Thursday, August 28, 2008

ഇതെന്തുപറ്റി എന്റെ കാലിനു്???

ഇതിപ്പോ ഒന്നര കൊല്ലത്തിനുള്ളില്‍ മൂന്നാം തവണയാണ് എന്റെ കാല് പണിമുടക്കുന്നതു്. എല്ലാം ഇടത്തേ കാലിനു്. എന്തായാലും പരുക്കിന്റെ കട്ടി കുറഞ്ഞു വരുന്നുണ്ട്‌.ആദ്യത്തെ പ്രാവശ്യം എല്ല്‌ ഒടിഞ്ഞു.മൂന്നാഴ്ചക്കാലം പ്ലാസ്റ്ററൊക്കെയിട്ടു് ആഘോഷമായിട്ടാഘോഷിച്ചു.(അതു ഞാന്‍ ബൂലോഗരെയെല്ലാം അറിയിച്ചിരുന്നു - ഇവിടെ). രണ്ടാം വട്ടം , ഒടിഞ്ഞില്ല, അതിനു തൊട്ടു താഴെ, (അതാരേയും അറിയിച്ചില്ല), ഇതിപ്പോ വീണ്ടും. ഒന്നു തെറ്റിയാല്‍ മൂന്നു് എന്നല്ലേ, അതുകൊണ്ട്‌ ഇതോടെ തീരുമായിരിക്കും.

പതിവുപോലെ സുന്ദരമായ പ്രഭാതം. അല്ലെങ്കിലും പ്രഭാതം എന്നാ സുന്ദരമല്ലാത്തതു്! പ്രത്യേകിച്ചു ചിങ്ങത്തിലെ പുലരികളാവുമ്പോള്‍. അത്തം ദാ, ഇങ്ങെത്തിക്കഴിഞ്ഞു. എന്തോ ഓണം എനിക്കെപ്പഴും ഒരു സന്തോഷം തന്നെയാണ്. എല്ലാരും പറയും, “ഇപ്പഴെന്തു ഓണം, ഒന്നൂല്യ. അന്നൊക്കെ എത്ര ദിവസം മുന്‍പു ഒരുക്കി തുടങ്ങണം. കായ വറുക്കണം, തൃക്കാക്കരയപ്പനുണ്ടാക്കണം. ഇപ്പോ അതു വല്ലതൂണ്ടോ, എല്ലാം റെഡിമൈഡ് അല്ലേ? അന്നു് കുട്ട്യോള്‍ക്കൊക്കെ ഓണത്തിനാ ഒരു കോടി ഉടുപ്പു കിട്ടുന്നതു്. ഇപ്പഴത്തെ കുട്ട്യോള്‍ക്കു് പുതിയ ഉടുപ്പിനുണ്ടോ ക്ഷാമം”
അങ്ങിനെ അങ്ങിനെ പോവും.

ഈ പറഞ്ഞതൊക്കെ ശരിയാണു്. എന്നാലും എനിക്കു സന്തോഷമാണ് ഓണക്കാലം. മനസ്സിന്റെ ഒരു തോന്നലാവാം. എല്ലാത്തിനും ഒരു ചന്തം വന്നപോലെ. അത്തമിങ്ങെത്തി കഴിഞ്ഞു, ഇനി നാലഞ്ചു നാള്‍ മാത്രം.

അല്ലാ, ഞാന്‍ ഇതെവിടെ എത്തി. പറയാന്‍ വന്നതു് ഇതൊന്നുമല്ലല്ലോ. പറയാം പറയാം. അങ്ങിനെ സുന്ദരമായ പ്രഭാതങ്ങളെ ഇഷ്ടപ്പെടുന്ന ഞാന്‍ മോഹിക്കാറുണ്ട്‌ എന്റെ സിറ്റ് ഔട്ടില്‍ വെറുതെ ഇരിക്കാന്‍, എന്റെ തോട്ടത്തിലെ പൂക്കളെ കാണാന്‍, കിളികളെ കാണാന്‍ ,പുഴയില്‍ കുളിക്കാന്‍ പോകുന്നവരെ , അമ്പലത്തില്‍ തൊഴാന്‍ പോകുന്നവരെ (ഇതു രണ്ടും എന്റെ വീടിനടുത്താണ്)കാണാന്‍. പക്ഷേ എവിടെ? ഗേറ്റ് തുറക്കാന്‍ പോകുമ്പോള്‍, അല്ലെങ്കില്‍‍ പത്രം എടുക്കാന്‍ പോകുമ്പോള്‍, പുതുതായി വിരിഞ്ഞ പൂക്കളെ ഒരൊറ്റ നോട്ടം, ഇതോടെ തീരും പ്രഭാത ദര്‍ശനം. രാവിലെ നേരത്ത്‌ മുറ്റത്തു കറങ്ങാന്‍ എവിടെ നേരം. പണികള്‍ അങ്ങിനെ വരി വരിയാ‍യി ക്യൂ നില്‍ക്കയല്ലേ?

