമ്പും നേരില്‍ കണ്ടു......ചിത്രങ്ങളും അതിമനോഹരം.....ബലൂണിനും കുപ്പിവളകള്‍ക്കും വേണ്ടി വാശിപിടിച്ചിരുന്ന കുട്ടിക്കാലം മനസ്സിലോടിയെത്തി......ഡല്‍ഹിയില്‍ വന്നതില്‍പ്പിന്നെ ഉത്സവങ്ങളൊന്നും കണ്ടിട്ടില്ല......ആ കുറവ്‌ ഇപ്പോള്‍ തീര്‍ന്നു......

ശ്രീഹരി::Sreehari said...

ആദ്യത്തെ പാര വായിച്ചപ്പോള്‍ മൂക്കൊന്ന് ചുളിഞ്ഞു.... എഴുത്തിന് ശക്തി ഉണ്ടെന്ന് അര്‍ഥം...

ആറാട്ടും ആനയു... ഹൊ എന്റെ കേരളം എത്ര സുന്ദരം :)

ശിവ said...

“ഉത്സവപ്പിറ്റേന്ന്”

എന്റെ ഗ്രാമത്തിലും ഇപ്പോള്‍ ഉത്സവക്കാലമാണ്....

ഉത്സവങ്ങള്‍ എനിക്ക് എന്നും ഇഷ്ടമായിരുന്നു....പിന്നെ ആനകളെയും....ഒരു ആനയെ വാങ്ങി വളര്‍ത്തണമെന്നുണ്ട്.... അറ്റ് ലീസ്റ്റ് ഒരു സിംഹത്തെയെങ്കിലും.....

Sands | കരിങ്കല്ല് said...

എനിക്കു് തോന്നി.. എവിടെയോ വായിച്ച ഒരു ഫീലിങ്ങ്.

പിന്നെ തോന്നി.. ദേ-ജാവു ആയിരിക്കും എന്നു..
പിന്നെ തോന്നി.. അല്ല, വായിച്ചിട്ടുണ്ടു് ഞാനിതെവിടെയോ... തോന്നലല്ല... എന്നു്

അപ്പൊ ഞാന്‍ ആദ്യം തന്നെ 2008-നെ എക്സ്പാന്‍ഡ് ചെയ്തു, അതില്‍, ജനുവരിയിലെ, “വീണ്ടും ഒരു എഴുത്തുകാലം” പുതിയ ടാബില്‍ തുറക്കാനിട്ടിട്ടു് വായന തുടര്‍ന്നു.

പിന്നെയല്ലേ മനസ്സിലായതു് 2007-ലെ പോസ്റ്റില്‍ നിന്നാണു് അടിച്ചുമാറ്റിയതു് എന്നു്. :)

രണ്ടു കൊല്ലമായി അല്ലേ!??!!

Bindhu Unny said...

നൊസ്റ്റാള്‍ജിയ വരുത്തുന്ന പോസ്റ്റ്. :-)

അനില്‍@ബ്ലോഗ് said...

ആളും ആരവവും ഒഴിഞ്ഞ ഉത്സവപ്പറമ്പില്‍ പിറ്റേ ദിവസം വെറുതേ പോയിരിക്കുക എന്നത് സ്കൂള്‍ കാലത്തെ ഒരു ശീലമായിരുന്നു. അന്ന് ഒരാഴചക്കാലം അമ്പലത്തില്‍ പൂജ നടത്തുമായിരുന്നില്ല. പൊരു പ്രത്യേക ഫീലിങാണത്.

“ഉത്സവപ്പിറ്റേന്ന്“ എന്ന വാക്ക് എനിക്കിഷ്ടമല്ല, അങ്ങിനെ പേരുള്ള ഒരു സിനിമ മന്‍സ്സില്‍ സൃഷ്ടിച്ച ഷോക്ക് ഇപ്പോഴും നില്‍ക്കുന്നു, മോഹന്‍ ലാല്‍ അവതരിപ്പിച്ച ആ കഥാപ്രാത്രവും.

Anonymous said...

നല്ല പോസ്റ്റ്‌ എഴുത്തുകാരിച്ചേച്ചീ,

എന്റെ നാട്ടിലെ കാളവേലകളും, പൂരങ്ങളും,ഓർമ്മയിലെത്തി...

ചാണക്യന്‍ said...