ഇനി കാര്യത്തിലേക്കു്. ഇന്നു് മുകളില്‍ പറഞ്ഞ എന്റെ പ്രിയപ്പെട്ട കാഴ്ച്ചകളൊക്കെ കണ്ടു ഞാന്‍. എങ്ങിനെ എന്നല്ലേ.

ഒരിത്തിരി സമയം കിട്ടിയാല്‍ ഞാന്‍‍ ഒന്നുകില്‍ എന്റെ തോട്ടത്തില്‍ അല്ലെങ്കില്‍ പറമ്പിലേക്കിറങ്ങും.(എല്ലാം നിങ്ങളെ കാണിച്ചിട്ടുണ്ടല്ലോ പൂക്കളേയും, കപ്പയേയും, കാന്താരിമുള‍കിനേയുമൊക്കെ). നാളെ ഞാന്‍ ഭാര്യയേയും കൂട്ടി വന്നു് പണി കഴിക്കാം, ഓണായില്ലേ, മുറ്റത്തെ പുല്ല്‌ ചെത്തണം, പറമ്പൊന്നു വൃത്തിയാക്കണം എന്നൊക്കെ പറഞ്ഞ് 100 രൂപയും വാങ്ങി പോയ തങ്കപ്പനെ പിന്നെ ഈ വഴിക്കു കണ്ടിട്ടില്ല. തങ്കപ്പനില്ലെങ്കിലെനിക്കു പുല്ലാ! ഞാന്‍ പോരേ ഇതിനൊക്കെ എന്ന മട്ടില്‍, വല്യ പണിക്കാരിയാണെന്ന ഭാവത്തില്‍ ഇറങ്ങി വെട്ടുകത്തിയും കൈക്കോട്ടുമായി. ഇതു കഴിഞ്ഞിട്ടു വേണം എല്ലാരോടും പറയാന്‍, ഞാനാ എന്റെ പറമ്പു മുഴുവന്‍ വൃത്തിയാക്കിയത്, എന്നൊക്കെ മനോരാജ്യം കണ്ടുകൊണ്ട്‌ ചെടികള്‍ വെട്ടുന്നു, വൃത്തിയാക്കുന്നു, അങ്ങിനെ മുന്നേറിക്കൊണ്ടിരിക്കുന്നു. വെട്ടിയിട്ട ഒരു മരത്തിന്റെ (മരമൊന്നുമല്ല, വല്യ ചെടി) ചില്ലകള്‍ കുനിഞ്ഞു നിന്നു വെട്ടി മാറ്റുകയാണ്.

പിന്നെ ഒരു നിമിഷം ഞാന്‍ നോക്കിയപ്പോള്‍, ആഞ്ഞു വെട്ടിയതു് മരത്തിലല്ലാ, എന്റെ കാലില്‍ തന്നെയാണ്. ചോര പ്രളയം. ഒരു കഷണം അടര്‍ന്നു നില്‍ക്കുന്നു. വലിയ വിരലിന്റെ നഖത്തിന്റേയും വിരലിന്റേയും ജോയിന്റില്‍ തന്നെ. അതുകൊണ്ട്‌ സ്റ്റിച്ച് ഇടാന്‍ പോലും വയ്യ. എങ്ങിനെ ഇത്ര കൃത്യമായിട്ടൊപ്പിച്ചെടുത്തു എന്നാ ഡോക്റ്ററുടെ ചോദ്യം. എല്ലാം കൂടി ഒതുക്കി കെട്ടിവച്ചു. വേദനയും സഹിച്ചു ഈ പാവം ഞാന്‍ (ഇപ്പോ വേദനയൊന്നും ഇല്യാട്ടോ).


ഉടനേ കിച്ചന്‍ ആന്‍ഡ് അതര്‍ വര്‍ക്സ്, ഹാന്‍ഡ് ഓവര്‍ ചെയ്യപ്പെട്ടു. ഓടിനടന്നു പണിയെടുത്ത് കാല് അവിടേം ഇവിടേം തട്ടിയാല്‍ ‍പ്രശ്നായല്ലോ, സൂക്ഷിച്ചിരിക്ക്യല്ലേ നല്ലതു്? ഓണല്ലേ വരണതു്.

ചുരുക്കത്തില്‍ ഒരു മൂന്നു നാലു ദിവസത്തെ പ്രഭാത ദര്‍ശനം തര‍പ്പെട്ടൂന്നു പറഞ്ഞാല്‍ മതിയല്ലോ.രാവിലെ സിറ്റ് ഔട്ടില്‍ വന്നിരിക്കാം. ചായ അവിടെ കൊണ്ടു തരും.വല്യ വേദനയൊന്നൂല്യ, എന്നാലും ഉള്ളപോലെയൊക്കെ ഭാവിച്ചു ഞാന്‍ സുഖമായിട്ടവിടെ ഇരിക്കും. എന്റെ ഓട്ടം കണ്ടിട്ടു് ദൈവം തന്ന ഒരു കമ്പല്‍സറി റെസ്റ്റ് ആണോ എന്തോ!


എഴുത്തുകാരി.

വാല്‍ക്കഷണം - ഇന്നലെ എന്നെ കാണാന്‍ വന്ന ഒരു സുഹൃത്തിന്റെ മകന്‍ പറഞ്ഞതു് “ഇപ്പഴും ഈ കാലില്‍ തന്നെയാ, ഇടക്കൊരു ചൈഞ്ചു് ഒക്കെ ആവാട്ടോ” എന്നു്.

42 comments:

Typist | എഴുത്തുകാരി said...

എന്താ എപ്പഴും ഈ കാലില്‍ തന്നെ, ഇടക്കൊരു ചൈഞ്ച് ഒക്കെ ആവാട്ടോ. സംഭവം ശരിയല്ലേ?

പ്രയാസി said...

നല്ല സുഖമുണ്ടല്ലെ..! എഴുത്തു കണ്ടാല്‍ അറിയാം.!

ഇന്നലെ കൈവിരളിനു ഒരു പണികൊടുത്തിട്ട് എനിക്കും നല്ല സുഖം..:(

ശ്രീ said...

ഹ ഹ. എന്തായാലും ചിങ്ങമാസത്തില്‍ ഒരു വിശ്രമകാലം തരപ്പെട്ടില്ലേ ചേച്ചീ...

സുഹൃത്തിന്റെ മകന്‍ പറഞ്ഞതിലും കാര്യമില്ലാതില്ല. ;)

കാലിന്റെ പരിക്കെല്ലാം വേഗം ഭേദമാകട്ടെ എന്നു പ്രാര്‍ത്ഥിയ്ക്കുന്നു.
:)

കാന്താരിക്കുട്ടി said...

രാവിലെ മുതല്‍ റോഡിലേക്ക് വായ് നോക്കി ഇരിക്കാന്‍ ഒരു കാരണം ആയില്ലേ..ഹ ഹ ഹ .ഇങ്ങനെ അല്ലേ കുറച്ചു ദിവസം വിശ്രമിക്കാന്‍ പറ്റൂ..ദൈവം അറിഞ്ഞു തന്നതാ.. അല്ലെങ്കില്‍ ഒരു നിമിഷം നമ്മള്‍ക്ക് വെറുതേ ഇരിക്കാന്‍ പറ്റാറുണ്ടോ ?


സാരമില്ല ട്ടോ..വേഗം മാറിക്കോളും.

അനില്‍@ബ്ലോഗ് said...

ഇങ്ങനെയെങ്കിലും റെസ്റ്റെ തരെപ്പെട്ടല്ലൊ,അല്പം വേദന സഹിച്ചാണെങ്കിലും.

അപ്പോള്‍ “മുറിവു നല്ലതിനു”

Anonymous said...

Kollaalo!!

Get Well Soon...

Oru Vayanakkaran. :)

nedfrine | നെഡ്ഫ്രിന്‍ said...

ഗെറ്റ് വെല്‍ സൂണ്‍! :)

OAB said...