Typist | എഴുത്തുകാരി,

ഇതാണ് പഴയ വീഞ്ഞ് പുതിയ കുപ്പീലാക്കുന്ന തന്ത്രം അല്ലെ:):)

നല്ല പരീക്ഷണം....ഉത്സവ ചടങ്ങുകള്‍ക്ക് മാറ്റമൊന്നുമില്ല ..മാറ്റം ആളുകള്‍ക്കാണ്..

തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്....

പാറുക്കുട്ടി said...

എന്റെ കേരളം
എത്ര സുന്ദരം.

ഈ അന്യ നാട്ടിലിരുന്ന് ഇങ്ങനെ ഓർക്കുവാനേ കഴിയൂ.

ജ്വാല said...

ഉത്സവങ്ങള്‍ മനസ്സില്‍ ഉണര്‍വ്വിന്റെ അലകള്‍ ഉണ്ടാക്കുന്നു.ഈ ചിത്രങ്ങളൂം...

Anonymous said...

ഉത്സവ പിറ്റേന്ന്
വായിച്ചു ആളൊഴിഞ്ഞ അമ്പലവും
അമ്പലപരിസരവും നൊമ്പരമുണര്‍ത്തും
ഇത് ശരിക്കും ബാധിക്കുന്നത്
ആത്മാര്‍ഥമായി ഉത്സവം വിജയിപ്പിക്കാന്‍
പാടുപെട്ട ആള്ക്കര്‍ക്കാന്നു

രണ്ടു മൂന്ന് ദിവസം മനസ്സ് വേദനനിച്ചുകൊണ്ടിരിക്കും.
ചേച്ചിയും ആത്മാര്‍ഥമായി പാടുപെട്ട
വിഭാഗത്തില്‍ പെടും എന്ന് തോന്നുന്നു
അതാന്നു പോസ്റ്റിനു ഇത്ര പവ്വര്‍!
ഇതുകുടാതെ മന്സ്സു വേദനിപ്പിക്കുന്ന എന്തെങ്ങില്ലും കുടി
ഈ ഉത്സവ ദിനങ്ങള്ളില്‍ നടന്നാല്‍ പിന്നെ
എല്ലാ വര്‍ഷവും അതിന്റെ ഒരു ഓര്‍മ്മ പെടുത്തല്ലാവും ഉത്സവം
ഞാന്‍ ഇത് കുറെ അനുബവിച്ചിട്ടുണ്ട്. ഒരിക്കല്‍ ഉത്സവ കമ്മിറ്റിയില്‍
ചെന്നുപെട്ടു ആത്മാര്‍ഥമായി എല്ലാം ചെയ്തു പക്ഷെ അവസാനം വെറും
കരിവേപ്പിലയായി
ഉത്സവം ആഗോഷിക്കാന്‍ സുഖമാണ് പക്ഷെ
മനസ്സ് എല്ലാം മറക്കാന്‍ പാക പെടുതണ്ണം

ആനയുടെ ഫോടോ കണ്ടപ്പോള്‍ പല സ്ഥലത്തും ആന
ഇടഞ്ഞത് ഓര്‍മയില്‍ വന്നു.
പോസ്റ്റ് മനസ്സിനെ തൊട്ടു, മറക്കാന്‍ ശ്രമിച്ച പലതും
ഓര്മപെടുതിയെങ്ങില്ലും.
എല്ലാ നന്മകളും നേരുന്നു.

Typist | എഴുത്തുകാരി said...

ശ്രീ,അമ്പലങ്ങളില്‍ ഇപ്പോള്‍ അന്നദാനവും പ്രസാദഊട്ടും ഇല്ലാത്ത പരിപാടികളില്ല. അതിനാണെങ്കില്‍ തിരക്കോടു തിരക്കും.

Prayan, ശതാഭിഷേകവും കുടുംബയോഗവുമൊക്കെ മാറ്റിവക്കാന്‍ പറയൂന്നേ. പിറന്നാളൊക്കെ ഇപ്പോ സൌകര്യം നോക്കിയാ ആഘോഷിക്കുന്നതു്.

മയില്‍പ്പീലി, നന്ദി.

ശ്രീഹരി - കേരളം സുന്ദരം തന്നെയാ,പക്ഷേ എത്ര കാലത്തേക്കാണാവോ?