ഒന്നില്‍ തുടങ്ങിയാല്‍ മൂന്നില്‍ അവസാനിക്കുമെന്നാ മുമ്പുള്ളവറ് പറഞ്ഞ് കേട്ടിട്ടുള്ളത്.
ഇനി മുതല്‍ എന്ത് പോസ്റ്റണം എന്ന ചിന്ത മാറ്റി വച്ച്, ഞാന്‍ ഇന്നതാണ്‍ ചെയ്യാന്‍ പോകുന്നത് എന്ന് മണ്ടക്കുള്ളില്‍ സ്റ്റോറ് ചെയ്ത് ആരംഭിക്കുക.
എല്ലാം നല്ലതിന്‍.....

ബൈജു സുല്‍ത്താന്‍ said...

കാലിലെ പരിക്ക് വേഗം ഭേദമായി, വീണ്ടും ഓടിച്ചാടി നടക്കാറാവട്ടേ...

Sands | കരിങ്കല്ല് said...

അപ്പൊ സുഖം .. !! :)

ആരാ ഈ വായനക്കാരന്‍? എനിക്കു ഭയങ്കര പരിചയം തോന്നുന്നു.

നന്ദു said...

:) വേദനയിലൂടൊരു പോസ്റ്റ് !.
നന്നായി (വെട്ടൂ കൊണ്ടതല്ല പോസ്റ്റ് !)

ഉപാസന || Upasana said...

:-(

വേണു venu said...

ഓണമാകുമ്പോഴേയ്ക്കും ഓടി ചാടി ആ തോട്ടത്തിലെ പൂക്കളൊക്കെ പറിക്കാന്‍ കഴിയട്ടെ.
ഓ.ടോ.തങ്കപ്പന്‍ പിന്നെ ആ വഴിയേ വന്നോ.

കാപ്പിലാന്‍ said...

തങ്കപ്പനോട്‌ പോകാന്‍ പറ എന്ന് പറഞ്ഞു പറമ്പില്‍ ഇറങ്ങിയപ്പോഴേ ഞാന്‍ കരുതി ,ഇന്ന് വെട്ടും കൊണ്ടേ വരൂ എന്ന് :) എന്തായാലും ഇനി കുറെ ദിവസങ്ങള്‍ റെസ്റ്റ് എടുക്കാമല്ലോ ? പക്ഷേ പോസ്റ്റില്‍ റെസ്റ്റ് വേണ്ട .കാലല്ലേ മുറിഞ്ഞുള്ളൂ.
Get well soon .

smitha adharsh said...

വേദന മാറിയല്ലോ ഭാഗ്യം..ഓണം വരുമ്പോഴേക്കും എല്ലാം സുഖപ്പെടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ഫോട്ടോഗ്രാഫര്‍::FG said...

ഒന്നു സൂക്ഷിക്കുന്നത് നല്ലതാ,തങ്കപ്പന്‍ ബ്ലോഗ് വായിക്കുന്നുണ്ട്!
ഏതായാലും വേദന കുറവുണ്ടല്ലൊ നല്ല കാര്യം:)‌

Typist | എഴുത്തുകാരി said...

പ്രയാസീ,
ശ്രീ,
കാന്താരിക്കുട്ടീ,
അനില്‍,
ഒരു വയനക്കാ‍രാ,
നെഡ്ഫ്രിന്‍,
നന്ദി, വായനക്കും, വേഗം സുഖമാവട്ടെ എന്ന പ്രാര്‍ഥനക്കും.

OAB, പറഞ്ഞതു് എനിക്കു ശരിക്കു മനസ്സിലായിട്ടില്ലാട്ടോ.
ബൈജു സുല്‍ത്താന്‍,
കരിങ്കല്ല്‌ - എന്റെ വായനക്കാരന്‍ ചിലപ്പോള്‍ കരിങ്കല്ലിന്റേയും വായനക്കാരനാവും, അതാവും പരിചയം.
നന്ദി, എല്ലവര്‍ക്കും വായനക്കും പ്രാര്‍ഥനക്കും.

Typist | എഴുത്തുകാരി said...

നന്ദുമാഷേ, കുറച്ചുകാലമായി നന്ദുവിന്റെ ലോകത്തില്‍ ഒന്നും കാണാനില്ലല്ലോ, എന്തു പറ്റി?

ഉപാസനാ,
വേണു - തങ്കപ്പന്‍ ഇവിടെയൊക്കെ തന്നെയുണ്ട്‌. അവര്‍ ഇതൊക്കെ സ്ഥിരം പതിവല്ലേ?
കാപ്പിലാന്‍,
സ്മിതാ,
ഫോട്ടോഗ്രാഫര്‍,
എല്ലാവര്‍ക്കും നന്ദി. ഞാനും പ്രതീക്ഷിക്കുന്നു, ഓണമാവുമ്പോഴേക്കും ഓടിചാടി നടക്കാന്‍ കഴിയുമെന്നു തന്നെ.

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

പിരിക്കുട്ടി said...

hello...
typistinenna patti....
vegam sugamavattetto..
prarthikkunnundu....
paavam typist vettan onnum kandilla swantham kaaluthanne vetti mattunna typistine njaan engana maarakkuka

രസികന്‍ said...

ഹ ഹ സുഹൃത്തിന്റെ മകനു ‘വെവരമുണ്ട്‘ ലവൻ ചോദിച്ചതിൽ എന്താ തെറ്റ് ?

പരിക്കു പെട്ടന്നു സുഖപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു

ബിന്ദു കെ പി said...

എത്രയും പെട്ടെന്ന് സുഖപ്പെടാന്‍ ഇടയാവട്ടെ..

നിരക്ഷരന്‍ said...

ഓണമാകുമ്പോഴേക്കും കാലിന്റെ പരിക്ക് ഭേദമാകട്ടെ. അതുവരെ ഡെയ്‌ലി രണ്ട് പോസ്റ്റ് വെച്ച് ചുമ്മാ പൂശെന്നേ... :)

Typist | എഴുത്തുകാരി said...

പിരിക്കുട്ടി,
രസികന്‍,
ബിന്ദു,
നിരക്ഷരന്‍,
നന്ദി എന്റെ യാത്രയില്‍ പങ്കുചേര്‍ന്നതിനു്.

അല്ഫോന്‍സക്കുട്ടി said...

"എങ്ങിനെ ഇത്ര കൃത്യമായിട്ടൊപ്പിച്ചെടുത്തു" ഇടക്ക് റെസ്റ്റെടുക്കണമെന്ന് തോന്നുമ്പോ ഇതുപോലെ ഓരോ നമ്പറിട്ടാ മതിയല്ലേ. എന്നാലും മൂന്നൊത്ത് സ്ഥിതിക്ക് ഇനി വേണ്ടാട്ടോ.

അഡ്വാന്‍സ് ഓണാശംസകള്‍.

സ്നേഹിതന്‍ said...

വേഗം സുഖപ്പെടട്ടെ...

അടുത്തത് പണ്ടൊരു നാറാണത്തുകാരന്‍ ആശിച്ചതു പോലെയും ആക്കാം. :) :)

അജ്ഞാതന്‍ said...

ചേച്ചി,

വേഗം ഭേദമാകട്ടെ എന്നു പ്രാര്‍ത്ഥിയ്ക്കുന്നു...

ജഗ്ഗുദാദ said...

എന്നാലും ഈ ഓണം ആയിട്ട് വീടും പറമ്പും ഒക്കെ വെടിപ്പക്കിയല്ലോ.. പിന്നെ ഓണം ഒക്കെ അടുത്ത ആണ്ടിലും വരും..ആകെ പാടെ രണ്ടു കാലേ ഉള്ളു..അതോണ്ട് സൂക്ഷിക്കുക.. :)

ശിവ said...

എത്രയും വേഗം സുഖം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു...

ഗീതാഗീതികള്‍ said...

ആ വിശ്രമദിനങ്ങള്‍ വേഗം അവസാനിക്കട്ടെ.

സത്യം എഴുത്തുകാരീ, ഇത്തിരി അസ്കിതയായാലും വേണ്ടില്ല, ഒരു പനി വന്ന് ഒന്നുരണ്ടു ദിവസം കിടക്കാന്‍ പറ്റിയെങ്കില്‍ എന്ന് ഞാനും മോഹിക്കാറുണ്ട്...
അഹങ്കാരമാണ് അല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വേഗം സുഖമാകട്ടെ.എന്നീട്ടു വേണമല്ലോ അടുത്തത് ഒപ്പിയ്ക്കാന്‍... :)


പിന്നേയ്, ഓണത്തിനിനി നാലഞ്ചേ ഒള്ളോ???

നവരുചിയന്‍ said...

അങ്ങനെ ഒരു കൊച്ചു വിശ്രമം വെട്ടി എടുത്തു അല്ലെ ...... :)

പൊറാടത്ത് said...