ശിവാ - ഗ്രാമത്തില്‍ മാത്രമല്ലല്ലോ ഉത്സവം, ആണോ?

കരിങ്കല്ല് - അപ്പോ മനസ്സിലായി അല്ലേ?

ബിന്ദു - നന്ദി.

അനില്‍ - ആ സിനിമ ഉര്‍വ്വശി സംവിധാനം ചെയ്തതോ അല്ലെങ്കില്‍ കഥ എഴുതിയതോ അങ്ങിനെ എന്തോ അല്ലേ?

വേറിട്ട ശബ്ദം - നന്ദി.

ചാണക്യന്‍ - യെസ്, ഇതു തന്നെ തന്ത്രം.

പാറുക്കുട്ടി - സാരല്യാട്ടൊ.

ജ്വാല - നന്ദി.

അനോണീ - നന്ദി. അതൊന്നും സാരമില്ലെന്നേ.

കുമാരന്‍ said...

നല്ല പോസ്റ്റ്. നല്ല പടങ്ങള്‍.

...പകല്‍കിനാവന്‍...daYdreamEr... said...

എന്തായാലും അന്ന് വായിക്കാന്‍ പറ്റിയില്ല.. ഇപ്പൊ വായിച്ചു... നല്ല പടങ്ങളും... ആശംസകള്‍...

BS Madai said...

മുഖങ്ങള്‍ മാറുന്നു എന്നല്ലാതെ, ഉത്സവങ്ങളെല്ലാം അന്നും ഇന്നും ഒരുപോലെതന്നെ. അതു കൊണ്ടുതന്നെ വായിക്കുമ്പോള്‍, മറ്റൊരിടത്തെ ഉത്സവമാണെന്നു തോന്നിയില്ല,വീടിന്റെ തൊട്ടടുത്തെ, നമ്മള്‍ പങ്കെടുത്ത ഉത്സവം തന്നെ. വിവരണവും ഫോട്ടോയും നന്നായി.

വികടശിരോമണി said...

ഉത്സവപ്പറമ്പുകൾ തോറും തെണ്ടിനടന്ന ഒരു എരപ്പാളിയായിരുന്നു ഞാൻ എന്നതുകൊണ്ട് ഈ ചിത്രങ്ങലൊക്കെ കാണുമ്പോൾ നൊസ്സാൾജിക് ഭൂതമൊക്കെ വരുന്നു.
(ഇപ്പൊഴും പൂർണ്ണായി ഭ്രാന്തുകൾ ഇറങ്ങാത്തോണ്ട് കുഴപ്പമില്ല)

Thaikaden said...

Nalla chithrangal...(Kothippikkalle...orunaal njaanum koodum ulsavam.)

കാന്താരിക്കുട്ടി said...

ചെറുപ്പ്പത്തിൽ അമ്പലവും ആനയും പൂരവും ഒക്കെ ഇഷ്ടമായിരുന്നു.വലുതായതിൽ പിന്നെ എന്തു കൊണ്ടോ അധികം തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നത് ഇഷ്ടമല്ല.പിന്നെ ആനയെ അല്പം പേടിയും ആണു.അതിനാൽ തന്നെ ആനേടെ അടുത്തൊന്നും പോവൂല്ല.
നല്ല പോസ്റ്റ് !

പോങ്ങുമ്മൂടന്‍ said...

നന്നായിരിക്കുന്നു

ബോണ്‍സ് said...

:-)

Typist | എഴുത്തുകാരി said...

കുമാരന്‍,
പകല്‍കിനാവന്‍,
Madai,
വികടശിരോമണി,
Thaikadan,
കാന്താരിക്കുട്ടി,
പോങ്ങുമ്മൂടന്‍,
ബോണ്‍സ്,
എല്ലാര്‍ക്കും നന്ദി.

pattepadamramji said...

ആളൊഴിഞ്ഞ പൂരപ്പറമ്പില്‍
ചെന്നിരിക്കുമ്പോള്‍ നല്ലൊരു
മനസ്സുഖവും സമാധാനവും
ഫീല്‍ ചെയ്യാറുണ്ട്‌, പൂരദിനത്തില്‍
നിന്ന് വേറിട്ട്‌.
നല്ല ചിത്രങ്ങള്‍.
നന്നയിരിക്കുന്നു.

hAnLLaLaTh said...