Get Well Soon....

Typist | എഴുത്തുകാരി said...

അല്‍ഫോന്‍സക്കുട്ടീ, സത്യായിട്ടും നമ്പറല്ലാട്ടോ.
സ്നേഹിതന്‍,
അജ്ഞാതന്‍, നന്ദി.

ജഗ്ഗുദാദാ, അതേ,രണ്ടു കാലേയുള്ളൂ, സൂക്ഷിക്കണം.

ശിവാ, ആഗ്രഹത്തിനും പ്രാര്‍ഥനക്കും നന്ദി.
ഗീതാഗീതികള്‍- വേണ്ടാട്ടോ, അങ്ങിനെയൊന്നും ആഗ്രഹിക്കണ്ട, അത്ര വലിയ സുഖൊന്നും ഇല്യ അങ്ങിനെ കിടക്കാന്‍.

പ്രിയാ - ഇനി ഒപ്പിക്കണ്ടാന്നാ വച്ചിരിക്കണെ.ഓണത്തിനല്ലല്ലോ അത്തത്തിനല്ലേ നാലഞ്ചു ദിവസങ്ങള്‍.

നവരുചിയന്‍,
പൊറാടത്ത് നന്ദിയുണ്ട് പ്രാര്‍ഥനക്കു്.

കുഞ്ഞന്‍ said...

ചേച്ചി..
ഇപ്പോഴാണ് ഒന്നു വരാന്‍ പറ്റിയത്..ഇന്നാ പിടിച്ചൊ അരക്കിലൊ മുന്തരിയും ഒരു കിലൊ ആപ്പിളും..ഇപ്പോഴെങ്ങിനെയുണ്ട്? സ്റ്റിച്ചിട്ടിരുന്നൊ ?

ഒരേ കാലില്‍ത്തന്നെ അപകടം സംഭവിക്കുന്നു അപ്പോള്‍ ഇടതുപക്ഷക്കാരിയാണല്ലെ.

ഇനിയും അപകടം വരുത്താതിരിക്കട്ടെ, ദൈവാനുഗ്രഹം കൂടട്ടെ

Sureshkumar Punjhayil said...

Good work... Best wishes...!!!

മുരളിക... said...

“ഇപ്പഴും ഈ കാലില്‍ തന്നെയാ, ഇടക്കൊരു ചൈഞ്ചു് ഒക്കെ ആവാട്ടോ”

പൊതു അഭിപ്രായം ആണല്ലോ.. ഒരു വോട്ട് എന്റെ വകയും. :)

Typist | എഴുത്തുകാരി said...

കുഞ്ഞന്‍, സുരേഷു്കുമാര്‍, മുരളികാ, നന്ദിയുണ്ട്‌, ഈ വഴി വന്നതിനു്.

ഹരിശ്രീ said...

എഴുത്തുകാരീ,

കാര്യം സങ്കടമുള്ളതാണേലും വായിച്ചപ്പോൾ ചിരിച്ചു പോയി...

അപ്പോൾ ഈ ഓണത്തിന കിച്ചണിൽ കയറാതെ തരപ്പെട്ടൂ‍ൂ അല്ലേ ?

ഹരിശ്രീ said...

എഴുത്തുകാരീ,

കാര്യം സങ്കടമുള്ളതാണേലും വായിച്ചപ്പോൾ ചിരിച്ചു പോയി...

അപ്പോൾ ഈ ഓണത്തിന കിച്ചണിൽ കയറാതെ തരപ്പെട്ടൂ‍ൂ അല്ലേ ?

Typist | എഴുത്തുകാരി said...

നന്ദി ഹരിശ്രീ, ഒരു വിധം സുഖമായി വരുന്നു.

നരിക്കുന്നൻ said...

ഇത് കാണാൻ അല്പം വൈകി. ഇപ്പോൾ എല്ലാം സുഖായിരിക്കും അല്ലേ...സിറ്റൌട്ടിലിരുന്ന് പൂക്കളെക്കാണാൻ, കുളിക്കാൻ പോകുന്നവരെ കാണാൻ, അമ്പലത്തിലേക്ക് പോകുന്നവരെ കാണാൻ ഒക്കെ കഴിഞ്ഞല്ലോ...

എന്നാലും, എന്താ എപ്പഴും ഈ കാലില്‍ തന്നെ, ഇടക്കൊരു ചൈഞ്ച് ഒക്കെ ആവാട്ടോ.