ചിത്രങ്ങള്‍ നന്നായിരിക്കുന്നു...
ഗൃഹാതുരത്വമുണര്ത്തുന്നു....

ആശംസകള്‍...

santhosh|സന്തോഷ് said...

ചിത്രങ്ങളെല്ലാം സൂപ്പര്‍. ഗംഭീരം..

(നമ്മുടെ ഫോട്ടോ ബ്ലോഗുകാരൊന്നും ഈ മനോഹര ചിത്രങ്ങള്‍ കണ്ടില്ലേ? )

Anonymous said...

നല്ല വിവരണം.. ശരിക്കും ഉത്സവം കണ്ട പ്രതീതി. ആ ഫോട്ടോകള്‍ കൂടെയായപ്പോള്‍ ഉത്സവം കണ്മുന്നില്‍ കണ്ട പോലെ
നന്ദി എഴുത്തുകാരി..

ശ്രീ ഇടശ്ശേരി. said...

ഈ അനുഭവങ്ങള്‍ നിറം മങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ അവയ്ക്കൊക്കെ ജീവന്‍ വെച്ചു. നന്ദി.
:)

മുസാഫിര്‍ said...

അപ്പോ ഉത്സവമൊക്കെ കഴിഞ്ഞിട്ടാണ് വിവരമറിയിക്കുന്നതല്ലേ.നേരത്തെ പറഞ്ഞാല്‍ ആരെങ്കിലും വന്നാലോ എന്ന് പേടിച്ചാവും.(വിവരണങ്ങളും പടവും ഇഷ്ടമായി)

പൊറാടത്ത് said...

വന്നപ്പോഴേയ്ക്കും ഉത്സവം കഴിഞ്ഞ് പോയല്ലോ.!!

ആനപ്പിണ്ടത്തിന്റെ മംണവും ശ്വസിച്ച് തൽക്കാലം സ്ഥലം വിടാം. :)

ചിത്രങ്ങളും വിവരണവും ഇഷ്ടപ്പെട്ടു.

നരിക്കുന്നൻ said...

ആളൊഴിഞ്ഞ് തുടങ്ങിയ ഈ ഉത്സവപ്പറമ്പിൽ ഞാനുമൊന്ന് ആനപ്പിണ്ടം മണത്ത് നിൽക്കട്ടേ. ആ സദ്യ എനിക്കേറെ ഇഷ്ടമായി.

ആശംസകളോടെ
നരി

ഹരിശ്രീ said...

എഴുത്തുകാരീ,

ഒരു ഉത്സവം കണ്ട പ്രതീതി തോന്നി. ചിത്രങ്ങള്‍ കൂടി ഇട്ടതിന് പ്രത്യേകം നന്ദി...

ഞങ്ങളുടെ നാട്ടിലെ ഉത്സവം മാര്‍ച്ച് 15 ന് തുടങ്ങി 22 ന് അവസാനിക്കും. എഴുത്തുകാരിയ്കും, കുടുംബത്തിനും, മറ്റു ബ്ലോഗര്‍മാര്‍ക്കും സ്വാഗതം

(വിദേശത്തായതിനാല്‍ ഈ ഉത്സവത്തിലും എനിക്ക് പങ്കെടുക്കാ‍നാവില്ല....)

Anonymous said...

sorry ഇഷ്ടപ്പെട്ടില്ല!!. ഇതെന്ത് വിവരണമാണ്. നാലുവരിയില്‍ ഒരു തുടര്‍ച്ചയില്ലാതെ വിവരണമാകുമൊ? ഒരു കാഴ്ചക്കാരന്റെ കണ്ണില്‍ഊടെ എങ്കിലും പറയാമായിരുന്നു. :(
അത് വായിച്ച് ഉദ്ദാത്തം ഗംഭീരം എന്നൊക്കെ പറയാന്‍ കുറേ അളുകലും. ബ്ലോഗറെകുറീച്ചു ഒന്നും തോന്നുന്നില്ല. പരിമിതിയുണ്ടാവാം, പക്ഷെ വായനക്കാരെ ഒരു പരമ നുണ ഇങ്ങിനെ വിളിച്ചുപറയാന്‍ മനസ്താപമില്ലേ?

സഹജീവനം said...

You are cordially invited to visit our blog( on issues related to our dream of a world without competition - the world of sahajeevanam)
http://sahajeevanam.blogspot.com/
Sorry for posting this if you are not interested.
Chacko (for sahajeevanam)

smitha adharsh said...

ഈ അടിച്ചു മാറ്റല്‍ കൊണ്ട്,വീണ്ടും നല്ലൊരു പോസ്റ്റ് വായിക്കാന്‍ പറ്റി.
ഇഷ്ടപ്പെട്ടു കേട്ടോ...വീണ്ടും,ഒരു ആനയും,പൂരവും,ഉല്‍സവപ്പറമ്പും എല്ലാം കാണിച്ചു തന്നതിന് നന്ദി.

Typist | എഴുത്തുകാരി said...

pattepadamramji,
hanllalath,
santhosh,
അനോണീ,
ശ്രീ ഇടശ്ശേരി,
മുസാഫിര്‍,
പൊറാടത്ത്,
നരിക്കുന്നന്‍,
ഹരിശ്രീ,
അനോണീ,
സഹജീവനം,
സ്മിതാ,
എല്ലാര്‍ക്കും നന്ദി.

ഹരീഷ് തൊടുപുഴ said...

ചേച്ചീ; എനിക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടിട്ട് ഞാന്‍ മാത്രം കണ്ടുമില്ല; വന്നുമില്ല... യ്യോ!! ക്ഷമിക്കൂ ട്ടോ...

ആറാട്ടോടു കൂടി ഉത്സവം അവസാനിച്ചു കഴിയുമ്പോള്‍ ചങ്കിനകത്തിരുന്നൊരു നീറ്റലാണ്. ഇതെഴുതുമ്പോഴും ഞാനത് അനുഭവിക്കുന്നു. ഇതിനേകാളും നീറ്റല്‍ എപ്പോഴാണെന്നറിയേണ്ടെ; ഉത്സവപിറ്റേന്ന് ആളൊഴിഞ്ഞ പറമ്പില്‍ കൂടി പോവേണ്ട ഒരു ഗതികേട് അല്ലെങ്കില്‍ ഉപജീവനമാര്‍ഗ്ഗം എനിക്കുണ്ട്. അപ്പോഴാണ് പോയദിവസങ്ങളിലെ മധുരിക്കും ഓര്‍മ്മകള്‍ മനസ്സിലേക്ക് തികട്ടി വരുന്നത്..
[എന്റെ നാടിനു ചുറ്റുവട്ടത്തുള്ള ഇരുപതോളം അമ്പലങ്ങളിലെ പന്തല്‍, സ്റ്റേജ്, പ്രസാദഊട്ടിനുള്ള പാത്രങ്ങള്‍ മുതലായവ ചെയ്തു കൊടുക്കുന്നത് ഞാനാണേ]

ഉത്സവങ്ങള്‍ ഒരിക്കലും അവസാനിക്കതെയിരിക്കട്ടെ!!
അത്രക്കിഷ്ടമാണ് ഉത്സവങ്ങള്‍, ജീവിതത്തില്‍ നിന്നും പറിച്ചുമാറ്റാനാവാത്ത വിധം അതുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു...

തൊടുപുഴ കണ്ണന്റെ ഉതസവവും അടുക്കാറായി ട്ടോ; ചേച്ചീ...അങ്ങനെ എനിക്കും ഒരു വയസ്സാകുന്നു.
വേറെ ആരോടും പറയുന്നില്ല; സ്വഗതമോതിയ ആളോട് മാത്രം... ഒട്ടേറെ നന്ദിയോടെ

Binu | ഭൂതക്കണ്ണാടി said...

പഴയ ബ്ലോഗ്‌ വായിച്ചിട്ടില്ലായിരുന്നു... ഉത്സവങ്ങള്‍ നാടിന്റെ സ്പന്ദനമാണ്‌... ആചാരങ്ങളും അനുഷ്ടാനങ്ങള്‍ക്കും മാറ്റമില്ലായെങ്കിലും അടുത്ത മകരമാസത്തിനായുള്ള കാത്തിരുപ്പ്‌ തുടങ്ങി... പുതിയ ബ്ലോഗിനായും...

പിരിക്കുട്ടി said...

കൊള്ളാല്ലോ പൂരം കഴിഞ്ഞ വിശേഷം